‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

ആദ്യമായി ഡല്‍ഹിയില്‍ ചെന്നിറങ്ങിയപ്പോള്‍ ശാഹുല്‍ ഹമീദ് ബാഖവിയെ കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ. പ്രബോധന വീഥിയില്‍ പുതിയ പാതകള്‍ വെട്ടിത്തെളിയിച്ച ആ മനീഷിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുള്ള തിടുക്കവും. പക്ഷേ, ഡല്‍ഹിയില്‍ എത്തിയ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനായില്ല. അപ്പോഴാണ് അറിഞ്ഞത് ശാഹുല്‍ ഹമീദ് ബാഖവി ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ല, പ്രബോധനത്തിന്റെ സാധ്യതകള്‍ തേടി അദ്ദേഹം ആഫ്രിക്കയിലേക്ക് പോയിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. നന്മകളിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം ആരേയും കാത്തുനിന്നില്ല. കര്‍മയോഗിയായ ഒരു പണ്ഡിതന് എങ്ങനെയാണ് വിശ്രമിക്കാനാവുക.

അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളെ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രബോധന മേഖലയില്‍ അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹം ഇരട്ടിയായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ആയിടക്കാണ് അദ്ദേഹം ആഫ്രിക്കയില്‍ നിന്ന് തിരിച്ചുവന്നത്. ഡല്‍ഹിയിലെ ലോണിയില്‍ മര്‍കസിന്റെ പ്രധാന സംരംഭമായ മദ്രസക്കും മസ്ജിദിനും ഭൂമി ഏറ്റെടുക്കാനും തറക്കല്ലിടാനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനിന്നത് ഇന്നും ഓര്‍ക്കുന്നു. അന്ന് അദ്ദേഹത്തോട് അടുത്തിടപഴകുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. കഷ്ടതകള്‍ അനുഭവിക്കുന്ന മുസ്ലിം ജീവിതങ്ങളെ കുറിച്ച് സദാ വ്യാകുലപ്പെട്ട നിസ്വാര്‍ത്ഥനായ പണ്ഡിതന്‍.
പിന്നീട് ഡല്‍ഹിയില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ കൂടെ നിരന്തരം യാത്ര ചെയ്യാനും ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട മഖ്ബറകളും ഖാന്‍ഗാഹുകളും സന്ദര്‍ശിക്കാനും മഹാ ഭാഗ്യമുണ്ടായി. അവിടെയുള്ള ആളുകളുമായി സംവദിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാതെ യശസ്സോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ അദ്ദേഹത്തിന് അല്ലാഹു വലിയ ഭാഗ്യം നല്‍കിയിട്ടുണ്ട്. വന്ദ്യരായ എ.പി ഉസ്താദിനെയും എം എ ഉസ്താദിനെയും ഉത്തരേന്ത്യയിലെ പണ്ഡിതന്മാര്‍ക്ക് പരിചയപ്പെടുത്താനും ഉത്തരേന്ത്യയിലെ പണ്ഡിതന്മാരെ കേരളത്തില്‍ ഉലമാക്കള്‍ക്ക് പരിചയപ്പെടുത്താനും ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം ഉസ്താദ് തന്നെയാണ്.
പിന്നീട് തന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചു നട്ടപ്പോഴും അവിശ്രമം ഇസ്ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി കൊണ്ടിരുന്നു.

ഉത്തരേന്ത്യയില്‍ എത്തുന്ന മിക്കയാളുകളും ശാഹുല്‍ ഹമീദ് ബാഖവിയെ തിരക്കും. ‘വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡല്‍ഹി ഓഫീസില്‍ വിളിച്ചാല്‍ ആള്‍ എവിടെയുണ്ടെന്നറിയാം. വിദ്യാഭ്യാസ ബോര്‍ഡിന്റെ പുസ്തകങ്ങള്‍ എവിടേക്കാണ് പോകുന്നത്, അവിടെ ശാഹുല്‍ ഹമീദ് ബാഖവിയും ഉണ്ടാകും. അങ്ങനെയങ്ങനെ എത്രയെത്ര ഗ്രാമങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടാവുക. അവരുടെ ഇല്ലായ്മകളുടെ കഥയറിയാന്‍, സങ്കടങ്ങളില്‍ കൂട്ടിരിക്കാന്‍, സാന്ത്വനമേകാന്‍.
ഉത്തരേന്ത്യയിലെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാവരോടും അദ്ദേഹത്തിന് പ്രത്യേകമായ സ്‌നേഹവും താല്പര്യവും ഉണ്ടായിരുന്നു. അവര്‍ക്ക് നിരന്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി അദ്ദേഹം വഴികാട്ടിയായി. ബംഗാളിലെ ത്വയ്ബ ഗാര്‍ഡനില്‍ തന്നെ അദ്ദേഹം പല സമയങ്ങളിലായി സന്ദര്‍ശിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തിയിട്ടുണ്ട്.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഞങ്ങളൊന്നിച്ച് ഒന്നുരണ്ട് തവണ യാത്ര ചെയ്തിട്ടുണ്ട്. അതുപോലെ മെഹ്‌റാര ശരീഫില്‍ യാത്ര ചെയ്തിട്ടുണ്ട്. ബറേലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ആ സമയങ്ങളിലൊക്കെ ഉസ്താദ് ആരെക്കണ്ടാലും സംസാരിക്കുന്നത് നമ്മുടെ നാട്ടിലെ സംഘടനാ സംവിധാനത്തെക്കുറിച്ചായിരിക്കും. ഏത് നാട്ടുകാരെ പരിചയപ്പെട്ടാലും വ്യക്തിപരമായ, അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ സംസാരം മര്‍കസിനെക്കുറിച്ചും നമ്മുടെ സ്ഥാപനങ്ങളെക്കുറിച്ചും സംഘടനാ സംവിധാനത്തെക്കുറിച്ചും വിദ്യാഭ്യാസ ബോര്‍ഡിനെക്കുറിച്ചുമാകും. നേരത്തെ അറിയുന്ന ആളുകളാണെങ്കില്‍ അവരോട് ഉസ്താദ് ഇതിനുമുമ്പ് ചര്‍ച്ച ചെയ്ത വിഷയങ്ങളുണ്ടാകും. സംഘടനയെക്കുറിച്ചും അതിന്റെ ഡവലപ്‌മെന്റിനെക്കുറിച്ചുമൊക്കെ. അത് എങ്ങനെയൊക്കെ കാര്യക്ഷമമായി നടപ്പാക്കാന്‍ പറ്റും എന്നതിനെക്കുറിച്ചായിരിക്കും ഉസ്താദിന്റെ സംസാരം. അലിഗഢില്‍ ഒരുതവണ എം എസ് ഒയുടെ കോണ്‍ഫറന്‍സിന് പോയത് ഞാനോര്‍ക്കുന്നുണ്ട്. ഉസ്താദ് അന്ന് യാത്ര ചെയ്തത് വളരെ പ്രയാസപ്പെട്ടാണ്. ഞാന്‍ ഉസ്താദിനോട് എ സി കംപാര്‍ട്ട്‌മെന്റ് എടുക്കാം എന്ന് പറഞ്ഞെങ്കിലും, അതിന്റെയൊന്നും ആവശ്യമില്ല, ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ തന്നെ പോകാം എന്നായിരുന്നു മറുപടി. നമ്മുടെയടുത്ത് അത്രയല്ലേ കാശുള്ളൂ എന്ന് കാരണം പറഞ്ഞു. ലോക്കല്‍ വണ്ടിയിലാണ് അന്ന് ഞങ്ങള്‍ അലിഗഢിലേക്ക് പോയത്. മറ്റൊരുതവണ യാത്ര ചെയ്തത് ബസിലാണ്. അതൊന്നും ഉസ്താദിന് പ്രശ്‌നമായിരുന്നില്ല. ഉസ്താദിന് ആകെപ്പാടെ ഒരേയൊരു ചിന്ത മാത്രം; അവിടെപ്പോയിട്ട് ആളുകളോടെന്തുപറയും, ആ ആളുകള്‍ക്ക് എങ്ങനെയൊക്കെ നമ്മുടെ വിദ്യാഭ്യാസ ബോര്‍ഡിനെക്കുറിച്ച് അല്ലെങ്കില്‍ ഉസ്താദിനെക്കുറിച്ച് പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിയും അങ്ങനെയങ്ങനെ…

മറ്റൊരു സംഗതി ശാഹുല്‍ഹമീദ് ഉസ്താദ് എപ്പോഴും പറയും; നമ്മുടെ ഉസ്താദുമാരൊക്കെ ഉറുദുവില്‍ നന്നായിട്ട് പ്രസംഗിക്കണം. ആദ്യകാലങ്ങളിലൊക്കെ എ പി ഉസ്താദായാലും എം എ ഉസ്താദായാലും ആദ്യം അറബിയിലായിരുന്നു സംസാരിച്ചിരുന്നത്. അറബി സംസാരിക്കുമ്പോള്‍ അത് ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ ബാഖവി ഉസ്താദിനെ ഏല്‍പിക്കുമായിരുന്നു. പിന്നീട് അത്തരം സന്ദര്‍ഭങ്ങളില്‍ ഉസ്താദ് മെല്ലെ ട്രാന്‍സ്‌ലേറ്ററുടെ ഭാഗത്തുനിന്നിറങ്ങി നില്‍ക്കും. ഉറുദുവില്‍തന്നെ പറയട്ടെ, ഉറുദുവില്‍ പറഞ്ഞ് ശീലമാവട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് ആ മാറിനില്പ്. ഉറുദു പഠിക്കുകയും ഉറുദു സാഹചര്യങ്ങളോട് നമ്മള്‍ മെരുങ്ങുകയും ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. നമ്മുടെ സംഘടനാ സംവിധാനത്തിന് അത്ര ആഴത്തില്‍ ബന്ധമുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് ഉസ്താദ്. ബറേലിയിലെ ഉറൂസിലൊക്കെ അത് നേരിട്ട് കണ്ടതുകൂടിയാണ്.

ഡല്‍ഹിയിലുള്ള എല്ലാ മഖ്ബറകളിലേക്കും ഇടയ്ക്കിടെ പോകും. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് പോകാന്‍ ആദ്യം നിശ്ചയിച്ചിട്ടുണ്ടാകും. അന്ന് അവിടെ എത്തും. അന്ന് നമ്മളാരാണോ ഉള്ളത് അവരെയും കൂട്ടും. എത്തിക്കഴിഞ്ഞാല്‍ ഒരുപാട് സമയം യാസീനും മറ്റ് സൂറത്തുകളുമൊക്കെ ഓതി സ്വലാത്ത് ചൊല്ലും, വിര്‍ദ് ചൊല്ലും. അങ്ങനെ മഹാഗുരുക്കന്മാരോടൊക്കെ വളരെ അടുപ്പം കാണിച്ചിരുന്ന ജീവിതമായിരുന്നു. ഞാന്‍ അസമില്‍ ആദ്യമായിട്ട് പോകുന്നത് 2009ലാണ്. വളരെ പ്രയാസപ്പെട്ടാണ്, ഗ്വാഹട്ടിയില്‍നിന്ന് ഏകദേശം പതിനാറ് മണിക്കൂര്‍ ബസിലിരുന്നിട്ടാണ് കരീംഗഞ്ച് എന്ന സ്ഥലത്തെത്തുന്നത്. അതിന്റെയൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് തൊണ്ണൂറുകളില്‍തന്നെ ഉസ്താദ് അവിടെ എത്തിയിരുന്നു. പല മദ്‌റസകളിലും വിദ്യാഭ്യാസ ബോര്‍ഡിന്റെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആ യാത്രയില്‍ കാണാന്‍ കഴിഞ്ഞു. ഇതേ പോലെ ത്രിപുരയിലും പല സ്ഥലങ്ങളിലും ഉസ്താദ് എത്രയോ മുമ്പ് ചെന്നെത്തിയിരുന്നു. അവിടെയൊക്കെ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ പഠിക്കുന്ന സമയത്ത് ഉസ്താദ് ആഫ്രിക്കയില്‍നിന്ന് തിരിച്ചുവന്ന് ഒരുപാട് പഴയ ഫയലുകള്‍ തന്നിട്ട് എന്നെ തപ്പാന്‍ ഏല്പിച്ചു. ആ ഫയലുകളൊക്കെ തപ്പിയെടുത്ത് നോക്കുമ്പോള്‍ ഉസ്താദ് പറഞ്ഞു: ഇതൊക്കെ മുമ്പുതന്നെ നമ്മള്‍ ഓരോ സ്റ്റേറ്റില്‍നിന്നും അഫിലിയേറ്റ് ചെയ്യിച്ചതാണ്. ആ ഫയലുകളില്‍ അസമിലെയും ത്രിപുരയിലെയും അതുപോലെ ബംഗാളിലും ബിഹാറിലുമൊക്കെയുള്ള ഒരുപാട് ഗ്രാമങ്ങളിലെ വിദ്യാഭ്യാസ ബോര്‍ഡ് ചലനങ്ങള്‍ അടയാളപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. അത്രയും ഗ്രാസ്‌റൂട്ട് ലെവലില്‍, നല്ല ഗതാഗത, ആശയവിനിമയ സംവിധാനങ്ങളൊന്നും ഇല്ലാത്ത പഴയ കാലത്തുതന്നെ ഉസ്താദ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ സാക്ഷ്യങ്ങളാണ് ആ ഫയലുകള്‍.

ഫോണ്‍ ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ നേരിട്ട് കാണുകയാണെങ്കില്‍ മണിക്കൂറുകളായിരിക്കും ഉസ്താദ് വിദ്യാഭ്യാസ ബോര്‍ഡിനെക്കുറിച്ചും എസ് എസ് എഫിനെക്കുറിച്ചും നമ്മുടെ ബാക്കിയുള്ള സംഘടനാ സംവിധാനങ്ങളെക്കുറിച്ചും മര്‍കസിനെക്കുറിച്ചും ഒക്കെ സംസാരിക്കുക. പ്രധാനമായും മര്‍കസില്‍ പഠിക്കുന്ന നോര്‍ത്തിന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച്, അവരുടെ നാടുകളില്‍ അവര്‍ക്ക് ചെയ്യാവുന്ന സംവിധാനങ്ങളെക്കുറിച്ച്, അതിന് അവര്‍ക്ക് സാഹചര്യമൊരുക്കുന്നതിനെക്കുറിച്ച് ഒക്കെ ആയിരിക്കും ഉസ്താദ് കൂടുതല്‍ സംസാരിക്കുക. അവസാനം മര്‍കസില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രയിനിംഗ് കഴിഞ്ഞ മാസം ഉണ്ടായിരുന്നു. ഉസ്താദ് ഇങ്ങോട്ട് വിളിച്ചു. സുഹൈറേ, നീ മര്‍കസില്‍ ഉണ്ടെന്നറിഞ്ഞു, വീട്ടിലേക്ക് വരണം എന്ന് ക്ഷണിച്ചു. വീട്ടില്‍ പോയി സംസാരിച്ചു. രാവിലെത്തന്നെ ഉസ്താദ് ഭക്ഷണത്തിന് അവിടെ അറേഞ്ച് ചെയ്തിരുന്നു.
അന്നും ഏകദേശം രാവിലെ ആറുമണി മുതല്‍ ഒന്‍പതുമണിവരെ ഉസ്താദ് സംസാരിച്ചത് വിദ്യാഭ്യാസ ബോര്‍ഡിനെ എങ്ങനെ പുതിയ രൂപത്തില്‍ പ്രസന്റ് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചായിരുന്നു. അതുമാത്രമല്ല, പുതിയ പുസ്തകങ്ങളുടെ ശില്പശാല നടക്കുന്നു, അതെങ്ങനെ നമുക്ക് വളരെ നന്നായിട്ട് ചെയ്യാന്‍ കഴിയും എന്നും ഉസ്താദിന്റെ വലിയ ചിന്തയായിരുന്നു. അതുപോലെത്തന്നെ മര്‍കസിലെയും സഅദിയയിലെയും ഉറുദു വിദ്യാര്‍ഥികള്‍ക്ക് വേണ്ട ക്യാമ്പിനെക്കുറിച്ച്, അവരുടെ ട്രെയിനിംഗിനെക്കുറിച്ച്, ആ ട്രെയിനിംഗുകളില്‍ അവര്‍ക്കുകൊടുക്കേണ്ട ക്ലാസുകളെകുറിച്ച് ആരൊക്കെയാണ് ക്ലാസ് കൊടുക്കേണ്ടത്… അങ്ങനെ തുടങ്ങി ഉസ്താദ് പേപ്പറെടുത്ത് വലിയ ലിസ്റ്റ് തയാറാക്കി. എപ്പോഴും ഏതുസമയത്തും ഉസ്താദിന്റെ ആലോചനയും സംസാരവും ആ വഴിയില്‍ തന്നെയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം, ഉസ്താദ് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു. മോനേ, ഞാന്‍ അല്‍ശിഫയിലാണ് ഉള്ളത്. കുഴപ്പമൊന്നുമില്ല, ഫാമിലി കൂടെയുണ്ട്. എനിക്ക് വേണ്ടി പ്രാര്‍ഥിക്ക്. എസ് എസ് എഫിന്റെ പുതിയ കമ്മിറ്റി വന്നതില്‍ സന്തോഷം രേഖപ്പെടുത്തി. നന്നായിട്ട് പ്രവര്‍ത്തിക്കണം. നമുക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ടല്ലോ. ആ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ പുതിയ കമ്മിറ്റികൊണ്ട് സാധിക്കണം. അന്നത്തെ ഉസ്താദിന്റെ ആശംസകളായിട്ട്, പ്രാര്‍ഥനയായിട്ട് ആ വാക്കുകള്‍ മുറിഞ്ഞു.

ബംഗാള്‍ തൈ്വബ ഗാര്‍ഡന്‍ സ്ഥാപനങ്ങളുമായി ഉസ്താദ് വളരെ വലിയ അടുപ്പം കാണിച്ചിരുന്നു. അതിന്റെ അഞ്ചാം വാര്‍ഷികത്തിന് ഉസ്താദ് വന്നു. പക്ഷേ അല്പം മുമ്പായിപ്പോയി. മാര്‍ച്ചിലായിരുന്നു സമ്മേളനം. ഫെബ്രുവരിയിലോ മറ്റോ ആണ് ടിക്കറ്റെടുത്തിരുന്നത്. ഉസ്താദ് പറഞ്ഞു: ഏതായാലും ടിക്കറ്റെടുത്തില്ലേ. ഞാന്‍ വരാം, എനിക്ക് സ്ഥാപനമൊക്കെ ഒന്ന് കാണാലോ. ഉസ്താദ് വന്നു. സമ്മേളനത്തിന് ഒരുമാസം മുമ്പ് വന്ന് എല്ലാം വിലയിരുത്തി. വേണ്ട മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഒന്നുരണ്ട് പ്രോഗ്രാമുകളിലൊക്കെ പങ്കെടുത്തു. ഈ ചുറ്റുപാടുകളിലൊക്കെയുള്ള പുതിയ കുറെ ആളുകളെ വിളിച്ച് പരിചയപ്പെടുത്തിത്തന്നു. ഏത് സ്ഥലത്തു ചെന്നാലും ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. ആ ബന്ധങ്ങളെയൊക്കെ ഇവിടെയും ഉപയോഗപ്പെടുത്തി, പലരുമായും പരിചയം പുതുക്കി. പലയാളുകളെയും കാമ്പസിലേക്ക് വിളിച്ചുവരുത്തി. പിന്നീട് സമ്മേളനത്തിന് മാര്‍ച്ചില്‍ എ പി ഉസ്താദിന്റെ കൂടെ വീണ്ടും വന്നു. ആ സമയത്തും ഇതേപോലെ ഉസ്താദിന് പരിചയമുള്ള കല്‍ക്കത്തയിലും ബിഹാറിലെയുമൊക്കെയുള്ള പലയാളുകളെയും ബന്ധപ്പെട്ട് അവരെക്കൂടി സമ്മേളനത്തിന് ക്ഷണിച്ചിട്ടാണ് വന്നത്. ചുരുക്കിപ്പറഞ്ഞാല്‍. മര്‍കസും സഅദിയ്യയും സിറാജുല്‍ഹുദയുടെയുമെല്ലാം, പ്രസ്ഥാനങ്ങളുടെയൊക്കെ ഉത്തരേന്ത്യന്‍ വിലാസം ബാഖവി ഉസ്താദായിരുന്നു.

ഹിന്ദ് സഫര്‍ നടക്കുന്ന സമയത്താണ്, ഡല്‍ഹിയിലോ പഞ്ചാബിലോ എത്തിയ സമയത്ത് ഉസ്താദ് വിളിച്ച് പറഞ്ഞു: വിദ്യാഭ്യാസബോര്‍ഡ് ഇപ്പോഴുള്ള അവസ്ഥയില്‍ പോകാന്‍ പറ്റൂല. നമുക്ക് ഒന്നുകൂടി ഉഷാറാക്കി എടുക്കണം. അതിന് ഉത്തരേന്ത്യയിലൊക്കെ വര്‍ക്ക് ചെയ്യുന്ന നിങ്ങള്‍ എല്ലാവരുമാണ് മുന്നോട്ടുവരേണ്ടത്. ഷൗക്കത്തുസ്താദും അതുപോലെ ഉത്തരേന്ത്യയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റുള്ള ആളുകളെയൊക്കെയും ഹിന്ദ് സഫറിന്റെ സമാപന സംഗമത്തിലുണ്ടാവുമല്ലോ. നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി അതിനൊരു പദ്ധതി തയാറാക്കണം. ഉസ്താദു തന്നെ നേരിട്ട് ഖലീല്‍തങ്ങളെയും എ പി ഉസ്താദിനെയും നമ്മുടെ സംഘടനാ നേതാക്കളെയുമൊക്കെ വിളിച്ച് പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ആ മീറ്റിംഗ് നടന്ന് ഡയറക്ട്രേറ്റ് ഉണ്ടാക്കിയതിനു ശേഷം ഉസ്താദ് പറഞ്ഞു: റാഹത്തായി, ഇനി എല്ലാം നിങ്ങള്‍ക്ക് ചെയ്യാലോ. ഇതുവരെ ഞാനൊറ്റക്കായിരുന്നു. ഇനി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പുതിയ അധ്യായമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെയൊക്കെ കയ്യില്‍ ഏല്പിച്ചു തന്നപ്പോള്‍ എനിക്ക് സമാധാനമായി. അടുത്ത സമയത്ത് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡയറക്ട്രേറ്റ് മീറ്റിംഗ് നടക്കുമ്പോള്‍ ഉസ്താദ് അവസാനമായി പറഞ്ഞു: നിങ്ങളുടെയൊക്കെ കയ്യിലേല്പിച്ച് തന്നതോടുകൂടി എന്റെ ഉത്തരവാദിത്വം തീര്‍ന്നിട്ടുണ്ട്. ഇനി നിങ്ങളാണ് ഏറ്റെടുത്ത് ചെയ്യേണ്ടത്. ഇനി എന്നോട് ചോദിക്കൂലല്ലോ. എല്ലാത്തിനും ഒരുങ്ങിയ രൂപത്തിലാണ് ഉസ്താദിന്റെ സംസാരമുണ്ടായത്. അവസാനമായി കണ്ടസമയത്തും ഉസ്താദ് ഇതുപോലെതന്നെ പറയുകയുണ്ടായി. മര്‍കസിലെ പ്രോഗ്രാമിനുവേണ്ടി ചെന്നപ്പോള്‍ വീട്ടില്‍വെച്ച് ഉസ്താദ് അതാവര്‍ത്തിച്ചു. എന്റെ പണി ഞാനെടുത്തിട്ടുണ്ട്. നിങ്ങളുടെ പണി നിങ്ങള്‍ എടുക്കണം ട്ടോ… ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചും കൂടുതല്‍ മികച്ച മുന്നേറ്റത്തിനായി പുതുതലമുറയെ പ്രചോദിപ്പിച്ചുമാണ് ബാഖവി ഉസ്താദ് ഇലാഹീ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നത്. അല്ലാഹു ഉസ്താദിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടേ…

സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍

You must be logged in to post a comment Login