സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(അല്‍ബഖറ/ 30). ഈ സൂക്താടിസ്ഥാനത്തില്‍ ചില സംശയങ്ങളുണ്ട്; സൃഷ്ടിയായ മനുഷ്യന്‍ എങ്ങനെയാണ് സ്രഷ്ടാവിന്റെ പ്രതിനിധിയാവുന്നത്? സ്രഷ്ടാവിന് ഒരു പ്രതിനിധിയെ പറഞ്ഞയക്കേണ്ട എന്താവശ്യമാണുള്ളത്? തുല്യസ്ഥാനീയനെ അല്ലേ പ്രതിനിധിയായി നിയോഗിക്കേണ്ടത്? നിലവിലില്ലാതിരിക്കുമ്പോള്‍ അല്ലേ പ്രതിനിധിയെ വെക്കേണ്ടത്? സ്ഥലത്ത് ഇല്ലാത്തതു കൊണ്ടാണോ അല്ലാഹു പ്രതിനിധിയെ നിയോഗിക്കുന്നത്?
ഈ വിമര്‍ശനങ്ങള്‍ വസ്തുതാപരമാണോ എന്നു പരിശോധിക്കാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘ഖലീഫ’ എന്ന പദത്തിന് നല്‍കിയ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. അല്ലാഹു നിയോഗിച്ച പ്രതിനിധിയാണെന്ന അര്‍ഥത്തില്‍ ‘അല്ലാഹുവിന്റെ പ്രതിനിധി’ ആദം നബി മാത്രമാണോ? അതല്ല, അവസാന നാള്‍ വരെയുള്ള മനുഷ്യര്‍ മുഴുവനും ആണോ? അതുമല്ലെങ്കില്‍ പ്രത്യേകം തിരഞ്ഞെടുക്കുന്നവരാണോ? ഇനി പ്രതിനിധി ആരായാലും അവരെ നിയോഗിക്കേണ്ട ആവശ്യം അല്ലാഹുവിനുണ്ടോ?

ചോദ്യങ്ങള്‍ക്കെല്ലാമുള്ള വ്യത്യസ്ത മറുപടികള്‍ ഉദ്ധരിച്ച് പ്രബലമായതിനെ സ്ഥാപിക്കാനും മുതിരുന്നില്ല. കാരണം, ചോദ്യം ഉന്നയിച്ചവരുടെ ആവശ്യം അതല്ല. എന്തെങ്കിലുമൊക്കെ ആരോപണങ്ങള്‍ അഴിച്ചുവിട്ട് എങ്ങനെയെങ്കിലും ഖുര്‍ആനില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനാണ് ഏകദേശ വിമര്‍ശകരും യത്‌നിക്കുന്നത്.

ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വിശദീകരിച്ചതു പ്രകാരം, പ്രതിനിധി ആദം സന്തതികള്‍ മുഴുവനുമാണ്. പ്രതിനിധിയെ അയച്ചത് അല്ലാഹുവുമാണ്. അതുകൊണ്ടുതന്നെ, പ്രതിനിധിയായ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രീതി നേടാനായി അവന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുകയും വിരോധിച്ച കാര്യങ്ങള്‍ വെടിയുകയും ചെയ്തുകൊണ്ട് ഭൂമിയില്‍ കഴിയണമെന്ന് അല്ലാഹു തീരുമാനിച്ചു. ഇതാണ് അല്ലാഹു മനുഷ്യനെ പ്രതിനിധിയായി നിയോഗിച്ചുവെന്നതിന്റെ രത്‌നച്ചുരുക്കം.
മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ രൂപപ്പെടുന്നത് പ്രതിനിധീകരിക്കുക, പ്രതിനിധിയെ നിര്‍ത്തുക എന്നീ പ്രയോഗങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ പരസ്പരം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയം ‘അല്ലാഹു പ്രതിനിധിയെ നിയോഗിച്ചു’ എന്ന് പറയുന്നതിനോട് കൂട്ടിച്ചേര്‍ക്കുമ്പോഴാണ്. ഇച്ഛാശക്തിയും ചിന്താശേഷിയും മനുഷ്യനു മാത്രമാണ് അല്ലാഹു നല്‍കിയത്. മനുഷ്യേതര ജീവികള്‍ക്കതില്ല. അല്ലാഹു നിര്‍ണയിച്ച ഒരു പ്രകൃതത്തിലാണ് അവയുടെ ജീവിതശൈലി രൂപപ്പെട്ടിട്ടുള്ളത്. തിന്നുക, കുടിക്കുക, രമിക്കുക എന്നതിനപ്പുറം ചിന്തിച്ചു തീരുമാനങ്ങളെടുക്കാന്‍ അവയ്ക്കു കഴിയില്ല. അതുകൊണ്ടുതന്നെ അവയുടെ ജീവിതരീതിയില്‍ പറയപ്പെടാന്‍ മാത്രമുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല.

മനുഷ്യന് ചിന്തിക്കാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും കഴിയും. ഏല്‍പ്പിക്കപ്പെടുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും. ഭൂമിയിലെ മറ്റു സൃഷ്ടികള്‍ക്കു മീതെ അധികാരം സ്ഥാപിക്കാനും കഴിയും. ഇവയെല്ലാം ഭൂമിയിലെ പ്രതിനിധിയാകുന്നതിന് മനുഷ്യനെ പ്രാപ്തനാക്കിയ ഘടകങ്ങളാണ്.
പക്ഷേ പ്രതിനിധിയായ മനുഷ്യന്‍ എങ്ങനെയാണ് ദൗത്യനിര്‍വഹണം നടത്തേണ്ടത്? അത് പ്രവാചകന്മാര്‍ മുഖേന അല്ലാഹു കൈമാറിയ ദൈവിക അധ്യാപനങ്ങളിലൂടെ വിധി നടപ്പാക്കുകയും ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് സാധ്യമാവുന്നത്.

പ്രവാചകന്മാര്‍ അധ്യാപനം ചെയ്ത പ്രപഞ്ചം, മനുഷ്യന്‍, ജീവിതം എന്നിവയുടെ യാഥാര്‍ത്ഥ്യം (ഹഖീഖത്ത്) സംബന്ധിയായ അടിസ്ഥാന തത്വങ്ങളാണ് ദൈവിക അധ്യാപനങ്ങളില്‍ പ്രഥമമായി കടന്നുവരുന്നത്. രണ്ടാമതായി, ഭൂമിയില്‍ മനുഷ്യവര്‍ഗം അനുവര്‍ത്തിക്കേണ്ട ദൈവിക നിയമങ്ങളും വിധിവിലക്കുകളും. ഇവ രണ്ടും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതം ക്രമപ്പെടുത്തുമ്പോഴാണ് ഭൂമിയിലെ ഉത്കൃഷ്ടനായ സൃഷ്ടി സ്രഷ്ടാവിന്റെ യഥാര്‍ത്ഥ പ്രതിനിധിയായി മാറുന്നത്. അപ്പോഴാണ് സ്‌നേഹവും ധര്‍മവും നീതിയും ഭൂമിയില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രകടമാവുക. അതുകൊണ്ടുതന്നെ, പ്രവാചകന്മാര്‍ മുഖേന ലഭിക്കുന്ന വെളിച്ചം എക്കാലവും കെടാതെ സൂക്ഷിക്കാന്‍ മനുഷ്യര്‍ യത്‌നിക്കണം. എങ്കിലേ, അനശ്വര വിജയവും ആനന്ദവും നേടാന്‍ കഴിയൂ.
ഖുര്‍ആന്‍ പറയുന്നു: ‘വാനലോകങ്ങളെ അവന്‍ ഉയര്‍ത്തുകയും തൂക്കത്തില്‍ നിങ്ങള്‍ ക്രമക്കേട് കാട്ടാതിരിക്കാന്‍ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ നീതിയോടെ തൂക്കം ശരിപ്പെടുത്തുകയും തുലാസില്‍ കുറവുവരുത്താതിരിക്കുകയും വേണം’ (അര്‍റഹ്മാന്‍/7-9). ഇവിടെ, ‘വസ്ന്‍’, ‘മീസാന്‍’ എന്നിവ സൂചിപ്പിക്കുന്നത് മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട ദൈവിക നിയമസംഹിതയെ കുറിച്ചാണ്.

ദൈവിക വിധിവിലക്കുകള്‍ അനുവര്‍ത്തിച്ചാല്‍ യഥാര്‍ത്ഥ വിജയവും ആനന്ദവും കണ്ടെത്താന്‍ കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ‘വേദക്കാരേ, നമ്മുടെ ദൂതന്‍ മുഹമ്മദ് നബി നിങ്ങളിലേക്ക് വന്നിരിക്കുന്നു, വേദത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന മിക്ക കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടും നിങ്ങളുടെ ചെയ്തികളധികവും മാപ്പാക്കിക്കൊണ്ടും. അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു. അതു മുഖേന തന്റെ സംതൃപ്തി അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളില്‍ നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പാന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമാണ്’ (അല്‍ മാഇദ 15, 16).

പൂര്‍ണാര്‍ഥത്തില്‍ ദൗത്യനിര്‍വഹണം നടത്താനാണ് പ്രതിനിധിയായ മനുഷ്യന് ഭൂമിയും അതുള്‍ക്കൊള്ളുന്ന സര്‍വസൃഷ്ടികളും ആകാശ ഗോളങ്ങളുമെല്ലാം അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തത്. അവയെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ബുദ്ധിയും വിവരവും വിവേകവും സര്‍ഗാത്മകതയും സ്വത്വബോധവും ശക്തിയും നല്‍കി. വേണമെങ്കില്‍ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യം നിഷേധിച്ച്, നല്ലതുമാത്രം ചെയ്യിച്ച്, സല്‍പാന്ഥാവിലൂടെ വഴിനടത്താന്‍ അല്ലാഹുവിന് കഴിയും. പക്ഷേ ബുദ്ധിയും വിവേകവും നല്‍കിയ നിലക്ക് യഥാര്‍ത്ഥ പാന്ഥാവ് മനുഷ്യന്‍ തന്നെ ചിന്തിച്ചു കണ്ടെത്തട്ടെയെന്നാണ് അല്ലാഹുവിന്റെ തീരുമാനം. ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ അറിയാന്‍ മനുഷ്യനു കഴിയണം. യഥാര്‍ത്ഥ പാത പിന്‍പറ്റണം. ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന താന്തോന്നികളായി ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ മാറിയാല്‍ തിന്മയും അധര്‍മവും ഭൂമിയില്‍ വിഹരിക്കും. പരാജയം മാത്രമാണ് മനുഷ്യന് നേടാന്‍ കഴിയുക.
മനുഷ്യന്റെയും മനുഷ്യേതര ജീവികളുടെയും ജീവിതരീതിയിലുള്ള വ്യത്യാസം വിശദീകരിച്ചു കഴിഞ്ഞു. മനുഷ്യേതരജീവികള്‍ അവയ്ക്ക് അല്ലാഹു നിര്‍ണയിച്ച ഒരു പ്രകൃതിയില്‍ (ഗരീസത്ത്) ജീവിക്കുന്നു. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള പ്രതിനിധിയായ മനുഷ്യന്‍ അവ ഉപയോഗപ്പെടുത്തി ദൈവിക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ജീവിതം ക്രമീകരിക്കേണ്ടത്. പ്രതിനിധിയായി അയച്ച അല്ലാഹുവിന്റെ നാമം കൊണ്ടായിരിക്കണം നല്ല കാര്യങ്ങള്‍ തുടങ്ങേണ്ടത്. പ്രതിസന്ധിഘട്ടങ്ങളില്‍ അവനോട് സഹായവും ചോദിക്കണം. ഇതാണ് അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍ എന്നതിന്റെ അര്‍ഥം.
അല്ലാഹു സ്ഥലത്ത് ഇല്ലാത്തതു കൊണ്ടോ സ്വയം കഴിയാത്തതുകൊണ്ടോ അല്ല ഭൂമിയില്‍ മനുഷ്യനെ പ്രതിനിധിയാക്കിയത്, മനുഷ്യനെ ആദരിക്കാന്‍ വേണ്ടിയാണ്. അതിന് തെളിവാണ്, ഭൂമിയും അതുള്‍ക്കൊള്ളുന്ന മുഴുവന്‍ സൃഷ്ടികളും ആകാശഗോളങ്ങളും അല്ലാഹു മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തതും ബുദ്ധിയും വിവേകവും ചിന്താശക്തിയും നല്‍കിയതും.
മറ്റൊരു ചോദ്യം, അല്ലാഹുവിന്റെ പ്രതിനിധിയെന്ന

മഹത്വം മനുഷ്യകുലത്തിനു മുഴുവനും ഉണ്ടോ എന്നാണ്. ഉണ്ട് എന്നാണ് പ്രബലമായ വീക്ഷണം. ‘നിശ്ചയം നാം ആദം സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പഠിച്ച മിക്കവരെക്കാളും അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു’ (അല്‍ ഇസ്രാഅ്/ 70). പ്രതിനിധിയായ മനുഷ്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ് മഹത്വം നേടുന്നത്. ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാതെ ഭൂമിയില്‍ വിഹരിക്കുന്ന മനുഷ്യര്‍ മൃഗങ്ങളെക്കാളും അധപതിച്ചവരാണ്.

ഈ രണ്ടു വിഭാഗത്തെ പറ്റിയും ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിശ്ചയം, മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില് സൃഷ്ടിച്ചിരിക്കുന്നു. അനന്തരം അവനെ നാം ഏറ്റം അധഃപതിച്ചവനാക്കി- സത്യവിശ്വാസം കൈക്കൊള്ളുകയും സദ്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്; അവര്‍ക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്'(അത്തീന്‍ 4-6)

ഇച്ഛാ സ്വാതന്ത്ര്യം, ജ്ഞാനം, കഴിവ്, സര്‍ഗാത്മകത തുടങ്ങിയ മനുഷ്യന്റെ വിശേഷണങ്ങള്‍ ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ പര്യായമായി കാണാന്‍ കഴിയും. അവ മനുഷ്യനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ വിശേഷണങ്ങള്‍ കൂടിയാണ്; അല്ലാഹുവിന്റെ പ്രതിനിധിയായതുകൊണ്ട് വേണ്ടവിധത്തില്‍ അവ ഉപയോഗപ്പെടുത്തണം. അതേസമയം, ഭൂമിയില്‍ നാശം വിതയ്ക്കാനാണ് അവ ഉപയോഗപ്പെടുത്തന്നതെങ്കില്‍ കനത്ത നഷ്ടമായിരിക്കും ഫലം.
അല്ലാഹുവിന്റെ ദൈവികതയെ മനസ്സില്‍ ഊട്ടിയുറപ്പിക്കുക വഴി മാത്രമേ അവന്‍ നല്‍കിയ കഴിവുകള്‍ നേരായ വിധത്തില്‍ ഉപയോഗപ്പെടുത്താനാവൂ. അതില്ലാതെ വരുമ്പോഴാണ് മലക്കുകള്‍ അല്ലാഹുവിനോട് മുമ്പ് പറഞ്ഞതുപോലെ മനുഷ്യന്‍ ഭൂമിയില്‍ ദുര്‍നടപ്പുകാരനായി മാറുന്നത്.

ചുരുക്കത്തില്‍, ഭൂമിയിലേക്ക് പ്രതിനിധിയായി മനുഷ്യനെ പറഞ്ഞയച്ച അല്ലാഹുവിന്റെ തീരുമാനം ഏതര്‍ഥത്തിലും യുക്തിഭദ്രമാണ്.

വിവ: സിനാന്‍ ബശീര്‍

You must be logged in to post a comment Login