വാര്‍ത്താ ഏജന്‍സികള്‍ എന്ന നുണയന്മാര്‍

വാര്‍ത്താ ഏജന്‍സികള്‍ എന്ന നുണയന്മാര്‍

പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവത്തെ ബാബ്്രി മസ്ജിദ് തകര്‍ത്തതിനോട് ഉപമിച്ചവരുണ്ട്. അത്രത്തോളം വരില്ലെങ്കിലും കേരളത്തിന് നാണക്കേടായ ഈ ചെയ്തിക്കെതിരെ കടുത്ത നടപടി വേണമെന്നുമുള്ള കാര്യത്തില്‍ മതനിരപേക്ഷ സമൂഹത്തിന് സംശയമേയില്ലായിരുന്നു. പക്ഷേ, അതിലും വലിയ ഞെട്ടലാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അടുത്ത ദിവസം സമ്മാനിച്ചത്. ‘പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പടം വെച്ചതിനും പാര്‍ട്ടിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിനും ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ രാജ്യദ്രോഹത്തിന് കേസെടുത്തു,’ എന്നായിരുന്നു അവരുടെ വാര്‍ത്ത. സത്യാനന്തരകാലത്ത് എങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം. പ്രതിഷേധത്തെത്തുടര്‍ന്ന് എ എന്‍ ഐ പിന്നീട് ഈ ട്വിറ്റര്‍ സന്ദേശം പിന്‍വലിച്ചെങ്കിലും അപ്പോഴേക്കുമത് ലക്ഷ്യം നേടിക്കഴിഞ്ഞിട്ടുണ്ടാവുമെന്നും സംഘപരിവാര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കേരളത്തിന് പുറത്ത് ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ടാവുമെന്നും ഉറപ്പ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ അഥവാ എ എന്‍ ഐയുടെ ഈ വ്യാജവാര്‍ത്ത അബദ്ധമോ ഒറ്റപ്പെട്ട സംഭവമോ അല്ലെന്ന് വ്യക്തമാക്കുന്ന ഒരു അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് ഈ മാസം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ നരേന്ദ്ര മോഡി സര്‍ക്കാരിനുവേണ്ടി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വാര്‍ത്താശൃംഖലയുടെ ഭാഗമാണ് എ എന്‍ ഐ എന്നാണ് യൂറോപ്യന്‍ യൂണിയനില്‍ ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഡിസിന്‍ഫോ ലാബിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്രസഭയെയും സ്വാധീനിക്കാനാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്. എ എന്‍ ഐയും വ്യാപാരസംരംഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് വ്യാജ വാര്‍ത്താ ഉല്പാദനത്തില്‍ മുന്നിലെന്ന് ‘ഇന്ത്യന്‍ ക്രോണിക്കിള്‍സ്’ എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലേറ്റിയ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനു സമാനമാണ് അന്താരാഷ്ട്രതലത്തില്‍ മോഡിസര്‍ക്കാരിനുവേണ്ടി എ എന്‍ ഐയും ശ്രീവാസ്തവ ഗ്രൂപ്പും നടത്തിയ ഇടപെടലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നൂറിലേറെ രാജ്യങ്ങളില്‍ 700ലധികം വ്യാജപ്രസിദ്ധീകരണങ്ങളിലൂടെ ഈ വാര്‍ത്താശൃംഖല പടര്‍ന്നുകിടക്കുന്നു. ഇന്ത്യക്ക് അനുകൂലമായി ഏതെങ്കിലും എം പി നടത്തുന്ന പ്രസ്താവനയോ ലേഖനമോ യൂറോപ്യന്‍ യൂണിയന്റെയോ പാര്‍ലമെന്റിന്റെയോ അഭിപ്രായമെന്ന രീതിയില്‍ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിക്കും. ഇതു തന്നെ എ എന്‍ ഐയും പ്രസിദ്ധീകരിക്കും. എ എന്‍ ഐയുടെ വാര്‍ത്ത ഇന്ത്യയിലെ മറ്റുമാധ്യമങ്ങളും ഏറ്റെടുക്കും. ഇതാണ് ശൃംഖലയുടെ പ്രവര്‍ത്തനരീതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തനം നിലച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത പ്രൊഫസര്‍മാരുടെയുമൊക്കെ പേര് ഉപയോഗിച്ചാണ് പ്രചരണങ്ങള്‍ നടക്കുന്നത്.

വ്യവസായിയായ അങ്കിത് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രമായുള്ള സംരഭമാണ് ശ്രീവാസ്തവ ഗ്രൂപ്പ്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ അടച്ചുപൂട്ടപ്പെട്ടതിനു പിന്നാലെയാണ് ശ്രീവാസ്തവ ഗ്രൂപ്പിന്റെ പേര് ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മരവിപ്പിക്കപ്പെട്ട് സ്വന്തം വീടുകളില്‍ തടവുകാരാക്കപ്പെട്ട കശ്മീര്‍ ജനതയെ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു സംഘം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്റെ സംഘാടകര്‍ ശ്രീവാസ്തവ ഗ്രൂപ്പ് ആയിരുന്നു. സന്ദര്‍ശനപരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ലായിരുന്നു. തീവ്ര വലതുപക്ഷ എം പിമാരാണ് കശ്മീരിലെത്തിയതെന്ന കാര്യം അന്ന് മറച്ചുവെക്കപ്പെട്ടു. കശ്മീരിലെത്തിയ എം പിമാരുടെ രാഷ്ട്രീയപക്ഷപാതം മറച്ചുവെക്കപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനമെന്ന പേരില്‍ ഇത് പ്രചരിപ്പിക്കപ്പെട്ടു. കശ്മീരില്‍ പ്രശ്നമൊന്നുമില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ ധരിപ്പിക്കുകയായിരുന്നൂ ഈ പരിപാടിയുടെ ഉദ്ദേശ്യം.

ശ്രീവാസ്തവ ഗ്രൂപ്പ് ഇന്ത്യയിലെ തീവ്രവലതുപക്ഷത്തിനു വേണ്ടി പ്രചാരവേല തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷമെങ്കിലമായെന്നാണ് ഡിസിന്‍ഫോ ലാബ് പറയുന്നത്. 2019 ല്‍ പ്രവര്‍ത്തനം നിലച്ചുപോയ ‘ഇ പി ടുഡേ’ എന്ന വെബ്സൈറ്റിനെ ഇവര്‍ ‘ഇ യു ക്രോണിക്കിള്‍’ എന്ന പേരില്‍ പുനരുജ്ജീവിപ്പിച്ചു. ഇതിലെഴുതുന്ന റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂണിയനിലെ ആധികാരിക മാധ്യമത്തിലെ വാര്‍ത്തയെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇ പി ടുഡേയിലോ ഇ പി ക്രോണിക്കിളിലോ ഇവര്‍ നടത്തുന്ന മോഡി സ്തുതികള്‍ യൂറോപ്യന്‍ യൂണിയന്റേതായി എ എന്‍ ഐ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1970കളിലും 80കളിലും നിലച്ചുപോയ ഒട്ടേറെ സന്നദ്ധസംഘടനകളെ അവര്‍ കടലാസില്‍ പുനരുജ്ജീവിപ്പിച്ചു. ഇവയ്ക്ക് യുഎന്‍ അംഗീകാരം തരപ്പെടുത്തിനല്‍കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മുന്‍ നിയമ അധ്യാപകന്‍ പ്രൊഫ. ലൂയിസ് ബി സോന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇവര്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന് മോഡിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര വ്യാജവാര്‍ത്താ ശൃംഖലയില്‍ കണ്ണിയാക്കി.

മോഡി സര്‍ക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തില്‍ മെച്ചപ്പെടുത്തുകയും യൂറോപ്യന്‍ യൂണിയന്റെയും ഐക്യരാഷ്ട്ര സഭയുടെയും വിശ്വാസം ആര്‍ജിച്ചെടുക്കുകയുമാണ് വാര്‍ത്താശൃംഖലകളുടെ ലക്ഷ്യം. അതിനായി പാകിസ്ഥാനെയും ചൈനയെയും ഇകഴ്ത്തുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ പ്രചരിപ്പിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലെ തീവ്ര ദേശീയവാദികളായ അംഗങ്ങളെ ഉപയോഗിച്ച് മനുഷ്യാവകാശ ധ്വംസനം എന്ന പുകമറയില്‍ ഇസ്ലാം വിരുദ്ധ ചിന്താധാരകള്‍ യൂറോപ്യന്‍ പാര്‍ലമെന്റുകളില്‍ ഉന്നയിച്ചു. ഇതിന്റെ മറവില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ മറയ്ക്കപ്പെട്ടു. തീവ്ര വലതു ദേശീയവാദികളും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായ റൈഷാദ് ചര്‍നെറ്റ്സ്‌കി, തിയറി മാരിയാനി, ഫുള്‍വിയോ മാര്‍ടുസെല്ലോ തുടങ്ങിയവര്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇസ്ലാം വിരുദ്ധ നിയമങ്ങളെ ഇതിലൂടെ പ്രശംസിച്ചു. കശ്മീരിന്റെ പ്രത്യേക പദവി കവര്‍ന്നെടുത്തതും പൗരത്വനിയമ ഭേദഗതിയും ഇവരിലൂടെ രാജ്യാന്തരതലത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. പുല്‍വാമ ആക്രമണത്തിനു മറുപടിയായി ലോക് സഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം മുമ്പ് നടത്തിയ മിന്നലാക്രമണത്തെ ഇവര്‍ പുകഴ്ത്തി.

നേരത്തെ ബി ബി സിയും ശ്രീവാസ്തവ ഗ്രൂപ്പിനെതിരായ വാര്‍ത്ത ഡിസിന്‍ഫൊലാബിനെ ഉദ്ധരിച്ച് പുറത്തുവിട്ടിരുന്നു. പാകിസ്ഥാനെ ആയുധമാക്കിയാണ് എ എന്‍ ഐ ഇതിനെ നേരിട്ടത്. തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനായി പാകിസ്ഥാനും അനുകൂലസംഘടനകളും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് എ എന്‍ ഐ എഡിറ്റര്‍ സ്മിത പ്രകാശ് പറയുന്നു. ഔപചാരികമായി കേന്ദ്രസര്‍ക്കാരുമായി ഈ ശൃംഖലയ്ക്കു ബന്ധമൊന്നുമില്ല. പക്ഷേ, ഇവരുടെ ഭാഗമെന്ന് പറയുന്ന സ്ഥാപനങ്ങളും വ്യക്തികളും കേന്ദ്രസര്‍ക്കാരിനോട് വളരെ അടുത്തുനില്‍ക്കുന്നവരാണ്. ഡിസിന്‍ഫോ ലാബിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടുകഴിഞ്ഞു. ചൈനയും ഈ വിഷയം അതീവ ഗൗരവത്തിലാണ് കാണുന്നത്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടാല്‍ അത് ഇന്ത്യക്ക് വലിയ ദോഷം ചെയ്യും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ മോഡിയും കൂട്ടരുമായിരുന്നെങ്കിലും അതിന്റെ അപമാനം നേരിടേണ്ടിവരിക രാജ്യം തന്നെയാണ്.

എസ് കുമാര്‍

You must be logged in to post a comment Login