ജേര്‍ണലിസ്റ്റുകളേ ആ നാളുകള്‍ വരാനിരിക്കുന്നു

ജേര്‍ണലിസ്റ്റുകളേ ആ നാളുകള്‍ വരാനിരിക്കുന്നു

ആ സമയം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ വിചാരണച്ചോദ്യം. ഏഴു പതിറ്റാണ്ടായ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘ആ സമയ’ മാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇരുസഭകളിലും രാഷ്ട്രപതിക്കുമേലും മേല്‍ക്കൈ ഉള്ള, സംവാദോന്മുഖരോ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സന്നദ്ധരോ അല്ലാത്ത ഒരു തീവ്രവലതു ഭരണകൂടമാണ് നാട് വാഴുന്നത്. ഏഴാണ്ടാകുന്ന അവരുടെ നാടുവാഴ്ചയില്‍ അവരെടുത്ത നിലപാടുകളും നടപ്പാക്കാനോങ്ങിയ പല പരിഷ്‌കാരങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ യുക്തിയാല്‍ ആ ചോദ്യങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടു. അതെല്ലാം നിങ്ങള്‍ കണ്ടതും നമ്മള്‍ സംസാരിച്ചതുമാണ്. കൊവിഡ്കാലം വരിഞ്ഞുകെട്ടുന്നതിനു മുന്‍പ് ഇന്ത്യന്‍ ദേശരാഷ്ട്ര സങ്കല്‍പത്തിന്റെ അടിത്തറയായ പൗരത്വം ഈ ഭരണകൂടത്താല്‍ ചോദ്യം ചെയ്യപ്പെട്ടു. ഇന്നാടിന്റെ ജനതയെ മതപരമായി പിളര്‍ത്താനുള്ള അതിതീവ്ര നീക്കമായിരുന്നല്ലോ അത്. ഗാന്ധി വധത്തിനും ബാബരിപ്പള്ളി തകര്‍ക്കലിനും ശേഷം ഇന്ത്യ കടന്നുപോയ ദുര്‍ഘട നാളുകള്‍. അതും ഇന്ത്യന്‍ ജനാധിപത്യത്തിലൈ നിര്‍ണായകമായ ‘ആ സമയ’ മായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. അന്ന് നമ്മള്‍ എന്തുചെയ്യുകയായിരുന്നു എന്ന ചരിത്രത്തിന്റെ ചോദ്യം നാമോരുത്തര്‍ക്കും മേല്‍ തൂങ്ങിയാടുന്നതും നമ്മള്‍ അറിയുന്നുണ്ട്.

ഇത് മറ്റൊരു സന്ദര്‍ഭമാണ്. ഏഴാണ്ടിനിടെ ഇതാദ്യമായി ഇന്ത്യന്‍ സമഗ്രാധിപത്യ ഭരണകൂടം അതിന്റെ ജനതയാല്‍ തെരുവില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ ജീവിത വ്യവസ്ഥയുടെ ആധാരശിലകളായി പരിഗണിക്കപ്പെട്ടുപോന്ന കര്‍ഷകര്‍, എല്ലാ അര്‍ഥത്തിലും കര്‍ഷകരായവര്‍ ജനാധിപത്യമേ ഇത് നീതിയല്ല എന്ന് പ്രക്ഷോഭപ്പെടുന്നു. അവരെ തെരുവിലേക്കിറക്കിയ ഭരണകൂട ചെയ്തികള്‍ ഇനി ഈ താളുകളില്‍ ആവര്‍ത്തിക്കേണ്ടതില്ല. കര്‍ഷകര്‍ സമരം ചെയ്യുന്നത് ആത്യന്തികമായി കൃഷിയെ നിലനിര്‍ത്താനാണ്. അവരുടെയോ അവരുടെ വരും തലമുറയുടെയോ ജീവനമല്ല അതിജീവനമാണ് അവരുടെ മുദ്രാവാക്യം. കാരണം ലളിതമാണ്. ഇന്ത്യയിലെ കൃഷി എന്നത് ജീവസന്ധാരണത്തിനുള്ള ഉപാധി എന്നതിനെക്കാള്‍ സമഗ്രമായ ഒരു ജീവിത പദ്ധതിയാണ്. ഇന്ത്യയില്‍ മാത്രമല്ല, നാഗരികത രൂപപ്പെട്ട ജനസമൂഹങ്ങളില്‍ മിക്കതിലും അങ്ങനെയാണ്. അതില്‍ പ്രധാനമാണ് മണ്ണിലെ ഓര്‍മകള്‍. മണ്ണ് എന്നതും വിത്ത് എന്നതും വിള എന്നതും കര്‍ഷകന്‍ എന്ന സ്വത്വത്തെ സംബന്ധിച്ച് അവന്റെ പ്രകാശനമാണ്. ആ അര്‍ഥത്തില്‍ സ്വത്വ പ്രകാശനമാണ് കൃഷി. നാം മനസ്സിലാക്കുന്നതുപോലെ ആ കര്‍ഷക സ്വത്വത്തിന്റെ കടക്കലേറ്റ മുറിവാണ് ജനാധിപത്യത്തെ അപഹസിക്കും വിധം പാര്‍ലമെന്റിനെ വാള്‍മുനയില്‍ നിര്‍ത്തി ചുട്ടെടുത്ത മൂന്ന് കര്‍ഷക നിയമങ്ങള്‍. അത് കേവലം താങ്ങുവിലയുടെയോ, മണ്ഡികളുടെ നിര്‍ത്തലിന്റെയോ, കരാര്‍ കൃഷിയുടെയോ പ്രശ്നമല്ല. മറിച്ച് കൃഷി എന്ന സ്വത്വ പ്രകാശനത്തിന്റെ, മണ്ണുമായി ബന്ധപ്പെട്ട് അനേക തലമുറകളിലൂടെ തിടം വെച്ച കര്‍ഷകന്‍ എന്ന ആത്മസത്തയുടെ റദ്ദാകലിന്റെ പ്രശ്നമാണ്. ഇപ്പോള്‍ നിലവില്‍ വന്ന നിയമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക ജീവിതത്തിനു മേല്‍ കോര്‍പറേറ്റിസത്തിന്റെ കരിമ്പടം പുതക്കും. കോര്‍പറേറ്റിസം എന്നത് ലാഭോന്മുഖതയുടെ ദര്‍ശനമാണ്. കൃഷി എന്നത് ജീവിതോന്മുഖമായ ജൈവവ്യവസ്ഥയും. കോര്‍പറേറ്റിസത്തിന്റെ ലാഭോന്മുഖ ദര്‍ശനം ഇന്ത്യന്‍ കാര്‍ഷിക പദ്ധതിയെ വിഴുങ്ങുകയെന്നാല്‍ കര്‍ഷകരുടെ സ്വത്വത്തെ റദ്ദാക്കുക എന്നതാണ്. കര്‍ഷകരെ അവരുടെ സ്വത്വത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ്.അനേക സ്വത്വങ്ങളുടെ ബഹുസ്വരമായ സിംഫണിയാണല്ലോ ജനാധിപത്യം. അതിനാലാണ് കര്‍ഷക സ്വത്വത്തെ തരിപ്പണമാക്കുക എന്നത് ഒരു ജനാധിപത്യ പ്രശ്നമായി മാറുന്നത്. പൗരത്വ നിയമം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതനിരപേക്ഷ സ്വത്വത്തെ തകര്‍ക്കുന്ന അതേ നിലയിലാണ് കര്‍ഷകനിയമങ്ങള്‍ സമഗ്ര ജീവിതപദ്ധതിയായ ഇന്ത്യന്‍ കര്‍ഷക സ്വത്വത്തെ തകര്‍ക്കുക. അതിനാലാണ് കര്‍ഷക സമരം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സമരം കൂടിയായി മാറുന്നത്.
എന്താവണം കേന്ദ്രത്തിലെ തീവ്രവലത് ഭരണകൂടത്തെ ഇത്തരം ഒരു നിയമ നിര്‍മാണത്തിലേക്ക് പൊടുന്നനെ പ്രകോപിപ്പിച്ചത്? അതിനുള്ള ഉത്തരങ്ങള്‍ ഈ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തില്‍ നിന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാം. ഒന്നാമതായി അവര്‍ക്ക് കോര്‍പറേറ്റുകളോട് ഭരണപരമായ കടപ്പാടുണ്ട്. അത് നിറവേറ്റാതെ അവര്‍ക്ക് തുടരാനാവില്ല. രണ്ടാമതായി കര്‍ഷകര്‍ എന്ന സ്വത്വം അതേ നിലയില്‍ അതിശക്തമായി തുടരുന്നത് അവരുടെ ഭാവി രാഷ്ട്രീയ പദ്ധതികള്‍ക്ക് അത്ര സുഖകരമല്ല. കാരണം, അപാരമായ ഊര്‍ജം സംഭരിക്കപ്പെട്ടിരിക്കുന്ന സംഘടിത സ്വരൂപമാണ് ഇന്ത്യന്‍ കര്‍ഷകര്‍. മുന്‍പേ നടന്ന ലോങ്മാര്‍ച്ചുകളില്‍ നാം കണ്ട വിണ്ടുകീറിയ പാദങ്ങളെ ഓര്‍ക്കുക. നിശ്ചയദാര്‍ഢ്യത്തിന്റെ, മണ്ണിനെയും മഴകളെയും മെരുക്കിയതിന്റെ കരുത്തുള്ള സംഘടിത സ്വരൂപമാണത്. അതിനെ പിളര്‍ത്തുക എന്നത് വര്‍ഗീയതയുടെയും കോര്‍പറേറ്റിസത്തിന്റെയും മിശ്രിതമായ ഒരു ഭരണകൂടത്തിന് അത്യന്താപേക്ഷിതമാണ്. അതിനാലാണ് കര്‍ഷകനിയമങ്ങള്‍ ജനാധിപത്യത്തിനും ബഹുസ്വരതക്കും മേലുള്ള കയ്യേറ്റം എന്നതുപോലെ കര്‍ഷക സമരം ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള സമരവുമായി മാറുന്നത്. അതാണ് ഇന്ത്യയില്‍ ഇപ്പോള്‍ തുടരുന്ന ഐതിഹാസികമെന്ന് നിസ്സംശയം സ്ഥാപിക്കപ്പെട്ട ഈ സമരത്തെ ലോകം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമായി തിരിച്ചറിയുന്നത്. അതിനാലാണ് നാം തുടക്കത്തില്‍ ‘ആ സമയം’ എന്ന പദം ഉപയോഗിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ അതിനിര്‍ണായകമായ ആ സമയമാണ് കര്‍ഷക സമരം. ആ സമയം നിങ്ങള്‍ എവിടെ ആയിരുന്നു എന്ന ചോദ്യം ആദ്യമുയരുക മാധ്യമങ്ങള്‍ക്ക് നേരെയാണ്. മാധ്യമങ്ങള്‍ എന്തു ചെയ്യാനാണ്, കോര്‍പറേറ്റ് യുക്തികള്‍ക്കകത്തല്ലേ അവയുടെ സംഘാടനം എന്ന മറുചോദ്യം ഉണ്ട്. അതില്‍ കാര്യവുമുണ്ട്. മൂലധനമാണ് മാധ്യമങ്ങളുടെ അടിത്തറ. മാധ്യമങ്ങളെ സംബന്ധിച്ച് മൂലധനമെന്നാല്‍ ഭരണകൂടത്തിന്റെ ഗുഡ്ലിസ്റ്റ് കൂടിയാണ്. തീവ്രവലതിന്റെ കരിമ്പടം പൊതിഞ്ഞ ഒരു വ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് പരിമതികളില്ലേ എന്നാണ് മറ്റൊരു ചോദ്യം. മാധ്യമങ്ങള്‍ക്ക് അതുണ്ട് എന്നത് ഒരുത്തരമാണ്. പക്ഷേ, മാധ്യമ പ്രവര്‍ത്തകര്‍ക്ക്, കര്‍ഷകര്‍ കൃഷിയെ ഒരു സമഗ്ര ജീവിത പദ്ധതിയായി കാണുന്നതുപോലെ മാധ്യമപ്രവര്‍ത്തനത്തെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പ്രകാശനവും ജീവിത പദ്ധതിയുമായി കാണുന്നവര്‍ക്ക് പരിമിതികള്‍ ഇല്ല എന്ന മറുപടിയുമുണ്ട്. മാധ്യമ പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രകാശനത്തിന്റെ പ്രസ്താവനയായി കാണുന്ന മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് കോര്‍പറേറ്റ് ഭരണകൂട യുക്തികളുടെ കരിമ്പടം സുഖ നിദ്രക്കുള്ള ക്ഷണമല്ല. മറിച്ച് തുളച്ചു കടന്ന് ഇരുളിനെ വെളിച്ചമാക്കാനുള്ള വീക്ഷണമാണ്. അത്തരം അതിധീരമായ ജനാധിപത്യ പ്രസ്താവനയായി (ഡമോക്രാറ്റിക് സ്റ്റേറ്റ്മെന്റ്) മാധ്യമ പ്രവര്‍ത്തനത്തെ പരിവര്‍ത്തിപ്പിച്ച ഒരാളെയാണ് നാമിന്ന് പി സായ്നാഥ് എന്ന് അറിയുന്നത്. ഇരുണ്ട നാളുകളില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്തു ചെയ്യണം എന്നതിന്റെ ഏറ്റവും ശരിയായ ഉത്തരം.
ഇന്ന് സായ്നാഥ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്. ഇന്ന് സ്വത്രന്ത മാധ്യമപ്രവര്‍ത്തകനാണ് എന്നത് പലനിലകളില്‍ വായിക്കേണ്ട ഒരു വാചകമാണ്. അതിലൊരു വായന സായ്നാഥ് മുന്‍പ് നടത്തിയിരുന്ന മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ അത്ര സ്വതന്ത്രമല്ല എന്നാണ്. സ്വാതന്ത്ര്യം എന്നത് സായ്നാഥിന് പ്രധാനപ്പെട്ടതായിരുന്നതു കൊണ്ടും സ്വാതന്ത്ര്യം എന്നത് സ്വത്വത്തിന്റെ അന്തസാര്‍ന്ന അനിവാര്യത ആയിരുന്നതുകൊണ്ടും മുന്നിടങ്ങളെ അദ്ദേഹം ഉപേക്ഷിച്ചു എന്നുവേണം കരുതാന്‍. എന്തുകൊണ്ട് സായ്നാഥ് ദ ഹിന്ദുവിലെ മുതിര്‍ന്ന പദവി സൗഹാര്‍ദത്തോടെ ഉപേക്ഷിച്ചു എന്നതിന്റെ ഉത്തരം സ്വാതന്ത്ര്യം എന്ന വിശാലമായ ആശയത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടാണ് എന്ന് ഇന്ന് നമുക്ക് മനസ്സിലാകും. അന്തസാര്‍ന്ന ജേര്‍ണലിസത്തിന്റെ അവശേഷിക്കുന്ന തുരുത്തുകളില്‍ ഒന്നായ ദ ഹിന്ദുവിന് പോലും സായ്‌നാഥിലെ, സ്വാതന്ത്ര്യാന്വേഷിയെ തടഞ്ഞുനിര്‍ത്താനായില്ല എന്നും കാണാം.

സുരക്ഷിതതാവളങ്ങള്‍ സാധ്യമായ അന്തരീക്ഷത്തില്‍ നിന്നാണല്ലോ സായ്‌നാഥിന്റെ വരവ്. മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ പൗത്രന്‍. ലയോളയിലെയും ജെ എന്‍ യു വിലെയും വിദ്യാര്‍ഥി. നാല് പതിറ്റാണ്ട് മുന്‍പ് യു എന്‍ ഐയില്‍ തുടങ്ങിയ മാധ്യമ ജീവിതം. ബ്ലിറ്റ്സിലെ ഉയര്‍ന്ന പദവി. ഏറ്റവുമൊടുവില്‍ ദ ഹിന്ദുവിലെ റൂറല്‍ അഫയേഴ്സ് എഡിറ്റര്‍. നാമിന്ന് കാണുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് ഉറങ്ങാന്‍ ഇത്രയും മതി. സായ്‌നാഥ് പക്ഷേ മാറിനടന്നു. ആ മാറിനടത്തമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ആദ്യമായി മാധ്യമങ്ങളെ എത്തിച്ചത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് നമുക്കറിയാം. ആ ചെയ്ത്തുകള്‍ കൂടി പങ്കുചേര്‍ന്നാണ് ഇന്ത്യയെ ഫാഷിസത്തിന് ഇട്ടുകൊടുത്തത്. പക്ഷേ, സായ്‌നാഥ് മുഖ്യധാരയില്‍ നിന്ന് ഇറങ്ങി നടന്നു. കര്‍ഷകരുള്ളിടങ്ങളിലേക്ക് ചെന്നു. അവരുടെ ആത്മഹത്യാമുനമ്പുകള്‍ കണ്ടു. അതുവരെ വെറും കണക്കുകള്‍ മാത്രമായിരുന്ന സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് ജീവന്‍ വെക്കുന്നത് നാം കണ്ടു. അത്തരം കണക്കുകള്‍ കര്‍ഷക ഇന്ത്യയുടെ ജാതകക്കുറിപ്പാണ് എന്നുമറിഞ്ഞു. ആ റിപ്പോര്‍ട്ടുകളാണ് Everybody Loves a Good Drought എന്ന പുസ്തകം. ‘Who constitutes the nation? Only the elite?Or do the hundreds of millions of poor in India also make up the nation? Are their interests never identified with national interest? Or is there more than one nation? That is the question you often run up against in some of India’s poorest areas. Areas where extremely poor people go into destitution making way for firing ranges, jet fighter plants, coal mines, power projects, dams, sanctuaries, prawn and shrimp farms, even poultry farms. If the costs they bear are the ‘price’ of development, then the rest of the ‘nation’ is having one endless free lunch.’ എന്ന വലിയ ചോദ്യങ്ങള്‍ സായ്‌നാഥ് ചോദിച്ചു. അത്തരം ചോദ്യങ്ങള്‍ അത്രമേല്‍ ധീരമായി ഉയര്‍ത്താന്‍ പറ്റുന്ന ഇടമല്ല നിലവിലെ മാധ്യമ സ്ഥാപനാന്തരീക്ഷങ്ങള്‍ എന്ന് സായ്‌നാഥ് മനസ്സിലാക്കി. അതൊരു വലിയ മനസ്സിലാക്കല്‍ ആയിരുന്നു. അന്നേരം വേണമെങ്കില്‍ അതിനോട് കലഹിച്ച് വിവാദങ്ങളെ സൃഷ്ടിച്ച് സായ്‌നാഥിന് നായകത്വം നേടാമായിരുന്നു. പക്ഷേ, അത് ചെയ്തില്ല. ഗ്രാമീണ ഇന്ത്യയെ ഉള്ളുകൊണ്ട് തൊട്ട സായ്‌നാഥിന് കോര്‍പറേറ്റുകള്‍ പിടികൂടിയ മാധ്യമ സ്ഥാപനങ്ങളെയും മനസ്സിലാകുമായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഏറ്റവും വലിയ ശബ്ദമായ People’s Archive of Rural India എന്ന പോര്‍ട്ടല്‍ പിറക്കുന്നത്. പോയ നാളുകളില്‍ ആ പോര്‍ട്ടലുകളിലെമ്പാടും കര്‍ഷകരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലുള്ള ഗിമ്മിക്കുകള്‍ അതില്‍ കാണാനില്ല. കര്‍ഷക സമരത്തെ അതിന്റെ അങ്ങേയറ്റത്തെ മെറിറ്റില്‍ സംബോധന ചെയ്യുന്ന എഴുത്തുകള്‍ മാത്രം. അതിനാലാണ് കര്‍ഷക സമരം സമ്പന്നരുടെ സമരമാണെന്ന് സംഘപരിവാര്‍ നുണ പടക്കുമ്പോള്‍ ഇതാ അവരുടെ സമ്പത്ത് എന്ന് കണക്കുകള്‍ വെച്ച് സായ്‌നാഥ് എഴുതുന്നത്. സായ്‌നാഥ് എഴുതി എന്നറിയുമ്പോള്‍ ജനാധിപത്യവാദികള്‍ അതെവിടെ എന്ന് അന്വേഷിച്ച് ചെല്ലുന്നതിന്റെ കാരണവും അതാണ്. കേള്‍ക്കൂ, സായ്‌നാഥ് എഴുതുന്നതിനെയാണ് എഴുതുന്ന ഇടത്തെയല്ല ആളുകള്‍ വായിക്കുന്നത്. അങ്ങനെയാണ് മുഖ്യധാരാ ജേര്‍ണലിസ്റ്റുകളെ അദ്ദേഹം നിശബ്ദമായി തിരുത്തുന്നത്.
സായ്‌നാഥിന്റെ കഥ പറഞ്ഞത് മറ്റൊരു കാര്യത്തിനാണ്. ആ സമയത്ത് എന്തുചെയ്യുകയായിരുന്നു എന്ന അന്തിമ വിചാരണയെ ഓര്‍മിപ്പിക്കാന്‍. ആരെ ഓര്‍മിപ്പിക്കാന്‍ എന്നല്ലേ? അത് പറയാതിരിക്കാം; സായ്‌നാഥിനെക്കുറിച്ച് എഴുതുമ്പോള്‍ സായ്‌നാഥ് പുലര്‍ത്തുന്ന അന്തസിന്റെ ഒരംശം നമ്മിലും വേണമല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login