കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

ആധുനിക കേരളീയസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. യൂറോപ്പില്‍ ക്രിസ്ത്യാനിറ്റി എത്തുന്നതിന് മുമ്പേ കേരളത്തില്‍ യേശുവിന്റെ മതം വേരൂന്നിയിരുന്നു. പ്രവാചകന്റെ ജീവിത കാലത്തുതന്നെ മലബാര്‍ തീരത്ത് ഇസ്ലാമിന്റെ ഏകദൈവ ദര്‍ശനം നങ്കൂരമിട്ടതായി ചരിത്രത്തില്‍ കാണാം. ജാത്യാചാരങ്ങള്‍ തിടംവെച്ചാടിയ ഒരു കാലഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വേദപ്രോക്ത മതങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ നിഷ്പ്രയാസം സ്വീകാര്യത ലഭിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കുന്നതിന് സഹസ്രാബ്ദം മുമ്പേ ആയിരുന്നു ഈ മതങ്ങളുടെ വരവും വരവേല്‍പും. അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹികവ്യവസ്ഥയുടെ കരാളഹസ്തങ്ങളില്‍പെടാതെ, പ്രഭവകേന്ദ്രത്തില്‍നിന്ന് സ്വായത്തമാക്കിയ ജൈവസിദ്ധിയുടെ ബലത്തില്‍, വളര്‍ച്ചയുടെയും അസ്തിത്വ സ്ഥാപനത്തിന്റെയും രീതി സ്വയമാര്‍ജിത മാര്‍ഗങ്ങളിലൂടെ മുസ്ലിംകള്‍ എങ്ങനെ കൈവരിച്ചുവെന്ന് ചരിത്രകാരന്‍ പി കെ ബാലകൃഷ്ണന്റെ അന്വേഷണങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. ”കേരളീയ ഇസ്ലാമിക ചരിത്രത്തിനു നീളം എത്ര കൂടിയാലും, ആ മതവിഭാഗം കേരളീയ സാമൂഹിക ജീവിതത്തില്‍ ഒരു സജീവസാന്നിധ്യമായി മാറുന്നത് പതിനാലാം നൂറ്റാണ്ടു മുതലാണ്. ജാതിസമൂഹത്തിന്റെ ഘടനയെ ഒരുതരത്തിലും ബാധിക്കാതെ, ആ സമൂഹത്തിന്റെ മനോവ്യാധി സ്വയം കൈപറ്റിയ ഒരു വിജാതീയ വിഭാഗമാണ്, ഒരു ചരിത്ര സാന്നിധ്യമായി കേരളത്തില്‍ നാം കണ്ടുതുടങ്ങുന്ന മുസ്ലിം ജനത. മേല്‍ജാതിയില്‍നിന്ന് മതംമാറി വന്നതാണെങ്കില്‍ അക്കാര്യം വീമ്പോടെ പറയുകയും താണ ജാതിയായിരുന്നെങ്കില്‍ അത് പറയുന്നത് അവമതിക്കലായികരുതി കയര്‍ക്കുകയും ചെയ്യുന്ന പതിവ് കൈവിടാത്തവരാണെങ്കിലും ഇവിടുത്തെ സമ്പത്തിന്റെ അസ്തിവാരം വിസ്താരപ്പെടുത്തുന്നതില്‍ സാരമായ പങ്കുവഹിക്കുകയുണ്ടായി. ജാതി സമൂഹത്തിന്റെ പ്രാന്തത്തില്‍ അതിന്റെ മനോവ്യാധി പങ്കുപറ്റിക്കൊണ്ടുനിന്നനിലയിലും, ധനത്തെ കുറിച്ചും സുഖജീവിതത്തെകുറിച്ചും അറബികളില്‍നിന്നും പകര്‍ന്നുകിട്ടിയ വ്യത്യസ്ത സങ്കല്‍പങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. കച്ചവടലാഭത്തിന്റെ കണ്ണോടെ അവര്‍ പ്രയത്‌നത്തെയും പ്രകൃതിവിഭവങ്ങളെയും കാണുകയും സ്വാര്‍ഥലാഭത്തിന്റെ യുക്തിബോധത്തില്‍ ഇവ രണ്ടിനെയും കഴിയും പോലെ സമന്വയിപ്പിക്കുകയും ചെയ്തു”(ജാതി വ്യവസ്ഥിതിയും ചരിത്രവും – പി കെ ബാലകൃഷ്ണന്‍). ക്രൈസ്തവ സമൂഹത്തിലും സമാനമായ സാമൂഹിക പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നു. ഈ രണ്ടു ‘സഹോദര സമുദായങ്ങള്‍’ ചരിത്രത്തിന്റെ ഏതെങ്കിലും നാല്‍ക്കവലയില്‍ കേരളത്തില്‍ഏറ്റുമുട്ടിയതായി കാണാന്‍ സാധിക്കില്ല. ക്രിസ്ത്യാനികള്‍ മധ്യതിരുവിതാംകൂറിലും മുസ്ലിംകള്‍ ഏറനാട്, വള്ളുവനാട് മേഖലയിലും കേന്ദ്രീകരിച്ചപ്പോള്‍ ഹൈന്ദവരായിരുന്നു ഇവര്‍ക്കിടയില്‍ മധ്യവര്‍ത്തികളായി വര്‍ത്തിച്ചത്. ബ്രിട്ടീഷ് വാഴ്ച ക്രിസ്ത്യാനികള്‍ക്ക് പല മേഖലകളിലും മേല്‍കൈ സ്ഥാപിച്ചുകൊടുത്തതുമൂലം വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക മേഖലകളില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ ആ വിഭാഗത്തിന് സാമൂഹിക ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു വസ്തുതയായണ്. മുസ്ലിംകളും ക്രിസ്ത്യാനികളും വലിയ അളവില്‍ സംസര്‍ഗമുണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാംപാദത്തില്‍ മലബാറിലേക്കുള്ള ക്രൈസ്തവ കുടിയേറ്റത്തിലൂടെയാണ്. കുടിയേറ്റാനന്തര കാലത്തും ‘കിതാബിന്റെ അഹ്‌ലുകാര്‍’ ഏറ്റുമുട്ടലിന്റെയോ സംഘര്‍ഷത്തിന്റെയോ ഒരു ജീവിതപരിസരം സൃഷ്ടിച്ചെടുത്തിരുന്നില്ല. അതിനു പ്രധാനകാരണം മുസ്ലിംകള്‍ കച്ചവടത്തിലും ക്രിസ്ത്യാനികള്‍ കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ്. അതേസമയം സാമൂഹിക വ്യവഹാരങ്ങളില്‍ പൊതുവായ ഭാഷാപ്രയോഗങ്ങള്‍ നിലവില്‍ വരുകയും സംസ്‌കാരിക ആദാനപ്രദാനങ്ങള്‍ അതിന്റെ മുറക്ക് സാക്ഷാത്കരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയമായി ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും കൈകോര്‍ക്കുന്നത് വിമോചനസമര പരിസരത്തുവെച്ചാണ്. ക്രിസ്തീയ രാഷ്ട്രങ്ങള്‍ കമ്മ്യൂണിസത്തിന് എതിരെ നടത്തിയ യുദ്ധമാണ് ശീതസമരമെന്ന് നിരീക്ഷിക്കപ്പെട്ടത് പോലെ, വത്തിക്കാന്റെ ആശീര്‍വാദത്തോടെ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) നടത്തിയ രാഷ്ട്രീയ അട്ടിമറിയായിരുന്നു വിമോചന സമരവും ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിപാടനവും.തങ്ങളെ തീണ്ടാപാടകലെ അകറ്റിനിറുത്തിയ കോണ്‍ഗ്രസിന്റെ മനസ്സലിഞ്ഞുകാണാന്‍ മുസ്ലിം ലീഗ്, നായര്‍ സമുദായത്തോടൊപ്പം ചേര്‍ന്ന് ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഇ എം എസ് മന്ത്രി സഭയെ താഴെ ഇറക്കിയ നിമിഷത്തില്‍ ബീജാവാപം പൂണ്ട നായര്‍-ക്രിസ്ത്യന്‍ -മുസ്ലിം സഖ്യം പിന്നീട് ഐക്യജനാധിപത്യമുന്നണിയായി രൂപാന്തരപ്പെടുന്നതാണ് നാം കണ്ടത്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധത കേരളീയ, മുസ്ലിം സമൂഹത്തിന്റെ സഹജഭാവമായി മാറുന്നതില്‍ മത, രാഷ്ട്രീയ നേതൃത്വമാണ് നിര്‍ണായക പങ്കുവഹിച്ചത്. പ്രാദേശിക കാരണങ്ങള്‍ക്കപ്പുറംആഗോള സംഭവവികാസങ്ങള്‍ അതിനു നിമിത്തമായി വര്‍ത്തിച്ചു. മുസ്ലിംകള്‍ക്ക് രാഷ്ട്രീയ സാമൂഹികോല്‍ക്കര്‍ഷത്തിലുപരി, നിലനില്‍പിന്റെയും അസ്തിത്വപ്രഖ്യാപനത്തിന്റെയും സൂചകമായിരുന്നു രാഷ്ട്രീയ സംഘാടനം. സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗിന് കാര്യമായി വേരിറക്കാന്‍ സാധിക്കാതെവന്നതും, ഉല്‍പതിഷ്ണുപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തില്‍ പാര്‍ട്ടി ഒതുങ്ങിയതും മുസ്ലിംകളുടെ അന്നത്തെ പിന്നാക്കാവസ്ഥ മൂലമാണ്. മുസ്ലിം ലീഗ് സ്വാതന്ത്ര്യാനന്തരം മലബാറില്‍ ആഴത്തില്‍ വേരൂന്നിയ ഒരു മുസ്ലിം കൂട്ടായ്മയായി മാറുന്നത് അതിന്റെ തലപ്പത്ത് ബാഫഖി തങ്ങളെപ്പോലുള്ള ആത്മീയനേതാക്കള്‍ പ്രതിഷ്ഠിക്കപ്പെടുന്നതോടെയാണ്.

കൈവരിച്ച നേട്ടങ്ങള്‍, പ്രസരിപ്പിക്കുന്ന അസത്യങ്ങള്‍
കേരളീയ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയവും മതപരവുമായ വര്‍ത്തമാനാവസ്ഥ അപഗ്രഥിക്കുന്നതിന് അവര്‍ കടന്നുവന്ന വഴികള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. മുസ്ലിംകള്‍ അര്‍ഹിക്കുന്നതിലപ്പുറം നേടിയെന്നും അതിനു ഉപോല്‍ബലകമായി വര്‍ത്തിച്ചത് മുസ്ലിം ലീഗിലൂടെയുള്ള അധികാരപങ്കാളിത്തമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ചില പ്രചാരണനീക്കങ്ങള്‍ സമീപകാലത്ത് തലപൊക്കിയത് സാമുദായികമായ സങ്കുചിത വിചാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 26ശതമാനം വരുന്ന മുസ്ലിം സമൂഹം അധികാരത്തിന്റെ ഇടനാഴിയില്‍ ഇപ്പോഴും കൂരിരുട്ടില്‍ തപ്പുകയാണെന്നും രാഷ്ട്രീയ സംഘാടനത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ അവരെ എവിടെയുമെത്തിച്ചിട്ടില്ല എന്നുമുള്ള സത്യങ്ങള്‍ തുറന്നുപറയാന്‍ ആരും മുന്നോട്ടുവരുന്നില്ല. മുസ്ലിംകള്‍ ഇതര സമൂഹങ്ങളാല്‍ പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ടത് യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് സമ്പന്നതയിലൂടെ അവര്‍ കഠിനാധ്വാനം ചെയ്തു കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ്. ഇവിടുത്തെ സര്‍ക്കാരുകള്‍ക്കോ മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഈ നേട്ടത്തില്‍ കൂടുതലൊന്നും അവകാശപ്പെടാനില്ലതാനും. കേരളം അതിസങ്കീര്‍ണമായ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന 1960കളുടെ ഒരു കാലസന്ധിയിലാണ് ഗള്‍ഫിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതും പത്തേമാരികളില്‍ ജീവന്‍ പണയം വെച്ച് ഒരു തലമുറ ‘പുറപ്പാട്’ തുടങ്ങുന്നതും. അരനൂറ്റാണ്ടുകൊണ്ട് ആരോരുമറിയാതെ അവര്‍ ഇവിടെ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അപൂര്‍വ മുന്നേറ്റങ്ങള്‍ വന്‍ വിപ്ലവങ്ങള്‍ക്ക് നാന്ദികുറിച്ചു. അതിനു മുമ്പത്തെ 500വര്‍ഷം കൊണ്ട് കൈവരിക്കാനാവാത്ത നേട്ടങ്ങളാണ് സാക്ഷാത്കരിക്കപ്പെട്ടത്. അറബിപ്പൊന്നിന്റെ ഒഴുക്ക് മുസ്ലിം വീടുകളിലേക്ക് മാത്രമായിരുന്നില്ല. ക്രൈസ്തവ, സവര്‍ണ ഭവനങ്ങളിലേക്കും ധനപരമായ കുത്തൊഴുക്കുണ്ടായി. മുസ്ലിംകള്‍ക്ക് ബ്ലൂകോളര്‍ ജോലികളില്‍ ഏര്‍പ്പെടാനാണ് യോഗമെങ്കില്‍ ഇതരവിഭാഗങ്ങള്‍ വൈറ്റ് കോളര്‍ ജോലികളിലെ ഉത്തുംഗപദവികള്‍ അടിച്ചെടുത്തു എന്ന് മാത്രമല്ല, സ്വന്തമായി വന്‍ വ്യവസായശൃംഖലകള്‍ ഗള്‍ഫിലും ഇവിടെയും കെട്ടിപ്പടുത്തു. പക്ഷേ ഒരു എം എ യൂസുഫലിയില്‍ മാത്രമാണ് കേരളത്തിന്റെ കണ്ണ് തറച്ചുനിന്നത്. അതുമൂലം ഉടലെടുത്ത അസൂയ കുറെ അടിബലമില്ലാത്ത സിദ്ധാന്തങ്ങള്‍ മെനയാന്‍ മുസ്ലിം വിരുദ്ധര്‍ക്ക്, വിശിഷ്യാ സംഘ്പരിവാറിന് അവസരം കൊടുത്തു. 200 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും മുസ്ലിമിതര വിഭാഗമാണെന്ന സത്യം പോലും തുറന്നുകാട്ടാന്‍ ആരും മുന്നോട്ടുവന്നില്ല. വിദ്യാഭ്യാസ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈയഴിച്ച് സഹായിക്കുമ്പോള്‍ യൂസുഫലി സാഹിബ് ഒരിക്കലും മതപക്ഷപാതം കാട്ടാറില്ല എന്ന അനിഷേധ്യസത്യം ആരും തുറന്നുപറഞ്ഞില്ല.

രാഷ്ട്രീയപരമായി മുസ്ലിംകള്‍ എല്ലാം നേടി എന്ന് അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥ വസ്തുതകള്‍ വിസ്മരിക്കപ്പെടുകയാണ്. സി എച്ച് മുഹമ്മദ് കോയ ഐക്യജനാധിപത്യമുന്നണിയുടെ ബാനറില്‍ കേവലം 50ദിവസം മുഖ്യമന്ത്രി പദത്തിലിരുന്നത് ‘ഐതിഹാസിക സംഭവമായി’ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ എടുത്തുകാട്ടാറുണ്ട്. എന്നാല്‍, എ കെ ആന്റണി , ഉമ്മന്‍ചാണ്ടി തുടങ്ങിയ ക്രൈസ്തവ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിപദത്തിലിരിക്കുമ്പോള്‍ അത് സ്വാഭാവികമായ അധികാരലബ്ധി എന്ന നിലയിലാണ് നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്താറ്. നിരവധി തവണ വിദ്യാഭ്യാസ വകുപ്പ് മുസ്ലിംകള്‍ കൈകാര്യം ചെയ്തിട്ടും മലപ്പുറത്ത് ഇപ്പോഴും ആവശ്യത്തിന് ഹയര്‍സെക്കണ്ടറി സീറ്റുകള്‍ ഇല്ലാതെ പോയതിന്റെ കാരണം ആരും ചികയാറില്ല. ഉദ്യോഗതലത്തില്‍ ഇപ്പോഴും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വഞ്ചി തിരുനക്കരെ തന്നെയാണ്. സാധാരണക്കാരായ ഗള്‍ഫ് പ്രവാസിപോലും സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെച്ചതുമൂലം കുറേ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഏതാനും ഐ എ എസ് ഓഫീസര്‍മാരും സൃഷ്ടിക്കപ്പെട്ടുവെങ്കിലും സെക്രട്ടറിയേറ്റില്‍ ചെന്നാല്‍ ബോധ്യപ്പെടും അധികാരേശ്രണിയില്‍ മുസ്ലിംകളുടെ അവസ്ഥ എത്ര പരിതാപകരമാണെന്ന്. എന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിംകളെ തടഞ്ഞ് നടക്കാന്‍ സാധിക്കുന്നില്ല എന്ന കടും നുണ പി സി ജോര്‍ജ് എം എല്‍ എ വിളമ്പുമ്പോള്‍ അത് കൈമാറുന്ന സന്ദേശം കേരളീയ പൊതുസമൂഹത്തിന്റെ വിചാരഗതി എത്ര അശ്ലീലകരമാണെന്നതാണ്. ഇവിടെ സംഘ്പരിവാറും ഇതര ചിന്താഗതിക്കാരും പരസ്യമായി സന്ധിക്കുന്നത് ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിലാണെന്ന് കാണാം. എന്തുകൊണ്ട് ഈ മുസ്ലിംവിരുദ്ധത പാരസ്പര്യത്തിന്റെ പൈതൃകം തലമുറകളായി കൈമാറുന്ന കേരളത്തില്‍ ആഴത്തില്‍ വേരൂന്നി എന്ന ചോദ്യത്തിന് പൊതുസമൂഹവും മുസ്ലിംകളും പ്രത്യേകം പ്രത്യേകമായി അന്വേഷണത്തിലേര്‍പ്പെടേണ്ടതുണ്ട്. ഒരുതരം ‘ഇസ്ലാമോഫോബിയ’ ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തിനു പിന്നില്‍ വല്ല കഴമ്പുമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് വാസ്തവം എന്നുകൂടി സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇസ്ലാമോഫോബിയയില്‍ ചുട്ടെടുത്ത സിദ്ധാന്തങ്ങള്‍
ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാമ്പയിന്‍ കാലത്ത് കേരളത്തിലും ‘ഇസ്ലാമോഫോബിയ’ പടര്‍ത്തുന്നു എന്ന തരത്തില്‍ വ്യാപകമായ പ്രചാരണങ്ങളുണ്ടായി. ഇക്കാലമത്രയും ഇസ്ലാംപേടി സിദ്ധാന്തം ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്‍നിറുത്തിയാണ് ആരോപിക്കപ്പെട്ടതെങ്കില്‍ ഇത്തവണ ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി വൃത്തങ്ങള്‍ സി പി എമ്മിന്റെ മേലാണ് അത് ആരോപിക്കുന്നതെന്നാണ് ഏറെ വിചിത്രം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷ്‌കൃഷ്ട പരിശോധന അര്‍ഹിക്കുന്നുണ്ട്. സങ്കുചിത മതചിന്താഗതി കേരളം പോലുള്ള ‘സന്തുലിതസമൂഹത്തില്‍’ സൃഷ്ടിച്ചേക്കാവുന്ന അനര്‍ഥങ്ങള്‍ നിസ്സാരമാവില്ല എന്ന തിരിച്ചറിവോടെയായിരിക്കണം ആ പരിശോധന. പൊതുചര്‍ച്ചാവേദികളില്‍ മുസ്ലിംകള്‍ പല വിധേനയും വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് തള്ളിക്കളയാനാവില്ല. എന്നാല്‍, ആ വിചാരണയുടെ കാതല്‍ എന്തായിരുന്നു? അതിനു വഴിവെച്ച സാഹചര്യങ്ങള്‍ ആരുടെ സൃഷ്ടിയാണ്? സത്യസന്ധവും നിഷ്‌കൃഷ്ടവുമായ ഒരന്വേഷണം ചില സത്യങ്ങളിലേക്ക് ആനയിക്കാതിരിക്കില്ല. ഒന്നാമതായി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നാണ് ന്യൂനപക്ഷവിഭാഗത്തിന്റെ ആനുകുല്യങ്ങള്‍ മുഴുവന്‍ മുസ്ലിംകള്‍ കവര്‍ന്നെടുക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. വിഷയം വിവിധ സഭാനേതാക്കള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ പോലും അവതരിപ്പിക്കുകയുണ്ടായി. ചില ക്രൈസ്തവ ജിഹ്വകള്‍ തങ്ങളുടെ പരിദേവനം തുറന്നെഴുതിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിവാദങ്ങളുടെയൊക്കെ അന്തര്‍ധാര, ക്രൈസ്തവ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ബി ജെ പിയടക്കമുള്ളവര്‍ നടത്തുന്ന കരുനീക്കങ്ങളുടെ ഫലമാണെന്ന് കാണാന്‍ പ്രയാസമില്ല. കെ എം മാണിയുടെ രാഷ്ട്രീയപൈതൃകം പേറുന്ന പുത്രന്‍ ജോസ് കെ മാണിയും അനുയായികളും ഇടതുമുന്നണിലേക്ക് ചേക്കേറിയതിനു ശേഷമാണ് ക്രൈസ്തവമതമേലധ്യക്ഷന്മാര്‍ പരസ്യമായ രാഷ്ട്രീയനീക്കങ്ങള്‍ക്ക് മുതിര്‍ന്നത്. പറയുന്നത് മുഴുവനും രാഷ്ട്രീയമാണെങ്കിലും തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് നാല്‍പതു വട്ടം ആവര്‍ത്തിക്കുന്നതില്‍നിന്ന് തന്നെ വിലപേശലിന്റെ തന്ത്രമാണ് പയറ്റുന്നതെന്ന് ഏത് രാഷ്ട്രീയവിദ്യാര്‍ഥിക്കും മനസ്സിലാക്കാനാവും. കേരളകോണ്‍ഗ്രസിന്റെ പ്രബലവിഭാഗം ഇടതുപക്ഷത്തേക്ക് കടന്നുചെന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ‘സന്തുലിതത്വം’തെറ്റുകയും യു ഡി എഫിന്റെ എല്ലാ അധികാരപ്രതീക്ഷകളും അസ്തമിക്കുകയും ചെയ്യുന്ന ഒരു നിര്‍ണായകഘട്ടത്തില്‍ എങ്ങനെയെങ്കിലും ക്രൈസ്തവസമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പല ശക്തികളും ശ്രമിച്ചതാണ് ഒരുതരം പ്രക്ഷുബ്ധതക്ക് വഴിവെച്ചത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുസ്ലിം മാധ്യമങ്ങള്‍ കാണിച്ച അനവധാനത വിഷയത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ കലാശിച്ചുവെന്ന് വിലയിരുത്തുന്നതാവും സത്യസന്ധത. ‘ഇസ്ലാം വിരുദ്ധരുടെ പ്രചാരണങ്ങളാണ് സി പി എം ഏറ്റെടുക്കുന്നത്’ എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ അഭിമുഖത്തില്‍ (പ്രബോധനം 2020, ജനുവരി 08) ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്തുമാത്രം വര്‍ഗീയധ്രുവീകരണത്തിന് വഴിവെക്കുമെന്ന് ഒന്നാലോചിച്ചുനോക്കൂ! ”ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൂട്ടിയും ക്രൈസ്തവ സഭകളെ സ്വാധീനിക്കുന്നതില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയും ഭരണഘടനക്ക് തീര്‍ത്തും വിരുദ്ധമായ സാമ്പത്തിക സംവരണം കേന്ദ്രത്തിലെ സംഘ്പരിവാര്‍ സര്‍ക്കാരിനേക്കാള്‍ വലിയ താല്‍പര്യത്തോടെ നടപ്പാക്കിയും മുഖ്യമന്ത്രിയും സി പി എമ്മും വലിയ ആവേശത്തോടെ നിരന്തരം നടത്തിയ ‘മുസ്ലിം വര്‍ഗീയതാ വിരുദ്ധ’ കാമ്പയിന്‍ വഴിയുമാണ് ഇടതുപക്ഷം ഇത് സാധിച്ചത്.” അതായത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയത ഉപയോഗിച്ചാണ് ഇടതുമുന്നണി ജയിച്ചുകയറിയതെന്ന്. ”ഇടതുപക്ഷം മൃദുഹിന്ദുത്വവും വിട്ട് സംഘ്പരിവാറിന്റെ അതേ ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങളും കേസുകളുമാണ് ഈ സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. അതിനെ മറികടക്കേണ്ടതുണ്ടായിരുന്നു. അതിനവര്‍ വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തെ കൂട്ടുപിടിച്ചു. മുസ്ലിംകള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് രൂപപ്പെടുന്ന ഹിന്ദുഏകോപനത്തെ മുതലെടുക്കുക എന്ന സംഘ്പരിവാര്‍ കാലങ്ങളായി പയറ്റുന്ന തന്ത്രം തന്നെയാണ് സി പി എമ്മും മറയില്ലാതെ ആനയിച്ചുകൊണ്ടുവന്നത്”. നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിമലയാളത്തില്‍ സംഭവിക്കുന്നതിനെ കുറിച്ചാണോ ഇങ്ങനെയൊക്കെ ആരോപിക്കുന്നതെന്ന് ആരും അദ്ഭുതപ്പെടാം. ജമാഅത്തിനും അവരുടെ രാഷ്ട്രീയ സൃഷ്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്കും എതിരെ കമ്മ്യൂണിസ്റ്റുകാര്‍ ആശയതലത്തില്‍ നടത്തുന്ന ശക്തമായ പോരാട്ടത്തെ നേരിടുന്നതിന് കണ്ടെത്തിയ ഈ പ്രചാരണമാര്‍ഗം എത്തിപ്പെട്ടത് ശുദ്ധ വര്‍ഗീയതയിലാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല. ക്രൈസ്തവസഭകള്‍ ഉയര്‍ത്തുന്ന പരാതികളും പരിദേവനങ്ങളും സമുദായം ചെവി കൂര്‍പ്പിച്ച് കേട്ട് യുക്തിഭദ്രമായ മറുപടി നല്‍കുകയല്ലേ വേണ്ടത്.

രാഷട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം വോട്ടും അതുവഴി അധികാരവുമാണ്. മതപ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായാണ് വര്‍ത്തിക്കേണ്ടത്. നിഷ്പക്ഷത ഏതെങ്കിലും പക്ഷത്തിന് വിടുവേല ചെയ്തുകൊണ്ടാവരുത്. അതോടെ തകരുന്നത് ആ പ്രസ്ഥാനത്തിന്റെ അടിത്തറയായിരിക്കും. അതോടൊപ്പം അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലാവും വിധം പ്രതിക്കൂട്ടില്‍ നിറുത്തപ്പെടുന്ന ദുസ്ഥിതി സംജാതമാവും. രാഷ്ട്രീയം കള്ളന്മാരുടെയും കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും തട്ടിപ്പ് വീരന്മാരുടേതുമാണെന്ന് ‘ഉത്തമ സമുദായ’ത്തിന്റെ ആള്‍ക്കാര്‍ ജനസമക്ഷം സമര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരുത്തല്‍ ശക്തിയായി ഉയരേണ്ടവര്‍ ഏതാനും പഞ്ചായത്ത് സീറ്റുകള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്രപോരാട്ടം മതിയാക്കുമ്പോള്‍ സംഭവിക്കാവുന്ന അനര്‍ഥങ്ങളാണ് നമ്മുടെ മുന്നില്‍ കെട്ടഴിഞ്ഞുവീഴുന്നത്.

Kasim Irikkoor

You must be logged in to post a comment Login