കഴുത്തറുപ്പന്‍ നികുതിക്ക് ക്ഷേമമെന്നു വിളിപ്പേര്!

കഴുത്തറുപ്പന്‍ നികുതിക്ക് ക്ഷേമമെന്നു വിളിപ്പേര്!

‘കാര്‍ഷിക രംഗത്തെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉല്പന്നങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പില്‍ വരുത്തേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് മതിയായ വേതനം ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും.’

ഇന്ത്യയുടെ പ്രഥമ ഡിജിറ്റല്‍ ബജറ്റില്‍ പുതുതായി പ്രഖ്യാപിച്ച കാര്‍ഷികക്ഷേമ സെസ്സിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയാണിത്. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യ വികസനം അത്യാവശ്യമാണ്. മണ്ഡി സംവിധാനങ്ങളിലെ അപര്യാപ്തതക്കും മാര്‍ക്കറ്റിലെ ക്രമക്കേടുകള്‍ക്കും അറുതിവരുത്താന്‍ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ സാധിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങളും ഇത്തരം ക്രമക്കേടുകളെ ചുറ്റിപറ്റിയുള്ളതാണ്. അവയെ പുതിയ നിയമങ്ങള്‍ എത്രത്തോളം പരിഹരിക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പലതും ചെയ്യാന്‍ സാധിക്കും. കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് വിവരങ്ങള്‍ കൃത്യമായി ലഭിക്കാനും താങ്ങുവില ഉറപ്പാക്കാനും വിപണന സാധ്യതകള്‍ അന്വേഷിക്കാനും ഉന്നത സാങ്കേതികവിദ്യകള്‍ സഹായിക്കും. ഇതിനെല്ലാം അടിസ്ഥാന സൗകര്യ വികസനം പെട്ടെന്ന് സാധ്യമാകേണ്ടതുണ്ട്. അതിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഏതൊക്കെയാണ്? നിലവില്‍ പ്രഖ്യാപിച്ചതുപോലെ ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതുകൊണ്ട് സാമൂഹികക്ഷേമം ഹനിക്കപ്പെടുമോ? കാര്‍ഷികക്ഷേമത്തിന് വേണ്ടി എത്രത്തോളം സാമൂഹികക്ഷേമം പണയം വെക്കേണ്ടി വരും? ഇത്തരം ചോദ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ അന്വേഷിക്കുമ്പോഴാണ് വില നിര്‍ണയത്തിന്റെ പാരമ്പര്യരീതികള്‍ ചോദ്യം ചെയ്യേണ്ടിവരുന്നത്.

കാര്‍ഷിക സെസ്സ്
കാര്‍ഷികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പെട്രോള്‍ ഡീസല്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം ഉല്പന്നങ്ങളിലാണ് കാര്‍ഷികക്ഷേമത്തിനായുള്ള Agriculture infrastructure and development cess ചുമത്തിയിരിക്കുന്നത്. പെട്രോളിന് 2.5 ഉം ഡീസലിന് 4 ഉം രൂപ സെസ്സ് അടക്കണം.

സെസ്സ് ചുമത്തുന്നതിലൂടെയുണ്ടായേക്കാവുന്ന അമിതവില ഉപഭോക്താവ് സഹിക്കേണ്ടി വരില്ല. പ്രസ്തുത ഉല്പന്നങ്ങളിലെ എക്സൈസ് തീരുവ കുറക്കുന്നതിലൂടെ, കാര്‍ഷികക്ഷേമ സെസ്സിലൂടെ വരുന്ന അമിത വില സമീകരിക്കാന്‍ സാധിക്കും. ഏകദേശം 30000 കോടി രൂപ പ്രസ്തുത നികുതിയിലൂടെ നേടാന്‍ കഴിയുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. തുകയുടെ വികേന്ദ്രീകരണത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ട്. 1000 മണ്ഡികളെ E-NAM(ദേശീയ കാര്‍ഷിക വിപണി) സംവിധാനവുമായി ബന്ധിപ്പിക്കാന്‍ പ്രസ്തുത തുക ഉപയോഗിക്കും. ഇത് കൂടാതെ, APMC (Agricultural Produce Market Committee) കളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷികക്ഷേമ സെസ്സ് വഴിതുറക്കും. ഈ തുകയുടെ വിനിയോഗ ലക്ഷ്യങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്വഭാവികമായും ഉയര്‍ന്നുവരുന്ന ചില സന്ദേഹങ്ങളുണ്ട്.
1. 2020-21 കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി പ്രഖ്യാപിച്ച തുക 1 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ജനുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം വെറും 3000 കോടി രൂപ മാത്രമാണ് പ്രസ്തുത ആവശ്യത്തിലേക്ക് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. വാര്‍ഷിക ബജറ്റിലെ വിനിയോഗം എത്രത്തോളം കൃത്യമായി നടപ്പിലാക്കപ്പെടുന്നുവെന്നത് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന കാര്‍ഷിക സെസ്സ് പോലെയുള്ള പണമാണെങ്കില്‍ അത് കൃത്യമായി ഉപയോഗിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോഴേ അതൊരു ഉത്തരവാദിത്വമായി ജനങ്ങള്‍ കണക്കാക്കുകയുള്ളു.

2. മൊത്തം നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. എക്‌സൈസ് തീരുവയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കാര്‍ഷികക്ഷേമ സെസ്സ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. നിലവില്‍ സാമ്പത്തികമായ സ്രോതസ്സുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എക്സൈസ് തീരുവ കുറക്കുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയേക്കും. ഈ വിമര്‍ശനത്തെ എക്സൈസ് തീരുവ കുറക്കുന്നതിലൂടെയുണ്ടാകുന്ന വിലക്കുറവിനെയും സാമൂഹികക്ഷേമത്തെയും അടിസ്ഥാനമാക്കി എഴുതിത്തള്ളാമായിരുന്നു. പക്ഷേ കാര്‍ഷിക സെസ്സിലൂടെ വരുന്ന വില വര്‍ധനവ്(എക്‌സൈസ് തീരുവ കുറക്കുന്നതിന് മുന്‍പുള്ള വില) കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു.

3. കാര്‍ഷികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാധാന്യം അവിതര്‍ക്കിതമാണ്. അതിനുള്ള തുക എങ്ങനെ കണ്ടെത്തണം? നിലവില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിലൂടെ മുതുകൊടിഞ്ഞു നില്‍ക്കുന്ന സാധാരണ ജനങ്ങള്‍ക്ക് സ്വല്‍പം ആശ്വാസമേകാന്‍ എക്‌സൈസ് തീരുവ കുറക്കുന്നത് കാരണമാകുമായിരുന്നു. ഈയൊരവസരത്തെ വേണ്ടവിധം ഉപയോഗിക്കാതെ, കുറഞ്ഞ വിലക്ക് സമാനമായി, കാര്‍ഷിക സെസ്സ് ചുമത്തിയത് അംഗീകരിക്കാനാവില്ല. നമ്മുടെ വികസനനയങ്ങള്‍ സാമൂഹികക്ഷേമത്തിന്(Social Welfare)ന് എതിരാകുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

വില നിര്‍ണയവും ഇസ്ലാമും
ഒരു ഉല്പന്നത്തിന്റെ വില നിര്‍ണയിക്കുമ്പോള്‍, പാരമ്പര്യ ഭരണവ്യവസ്ഥ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളെ ഇസ്ലാമിക സാമ്പത്തിക നയങ്ങളിലൂടെ വിമര്‍ശനാത്മകമായി സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. 1929-ലെ സാമ്പത്തിക തകര്‍ച്ചയോടുകൂടെ തകര്‍ന്ന ക്ലാസിക്കല്‍ സമ്പദ്്വ്യവസ്ഥയില്‍ നിന്നും സര്‍ക്കാര്‍ ഇടപെടലുകള്‍(Fiscal Policy) എത്രത്തോളമാണ് സ്വാഗതാര്‍ഹമാകുന്നത്? എവിടെയൊക്കെയാണ് പരിധി നിശ്ചയിക്കേണ്ടി വരുന്നത്?
അപരന്റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തരുതെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം(188/2). അതുകൊണ്ട് തന്നെ വില നിര്‍ണയിക്കുമ്പോള്‍ ന്യായമായ വില കണക്കാക്കുന്നതിനെ മതം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ വില്പനക്കാരന് അവനിഷ്ടപ്പെടുന്ന വിലക്ക് വസ്തുക്കള്‍ വില്‍ക്കാനുള്ള അധികാരം ഇസ്ലാമിക കര്‍മശാസ്ത്രം അനുവദിക്കുന്നുണ്ട്. പരസ്പര തൃപ്തിയിലൂടെ നടക്കുന്ന കച്ചവടങ്ങള്‍ മാത്രമേ സാധൂകരിക്കപ്പെടുകയുള്ളൂ എന്ന് തിരുനബി(സ്വ) പഠിപ്പിക്കുന്നുണ്ട്. പരസ്പര തൃപ്തിയുണ്ടെങ്കില്‍ നമുക്ക് എത്ര വിലക്കും വില്‍ക്കാം. അവിടെ ഇന്ന വിലക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് കല്‍പ്പിക്കുന്നത് കര്‍മ്മശാസ്ത്രപരമായി തെറ്റാണ്. എന്നാല്‍ ഭരണകൂടം വിലയില്‍ ഇടപെടുന്നത് പൂര്‍ണമായും തെറ്റല്ല. ചില ഘട്ടങ്ങളില്‍ ഭരണകൂടം ഇടപെടേണ്ടി വരുന്ന സമയവും കര്‍മശാസ്ത്രം പഠിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക സമ്പദ്്വ്യവസ്ഥയുടെ വിലയോടുള്ള സമീപനം മനസ്സിലാക്കാന്‍ രണ്ട് ചരിത്രങ്ങള്‍ ഇവിടെ വായിക്കാം.

1. അനസ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ മദീനയില്‍ വിലക്കയറ്റത്തിന്റെ പ്രശ്‌നമുണ്ടായി. സ്വഹാബികളില്‍ ചിലര്‍ തിരുനബി(സ്വ)യോട് പരാതി പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരെ, ഞങ്ങള്‍ വിലക്കയറ്റം നേരിടുന്നു, ന്യായവില ഞങ്ങള്‍ക്ക് ഏര്‍പ്പെടുത്താമോ?’ തിരുനബി(സ്വ) പറഞ്ഞു. ‘അല്ലാഹുവാണ് വില നിര്‍ണയിക്കുന്നവന്‍. നാളെ ധനകാര്യത്തില്‍ നിങ്ങളിലൊരാളോടും അക്രമം ചെയ്യാത്തവനായി അവനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ (തുര്‍മുദി-1214).

2. ഒരിക്കല്‍ മാര്‍കറ്റില്‍ വെച്ച് ഉണക്ക മുന്തിരി വില്‍ക്കുന്ന ഹാത്വിബിനെ ഉമര്‍(റ) കണ്ടുമുട്ടി. ഉമര്‍(റ) പറഞ്ഞു. ‘ഒന്നുകില്‍ അധികവിലക്ക് വില്‍ക്കുക, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്നും പിരിഞ്ഞു പോവുക’. പിന്നീട് വീട്ടിലെത്തിയപ്പോള്‍ ഉമര്‍(റ) താന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ആലോചിക്കുകയും ഹാത്വിബിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. ശേഷം ഹാത്വിബിനോട് പറഞ്ഞു. ‘ഞാന്‍ പറഞ്ഞ കാര്യം ഇസ്ലാമിക വിധിയൊന്നുമല്ല. നാട്ടിലെ ജനങ്ങളുടെ ക്ഷേമമുദ്ദേശിച്ച് പറഞ്ഞുവെന്ന് മാത്രം. നിങ്ങള്‍ക്കിഷ്ടമുള്ള വിലക്ക് വില്‍പ്പന നടത്തിക്കോളൂ'(അല്‍ ഉമ്മ് -92).
ഈ രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലം അറിയേണ്ടതുണ്ട്. മദീനയില്‍ വരള്‍ച്ചയുണ്ടായ സമയത്താണ് തിരുനബി(സ്വ) വിലനിര്‍ണയത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞത്. ഇടപെട്ടുവെങ്കില്‍ അത് ഉല്പാദകനോടുള്ള വഞ്ചനയാകുമായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍, മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുമ്പോഴാണ്, അത് ചെയ്യരുതെന്ന താത്പര്യം ഉമര്‍(റ) പ്രകടിപ്പിച്ചത്. അത് മാര്‍ക്കറ്റില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നതാണ് കാരണം. എങ്കിലും, ഇസ്ലാമിലെ കര്‍മശാസ്ത്രം അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഉമര്‍(റ) അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുന്നതിലൂടെ പൂര്‍ണമായും സര്‍ക്കാര്‍ ഇടപെടലുകള്‍ ഹനിക്കുന്ന ക്ലാസിക്കല്‍ സമ്പദ്്വ്യവസ്ഥയില്‍ നിന്നും ഇസ്ലാമിലെ സമ്പദ്ഘടന എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടുവെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഭരണകൂടം ഇടപെടേണ്ട സമയങ്ങളില്‍ ഇടപെടണം. അത്തരം സന്ദര്‍ഭങ്ങളെ ശറഹുല്‍ മുഹദ്ദബിലെ ഒരു ഉദ്ധരണിയില്‍ നിന്നും മനസ്സിലാക്കാം.

ഇമാം സുബ്ഖി(റ) പറയുന്നു: വസ്തുക്കളുടെ ദൗര്‍ലഭ്യത കൊണ്ടോ ജനങ്ങളുടെ ചോദനം(Demand) വര്‍ധിച്ചതുകൊണ്ടോ വിലയില്‍ മാറ്റങ്ങളുണ്ടാകാം. അത് അല്ലാഹുവിലേക്ക് വിടുക(അവന്റെ തീരുമാനമായി കണക്കാക്കി പ്രസ്തുത വിലയില്‍ ഇടപെടാതിരിക്കുക). ഇത്തരം ഘട്ടങ്ങളില്‍ നിര്‍ബന്ധിതമായി ഒരു വില നിജപ്പെടുത്തുന്നത് അന്യായമാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സമയം, അമിത ലാഭമുണ്ടാക്കാന്‍ വേണ്ടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന രൂപവുമുണ്ട്. അത്തരമിടങ്ങളില്‍ ന്യായവില ഉറപ്പാക്കണം. അല്ലാഹു നിര്‍ബന്ധമാക്കിയ സാമ്പത്തികനയം നടപ്പിലാക്കാന്‍ വേണ്ടിയാണ് അവിടെ ഭരണകൂടം ഇടപെടേണ്ടി വരുന്നത്(ശറഹുല്‍ മുഹദ്ദബ് 29/13).
അന്യായമായി വില കൂട്ടുകയും കുറക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടം നിര്‍ബന്ധമായും ഇടപെടണമെന്ന് മാലികി മദ്ഹബില്‍ അഭിപ്രായമുണ്ട്. ഹനഫി പണ്ഡിതനായ സൈനുദ്ദീന്‍ഇബ്‌നു നജീമിയുടെ(റ) അഭിപ്രായം അന്യായമെന്ന് പറയാന്‍ പറ്റുന്ന രൂപത്തില്‍ വില വര്‍ധിപ്പിക്കുമ്പോള്‍ ഭരണകൂടം ഇടപെടണമെന്നാണ്(ബഹ്റു റാഹിഖ് 23-6).

മാര്‍ക്കറ്റില്‍ പല വിധേനെ വില വ്യത്യാസമുണ്ടാകും. മാര്‍ക്കറ്റില്‍ സംഭവിച്ച മാറ്റങ്ങളെ അടിസ്ഥാനമാക്കി സ്വഭാവികമായും വരുന്ന വില വ്യത്യാസങ്ങളില്‍ ഭരണകൂടം ഇടപെടരുത്. വസ്തുക്കള്‍ പൂഴ്ത്തിവെച്ചും കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിച്ചും വില വര്‍ധിപ്പിക്കുന്നത് അന്യായമാണ്. പ്രസ്തുത സമയത്ത് സാമൂഹികക്ഷേമം പരിഗണിച്ച് ഭരണകൂടം ഇടപെടണം.

മാത്രവുമല്ല, ഇത്തരത്തില്‍ കൃത്രിമമായി ഡിമാന്‍ഡ് വര്‍ധിപ്പിച്ച് വില കൂട്ടുന്നതിനെ കര്‍മശാസ്ത്രം കര്‍ശനമായി നിരോധിക്കുന്നുമുണ്ട്. ‘നജ്ഷ്’എന്ന കച്ചവട രൂപം വിലക്കാനുള്ള കാരണവും അതാണ്. പൂഴ്ത്തിവെപ്പിനെയും കര്‍ശനമായി നിരോധിക്കുന്നുണ്ട്. പാപിക്കല്ലാതെ പൂഴ്ത്തിവെക്കാന്‍ സാധിക്കില്ലെന്ന് തിരുനബി(സ്വ) പറയുന്നുണ്ട്.

ഒരേസമയം മാര്‍ക്കറ്റില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന മാര്‍ഗങ്ങളെ തടയിടുകയും അതിനെ വില നിര്‍ണയത്തിലൂടെ പരിഹരിക്കുകയും ചെയ്യുന്ന സമ്പദ്്വ്യവസ്ഥയാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. മാര്‍ക്കറ്റിലെ സ്വഭാവിക മാറ്റങ്ങളിലൂടെയുണ്ടാകുന്ന വില വ്യത്യാസത്തെ അംഗീകരിച്ചുകൊണ്ട് വില്പനക്കാരന് നീതി ഉറപ്പാക്കുകയും ചെയ്യുന്നു.

പുതിയ ബജറ്റില്‍ കാര്‍ഷിക സെസ്സുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഉല്പന്നങ്ങളുടെ വിലയില്‍ സെസ്സ് ഏര്‍പ്പെടുത്തുന്ന നയങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ട്. നിലവില്‍ പെട്രോള്‍ വില വലിയ പ്രതിസന്ധിയായി നിലനില്‍ക്കേ, അത് കുറക്കാനുള്ള മാര്‍ഗങ്ങളാണ് അന്വേഷിക്കേണ്ടത്. സാധ്യമായ വഴികളൊക്കെ ഉപയോഗപ്പെടുത്തുകയും വേണം. ജനങ്ങളുടെ കഴുത്തറുത്തുകൊണ്ട്, അടിസ്ഥാന സൗകര്യ വികസനം നടത്തുന്നത്/നടത്തുമെന്ന് പറയുന്നത് ഒരു ക്ഷേമബജറ്റിന് ചേര്‍ന്നതല്ല. അതിനായുള്ള പണം ബജറ്റില്‍ ചില ആഘോഷങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ച തുക എടുത്താല്‍തന്നെ മതിയാകും. ആര്‍ക്കാണ് ഭരണകൂടം പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യമാണ് ഇനിയെങ്കിലും നമ്മുടെ ഉറക്കം കെടുത്തേണ്ടത്.

സി എം ശഫീഖ് നൂറാനി

You must be logged in to post a comment Login