മലബാര്‍ പോരാട്ടങ്ങള്‍: മാപ്പിളച്ചെറുപ്പത്തിന്റെ വീരമുദ്രകള്‍

മലബാര്‍ പോരാട്ടങ്ങള്‍: മാപ്പിളച്ചെറുപ്പത്തിന്റെ വീരമുദ്രകള്‍

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളിലെ ഐതിഹാസിക അധ്യായമാണ് കേരളത്തിലെ മലബാര്‍ മേഖലയില്‍ നടന്ന സായുധ പോരാട്ടങ്ങള്‍. മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും കര്‍ഷക സമരമെന്നും മലബാര്‍ വിപ്ലവമെന്നും പല പേരുകളില്‍, പലരീതിയില്‍ ചരിത്രം രേഖപ്പെടുത്തിയ ഈ സ്വാതന്ത്ര്യസമരം അതിന്റെ നൂറാം വാര്‍ഷികത്തിലാണിപ്പോള്‍. 1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ക്ക് പുറമെ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂര്‍ ഉള്‍പ്പെടുന്ന നീലഗിരി ജില്ലയും കേന്ദ്രീകരിച്ച് നടന്ന ഈ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കാന്‍ വന്ന അധിനിവേശ ശക്തികള്‍ ഇന്ത്യന്‍ ജനതയില്‍നിന്ന് നേരിട്ട ഏറ്റവും വലിയ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു. 1920 ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ച നിസ്സഹകരണ പ്രസ്ഥാനം, കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് വിരുദ്ധ നിലപാടിന്റെ ഭാഗമായി ഇന്ത്യന്‍ മുസ്ലിംകളുടെ കാര്‍മികത്വത്തില്‍ മുന്നേറിയ ഖിലാഫത്ത് പ്രസ്ഥാനം, 1920ല്‍ രൂപവത്കരിക്കപ്പെട്ട മലബാര്‍ കുടിയാന്‍ സംഘത്തിന്റെയും മറ്റും നേതൃത്വത്തിലുള്ള കര്‍ഷക സമരങ്ങള്‍, 1792 ല്‍ തുടങ്ങിയ കര്‍ഷക പോരാട്ടങ്ങള്‍ തുടങ്ങി പല മാനങ്ങളുള്ള പ്രശ്‌നങ്ങളുടെ മേല്‍ കത്തിപ്പടര്‍ന്നതാണ് 1921ലെ മഹത്തായ മലബാര്‍ സമരം.

മാപ്പിളമാരുടെ മുന്‍കൈയിലാണ് പോരാട്ടങ്ങള്‍ നടന്നതെങ്കിലും ഹിന്ദു സമുദായത്തില്‍പെട്ട അനേകം പേര്‍ ഇതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. മലബാര്‍ സമരത്തിന്റെ ഭാഗമായ വിവിധ പോരാട്ടങ്ങളിലായി 10,000ത്തോളം പേര്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. 25,000ത്തിലധികം പേര്‍ തുറുങ്കിലടക്കപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തു. ബ്രിട്ടീഷ് ഭാഷ്യ പ്രകാരം 2324 പേര്‍ മാത്രമാണ് രക്തസാക്ഷികള്‍. ഇതേരേഖ പ്രകാരം ബ്രിട്ടീഷ് പക്ഷത്തെ ആള്‍നാശം 52 ആണ്. 132 പേര്‍ക്ക് പരിക്കേറ്റു. 1922 ഫ്രെബ്രുവരി 28 വരെ മാപ്പിള പക്ഷത്തുനിന്ന് 1652 പേര്‍ക്ക് പരിക്കേറ്റു. 5995 പേരെ അറസ്റ്റ് ചെയ്തു. 39,340 പേര്‍ കീഴടങ്ങി. 1290 പേരെ അന്തമാനിലേക്ക് നാടുകടത്തി. (ബിജുരാജ് ആര്‍.കെ 2021:13)
പ്രാദേശികമായി രൂപപ്പെട്ട ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളാണ് 1792 ല്‍ തുടങ്ങി 1921ല്‍ മൂര്‍ധന്യത്തിലെത്തിയ മലബാര്‍ വിപ്ലവ സമരത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ബ്രിട്ടീഷുകാര്‍ക്ക് ഒരു ഘട്ടത്തില്‍ മലബാറില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നതും താഴെതട്ടില്‍ രൂപപ്പെട്ട ഇത്തരം പ്രതിരോധ സംരംഭങ്ങളുടെ പോരാട്ടവീര്യം അറിഞ്ഞതുകൊണ്ടായിരുന്നു. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പൊന്നാനിയിലെയും കോഴിക്കോട്ടെയും ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ പോരാളിക്കൂട്ടമുണ്ടായിരുന്നു. അവരില്‍ യുവാക്കളും കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരും മതപണ്ഡിതരും കൃഷിക്കാരും തൊഴിലാളികളും വയോധികരും സ്ത്രീകളുമെല്ലാമുണ്ടായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ആബാലവൃദ്ധം മനുഷ്യരുടെയൊന്നാകെ സമരവീര്യമാണ് 1921 നെ ജ്വലിപ്പിച്ചുനിര്‍ത്തിയത്. മലബാര്‍ പോരാട്ടങ്ങളെ കുറിച്ച്, അത് ഉല്‍പാദിപ്പിച്ച സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളെ കുറിച്ച്, സമരത്തിന്റെ ആശയപരിസരങ്ങളെ കുറിച്ച് സൂക്ഷ്മവിശകലനങ്ങള്‍ നടക്കുന്ന\നടക്കേണ്ടുന്ന ഈ സന്ദര്‍ഭത്തില്‍ പ്രായം, ലിംഗം, തൊഴില്‍, സാമൂഹികപദവി, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടി, സമൂഹത്തിന്റെ ഒരോ വിഭാഗത്തിന്റെയും സമരത്തിലെ പ്രാതിനിധ്യത്തെ കുറിച്ച് സൂക്ഷ്മ അന്വേഷണങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. മലബാര്‍ പോരാട്ടങ്ങളിലെ യുവാക്കളുടെയും കുട്ടികളുടെയും വര്‍ധിച്ച പ്രാതിനിധ്യത്തെയാണ് ഇവിടെ വിശകലന വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നത്.

മലബാര്‍ പോരാളികളിലെ മഹാഭൂരിപക്ഷവും യൗവനാരംഭത്തിലാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവഴിയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പതിനഞ്ചും ഇരുപതും വയസ്സുള്ള നൂറുകണക്കിന് പേര്‍ അക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് മുന്നില്‍ പ്രധാനമായും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന്. ഒന്നിലും ഇടപെടാതെ കഴിയുക. രണ്ട്, പിറന്ന മണ്ണ് കൊള്ളയടിക്കാന്‍ വന്ന ദുശ്ശക്തികള്‍ക്കെതിരെ രണ്ടും കല്‍പ്പിച്ച് സമരത്തിനിറങ്ങുക. രണ്ടാമത്തെ, വഴി തിരഞ്ഞെടുക്കുകയായിരുന്നു അവര്‍. അതാവട്ടെ, അങ്ങേയറ്റം ദുര്‍ഘടവും ക്ലേശകരവുമായിരുന്നു. മരണമുറപ്പിച്ചുള്ള പടപ്പുറപ്പാടായിരുന്നു അവരുടെത്. ആയുധ ശേഷിയിലും സൈനിക ശേഷിയിലും എത്രയോ മടങ്ങ് കേമന്‍മാരായ, ലോകത്തിലെ ഏറ്റവും വമ്പന്‍മാരായ സാമ്രാജ്യത്വ ശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന നല്ല ബോധ്യം അവര്‍ക്കുണ്ടായിരുന്നു. കേവല ആവേശ പ്രകടനമായിരുന്നില്ല അവരുടെത്. ആരോടാണ് പോരാടുന്നത്, അവര്‍ എത്ര വലിയ ശക്തികളാണ്, എന്തിനാണ് പോരാടുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മരണമുറപ്പിച്ചുള്ള പുറപ്പാടുകളായിരുന്നു അവരുടെതെന്ന് പറയുന്നത്. വീട്ടുകാരോടുള്ള അവരില്‍ പലരുടെയും അവസാന വാക്കുകള്‍ അതിന്റെ തെളിവുകളാണ്. മരണഭയം അവരെ ഒട്ടും അലട്ടിയിരുന്നില്ല. തനിക്ക് ശേഷം തന്റെ ബാക്കിയുള്ളവര്‍ക്ക് ആരുണ്ട് എന്ന ആകുലതയെ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം കൊണ്ടാണ് അവര്‍ മറികടന്നത്. നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കി, ഈ നാടിനെ അടക്കി ഭരിച്ച വൈദേശിക ശക്തികളെ ഈ നാട്ടില്‍നിന്ന് തുരത്തുക എന്ന ലക്ഷ്യത്തില്‍ മറ്റു താല്‍പര്യങ്ങളെല്ലാം അവര്‍ മാറ്റിവെച്ചു. പരിമിതികളിലും ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിക്കാന്‍ തക്ക പോരാട്ടവീര്യം അവര്‍ പുറത്തെടുത്തു.

എന്തുകൊണ്ട് ചെറുപ്പക്കാര്‍
1792ല്‍ ടിപ്പു സുല്‍ത്താന്റെ പതനത്തോടെ മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്നു. ടിപ്പു സുല്‍ത്താന്‍ മലബാറില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ, സാമൂഹിക പരിഷ്‌കരണ നടപടികള്‍ ബ്രിട്ടീഷുകാര്‍ റദ്ദാക്കി. ഇവിടെ നിലനിന്നുപോന്ന കാര്‍ഷിക വ്യവസ്ഥയെ അട്ടിമറിച്ച് ജന്മിമാര്‍ക്കും നാടുവാഴിമാര്‍ക്കും അനുകൂലമായി അവര്‍ തിരുത്തിയെഴുതി. കുടിയാന്‍മാരില്‍നിന്ന് ജന്മിമാര്‍ അന്യായമായി സ്വരൂപിക്കുന്ന പണത്തിലെ പങ്കുപറ്റിയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ മേല്‍ അനിയന്ത്രിത നികുതി ഈടാക്കിയും ബ്രിട്ടീഷുകാര്‍ തടിച്ചുകൊഴുത്തു. അന്ന് തുടങ്ങുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ നമ്മുടെ പൂര്‍വികരുടെ പോരാട്ടം. കുടിയൊഴിപ്പിക്കല്‍, നികുതിഭാരം അടക്കമുള്ള നീതിനിഷേധങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമിരയായ മാപ്പിള ദലിത് കര്‍ഷകരും മറ്റു കീഴാള ജനവിഭാഗങ്ങളും സമരത്തിനിറങ്ങി. മാപ്പിള നേതാക്കളായിരുന്ന അത്തന്‍ കുരിക്കള്‍, ചെമ്പന്‍ പോക്കര്‍, ഉണ്ണി മൂസ മൂപ്പന്‍, ഹ്രൈദ്രോസ് കുട്ടി മൂപ്പന്‍, പുലത്ത് ചേക്ക് മൂപ്പന്‍ തുടങ്ങിയവരെല്ലാം ആ പോരാട്ടങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ നായകത്വം വഹിച്ചു. ഇങ്ങനെ 1919 വരെ നീണ്ടുനിന്ന ചെറുതും വലുതുമായ അസംഖ്യം കര്‍ഷകപ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു യഥാര്‍ഥത്തില്‍ 1921 ലെ മഹത്തായ സമരം.

ബ്രിട്ടീഷുകാരും ജന്മിമാരും സൃഷ്ടിച്ച പുതിയ സാമൂഹിക ക്രമത്തില്‍ സാമൂഹികമായും സാമ്പത്തികമായും തൊഴില്‍പരമായും തൂത്തെറിയപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, നിരന്തര അപമാനത്തിനും ചൂഷണത്തിനും അവഹേളനത്തിനും ഇരകളായ മാപ്പിള, കീഴാള ജനവിഭാഗത്തിന്റെ രണ്ടും കല്‍പ്പിച്ചുള്ള പടപ്പുറപ്പാടുകളായിരുന്നു അവയോരോന്നും. 1836 മുതല്‍ 1919 വരെയുള്ള പോരാട്ടങ്ങളിലെ മാപ്പിള പങ്കാളിത്തത്തെ കുറിച്ച സൂക്ഷ്മവിവരങ്ങള്‍, പോരാളികളുടെ പ്രായം, തൊഴില്‍, സാമൂഹിക സാഹചര്യങ്ങള്‍ എന്നിവയടക്കം വിശദാംശങ്ങള്‍ ബ്രിട്ടീഷുകാര്‍ തന്നെ രേഖപ്പെടുത്തിട്ടുണ്ട്. ഇവയില്‍നിന്ന് പൊതുവായി മനസ്സിലാകുന്ന കാര്യം, പോരാളികളില്‍ ഭൂരിഭാഗവും ചെറുപ്പക്കാര്‍ ആയിരുന്നു എന്നതാണ്. ഭൂരിഭാഗവും കര്‍ഷക തൊഴിലാളികളും ചന്തകളില്‍ കൂലിക്ക് ചുമടെടുക്കുന്നവരും മറ്റു കൂലിതൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നവരുമായിരുന്നു. ജീവനും ജീവിതവും ഗുരുതര പ്രതിസന്ധികളില്‍ അകപ്പെട്ടപ്പോഴാണ് അന്തിമസമരത്തിനായി അവര്‍ ഒരുങ്ങിയിറങ്ങുന്നത്.
(തുടരും)

ഷെബീന്‍ മഹ്ബൂബ്

You must be logged in to post a comment Login