അറിവഹങ്കാരത്തിന്റെ അണലിവിഷമുണ്ടോ നാവില്‍?

അറിവഹങ്കാരത്തിന്റെ അണലിവിഷമുണ്ടോ നാവില്‍?

‘നിനക്ക് സദസ്സില്‍ സംസാരിക്കാനറിയില്ല’- ഞാന്‍ മുഖം കടുക്കയാക്കി കടുപ്പിച്ചു പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ്. കോരപ്പുഴ പാലത്തില്‍ ഏതോ വണ്ടി കുടുങ്ങിയിട്ടുണ്ട്. കിലോമീറ്ററുകളോളം ക്യൂവുണ്ട്. ഞാന്‍ പറഞ്ഞു: ഇത് ഇപ്പോഴൊന്നും ഒഴിയുന്ന മട്ടില്ല. നീ വണ്ടി സൈഡാക്ക്. അവിടെയതാ നല്ലൊരു നാടന്‍ ചായപ്പീടിക കാണുന്നു. അങ്ങോട്ട് ഒതുക്കിനിര്‍ത്ത്. റിലാക്‌സായിട്ട് സംസാരിച്ച് മെല്ലെ പോയാല്‍ മതി. അങ്ങോടിപ്പോയിട്ട് എന്താ വാരാനുള്ളത്. ഇറുക്കിയിറുക്കി ഇഴഞ്ഞിട്ട് നിന്റെ ക്ലച്ച് തയക്കണ്ട. എണ്ണയും തീര്‍ക്കണ്ട.

പൊടിയുടെ രുചി പടര്‍ന്ന നല്ല ചായ. പക്ഷേ നിരുപദ്രവകരമായ കടി ഒന്നുമില്ല. ഞാന്‍ മൂന്നു മുറുക്കെടുത്തു.

നീ പറയുന്നത് ശരിയായിരിക്കാം. പക്ഷേ എല്ലാ ശരികളും എല്ലായിടത്തും ഒരേ രീതിയില്‍ പറയാന്‍ പാടില്ല. സാഹചര്യത്തിനും സദസ്സിനും അനുസരിച്ച് സംസാരത്തിന്റെ ക്ലച്ചും ഗിയറും മാറ്റിക്കൊണ്ടിരിക്കണം. അത് സംസാരം മാത്രമല്ല, നടത്തവും അങ്ങനെയാണ്. ഫോറെക്‌സാംബിള്‍, ഉറച്ച നിലത്തുകൂടെ നടക്കുമ്മാതിരി ചെളിയിലൂടെ നടന്നുകൂടാ. കാല്‍വഴുതി, തലയടിച്ച് വീഴും. അമ്മാതിരി ഒരു വീഴ്ചയാണ് ഇന്ന് നീ മീറ്റിംഗില്‍ വീണത്. സമൂഹത്തില്‍ കാണുന്ന ദുഷ്പ്രവണതകളോടും ഉഡായിപ്പുകളോടുമുള്ള നമ്മുടെ പ്രതികരണം കണ്ണിംഗായിരിക്കണം. അല്ലാതെ വികാരപരമായ വിസ്‌ഫോടനം മാത്രമായി തൂറ്റിപ്പോകരുത്.

എനിക്ക് തോന്നുന്നത്, നമ്മള്‍ ഈ ഇരുത്തം ഒരൊന്നൊന്നര മണിക്കൂറെങ്കിലും ഇരിക്കേണ്ടിവരും. നിനക്ക് പറയാനുള്ള വിമര്‍ശനാത്മക നിരീക്ഷണങ്ങളെല്ലാം നീ പറ. അതെങ്ങനെയാണ് കൗശലപൂര്‍വം ഒരു സമൂഹത്തിന്റെ ഞെരമ്പിലേക്ക് തുള്ളിതുള്ളിയായി ഡ്രിപ്പടിക്കുക എന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരാം.
‘നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നൊന്നും പ്രതീക്ഷിച്ച ഉത്പന്നങ്ങള്‍ വരുന്നില്ല.’ മ്ലാനതയുടെ കറുപ്പുകലര്‍ന്ന കവിളുകള്‍ ഇളക്കി അവന്‍ പറഞ്ഞു. ആ പ്രസ്താവനയെ പലവഴിക്ക് ഞാന്‍ കത്രിച്ചിടാന്‍ ശ്രമിച്ചു. ഒത്തിരി സ്ഥാപനങ്ങളുടെ പേരുകള്‍ ഞാനെണ്ണിപ്പറഞ്ഞു. അവിടങ്ങളില്‍നിന്ന് പഠിച്ച് പുറത്തിറങ്ങിയ പ്രതിഭകളുടെ പേരുകളും അവര്‍ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളുടെ വൈപുല്യവും ഞാനക്കമിട്ട് പറഞ്ഞു. എല്ലാം കേട്ടിട്ടും ‘അതൊക്കെ ശരിതന്നെ’ എന്ന അസംതൃപ്തമായ പ്രതലത്തില്‍നിന്ന് ഒരടി അവന്‍ ഉയര്‍ന്നില്ല. നീ വാ! നമുക്കിവിടെ ഇരിക്കണ്ട! അതാ അത്ര നടന്നാല്‍ പുഴയായി. നമുക്കവിടെ ചെന്ന് കാറ്റുകൊണ്ടിരിക്കാം. കണ്ണിനും നല്ല വിരുന്നാണ്. നിന്റെ തലയും തണുത്തു കിട്ടും. കുറേ പറയേണ്ടിവന്നു അവന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കിയെടുക്കാന്‍. അല്ലെങ്കില്‍ എനിക്ക് വേഗം മനസ്സിലാവും വിധത്തില്‍ ലളിതമായി പറയാന്‍ അവന് അറിയില്ലായിരുന്നു. ഈ രണ്ടാമത്തെ വാചകപ്രകാരം അവനാണ് തോല്‍വി. ആദ്യത്തേത് പോലെ പറഞ്ഞാല്‍ ചെറിയ ഇടിവ് എനിക്കാണ് വരിക, അതുവേണ്ട! മറ്റുള്ളവര്‍ എത്ര ഇടിഞ്ഞു കുത്തിയാലും നമ്മളുടെ അവര്‍കള്‍തരം തരിമ്പും ഉടയണ്ട!

‘എന്തുപഠിച്ചിട്ടെന്താ, എത്ര പഠിച്ചിട്ടെന്താ. സംസ്‌കരണം നടക്കുന്നില്ല. സ്വഭാവസംസ്‌കരണം നടന്ന നല്ല പൗരന്മാര്‍ ഉണ്ടാകുന്നില്ല’ – ഇതാണ് ഇവന്റെ പരാതിയുടെ കാതല്‍. ഞാനൊട്ടും പക്ഷംപിടിക്കാതെ അവന്‍ പറഞ്ഞ കാര്യം മെഗാഫോണ്‍ ചെയ്യാന്‍ ശ്രമിക്കാം. നിങ്ങളില്‍ എത്രപേര്‍ക്ക് അത് പിടിക്കുന്നുണ്ട് എന്ന് നോക്കാം. വിശദീകരണത്തിന്റെ ഭംഗിക്ക് വേണ്ടി ചിലയിടങ്ങളില്‍ ഞാന്‍ കയറി ഇടപെടുമെന്ന് ആദ്യമേ വാക്ക് തരികയാണ്.

നന്നായി എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന എമ്പാടും ആളുകളെ സൃഷ്ടിച്ചുവിടാന്‍ കഴിഞ്ഞില്ല എന്നൊന്നും ചങ്ങാതി പറയുന്നില്ല. മറിച്ച് സമൂഹത്തിന്റെ, പ്രത്യേകിച്ച് പുതുതലമുറയുടെ ഒന്നുകൂടി പ്രത്യേകിച്ച് ദ്വിമുഖ വിദ്യാഭ്യാസം നേടിയ വിഭാഗത്തിന്റെ കാഴ്ചപ്പാടും കണക്ക് കൂട്ടും മറ്റേതോ ലെവലിലാണ് ഉള്ളതെന്ന്. ഇതില്‍ മൂന്നാമത്തേത് പറഞ്ഞപ്പോള്‍, കൂട്ടമായി പറന്നുപോകുന്ന വെള്ളക്കൊക്കുകളെ നോക്കുന്നവനായി ഞാന്‍ ശ്രദ്ധ തെറ്റിയെന്ന് നടിച്ചു; വേറെ ആരെയോ പറ്റിയാണ് നീ പറയുന്നത് എന്ന് വരുത്താന്‍.
അതായത് വിജ്ഞാനത്തിന്റെ സത്തയായ വിനയം ഒട്ടുമില്ലെന്ന്. സൗമ്യസ്വഭാവം കണ്ട് മറ്റുള്ളവര്‍ വന്നുപറ്റുന്ന ഉദാത്തതലത്തിലേക്ക് വ്യക്തികളെ മൂശപ്പെടുത്തുന്നതില്‍ നമ്മള്‍ വിജയിക്കുന്നില്ലെന്ന്. തര്‍ക്കിച്ചു തോല്‍പ്പിക്കാനല്ലാതെ അകം കാണിച്ച് ആകര്‍ഷിക്കാന്‍ ആവുന്നില്ലെന്ന്. ബഹുസ്വരസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇതര മതവിശ്വാസികള്‍ക്കുള്ള വിശുദ്ധ ഖുര്‍ആനും ബുഖാരിയും മുസ്ലിമും നമ്മളാണ്, നമ്മുടെ സ്വഭാവമാണ്. ഞങ്ങള്‍ ഇങ്ങനെ ആയതുനോക്കണ്ട, ഞങ്ങളുടെ ഏട്ടില്‍ പുണ്യത്തരങ്ങള്‍ എമ്പാടുമുണ്ട് എന്ന് പറയുന്നതില്‍ പന്തിക്കമ്മിയുണ്ട്.
തിരുനബിയുടെ ജീവിതത്തില്‍ സ്വഭാവമഹിമക്കുള്ള സ്ഥാനം ചില്ലറയല്ല. ‘താങ്കള്‍ ഉന്നതമായ സ്വഭാവത്തിനുടമയാണ്’ എന്ന ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ ആഴമേറിയ ആശയമുണ്ട്. ഇസ്ലാമിന്റെ വളര്‍ച്ചയുടെ അടിത്തറ തന്നെ മുത്തുനബിയുടെ സ്വഭാവമഹിമപ്പുറത്തായിരുന്നു. ഓര്‍ക്കുക! നാല്പത് കൊല്ലം തിരുനബി (സ) ജീവിച്ചത്, അമുസ്ലിംകളുടെ കൂടെയാണ്. തന്റെ സൗഹൃദവും അയല്‍പക്കവും ചങ്ങാത്തവും ഇടപഴകലും എല്ലാം എല്ലാം അമുസ്ലിംകളോടൊത്താണ്. തന്റെ സൗഹൃദസംഘത്തില്‍ ഒരൊറ്റ മുസ്ലിം പോലുമില്ലെന്നുറപ്പ്. അവര്‍ക്കെല്ലാം തന്നെ പ്രിയങ്കരനാണ് സദ്്വൃത്തനായ മുഹമ്മദ്. പക്ഷേ, ഒന്നുണ്ടായിരുന്നു. അകലാനും അകറ്റാനും ഉതകുന്ന ഒന്ന്. ഒരു സുപ്രഭാതത്തില്‍ ആ നല്ല കൂട്ടുകാരന്‍ പറയുന്നത് നാളിതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരു സംഗതിയാണ്. എന്റെയടുത്ത് ഒരു മലക്ക് വരുന്നു. എനിക്ക് സന്ദേശം കൈമാറുന്നു. അയാള്‍ വരുന്നത് പടച്ചോന്റെ അടുത്ത് നിന്നാണ്. ഞാന്‍ പടച്ചോന്റെ ദൂതനാണ്. ഒരാളെ ഹൃദയം നിറയെ ഇഷ്ടപ്പെടുമ്പോഴും അയാള്‍ പങ്കുവെക്കുന്നത് ഹൃദയത്തിന്റെ ഒരു കൊച്ചുകോശത്തിന് പോലും പിടികിട്ടാത്ത കാര്യം. അങ്ങനെയാണ് മുത്തുനബിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നത്. അഥവാ, മുഹമ്മദിനോടല്ല അവര്‍ക്ക് വെറുപ്പ്. മുമ്പത്തെ എന്തെങ്കിലും വൈരാഗ്യമോ പകയോ ‘ഇപ്പോള്‍ ഒരിത്തിരി നാട്യം കൂടിയിരിക്കുന്നു’ എന്ന വിലയിരുത്തലോ- അങ്ങനെയുള്ള യാതൊരു സംഗതിയുമില്ല. ആളെ എല്ലാവര്‍ക്കും പാലുപോലെ ഇഷ്ടമാണ്. തേനുപോല്‍ സ്‌നേഹമാണ്. പക്ഷേ അങ്ങനെയുള്ള ഒരു പഞ്ചാരമുത്ത്- ഇപ്പോള്‍ എന്താണീ പറഞ്ഞുതുടങ്ങുന്നത്. അവിടെയും ഒരു കൂട്ടര്‍ക്ക് ‘ആളെന്തോ പറയട്ടെ, ആള്‍ അല്‍അമീന്‍ ആണല്ലോ, നാല്പത് കൊല്ലമായിട്ട് നമുക്കറിയാവുന്ന തൂവെള്ളപ്പൂവാണല്ലോ’ എന്ന ഒറ്റച്ചരടില്‍ പിടിച്ചാണ് കൂടെ കൂടിയത്. ഇത്രയും നല്ലൊരു മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അതിലെന്തോ ഉണ്ട്- ഇവിടെ പ്രമാണം ബൗദ്ധികമായ തെളിച്ചം എന്നതിലുപരി ആ വ്യക്തി അവരുടെ മനസ്സിലിറക്കിയ തായ്്വേരുകളാണ്. അല്ലാതെ, മലക്കിന്റെ നിഴലിനെ യുക്തിയുടെ സ്‌കാനറില്‍ പതിപ്പിച്ചെടുത്തിട്ടോ, മലക്ക് വന്നിരുന്ന നേരത്തെ നേര്‍ശബ്ദം സൗണ്ടോസ്‌കോപ്പിയില്‍ ഒപ്പിയെടുത്തോ, പടച്ചോനെ നേരിട്ട് ഫോണ്‍ വിളിച്ച് ഇങ്ങനെ ഒരാളെ അങ്ങോര്‍ അയച്ചോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയിട്ടോ ഒന്നുമല്ല. ആകെ ഒരു കാര്യം, പാലും തേനുമായ മാണിക്യ മുഹമ്മദാണ് പറയുന്നത്. അല്ലാതെ പറയുന്ന സംഗതി വേഗമങ്ങിറക്കാന്‍ കഴിയുന്നതല്ല. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്ക് നെറ്റി ചുളിയുന്നുണ്ടാവും. പുരികം വളയുന്നുണ്ടാവും. നിങ്ങള്‍ ജീവിക്കുന്നത് പരകോടി മുസ്ലിംകള്‍ക്ക് മധ്യേയാണ്. പരകോടി മുസ്ലിംകള്‍ ജീവിച്ചു കൊഴുത്ത പതിനാല് നൂറ്റാണ്ടിന്റെ പാരമ്പര്യസമ്പന്നതയില്‍നിന്നാണ്. ആദ്യ വഹ്്യിന്റെ അന്നോ പിറ്റേന്നോ ആ വാര്‍ത്ത ആദ്യമായി കേള്‍ക്കാന്‍ ഇടവന്ന ആളായി നിങ്ങള്‍ നിങ്ങളെ സങ്കല്പിക്കണം! എന്നിട്ട് നിങ്ങള്‍ ഹൃദയത്തില്‍ അലിയിച്ചുകൊണ്ടുനടക്കുന്ന ഒരുറ്റ തോഴന്‍ ഒരുനാള്‍ വന്നിട്ട് വഹ്്യ്- ജിബ്്രീല്‍- പടച്ചോന്‍- റസൂല്‍ എന്നൊക്കെ പറയുന്നത് ആദ്യമായി കേള്‍ക്കുന്നത് ചിത്രപ്പെടുത്തണം. അപ്പോഴറിയാം. അതിന്റെയൊരു കോള്.
ചോദ്യമിതാണ്, കേട്ടപാടെ യുക്തിപോലും ഒന്ന് തരിച്ചുപോകുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞയാളിന്റെ സ്വഭാവശുദ്ധി ഒന്നുകൊണ്ട് മാത്രം അയാളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സംസ്‌കരിക്കപ്പെട്ടതായിരുന്നു ത്വാഹാ പുംഗവരുടെ ജീവിതമെങ്കില്‍, ആ തിരുനേതാവിന്റെ പിന്‍മുറക്കാരാവാന്‍ പഠിച്ചിറങ്ങുന്നവര്‍ എന്തുകൊണ്ട് അറൊഗന്റാവുന്നു, എന്തുകൊണ്ട് താനവര്‍കളാവുന്നു, എവിടെ പോവുന്നു എളിമ എന്നതാണ്. സ്ഥാപനങ്ങളുടെ ഓഫീസുകളിലും പ്രസ്ഥാനിക ഓഫീസുകളിലുമുള്ള കറങ്ങുന്ന കസേരയിലിരിക്കുന്നവര്‍, അവിടേക്ക് കയറിവരുന്ന പലജാതി മനുഷ്യന്മാരെ പാലുപോലെ സ്വീകരിക്കാന്‍ പഠിക്കാത്തതെന്ത്? പണക്കാരനോട് ഒരു സമീപനവും പാവപ്പെട്ടവനോട് മറ്റേ സമീപനവും എന്നത് എവിടെ നിന്നാണ് ഇവര്‍ ശീലമാക്കുന്നത്. ഒരൊച്ച. എല്ലാവരും ഓടിക്കൂടുന്നു. ചുവപ്പില്‍ ‘L’ എന്നെഴുതിയ ഒരു വാഗണ്‍ ആര്‍ കാറ് വശത്തേക്ക് ഊരികുത്തി മറിഞ്ഞതാണ്. വണ്ടി മറിഞ്ഞതേയുള്ളൂ; പരിക്കൊന്നുമില്ല. വണ്ടികളുടെ ഒച്ചിഴയല്‍ മത്സരം റോഡില്‍ അങ്ങനെ തുടരുന്നു.

താനാണ് അപരരെക്കാളെല്ലാം താണവന്‍, എന്റെ ഉള്ള് എനിക്കും എന്റെ പടച്ചോനും മാത്രമല്ലേ അറിയൂ. ആയതിനാല്‍ ഞാന്‍ കണ്ടുമുട്ടുന്ന എല്ലാവരെയും ആദരത്തോടെ അഭിമുഖീകരിക്കട്ടെ എന്നൊരു സാധുത്വം എന്തുകൊണ്ടാണ് പുതുതലമുറയുടെ ഉള്ളില്‍ മുളച്ച് ചില്ല വിടര്‍ത്താത്തത്? അങ്ങനെയുള്ള വിനയവിനീതരായ വ്യക്തിത്വങ്ങളെ അനുഭവിക്കുമ്പോളല്ലേ ഇവിടെയുള്ള ഇതര മതക്കാര്‍ക്ക് നമ്മോട് മമതയും അടുപ്പവും ഉണ്ടാകുക.

നാം ഉടുപ്പെടുക്കാന്‍ തുണിക്കടയില്‍ കയറുന്നു. അവിടുത്തെ വില്പനക്കാര്‍ ‘സാര്‍ സാര്‍’ എന്ന് വിളിച്ച് നമ്മുടെ പിന്നാലെ കൂടുന്നു. ആ സാര്‍ വിളി ഉള്ളില്‍നിന്ന് പൊങ്ങുന്ന മൗലികമായ വിളിയാവണമെന്നില്ല. മറിച്ച് ജീവിക്കാന്‍ വേണ്ടിയുള്ള ഒരു കസര്‍ത്തിന്റെ ഭാഗമായി വരുന്ന നിവൃത്തികേടായിരിക്കാം. അയാള്‍ നിങ്ങള്‍ ചോദിച്ചതും അതിന്റെ അപ്പുറവും വാരിവലിച്ചിട്ട് തരുന്നുണ്ടാവാം. എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ നിങ്ങള്‍ വാങ്ങട്ടെ എന്ന വിധേനയുള്ള വിധേയപ്പെടല്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാകാം. നല്ല പാന്റും കോട്ടുമിട്ട ഒരു താല്ക്കാലിക അടിമ എന്ന നിലക്ക് പോലും അയാള്‍ അഭിനയിച്ചേക്കാം. പക്ഷേ, നിങ്ങളും നിങ്ങളുടെ മക്കളും അയാളെ ആ നിലയിലാണോ കാണേണ്ടത്. അയാളെ ബഹുമാനിക്കാനും മക്കളെക്കൊണ്ട് ആദരിപ്പിക്കാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ? ഹോട്ടലില്‍ ചെന്നാല്‍ വെയ്റ്റര്‍മാരോട് മുന്തിയ മാനുഷിക പരിഗണനയില്‍ പെരുമാറാന്‍ നിങ്ങള്‍ക്കാകാറുണ്ടോ? ലോഡ്ജിലേക്ക് കിടക്കവിരി മാറ്റിവിരിക്കാനും കുടിവെള്ളപാത്രം കൊണ്ടുവെക്കാനും വരുന്ന ക്ഷീണമുഖമുള്ള ബാലന്മാരോട് നിങ്ങള്‍ക്ക് ബഹുമാനം തോന്നാറുണ്ടോ? പള്ളിയില്‍ വാങ്കുവിളിക്കുന്ന മുക്രിക്കയോടും കുസിനിയില്‍ പുകഞ്ഞ് വിയര്‍ക്കുന്ന പാചകക്കാരനോടും സംസാരിക്കുമ്പോള്‍ നിങ്ങളുടെ ഭാഷയില്‍ ആദരം കലരാറുണ്ടോ? സാധാരണക്കാരായ ആളുകളെ ‘നാടന്മാര്‍’ എന്ന് വിളിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകളില്‍ അറിവഹങ്കാരത്തിന്റെ അണലിവിഷം പുരളാറില്ലെന്ന് ഉറപ്പുണ്ടോ?
നീ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ നിന്നോടെങ്ങനെ സമാധാനം പറയും എന്നെനിക്കറിയില്ല. നീ പറയുന്നതില്‍ ഒട്ടും കാര്യമില്ലെന്ന് പറയുന്നില്ല, കാര്യക്കേടില്ലെന്നും. മാത്രമല്ല നീ പറയുന്നതില്‍ ജനറലൈസേഷന്‍ വല്ലാതെ ഉണ്ട്. ഒന്നോ രണ്ടോ ഇടത്ത് അരുതാത്തത് വല്ലതും കണ്ടു എന്നു കരുതി എല്ലായിടത്തും അങ്ങനെയാണ് എന്ന് പരാതി പറയുന്ന നിന്റെ ഈ ശൈലിക്ക് അഷ്ടവടി അടിയോടടിത്തൈലം പുരട്ടുക അല്ലാതെ രക്ഷയില്ല. ഇപ്പോള്‍ ഒന്നേ എനിക്ക് നിന്നോട് പറയാനുള്ളൂ. എല്ലായിടത്തും എല്ലാം പറയരുത്. ഈ ഉപദേശം നീ സ്വീകരിക്കുന്നില്ലെങ്കില്‍ നിനക്ക് ഇനിയും വരാനിരിക്കുന്നത് ഇന്ന് കിട്ടിയതുപോലുള്ള തല്ലുകളാണ്. ചിലയാളുകള്‍ അങ്ങനെയാണ്. കേട്ടുപഠിക്കാന്‍ തയാറാവുകയില്ല. ഒരു പാടിടങ്ങളില്‍നിന്ന് ഒരുപാട് തല്ലുകള്‍ കിട്ടി പതം വന്നാലേ നേരെയാവൂ. അത്തരം തല്ലുവാങ്ങികളുടെ അനശ്വരനായ അധ്യക്ഷനായി വാഴ്കനീ എന്ന് ഞാന്‍ നിന്നെ അനുഗ്രഹിക്കാം, പോരേ!

ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login