കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

അബ്ദുന്നാസിര്‍ മഅ്ദനി എന്ന ഹതഭാഗ്യന് ഇന്ന് ഒരു മുഖവുരയുടെ ആവശ്യമോ പരിചയപ്പെടുത്തലിന്റെ വിശദാംശങ്ങളോ ആവശ്യമില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരിക്കുമത്. മഅ്ദനി ഇന്ന് ഒരു പ്രതീകവും പ്രതിഭാസവും ദുരന്തവുമാണ്. 20വര്‍ഷത്തെ കാരാഗൃഹവാസം വികലാംഗനായ ആ പണ്ഡിതനെ നമ്മുടെ കാലത്തിന്റെ ആധിയും വ്യവസ്ഥിതിയുടെ ഇരയുമായി വളര്‍ത്തിയെടുത്തു. മഅ്ദനി പലര്‍ക്കും പലതുമാണ്. ഒരു കൂട്ടര്‍ക്ക് ഹിന്ദുത്വഫാഷിസം പരന്നൊഴുകിയ 1990കള്‍ക്ക് ശേഷമുള്ള കെട്ടകാലത്തെ ഭരണകൂട ഭീകരതയുടെ ഇരയാണദ്ദേഹം. മറ്റൊരു കൂട്ടര്‍ക്ക് ബാബരിയാനന്തര ഇന്ത്യയില്‍, 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണാനന്തര ലോകത്ത്, മുസ്ലിം തീവ്രവാദത്തിന്റെ ലക്ഷണമൊത്ത പ്രതീകമാണ്. മറ്റു ചിലര്‍ക്കാവട്ടെ, തീക്ഷ്ണയൗവനം കൊണ്ട് താന്‍ ജീവിച്ച കാലഘട്ടത്തിന്റെ പ്രക്ഷുബ്ധതകളോട് വാഗ്വിലാസം കൊണ്ട് ഏറ്റുമുട്ടാനും പരമ്പരാഗത മുസ്ലിം രാഷ്ട്രീയവ്യവസ്ഥയോട് അടരാടാനും ഒരുമ്പെട്ട ഒരപൂര്‍വ നേതാവാണ്. ഒരു ചരിത്രവിദ്യാര്‍ഥിയുടെ മുമ്പാകെ, മഅ്ദനി ഇപ്പോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് ഒരു കാല് നഷ്ടപ്പെട്ട്, കാഴ്ചശേഷി കുറഞ്ഞുകുറഞ്ഞ് കണ്ണില്‍ ഇരുട്ട് പരന്ന ഒരു ഹതാശയന് ജീവിതത്തിന്റെ നട്ടുച്ചയില്‍ തന്നെ അഴികള്‍ക്കുള്ളില്‍ വിലപ്പെട്ട ജീവന്‍ ഹോമിക്കേണ്ടിവന്നു? ഈ മനുഷ്യന്റെ ഈ ജീവിതദുരന്തത്തിന് ആരാണ് ഉത്തരവാദി? കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ പലതവണ ഇതേ കോളത്തില്‍ മഅ്ദനിയെ കുറിച്ച് എഴുതേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതപ്രയാണം ഏതെങ്കിലും നാല്‍ക്കവലയിലൂടെ കടന്നുപോകുമ്പോള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ചാവിഷയമായ കാലസന്ധിയിലായിരുന്നു അതെല്ലാം. വീണ്ടും മഅ്ദനിയെ കുറിച്ച് എഴുതാനിരിക്കുമ്പോള്‍ അദ്ദേഹം ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് അവശതയിലാണ്. ഓപ്പറേഷന്‍ തിയറ്ററിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റേതായ ഒരു ശബ്ദസന്ദേശം വീഡിയോവിയിലൂടെ മലയാളികളെ തേടിയെത്തി. എനിക്കുവേണ്ടി പ്രാര്‍ഥിക്കണം എന്ന അഭ്യര്‍ഥന കേട്ട് പലപ്പോഴും സംഭവിക്കാറുള്ളതുപോലെ അദ്ദേഹത്തെ സ്‌നേഹിക്കുകയോ ആദരിക്കുകയോ ചെയ്യുന്നവര്‍ നെഞ്ചുപൊട്ടി പ്രാര്‍ഥിച്ചു. ചിലര്‍ മാത്രം ഉസ്താദിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാകുലപ്പെട്ടു. ഒരുവേള, മഅ്ദനിയുടെ നാവില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന തീപ്പൊരി പാറുന്ന വചനങ്ങള്‍ അപ്പടി പത്രത്താളുകളിലുടെ അഷ്ടദിക്കുകളിലുമെത്തിച്ച മാധ്യമങ്ങള്‍ക്ക് പോലും ഇന്ന് മഅ്ദനി മാറിയ ചെക്കാണ്. വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ട, എന്നെന്നേക്കുമായി വിടപറയാന്‍ ഒരുങ്ങിക്കഴിഞ്ഞ ഒരു പാവം മനുഷ്യന്‍! മഅ്ദനി മലയാളിയുടെ സ്മൃതിമണ്ഡലത്തില്‍നിന്ന് മാഞ്ഞുമാഞ്ഞുപോയിക്കൊണ്ടിരിക്കയാണ്. ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ പോലും ആ പേര് കയറിവരുന്നേയില്ല. 2007 ആഗസ്ത് ഒന്നിന്, ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം, കുറ്റമുക്തനായി കേരളത്തിലേക്ക് യാത്ര തിരിച്ചപ്പോള്‍ കോയമ്പത്തൂരില്‍നിന്ന് എറണാകുളം വരെ ചാനല്‍ ക്യാമറകള്‍ ലൈവായി അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിച്ചു. ആ ദൃശ്യങ്ങള്‍ കണ്ട് കേരളം അമ്പരന്നു. ‘ഭീകരവാദി’യായി അതുവരെ ചിത്രീകരിക്കപ്പെടുകയും മാധ്യമങ്ങള്‍ ‘ഇന്ത്യന്‍ ഉസാമ’യായി കൊണ്ടാടുകയും ചെയ്ത ഒരു മനുഷ്യന്‍ ഏറ്റുവാങ്ങിയ ഹീറോയിസത്തിന് സമാനതകളുണ്ടായിരുന്നില്ല. ഇതിനു മുമ്പ് ഡയാന രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങാണ് ബി ബി സി ഒരുദിവസം മുഴുവന്‍ ഇതുപോലെ തല്‍സമയ സംപ്രേക്ഷണം നടത്തി ലോകത്തെ അറിയിച്ചത്. ആഗസ്ത് രണ്ടിന് തിരുവനന്തപുരം ശംഖുമുഖത്ത് നിയമത്തിന്റെ ക്രൂരകരങ്ങളില്‍നിന്ന് ‘രക്ഷപ്പെട്ട’ മഅ്ദനിക്ക് വരവേല്‍പ് നല്‍കിയപ്പോള്‍ ഇടതു- വലതുനേതാക്കള്‍ അദ്ദേഹത്തോട് തൊട്ടുരുമ്മിയിരിക്കാനും പ്രകീര്‍ത്തനങ്ങള്‍ ചൊരിയാനും മത്സരിക്കുകയായിരുന്നു. ഇന്ന് രോഗഗ്രസ്തനായി സോപാധിക ജാമ്യത്തില്‍ ബെംഗളുരുവില്‍ മരിച്ചുജീവിക്കുന്ന മഅ്ദനിയെ കേരളം മറന്നുകഴിഞ്ഞു. രാഷ്ട്രീയനേതാക്കളാരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. അദ്ദേഹം ബീജാവാപം നല്‍കിയ പി ഡി പി എന്ന പാര്‍ട്ടി പെരുവഴിയില്‍ അനാഥമായി കിടക്കുന്നു. നേതാക്കളില്‍ വലിയൊരു വിഭാഗം മറ്റു പാര്‍ട്ടികളില്‍ ചേക്കേറി. അണികള്‍ കടുത്ത ആശയക്കുഴപ്പത്തിലും നിരാശയിലും മഅ്ദനിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്നു; കാര്യമായ പ്രതീക്ഷയൊന്നുമില്ലാതെ.

നിരാര്‍ദ്രമായ വ്യവസ്ഥിതിയും കരുണയറ്റ നീതിപീഠവും
അബ്ദുന്നാസിര്‍ മഅ്ദനി ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. 1980കളുടെ രണ്ടാം പാദത്തില്‍ ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയം രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് ഇരച്ചുകയറിയ നിര്‍ണായകഘട്ടത്തിലാണ് മഅ്ദനി എന്ന യുവാവ് രാഷ്ട്രീയ രംഗപ്രവേശം ചെയ്യുന്നത്. ഡോ. എം കെ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ ഏറെ കൊട്ടിഘോഷിക്കപ്പെട്ട യുവജന യാത്രയില്‍ വടകരയിലും മറ്റും മഅ്ദനിയുടെ വാഗ്‌ധോരണി ഒരു താരത്തിന്റെ ഉദയം വിളംബരം ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മഅ്ദനിയെ നമ്മള്‍ കാണുന്നത് കൊല്ലം കരുനാഗപ്പള്ളി ഓച്ചിറക്കടുത്ത് അന്‍വാറുുശ്ശേരിയിലാണ്. ഐ എസ് എസ് എന്ന ഒരു കൂട്ടായ്മയുടെ ബാനറില്‍. അന്നവിടെ കോളജോ യതീംഖാനയോ ഒന്നുമുണ്ടായിരുന്നില്ല. പ്രാര്‍ഥനക്കും പ്രകീര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു കൊച്ചുസ്രാമ്പി മാത്രം. തീപ്പൊരി പ്രസംഗങ്ങള്‍ പെട്ടെന്ന് അനുയായികളെ സൃഷ്ടിച്ചു. കേരളത്തിലുടനീളം നടത്തിയ അത്തരം പ്രസംഗങ്ങളാണ് മഅ്ദനിക്ക് മാധ്യമശ്രദ്ധ നേടിക്കൊടുത്തത്. അതുവരെ കേരളത്തിലെ ഒരു പണ്ഡിതനും അവലംബിക്കാത്ത പ്രസംഗശൈലിയും ഭാഷയും എതിരാളികളെ അറുത്തുമുറിക്കുന്ന ആക്ഷേപ ഹാസ്യങ്ങളും സ്വാഭാവികമായും പി വി നരസിംഹറാവുവിന്റെ കോണ്‍ഗ്രസിനും പി കെ കുഞ്ഞാലിക്കുട്ടിയുടെ മുസ്ലിം ലീഗിനും എതിരെ കത്തിക്കയറുന്ന പ്രസംഗകല വളര്‍ത്തി. ആര്‍ എസ് എസിനെതിരെ കടുത്ത ഭാഷയില്‍ പ്രസംഗിച്ചത് ഭൂരിപക്ഷസമൂഹത്തില്‍ മഅ്ദനിക്ക് തീവ്രവാദി പരിവേഷം പെട്ടെന്ന് ചാര്‍ത്തിക്കൊടുത്തു. ആര്‍ എസ് എസിന് ബദലായാണ് ഐ എസ് എസ് രൂപീകരിച്ചതെന്ന വ്യാഖ്യാനങ്ങള്‍ കേരളത്തിലെ മുഖ്യധാര ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ എതിര്‍ദിശയില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കി. അങ്ങനെയാണ് 1992 മേയില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് വെച്ച് വിപുലമായി നടത്തിയ ‘യൂത്ത് മീറ്റ് -92’ല്‍ ‘യുവത തീവ്രവാദത്തിനെതിരെ’ എന്ന പ്രമേയം ചര്‍ച്ചാവിഷയമാക്കിയത്.എന്നാല്‍, ആ വര്‍ഷം ക്വിറ്റ് ഇന്ത്യ ദിനത്തില്‍ (ആഗസ്ത് 9) മഅ്ദനിയുടെ ജീവിതത്തിലെ ആദ്യദുരന്തമുണ്ടായി. അന്‍വാറുശ്ശേരിയില്‍നിന്ന് ഇശാനിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴിയില്‍, കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന മൂന്നാല് അക്രമികള്‍ അദ്ദേഹത്തിനെതിരെ ബോംബെറിഞ്ഞു. ആദ്യബോംബ് മഅ്ദനിയുടെ സുരക്ഷാ ചുമതലയുള്ള ‘ബ്ലാക്ക് ക്യാറ്റിലെ’ ഒരാള്‍ കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചു. അയാളുടെ കൈപത്തി അറ്റുവീണു എന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടാമത്തേത് തൊപ്പിയില്‍ തട്ടി ദൂരെ പതിച്ചു. മൂന്നാമത്തേത് കാലിനു നേരെ എറിഞ്ഞപ്പോഴാണ് മഅ്ദനി വീഴുന്നതും കാല് മുറിച്ചുമാറ്റേണ്ട വിധം എല്ലുകള്‍ നുറുങ്ങിയതും. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനിയുടെ അവശരൂപം ലോകത്തോട് ഒരുകാര്യം വിളിച്ചുപറഞ്ഞു. ആര്‍ എസ് എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇദ്ദേഹമെന്ന്. പക്ഷേ, മഅ്ദനിയില്‍ ഒരു ഭീകരവാദിയെ വളര്‍ത്തിയെടുക്കുന്നതിലാണ് അദ്ദേഹത്തിന്റെ ജീവിതപരിസരം കച്ചകെട്ടി ഇറങ്ങിയത്. യൂത്ത് ലീഗിന്റെ മുഖപത്രമായ തൂലികയില്‍ ‘സമുദായത്തിന് നഷ്ടപ്പെട്ട കണങ്കാലി’നെ കുറിച്ച് ഞാന്‍ ഒരു കുറിപ്പെഴുതിയത് മഅ്ദനി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും പ്രവര്‍ത്തന ശൈലിയും കേരളീയ സാമൂഹിക പരിസരത്ത് സൃഷ്ടിച്ചേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനായിരുന്നു.
അബ്ദുന്നാസര്‍ മഅ്ദനിയുടെ മുന്നേറ്റം മിക്കവാറുമെല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും അസ്വസ്ഥമാക്കിയെങ്കിലും അദ്ദേഹത്തില്‍ ഗുരുതരമായ വെല്ലുവിളി മണത്തറിഞ്ഞത് മുസ്ലിം ലീഗായിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ലീഗ് സംസ്ഥാന നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച ഒരു കാലഘട്ടമായിരുന്നല്ലോ അത്. മഅ്ദനി ഒരു പടി മുന്നില്‍ കടന്ന് ലീഗിനെ കടിച്ചുകീറി. തെക്കന്‍ ജില്ലകളില്‍ ഇതുവരെ മുസ്ലിം ലീഗിന് വേരിറക്കാന്‍ സാധിക്കാത്ത മേഖലകളില്‍ പോലും മഅ്ദനി രാഷ്ട്രീയ സ്വാധീനം നേടിയെടുത്തതും മലബാറില്‍ പോലും വന്‍ അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുത്തതും ലീഗ് നേതൃത്വത്തെ അങ്കലാപ്പിലാക്കി. അതിനിടയിലാണ് കോയമ്പത്തൂരില്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ സ്‌ഫോടനങ്ങളുണ്ടാവുന്നതും ഉമ്മ എന്ന സംഘടനയുടെ പേര് അതിനുപിന്നിലുണ്ടെന്ന് പൊലീസ് കണ്ടെത്തുന്നതും. വര്‍ഗീയവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തി എന്നതിന്റെ പേരില്‍ എറണാകുളത്ത് പിടിയിലാവുന്ന മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസിന് കൈമാറുന്നതോടെ ആ മനുഷ്യന്റെ ജീവിതത്തിലെ രണ്ടാമതൊരു ദുരന്തത്തിന് യവനിക ഉയരുകയായിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനി ഇനി ഒരിക്കലും തിരിച്ചുവരരുത് എന്ന് എല്ലാവരെക്കാളും നിര്‍ബന്ധം മുസ്ലിം ലീഗ് നേതൃത്വത്തിനായിരുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടിവരാത്ത ഒരു വെല്ലുവിളിയാണ് മഅ്ദനി ഉയര്‍ത്തുന്നതെന്ന തിരിച്ചറിവ് ആ മനുഷ്യനെ എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാന്‍ മുസ്ലിംലീഗിനെ കൊണ്ട് എല്ലാ കുതന്ത്രങ്ങളും പയറ്റിച്ചു. അതിനുവേണ്ടി അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തി. മഅ്ദനിയുടെ മോചനത്തിനായി കേരളീയ പൊതുസമൂഹം ഇടപെടുകയും നിയമസഭ ആ ദിശയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് എന്ന വലിയ തത്വം വിളമ്പി, ആ വികലാംഗന് അനുകൂലമായ ജനവികാരം തിരിച്ചുവിടാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ടായിരുന്നു. മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ആ വഴിയില്‍ ഒത്താശകള്‍ ചെയ്തുകൊടുത്തു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി പൊലീസ് കണ്ടെത്തിയ ‘അല്‍ഉമ്മ’ എന്ന കൂട്ടായ്മയുടെ നേതാക്കളുമായി ബന്ധമുണ്ട് എന്ന കുറ്റം ചാര്‍ത്തി മഅ്ദനി ജയിലിലടക്കപ്പെടുന്നത്, ദേശീയ സുരക്ഷാ നിയമമനുസരിച്ച്. അല്‍ഖാഇദ ഭീകരവാദികളെക്കുറിച്ചുള്ള നടുക്കുന്ന വര്‍ത്തമാനങ്ങള്‍ ലോകമാസകലം പരന്നൊഴുകിയ ആ കാലഘട്ടത്തില്‍ ഉസാമാ ബിന്‍ ലാദന്റെ ഒരിന്ത്യന്‍ പതിപ്പ് ഹിന്ദുത്വ രാഷ്ട്രീയ മേലാളന്മാര്‍ക്ക് മുഖ്യധാര മാധ്യമങ്ങള്‍ ഉല്പാദിപ്പിച്ചുവിടുകയായിരുന്നു. അതോടെ, പരസഹായമില്ലാതെ, മരക്കാലില്‍ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ശേഷിയില്ലാതെ ദുരിതജീവിതം തള്ളിനീക്കിയ ആ മനുഷ്യന്‍ കേരളീയ മനഃസാക്ഷിയുടെ നിസ്സഹായാവസ്ഥക്കു മുന്നില്‍, തടവറയുടെ വിഹ്വലതകളില്‍ പൗരാവകാശങ്ങളോരോന്നായി അഴിച്ചുമാറ്റപ്പെട്ടയാളായി. ഒമ്പതര വര്‍ഷമാണ് മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ തളച്ചിടപ്പെട്ടത്. വ്യവസ്ഥിതി ആവിഷ്‌കരിച്ച ഗൂഢപദ്ധതിയുടെ ഇരയായിരുന്നു മഅ്ദനി. ആഴത്തില്‍ വേരുകളുള്ള ഗൂഢാലോചനയില്‍ അദ്ദേഹത്തെ രാഷ്ട്രീയശത്രുവായി കാണുന്ന പാര്‍ട്ടിനേതാക്കളും സംഘ്പരിവാര്‍ മൂശയില്‍ ഉരുവം കൊണ്ട പൊലീസിന്റെ വര്‍ഗീയമനസ്സും ഇന്ത്യയിലുമെത്തി ‘ഇസ്ലാം ഭീകരവാദം’ എന്ന് സമര്‍ഥിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി നടന്ന ഇന്റലിജന്‍സ് ഏജന്‍സിയുമെല്ലാം അവരുടേതായ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. അധികാരം കൈയാളുകയും പ്രസക്തി തെളിയിക്കുകയും ചെയ്ത തങ്ങള്‍ക്കെതിരെ ഭീഷണി സ്വരത്തില്‍ ഒരാള്‍ കടന്നുവരുകയോ എന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ചോദ്യത്തില്‍നിന്ന് തുടങ്ങിയ പ്രതികാരവാഞ്ഛയാണ് വ്യവസ്ഥിതിയുടെ കൈകളില്‍ ഈ ഒറ്റക്കാലുള്ള മനുഷ്യനെ പിടിച്ചുകൊടുത്തതും തുടര്‍ന്നങ്ങോട്ട് പീഡനങ്ങളുടെ തടവറജീവിതം കൊണ്ട് ജീവിതനിമിഷങ്ങള്‍ ഓരോന്നും വേദനാജനകമാക്കിയതും. സ്വജീവിതം കൊണ്ട് ദുരന്തഗാഥ രചിച്ച അബ്ദുന്നാസിര്‍ മഅ്ദനി നാളെ ചരിത്രമാകുമ്പോള്‍ ആ കഥയിലെ മുഖ്യവില്ലന്‍ ഇന്ത്യന്‍ ജീഡീഷ്യറിയായിരിക്കും. ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള അധികാര ഘടന ആ വികലാംഗനെ രാക്ഷസീയവത്കരിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍, പൗരന്റെ ജീവനും അന്തസിനും മാനത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട നീതിപീഠം, നടപ്പുശീലങ്ങളെ താലോലിക്കാനാണ് ഉത്സാഹം കാണിച്ചത്. അങ്ങനെയാണ് കോയമ്പത്തൂര്‍ ജയിലിലായിരിക്കേ ജാമ്യാപേക്ഷയുമായി ചെന്ന മഅ്ദനിയോട് ജഡ്ജി തനികാചലം രക്തത്തില്‍ ബോംബ് കള്‍ച്ചര്‍ കൊണ്ടുനടക്കുന്ന അപകടകാരിയായ ഭീകരവാദിയാണ് താങ്കളെന്ന് മുഖത്തുനോക്കി പറഞ്ഞതും ദൈര്‍ഘ്യമേറിയ ഉത്തരവില്‍ കുറിച്ചിട്ടതും. ഈ മനുഷ്യന്‍ അനുഭവിച്ചുതീര്‍ക്കുന്ന വേദനാജനകമായ ജീവിതനിമിഷങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിട്ടും പരമോന്ന നീതിപീഠത്തിന് ഒരിക്കല്‍ പോലും പൗരാവകാശങ്ങള്‍ പരിരക്ഷിക്കാന്‍ എഴുതിവെച്ച പാവനമായ നിയമപ്രമാണങ്ങള്‍ എടുത്തു പ്രയോഗിക്കാന്‍ സാധിക്കാതെ പോയത് ഹിന്ദുത്വ വാഴുന്ന കെട്ടകാലത്ത്, ഒരു മുസ്ലിമിന്റെ, വിശിഷ്യാ താടി നീട്ടിവളര്‍ത്തിയ, തൊപ്പിധാരിയായ ഒരു പണ്ഡിതന്റെ ജീവന്റെ ശുഷ്‌കമൂല്യത്തെക്കുറിച്ച് നല്ല ധാരണയുള്ളതുകൊണ്ടാണ്. മരണശയ്യയ്യില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സന്ദര്‍ഭത്തില്‍ ജസ്റ്റിസ് വെങ്കിടാചലം കേട്ടുനില്‍ക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ചു: ‘എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ജയിലില്‍ അടച്ചു കഷ്ടപ്പെടുത്തുന്നത്? തെളിവുകളുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത്?’ – കര്‍ണാടക സര്‍ക്കാരിനോടായിരുന്നു ചോദ്യം. ആ ചോദ്യത്തിനുശേഷം ഏഴു വര്‍ഷം പിന്നിട്ടു. ഇപ്പോഴും വിചാരണ നീളുകയാണ്. ഒരു ഘട്ടത്തില്‍ കോടതി ‘മനുഷ്യത്വം തുളുമ്പുന്ന’ ഒരു നിരീക്ഷണം നടത്തി. മോചനമല്ല, അടിയന്തര ചികിത്സയാണ് മഅ്ദനിക്ക് വേണ്ടതെന്ന്. ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും അങ്ങനെയാണ് ഒരു കാല്‍ നഷ്ടപ്പെട്ട് ഈ കോലത്തിലായതെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ന്യായാസനത്തെ ഓര്‍മപ്പെടുത്തിയപ്പോഴും ജഡ്ജി ജെ എസ് ചൗഹാന്‍ പറഞ്ഞത് എന്താണെന്നല്ലേ? ഭീകരവാദക്കുറ്റങ്ങളാണ് ഈ മനുഷ്യന്റെമേല്‍ ചുമത്തപ്പെട്ടതെന്ന് മറക്കരുത്. കര്‍ണാടക സര്‍ക്കാര്‍ ഇതിനകം സമര്‍പ്പിച്ച (കള്ള) സത്യവാങ്മൂലങ്ങളിലെ ഓരോ വാചകവും മഅ്ദനിയെ മരണം വരെ ജയിലില്‍ തളച്ചിടാന്‍ പര്യാപ്തമാണെന്നാണ് നിയമലോകത്തെ നിഷ്പക്ഷമതികള്‍ പറയുന്നത്. ബെംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനി 32ാം പ്രതിയാണെന്ന് അറിയണം. ഒന്നാം പ്രതി കണ്ണൂര്‍ക്കാരനായ തടിയന്റവിട നസീറും. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഅ്ദനിയെ പോലൊരാളെ യു എ പി എ ചുമത്തി തടവറയില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിലെ നീതികേടും നെറികേടും ആര്‍ എസ് എസിന്റെ അധികാരമേല്‍ക്കോയ്മയുടെ ഭീകര വാഴ്ചക്കാലത്ത് ചര്‍ച്ച ചെയ്യുന്നതില്‍ പോലും പ്രസക്തിയില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

മഅ്ദനിയോട് വഞ്ചന കാട്ടിയവരുടെ നിര
അബ്ദുന്നാസിര്‍ മഅ്ദനി ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതജീവിതം ഇവിടെ ആരെയും അലട്ടുന്നില്ല. അത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യദുഃഖമായി ചുരുട്ടിക്കെട്ടുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ഇവിടുത്തെ മാധ്യമങ്ങളും വിജയിച്ചിരിക്കുന്നു. ഒരുവേള മഅ്ദനിയുടെ തടവുജീവിതം കേരളീയ പൊതുസമൂഹത്തിന്റെ മൊത്തം ദുഃഖമായിരുന്നു. വി ആര്‍ കൃഷ്ണയ്യര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയ മനുഷ്യാവകാശ സാരഥികള്‍ മഅ്ദനിക്കുവേണ്ടി ശബ്ദിക്കാനും വാദിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടി നിയമപോരാട്ടം നടത്താന്‍ ഫണ്ട് ശേഖരിക്കുന്ന വിഷയത്തില്‍ ഏകോപിതമായ നീക്കങ്ങളുണ്ടായിരുന്നു. ഇന്ന് മഅ്ദനിക്കു വേണ്ടി ആരും അശ്രുപൊഴിക്കുന്നില്ല. എന്നല്ല, ആ പേര് പരാമര്‍ശിക്കപ്പെടാതിരിക്കാന്‍ എല്ലാവരും സൂക്ഷ്മത പുലര്‍ത്തുന്നതുപോലെ. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുമ്പോഴും മഅ്ദനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും ആരും ധൈര്യപ്പെടാത്ത ഒരവസ്ഥ. ആ അധ്യായം പൂര്‍ത്തീകരിച്ചുകാണാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന നിരാര്‍ദ്രമായ സ്ഥിതിവിശേഷം. ആ മനുഷ്യന്‍ കടന്നുപോയ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നീതിപീഠവും പൊതുസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും സ്വീകരിച്ചുപോന്ന കാപട്യത്തിന്റെ അല്ലെങ്കില്‍ കൊടുംവഞ്ചനയുടെ, ക്രൂരതയുടെ മുഖങ്ങള്‍ തുറന്നുകാട്ടാതെ പോകുന്നത് ആ മനുഷ്യനോട് കാണിക്കുന്ന അനീതിയായിരിക്കും.
മഅ്ദനി ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഇരയാണ്. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് 2007ല്‍ മോചിതനായി വന്ന അദ്ദേഹം രാഷ്ട്രീയ പുനഃപ്രവേശനത്തിന് അറച്ചറച്ചുനിന്ന ഹ്രസ്വകാലത്തെ കുറിച്ച് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഏതോ ത്വരീഖത്തിന്റെ ആത്മീയ വലയത്തിലാണ് അദ്ദേഹമെന്നും രാഷ്ട്രീയത്തില്‍ ഇനി സജീവമാകാന്‍ ഇടയില്ലെന്നും ശ്രുതി പരന്നിരുന്നു. എന്നാല്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തന്റെ ജന്മവരദാനമായ വാഗ്‌ധോരണിയുമായി അദ്ദേഹം ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ പലവിധ വ്യാഖ്യാനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അതു വഴിവെച്ചു. പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിക്കുവേണ്ടി പിണറായി വിജയനോടൊപ്പം വോട്ട് ചോദിക്കാന്‍ ഒരേ വേദിയിലെത്തിയപ്പോള്‍ കുറെ ദിവസത്തേക്ക് മാധ്യമങ്ങള്‍ക്ക് വേറെ വിഭവങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ആ തിരഞ്ഞെടുപ്പുഫലം, ഏതു ലോക് സഭാ തിരഞ്ഞെടുപ്പും പോലെ യൂ ഡി എഫിന് അനുകൂലമായി ഭവിച്ചപ്പോള്‍, മഅ്ദനിയുമായുള്ള ചങ്ങാത്തമാണ് എല്‍ ഡി എഫിന്റെ പരാജയത്തിനു കാരണമെന്നും ഭൂരിപക്ഷസമൂഹം ഒന്നടങ്കം എല്‍ ഡി എഫിന്റെ ഈ ‘അവിശുദ്ധ’ കൂട്ടുകെട്ടില്‍ പ്രകോപിതരാണെന്നുമുള്ള തരത്തില്‍ പ്രചാരണങ്ങളുണ്ടായി. അതോടെ, മഅ്ദനിയുമായുള്ള ഇടപാടുകള്‍ ക്ലോസ് ചെയ്യാന്‍ ഇരുമുന്നണികളും തീരുമാനിക്കുകയായിരുന്നു. പിന്നീട് ഒരു തിരഞ്ഞെടുപ്പിലും പി ഡി പിയെ പരസ്യമായി ആശ്രയിക്കാന്‍ ഒരു പാര്‍ട്ടിയും മുന്നോട്ടുവന്നില്ല എന്നത് ശ്രദ്ധേയമാണ്. മഅ്ദനിയെ മറവിക്ക് വിട്ടുകൊടുക്കാനുള്ള കാരണങ്ങളിലൊന്ന് രാഷ്ട്രീയമായി അദ്ദേഹത്തിന്റെ അപ്രസക്തി തന്നെയാണ്. അങ്ങനെ വരുത്തിത്തീര്‍ക്കുന്നതിലും മഅ്ദനിയെ അനന്തമായി കാരാഗൃഹവാസത്തില്‍ തളച്ചിടുന്നതിലും കേരളത്തിലെ ഉത്തരവാദപ്പെട്ട നേതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാവതല്ല. നിലവിലെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്രത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് മഅ്ദനി ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെടുന്നത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാരാണ് അന്ന് കര്‍ണാടക ഭരിച്ചിരുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള യു പി എ യും. പി ചിദംബരമായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരേതനായ എം ഐ ഷാനവാസും ചിദംബരത്തെയും മുല്ലപ്പള്ളിയെയും നേരില്‍ കണ്ട് മഅ്ദനിയോട് അല്‍പം കരുണ കാണിക്കണമെന്ന് കേണപേക്ഷിച്ചപ്പോള്‍ ഒരു തീവ്രവാദിക്കുവേണ്ടി വാദിക്കാന്‍ എവിടുന്നാ ധൈര്യം വന്നത് എന്നാണത്രെ ചിദംബരം ചോദിച്ചത്( ഇതേ ചിദംബരം യു എ പി എ ചുമത്തപ്പെട്ട് മഅ്ദനി അന്തിയുറങ്ങുന്ന അതേ ജയിലില്‍ മാസങ്ങളോളം കഴിഞ്ഞത് കാവ്യനീതി മാത്രം). മുല്ലപ്പള്ളിയെ പലതവണ സമീപിച്ചിട്ടും മഅ്ദനി എന്ന പേര് കേള്‍ക്കാന്‍ പോലും അദ്ദേഹം ചെവികൊടുത്തില്ല എന്നാണ് ബന്ധുക്കള്‍ ഓര്‍ക്കുന്നത്. യെദ്യൂരപ്പ പോയി സിദ്ധരാമയ്യയ്യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍, ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചിട്ടുണ്ടാവുക മഅ്ദനിയും കുടുംബവുമായിരിക്കാം. മലയാളിയായ കോണ്‍ഗ്രസുകാരന്‍ ജോര്‍ജ് ആഭ്യന്തരമന്ത്രിയായത് പ്രതീക്ഷകള്‍ക്ക് മിഴിവേറ്റി. പക്ഷേ, അദ്ദേഹത്തെ നേരില്‍ കണ്ട ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ കൈമലര്‍ത്തുകയാണത്രെ ചെയ്തത്. ഡല്‍ഹി ഭരിക്കുന്നവരുടെ രോഷം ഏറ്റുവാങ്ങാന്‍ തങ്ങളില്ല എന്ന മട്ടിലാണത്രെ പെരുമാറിയത്. 2010 ആഗസ്ത് 17ന്, റമളാന്‍ പുണ്യമാസത്തില്‍, കുടകില്‍ തീവ്രവാദികള്‍ക്ക് ക്ലാസെടുത്ത കുറ്റം ചുമത്തി മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ അര്‍ഷിദ അട്ടല്ലൂര്‍ എന്ന പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ 5000ത്തോളം വരുന്ന പൊലീസ് അന്‍വാറുശ്ശേരി വളഞ്ഞപ്പോള്‍, അന്ന് കേരളം ഭരിച്ചിരുന്ന വി എസ് സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലത്രെ. അറസ്റ്റിന് ഒത്താശ ചെയ്തുകൊടുത്തില്ലെങ്കില്‍ ഹെലികോപ്റ്ററില്‍ പട്ടാളത്തെ ഇറക്കി മഅ്ദനിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി എന്നാണ് വാര്‍ത്ത പരന്നത്. മഅ്ദനി എന്ന ‘ഭീകരവാദി’യെ പൊലീസോ പട്ടാളമോ വെടിവെച്ചുകൊല്ലില്ല. ഇന്ത്യ മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കാണല്ലോ. എന്നാല്‍, തടവറയിലിട്ട്, നിയമസംഹിതകള്‍ കൊണ്ട് പുതപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്ന മാന്യമായ രീതിയാണ് നമ്മുടെ വ്യവസ്ഥിതി ആ പാവം വികലാംഗ പണ്ഡിതനായി കരുതിവെച്ചിരിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയും അമിത രക്തസമ്മര്‍ദവും പ്രമേഹവും മൂത്രതടസ്സവും വൃക്കരോഗങ്ങളും കരളിനെയും പിത്തസഞ്ചിയെയും പിടിപെട്ട രോഗവുമെല്ലാം വ്യവസ്ഥിതിക്ക് ചില സൂചനകള്‍ കൈമാറുന്നുണ്ട്. അധികനാള്‍ ഇനി മഅ്ദനിക്കു വേണ്ടി നിങ്ങള്‍ (മുതല) കണ്ണീര്‍ ഒഴുക്കേണ്ടിവരില്ലെന്ന്. ഗാന്ധിജിയുടെ നാട്ടില്‍, ഒരു ഹതാശയന്‍, ഏറ്റുവാങ്ങേണ്ടിവരുന്ന അത്യന്തം ക്രൂരമായ ഭരണകൂട ഭീകരതയ്ക്ക് അറുതി കാണാന്‍ ഒരു ശക്തിക്കും സാധിക്കുന്നില്ലെങ്കില്‍; പാബ്ലൊനെരൂദ എന്ന ദീര്‍ഘദൃഷ്ടിയുള്ള കവി സിലോണില്‍ അംബാസഡറായിരുന്ന ജര്‍മനിയിലെ ഹെര്‍ട്‌സിനോട് ഉത്കണ്ഠാകുലനായി ഓര്‍മിപ്പിച്ച ഒരു സംഗതിയുണ്ട്: ജനാധിപത്യത്തിന്റെ പരിവേഷമണിഞ്ഞ് നമ്മുടെ മുന്നിലെത്തുന്ന ഫാഷിസത്തെ തിരിച്ചറിയാന്‍ വൈകിയേ തിരിച്ചറിവുണ്ടാവൂ! മഅ്ദനി ഫാഷിസത്തിന്റെ കൂടി സൃഷ്ടിയും ഇരയുമാണ്. അദ്ദേഹത്തെ ഹിറ്റ്‌ലര്‍ക്ക് അല്ല നമ്മുടെ ‘മഹാനായ’ മോഡിക്ക് വിട്ടുകൊടുത്തേക്ക്! ആര്‍ എസ് എസിന് സമാധാനമാവട്ടെ.

Kasim Irikkoor

You must be logged in to post a comment Login