വിവാദരാഷ്ട്രീയം മരിച്ചിരിക്കുന്നു

വിവാദരാഷ്ട്രീയം മരിച്ചിരിക്കുന്നു

‘പത്രാധിപന്മാര്‍ ഇറങ്ങിക്കളിക്കുന്ന, അഭിപ്രായങ്ങളും നിലപാടുകളും വാര്‍ത്തയായി മാറിക്കഴിഞ്ഞ, മാധ്യമ വിശ്വാസ്യത തകര്‍ന്നടിഞ്ഞ ഒരു കാലം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം. നമ്മുടെ നിര്‍ണയങ്ങളെ അവര്‍ സ്വാധീനിച്ചുകൂടാ. കഴിഞ്ഞ ആറ് മാസത്തെ മുഖ്യധാരാ ദിനപത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അതിലൂടെ കണ്ണോടിക്കുന്നത് കൗതുകകരവും മാധ്യമ ദയനീയതയുടെ പൂരക്കാഴ്ചയും സമ്മാനിക്കും. ഉണ്ടത്രേകളുടെ കൊടുംവിളയാട്ടം കണ്ട് അമ്പരക്കും. അതിനാല്‍ നമ്മുടെ നിര്‍ണയങ്ങള്‍ നമ്മുടെ ബോധ്യങ്ങള്‍ക്ക് വിടുക. നമ്മുടെ കാഴ്ചകള്‍ക്ക് വിടുക. പുതിയ കാലം തുറുകണ്ണന്‍ കാലമാണെന്നും ജനത എല്ലാം കാണുന്നുണ്ടെന്നും തിരിയാത്ത മാധ്യമങ്ങള്‍ ജനതയുടെ വിധാതാക്കള്‍ തങ്ങളാണെന്ന് വിശ്വസിച്ച് അലറിത്തിമിര്‍ത്തോട്ടെ. എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നാം അവരെ അനുവദിച്ചുകൂടാ. ഇത്തരം മാധ്യമനിര്‍മിത പൊതുബോധമാണ് അമേരിക്കയെ ട്രംപിന്റെ രൂപത്തിലും ഇന്ത്യയെ സംഘപരിവാറിന്റെ രൂപത്തിലും അപകടപ്പെടുത്തിയതെന്നും അതിന് പിന്നില്‍ കിലുങ്ങുന്ന കഥകളുണ്ടെന്നും ഇന്ന് നമുക്കറിയാം. നമ്മുടെ പ്രാദേശിക സര്‍ക്കാരുകള്‍ അത്തരം നിര്‍മിതികളാല്‍ വഞ്ചിതമായിക്കൂടാ. കാരണം അത് നമ്മുടെ ജീവിതമാണ്. കൊവിഡ് കാലത്ത് നാം അത് കണ്ടതാണ്. പ്രളയത്തില്‍ അറിഞ്ഞതാണ്.

അതിനാല്‍ അടിത്തട്ട് സാമൂഹികതയെ അരക്കിട്ടുറപ്പിക്കുന്ന ഈ മഹാസന്ദര്‍ഭത്തില്‍ അതിജാഗ്രതയോടെ നാം ഇടപെടണം. ആ സാമൂഹികതയുടെ അന്തസത്ത ബഹുസ്വരതയാണ് എന്നതിനാല്‍ ഒരുവിധ സ്വത്വവാദങ്ങള്‍ക്കും ബഹുസ്വര വിരുദ്ധ മതവാദങ്ങള്‍ക്കും ഊതിപ്പെരുപ്പിച്ച വ്യക്തി വാദങ്ങള്‍ക്കും പില്‍ക്കാലത്ത് നമ്മെയും നമ്മുടെ ജനാധിപത്യത്തെയും വിഴുങ്ങുമെന്നുറപ്പുള്ള അരാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പില്‍ ഇടമുണ്ടാകരുത്. മുന്‍പേ പറഞ്ഞതുപോലെ ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനുള്ള ഒരു ബ്യൂറോക്രാറ്റിക് ഇടത്തെയല്ല നാം തിരഞ്ഞെടുക്കുന്നത്; മറിച്ച് നമ്മുടെ സാമൂഹിക-ജനാധിപത്യ ജീവിതത്തിന്റെ ആധാരസ്പന്ദനത്തെയാണ്. തിരഞ്ഞെടുപ്പെന്നാല്‍ നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ്’ – (ചൂണ്ടുവിരല്‍, രിസാല, ലക്കം: 1411 )

ഏതാനും ആഴ്ചകള്‍ മാത്രം മുന്‍പേയാണ് രിസാലയില്‍ ഈ വരികള്‍ എഴുതുന്നത്. ജനതയുടെ ഇച്ഛാശക്തിയിലും നിര്‍ണയബോധത്തിലും വിശ്വാസമുണ്ടായിരിക്കുമ്പോഴും മാധ്യമ പ്രക്ഷാളനങ്ങളുടെ കെട്ടകാലമാണല്ലോ ഇത് എന്ന ആശങ്ക ഈ വരികളെ പൊതിഞ്ഞ് നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. അത്തരം ആശങ്കകളെ കേരളം പരിധിവരെയെങ്കിലും റദ്ദാക്കിയല്ലോ എന്ന അനല്‍പമായ ആഹ്ലാദം തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷങ്ങളില്‍ എഴുതുന്ന ഈ വരികളില്‍ കാണാം. ഭരണവിരുദ്ധ വികാരം എന്ന ജനാധിപത്യത്തിലെ നാട്ടുനടപ്പിനെ ഗംഭീരമായി മറികടന്ന് ഇടതുപക്ഷം ജയിച്ചതല്ല ആഹ്ലാദഹേതു. മറിച്ച്, സര്‍വ കാടിളക്കങ്ങളെയും അതിജീവിച്ച് ജനാധിപത്യം എന്ന മഹത്തായ ആശയവും പ്രയോഗവും വെന്നിക്കൊടി പാറിച്ചല്ലോ എന്ന അഭിമാനമാണ്.

ജനാധിപത്യം എന്നാല്‍ ജനതയുടെ തിരഞ്ഞെടുപ്പുകൂടിയാണ്. ആ തിരഞ്ഞെടുപ്പ് നൈസര്‍ഗികമായിരിക്കുക എന്നതാണ് അതിന്റെ മഹാസൗന്ദര്യം. നൈസര്‍ഗികത എന്നാല്‍ സ്വന്തം ഇച്ഛയുടെ തട്ടുതടവുകളില്ലാത്ത പ്രകാശനം എന്നാണ്. എന്നാല്‍ നാളിതുവരെ ജനാധിപത്യത്തില്‍ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകള്‍ പലതും ഇത്തരം നൈസര്‍ഗികതകളുടെ അഭാവത്താല്‍ ജനാഭിലാഷത്തിന്റെ അട്ടിമറിയായി പരിണമിച്ചിട്ടുണ്ട്. ജനങ്ങളുടെ ഇച്ഛയെ ബാഹ്യബലങ്ങളാല്‍ നിയന്ത്രിച്ചാണ് അത് പലപ്പോഴും സാധ്യമാക്കുക. മാധ്യമങ്ങളും അധികാരവുമെല്ലാം അത്തരം ബാഹ്യബലങ്ങളാണ്. ഇപ്പോള്‍ പൂര്‍ത്തിയായ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് അത്തരം ബാഹ്യബലങ്ങളുടെ വിളയാട്ടത്തിന്റെ ഹിംസാത്മക രംഗവേദിയായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കേരളത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമം നടന്നു. ഇതാ, ജനങ്ങള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്ന പ്രതീതി മാധ്യമങ്ങളാല്‍ പ്രചരിപ്പിക്കപ്പെട്ടു. അത്തരം പ്രചാരണങ്ങള്‍ സാധാരണ ഗതിയില്‍ വിജയം നേടേണ്ടതാണ്. കേരളത്തില്‍ അതുണ്ടായില്ല. അത്തരം പ്രചാരണങ്ങളെ മറികടക്കാനുള്ള ഒരു ബലം ഇടതുസര്‍ക്കാരിനും ഇടതുപക്ഷത്തിനും ഉണ്ടായിരുന്നു എന്ന് കാണാം. എന്താവണം ആ ബലം എന്ന അന്വേഷണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
ഒന്നാമതായി കൊവിഡ് ഉള്‍പ്പടെയുള്ള പെരുംദുരന്തങ്ങളുടെ പല ഘട്ടങ്ങളെ അതിജീവിച്ച ജനതയാണ് നാലര വര്‍ഷത്തെ കേരളം. ദുരന്തങ്ങള്‍ മനുഷ്യരെ അവരവരിലേക്കും ചുറ്റിലേക്കും നോക്കാന്‍ നിര്‍ബന്ധിതരാക്കും. ഉപരിപ്ലവതയാല്‍, അവരവരിസത്താല്‍ ദുരന്തങ്ങളെ അതിജീവിക്കുക സാധ്യമല്ല. പാരസ്പര്യം അനിവാര്യമാണ്. ഈ പാരസ്പര്യത്തെ സാധ്യമാക്കുന്നത് ചുറ്റിലേക്കുള്ള നോട്ടമാണ്. അത്തരം നോട്ടങ്ങള്‍ യാഥാര്‍ത്ഥ്യത്തെ ബോധ്യമാക്കും. എന്താണ് നാലര വര്‍ഷത്തെ കേരളത്തിന്റെ യാഥാര്‍ത്ഥ്യം? ഈ നാടിന്റെ അടിസ്ഥാന ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ സംഭവിച്ചു എന്നതാണ് ആദ്യ യാഥാര്‍ത്ഥ്യം. അടച്ചുപൂട്ടി വീട്ടിലിരുന്ന മാസങ്ങളില്‍ അയലത്തെ സ്‌കൂളുകളെ നിങ്ങള്‍ക്ക് നോക്കാതിരിക്കാന്‍ ആവില്ല. ആ സ്‌കൂളുകള്‍ ഒന്നും പഴയ സ്‌കൂളുകളല്ല. അടിത്തട്ട് വികസനത്തിന്റെ ആദ്യ പടിയാണല്ലോ സുസജ്ജമായ വിദ്യാലയങ്ങള്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് സാധ്യമാക്കിയിട്ടുണ്ട്. രണ്ടാമതായി നിങ്ങള്‍ക്ക് ആശുപത്രികളിലേക്ക് നോക്കേണ്ടിവന്നു. അവിടങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വികസിതവും ചിലയിടങ്ങളില്‍ അതിഗംഭീരവുമാണ്. ദുരന്തങ്ങള്‍ വറുതിയുടെ നാളുകളാണ്. സര്‍ക്കാര്‍ ജനതയുടെ കൈ പിടിക്കേണ്ടത് വറുതിയുടെ കാലത്താണ്. അക്കാലങ്ങളെ അനുഭവിച്ചവര്‍ മറക്കില്ല. വറുതിയുടെ കാലത്ത് സര്‍ക്കാര്‍ ഉണര്‍ന്നിരിക്കുകയായിരുന്നുവല്ലോ എന്ന് അവരോര്‍ക്കും. നിത്യവൃത്തികള്‍ അസാധ്യമായ കാലത്ത് പട്ടിണി അറിഞ്ഞില്ലല്ലോ എന്ന് അവര്‍ സന്തോഷിക്കും. വീടുകളില്‍ ഒരിക്കലും മുടങ്ങാതെ എത്തുന്ന ക്ഷേമ പെന്‍ഷനുകളെ അവര്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും അക്കാര്യത്തില്‍ ഇത്ര സൂക്ഷ്മതപുലര്‍ത്തിയില്ലല്ലോ എന്ന് ആരു പറഞ്ഞില്ലെങ്കിലും അനുഭവസ്ഥര്‍ ഓര്‍ക്കും. പോളിംഗ് ബൂത്തിലേക്കുള്ള വൃദ്ധ ജനങ്ങളുടെ ഒഴുക്ക് ആ ഓര്‍മയില്‍ നിന്നാണ് സംഭവിച്ചത്. 941 പഞ്ചായത്തുകളിലായി രണ്ടരലക്ഷത്തില്‍പരം വീടുകള്‍ ഉയര്‍ന്നിട്ടുണ്ട്. ആ പദ്ധതിയെ എത്ര തന്നെ എന്തെല്ലാം പേരില്‍ അധിക്ഷേപിച്ചാലും അത്തരം വീടുകളില്‍ ഉറങ്ങുന്നവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തേക്കാള്‍ വലുതല്ല അതൊന്നും. ഇങ്ങനെ നിത്യാനുഭവങ്ങളിലേക്ക് ഭരണകൂടം നേരിട്ടുവന്ന അപൂര്‍വ കാലമായിരുന്നു പോയ നാലര വര്‍ഷം. ആ അനുഭവങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന് അനുകൂലമായ ജനവിധിയുടെ ആദ്യ കാരണം.

എങ്ങനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരം അനുഭവങ്ങളെ സൃഷ്ടിച്ചത്? വലിയതോതില്‍ ചര്‍ച്ചചെയ്യേണ്ട ഒന്നാണത്. കാരണം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നത് അടിസ്ഥാനപരമായി ഒരു ഇടത് ആശയമല്ല, മാര്‍ക്‌സിസ്റ്റ് ആശയം ഒട്ടുമേ അല്ല. പ്രശ്‌നങ്ങള്‍ക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ് ക്ഷേമപ്രവര്‍ത്തനം എന്നാണ് സി പി ഐ എം നിലപാട്. സൗജന്യങ്ങള്‍ നല്‍കലല്ല, സൗജന്യങ്ങള്‍ നല്‍കേണ്ടിവരുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കലാണ് അവരുടെ നയം. അതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് അവര്‍ ദീര്‍ഘകാലം കൊണ്ട് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുക. ബംഗാളിനെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. ത്രിപുരയിലെ നിത്യ യാഥാര്‍ത്ഥ്യങ്ങളേയും.
അത്തരം സൈദ്ധാന്തികശാഠ്യങ്ങളെ തുടക്കത്തിലേ നുള്ളി എന്നതാണ് ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ ആദ്യ വിജയം. പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ എന്ന നില സ്വീകരിച്ചു. നിശ്ചയമായും അതിന് ചില്ലറ തിരിച്ചടികള്‍ ഉണ്ടായി. അത് മറ്റൊരു പ്രശ്‌നമാണ്. ആദ്യ ഇ എം എസ് സര്‍ക്കാരിനെ ഓര്‍ക്കാം. സെല്‍ ഭരണം എന്നായിരുന്ന ആ സര്‍ക്കാരിനെതിരായ വിമര്‍ശനം. അതില്‍ കഴമ്പുണ്ടായിരുന്നു. പാര്‍ട്ടി സെല്ലുകള്‍ ഭരണത്തെ നിയന്ത്രിച്ചിരുന്നു. കേരളം ഒരു കമ്യൂണിസ്റ്റ് സംസ്ഥാനമല്ല, 30 ശതമാനം ജനങ്ങളുടെ പിന്തുണ പോലും കമ്യൂണിസത്തിനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇല്ല എന്ന വസ്തുത അക്കാലത്തെ പാര്‍ട്ടി പരിഗണിച്ചില്ല. ഫലം കമ്യൂണിസ്റ്റല്ലാത്തവരുടെ ഐക്യമുന്നണി രൂപപ്പെടുകയും അത് ഭൂരിപക്ഷമാവുകയും ഇ എം എസ് സര്‍ക്കാര്‍ വീഴുകയും ചെയ്തു. പിന്നീട് വന്ന ഇ കെ നായനാര്‍ സര്‍ക്കാരുകളെ ഓര്‍ക്കുക. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണമായിരുന്നു ചുറ്റും. ഒരു ഇല പറിക്കുന്നതിനു വരെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നോക്കേണ്ട സ്ഥിതി എന്ന് വിമര്‍ശകര്‍. വി എസ് സര്‍ക്കാരിന്റെ കാലത്താവട്ടെ മുഖ്യ പ്രതിപക്ഷം പിണറായി നയിച്ച സി പി ഐ എം ആയിരുന്നു. സ്വാഭാവികമായും പാര്‍ട്ടിയല്ലാത്ത സമൂഹം സര്‍ക്കാരിന്റെ എതിര്‍പക്ഷത്ത് വരും. ആ സാഹചര്യത്തെ റദ്ദാക്കാനും സ്വതന്ത്രഭരണം എന്ന ജനാധിപത്യപരത നടപ്പാക്കാനും പിണറായി വിജയന് കഴിഞ്ഞു. അതിന്റെ ഒരു ഫലമായിരുന്നു സാമൂഹിക ക്ഷേമം എന്ന പ്രയോഗം. സര്‍ക്കാര്‍ പദ്ധതികളും സി പി എം നയവും തമ്മില്‍ ഇടച്ചില്‍ ഉണ്ടായില്ല. വിശാലമായ അര്‍ഥത്തില്‍ മധ്യവര്‍ഗം സി പി എമ്മിനെതിരില്‍ നിത്യവും ഉന്നയിക്കാറുള്ള വരട്ടുവാദം എന്ന ആ ആരോപണം ഈ സര്‍ക്കാരിന്റെ മേല്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞുപോയി. വലത് എന്ന് തൊട്ടറിയാവുന്ന പദ്ധതികള്‍ ഇടതുപക്ഷം തര്‍ക്കങ്ങളില്ലാതെ നടപ്പാക്കുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഡല്‍ഹിയിലെ ആം ആദ്മി രണ്ടാം മുന്നേറ്റത്തിന്റെ അടിസ്ഥാന കാരണമായി രാഷ്ട്രീയ ചിന്തകര്‍ ചൂണ്ടിക്കാട്ടിയ അടിത്തട്ട് ക്ഷേമം ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തു. ആ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സംവിധാനത്തിന് പുറമേ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എന്‍ ജി ഒ, മതസംഘടനകള്‍ തുടങ്ങിയ സംവിധാനങ്ങളെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. മുന്‍കാലങ്ങളില്‍ സി പി എം നേതൃത്വം കൊടുക്കുന്ന പദ്ധതികളുടെയും കാമ്പയ്‌നുകളുടെയും മുഴുവന്‍ നടത്തിപ്പും സി പി എം പ്രവര്‍ത്തകര്‍ക്കായിരുന്നു എന്നോര്‍ക്കുക. ആ സ്ഥിതി പൂര്‍ണമായി മാറി. കൊവിഡ് കാലം ഒന്നാംതരം ഉദാഹരണമാണ്. നാം ഇതേ പംക്തിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ള അടിത്തട്ട് സാമൂഹികതയിലേക്കുള്ള ഇടതുസര്‍ക്കാരിന്റെ വ്യാപനമായിരുന്നു അത്. ആ വ്യാപനത്തിന്റെ ഫലമാണ് ഇപ്പോള്‍ നേടിയ വിജയം. ആ വ്യാപനത്തെ മനസ്സിലാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണയോടെ വിവാദ വെടിക്കെട്ടുകള്‍ ഒരുക്കിയാല്‍ മുന്‍കാലങ്ങളില്‍ എന്നപോലെ ജനഹിതത്തെ നിര്‍മിക്കാനാവുമെന്ന് അവര്‍ കണക്കുകൂട്ടി. കേരള ജനതയുടെ അടിത്തട്ട് സ്പന്ദനം മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എന്നും രാവിലെ പിന്നീട് തെളിയിക്കേണ്ട ഒരു ബാധ്യതയുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ജനത അത് വിശ്വസിക്കുമെന്നും കുളിച്ച് ഖദറിട്ട് തിരഞ്ഞെടുപ്പ് തലേന്ന് വെളുക്കെ ചിരിച്ചു ചെന്നാല്‍ അവര്‍ വോട്ട് ചെയ്‌തോളുമെന്ന മൗഢ്യമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നയിച്ചത്. ആ മൗഢ്യത്തിന് മുഖമടച്ച് കിട്ടിയ അടിയാണ് തട്ടകത്തില്‍ പോലും സംഭവിച്ച തോല്‍വി.

ജില്ലാ പഞ്ചായത്തുകളില്‍ സംഭവിച്ച ദയനീയമായ തോല്‍വിയാണ് വരുംകാലത്ത് യു ഡി എഫിനെ പ്രതിസന്ധിയില്‍ ആഴ്ത്താന്‍ പോകുന്നത്. പതിനൊന്ന് ജില്ലാ പഞ്ചായത്തുകള്‍ എല്‍ ഡി എഫ് നേടിയിട്ടുണ്ട്. രണ്ടേ രണ്ടെണ്ണമാണ് യു ഡി എഫിനുള്ളത്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നാല്‍ മൂന്നിലൊന്ന് നിയമസഭാ മണ്ഡലമാണ്. തികച്ചും രാഷ്ട്രീയ തിരഞ്ഞെടുപ്പാണ് ജില്ലാ പഞ്ചായത്തിലേത്. ഗ്രാമ പഞ്ചായത്തിലേതുപോലെ അയല്‍ബന്ധങ്ങളുടെ പ്രകാശനമല്ല. പതിനൊന്ന് ജില്ലാ പഞ്ചായത്തുകള്‍ നേടി എന്നതല്ല, ആകെ ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ (331) 65 ശതമാനം എല്‍ ഡി എഫ് സ്വന്തമാക്കി എന്നതാണ് യു ഡി എഫിനെ പ്രതിസന്ധിയിലാക്കുക. 91 നിയമസഭാ സീറ്റുകള്‍ എന്ന് കണക്കാക്കാം. കോര്‍പറേഷന്‍ സീറ്റുകളുടെ (414) 50 ശതമാനവും എല്‍ ഡി എഫ് നേടി. ശതമാനക്കണക്കില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ( 15962) 45 ശതമാനവും ബ്ലോക്കില്‍ 60 ശതമാനവും സീറ്റുകള്‍ ഇടതിനാണ്. അതേ സമയം യു ഡി എഫ് മേധാവിത്തമുള്ള മുനിസിപ്പാലിറ്റികളില്‍ അവര്‍ക്ക് കിട്ടിയത് വെറും 38 ശതമാനം സീറ്റുകളാണ്. എല്‍ ഡി എഫുമായുള്ളത് വെറും ആറ് സീറ്റിന്റെ വ്യത്യാസം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വായനക്ക് ജില്ല-കോര്‍പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് സീറ്റുകളുടെ ശതമാനം പ്രധാനപ്പെട്ടതാണ്. രാഹുല്‍ തരംഗവും, ന്യൂനപക്ഷത്തിന്റെ ബി ജെ പി ഭീതിയും ശബരിമലയും ചേര്‍ന്ന് സൃഷ്ടിച്ച ലോക്‌സഭാതിരഞ്ഞെടുപ്പിലെ മേല്‍കൈ യു ഡി എഫിന് സമ്പൂര്‍ണമായി നഷ്ടപ്പെട്ടു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയറുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് മലബാറില്‍ യു ഡി എഫിനെ കടപുഴക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. വെട്ടുകിളി പറ്റം പോലെ ജനാധിപത്യത്തിലേക്ക് പറന്നിറങ്ങിയ ആ സംഘം ചില്ലറ സീറ്റുകള്‍ തരപ്പെടുത്തി ലക്ഷ്യം നേടിയപ്പോള്‍ നഷ്ടം വന്നത് യു ഡി എഫിനാണ്. വിശ്വാസി മുസ്ലിംകള്‍ അവരെ കൈവിട്ടു.

വെറും ആറ് ശതമാനം മാത്രമാണ് ജില്ലാ പഞ്ചായത്തിലെ സംഘപരിവാര്‍ വിഹിതം. ആകെ രണ്ടുസീറ്റുകള്‍. മനോരമയും മാതൃഭൂമിയും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കൊടുക്കുന്ന ദൃശ്യതക്ക് അപ്പുറം കേരളത്തിന്റെ ഗ്രാമീണ മേഖലയുടെ രാഷ്ട്രീയത്തില്‍ സംഘപരിവാറിന് ഒരു റോളുമില്ല എന്നതിന്റെ സൂചനയാണിത്. ഫാഷിസം നഗരങ്ങളില്‍ രൂപപ്പെട്ട് ഗ്രാമങ്ങളെ അടിപ്പെടുത്തുന്ന ഒന്നാണെന്ന വസ്തുതയുടെ പ്രകാശനം കൂടിയാണത്. കോര്‍പറേഷനുകളില്‍ അവര്‍ക്ക് 14 ശതമാനം സീറ്റുകളുണ്ട്. യു ഡി എഫിന് ഇത് 28 ശതമാനമാണ്. ഗ്രാമ പഞ്ചായത്തുകളിലെ സംഘപരിവാര്‍ സീറ്റുനില വെറും ഏഴ് ശതമാനമേ ഉള്ളൂ, ആകെ 1182 സീറ്റുകള്‍. ബ്ലോക്കിലാകട്ടെ രണ്ടു ശതമാനം പോലുമില്ല. വെറും 37 സീറ്റുകള്‍. കേരളത്തിലെ ഗ്രാമങ്ങളില്‍ ബി ജെ പി ബഹളങ്ങളില്‍ മാത്രമേ ഉള്ളൂ എന്നര്‍ഥം. മുനിസിപ്പാലിറ്റികളില്‍ പത്തു ശതമാനമുണ്ട്. മറ്റൊരു കൗതുകം കോര്‍പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും ബി ജെ പി സാന്നിധ്യമേഖലകള്‍ നായര്‍ ബെല്‍റ്റുകളാണ് എന്നതാണ്.

മൂന്നു പാഠങ്ങളാണ് തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഒന്നാം പാഠം ഇടതുപക്ഷത്തിനാണ്. നിങ്ങള്‍ക്ക് അടിത്തറയുണ്ട്. നിങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുണ്ട്. നിങ്ങളെ ജനത വിശ്വസിക്കുന്നുണ്ട്. സംഘപരിവാരത്തോടും മതരാഷ്ട്രവാദികളായ അപകടകാരികളോടുമുള്ള നിങ്ങളുടെ എതിര്‍പ്പ് ജനത വിശ്വസിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കണം, ജനതയുടെ വിശ്വാസത്തിന് പോറലേറ്റുകൂടാ.
വരട്ടുവാദികള്‍ എന്ന പഴയ മേല്‍വിലാസം ഇപ്പോള്‍ നിങ്ങള്‍ക്കില്ല. അതുണ്ടാവരുത്. നിങ്ങള്‍ നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് സൂക്ഷിച്ചുപോവുക. നിങ്ങളെ പ്രകോപിപ്പിക്കാന്‍ പല ശ്രമങ്ങള്‍ കായികമായും കേന്ദ്ര ഏജന്‍സികളുടെ രൂപത്തിലും ഉണ്ടാകും. വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

രണ്ടാം പാഠം യു ഡി എഫിനാണ്. മതേതര ബഹുസ്വരതയാണ് നിങ്ങളുടെ അടിത്തറ. നാലു വോട്ടിനും ഒന്നര സീറ്റിനും വേണ്ടി അത് കളഞ്ഞുകുളിക്കരുത്. ജമാഅത്തെ ഇസ്ലാമിയെ ചിറകിലൊളിപ്പിച്ചാല്‍ അത് നിങ്ങളെ തിന്നു തീര്‍ക്കും. ഗൗരവപ്പെട്ട പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവില്‍നിന്ന് വേണ്ടത് എന്നോര്‍ക്കുക. എന്നും ചാനലില്‍ വന്ന് ആരോപണം ഉന്നയിക്കേണ്ട ഉദ്യോഗമല്ല അത്. അടിത്തറകളിലേക്ക് ഇറങ്ങിച്ചെല്ലൂ.

മൂന്നാം പാഠം മാധ്യമങ്ങളോടാണ്. പല്ലികളല്ല ഒരുകാലത്തും ഉത്തരം താങ്ങിയിരുന്നത്. പക്ഷേ, പല്ലികള്‍ക്ക് ചില ദൗത്യങ്ങളുണ്ട്. അത് ചെയ്യുക. ഉത്തരംതാങ്ങുന്നവര്‍ എന്ന് സ്വയമെങ്കിലും കരുതാതിരിക്കുക. അപഹാസ്യരാകാതിരിക്കുക.

കെ കെ ജോഷി

You must be logged in to post a comment Login