കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, കൊവിഡ് പ്രതിസന്ധി മുതലെടുത്ത്, നരേന്ദ്രമോഡി സര്‍ക്കാര്‍ മാറ്റം വരുത്തുകയും അതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രംഗത്തെത്തുകയും ചെയ്തിട്ട് മാസങ്ങളായി. പുതിയ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരുന്നു. ഈ സമരത്തെ അട്ടിമറിക്കാനും അടിച്ചമര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കര്‍ഷകരുടെ വീര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലും ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്ത് സമരം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുകയുമാണ് കര്‍ഷകസംഘടനകള്‍. അവര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള സാമൂഹികപ്രവര്‍ത്തകര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ വേട്ടയാടാനുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുകയും ചെയ്തിരിക്കുന്നു.

അതേസമയം, കൃഷിഭൂമി, വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റുമായി വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതികള്‍ വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രനിയമം വരുന്നതിന് മുമ്പേ കൊണ്ടുവന്നിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 11 സംസ്ഥാനങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തി വ്യവസായികള്‍ക്കും കൃഷിക്കാരല്ലാത്തവര്‍ക്കും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടാനുള്ള അനുമതി നല്‍കിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്നവയാണെങ്കിലും പശ്ചിമ ബംഗാള്‍, തമിഴ്നാട്, പഞ്ചാബ് പോലെ ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത്തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആറു സംസ്ഥാനങ്ങള്‍ മൂന്നു വര്‍ഷത്തിനിടെയാണ് നിയമം മാറ്റിയതെങ്കില്‍ രണ്ടു സംസ്ഥാനങ്ങള്‍ 2020ലാണ് ഭേദഗതി കൊണ്ടുവന്നത്.

കര്‍ണാടകയിലും ഗുജറാത്തിലും കര്‍ഷകര്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചിരുന്നു. ഭൂമിയുള്ളതും ഇല്ലാത്തതുമായ കര്‍ഷകരാണ് നിയമഭേദഗതി പിന്‍വലിക്കണമെന്നും നേരത്തെ വാഗ്ദാനം ചെയ്തതു പോലെ അധികഭൂമി, ഭൂരഹിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികഭൂമി കണ്ടെത്തി, ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാന്‍ ഭരണകൂടങ്ങള്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല എന്നു കൂടിയാണ് ഈ പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നത്.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതയായി, ഇന്ത്യന്‍ യൂണിയന്‍ നിലവില്‍ വരികയും സംസ്ഥാന രൂപവത്കരണം നടക്കുകയും ചെയ്തതിന് ശേഷം ഭൂപരിഷ്‌കരണത്തിന് നിയമം നിര്‍മിക്കാനുള്ള ശ്രമം ആദ്യം നടന്നത് കേരളത്തിലാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിനാണ് അത് വഴിവെച്ചതെങ്കിലും ഭൂപരിഷ്‌കരണവും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്ന ആവശ്യവും ശക്തമായി ഉയര്‍ന്നുവരാന്‍ കേരളത്തിലെ നിയമ നിര്‍മാണ ശ്രമം വഴിവെച്ചു. 1960കളില്‍ ഇതര സംസ്ഥാനങ്ങളും ഈ വഴിക്ക് ചിന്തിച്ചു. 21 സംസ്ഥാനങ്ങളാണ് പിന്നീട് ഇത്തരത്തില്‍ നിയമങ്ങള്‍ കൊണ്ടുവന്നത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈവശംവെക്കാവുന്ന ഭൂമിക്ക് പരിധി നിര്‍ണയിച്ച്, മിച്ച ഭൂമി കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത് ഭൂഉടമസ്ഥതയിലെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കുകയായിരുന്നു ഇത്തരം നിയമങ്ങളുടെയൊക്കെ ലക്ഷ്യം.

പതിറ്റാണ്ടുകള്‍ക്കു ശേഷവും ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം നേടാന്‍ നമുക്കായില്ല. അപ്പോഴാണ് കാര്യങ്ങളൊക്കെ പഴയ നിലയിലാക്കും വിധത്തിലുള്ള നിയമനിര്‍മാണത്തിന് സംസ്ഥാനങ്ങള്‍ തയാറായത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കേ ദേശീയ ഭൂപരിഷ്‌കരണ നയത്തിന്റെ കരട് തയാറാക്കിയിരുന്നു. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി കൂടുതല്‍ കുറച്ച്, അധികഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണമെന്നാണ് അതില്‍ നിര്‍ദേശിച്ചത്. പക്ഷേ, ഭൂമി സംസ്ഥാന വിഷയമാകയാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത അവയ്ക്കില്ല. അതുകൊണ്ട് കൂടിയാണ് ദേശീയനയത്തിന് വിരുദ്ധമായ നിയമഭേദഗതികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നത്. ഭൂപരിഷ്‌കരണമെന്ന ആശയത്തില്‍ നിന്ന് പിന്നാക്കം നടക്കുകയും ഭൂരഹിതരോ നാമമാത്രമായ ഭൂമിയുള്ളവരോ ആയ കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് നിയമപരമായ ബാധ്യതയല്ലാതാക്കുകയുമാണ് പുതിയ ഭേദഗതികള്‍ ചെയ്യുന്നതെന്ന് ഏകതാ പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയും ഭൂപരിഷ്‌കരണ നയം നിശ്ചയിക്കാന്‍ യു പി എ സര്‍ക്കാര്‍ നിശ്ചയിച്ച ദൗത്യസംഘത്തിലെ അംഗവുമായ രമേഷ് ശര്‍മ പറഞ്ഞു. പുതിയ നിയമ ഭേദഗതി, വന്‍കിട വ്യവസായസ്ഥാപനങ്ങളെയും വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളെയും മാത്രമാണ് സഹായിക്കുക എന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.

2014നു മുമ്പ് മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത്, വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടിയത്. 2009ല്‍ ആന്ധ്രാപ്രദേശാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ആന്ധ്രയെ വിഭജിച്ചുണ്ടാക്കിയ തെലങ്കാനയിലും നിയമഭേദഗതി ബാധകമാണ്. രാജസ്ഥാന്‍ 2010ലും ഹരിയാന 2011ലും നിയമ ഭേദഗതി കൊണ്ടുവന്നു. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭൂപരിഷ്‌കരണത്തില്‍ ഭേദഗതി വരുത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടി. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് (വ്യവസായ സ്ഥാപനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും) ഉപയോഗിക്കാന്‍ അനുവാദവും നല്‍കിയിരുന്നു ഇത്തരം നിയമഭേദഗതികള്‍.
ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ തോത് കൂട്ടാനും പുനരധിവാസം ഉറപ്പാക്കാനും വ്യവസ്ഥ ചെയ്ത് 2013ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് വലിയ തോതില്‍ ഭൂമി സ്വന്തമാക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇതോടെ അനുവാദം ലഭിച്ചു. ഇങ്ങനെ ഭൂമി വാങ്ങിക്കൂട്ടാന്‍ പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൂടി അനുവാദം നല്‍കി 2020ല്‍ രാജസ്ഥാന്‍ വീണ്ടും നിയമം ഭേദഗതി ചെയ്തു. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് നിയമഭേദഗതി കൊണ്ടുവന്നത്. അപ്പോഴും ചില നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. കൃഷിഭൂമി വാങ്ങുന്നയാളുടെ വാര്‍ഷിക വരുമാനം 25 ലക്ഷമെങ്കിലുമായിരിക്കണമെന്ന് വ്യവസ്ഥ വെച്ചു. എന്നാല്‍ 2020ല്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്, കൃഷിഭൂമി ആര്‍ക്കും വാങ്ങിക്കൂട്ടാവുന്ന സ്ഥിതി സൃഷ്ടിച്ചു. കൃഷിക്കാരല്ലാത്തവര്‍ക്കും ആവശ്യം പോലെ ഭൂമി വാങ്ങാന്‍ അനുവാദം നല്‍കുകയാണെന്നും ഭൂമി വാങ്ങുന്നവര്‍ ഇപ്പോള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നുമാണ് നിയമഭേദഗതി കൊണ്ടുവരുമ്പോള്‍ സംസ്ഥാന റവന്യു മന്ത്രി ആര്‍ അശോക പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലുമൊക്കെ സമാന നിയമങ്ങള്‍ കൊണ്ടുവന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. രണ്ടു സംസ്ഥാനങ്ങളിലും നിയമ ഭേദഗതി വന്നതോടെ, വലിയ നിക്ഷേപങ്ങള്‍ വന്നുവെന്നും അത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കര്‍ണാടകയിലും നിയമ ഭേദഗതി അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. ഇതിന് പിറകെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി നിലവിലുള്ളതിന്റെ ഇരട്ടിയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി യെദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെയും കര്‍ഷകരുടെ സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇതില്‍ നിന്ന് പിന്നീട് പിന്‍വാങ്ങുകയായിരുന്നു.
ഗുജറാത്ത് 2015ലാണ് നിയമം ഭേദഗതി ചെയ്യാനുള്ള ആദ്യശ്രമം നടത്തിയത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമം കേന്ദ്രം രണ്ടുതവണ തിരികെ അയച്ചു. വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും കൃഷിഭൂമി വാങ്ങിക്കൂട്ടാന്‍ അനുവാദം നല്‍കുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. പകരം ഭൂമി ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ അധികഭൂമി കൈമാറൂ എന്ന് വ്യവസ്ഥ ചെയ്ത് 2018ല്‍ ഗുജറാത്ത് നിയമഭേദഗതി പ്രാബല്യത്തിലാക്കി. വാണിജ്യാവശ്യത്തിനായി കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടുന്നത് എളുപ്പത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടുമാണെന്നാണ് തമിഴ്നാട് പറഞ്ഞത്.
2013ല്‍ ആവിഷ്‌കരിച്ച കരട് ഭൂപരിഷ്‌കരണ നയം, അഞ്ചു മുതല്‍ 15 വരെ ഏക്കര്‍ ഭൂമി കൈവശംവെക്കാന്‍ മാത്രമേ അനുവാദം നല്‍കാവൂ എന്നാണ് നിര്‍ദേശിച്ചിരുന്നത്. കൃഷിഭൂമിയുടെ നിലവാരവും ഉത്പാദനക്ഷമതയും കണക്കാക്കി സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചു. ഭൂരഹിതരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സമഗ്രമായ നയം സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കണമെന്നും ഈ കരടില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കരടില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, അത് കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത നയമായി മാറുകയുണ്ടായില്ല. ഭരണഘടനയനുസരിച്ച് ഭൂമി സംസ്ഥാന വിഷയമാകയാല്‍, ഇത് സംബന്ധിച്ച നയം രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ കേന്ദ്രത്തിന് ആകുമായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ഇതൊരു ദേശീയനയമായി അംഗീകരിക്കപ്പെടാതിരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതായതുകൊണ്ടുതന്നെ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നില്ലെന്ന് ഗ്രാമ വികസന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ ജി എല്‍ ഗുപ്ത പറഞ്ഞു.

കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി വര്‍ധിപ്പിച്ച് നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ, മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു. അതുകൊണ്ടുതന്നെ വിതരണം ചെയ്യുന്ന ഭൂമിയുടെ അളവും കുറഞ്ഞുവെന്ന് ഗുവാഹത്തിയിലെ നാഷണല്‍ ലോ അക്കാദമി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഇശ്റത് ഹുസൈന്‍ പറയുന്നു. ദീര്‍ഘകാലമെടുത്ത് നടത്തിയിരുന്ന ഇത്തരം മാറ്റങ്ങള്‍, ഇപ്പോള്‍ വളരെ വേഗം കൊണ്ടുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2015ലെ സ്ഥിതിയനുസരിച്ച് രാജ്യത്തെ കൃഷിഭൂമിയില്‍ മൂന്നിലൊന്ന് ആകെ ജനസംഖ്യയുടെ 4.9 ശതമാനത്തിന്റെ കൈവശമായിരുന്നു. അതേസമയം ഭൂപ്രഭുക്കളായവരുടെ കൈവശമുള്ളത്, നാമമാത്ര കര്‍ഷകന്റെ കൈവശമുള്ള ഭൂമിയുടെ ഏതാണ്ട് 45 മടങ്ങായിരുന്നു. ഈ അവസ്ഥ നിലനില്‍ക്കെയാണ് കൂടുതല്‍ ഭൂമി കൈവശംവെക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതികളുണ്ടായതും. ഇത്തരം നിയമ ഭേദഗതികള്‍ കൊണ്ടുവന്ന ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരഹിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്. അതില്‍തന്നെ കൂടുതലും ദളിതുകളുമാണ്. 2013ലെ കരട് ഭൂ നയത്തിലാണ് ഇക്കാര്യം പറയുന്നത്.

തമിഴ്നാട്ടില്‍ കാവേരിയുടെ തീരത്താണ് ഏറ്റവുധികം കൃഷിയോഗ്യമായ ഭൂമിയുള്ളത്. ഈ ഭൂമിയില്‍ വലിയൊരളവ്, ഭൂവുടമകള്‍ സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കുകയാണുണ്ടായതെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദളിത് ലാന്‍ഡ് റൈറ്റ്സ് മൂവ്മെന്റിന്റെ ചെയര്‍പേഴ്സണ്‍ വിന്‍സെന്റ് മനോഹരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഭൂമി സര്‍ക്കാരിന് കൈമാറി, ഭൂരഹരിതരായ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് പകരം സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിറ്റ് ലാഭമെടുക്കുകയാണ് ഭൂവുടമകള്‍ ചെയ്തത്. ഇത്തരം നിയമവിരുദ്ധ കൈമാറ്റങ്ങളെയൊക്കെ ക്രമവത്കരിച്ച് 2020 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
ഭൂമി ആവശ്യമുള്ളവരില്ലെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ നിയമഭേദഗതി പ്രാവര്‍ത്തികമാക്കിയത്. ഇതേത്തുടര്‍ന്ന് ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ള സംഘടനകള്‍ ഒരു ലക്ഷം അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിച്ചു. അത്രയും പേര്‍ ഭൂരഹിതരായി തുടരുമ്പോഴാണ് ഗുജറാത്ത് ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ത്തത് എന്നു കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. മിച്ചഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലും വിവിധ സംഘടനകള്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.

നിയമങ്ങളിലെ മാറ്റങ്ങള്‍ വന്‍കിട കമ്പനികള്‍ക്കാണ് സഹായമാകുന്നത്. മഹാരാഷ്ട്രയിലും ബംഗാളിലും കൊണ്ടുവന്ന മാറ്റങ്ങളെത്തുടര്‍ന്ന് ഭൂമി വാങ്ങിക്കൂട്ടിയതൊക്കെ റിയല്‍ എസ്റ്റേറ്റ് കമ്പനികളായിരുന്നു. വലിയ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കാനായാണ് ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയത്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ നടപ്പാക്കാനാകും വിധത്തില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്, ഇതിലൂടെ തൊഴിലവസരത്തിലുണ്ടാകുന്ന വര്‍ധനയാണ്. അതേസമയം കൃഷി ഭൂമിയുടെ വിസ്തൃതിയിലുണ്ടാകുന്ന കുറവ്, അത് ഉത്പാദനത്തിലുണ്ടാക്കുന്ന ഇടിവ് ഒക്കെ ഇന്ത്യ പോലുള്ള രാജ്യത്തെ, എത്രമാത്രം പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. അതിനൊപ്പം പ്രധാനമാണ് സ്വാതന്ത്ര്യത്തിനുശേഷം എഴുപതാണ്ട് പിന്നിട്ടിട്ടും ഭൂരഹിതരോ, നാമമാത്രമായ ഭൂമിയുടെ ഉടസ്ഥരോ ആയി തുടരുന്ന കോടിക്കണക്കിനാളുകള്‍. അവരുടെ നിലനില്‍പ്പ് നമ്മുടെ ഭരണകൂടങ്ങളുടെ അജണ്ടയില്‍ തന്നെ ഇല്ലാതാകുകയാണെന്ന് കരുതണം. അതുതന്നെയാണ് ഇപ്പോള്‍ കര്‍ഷകരുടെ രോഷത്തിന് കാരണമായ പുതിയ നിയമങ്ങളുടെ അന്തസത്തയും.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login