ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

മലബാര്‍ മേഖലയിലെ പള്ളിക്കകത്തേക്കും മതസ്ഥാപനങ്ങളുടെ അടിത്തറക്കടിയിലേക്കും വേരുകള്‍ ആണ്ടിറങ്ങിക്കിടക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഈ നിലയില്‍ സാമുദായികശാക്തീകരണത്തിന്റെ പേരില്‍ അധികാര രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ ഇതിനു പുറമെ സമുദായത്തിലെ കീഴാളവര്‍ഗത്തിന്റെ ചെലവില്‍ പ്രമാണിമാര്‍ ശീതളമായ സാമൂഹികജീവിതം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ പൊതുബോധം സമീപകാലം വരെ ലീഗിനോട് അസഹിഷ്ണുത പ്രകടിപ്പിക്കാറില്ലായിരുന്നു. കേരളം കശ്മീരാകാന്‍ പോവുകയാണെന്നും കറാച്ചിയില്‍നിന്ന് താനൂരിലേക്ക് ആയുധക്കപ്പല്‍ പുറപ്പെട്ടിട്ടുണ്ടെന്നും ആര്‍ എസ് എസും സംഘ്പരിവാറും ദുഷ്പ്രചാരണം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പൊതുസമൂഹം അതൊന്നും കാര്യമായി എടുക്കാറില്ല. ഒരു ജനാധിപത്യ, മതേതര രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കാത്ത, രാഷ്ട്രീയ കൂട്ടായ്മയായേ മുസ്ലിം ലീഗിനെ പരിഗണിക്കേണ്ടതുള്ളൂ. ബാബരി മസ്ജിദ് സമസ്യയും സമീപകാലത്ത് മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ന്യൂനപക്ഷവിരുദ്ധ നയനിലപാടുകളോടും നിയമനിര്‍മാണങ്ങളോടും ആ പാര്‍ട്ടി പ്രദര്‍ശിപ്പിച്ച ലാഘവബുദ്ധി ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്.

പുതിയ കൂട്ടുകെട്ടിന്റെ ബാക്കിപത്രം
സമീപകാലത്ത് സമുദായപാര്‍ട്ടി അകപ്പെട്ട സദാചാരത്തകര്‍ച്ച അമ്പരപ്പിക്കുന്നതാണ്. ഇതിന്റെ ഫലമായി ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലുംപെട്ട് സമൂഹമധ്യേ പരിഹാസ്യരായിത്തീര്‍ന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുകയും ‘ഇസ്സത്ത്’ നശിപ്പിക്കുകയും ചെയ്തു. 1969ന് ശേഷം നിലവില്‍ വന്ന ഐക്യജനാധിപത്യമുന്നണി (യു ഡി എഫ് ) സംവിധാനം പല കാരണങ്ങളാല്‍ ശിഥിലീഭവിക്കുന്നതിന്റെ പ്രകമ്പനം മുസ്ലിംലീഗ് നേതൃത്വം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. 19ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനസംഖ്യയില്‍ പരമ്പരാഗതമായി യു ഡി എഫിനെ താങ്ങിനിര്‍ത്തിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പിന്തുണയും ഇടതുമുന്നണിക്ക് ലഭിക്കുന്നതോടെ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് ഇവര്‍ക്കറിയാമായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമ്പോള്‍ നേതൃത്വം കണ്ടുപിടിച്ച എളുപ്പമാര്‍ഗമായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള അപ്രഖ്യാപിത കൂട്ടുകെട്ട്. ‘മാധ്യമം,’ ‘മീഡിയ വണ്‍’ എന്നിവ വഴി നിരുപാധികമായ സപ്പോര്‍ട്ട് പാര്‍ട്ടിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്ന കണക്കൂക്കൂട്ടലിന്റെ പുറത്താവണം ഈ ബാന്ധവം. അടിയന്തരാവസ്ഥക്ക് ശേഷമുള്ള 1977ലെ തിരഞ്ഞെടുപ്പിന് ശേഷമാണല്ലോ ജമാഅത്ത് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയതും വിവിധ മാനദണ്ഡങ്ങള്‍ വെച്ച് ഇടതുവലതുപാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ തീരുമാനങ്ങളെടുത്തതും. അസംബ്ലിയിലും പാര്‍ലമെന്റിലും ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന സമീപനത്തിന്റെ പുറത്ത് പല തെരഞ്ഞെടുപ്പുകളിലും ജമാഅത്തിന്റെ വോട്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയിട്ടുണ്ട്. വര്‍ഗീയവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ വിഷയങ്ങളില്‍ തത്വാധിഷ്ഠിതമായ നിലപാട് എടുക്കാറുള്ള ഇടതുചേരിയോടുള്ള മനഃപ്പറ്റ് കൊണ്ട് കേരളത്തിലെ എല്‍ ഡി എഫിന് വോട്ട് ചെയ്യാന്‍, ശൂറ സ്വമേധയാ തീരുമാനമെടുക്കുമ്പോഴും മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കളെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തിനു കേരളരാഷ്ട്രീയത്തില്‍ സ്വാഭാവികമെന്നോണം ഒരിടം കണ്ടെത്തേണ്ടതായി വന്നു. പുതിയ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയഘടകമാണെന്ന് വെളിപ്പെട്ടതോടെ പല ഭാഗത്തുനിന്നും സ്വാഭാവികമായ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്നു. എന്‍ ഡി എഫ് ആയി തുടങ്ങി പോപ്പുലര്‍ ഫ്രണ്ട് എന്ന കൂട്ടായ്മയിലൂടെ, ദേശീയതലത്തില്‍ തന്നെ ജമാഅത്ത് നീക്കങ്ങളോട് മല്‍സരിച്ച ഡോ. മന്‍സൂര്‍ ആലത്തിന്റെ ചിന്താസന്തതി എസ്.ഡി.പി.ഐ സജീവ രാഷ്ട്രീയം കൈയാളാന്‍ തുടങ്ങിയതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിറവി അനിവാര്യമാക്കിയതെന്ന് സംഘടനാനേതൃത്വം സമ്മതിക്കാറുണ്ട്.
പുതിയ രാഷ്ട്രീയവേദിക്ക് മുഖ്യധാരയിലേക്ക് കടന്നുചെല്ലാനുള്ള പോംവഴികള്‍ അന്വേഷിക്കുന്നതിനിടയിലാണ് ഇ അഹമ്മദിന് ശേഷം ‘ദേശീയ നേതൃത്വത്തി’ലേക്കു അവരോധിതനായ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെത്തുന്നത്. ആ രാഷ്ട്രീയയാത്ര ഡല്‍ഹി ഓഖ്ലയിലുള്ള ജമാഅത്ത് ആസ്ഥാനവുമായി അടുക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. ഈയൊരു പ്രത്യേക സാഹചര്യത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ജമാഅത്തിന്റെ രാഷ്ട്രീയവേദിയുമായി ‘നീക്കുപോക്കുകള്‍ക്ക്’ അണിയറയില്‍ സന്ധിസംഭാഷണങ്ങള്‍ നടത്തുന്നത്. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങളില്‍ ഒരാപകതയും കാണേണ്ടതില്ല എന്ന് മാത്രമല്ല, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, മജ്ലിസെ മുശാവറ തുടങ്ങിയ ന്യൂനപക്ഷ കൂട്ടായ്മകളില്‍ മാത്രം സംഗമിക്കാറുള്ള നേതാക്കളോട് തോളുരുമ്മി രാഷ്ട്രീയവേദികളില്‍ ഇരിക്കാന്‍ കിട്ടുന്ന അവസരം വന്‍നേട്ടമായാണ് പാര്‍ട്ടി അകത്തളങ്ങളില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ടാവുക. ഇന്ത്യനവസ്ഥയില്‍ പിറവി തൊട്ട് പേറേണ്ടിവരുന്ന കുറെ ‘സ്റ്റിഗ്മകള്‍’ മാറ്റിയെടുക്കാനുള്ള സുവര്‍ണാവസരമായി ഈ കൈകോര്‍ക്കല്‍ പ്രയോജനപ്പെടുമെന്ന് കരുതുക സ്വാഭാവികം. മാത്രമല്ല, അതില്‍ കാലത്തിന്റെ കാവ്യനീതിയും വായിച്ചെടുക്കുന്നവരുണ്ട്. ഭൂരിപക്ഷം വരുന്ന സുന്നിസമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിന് എക്കാലവും ജമാഅത്ത് വിരുദ്ധത കൊണ്ടുനടന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് . ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും അധിക്ഷേപവും പരിഹാസ്യവും കേള്‍ക്കേണ്ടിവന്നിട്ടുണ്ടാവുക മുസ്ലിം ലീഗില്‍നിന്നായിരിക്കണം. ലീഗ് നേതൃത്വത്തിന്റെ സമുദായത്തോടുള്ള പ്രതിബദ്ധതയില്ലായ്മയിലും വ്യക്തികളുടെ സദാചാരത്തകര്‍ച്ചയിലും കോണ്‍ഗ്രസിനോടുള്ള അമിത വിധേയത്വത്തിലും ജമാഅത്തിന് ശബ്ദിക്കേണ്ടിവന്നു. ‘മാധ്യമം’ പുറത്തിറങ്ങിയപ്പോള്‍ സദാസമയവും ക്യാമറ തുറന്നുവെച്ചത് പാണക്കാട്ടേക്കും കോഴിക്കോട്ടെ ലീഗ് ഹൗസിലേക്കുമായിരുന്നു. സമുദായപാര്‍ട്ടിയെ മുഖ്യധാരാ മാധ്യമങ്ങള്‍ അതുവരെ അധികമൊന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ടുകളഞ്ഞത് വര്‍ഗീയമുദ്ര ചാര്‍ത്തുമെന്ന് ഭയന്നായിരുന്നു. എന്നാല്‍ സമുദായത്തിന്നകത്തുനിന്ന് മാധ്യമം വഴി വര്‍ഷിച്ച വിമര്‍ശനങ്ങളും വിരല്‍ചൂണ്ടലുമാണ് പാണക്കാട് വിമര്‍ശനത്തിന് അതീതരല്ല എന്ന മനോഗതി രാഷ്ട്രീയശത്രുക്കളിലും പാര്‍ട്ടി അണികളിലും ഊട്ടിവളര്‍ത്തിയത്. 1990ന് ശേഷം മുസ്ലിം ലീഗില്‍ പടര്‍ന്നുപിടിച്ച ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തുറന്നെഴുതിയതും പാര്‍ട്ടിയിലെ ആഭ്യന്തര കാലുഷ്യങ്ങളെ ജനസമക്ഷം നൊറി വെച്ച ശൈലിയില്‍, നിറം ചാര്‍ത്തി അവതരിപ്പിച്ചതും മാധ്യമമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസും മറ്റാരോപണങ്ങളും മാധ്യമത്തിന്റെ താളുകള്‍ മുഴുവനും കവര്‍ന്നെടുത്തപ്പോള്‍ ജമാഅത്ത് -ലീഗ് പോര് സകലസീമകളും ലംഘിച്ചു. ചന്ദ്രിക എഡിറ്റര്‍ സി പി സെയ്തലവി ‘പരിശുദ്ധനെയ്യിനെ’ കുറിച്ച് ഒന്നര മാസം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും ചെയ്തപ്പോള്‍, മൗലാനാ മൗദൂദിയുടെ അടിസ്ഥാന രാഷ്ട്രീയ കാഴ്ചപ്പാടിനെ മതതീവ്രവാദമായി ചാപ്പ കുത്താനാണ് ലീഗ് നേതാക്കള്‍ ശ്രമിച്ചതത്രയും. ജമാഅത്തിനെ താലിബാനോടും ഐ എസിനോടും സമീകരിക്കുന്നതില്‍ ലീഗ് നേതൃത്വവും അവരുടെ പ്രസിദ്ധീകരണങ്ങളും നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും കടുത്ത ആശയസംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കി.

ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം ലീഗ് സ്വീകരിച്ച ആത്മവഞ്ചനാപരമായ നിലപാടിനെതിരെ ദേശീയ തലത്തില്‍ തന്നെ ജമാഅത്ത് സ്വീകരിച്ച ശക്തമായ എതിര്‍പ്പ് പാര്‍ട്ടി ജിഹ്വയിലൂടെ പുറത്തുവന്നപ്പോള്‍ സമുദായത്തിനകത്ത് ലീഗ് വിരുദ്ധ വികാരം ആളിക്കത്തി. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിന്റെ കാലത്ത് തര്‍ക്കസ്ഥലത്തിന് പുറത്താണ് രാമക്ഷേത്ര ശിലാന്യാസം നടത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വാദിച്ചു; കോണ്‍ഗ്രസിനെ രക്ഷിക്കാനായിരുന്നു അത്. യാഥാര്‍ത്ഥ്യമതല്ല, തര്‍ക്കസ്ഥലത്തുതന്നെയാണ് നിയമവിരുദ്ധമായി ശിലാന്യാസം നടത്തിയതെന്ന് സമര്‍ഥിക്കാന്‍ മാധ്യമം പരിശ്രമിച്ചു. ഇതിനു പിന്നില്‍ പത്രധര്‍മത്തിന്റെ വസ്തുനിഷ്ഠതക്കപ്പുറത്ത്, ഫാഷിസത്തെ താലോലിക്കാന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെയും അതിന് ഹലേലുയ്യ പാടുന്ന ലീഗിന്റെയും വര്‍ഗീയപ്രീണന നയം തുറന്നുകാണിക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. അന്ന് മുസ്ലിം ലീഗിന്റെ കോണ്‍ഗ്രസ് വിധേയത്വത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നിലപാടിനെ നിഷ്പക്ഷമതികളും മതേതരചേരിയും പിന്തുണച്ചപ്പോള്‍ അത് പൊതുബോധമായി വളര്‍ത്തുന്നതിലും ലീഗിനെ കുരിശിലേറ്റുന്നതിലും സമുദായജിഹ്വയിലൂടെ നിര്‍ഗളിക്കുന്ന അസത്യങ്ങളെ നേരിടുന്നതിലും മാധ്യമം മിടുക്ക് കാട്ടി. ബാബരിധ്വംസനത്തിനു ശേഷം അതിനുത്തരവാദികളായ ആര്‍ എസ് എസിനെ പി വി നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ജമാഅത്തും അബ്ദുന്നാസര്‍ മഅ്ദനിയുടെ ഐ എസ് എസും ഉണ്ടായിരുന്നു. പള്ളി പൊളിച്ചവരെയല്ലാതെ ഇരകളെ എന്തിന് നിരോധിക്കണം എന്ന് അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന സേട്ട് സാഹിബ് ചോദിച്ചു. അത് വലിയ പാതകമായി കണ്ട്, സേട്ടിന്റെ നിലപാടിനെ തിരുത്താന്‍ മുസ്ലിം ലീഗ് 1992 ഡിസംബര്‍ 13ന് കോഴിക്കോട് അടിയന്തരയോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. ആ യോഗം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച നരസിംഹറാവു സര്‍ക്കാറിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. യു പി തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികസഹായം അഭ്യര്‍ഥിച്ച് ‘ചന്ദ്രിക’യില്‍ പരസ്യം ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വരെ സുലൈമാന്‍ സേട്ടിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ലീഗ് കേരള ഘടകം തയാറാക്കിയ ‘കുറ്റപത്ര’ത്തില്‍ വിവരിക്കുന്നുണ്ട്.

കള്ളനും പൊലീസും കളിച്ച് ഏറ്റുവാങ്ങിയത്
ഒരു വിഷയം പൊതുചര്‍ച്ചക്കിടുമ്പോള്‍ അത് എങ്ങനെ ഇലക്കും മുള്ളിനും ഊനം തട്ടാതെ, തന്ത്രപൂര്‍വം കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കുന്നതിന് പകരം ആത്മവഞ്ചനാപരമായ, അല്ലെങ്കില്‍ കാപട്യം നിറഞ്ഞ സമീപനം സ്വീകരിച്ചതാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ ലീഗ് നേതൃത്വത്തെ വിവാദങ്ങളില്‍ ചാടിച്ചത്. അത് സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണം കേരളീയ സാമൂഹിക പരിസരത്ത് പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്ക് തന്നെയാണ്. എല്‍ ഡി എഫ് നേതൃത്വം സ്വാഭാവികമായും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് അവരുടെ പക്കല്‍ ന്യായീകരണങ്ങളുണ്ട്. അബുല്‍ അഅ്‌ലാ മൗദൂദി പ്രസരിപ്പിച്ച ആശയപരിസരത്ത് നിന്നുകൊണ്ടാണ് മതേതര ജനാധിപത്യത്തിന് ഇക്കൂട്ടര്‍ ഭീഷണിയാണെന്ന് ആവര്‍ത്തിക്കുന്നത്. എന്നാല്‍ സമസ്ത ഇ കെ വിഭാഗം ഉയര്‍ത്തിയ ഭീഷണിയുടെ ഖഡ്ഗം ആണും പെണ്ണും കെട്ട കളി പുറത്തെടുക്കാന്‍ ലീഗ് നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത് ആശയക്കുഴപ്പം കൂട്ടി. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലും നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നണി കണ്‍വീനര്‍ എം എം ഹസ്സനും മറ്റു നേതാക്കളായ കെ മുരളീധരനും ഉമ്മന്‍ചാണ്ടിയുമൊക്കെ വിറച്ചും അറച്ചറച്ചുമാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. അത് വലിയൊരു ദുരന്തത്തിന്റെ വിഹ്വലതകളിലാണ് രാഷ്ട്രീയകേരളമെന്ന് പൊതുധാരണ പരത്താന്‍ ഇടയാക്കി.തന്നെയുമല്ല, വിഷയം സംഘ്പരിവാര്‍ ഏറ്റെടുത്തതോടെ ദേശീയതലത്തില്‍ ചര്‍ച്ച കൊഴുത്തു. മറുഭാഗത്ത്, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇരച്ചുകയറ്റത്തിന് മണ്ണൊരുങ്ങിക്കഴിഞ്ഞുവെന്ന തരത്തില്‍ പ്രചാരണങ്ങള്‍ തകര്‍ത്തു. വിചിത്രമായി തോന്നാം കേരളീയ പൊതുസമൂഹം സാമുദായികമായി വിഭജിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളായപ്പോള്‍, ‘അവഗണിക്കപ്പെടുന്ന’ ക്രൈസ്തവരുടെ രോദനം മുഴങ്ങിക്കേള്‍ക്കുന്ന സ്ഥിതിവിശേഷം പോലും സംജാതമായി. കോണ്‍ഗ്രസുമായും ചിലേടങ്ങളില്‍ ലീഗുമായും കൈകോര്‍ത്തിട്ടും കോടികള്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയിട്ടും ബി ജെ പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും യു ഡി എഫിന്റെ മോശം പ്രകടനം കേരള രാഷ്ട്രീയത്തിന്റെ സന്തുലനം തെറ്റുകയാണോ എന്ന ഭീതി പടര്‍ത്താനിടയാക്കി. ഇത്രമാത്രം എതിര്‍പ്രചാരണങ്ങള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഒത്താശയോടെ നടത്തിയിട്ടും ഇടതുമുന്നണി മികച്ച നേട്ടം കൈവരിച്ചതോടെ മീഡിയ പെട്ടെന്ന് കളംമാറ്റി ചവിട്ടിയത് രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിച്ചു. ബി ജെ പിക്കേറ്റ വന്‍ തിരിച്ചടികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിനു പകരം യു ഡി എഫിന്റെ മോശം പ്രകടനത്തിന്റെ സകല പാപഭാരവും കോണ്‍ഗ്രസിന്റെ ചുമലില്‍ കെട്ടിവെച്ചു. ഇടതുമുന്നണിയുടെ തകര്‍പ്പന്‍ ജയം കണ്ട് അവരോടൊപ്പം വിജയം കൊണ്ടാടാന്‍ പൊതുസമൂഹം ഇറങ്ങിയപ്പോള്‍ സ്വന്തം തടി സലാമത്താക്കാന്‍ ലീഗ് കണ്ടുപിടിച്ച കുനുട്ട് ബുദ്ധിയായിരുന്നു ഇത്. ‘മിസ്റ്റര്‍ ആന്റ് മിസിസ്അയ്യര്‍ ‘ എന്ന സിനിമയില്‍ വി എച്ച് പി കൊലയാളികള്‍ ചെന്നൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ച ഒരു ടൂറിസ്റ്റ് ബസില്‍ കയറി ‘മുറിച്ച’വരെ പരതുന്ന ഒരു രംഗം അപര്‍ണാസെന്‍ ബുദ്ധിപൂര്‍വം ആവിഷ്‌കരിക്കുന്നുണ്ട്. പിറകിലെ സീറ്റിലിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വൃദ്ധനായ ഒരു മുസ്ലിമിനെ ചൂണ്ടിക്കാട്ടുന്നതും കൊലയാളികള്‍ അയാളെയും കൂട്ടി ഇരുട്ടിന്റെ മറവിലേക്ക് നടന്നുനീങ്ങുന്നതുമായ നടുക്കുന്ന ഒരു കാഴ്ച ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. എന്തിന് ആ പാവം മനുഷ്യനെ താങ്കള്‍ കാണിച്ചുകൊടുത്തു എന്ന സഹയാത്രികന്റെ ചോദ്യത്തിന് ചെറുപ്പക്കാരന്‍ നല്‍കുന്ന ഒരു മറുപടിയുണ്ട്. എന്നെ സംശയിക്കാതിരിക്കാന്‍ വേണ്ടി. എന്നെ പരിശോധിച്ചാല്‍ ഞാന്‍ പിടിക്കപ്പെടും. ‘ചേലാകര്‍മം ചെയ്ത ജൂതനാണ് ഞാന്‍.’ മീഡിയക്ക് കോണ്‍ഗ്രസുകാരെ പിടിച്ചുകൊടുത്തപ്പോള്‍ പൊതുവെ പരസ്പരം തല്ലി ശീലമുള്ള സോണിയാഗാന്ധിയുടെ അനുയായികള്‍ തമ്പ് കെട്ടി തല്ലുകൂടി. അതിനിടയിലേക്ക് സാമുദായികതയും വര്‍ഗീയതയും കയറിവന്നപ്പോള്‍, കെ പി സി സി പ്രസിഡന്റിനെ മാറ്റണമെന്ന മുറവിളിയും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞ് പകരക്കാരനെ കണ്ടെത്തണമെന്ന മുറവിളിയും ഒന്നിച്ചുയര്‍ന്നു. ആര്‍ക്കും ഒന്നും മനസ്സിലാവാത്ത കോലാഹലം പലതരം വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കി. അതിനിടയില്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാവാതെ രക്ഷപ്പെട്ടതോ ബി ജെ പിയും. സാറിസ്റ്റ് റഷ്യയില്‍ റാസ്പുട്ടിന്‍മാരുടെ കാലത്ത് രാജകുടുംബം അവരുടെ നിലവാരത്തിലും ഉദ്യോഗസ്ഥവൃന്ദം അവര്‍ക്കാവുന്ന വിധത്തിലും ലൈംഗിക അസാന്മാര്‍ഗികതയില്‍ മൂഴുകിയ കഥ വിവരിക്കുന്നിടത്ത് ടോള്‍സ്റ്റോയി ഓര്‍മപ്പെടുത്തുന്ന ഒരു സത്യമുണ്ട്: ക്രമരഹിതമായി ഒന്ന് ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നെ എല്ലാം ആ വഴിക്കേ നീങ്ങൂ എന്ന്. മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് ഒരുങ്ങിയപ്പോള്‍, കോണ്‍ഗ്രസ് ബി ജെ പിയുമായി നാടാകെ അവിഹിതത്തിലേര്‍പ്പെട്ടു. പാര്‍ട്ടി മറന്നു, മുന്നണി മറന്നു; ചിഹ്നം മറന്നു. പിന്നീട് എന്തുസംഭവിച്ചുവെന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി ഒന്നു പഠിച്ചാല്‍ മതി. തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ ജയിച്ച വാര്‍ഡുകളില്‍ യു ഡി എഫിന് കിട്ടിയ വോട്ടുകള്‍ എത്രയാണ്? മൂന്നക്കത്തില്‍ ഒതുങ്ങി. 2016ല്‍ നേമത്ത് സംഭവിച്ചത് ഇവിടങ്ങളിലെല്ലാം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ മൊത്തമായി ബി ജെ പിക്ക് ലഭിച്ചു. മറിച്ച് സംഭവിച്ചില്ലതാനും. അതിനര്‍ഥം ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്ന സ്വപ്നം ലക്ഷ്യത്തോടടുക്കുന്നുവെന്ന് തന്നെ. എന്നാല്‍ പിറ്റേന്ന് ‘ജന്മഭൂമി’ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ: ‘തിരുവനന്തപുരത്ത് ബി ജെ പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചു’. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദേശീയമാധ്യമങ്ങള്‍ക്ക് അറിയേണ്ടിരുന്നത് ബി ജെ പി പിണറായി വിജയന്റെ കൈയില്‍നിന്ന് കേരളരാഷ്ട്രീയം പിടിച്ചെടുക്കുമോ എന്നായിരുന്നു. അത്തരത്തില്‍ സംഭവിക്കാന്‍ പോവുകയാണെന്ന പ്രതീതി ആരാണ് സൃഷ്ടിച്ചതെന്നറിയില്ല. മിക്കവാറും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ ശുഭവാര്‍ത്തയായിരിക്കുമത്. പന്തളം നഗരസഭയില്‍ ബി ജെ പിക്ക് ഭൂരിപക്ഷ ലഭിച്ചതോടെ, ചര്‍ച്ച മുഴുവന്‍ ‘ശബരിമല’യായി. എന്‍ ഡി എ നേടിയ 18 സീറ്റ് 18 പടികളുടെ പ്രതീകമാണെന്ന് വരെ വിലയിരുത്തപ്പെട്ടു. ‘കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മണ്ണില്‍ ആചാരലംഘകര്‍ക്കുള്ള മറുപടിയായി പന്തളത്തെ ബി ജെ പിയുടെ വിജയം ‘ എന്ന് ആര്‍ എസ് എസ് പത്രം. അപ്പോഴും ഇത്തവണ പിടിച്ചടക്കുമെന്ന് അവകാശവാദമുന്നയിച്ച അനന്തപുരിയിലെ കനത്ത തിരിച്ചടിയെ കുറിച്ച് സംഘ്പരിവാര്‍ നേതാക്കളാരും ഒരക്ഷരം മിണ്ടിയില്ല. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരുകാര്യം ബോധ്യപ്പെട്ടു: എവിടെയൊക്കെ ബി ജെ പി ജയിച്ചുകയറിയോ അവിടെയെല്ലാം യു.ഡി.എഫ് തങ്ങളുടെ വോട്ടിന്റെ 90 ശതമാനവും മറിച്ചുകൊടുത്തിരിക്കയാണെന്ന്.

ചുരുക്കിപ്പറഞ്ഞാല്‍, ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഈ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പാവനത കളഞ്ഞുകുളിച്ചിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിന് പുതിയൊരു ദിശാബോധം നല്‍കേണ്ട ജനവിധി അട്ടിമറിക്കപ്പെട്ടിരിക്കയാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നേ നിഷ്പക്ഷമതികള്‍ക്ക് പറയാനുണ്ടാവൂ.

Kasim Irikkoor

You must be logged in to post a comment Login