‘മുസ്ലിംകള്‍ക്ക് കൊടുക്കില്ല’

‘മുസ്ലിംകള്‍ക്ക് കൊടുക്കില്ല’

രാജ്യത്തെ മുസ്ലിംകള്‍ നേരിടുന്ന വിവേചനത്തിന്റെ പുതിയ രീതിയെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായി ആര്‍ട്ടിക്കിള്‍ 14 എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടു. ഡല്‍ഹിയിലും മുംബൈയിലും മുസ്ലിംകള്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ഉടസ്ഥര്‍ വിസമ്മതിക്കുന്നതിനെക്കുറിച്ചാണ് പഠനം. വീട് വാടകക്കെടുത്ത് നല്‍കുന്ന ബ്രോക്കര്‍മാര്‍ പോലും മുസ്ലിംകളാണെങ്കില്‍ ഒഴിവാക്കി വിടും. ഇല്ലെങ്കില്‍ മുസ്ലിംകളുടെ ഉടസ്ഥതയിലുള്ള വീടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിക്കും. സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ വിജയം കാണുന്ന ഇടങ്ങളെന്ന നിലയ്ക്കും മുസ്ലിം സമുദായത്തെ ഒന്നാകെ ഭീകരവാദികളായി ചിത്രീകരിച്ച് ഭീതിപടര്‍ത്തുന്നതില്‍ വിജയിച്ച ഇടങ്ങളെന്ന നിലയ്ക്കും ഇത്തരം പ്രവണത അത്രയൊന്നും അത്ഭുതപ്പെടുത്തുന്നില്ല. അത്രയൊന്നും വര്‍ഗീയവത്കരിക്കപ്പെട്ടിട്ടില്ലെന്ന് നമ്മള്‍ ഇപ്പോഴും അഭിമാനിക്കുന്ന കേരളത്തില്‍ ഒന്നര ദശാബ്ദം മുമ്പുണ്ടായ അനുഭവമാണ് ആര്‍ട്ടിക്കിള്‍ 14ന്റെ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഓര്‍മവന്നത്.

ഒന്നുണ്ടായത് കോഴിക്കോട്ടാണ്. അത്രയും നാള്‍ താമസിച്ചുവന്ന വാടക വീടൊഴിഞ്ഞു, ഓഫീസിനടുത്ത് മറ്റൊരു വീട് കിട്ടിയപ്പോള്‍ സാധനങ്ങളൊക്കെ മാറ്റി, കണക്കുതീര്‍ത്ത് കൈ കൊടുക്കുമ്പോള്‍, പരിചയത്തിലാര്‍ക്കെങ്കിലും വാടകവീട് വേണമെങ്കില്‍ പറയണമെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് അല്‍പം ശബ്ദം താഴ്ത്തി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു – ‘മുസ്ലിംകള്‍ക്ക് കൊടുക്കില്ല കേട്ടോ’. ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞുകാണണം. ജോലിയില്‍ പുതിയ ലാവണം. നഗരം കൊച്ചി. സ്‌കൂള്‍ – കോളജ് കാലമൊക്കെ കൊച്ചിയിലായിരുന്നു. പരിചിതമായ നഗരമെന്ന സന്തോഷം. താമസിക്കാന്‍ സ്ഥലം തേടിയത്, കുട്ടിക്കാലമാഘോഷിച്ച ഇടപ്പള്ളിക്കടുത്തായിരുന്നു. പല വീടുകള്‍ കണ്ടു. ഇഷ്ടപ്പെട്ടതിന്റെ ഉടമസ്ഥനോട് വാടകയിലൊന്ന് വിലപേശാന്‍ ബ്രോക്കറെ ചുമതലപ്പെടുത്തി. ഉടമയുമായി സംസാരിച്ച് തിരിച്ചെത്തിയ ബ്രോക്കര്‍, ആദ്യം പറഞ്ഞത് അത് നടക്കില്ല ചേട്ടാ എന്നായിരുന്നു. വാടക കുറയ്ക്കാത്തതാകും പ്രശ്നമെന്ന് കരുതി അവര് പറയുന്ന തുക കൊടുക്കാമെന്ന് മറുപടി നല്‍കി. അവര്‍ വീട് മുസ്ലിംകള്‍ക്ക് കൊടുക്കില്ല, അതാ പ്രശ്നമെന്ന് ബ്രോക്കര്‍. പേര് കേട്ടപാതി അയാള്‍ എന്റെ മതം ഉറപ്പിച്ചതാകണം!

ഒരു സൗഹൃദ സദസ്സില്‍, ഈ രണ്ട് സംഭവങ്ങള്‍ വിവരിച്ചപ്പോള്‍, സമാന അനുഭവങ്ങള്‍ പങ്കുവെച്ചു കൂട്ടത്തിലെ ചിലര്‍. വര്‍ഗീയതയുടെ വിഷം ഇത്രത്തോളം കലരാതിരുന്ന കാലത്ത് തന്നെ മുസ്ലിംകളെ അകറ്റിനിര്‍ത്തണമെന്ന ബോധം ചെറുതായെങ്കിലുമുണ്ടായിരുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്രാധികാരം ഒറ്റയ്ക്ക് പിടിക്കുകയും തുടര്‍ഭരണം സാധ്യമാകുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ കൂടുതല്‍ വിതയ്ക്കുകയും ചെയ്തതോടെ സാഹചര്യം കൂടുതല്‍ വഷളായിട്ടുണ്ടാകണം. രാജ്യവിഭജനത്തിന് കാരണക്കാരായവര്‍, തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ വക്താക്കള്‍, തികഞ്ഞ യാഥാസ്ഥിതികര്‍ എന്നിങ്ങനെ പല നിലയ്ക്കുള്ള മുദ്രയടിക്കലുകള്‍ക്ക് വിധേയരാക്കി, രാജ്യത്ത് മുസ്ലിംകളെ അപരവത്കരിക്കുകയോ ശത്രുപക്ഷത്ത് നിര്‍ത്തുകയോ ചെയ്യാന്‍ തീവ്ര ഹിന്ദുത്വ വാദികള്‍ നേരത്തെതന്നെ ശ്രമം തുടങ്ങിയിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ മുസ്ലിംകള്‍, ഒരുമിച്ചുതാമസിക്കുന്ന സ്ഥിതിയുണ്ടായത് അതുകൊണ്ടാണ്. ഇതര മേഖലകളില്‍ താമസിച്ചിരുന്നവര്‍ പോലും, സ്വന്തം സ്ഥലം ഉപേക്ഷിച്ച് സമുദായസാന്നിധ്യമുള്ള ഇടങ്ങളിലേക്ക് നീങ്ങേണ്ട സ്ഥിതിയുണ്ടായി. രാഷ്ട്രീയ സ്വയം സേവക് സംഘ്, ആസൂത്രിതമായി സംഘടിപ്പിച്ച വര്‍ഗീയസംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുക കൂടി ചെയ്തതോടെ ഈ പ്രവണത കൂടി.

നിയമവും സൈക്കോളജിയുമൊക്കെ പഠിച്ച ആളുകളെ ഉപയോഗിച്ച് 2017 മുതല്‍ 2019 വരെയാണ് ആര്‍ട്ടിക്കിള്‍ 14 പഠനം നടത്തിയത്. ഡല്‍ഹിയിലെയും മുംബൈയിലെയും ഏഴ് പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത്. ഇവിടെ ദീര്‍ഘകാലം ചെലവിട്ട്, നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി. വിവിധ സാമൂഹിക, സാമ്പത്തിക വിഭാഗങ്ങളില്‍പെട്ടവരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. രണ്ട് നഗരങ്ങളിലുമായി 340 പേരുടെ വിശദമായ അഭിമുഖം ഇവര്‍ രേഖപ്പെടുത്തി. ഇതില്‍ 199 പേര്‍ ദല്ലാളുമാരാണ്. 31 പേര്‍ കെട്ടിട ഉടമകളും. വാടകയ്ക്ക് ഇടം തേടിയ 97 മുസ്ലിംകളുടെ അഭിമുഖവും എടുത്തിരുന്നു.
മതത്തിന്റെ പേരിലുള്ള വിവേചനം വളരെ വ്യക്തമായിരുന്നുവെന്നാണ് പഠനത്തിന്റെ റിപ്പോര്‍ട്ട്. വാടകയ്ക്ക് ഇടം തേടിയെത്തുന്നവര്‍ക്ക്, ദല്ലാളുമാരാണ് ഏക വാതില്‍. അവരാണ് കെട്ടിട ഉടമകളുമായി ആശയവിനിമയം നടത്തുകയും കരാറുറപ്പിക്കുകയും ചെയ്യുന്നത്. ഡല്‍ഹിയിലും മുംബൈയിലും മുസ്ലിംകള്‍ക്ക് വേണ്ടി ഇടം അന്വേഷിക്കാന്‍ മെനക്കെടാറില്ലെന്ന് ദല്ലാളുമാരില്‍ പലരും തുറന്നുസമ്മതിച്ചു. കെട്ടിട ഉടമകളുടെ താത്പര്യം പരിഗണിക്കാതെ ദല്ലാളുമാര്‍ തന്നെ ഒഴിവാക്കുന്നതും അപൂര്‍വമല്ല. മുസ്ലിംകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് തന്നെ അത്തരമൊരു ചിന്തയുണ്ടെന്ന് ചിലര്‍ പറഞ്ഞു. മുസ്ലിംകളൊരു ബാധ്യതയാണെന്നാണ് ഇവരുടെ പക്ഷം. ദല്ലാളുമാരില്‍ തന്നെ മതപരമായ വിവേചനമുണ്ട്. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് പ്രവര്‍ത്തിക്കാറില്ല. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാകാത്തത് എന്ന് അവരോട് ചോദിക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മുസ്ലിംകളായ ദല്ലാളുമാര്‍ ചോദിച്ചത്. പാകിസ്ഥാനികളോ ബംഗ്ലാദേശികളോ ആയാണ് തങ്ങളെ അവര്‍ കാണുന്നത് എന്ന് ഡല്‍ഹിയിലെ ഒരു ദല്ലാള്‍ പറഞ്ഞു. മറ്റുള്ളവര്‍ കാണ്‍കെ അവര്‍ വിട്ടുനില്‍ക്കും. രാത്രിയാകുമ്പോള്‍ ഒരുമിച്ച് കൂടി, ബിരിയാണി കഴിക്കുന്നതിന് അവര്‍ക്ക് ബുദ്ധിമുട്ടുമില്ല – ഡല്‍ഹി ലക്ഷ്മി നഗറിലെ ഒരു മുസ്ലിം ദല്ലാള്‍ പറഞ്ഞു.

മംഗള്‍ ബസാര്‍ മേഖലയിലെ ഒരു ഹിന്ദു ദല്ലാള്‍ പറഞ്ഞത് ഇങ്ങനെയാണ് – ‘ഒരു കെട്ടിട ഉടമയും മുസ്ലിംകള്‍ക്ക് സ്ഥലം നല്‍കാന്‍ ഇഷ്ടപ്പെടുന്നില്ല. പിന്നെയെന്തിനാണ് ഞങ്ങള്‍ വെറുതെ സമയം കളയുന്നത്?’ മുസ്ലിംകളാണെങ്കില്‍ പറ്റില്ലെന്ന് നേരിട്ട് പറയുന്നവര്‍ കുറവാണ്. എന്നാല്‍ വാടകയക്ക് ഇടം ചോദിക്കുന്നത് മുസ്ലിംകളാണെന്ന് കണ്ടാല്‍, സമയം വൈകിപ്പിക്കുകയാണ് ഇവര്‍ ചെയ്യുക. കൃത്യമായി മറുപടി നല്‍കാതിരിക്കുകയോ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ ചെയ്യും. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് മനസിലാകും.

1992 – 93 കാലത്ത് വലിയ വര്‍ഗീയകലാപത്തിന് വേദിയായ മുംബൈയില്‍ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. വാടകയ്ക്ക് ഇടം നോക്കുന്നയാളുടെ ബജറ്റിനൊപ്പം പ്രധാനമാണ് ഇവിടെ മതം. ഹിന്ദുക്കളാണെങ്കില്‍ ഹിന്ദുക്കളുടെ ഏരിയയില്‍ വാടകയ്ക്ക് ഇടം നോക്കും. മുസ്ലിംകളാണെങ്കില്‍ തിരിച്ചും. അതാണ് മുംബൈയിലെ ദല്ലാളുമാരുടെ പതിവ്. അതൊരു വിവേചനമായി ഇവര്‍ കാണുന്നേയില്ല! ഭീകരവാദിയാകാന്‍ സാധ്യതയുള്ളയൊരാള്‍ക്ക് വീട് വാടകയ്ക്ക് കൊടുത്ത് പുലിവാല് പിടിക്കുന്നത് എന്തിനെന്ന തോന്നലാണ് പലരെയും ഭരിക്കുന്നത്. അതങ്ങനെ വെറുതെയുണ്ടായതുമല്ല. തീവ്രഹിന്ദുത്വം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ ഫലമാണ്. ഭീകാരാക്രമണങ്ങള്‍ക്ക് തൊട്ടുപിറകെ, അതിന്റെ ഉത്തരവാദിത്തം ഏതെങ്കിലുമൊരു മുസ്ലിം സംഘടനയുടെ മേല്‍ ചുമത്തി, ഏതെങ്കിലും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്ന അന്വേഷണ സംവിധാനങ്ങളുള്ളതിന്റെ കൂടി ഫലമാണ്. വിചാരണയ്ക്കൊടുവില്‍ ഇവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്ന് ബോധ്യപ്പെടും. അതാണ് ഭൂരിഭാഗം കേസുകളുടെയും ചരിത്രം. ആക്രമണം നടത്തിയത് തീവ്രഹിന്ദുത്വ സംഘടനകള്‍ തന്നെയാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്യും. എങ്കിലും ഭീകരവാദികളെന്ന മുദ്ര മുസ്ലിംകളുടെ ചുമലില്‍ കിടക്കും! ഈ സാഹചര്യമാണ് ‘ഭീകരവാദി’കള്‍ക്ക് വാടകയ്ക്ക് ഇടം നല്‍കേണ്ടതില്ലെന്ന തോന്നലിലേക്ക് ആളുകളെ എത്തിക്കുന്ന മുഖ്യഘടകം.
പൊതുഇടങ്ങളില്‍ ഇടം കിട്ടണമെങ്കില്‍ മുസ്ലിംകള്‍ക്ക് മുന്നില്‍ ചില ഉപാധികളുണ്ട്. അവരുടെ വ്യക്തിവിവരങ്ങള്‍ ഉയര്‍ന്നുനില്‍ക്കണം. ഉന്നത ഉദ്യോഗങ്ങളിലുള്ളവരാകണം, ഉന്നതരുമായി ബന്ധങ്ങളുള്ളവരാകണം, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാകണം. അതൊക്കെയാണെങ്കിലും മുസ്ലിംകളാണെങ്കില്‍ രണ്ടായിരമോ മൂവായിരമോ രൂപ വാടകയിനത്തില്‍ അധികം നല്‍കുകയും വേണം. ഇടം കണ്ടെത്താനുള്ള അന്വേഷണമിങ്ങനെ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കെട്ടിടയുടമ ആവശ്യപ്പെടുന്നതെത്രയോ അത് നല്‍കാന്‍ മുസ്ലിംകള്‍ സന്നദ്ധരാകുകയും ചെയ്യുമെന്ന് ദല്ലാളുമാര്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവുമൊക്കെയുണ്ടെങ്കിലും ചിലപ്പോള്‍, മുസ്ലിംമായതുകൊണ്ട് ഇടം നിഷേധിക്കപ്പെട്ടേക്കാം. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഏരിയയില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ഫ്ളാറ്റ് സ്വന്തമാക്കാന്‍ സിവില്‍ സര്‍വീസിലുള്ള മുസ്ലിം ദമ്പതികള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് മൂന്ന് മാസത്തോളമാണ്. അതും പലതരത്തിലുള്ള ചോദ്യോത്തരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം. മുസ്ലിം കുടുംബങ്ങളിലെ ആണ്‍ കുട്ടികള്‍, പെണ്‍കുട്ടികളെ കളിയാക്കുമെന്നതുപോലുള്ള ന്യായങ്ങള്‍ നിരത്തി, ഇടം നിഷേധിക്കുന്നതും കുറവല്ല. ഇവ്വിധമുള്ള കളിയാക്കലുകള്‍ ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടത് കൊണ്ടുണ്ടാകുന്നതല്ലെന്ന് ആലോചിക്കാനുള്ള വിവേകം പോലും നഷ്ടപ്പെടും വിധത്തില്‍ വര്‍ഗീയാന്ധ്യം നമ്മുടെ സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുന്നുവെന്നതാണ് വസ്തുത.

ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുതകും വിധത്തിലുള്ള വ്യവസ്ഥയൊന്നും രാജ്യത്തെ നിയമങ്ങളിലില്ല എന്നതുമൊരു വസ്തുതയാണ്. അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുമ്പോള്‍ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ മഹാരാഷ്ട്ര പോലെ ചില സംസ്ഥാനങ്ങളിലുണ്ട്. ആ നിയമം നിലനില്‍ക്കെ തന്നെയാണ് മുംബൈ പോലുള്ള നഗരങ്ങളില്‍ വലിയ വിവേചനം ഉണ്ടാകുന്നതും. മറ്റ് സമുദായാംഗങ്ങള്‍ക്ക് വീട് വില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹൗസിംഗ് സൊസൈറ്റികള്‍ക്ക് അധികാരമുണ്ടെന്ന വിചിത്രമായ ഉത്തരവ് 2005ല്‍ നമ്മുടെ പരമോന്നത കോടതി പുറപ്പെടുവിക്കുകയും ചെയ്തു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും (2006) തുല്യാവസര കമ്മീഷന്റെ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടും (2008) ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ വേണമെന്ന് ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.

ജോലി സ്ഥലം മാറിയതു കൊണ്ട് ഡല്‍ഹിയിലോ മുംബൈയിലോ എത്തിയ ശേഷം വാടകയ്ക്ക് ഇടം കിട്ടാതെ ബുദ്ധിമുട്ടിയ കാര്യം സര്‍വേയില്‍ പങ്കെടുത്ത നിരവധി മുസ്ലിംകള്‍ സര്‍വേയില്‍ വെളിപ്പെടുത്തി. മുസ്ലിമാണെന്നത് മറച്ചുവെച്ച് ഇടം കണ്ടെത്തിയവരുമുണ്ട്. മറ്റൊരിടം കണ്ടെത്തുംവരെ സ്വന്തം വ്യക്തിത്വം മറച്ചുവെക്കാന്‍ ഏറെ പ്രയാസപ്പെട്ട കഥ പറഞ്ഞു ചിലര്‍.
നമ്മുടെ രാജ്യത്ത് തീവ്രഹിന്ദുത്വ വര്‍ഗീയത, എത്ര ആഴത്തില്‍ വേരാഴ്ത്തിയിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇതൊക്കെ. പുതിയ കാലത്ത് ഈ പ്രവണത കൂടിവരാനേ സാധ്യതയുള്ളൂ. വിവേചനം കൂട്ടാനും വെറുപ്പ് വളര്‍ത്താനും സകലശ്രമവും നടത്തുന്നവര്‍ രാജ്യാധികാരം കൈയാളുമ്പോള്‍ പ്രത്യേകിച്ചും. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാകുകയും ദേശീയ പൗരത്വപ്പട്ടിക തയാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍, രാജ്യത്തുനിന്ന് പുറന്തള്ളപ്പെടേണ്ടവരാണ് മുസ്ലിംകളെന്ന ചിന്ത വ്യാപിപ്പിക്കുക കൂടിയാണ് സംഘപരിവാരം ചെയ്യുന്നത്. ചുരുങ്ങിയപക്ഷം, ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അനുഭവിക്കാന്‍ യോഗ്യരല്ലാത്ത, രണ്ടാംകിടക്കാരാണെന്ന പ്രതീതിയെങ്കിലും ജനിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ വിവേചനം കൂടാനാണ് സാധ്യത.

എസ് സനൂജ്

You must be logged in to post a comment Login