പ്രവാചകന്മാര്‍ക്കിടയില്‍ സ്ഥാനാന്തരമുണ്ടോ?

പ്രവാചകന്മാര്‍ക്കിടയില്‍ സ്ഥാനാന്തരമുണ്ടോ?

അധ്യായം അല്‍ബഖറയില്‍ പറയുന്നു: ‘അവന്റെ പ്രവാചകന്മാര്‍ക്കിടയില്‍ ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടിലും അവരൊക്കെയും വിശ്വാസമര്‍പ്പിക്കുകയുണ്ടായി'(285/2).

എന്നാല്‍ ഇതേ അധ്യായത്തില്‍ മറ്റൊരിടത്ത് പരാമര്‍ശിക്കുന്നു: ‘ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു'(253/2). വ്യാഖ്യാന സാധ്യതകളില്ലാത്ത സ്പഷ്ട വൈരുധ്യമല്ലേ ഇത്? പ്രവാചകന്മാര്‍ക്കിടയില്‍ സ്ഥാനാന്തരം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാകുന്നു!

ഈ ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. പ്രഥമമായി പറയട്ടെ, മരുന്നില്ലാത്ത ഒരു രോഗാവസ്ഥയാണ് തെറ്റായി ഗ്രഹിക്കല്‍. കവി പാടിയത് എത്ര പ്രസക്തം; ‘വസ്തുതകള്‍ വിമര്‍ശിക്കുന്നവര്‍ എത്രയാണ്!/ അവര്‍ക്കു പിണഞ്ഞ വിപത്തത്രേ രോഗാതുരമാം ഗ്രാഹ്യം’.

ഇവിടെ, ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പര വിരുദ്ധമല്ല. ആശയപരമായി പരസ്പര പൂരകങ്ങളാണ്. വിശദീകരിക്കാം.

ഒന്നാമത്തെ വചനം മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്; അല്ലാഹു നിയോഗിച്ച പൂര്‍വ പ്രവാചകന്മാരെല്ലാം സത്യസന്ധരായ ദൗത്യനിര്‍വാഹകര്‍ ആയിരുന്നു. അഭൗതിക ജ്ഞാനം വഴി അതതു സമുദായങ്ങള്‍ക്ക് ദിവ്യസന്ദേശങ്ങള്‍ കൈമാറുന്നതില്‍ അവര്‍ പൂര്‍ണവിശ്വസ്തരായിരുന്നു.

എല്ലാ പ്രവാചകന്മാരെയും വിശ്വസിക്കാനും പിന്‍പറ്റാനുമാണ് മേല്‍ വചനത്തിലൂടെ അല്ലാഹുവിന്റെ ആജ്ഞ. മുന്നേ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പ്രവാചകന്മാരെയും വിശ്വസിക്കാന്‍ ഓരോ സമുദായത്തോടും അല്ലാഹു കല്പിച്ചിട്ടുണ്ട്.

‘അല്ലാഹു പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രെ: ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കുകയും എന്നിട്ട്, നിങ്ങളുടെ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തേപറ്റൂ. അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ, എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യംവഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു'(ആലു ഇംറാന്‍ 81/ 3).

‘അവന്റെ പ്രവാചകന്മാര്‍ക്കിടയില്‍ ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടിലും അവരൊക്കെയും വിശ്വാസമര്‍പ്പിക്കുകയുണ്ടായി’ എന്ന സൂക്തം ചില പ്രവാചകന്മാരെ വിശ്വസിക്കുകയും മറ്റുചിലരെ നിഷേധിച്ചു തള്ളുകയും ചെയ്യുന്ന തെറ്റായ പ്രവണതക്കെതിരെയുള്ള ശക്തമായ നിലപാട് കൂടിയാണ്. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രവാചകനെ നിഷേധിക്കുന്നവര്‍ അല്ലാഹുവിന്റെ ആജ്ഞയാണ് അക്ഷരാര്‍ഥത്തില്‍ നിഷേധിക്കുന്നത്. അപ്പോള്‍, പ്രവാചകന്മാരെ നിഷേധിക്കുന്നതിനു മുന്നേ തത്വത്തില്‍ അല്ലാഹുവിനെ അവര്‍ നിഷേധിച്ചിരിക്കും.

ഇനി രണ്ടാമത്തെ വചനം പരിശോധിക്കാം. ‘ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു’. ഈ വചനം മുന്നോട്ടുവെക്കുന്ന ആശയം തികച്ചും വ്യത്യസ്തവും ആദ്യ സൂക്തവുമായി ബന്ധമില്ലാത്തതുമാണ്.

പ്രസ്തുത വചനത്തിന്റെ തുടര്‍ന്നുള്ള ഭാഗം വായിച്ചാല്‍ അത് വ്യക്തമാകും; ‘ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു; അല്ലാഹു നേരിട്ടു സംസാരിച്ചവര്‍ അവരിലുണ്ട്. ചിലരെ വളരെ പദവികള്‍ അവനുയര്‍ത്തി. മര്‍യമിന്റെ മകന്‍ ഈസാനബിക്കു നാം ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവിനെക്കൊണ്ട് ശക്തിപ്പെടുത്തുകയുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ പിന്‍ഗാമികള്‍ സ്പഷ്ടദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും പോരടിക്കുമായിരുന്നില്ല’. അഥവാ, അല്ലാഹുവിനോട് നേരിട്ട് സംസാരിച്ച പ്രവാചകന്മാര്‍ക്ക് അതിന് അവസരം ലഭിക്കാത്തവരെക്കാള്‍ മഹത്വമുണ്ട്. മഹത്തായ ദൃഷ്ടാന്തങ്ങള്‍, പരിശുദ്ധാത്മാവ് മുതലായവകൊണ്ട് അല്ലാഹു ശക്തിപ്പെടുത്തിയ ഈസാ നബിക്ക് പ്രവാചകന്മാരെക്കാളും മഹത്വമുണ്ട്. അല്ലാഹു ‘ഖലീല്‍’ എന്ന് വിശേഷിപ്പിച്ച ഇബ്‌റാഹീം നബിക്ക് മറ്റു അനേകം പ്രവാചകന്മാരേക്കാളും മഹത്വമുണ്ട്. ‘സദ്വൃത്തനായി സ്വന്തത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും ഋജുമാനസനായി ഇബ്‌റാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തവനെക്കാള്‍ ഉത്തമ മതസ്ഥനായി മറ്റാരുണ്ട്? ഇബ്‌റാഹീം നബിയെ അല്ലാഹു ആത്മമിത്രമായി സ്വീകരിച്ചിരിക്കുന്നു'(125/4). അതുപോലെ അന്ത്യ പ്രവാചകര്‍ മുഹമ്മദ് (സ്വ) തങ്ങള്‍ക്ക് മറ്റു മുഴുവന്‍ പ്രവാചകരെക്കാളും മഹത്വമുണ്ട്. മുഴുവന്‍ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രവാചകനിയോഗം, ഖുര്‍ആനിലൂടെ അല്ലാഹു നടത്തിയ അനേകം പ്രകീര്‍ത്തനങ്ങള്‍, പാരത്രിക ലോകത്തെ ‘അശ്ശഫാഅതുല്‍ ഉള്മ'(സമുന്നത ശുപാര്‍ശ) എന്നിവയെല്ലാം അന്ത്യപ്രവാചകരുടെ മഹത്വം തന്നെയാണ് വിളിച്ചോതുന്നത്.

അപ്പോള്‍, പൂര്‍വകാലങ്ങളില്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ പലരൂപേണയും വ്യത്യസ്തരാണ്, ചിലര്‍ക്ക് ലഭിക്കാത്ത മഹത്വങ്ങള്‍ മറ്റുചിലര്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. എങ്കിലും അവരെല്ലാവരും അല്ലാഹുവില്‍ നിന്നുള്ള വഹ്്യ് (അഭൗതിക സന്ദേശം) ലഭിച്ചവരും ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ചവരും മുഴുവന്‍ ജനതയും അവരില്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥരുമാണ്. ‘ദിവ്യസന്ദേശം നല്‍കിക്കൊണ്ടുമാത്രമേ താങ്കള്‍ക്കുമുമ്പുള്ള ഏതൊരു ദൂതനെയും നാം നിയോഗിച്ചിട്ടുള്ളൂ'(25/21).  ‘നൂഹ് നബി, ഇബ്റാഹീം നബി, മൂസാ നബി, ഈസാ നബി എന്നിവരോട് നാം അനുശാസിച്ചതും താങ്കള്‍ക്കു നാം സന്ദേശം നല്‍കിയതുമായ ഒരു സംഹിത -നേരായ രീതിയില്‍ മതനിഷ്ഠ നിലനിറുത്തുകയും അതില്‍ പക്ഷാന്തരമുണ്ടാകാതിരിക്കുകയും വേണമെന്ന്- നിങ്ങള്‍ക്കവന്‍ നിയമമാക്കിയിരിക്കുന്നു. ബഹുദൈവ വിശ്വാസികളെ ഏതൊരാശയത്തിലേക്ക് നിങ്ങള്‍ ക്ഷണിക്കുന്നുവോ അതവര്‍ക്ക് ദുഷ്‌ക്കരമായിട്ടുണ്ട്'(13/42).

ഏകദൈവവിശ്വാസമെന്ന ആദര്‍ശമായിരുന്നു എല്ലാ പ്രവാചകന്മാരും അവരുടെ സമുദായങ്ങള്‍ക്ക് കൈമാറിയിരുന്നത്. എന്നാല്‍, മാറിമാറിവന്ന കാലഘട്ടങ്ങള്‍ക്കും ജീവിത പരിസരങ്ങള്‍ക്കും കര്‍മപരമായി അനുഗുണമാകുന്ന വ്യത്യസ്ത നിയമസംഹിതകള്‍ അവര്‍ മുന്നോട്ടുവച്ചു.

ഈസാ നബി (അ) ബനു ഇസ്രായേല്യരോടു പറയുന്നതു കാണുക: ‘എന്റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്റെ നിയോഗം. നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക'(50/3).

ചുരുക്കത്തില്‍, ‘അവന്റെ പ്രവാചകന്മാര്‍ക്കിടയില്‍ ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടിലും അവരൊക്കെയും വിശ്വാസമര്‍പ്പിക്കുകയുണ്ടായി’ എന്ന വചനത്തിലൂടെ, ചില പ്രവാചകന്മാരെ വിശ്വസിക്കുകയും മറ്റു ചിലരെ നിഷേധിച്ചുതള്ളുകയും ചെയ്യുന്ന പ്രവണത വിമര്‍ശിക്കുകയാണ് അല്ലാഹു ചെയ്തത്. എന്നാല്‍, ‘ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു’  എന്ന വചനത്തിലൂടെ, പ്രവാചകന്മാര്‍ ചിലര്‍ ചിലരെക്കാള്‍ മഹത്വമുള്ളവരാണ് എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. അതല്ലാതെ, സൂക്തങ്ങള്‍ പരസ്പര വിരുദ്ധമല്ല.

വിവ: സിനാന്‍ ബശീര്‍

സഈദ് റമളാന്‍ ബൂത്വി

 

 

 

You must be logged in to post a comment Login