നമുക്ക് ഡിജിറ്റല്‍ ശുദ്ധിയുണ്ടോ?

നമുക്ക് ഡിജിറ്റല്‍ ശുദ്ധിയുണ്ടോ?

ഉമര്‍ബിന്‍ ഖത്താബിന്റെ ഭരണകാലത്ത് ശ്രദ്ധേയമായൊരു സംഭവം നടന്നു. ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നുകസീര്‍ അത് രേഖപ്പെടുത്തുന്നുണ്ട്: ഭക്തനും പരിത്യാഗിയുമായൊരു യുവാവുണ്ടായിരുന്നു മദീനയില്‍. അദ്ദേഹം പള്ളി വിട്ട് എവിടെയും പോകാറില്ല. അരുതാത്തതൊന്നും കണ്ട് കണ്ണ് കേടുവരുത്താറില്ല. പ്രായമുള്ള പിതാവിനെ ശ്രുശ്രൂഷിക്കേണ്ടി വന്ന ഒരുനാള്‍ അയാള്‍ പുറത്തിറങ്ങി. വീട്ടിലേക്കുള്ള ധൃതിപിടിച്ചുള്ള നടത്തത്തിനിടെ അയാള്‍ക്കൊരു അപരിചിതയെ ആകസ്മികമായി കാണേണ്ടി വന്നു. തെറ്റായതൊന്നും ചിന്തിച്ചിട്ടില്ലെങ്കിലും അയാളെ ആ സംഭവം ഉലച്ചുകളഞ്ഞു. ഇന്നോളം പാലിച്ച ചിട്ടകളൊക്കെ വീണുടയുമോ. ആകുലതകള്‍ അയാളെ വരിഞ്ഞുമുറുക്കി. തിളച്ചുമറിഞ്ഞ മനസ്സും എരിയുന്ന കരളുമായി അയാള്‍ പുളഞ്ഞു. ഒടുക്കം കരള്‍ ഉരുകിയുരുകി മരിച്ചു. ഇന്നാലില്ലാഹ്…
ഖലീഫ ഉമര്‍(റ) ആ ഭക്തന്റെ ഖബറിടത്തിലെത്തി. ‘സഹോദരാ, റബ്ബിന്റെ സ്ഥാനത്തെ ഭയഭക്തിയോടെ കണ്ടവര്‍ക്ക് രണ്ട് സ്വര്‍ഗമുണ്ടെന്നല്ലേ. നിങ്ങള്‍ക്കത് കിട്ടിയോ?’

വൈകാതെ യുവാവ് പ്രതികരിച്ചു: ‘ഉമര്‍, എന്റെ രക്ഷിതാവ് എനിക്കത് തന്നിരിക്കുന്നു.’

പെരുമഴയും കൂരിരുട്ടും വഴിമുടക്കിയപ്പോള്‍ മലമ്പാതയോരത്തെ ഗുഹയില്‍ അഭയംതേടിയ മൂന്ന് യാത്രികരുടെ ചരിത്രം കേട്ടതാണ്. മഴവെള്ളപ്പാച്ചിലിനൊപ്പം വന്ന ഭീമന്‍കല്ല് ആ ഗുഹാമുഖം അടച്ചുകളഞ്ഞു. ഗത്യന്തരമില്ലാതെ പരിഭ്രമിച്ച അഭയാര്‍ഥികളുടെ അവസാന മാര്‍ഗം പ്രാര്‍ഥനയായിരുന്നു.

പ്രാര്‍ഥിച്ചുതുടങ്ങിയപ്പോള്‍ കല്ല് നീങ്ങി നീങ്ങി വെളിച്ചം കയറിവന്നു. യാത്രികരുടെ മുഖത്ത് സന്തോഷവും. മൂവരും പ്രാര്‍ഥനയില്‍ ആകെക്കൂടി പറഞ്ഞത് അവര്‍ ചെയ്ത മഹത്കര്‍മങ്ങളായിരുന്നുവല്ലോ? അവരിലൊരാള്‍ പറഞ്ഞ സംഭവം ഒന്നുകൂടി നിവര്‍ത്തിയിടാം. പ്രണയം പതക്കുന്ന മനസ്സുമായി എളാപ്പയുടെ മകളെ കാത്തുനില്‍ക്കുകയായിരുന്നു അവന്‍. വിശപ്പിന്റെ കോച്ചിപ്പിടുത്തത്തില്‍ ഒരുതരി അന്നത്തിന് വകയില്ലാതെ വന്ന ഗതികേടില്‍ അവനെ സമീപിക്കേണ്ടിവന്നു അവള്‍ക്ക്.
ആ അവസരം അവന്‍ നന്നായി മുതലെടുത്തു. വിശപ്പകറ്റാം, പക്ഷേ എന്റെ ദാഹമകറ്റണമെന്ന് അവന്‍ അവളോട് ലൈംഗിക ചുവയോടെ അവതരിപ്പിച്ചു. മറ്റൊരു വഴിയില്ലാതെ ആ പാവത്തിന് സമ്മതം മൂളേണ്ടിവന്നു. അവിഹിതമായ ആ കര്‍മത്തിനൊരുങ്ങവേ ആ പെണ്‍കൊടി തൊടുത്ത വാക്ക് അവന്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ മാത്രം പ്രഹര ശേഷിയുള്ളതായിരുന്നു.

‘അല്ലാഹുവിനെ പേടിക്കണേ’. കേട്ട അതേ വേഗതയില്‍ ആ ശ്രമം അവന്‍ ഉപേക്ഷിച്ചു .
ആ വാക്ക് കഥയിലൊതുങ്ങില്ല. ആരും കാണാനില്ലല്ലോ? വഷളാകില്ലല്ലോ? എന്നു കരുതി സ്വകാര്യമായി വല്ലതും ചെയ്യാന്‍ മുതിരുന്നവരുടെ ചെവിക്കുടയില്‍ നിരന്തരം പ്രകമ്പിതമാവുന്നുണ്ട് ഈ സംഭവം.

വളരെ ജാഗ്രതയോടെ ആ ചെയ്തിയില്‍ നിന്ന് പിന്മാറിയതു കൊണ്ട് അദ്ദേഹം ആ പാറക്കെട്ടിലെ ഗുഹക്കുള്ളില്‍നിന്ന് മോചിതനായെന്നാണ് തിരുനബി പറഞ്ഞ സംഭവത്തിന്റെ ഗുണപാഠങ്ങളിലൊന്ന്.

ജാഗ്രതയുടെ അപര്യാപ്തത അപകടമാണ്. എത്ര കെടുതികളാണ് അതുകൊണ്ടുണ്ടായത്. ഒടുക്കം മാരകമായ ആപത്ഫലങ്ങള്‍ അവശേഷിക്കുന്നു.

സാധാരണ ഭൗമിക ജീവിതത്തില്‍ പാലിച്ചുപോരുന്ന ബാഹ്യമായ ജാഗ്രതയല്ല സത്യവിശ്വാസിയുടെത്. മറിച്ച്; ദൈവിക നിരീക്ഷണത്തിനു വിധേയമാകുന്നിടമെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ അതീവ ജാഗ്രതയാണത്. ജാഗ്രതയുള്ള നടപ്പുരീതികള്‍ പ്രതിസന്ധികളകറ്റുന്നു . അല്ലാത്തത് കെടുതിയുണ്ടാക്കുന്നു. ഇതാ ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന മാരക നേരങ്ങള്‍ തന്നെ ജാഗ്രതക്കുറവിന്റെ അനുരണനമല്ലേ…?
സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധങ്ങളുടെ നൂലിഴയായ ആരാധനകളുടെ മുഖ്യ ലക്ഷ്യം തന്നെ ജാഗരൂകരായ സമൂഹസൃഷ്ടിപ്പാണ്. (മനുഷ്യരേ, നിങ്ങളെയും പൂര്‍വികരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിന് ആരാധനകളര്‍പ്പിക്കുക;നിങ്ങള്‍ ജാഗരൂകരാകാന്‍ വേണ്ടി). തഖ്്വയെന്ന ഒറ്റപ്പദം മനുഷ്യജീവിതത്തിന്റെ വേരാണ്. ഭയം, ഗൗരവ സമീപനം, ആരാധന, വഴിപ്പെടല്‍, അരുതാഴ്മകളില്‍ നിന്ന് ഹൃദയത്തെ സൂക്ഷിക്കല്‍ തുടങ്ങിയ ആശയതലങ്ങളിലേക്കും ഈ പദം വഴിവെട്ടുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.

പ്രധാനമായും മൂന്ന് അപായങ്ങളെ കരുതലോടെ സമീപിക്കണം.
1. ശിര്‍ക്ക് (ബഹുദൈവികത്വം ): ദൈവിക സ്വത്വത്തെ ചോദ്യംചെയ്യുന്ന ഈ സമീപനം മഹാ അപരാധമാണ്. പല ജനതയും പരാജയപ്പെട്ടത് അതുകൊണ്ടാണ്. ദൈവനിരാസ വാദങ്ങളും തുല്യപാതകമാണ്. ശക്തമായ ഏകദൈവ വിശ്വാസം കൊണ്ടേ അതിനെ പ്രതിരോധിക്കാനാവുകയുള്ളൂ.

2. ബിദ്അത് (മതവിരുദ്ധ പരിഷ്‌കാരം): സമഗ്രമായ മത നിയമങ്ങളുടെ അടിത്തറകളെ പരിഗണിക്കാതെയുള്ള പരിഷ്‌കാരങ്ങള്‍ വികലമായ ആശയങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്.വഹാബി, മൗദൂദിയന്‍ ആശയങ്ങളെ മതം അകറ്റി നിര്‍ത്താനുള്ള കാരണം അതാണ്. പ്രവാചക പാഠങ്ങളെ ശരിയായ രീതിയില്‍ അനുധാവനം ചെയ്യാനുള്ള ജാഗ്രതയുണ്ടെങ്കില്‍ ബിദ്അത് കടന്നുവരില്ല.

3. അരുതായ്മകള്‍: ചിന്തയിലോ പ്രവര്‍ത്തനത്തിലോ തെറ്റ് കടന്നുവരാം. നല്ല ലക്ഷ്യത്തിനു വേണ്ടി ചീത്ത മാര്‍ഗം സ്വീകരിക്കുക, നല്ല മാര്‍ഗത്തിലൂടെ ചീത്ത ലക്ഷ്യത്തിലെത്തുക, ചീത്ത മാര്‍ഗത്തിലൂടെ തന്നെ തെറ്റായ ലക്ഷ്യത്തിലെത്തുക തുടങ്ങിയ രീതികളൊന്നും പാടില്ല. ചാഞ്ചല്യമില്ലാതെ മതനിര്‍ദേശങ്ങളെ വഴിപ്പെടുകയെന്നതാണ് ഇവിടെ പാലിക്കേണ്ട ജാഗ്രത.ലക്ഷ്യവും മാര്‍ഗവുമെന്നല്ല ആലോചനകളെ പോലും നിയന്ത്രിക്കണം.പുറത്തെ നിഷ്‌കളങ്കതയെപ്പോലെ പ്രധാനമാണ് അകത്തേ നിഷ്‌കളങ്കതയും. അതില്ലാതാവുമ്പോള്‍ ആദ്യത്തേത് കാപട്യമാവും, കേവലം നാട്യമാവും. അതിനു നിലനില്‍പ്പുണ്ടാവില്ല.

സമൂഹമധ്യത്തില്‍ തന്നെ അവഹേളിക്കപ്പെട്ടേക്കാം. ഇന്നല്ലെങ്കില്‍ നാളെ . നദിക്ക് തന്റെ രഹസ്യങ്ങള്‍ ഒരു വെള്ളച്ചാട്ടം വരെയല്ലേ അകത്തൊളിപ്പിക്കാനൊക്കൂ?
അതീവ തീവ്രമായ ജാഗ്രത കൈ കൊണ്ട താബിഇയ്യായ മനുഷ്യനും അശ്രദ്ധമായി ജീവിച്ച് ഏതോ ഒരു നിമിഷത്തില്‍ ജാഗരൂകനായ ചരിത്രത്തിലെ വ്യക്തിയും നമ്മുടെ പുനര്‍വായനയില്‍ വരുമ്പോള്‍ എനിക്ക് തികട്ടിയ ചോദ്യമിതാണ്: ‘പുതിയ കാലത്ത് മുത്തഖി എന്ന് പറയാവുന്നത് ആരെ കുറിച്ച്?’

‘യാതൊരു ലോക്ക് സംവിധാനവുമില്ലാതെ സ്വതന്ത്രമായ് എന്റെ മൊബൈല്‍ താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണെന്ന് ഉറച്ച് പറയാവുന്നവരാണവര്‍’ എന്നാണ് ഒരാള്‍ പറഞ്ഞ മറുപടി.

ഡിജിറ്റല്‍ അഡിക്ഷന്‍ സര്‍വവ്യാപിയായ കാലത്ത് ഈ ഉത്തരം അത്ര അവഗണിക്കേണ്ടതൊന്നുമല്ല. ആത്മീയ- മാനസിക- ലൈംഗിക- സാമ്പത്തിക ശുദ്ധി പോലെ അതിപ്രധാനമാണ് ഡിജിറ്റല്‍ ശുദ്ധിയും. അതിന്റെ ദൗര്‍ബല്യം അതിഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നത് ആര്‍ക്കും വ്യക്തമാണ് . വിശ്വാസിയെ സംബന്ധിച്ച് എല്ലാം ജാഗരൂകമാകേണ്ട ഇടങ്ങളാണ്. ജാഗ്രതക്കുറവും തുടര്‍ന്നുണ്ടാവുന്ന വിപത്തും മുന്നേ ആലോചിച്ചിരിക്കേണ്ടതുമാണ്.
തൗറാത്തിന്റെ ഉപദേശം നോക്കൂ: ആദമിന്റെ പുത്രാ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നിട്ടേ ഉറങ്ങാവൂ.

അല്ലാഹുവിനെ കുറിച്ചാലോചിക്കാത്ത നിമിഷത്തെ കുറിച്ചാവും അന്ത്യനാളിലെ പരിഭ്രമങ്ങളെന്ന് റസൂല്‍(സ്വ). കിട്ടിയ ആയുസും ഒഴിവുനേരങ്ങളും എന്നെ വഞ്ചിച്ചുകളഞ്ഞല്ലോ എന്ന് നമ്മളന്നാലോചിക്കും.

മരണമടുത്തപ്പോള്‍ കണ്ണീരണിഞ്ഞുകിടക്കുന്ന ആമിറുബ്‌നു അബ്ദുഖൈസിനോട്(റ) എന്തിനാണങ്ങു കരയുന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി നെഞ്ചില്‍ തറക്കും: ‘ചെയ്തതൊക്കെയും മുത്തഖീങ്ങളില്‍ നിന്നേ സ്വീകരിക്കുകയുള്ളൂവെന്നല്ലേ’ എന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹമാരായിരുന്നുവെന്നറിയോ? രാവും പകലും ആയിരം റക്അത്ത് നിസ്‌കരിച്ച് കിടക്കപ്പായയില്‍ തല ചായ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ‘വിപത്തിന്റെ താവളമേ, ഒരംശം പോലും നിന്നോടെനിക്കു പ്രിയമില്ലെ’ന്ന് പറഞ്ഞ് കരയുന്ന ഭക്തരാണവര്‍.

ഒരു ദീര്‍ഘശ്വാസത്തിന് ശേഷം നമുക്കൊന്നാലോചിക്കാം. എത്ര മാത്രം നിലവാരമുണ്ട് നമുക്കെന്ന്?

സ്വര്‍ഗമെന്ന സങ്കേതത്തെയും നമ്മുടെ ജീവിതത്തെയും മാറി മാറി നോക്കൂ. നമ്മളെത്ര പാകമാണെന്ന്? ഒരു പ്രതീക്ഷയുമില്ലെന്നല്ല. അല്ലാഹു കൃപാലുവാണ്, കാരുണ്യവാനാണ്. പക്ഷേ ആ അര്‍ഹത ലഭ്യമാകണമെങ്കില്‍ നമ്മള്‍ പാലിക്കേണ്ടത് പാലിച്ചേ പറ്റൂ. അവഗണിക്കപ്പെട്ട വിഭാഗത്തിലെങ്ങാനും പെട്ടാല്‍ നമ്മുടെ കഥാവസാനമാണവിടെ. ഒരുവന്‍ അനാവശ്യങ്ങളുമായി ഇടപെടുന്നുവെന്നത് അല്ലാഹു ആ അടിമയെ അവഗണിച്ചുവെന്നതിന്റെ തെളിവാണ് (ഇമാം ഗസാലിയുടെ(റ) അയ്യുഹല്‍വലദിലെ തുടക്കം നമ്മെ അടക്കിയിരുത്തും).

ഫള് ലുറഹ്മാന്‍ സുറൈജി തിരുവോട്

You must be logged in to post a comment Login