എവിടെ ദരിദ്രമക്കളുടെ ഓഹരി ?

എവിടെ ദരിദ്രമക്കളുടെ ഓഹരി ?

‘ചെറുകിട അങ്ങാടികള്‍ നിലച്ചുകഴിഞ്ഞു. മുമ്പുണ്ടായിരുന്ന അനുസാരി പീടികകള്‍ ചിതലും മഴയും തിന്ന് മണ്‍കൂനകളാണ്. പ്രഭാതങ്ങള്‍ ദൈന്യതയിലേക്കാണ് കണ്ണുതുറക്കുന്നത്. മനുഷ്യാനുഭവത്തെ വിവരിക്കാന്‍ ഭാഷ നിസ്സഹായമാവുന്ന കാഴ്ചയുണ്ട് ഈ ഗ്രാമങ്ങളില്‍. മുഷിഞ്ഞ മനുഷ്യര്‍ കൂട്ടംകൂടി വഴിനീളെയിരിക്കുന്നു. കടന്നുപോയ കാലം തട്ടിപ്പറിച്ച അവരുടെ ജീവിതത്തിന്റെ അടയാളമെന്നപോല്‍ കഴുത്തിലേക്ക് ഞാന്നുകിടക്കുന്ന അഴുക്കു കനത്ത് കീറിപ്പോയ മാസ്‌കുകള്‍. പോയകാലത്തിന്റെ അവശിഷ്ടമെന്നോണം വലിയ സ്‌ക്രീനുകളുള്ള മൊബൈല്‍ ഫോണിലേക്ക് കണ്ണു നട്ടിരിക്കുന്ന ചെറുപ്പക്കാരെയും കണ്ടു. കേരളത്തിലെ ബാബുമാരുടെ വിളികള്‍ക്കാണ് അവര്‍ കാത്തിരിക്കുന്നത്. ചെറുപ്പക്കാര്‍ നിത്യമെന്നോണം വിദൂരത്തെ റെയില്‍വേസ്റ്റേഷനിലേക്ക് നടക്കാറുണ്ടെന്ന് അടഞ്ഞുപോയ കടകളിലൊന്നിന്റെ മുന്നില്‍ കുന്തിച്ചിരിക്കുന്ന വൃദ്ധന്‍ പറഞ്ഞു. മെല്ലിച്ച ആ മനുഷ്യനോട് സംസാരിക്കാന്‍ ശ്രമിച്ചു. ബിഹാറിലെ എല്ലാ ഉള്‍ഗ്രാമങ്ങളിലും കാണാനാവുന്ന ഒരാള്‍. കൊവിഡിന് മുന്‍പ് നിത്യസന്ധാരണത്തിന് ഈ കട ധാരാളമായിരുന്നു. അന്യദേശങ്ങളില്‍ പണിക്കു പോകുന്ന ഗ്രാമീണര്‍ മുടങ്ങാതെ അയക്കുന്ന പണം കൊണ്ട് പച്ച പുതച്ചിരുന്നു അയാളുടെ നാടും. അന്ന് കച്ചവടം നന്നായി നടന്നു. മാര്‍ച്ച് 18ലെ ലോക്ഡൗണ്‍ സര്‍വം തകിടംമറിച്ചു. പോയ നാടുകളില്‍ നിന്ന് ആളുകള്‍ സര്‍വം നഷ്ടമായി തിരിച്ചുപോന്നു. സര്‍ക്കാരിന്റെ പദ്ധതികളും പണവും ഒന്നും കാര്യമായി എത്തിനോക്കിയില്ല. പണിയും പണവുമില്ലാതെ പട്ടിണി കരിമ്പടം വീഴ്ത്തി. ഗ്രാമീണ തൊഴിലുറപ്പ് അഭയമായിരുന്നു. അതും കാര്യമായി ചലിച്ചില്ല. ഈ മനുഷ്യന്റെ കുന്തിച്ചിരുപ്പില്‍ കൊവിഡാനന്തര സമകാല ഇന്ത്യയെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. ബംഗാളിലും ഒഡീഷയിലും ഇതേ ചിത്രങ്ങള്‍ ഇതേ പോലെ കണ്ടു. ഇവരെങ്ങനെ ഇനി തളിര്‍ക്കും എന്ന് ഭയന്നു. ലക്ഷക്കണക്കായ മനുഷ്യരാണ് ഈ ദേശങ്ങളില്‍ പണി നഷ്ടപ്പെട്ട് മടങ്ങിവന്നിരിക്കുന്നത്.”

സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമത്തിലെ ഒരു സംഘം ലേഖകര്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ കൊവിഡാനന്തര ഗ്രാമങ്ങളെക്കുറിച്ച് നടത്തിയ വസ്തുതാന്വേഷണങ്ങളില്‍ ഒന്നിന്റെ സ്വതന്ത്രപരിഭാഷയാണ് ഇപ്പോള്‍ നിങ്ങള്‍ വായിച്ചത്. കൊവിഡ് എത്ര ഇന്ത്യന്‍ ഗ്രാമങ്ങളുടെ കൂമ്പടച്ചുവെന്ന് ഒരു കണക്കും ലഭ്യമല്ല. തൊഴില്‍ നഷ്ടപ്പെട്ടവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയെന്നും അവരില്‍ തീരെ ചെറിയ വിഭാഗമേ പണിസ്ഥലത്തേക്ക് മടങ്ങിയുള്ളൂ എന്നും മാത്രമാണ് ആകെയുള്ള അറിവ്. മനുഷ്യരെ കൂട്ടിയിട്ട് സാനിറ്റൈസ് ചെയ്യുന്നതിന്റെ ചിത്രം കൊവിഡ് നിസ്സഹായതയുടെ അനേകം ആല്‍ബങ്ങളിലൊന്നായി ബാക്കിയുണ്ടെന്ന് മാത്രം. അവരെ ഭരണകൂടം എന്തുചെയ്യും എന്നതായിരുന്നു അസാധാരണ കാലത്ത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനോടുള്ള ആകാംക്ഷ. ഒരുപക്ഷേ, അത് മാത്രമായിരുന്നു. കാരണം മറ്റെല്ലാം പ്രവചിക്കാന്‍ എളുപ്പമായിരുന്നു. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കിയ; അതേ, നാം നേരത്തേ മനസ്സിലാക്കിയ അത് ഇക്കുറി ബജറ്റ് വിമര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി തെളിച്ച് പറഞ്ഞു, അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ സാമന്തപദവിയില്‍ അവരോധിതമായ ഒരു ഗവണ്‍മെന്റിന്റെ ബജറ്റ് സാധാരണ നിലയില്‍ അപ്രതീക്ഷിതമായ ഒന്നും പുറപ്പെടുവിക്കില്ല. നിശ്ചയമായും അത് കോര്‍പറേറ്റ് അനുകൂല നിലപാടുകളാല്‍ മാത്രമാവും പ്രകാശിക്കുക. പക്ഷേ, കൊവിഡ് ബാക്കിയാക്കിയ നാം തുടക്കത്തില്‍ കണ്ട അനേകശതം മനുഷ്യരെ കാണാതിരിക്കാന്‍, അവരെ സംബോധന ചെയ്യാതിരിക്കാന്‍, അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ഇടപെടും എന്ന് പറയാതിരിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയുമോ? കഴിഞ്ഞു. നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മോഡി സര്‍ക്കാരിന്റെ ബജറ്റില്‍ ആ മനുഷ്യരില്ല. മഹാമാരിയുടെ പശ്ചാത്തലം ഉള്ളതിനാല്‍ അത്യസാധാരണമെന്ന മുഖവുരയോടെ ആരംഭിച്ച ബജറ്റ് പ്രഭാഷണത്തില്‍ ഒരു സന്ദര്‍ഭത്തിലും ഈ മനുഷ്യര്‍ കടന്നുവന്നില്ല. അവരിനി എന്തു ചെയ്യും? ആ മനുഷ്യരിനി എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇനിയൊരിക്കലും ഉത്തരങ്ങള്‍ ഉണ്ടാകില്ല എന്നതിന്റെ സൂചനകള്‍ ധാരാളമുള്ള ബജറ്റിനെക്കുറിച്ചാണ് ഇനി നാം സംസാരിക്കുന്നത്.

ഗെറ്റിംഗ് ബാക്ക് ഓണ്‍ ട്രാക്ക് എന്നാണ് നിര്‍മലയുടെ ബജറ്റിനെ വിശകലനം ചെയ്യുന്ന ഹിന്ദു മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ബജറ്റിലൂടെ അതിസൂക്ഷ്മമായി നടത്തിയ ആ മുഖപ്രസംഗയാത്രയുടെ അവസാന വരിയാണ് പക്ഷേ, ഹൈലൈറ്റ്; ‘ഈ വെല്ലുവിളികള്‍ പരിഗണിക്കുമ്പോള്‍ ഈ ബജറ്റ് ഒരു സ്റ്റാര്‍ട്ടിംഗ് പോയന്റ് മാത്രമാണ്.’പാളത്തില്‍ കയറിയ വണ്ടി പോകേണ്ട വഴികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മാത്രമെന്ന് വ്യംഗ്യം. ആ വണ്ടി പക്ഷേ, നാം ആദ്യം കണ്ട ദുര്‍ബലരായ മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളിലേക്ക് ഒരിക്കലും ചെന്നെത്തുന്നില്ല.

സാധാരണനിലയില്‍ സാങ്കേതികമായ ഒരു കണക്ക് പറച്ചിലാണ് ഒരു സര്‍ക്കാരിന്റെ ബജറ്റ്. വരവ് ചെലവ് കണക്കുകളുടെ ദീര്‍ഘാഖ്യാനം. ഒപ്പം മുന്നോട്ടുള്ള വര്‍ഷം ആ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളിലേക്കുള്ള നീക്കിവെപ്പുകളെ സംബന്ധിച്ച പ്രഖ്യാപനം. സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് തൊണ്ണൂറുകള്‍ വരെ അതിയാന്ത്രികമായ ഒരു കണക്കുപറച്ചിലായിരുന്നു. കാരണം സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത് എന്തെല്ലാം എന്നതിനെ സംബന്ധിച്ച് പ്ലാനിംഗ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ വിവരങ്ങള്‍ നല്‍കാറുണ്ട്. തൊണ്ണൂറുകളോടെ നിങ്ങള്‍ക്കറിയുംപോലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പൊതുകേന്ദ്രീകൃത സ്വഭാവം അടിമുടി മാറുന്നുണ്ട്. ഉദാരീകരണം സമ്പദ്മേഖലയിലേക്കുള്ള സ്വകാര്യ ഇടപെടലുകളെ നിയമപരവും നയപരവുമാക്കി. ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം അതിന്റെ മറകളില്‍ നിന്ന് പുറത്തേക്ക് വരികയും രാജ്യത്തിന്റെ സര്‍വതല പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആരംഭിക്കുകയും ചെയ്തു. അതോടെ ബജറ്റ് എന്നാല്‍ വെളിപ്പെടുത്തലിനെക്കാള്‍ മറച്ചുവെക്കലുകള്‍ക്കും വസ്തുതകളെക്കാള്‍ പ്രഖ്യാപനങ്ങള്‍ക്കും വഴിമാറി. മാധ്യമങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ടിംഗ് ശൈലിയിലും മാറ്റം വന്നു. വില കൂടും, വില കുറയും, ധനമന്ത്രിയുടെ പെട്ടി തുടങ്ങിയ പതിവ് ചുറ്റിക്കളികളില്‍ നിന്ന് ബജറ്റ് റിപ്പോര്‍ട്ടിംഗ് മാറുകയും ജനപ്രിയതയുടെ പുതിയ സാധ്യതകള്‍ വാര്‍ത്തകളില്‍ വിന്യസിക്കുകയും ചെയ്തു. 2014-ലെ ഒന്നാം മോഡി സര്‍ക്കാരിന്റെ കാലമായപ്പോഴേക്കും, ആ ഭരണകൂടം ഇന്ത്യയെ സംബന്ധിച്ച് സമഗ്രാര്‍ഥത്തിലുള്ള ആദ്യ വലതുപക്ഷ ഭരണകൂടം ആയതിനാല്‍, ചങ്ങാത്ത മുതലാളിത്തം പ്രത്യക്ഷമായി ഭരണത്തില്‍ ഇടപെടാനും പലപ്പോഴും ഭരണത്തെ നിയന്ത്രിക്കാനും തുടങ്ങി. ആ ചങ്ങാതികളുടെ പ്രത്യക്ഷ നിയന്ത്രണത്തിലേക്ക് ഭൂരിപക്ഷം മാധ്യമങ്ങളും മാറിയതോടെ ഈ ഇടപെടലുകളെ മധുരാക്ഷരങ്ങള്‍ പുരട്ടി അവതരിപ്പിക്കല്‍ നിത്യസംഭവമായി. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് നാം പരിചയിച്ച കുന്തിച്ചിരിക്കുന്ന മനുഷ്യര്‍ മാധ്യമങ്ങളുടെ, മുഖ്യധാരാ മാധ്യമങ്ങളുടെ ആലോചനകള്‍ക്ക് പുറത്തായിത്തീര്‍ന്നു. ഇത്തരത്തില്‍ മാധ്യമങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ടിംഗില്‍ വന്ന മാറ്റം സര്‍ക്കാരുകളുടെ ബജറ്റ് അവതരണത്തെയും വന്‍തോതില്‍ സ്വാധീനിച്ചു. ഒരു സമഗ്ര വികസന പദ്ധതി എന്നതിനെക്കാള്‍ ആഘോഷാത്മകമായ പ്രഖ്യാപനങ്ങളുടെ പൂരപ്പറമ്പായി ബജറ്റുനാളിലെ പാര്‍ലമെന്റ് മാറി. ഇക്കഴിഞ്ഞ നാള്‍ നിര്‍മലാ സീതാരാമന്റെ ബജറ്റ് ദേശീയ പത്രമായ, ഇന്നും വലതുപക്ഷത്തിനെതിരെ ഉറച്ച നിലപാടുള്ള ഹിന്ദു, അവതരിപ്പിച്ച രീതിയില്‍ പോലും ജനപ്രിയതയുടെയും ആഘോഷാത്മകതയുടെയും തിരതള്ളല്‍ വലിയൊരളവില്‍ വായിക്കാം.

അതിസാധാരണരായ മനുഷ്യരെ സംബന്ധിച്ച് ജി ഡി പി എന്നാല്‍ ആവശ്യമില്ലാത്ത ഒരു സമസ്യയാണ്. സമസ്യാപൂരണമെന്നത് ഒരു ബ്രാഹ്മണിക്കല്‍ ഭാഷാ വ്യായാമം ആയിരുന്നല്ലോ എന്നും. അതിനാല്‍ ഫിസ്‌കല്‍ ഡെഫിസിറ്റ്, ജി ഡി പി വര്‍ധന തുടങ്ങിയ കണക്കിലെ കളികള്‍ അവരെ സംബന്ധിച്ച് നിര്‍ണായകമല്ല. മറിച്ച് വരുംനാളില്‍ ഈ സര്‍ക്കാര്‍ തങ്ങളുടെ ദുര്‍ബലജീവിതത്തോട് എന്തു ചെയ്യും എന്നതാണ് അവരുടെ എക്കാലത്തെയും ആലോചന. അതിലേക്ക് വരാം.
അസാധാരണകാലമായിരുന്നല്ലോ കടന്നുപോയത്. അത്രയധികം സാധാരണമായ കാലം ഉടന്‍ വരുമെന്ന പ്രതീക്ഷയുമില്ല. അത്തരം ഒരു കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തെ പരിഗണിക്കേണ്ടത് മഹാമാരിക്കെതിരായ ചെറുത്തുനില്‍പ് കൂടിയായിട്ടാണ്. കാരണം മഹാമാരികള്‍ കേവലം ശാരീരികമല്ല, മറിച്ച് സാമൂഹികമാണ്. എന്നാല്‍ മഹാമാരി സൃഷ്ടിച്ച പട്ടിണിയെ ഒരു ഘട്ടത്തില്‍ പോലും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ല എന്നു മാത്രമല്ല, പട്ടിണി മാറ്റാന്‍ സര്‍വഥാ ഉപയുക്തമെന്ന് ഖ്യാതിയുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അവഗണിക്കുകയും ചെയ്തു. സി പി ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ 2019-20 ല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടിക്ക് വകയിരുത്തിയത് 61,500 കോടി രൂപയാണ്. ചെലവായതാകട്ടെ 71,687 കോടിയും. 2020-21 ല്‍ ഈ പരിപാടിയില്‍ ഇതുവരെയുള്ള ചെലവ് 111,500 കോടി രൂപയാണ്. എങ്ങിനെ ഇത്രയധികം രൂപ ചെലവായി എന്ന് ബിഹാറില്‍ നിന്ന് നമ്മള്‍ തുടക്കത്തില്‍ പകര്‍ത്തിയ ചിത്രം ഉത്തരം നല്‍കും. ആ മനുഷ്യരുടെ അതിജീവനത്തിനാണ് തൊഴിലുറപ്പ് മുടിനാരിഴക്കെങ്കിലും ഫലം ചെയ്തത്. നോക്കൂ ആ മനുഷ്യര്‍ പണിയിടങ്ങളിലേക്ക് തിരിച്ചുപോയിട്ടില്ല. പട്ടിണിയില്‍ നിന്ന് കരകയറിയിട്ടുമില്ല. പക്ഷേ, നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ തൊഴിലുറപ്പിന് നീക്കിവെച്ചത് 73,000 കോടി മാത്രമാണ്. ആരെയാണ് ഭരണകൂടം അഭിസംബോധന ചെയ്യുന്നത് എന്നതിന് ഇനി വിശദീകരണം വേണ്ട. ദരിദ്രരെ സംബന്ധിച്ച് ജി ഡി പി മിഥ്യയും ഭക്ഷ്യ സബ്സിഡി യാഥാര്‍ത്ഥ്യവുമാണ്. 2020-21 ല്‍ 115,570 കോടി രൂപയാണ് ഭക്ഷ്യസബ്സിഡിക്ക് നീക്കിവെച്ചത്. ചെലവായത് 4,22,618 കോടിയും. അതിന് മുന്‍വര്‍ഷത്തെക്കാള്‍ മൂന്നിരട്ടി. അതിന്റെ കാരണവും നമുക്കറിയാം. കൊവിഡ് പട്ടിണിയില്‍ നിന്ന് മനുഷ്യരെ പിടിച്ചുനിര്‍ത്തിയത് സൗജന്യമായും സൗജന്യ നിരക്കിലും കിട്ടിയ ഭക്ഷ്യധാന്യങ്ങളാണ്. കൊവിഡ് ഒഴിഞ്ഞിട്ടില്ല. കൊവിഡിന്റെ സാമ്പത്തിക ബാധയേറ്റ മനുഷ്യര്‍ നരകിക്കുക തന്നെയാണ്. പക്ഷേ, പുതിയ ബജറ്റിലെ ഭക്ഷ്യസുരക്ഷ സബ്സിഡി 2,02,616 കോടി മാത്രമാണ്. പോയവര്‍ഷം ചെലവായതിന്റെ പകുതി. ആരോടാണ് ഈ ബജറ്റ് ആഭിമുഖ്യംകാട്ടുന്നത് എന്നത് വിശദീകരിക്കേണ്ടതില്ല.

ആരോഗ്യം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഉള്‍ക്കൊള്ളല്‍ വികസനം, മാനവ വിഭവശേഷി മൂലധനം, ഗവേഷണവും വികസനവും, സര്‍ക്കാരിന്റെ കുറഞ്ഞ ഇടപെടല്‍ (മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേര്‍ണന്‍സ്) എന്നിങ്ങനെ നാല് തൂണുകളില്‍ അവതരിപ്പിക്കപ്പെട്ട ദീര്‍ഘമായ ബജറ്റില്‍ നിന്നാണ് നമ്മള്‍ രണ്ട് സന്ദര്‍ഭങ്ങളെ തിരഞ്ഞെടുത്തത്. ഉള്‍ക്കൊള്ളല്‍ വികസനം എന്ന മഹത്തായ ആശയത്തെ മൂന്നാം തൂണായി പ്രഖ്യാപിച്ച ഒരു ധനനയത്തിലാണ് അതീവ ദരിദ്രന്റെ അത്താണിയായ തൊഴിലുറപ്പും ഭക്ഷ്യ സബ്സിഡിയും അവഗണിക്കപ്പെട്ടത്. കൊവിഡ് പഠിപ്പിച്ച പാഠങ്ങളില്‍ പരമദരിദ്രന്റെ ജീവിതാനുഭവങ്ങളെ അവഗണിച്ചു എന്ന കൊടിയ തെറ്റിനിടയിലും ആരോഗ്യമേഖല ഇങ്ങനെ പോരാ എന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഉണ്ടായിവന്നു എന്നതാണ് ബജറ്റിലെ ഗുണപരമായ വശം. 94,452 കോടി എന്ന മുന്‍ നിലയില്‍ നിന്ന് 2,23,846 എന്ന വലിയ വര്‍ധന. 35,000 കോടിയാണ് കൊവിഡ് വാക്സിനേഷന് മാറ്റിവെക്കുക. വാക്സിന്‍ സൗജന്യം പോയിട്ട് സൗജന്യ നിരക്കില്‍ പോലുമാവില്ല എന്ന് വ്യക്തം.

ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ ദീര്‍ഘകാല മനോനിലയുടെ നേരിട്ടുള്ള പ്രകാശനമാണ് ബജറ്റ്. ജനതയുടെ ജീവിതത്തെ തങ്ങളെങ്ങനെ നിര്‍മിക്കാനാഗ്രഹിക്കുന്നു എന്ന പ്രഖ്യാപനം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശക്തവും സംഘടിതവുമായ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന്റെ അവസാന മിനുക്കുകള്‍ നടത്തിയിരിക്കുക. ഡല്‍ഹി പ്രാന്തത്തില്‍ തുടരുന്ന ഐതിഹാസികസമരം ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തിയ നാളുകളാണിത്. അടിയന്തിരമായ ഇടപെടല്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ട മേഖലകൂടിയാണ് കൃഷി. നിര്‍ഭാഗ്യകരമാണ് പക്ഷേ, ബജറ്റില്‍ കൃഷിയോടുള്ള സമീപനം. കോര്‍പറേറ്റിസത്തിന്റെ ഭരണകൂടപ്രയോഗമാണ് വലതുപക്ഷമെന്ന വസ്തുതയെ അടിവരയിടുന്നതാണ് കൃഷി നേരിടുന്ന അടിയന്തിര പ്രശ്നങ്ങളോടുള്ള മുഖംതിരിക്കല്‍. പോയ വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനം തുകയുടെ വര്‍ധനവേ കാര്‍ഷികമേഖലക്ക് വകയിരുത്തിയിട്ടുള്ളൂ. എന്നാല്‍ പോയ വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് എട്ടു ശതമാനം കുറവ് തുക മാത്രമാണ് വകയിരുത്തല്‍. അതേസമയം കാര്‍ഷികമേഖലയുടെ സര്‍വതല സ്പര്‍ശിയായ വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ള, കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും അടിസ്ഥാന വികാസത്തെ ലക്ഷ്യംവെക്കുന്ന തലത്തിലല്ല ഈ തുക വകയിരുത്തലിന്റെ വിഭാവനം എന്നതും ശ്രദ്ധിക്കണം. സഹായധനമായാണ് പണം നല്‍കല്‍. മറിച്ച് സ്വയം സജ്ജമാകാന്‍ അവരെ സഹായിക്കല്‍ അല്ല. ആത്മാന്തസിനെ വീണ്ടെടുക്കാന്‍ കര്‍ഷകര്‍ പോരാട്ടം നയിക്കുന്ന സന്ദര്‍ഭത്തിലാണ് അവരെ അത്തരത്തില്‍ പരിഗണിക്കാതെ ദാനധര്‍മ മനോനിലയുള്ള ബജറ്റിംഗ് എന്നതും ശ്രദ്ധിക്കുക. ഭരണകൂടം അതിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ചില സൂചനകളാണിവ.

കോര്‍പറേറ്റ്വല്‍കരണം, പൊതുമേഖലയുടെ ഏറെക്കുറെ സമ്പൂര്‍ണമായ വിറ്റഴിക്കല്‍, സ്വകാര്യമേഖലയുടെ സമ്പൂര്‍ണവല്‍കരണം തുടങ്ങി പ്രതീക്ഷിതമായ ചേരുവകള്‍, അത്ഭുതകരമല്ലാത്ത പതനങ്ങള്‍ ഏറെയുണ്ട് ബജറ്റില്‍. അത് നമ്മെ ബാധിക്കാതായിട്ട് കാലങ്ങളായി. കാരണം അത് നാം തിരഞ്ഞെടുത്ത, നമ്മെക്കൊണ്ട് തിരഞ്ഞെടുപ്പിച്ച വിധിയാണ്. പക്ഷേ, ഇന്ത്യയിലെ മുഷിഞ്ഞ ഗ്രാമങ്ങളില്‍ കുന്തിച്ചിരിക്കുന്ന, ജീവിതം വഴിമുട്ടിയ, അതിനിസ്സഹായരായ മനുഷ്യരെ ഇങ്ങനെ അവഗണിക്കുമ്പോള്‍ നാമൊന്ന് പിടയുകയെങ്കിലും വേണം.

കെ കെ ജോഷി

You must be logged in to post a comment Login