അതിനിടെ മ്യാന്‍മറില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുമുണ്ട്

അതിനിടെ മ്യാന്‍മറില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുമുണ്ട്

മ്യാന്‍മറില്‍, ബര്‍മയെന്നും റംഗൂണെന്നുമെല്ലാം നാം പറഞ്ഞ് ശീലിച്ച മലയാളിയുടെ പഴയ ആ പ്രവാസലോകത്ത് മനുഷ്യര്‍ വീണ്ടും കൊല്ലപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് യു എ ഖാദറിനെയാണ്. രണ്ടുദേശങ്ങളെ ശരീരത്തില്‍ വഹിച്ച മനുഷ്യനായിരുന്നു യു എ ഖാദര്‍. ഒരുപക്ഷേ, മലയാളി വേണ്ട രൂപത്തില്‍ ഇനിയും വായിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മഹാനായ എഴുത്തുകാരന്‍. ദേശമായിരുന്നു യു എ ഖാദറിന്റെ പ്രതിസന്ധി. ഔപചാരികമായ ഒരു കൂടിക്കാഴ്ചയുടെ അനൗപചാരികമായ ഒടുക്കത്തില്‍ ഖാദര്‍ക്ക ദേശം എന്ന അനുഭവത്തെ കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ദേശനഷ്ടം എന്ന അവസ്ഥയില്‍ നിന്ന് ഭാവനാദേശത്തെ സൃഷ്ടിക്കാന്‍ ഒരെഴുത്തുകാരന്‍ നടത്തുന്ന മഹാശ്രമങ്ങള്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അന്നും ബര്‍മ അഥവാ മ്യാന്‍മര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മ്യാന്‍മറിന്റെ ജനാധിപത്യ പ്രതീക്ഷകളുടെ അവസാന തുരുത്തായിരുന്നല്ലോ ആങ് സാന്‍ സൂക്കിയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസിയും. നീണ്ട നാളത്തെ വീട്ടുതടങ്കല്‍ സൂക്കിയെ ലോകത്തിന്റെ പോരാളിയാക്കി മാറ്റിയിരുന്ന കാലമോര്‍ക്കുമല്ലോ? 2015-ല്‍ പട്ടാള ഭരണകൂടം സൂക്കിയുടെ പാര്‍ട്ടിക്ക് അധികാരം ഭാഗികമായി കൈമാറിയിരുന്നു. മ്യാന്‍മറില്‍ ജനാധിപത്യം പതിയെ തളിര്‍ക്കാന്‍ തുടങ്ങിയെന്ന് നാം കരുതുകയും ചെയ്തു. മൂന്ന് കൊല്ലങ്ങള്‍ക്കിപ്പുറം 2018-ല്‍ ആ പ്രതീക്ഷകള്‍ക്ക് മീതെ ചോര ചീന്തി. പൗരത്വ നിയമം കൊടുവാളുകളുമായി റോഹിംഗ്യകള്‍ക്ക് മീതെ മരണനൃത്തം ചെയ്തു. ലോകചരിത്രത്തിലെ ഏറ്റവും ഭയാനകമായ പലായനങ്ങള്‍. ദേശമില്ലാതായിപ്പോയ ലക്ഷക്കണക്കിന് മനുഷ്യര്‍. ഒരു കൊച്ചു രാജ്യം മനുഷ്യരെ മരണത്തിലേക്ക് വലിച്ചെറിയുന്നതിന് നാം സാക്ഷികളായി. റോഹിംഗ്യന്‍ വംശഹത്യയെക്കുറിച്ച് ഖാദര്‍ക്ക ആ കൂടിക്കാഴ്ചയില്‍ പറഞ്ഞതിങ്ങനെയാണ്: ‘ഭാഗിക ജനാധിപത്യം എന്ന ഒന്നില്ല. ദുഷിച്ച ഓര്‍മകളുണ്ട് ബര്‍മക്ക്. അവസരം കിട്ടിയാല്‍ ആ ഓര്‍മകള്‍ തേറ്റകളുമായി വേട്ടക്കിറങ്ങും.’ രണ്ടേ രണ്ടു വാചകങ്ങള്‍. ആ സംഭാഷണം തുടര്‍ന്നില്ല. മഹാനായി മാറിയ ആ പഴയ ബര്‍മന്‍ അഭയാര്‍ഥി കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തോന്നി.
ദുഷിച്ച ഓര്‍മകള്‍ തേറ്റകളുമായി വേട്ടക്കിറങ്ങുന്ന ദേശമാണ് മ്യാന്‍മര്‍. സൂക്കിക്കും പാര്‍ട്ടിക്കും പട്ടാളം അനുവദിച്ച ഭാഗിക ജനാധിപത്യം പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അവകാശപോരാട്ടത്തിന്റെയും മഹാമാതൃകയായി ലോകം വാഴ്ത്തിയ ആങ് സാന്‍ സൂക്കി, ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യക്ക് ശബ്ദ (നിശബ്ദം അല്ല) സാക്ഷിയായത് ലോകം നടുക്കത്തോടെ കണ്ടു. അതേ. ഭാഗികമായ ജനാധിപത്യം എന്ന ഒന്നില്ല.

മനുഷ്യരെ സംരക്ഷിക്കുന്നതില്‍, അവരോട് നീതി ചെയ്യുന്നതില്‍ സൂക്കി ഭരണകൂടം വരുത്തിയ അക്ഷന്തവ്യമായ വീഴ്ചയില്‍ നിന്നാണ് ഇപ്പോള്‍ മ്യാന്‍മറില്‍ വീണ്ടും വെടിയുതിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാഗിക ജനാധിപത്യത്തെ വീണ്ടും കടപുഴക്കി പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നല്ലോ? അതിനെതിരെ ജനത സ്വാഭാവികമായും തെരുവിലിറങ്ങി. തലങ്ങും വിലങ്ങും അവര്‍ ആക്രമിക്കപ്പെട്ടു. ഏത് തോക്കും കുഞ്ഞുങ്ങളുടെ മുന്നില്‍ ബാരല്‍ താഴ്ത്തും. ലോകത്തെ വലിയ ബുദ്ധിസ്റ്റ് രാജ്യത്തിന്റെ പട്ടാളം പക്ഷേ, കുട്ടികളെയും കൊന്നു. അതും ഓടിരക്ഷപ്പെടാന്‍ കരഞ്ഞലറി കുതറിയ കുഞ്ഞുങ്ങളെ പിന്നിലൂടെയെത്തി വെടിവെച്ചു കൊന്നു. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടുകാണും എന്ന് അനൗദ്യോഗിക കണക്ക്. ഈ കുറിപ്പ് എഴുതുമ്പോഴും വെടിയൊച്ച നിലക്കുന്നില്ല. പക്ഷേ, ലോകം നിശബ്ദമാണ്. തൊട്ടയലത്താണ് നമ്മള്‍, ഇന്ത്യ. ചരിത്രപരമായി നമ്മുടെ ആത്മാവിന്റെ കൂടി അയല്‍ദേശമാണ് ബര്‍മ. ബര്‍മയില്‍ വെടിപൊട്ടിയാല്‍ മണിപ്പൂരിലും ബംഗാളിലും നിലവിളി ഉയരും. അത്ര അടുത്തായിട്ടും ഇന്ത്യ നിശബ്ദമാണ്. മറ്റൊരയല്‍ദേശമാണ് വന്‍ ശക്തിയായ ചൈന. പട്ടാളത്തോട് ഇനിയും കൊല്ലൂ എന്നാണ് ചൈന പറയുന്നത്. ഫലം ആ കൊച്ചുരാജ്യത്ത് നിലവിളികള്‍ ഒടുങ്ങുന്നില്ല.

ദുഷിച്ച ഓര്‍മകളുടെ ദംഷ്ട്രകള്‍ എന്ന് പറഞ്ഞല്ലോ? അതിലേക്കു വരാം. അതിന് മുന്‍പ് ഖിന്‍മയോ ചിത്തിനെ ഓര്‍ക്കാം. നിങ്ങള്‍ നാപ്പാം പെണ്‍കുട്ടി എന്ന് ചരിത്രം പേരിട്ട് വിളിച്ച പെണ്‍കുട്ടിയെ മറന്നിട്ടുണ്ടാവില്ല. നിക്ക് ഉട്ട് എന്ന വിഖ്യാത ഫോട്ടോഗ്രാഫര്‍ വിയറ്റ്‌നാമില്‍ നിന്ന് പകര്‍ത്തിയ ആ ഉള്ള് പൊള്ളിക്കും പടത്തിലെ പെണ്‍കുട്ടി. പിന്നില്‍ ആര്‍ത്തലച്ച് പൊട്ടി ഉയരുന്ന ബോംബ്. അത് ആകാശത്തിലും ഭൂമിയിലും പടര്‍ത്തിയ മാരകമായ പുക. ഭീതി കറുത്തനിറത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഒരു നെടുങ്കന്‍ പാത. അവിടേക്ക് പൊള്ളിപ്പിടഞ്ഞ്, വിവസ്ത്രയായി, കരഞ്ഞ് വിളിച്ച്, ഭയചകിതയായി ഓടിയെത്തുന്ന പെണ്‍കുട്ടി. കിം ഫുക് എന്നായിരുന്നു അവളുടെ പേര്. വിയറ്റ്നാമില്‍ അമേരിക്കയെ തോല്‍പിച്ചത് ആ ചിത്രവും കൂടി ആയിരിക്കണം. അവള്‍ മരിച്ചില്ല. അവളുടെ വിലാപവും അശരണമായ പാച്ചിലും ലോകം കണ്ടു. അക്കാലം കരുണയുള്ള കാലമായിരുന്നു. നീതി അവിടെയും ഇവിടെയുമായി നിലനിന്നിരുന്നു. കിം ഫുകിനെപ്പോലെ അശരണ ആയിരുന്നു ഖിന്‍ മയോ ചിത്തും. ആറ് വയസ്സേ ഉള്ളൂ. പിതാവിന്റെ മടിയിലേക്ക് ഓടിവന്നതാണ് ആ കുഞ്ഞ്. വെടിവെച്ച് കൊന്നു കളഞ്ഞു മ്യാന്‍മറിലെ പട്ടാളം. മരണത്തിന് ഏതാനും നാള്‍ മുന്നേ പകര്‍ത്തിയ അവളുടെ ഒരു ചിത്രം നമുക്ക് മുന്നിലുണ്ട്. ചുവന്ന കുപ്പായമിട്ട പെണ്‍കുട്ടി. കുപ്പായത്തില്‍ ആങ് സാന്‍ സൂക്കി.

എന്തുകൊണ്ടാണ് ലോകം നടുങ്ങാതിരുന്നത്? എന്തുകൊണ്ടാണ് ലോകം ഖിന്‍ മയോ ചിത്തിനെ ഓര്‍മിച്ച് വിതുമ്പാതിരുന്നത്? ഇരുപതോളം കുട്ടികളെ മ്യാന്‍മര്‍ പട്ടാളം കൊന്നുകളഞ്ഞു എന്ന വാര്‍ത്തയില്‍ നാമെന്താണ് നിസംഗരാവുന്നത്? കാരണമുണ്ട്. ആ കാരണത്തില്‍ വരുംകാല ഇന്ത്യക്കുള്ള ചില പാഠങ്ങളുമുണ്ട്. അത് പറയാം.
ആയിരത്താണ്ടിന്റെ ചരിത്രമേ ഉള്ളൂ നമ്മള്‍ ഇന്ന് കാണുന്ന മ്യാന്‍മറിന്. ആദ്യം രാജ്യമുണ്ടാക്കുകയും പിന്നെ രാജ്യത്തിന് ഒരു മതമുണ്ടാക്കുകയും ചെയ്തു. മതം ബുദ്ധമതമായിരുന്നു. 1800കളുടെ ഒടുവില്‍ ഇന്ത്യ എന്ന പോലെ ബര്‍മയും ബ്രിട്ടന് കീഴിലായി. ഇടയ്ക്ക് ജപ്പാന്‍ വന്നു. ജപ്പാനെ തുരത്തിയാണ് ആങ്സാന്‍ ബര്‍മയുടെ വീരനായകനായത്. 1947-ല്‍ ആങ് സാനെ കൊന്ന് യു നു പ്രധാനമന്ത്രിയായി. പിറ്റേ കൊല്ലം ബ്രിട്ടണ്‍ ബര്‍മ വിട്ടു. പിന്നെ യു നുവിന്റെ വാഴ്ചയുടെ കാലമാണ്. ആ യു നുവിനെ തുരത്തിയാണ് പട്ടാളം ബര്‍മ വാണത്. 1962-ലായിരുന്നു അത്. നീ വിന്റെ നേതൃത്വത്തില്‍ പട്ടാളം ബര്‍മ പിടിച്ചു. ഏകാധിപത്യത്തിന്റെ നാളുകള്‍ സ്ഥാപിക്കപ്പെട്ടു. അന്ന് മുതല്‍ ബര്‍മയില്‍ സ്വതന്ത്രമാധ്യമങ്ങള്‍ ഇല്ല. സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ല. പട്ടാള വേഷം മടുത്തുതുടങ്ങിയ നീ വിന്റെ ഔദാര്യമായിരുന്നു 1974-ലെ ഭരണഘടന. അത് പ്രകാരം യൂണിഫോമിട്ട നീ വിന്‍ യൂണിഫോമിടാത്ത നീ വിനിലേക്ക് അധികാരം കൈമാറി. അതോടെ ബര്‍മ കലുഷമായി. ഗറില്ലാ പോരാട്ടത്തിന്റെ നാളുകള്‍ വരവായി. 1981-ല്‍ അധികാരം പങ്കിടാന്‍ തയാറായി എങ്കിലും പരമാധികാരം പങ്കുവെക്കപ്പെടാതിരിക്കാന്‍ നീ വിന്‍ ശ്രദ്ധിച്ചു. ചെയര്‍മാന്‍ പദവിയില്‍ അവരോധിതനായി. എണ്‍പതുകള്‍ ബര്‍മയില്‍ ചോരക്കാലമായിരുന്നു. എങ്ങും കലാപം. ജപ്പാനെ തുരത്തിയ പഴയ വീര നായകന്റെ മകള്‍ സൂക്കി അപ്പോഴേക്കും പോരാളിയായി. സൂക്കിയെ പട്ടാളം ദീര്‍ഘകാലം വീട്ടുതടവിലിട്ടു. ലോകം അക്കാലത്ത് ബര്‍മയിലേക്ക് ജാഗ്രതയോടെ നോക്കി. ലോകം ബര്‍മയില്‍ ഇടപെട്ടു. ആ ഇടപെടലുകളില്‍ നിന്നാണ് ബര്‍മയില്‍ തിരഞ്ഞെടുപ്പും ഭരണമാറ്റവും സംഭവിച്ചത്. ഭാഗികമായെങ്കിലും സൂക്കി അധികാരിയായി. ബര്‍മ ശാന്തമാകുമെന്നും ജനത വിമോചിതമാകുമെന്നും ജനാധിപത്യം എന്ന മഹത്തായ കാലത്തേക്ക് ബര്‍മക്കാര്‍ ഉണരുമെന്നും നാം കരുതി. സൂക്കിയിലേക്ക് അത്ഭുതങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് നാം ഉറ്റുനോക്കി. 2016 മാര്‍ച്ച് ജനാധിപത്യത്തെയും മ്യാന്‍മറിനെയും സംബന്ധിച്ച് അതിപ്രധാനമായ ഒന്നായിരുന്നു. അന്നാണ് സൂക്കിയിലേക്ക് അധികാരമെത്തുന്നത്. ടിന്‍ ക്യു പ്രസിഡന്റായി എങ്കിലും ലോകത്തിനത് സൂക്കിയുടെ വിജയമായിരുന്നു.

ഒരു വര്‍ഷത്തിനപ്പുറം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. സൂക്കിയില്‍ നിന്ന് ലോകം പ്രതീക്ഷിച്ചത് പുറപ്പെട്ടില്ല. ആങ് സാനിന്റെ വെളിച്ചം മകള്‍ക്കില്ലായിരുന്നു. സഹിഷ്ണുത സൂക്കിക്കില്ലാതായി. മുന്‍ ഭരണകൂടങ്ങള്‍ പിന്തുടര്‍ന്ന, പട്ടാളം പിന്തുടര്‍ന്ന വംശീയതകള്‍ കൂടുതല്‍ ക്രൗര്യത്തോടെ തലപൊക്കി. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെട്ടു. ദുഷിച്ച ഓര്‍മകള്‍ തേറ്റകളുമായി വേട്ടക്കിറങ്ങി. അതിന്റെ പരിണതിയിലാണ് വെടി മുഴങ്ങുന്നതും കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ മനുഷ്യര്‍ കൊല്ലപ്പെടുന്നതും.

പറഞ്ഞല്ലോ ഇന്ത്യക്ക് പാഠങ്ങള്‍ ഉണ്ടെന്ന്. ഇന്ത്യയോടൊപ്പം ആയിരുന്നു ബര്‍മയുടെയും സ്വാതന്ത്ര്യപ്രാപ്തി. വീര നായകത്വങ്ങളുടെ അകമ്പടി ഏറെയുണ്ടായിരുന്നു അവരുടെ സ്വാതന്ത്ര്യ സമരത്തിന്. അതിന് മുഴുവന്‍ ജനതയുടെയും വൈകാരിക പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഫലം ബര്‍മയുടേത് സൈനികവും ഭാഗികവുമായ ജനാധിപത്യമായി തീര്‍ന്നു. ഏതു നിമിഷവും ഏകാധിപത്യത്തിലേക്ക് വീണുപോകാവുന്ന ഒന്നാണത്. വീണുപോയി പലവട്ടം. അതിനാലാണ് ഇന്ത്യ അതിന്റെ മഹത്തായ ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നാം അരുത് എന്ന് പറയുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു മേല്‍ പട്ടാളത്തിന്റെ തോക്കുകള്‍ പതിക്കാതിരിക്കാനാണത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായാണ് ബര്‍മയില്‍ നിന്ന് റോഹിംഗ്യകളുടെ പലായനമുണ്ടായത്. ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കലാണ് പൗരത്വനിയമം എന്ന് നമ്മള്‍ പറയുന്നതും അതിനാലാണ്.

കെ കെ ജോഷി

You must be logged in to post a comment Login