താജുശ്ശരീഅഃ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍

താജുശ്ശരീഅഃ  ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍

അറിവിന്റെ ആഴങ്ങളില്‍

പരമ്പരാഗത മുക്രിമാരായിരുന്നു ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ കുടുംബം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. മരപ്പലകയില്‍ ചവിടി മണ്ണ് തേച്ച് ഉണക്കി അതിലാണ് എഴുതി പഠിച്ചിരുന്നത്. മുട്ടം ജുമാ മസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും അടുത്തായിരുന്നു പ്രാഥമിക പഠനം. അക്ഷരങ്ങള്‍ കൂട്ടി എഴുതാനും വായിക്കാനും പഠിച്ചതിന് ശേഷം ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കും. ഒളയം മുഹ്യുദ്ധീന്‍ മുസ്ലിയാരില്‍ നിന്നാണ് വ്യവസ്ഥാപിത രീതിയിലുള്ള മതപഠനം തുടങ്ങുന്നത്. പിന്നീട് എടക്കാട് കുഞ്ഞഹമ്മദ്കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ഇവിടെ രണ്ടു വര്‍ഷം പഠിച്ചു. ഇവിടെ നിന്ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലേക്കാണ് പോയത്. കാടേരി അബ്ദുല്‍കലാം മുസ്ലിയാര്‍ ആയിരുന്നു ഉസ്താദ്. അവിഭക്ത സമസ്ത മുശാവറ അംഗമായിരുന്നു അദ്ദേഹം. അല്‍ബയാന്‍ മാസികയുടെ പത്രാധിപരുമായിരുന്നു. ഇവിടെ ഒരു വര്‍ഷം മാത്രമാണ് പഠനം നടത്തിയത്. തുടര്‍ന്ന് പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാമില്‍ ചേര്‍ന്നു. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരായിരുന്നു മുദരിസെങ്കിലും വലിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അദ്ദേഹം ക്ലാസെടുത്തിരുന്നത്. അതുകൊണ്ടു തന്നെ അലിക്കുഞ്ഞി മുസ്ലിയാര്‍ക്ക് അവിടത്തെ മുതിര്‍ന്ന വിദ്യാര്‍ഥിയായിരുന്ന ഇ കെ ഹസന്‍ മുസ്ലിയാരാണ് ക്ലാസെടുത്തത്. ഹസന്‍ മുസ്ലിയാര്‍ ഉപരി പഠനത്തിനായി ഖുവ്വത്തില്‍ നിന്നിറങ്ങിയപ്പോള്‍ മറ്റൊരു മുതിര്‍ന്ന വിദ്യാര്‍ഥിയായ അബൂബക്കര്‍ മുസ് ലിയാരെയാണ് ക്ലാസെടുക്കാന്‍ ചുമതലപ്പെടുത്തിയത്. ഫത്ഹുല്‍ മുഈന്‍ പൂര്‍ത്തിയാക്കിയത് ഈ ഗുരുവില്‍ നിന്നാണ്. പില്‍ക്കാലത്ത് സി എം വലിയുല്ലാഹി എന്ന പേരില്‍ പ്രസിദ്ധനായത് ഈ ഗുരുവായിരുന്നു. ഖുവ്വത്തിലെ പഠനകാലം കഴിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹം നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒളയം പള്ളിയില്‍ ഖത്വീബും സ്വദറുമായി ജോലിയേറ്റു. എങ്കിലും വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം പഠനവും ഇതൊടൊപ്പം തുടര്‍ന്നു. ഇച്ചിലങ്കോട്ടെ മുഹമ്മദ് ഹാജിയുടെ ദര്‍സില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. സുബ്ഹി നിസ്‌കാര കഴിഞ്ഞ് കാല്‍നടയായി വേണം ഇവിടെയെത്താന്‍. ളുഹ്റ് നിസ്‌കാരത്തിന് സമയം ആകുമ്പോഴേക്ക് ഒളയത്ത് തിരികെയെത്തുകയും വേണം. പിന്നീട് കുമ്പോല്‍ ദര്‍സില്‍ കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ ദര്‍സില്‍ ചേര്‍ന്ന് പഠനം നടത്തി. ആ വര്‍ഷം നെല്ലിക്കുന്നിലും പഠിച്ചു. പിന്നീട് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലേക്കാണ് പോയത്. ഇവിടെ കോട്ടുമല അബൂബക്കര്‍ മുസ് ലിയാരുടെ കീഴിലായിരുന്നു പഠനം. കോട്ടുമല ഉസ്താദ് തന്നെയാണ് അലിക്കുഞ്ഞി മുസ്ലിയാരുടെ പ്രധാന ഗുരു. 1956 മുതല്‍ 62 വരെ ഇവിടെ പഠനം തുടര്‍ന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍, നല്ലകോയ തങ്ങള്‍, പി എസ് കെ തങ്ങള്‍, കുറ്റാളൂര്‍ അഹമ്മദ് മുസ്ലിയാര്‍ എന്നിവരെല്ലാം ഇവിടത്തെ സഹപാഠികളായിരുന്നു. മുതിര്‍ന്ന വിദ്യാര്‍ഥിയായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്ലിയാരില്‍ നിന്ന് ഏതാനും കിതാബുകള്‍ ഓതിപ്പഠിക്കാന്‍ അവസരമുണ്ടായി. പഠന കാലത്തു തന്നെ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കാനും ഭാഗ്യമുണ്ടായി. പരപ്പനങ്ങാടിയില്‍ പഠിക്കുന്ന കാലത്ത് ഷിറിയ ഉസ്താദ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ ചാവക്കാട് കോയക്കുട്ടി തങ്ങളുടെ വീട്ടിലെത്തി ഇജാസത്ത് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ദേഷ്യപ്പെടുകയാണുണ്ടായത്. ഓതിപ്പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ത്വരീഖത്തോ എന്നു പറഞ്ഞു പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വീടിന് പുറത്തിറങ്ങിയെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. ഏറെ നേരം ആ നില്‍പ് തുടര്‍ന്നു. പിന്നീട് പുറത്തേക്ക് പോകാന്‍ ഇറങ്ങിയ കോയക്കുട്ടി തങ്ങള്‍ ആ മൂന്ന് വിദ്യാര്‍ഥികളും അവിടെത്തന്നെ നില്‍ക്കുന്നതാണ് കണ്ടത്. പിന്നീട് ദേഷ്യപ്പെട്ടില്ല. അവരെ അകത്തേക്ക് ക്ഷണിച്ച് കുറെ ഉപദേശങ്ങള്‍ക്കു ശേഷം ഖാദിരിയ്യ ത്വരീഖത്തിന്റെ ഇജാസത്ത് നല്‍കുകയായിരുന്നു.

1962ല്‍ ഉപരിപഠനത്തിനായി ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് പോയി. രണ്ടു വര്‍ഷത്തെ ദയൂബന്ദിലെ പഠന ശേഷം സഹോദരന്‍ ജിദ്ദയില്‍ അന്നത്തെ ഏഴായിരം രൂപ ശമ്പളത്തില്‍ ജോലി തരപ്പെടുത്തി വെച്ചിരുന്നെങ്കിലും ഷിറിയ ഉസ്താദ് തയാറായില്ല. പകരം നാടിനടുത്ത് തന്നെയുള്ള കുമ്പോലില്‍ മുദരിസായി സേവനം ഏറ്റെടുക്കുകയായിരുന്നു, എഴുപത്തിയഞ്ച് രൂപ ശമ്പളത്തില്‍. മഞ്ഞനാടി ഉസ്താദ് തഫ്സീര്‍ ജലാലൈനി ഓതിക്കൊടുത്താണ് ദര്‍സിന് തുടക്കം കുറിച്ചത്. എട്ടു വര്‍ഷമാണ് ഇവിടെ സേവനം ചെയ്തത്. പിന്നീട് ചെറുവത്തൂരിനടത്ത കാടങ്കോട്ട് പന്ത്രണ്ട് വര്‍ഷവും ജോലി ചെയ്തു. കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് എം എസ് തങ്ങള്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പി എ ഉബൈദുല്ല നദ്വി, മൂസല്‍ മദനി തുടങ്ങിയവരെല്ലാം ഇവിടത്തെ പ്രധാന ശിഷ്യന്മാരായിരുന്നു.
1964ലാണ് അലിക്കുഞ്ഞി മുസ്ലിയാര്‍ വിവാഹിതനാകുന്നത്. അദ്ദേഹത്തിന്റെ ഉസ്താദായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ മകള്‍ മര്‍യം ആയിരുന്നു വധു. ഖുത്വുബി തങ്ങളാണ് കൈപിടിച്ച് അറയിലേക്ക് കൂട്ടികൊണ്ടു പോവുകയും പാല്‍ എടുത്തുകൊടുക്കുകയും ചെയ്തത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച സ്വീകരണം അലിക്കുഞ്ഞി മുസ്ലിയാര്‍ പലപ്പോഴും സ്മരിക്കാറുണ്ടായിരുന്നു. വിവാഹത്തിനു മുമ്പ് തന്നെ ഗുരുനാഥനും ഭാര്യാപിതാവുമായ അബൂബക്കര്‍ ഹാജി മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു മകളെ വിവാഹം കഴിച്ചിരുന്നത് ഖുത്വുബി തങ്ങളുടെ മകന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരായിരുന്നു. ആ ബന്ധമാണ് ഖുത്വുബി ഉസ്താദിനെ അവിടെയെത്തിച്ചത്.

1965ല്‍ ചെറുപ്രായത്തില്‍ തന്നെ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഭാര്യാ പിതാവ് കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ മരണത്തോടെ ഒഴിവു വന്ന സ്ഥാനത്തേക്കാണ് അലിക്കുഞ്ഞി മുസ്ലിയാര്‍ നിയോഗിതനാകുന്നത്. അദ്ദേഹത്തിന്റെ വിജ്ഞാനത്തിനും വ്യക്തിത്വത്തിനും ലഭിച്ച അംഗീകാരമായിരുന്നു അത്. താജുല്‍ഉലമാ ഉള്ളാള്‍ തങ്ങള്‍, ശംസുല്‍ഉലമാ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തുസ്താദ്, അവറാന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത കേസരികള്‍ക്കിടയിലേക്കാണ് ചെറുപ്പക്കാരനായ അലിക്കുഞ്ഞി ഉസ്താദ് വരുന്നത്. സമസ്തക്ക് ജില്ലാഘടകം രൂപീകരിക്കുന്നതിന്റെ ചര്‍ച്ചകള്‍ നടന്നപ്പോള്‍ കണ്ണൂര്‍ ജില്ല മുശാവറയിലേക്ക് തിരഞ്ഞെടുക്കേണ്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചവര്‍ യോഗ്യരാണോ എന്ന പരിശോധിച്ച് ഉറപ്പുവരുത്താന്‍ അലിക്കുഞ്ഞി ഉസ്താദിനെയാണ് ഏല്‍പിച്ചത്. സമസ്തയില്‍ പുനഃസംഘാടനമുണ്ടായ 1989ല്‍ യോഗത്തില്‍ നിന്ന് ആദ്യം ഇറങ്ങിപ്പോന്നത് അദ്ദേഹമായിരുന്നു. പതിവിന് വിപരീതമായി അന്നത്തെ മുശാവറയില്‍ ഉള്ളാള്‍ തങ്ങള്‍ക്കു പകരം കെ കെ ഹസ്റത്തായിരുന്നു അധ്യക്ഷത വഹിച്ചത്. അപ്പോള്‍ എന്തൊക്കെയോ സംഭവിക്കാനിരിക്കുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. യോഗനടപടികള്‍ ആരംഭിച്ച് ഏറെ വൈകാതെ ഇ കെ അബൂബക്കര്‍ മുസ് ലിയാരും വൈസ് പ്രസിഡന്റ് ഉളളാള്‍ തങ്ങളും തമ്മില്‍ നീണ്ട വാഗ്വാദം നടന്നു. രണ്ടു പേരും ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങള്‍. ഇതുകണ്ട് അലിക്കുഞ്ഞി ഉസ്താദ് ഏറെ സങ്കടത്തോടെ ഒരു പക്ഷത്തോടൊപ്പവും ചേരാതെ യോഗത്തിനിടെ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം സമസ്തയുടെ യോഗങ്ങള്‍ക്കൊന്നും അദ്ദേഹം പോയതേയില്ല. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സമസ്ത പ്രസിഡന്റായിരിക്കെ വീണ്ടും അദ്ദേഹത്തെ മുശാവറ അംഗമാക്കി തിരഞ്ഞെടുത്തു.
ഷിറിയ ഉസ്താദിന്റെ വീടിന് സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനമാണ് ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സ്. അജ്മീറില്‍ വെച്ച് മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങളും ഷിറിയ ഉസ്താദും എടുത്ത തീരുമാനമായിരുന്നു നാട്ടില്‍ ദീനീ ദഅ്വത്തിനായി ഒരു സ്ഥാപനം നിര്‍മിക്കണമെന്നത്. ഇതിന്റെ ഭാഗമായി ഖാജാ ഗരീബ് നവാസ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഇതിന്റെ പൂര്‍ത്തീകരണമായിരുന്നു ലത്വീഫിയ്യ. മുട്ടം കുഞ്ഞിക്കോയ തങ്ങളായിരുന്നു തുടക്കം മുതല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. അലിക്കുഞ്ഞി മുസ്ലിയാര്‍ വൈസ് പ്രസിഡന്റും. പിന്നീട് തങ്ങള്‍ സ്ഥാനമൊഴിഞ്ഞതോടെ ഉസ്താദിനായി മരണം വരെയും ആ ചുമതല. ഉസ്താദിന്റെ ശിഷ്യനും ഇവിടത്തെ പ്രധാന മുദരിസുമായ പാത്തൂര്‍ മുഹമ്മദ് സഖാഫിയാണ് സെക്രട്ടറി. 1963ല്‍ കുമ്പോലില്‍ നിന്ന് തുടങ്ങിയ അധ്യാപന ജീവിതം വിവിധ നാടുകളിലായി വര്‍ഷങ്ങള്‍ തുടര്‍ന്നു. കാടങ്കോട്, പൂച്ചക്കാട്, ഉപ്പിനങ്ങാടി, കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം, പള്ളിപ്പുഴ, ലത്വീഫിയ്യ കോംപ്ലക്സ്, മഞ്ചേശ്വരം പൊയ്യത്ത് ബയല്‍ എന്നിവിടങ്ങളിലെല്ലാം ദര്‍സ് നടത്തി. എട്ടു മക്കളാണ് അദ്ദേഹത്തിനുള്ളത്. അബ്ദുറഹ്മാന്‍ നിസാമി, അബൂബക്കര്‍ ഹാജി, മുഹമ്മദ് ത്വയ്യിബ്, അന്‍വര്‍ അലി സഖാഫി, ആഇശ. സൈനബ, കുബ്റ, റാബിയ. 2021 ഏപ്രില്‍ മൂന്നിനായിരുന്നു മഹാനവര്‍കളുടെ വിയോഗം. എണ്‍പത്തിയാറ് വയസായിരുന്നു. വീടിന് സമീപത്ത് തന്നെയാണ് മഖ്ബറയുള്ളത്.

==================================================

അറിവും ജീവിതവും തമ്മിലുള്ള അസാധാരണമായ ചേര്‍ച്ച;ദീപ്തം, നിത്യഹരിതം

എന്താണ് ഇസ്ലാം എന്ന ചോദ്യത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കാമായിരുന്ന ലളിതമായ ഒരുത്തരമാണ് 2021 ഏപ്രില്‍ മൂന്നിന് ജീവിതത്തില്‍നിന്ന് പതുക്കെയിറങ്ങിപ്പോയത്. റസൂലിന്റെ(സ്വ) വാക്കുകളുടെ മനോഹരമായ ജീവിതാവിഷ്‌കാരമായിരുന്നു ഷിറിയ ഉസ്താദ്. സല്‍സ്വഭാവം നിങ്ങള്‍ അലിക്കുഞ്ഞി മുസ്ലിയാരെ കണ്ട് പഠിക്കണമെന്ന് കോട്ടുമല ഉസ്താദ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് പറഞ്ഞിരുന്നു. സ്വഭാവശുദ്ധിക്ക് ലഭിച്ച ഗുരുത്വം. ഒരാള്‍ക്കിത്രത്തോളം ഇസ്ലാമാകാനാകുമോ എന്ന് അത്ഭുതപ്പെടുത്തുന്ന ജീവിതം.

നിഷ്‌കളങ്കത
പറയുന്ന കാര്യങ്ങള്‍ അപ്പടി ഉസ്താദ് വിശ്വസിക്കും. ആരെക്കുറിച്ചും വഞ്ചിക്കുമെന്ന ആശങ്കയുണ്ടായിരുന്നില്ല. എല്ലാവരെ കുറിച്ചും നല്ലതുമാത്രമാണ് മനസ്സിലാക്കിവെച്ചിരിക്കുന്നത്. ശിഷ്യന്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ പറയുന്നു: ഉസ്താദിന്റെ കൂടെ ഞങ്ങള്‍ ലത്തീഫിയ്യയുടെ പ്രചാരണത്തിന് പോകും. നല്ലൊരു ഫലം ഉണ്ടാക്കാനാകുമെന്ന് മനസ്സിലാക്കിയിട്ടായിരിക്കും ഞങ്ങള്‍ ഉസ്താദിനെയും കൂട്ടിപ്പോയിട്ടുണ്ടാവുക. വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍, ഇപ്പോള്‍ കൊറച്ച് ബുദ്ധിമുട്ടാണ്, ബിസിനസൊക്കെ മോശമാണ് എന്നൊക്കെ ചിലയാളുകള്‍ പറയും. നല്‍കുന്ന സംഭാവനകള്‍ ചെറുതാണെങ്കിലും കഴിയുംവിധം സഹായിച്ചിട്ടുണ്ടെന്ന് വന്നവരെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെ പറയുന്നത്. ഇതൊരു നാട്ടുനടപ്പാണ്. പക്ഷേ, ആരെങ്കിലും ഇങ്ങനെയൊരു വാക്ക് പറഞ്ഞാല്‍ ഉസ്താദ് അങ്ങനത്തന്നെയത് വിശ്വസിക്കും. അവര് കേള്‍ക്കാതെ കൂടെപ്പോയവരോട് പറയും: ‘ബല്യ ബേജാറ്ണ്ട്, ഒന്നും ചോയിക്കണ്ട ട്ടോ’. ഇത്രയേറെ നിഷ്‌കളങ്കമായിരുന്നു ആ മനസ്സ്.

പരിത്യാഗി
ഉസ്താദിന്റെ മനസ്സില്‍ സ്വാര്‍ഥതയില്ല. ആ കൈകളിലൂടെ എത്രയോ പണം വന്നുപോയിട്ടുണ്ടെങ്കിലും ഉസ്താദ് പണത്തിന് വേണ്ടി ഒരുവിട്ടുവീഴ്ചയും എവിടെയും ചെയ്തില്ല. പരിപാടികള്‍ക്ക് പോയാല്‍ ആളുകള്‍ സന്തോഷത്തോടെ ഹദ്യകള്‍-ഗിഫ്റ്റ് നല്‍കും. എന്താണ് കിട്ടിയത് എന്ന് ഉസ്താദ് നോക്കാറുണ്ടായിരുന്നില്ല. എന്തു ലഭിച്ചാലും വീട്ടിലെത്തിയാലുടനെ ഭാര്യയുടെ കൈയിലേല്‍പിക്കും. അതെന്താണ്, അതെത്രയുണ്ടായിരുന്നു, എന്താക്കി ഇതൊന്നും ചോദിക്കാറുണ്ടായിരുന്നില്ല. ഭൂമിയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മക്കള്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. മുമ്പൊരിക്കല്‍ ഉസ്താദ് പറഞ്ഞു: ‘ഞാനിപ്പം മരിക്കാനും തയാറാണ്. ഒരു സെന്റ് സ്ഥലം എന്റെ കൈയിലില്ല, ഒരുറുപ്പികയുടെ സ്വത്തൂല്ല, ഒരു രൂപ കടവുമില്ല, ഞാനൊരാളെയും പരദൂഷണം പറഞ്ഞിട്ടുമില്ല.’ ആര്‍ക്കാണിത്ര ആത്മവിശ്വാസത്തോടെ സംസാരിക്കാനാവുക?

ഗുരുസ്നേഹം
ഉസ്താദുമാരോട് വലിയ ആദരവായിരുന്നു. സമസ്തയുടെ പുനഃസംഘാടന സമയത്ത് സംഘടനാപരമായി ഗുരു-ശിഷ്യന്മാര്‍ രണ്ടു ഭാഗങ്ങളിലായിപ്പോയെങ്കിലും മനസ്സു കൊണ്ട് അവരൊന്നായിരുന്നു. ശംസുല്‍ ഉലമയുടെ വിയോഗ സമയം വരെ ഈ സൗഹൃദം നിലനിന്നിരുന്നു; മരണ ശേഷവും അവര്‍ തമ്മില്‍ ബന്ധം തുടരുന്നുണ്ട്.
വീട് പുതുക്കിപ്പണിതപ്പോള്‍ തറ പൊളിക്കാന്‍ സമ്മതിച്ചില്ല. ചുമരുകള്‍ മാത്രം പൊളിച്ചാണ് നവീകരിച്ചത്. പഴയ വീട്ടില്‍ നിരവധി ഉസ്താദുമാര്‍ താമസിച്ചിരുന്നു. അവരുടെ സഹവാസത്തിന്റെ പോരിശ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. എഞ്ചിനീയര്‍ ടോയ്ലറ്റിന് ഒരു സ്ഥലം നിര്‍ണയിച്ചപ്പോള്‍ ഉസ്താദ് അതിന് സമ്മതിച്ചില്ല. കോട്ടുമല ഉസ്താദ് ഉറങ്ങിയ ഇടമാണത് എന്നായിരുന്നു കാരണം പറഞ്ഞത്. എവിടെയെങ്കിലും സേവനമേല്‍ക്കുന്നതിന് മുമ്പ് ഉസ്താദുമാരോട് സമ്മതം ചോദിക്കും. ഇത്തരമൊരു ഘട്ടത്തിലാണ് ഉസ്താദായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജി ഇങ്ങനെ പറഞ്ഞത്: ‘അല്ലാഹു ഒരാളെ ഹിദായത്തിലാക്കിയാല്‍ അവനെ അദബിന്റെ റെയിലിലൂടെ സഞ്ചരിപ്പിക്കും. നിന്റെ പ്രധാന ഉസ്താദ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരാണ്. എന്നോട് സമ്മതം ചോദിക്കേണ്ടതില്ലായിരുന്നു. പക്ഷേ, നീ എന്റെയടുത്ത് കുറച്ചു കാലം ഓതിയതുകൊണ്ടാണ് സമ്മതം ചോദിക്കാന്‍ വന്നത്. അതാണ് അദബ്. നീ അദബ് പാലിച്ചു. നിനക്ക് നല്ല വിജയമുണ്ടാകും’.

ഇശ്ഖ്
അദമ്യമായ പ്രവാചക സ്നേഹത്തിന്റെ നേരടയാളമായിരുന്നു അലിക്കുഞ്ഞി മുസ്ലിയാര്‍. അടങ്ങാത്ത പ്രവാചക പ്രണയം ഓരോ നിശ്വാസത്തിലുമുണ്ടായിരുന്നു. റസൂലിന്റെ പേരു ഉച്ചരിക്കുമ്പോള്‍ പോലും ആ സ്നേഹം നിറഞ്ഞുനിന്നിരുന്നു. ഹൃദയത്തില്‍ തട്ടിയായിരുന്നു ആ പേര് മൊഴിയുന്നത്. അശ്റഫുല്‍ ഖല്‍ഖ്, മുത്ത് മുസ്തഫ്വാ, പൊന്നു മുസ്ത്വഫ, ആരമ്പപ്പൂവായ തുടങ്ങിയ വിശേഷണങ്ങളോടെയാണ് റസൂലിനെ പറഞ്ഞു തുടങ്ങിയിരുന്നത്. ദലാഇലുല്‍ ഖൈറാത്തും സ്വലാത്തുല്‍ ഖുളൂറും ജീവിതത്തില്‍ പതിവാക്കിയിരുന്നു. ജീവിതത്തില്‍ പല തവണ റസൂലിനെ സ്വപ്നം കാണാന്‍ ഭാഗ്യമുണ്ടായി. കഅ്ബക്ക് അകത്ത് കയറി പ്രാര്‍ഥിക്കാനുള്ള അപൂര്‍വ ഭാഗ്യവും കിട്ടി. സബ്ഖുകള്‍ക്കിടയില്‍ റസൂലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായാല്‍ മുഖം സ്നേഹം കൊണ്ട് ചുവക്കുമായിരുന്നു. ചുണ്ടുകള്‍ വിതുമ്പുന്ന പോലെ തോന്നുമായിരുന്നു.

കുളിച്ച് വൃത്തിയായി പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് മദീനയിലേക്ക് കടക്കുക. മദീനയിലേക്ക് പുറപ്പെടുമ്പോള്‍ ഇമാം നവവിയുടെ ഈളാഹ് നോക്കിയിട്ടുണ്ടെങ്കിലും മദീനയിലെത്തിയാല്‍ വീണ്ടും നോക്കും. ഹറം സന്ദര്‍ശിക്കുന്നതിന്റെയും ഹജ്ജ്/ഉംറകളുടെയും തനതുരീതിയും ശൈലിയുമാണ് ഈളാഹ് എന്ന ഗ്രന്ഥം പരാമര്‍ശിക്കുന്നത്. കൂടെയുള്ളവര്‍ക്ക് അദബിന്റെ പാഠങ്ങള്‍ പങ്കുവെക്കും. റൗളാ ശരീഫിലേക്ക് നോക്കാന്‍ ഉസ്താദിന് ഭയമായിരുന്നു. ഈ നിസ്സാരനായ എന്റെ കണ്ണു കൊണ്ട് റൗളാ ശരീഫിലേക്ക് നോക്കാന്‍ എനിക്ക് അര്‍ഹതയുണ്ടോ എന്നതായിരുന്നു ഉസ്താദിന്റെ ആധി.

കണിശത
ആര്‍ക്കും ഇടപെടാവുന്ന സൗമ്യഭാവമായിരുന്നെങ്കിലും മതവിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ ഗര്‍ജിക്കുമായിരുന്നു. അതെത്ര വലിയവരാണെങ്കിലും ബോധ്യപ്പെട്ട സത്യം മുഖത്തുനോക്കിപ്പറയുമായിരുന്നു. കുമ്പോലിലെ ദര്‍സ് കാലത്തെ ഒരനുഭവം: കുമ്പോലില്‍ ദര്‍സേല്‍ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ടവരോട് ചിലകാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയിരുന്നു. ഏതു വീട്ടിലേക്ക് ആരു വിളിച്ചാലും ഞാന്‍ വരും. പക്ഷേ, ശറഇന് വിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ ഞാനവിടേക്ക് വരില്ല. ആ മഹല്ല് അങ്ങനെ സുന്ദരമായി ചലിച്ചു. അതിനിടക്ക് ഒരു കല്യാണവീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു. പക്ഷേ, മതവിരുദ്ധമായ കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ ഉസ്താദ് അവിടേക്ക് പോയില്ല. അതൊരു വലിയ പ്രശ്നമായി. ആ വെള്ളിയാഴ്ചയിലെ ഉസ്താദിന്റെ പ്രസംഗം പതിവിന് വിരുദ്ധമായിരുന്നു. കഠിനമായ പല വാക്കുകളും പ്രയോഗിച്ചു. വിഷയത്തിന്റെ ഗൗരവം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. നാട്ടില്‍ ഇതിന്റെ തുടര്‍ച്ചയായി പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അന്നു തന്നെ പളളിയില്‍ നിന്ന് പോന്നു.
ഉസ്താദിന്റെ ഡ്രൈവറായിരുന്ന ഷെട്ടറിനുമുണ്ട് സമാനമായ അനുഭവം. വണ്ടി കല്യാണവീടിനടുത്തെത്തിയപ്പോള്‍ അവിടെ നിന്ന് ഗാനമേളയുടെ കോലാഹലങ്ങള്‍ കേട്ടു. ഉസ്താദ് ഉടനെ വണ്ടി തിരിക്കാന്‍ പറഞ്ഞു. വേണ്ടപ്പെട്ട ഒരാളുടെ വീട്ടിലെ പ്രോഗ്രാമായിട്ടും ഇത്തരം കാര്യങ്ങളിലൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല.

ആദര്‍ശവീര്യം
ആദര്‍ശവിഷയങ്ങളില്‍ ഒരുവിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. നവീനവാദികളോട് ഒരു ഘട്ടത്തിലും സന്ധിചെയ്തില്ല. കടുത്ത സ്വരത്തിലായിരുന്നു വിമര്‍ശനം. ഷിറിയയില്‍ മരുന്ന് കച്ചവടക്കാരോടൊപ്പം ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അദ്ദേഹം പ്രതിരോധം തീര്‍ത്തത് ജുമുഅ പ്രഭാഷണത്തിലാണ്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നാട്ടിലെ പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ പാപ്പരത്വത്തെ തുറന്നുകാണിച്ചു. മരുന്ന് വില്‍പ്പനക്കാരന്റെ അടുത്ത് നിന്ന് ഇനിയാരും മരുന്ന് വാങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും അവിടെ സുന്നീ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി തര്‍കുല്‍മുവാലാത് (നിസ്സഹകരണം) പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കുകയുമുണ്ടായി.

ഖാദിയാനികള്‍ക്കെതിരെ പ്രസംഗിച്ചതിന്റെ പേരിലും വലിയ എതിര്‍പ്പുകള്‍ സഹിക്കേണ്ടിവന്നു. രൂക്ഷമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപിതരായ ഖാദിയാനികള്‍ ഉസ്താദിന്റെ കോലം കത്തിക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നിട്ടും സുന്നത്ത് ജമാഅത്തിന് എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ക്കെതിരെയുള്ള ശബ്ദം താഴ്ത്താന്‍ തയാറായതേയില്ല.

ചിട്ട
ധൃതിപിടിച്ച് ഒരു കാര്യവും ചെയ്യില്ല. അഴിച്ചുവെക്കുന്ന ചെരുപ്പുകള്‍ ശ്രദ്ധിച്ചാലതറിയാം, ഒപ്പത്തിനൊപ്പമായിരിക്കും വെച്ചിട്ടുണ്ടാവുക. ചെരുപ്പിടുമ്പോഴും കുപ്പായമിടുമ്പോഴുമൊക്കെ ശ്രദ്ധാപൂര്‍വം വലതു വശം നോക്കും. ചുമരില്‍ പിടിച്ച് പതുക്കെയാണ് വലത്തെ കാലില്‍ ചെരുപ്പ് ധരിക്കുക. പിന്നീട് ഇടത്തേ കാലില്‍ ധരിക്കും. ഇതെപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു.

ഗുണകരമെന്ന് തോന്നുന്ന കാര്യം ആരെങ്കിലും പറഞ്ഞാല്‍ അക്ഷരംപ്രതി പാലിക്കും. ഡോക്ടര്‍മാര്‍ രണ്ടു ചപ്പാത്തി പറഞ്ഞാല്‍ മൂന്നാമത്തേത് എടുക്കില്ല. ബല്ലാകടപ്പുറത്ത് ദര്‍സ് നടത്തുന്ന കാലത്ത് ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോയി. ഷുഗറല്‍പം കൂടിയതിനാല്‍ രണ്ടു ചപ്പാത്തിയാക്കി കുറക്കാന്‍ പറഞ്ഞു. കഴിക്കുന്ന മൂന്നു ചപ്പാത്തി രണ്ടിലേക്ക് ചുരുക്കാനുള്ള മാര്‍ഗവും ഡോക്ടര്‍ നിര്‍ദേശിച്ചു. ഒരു ചപ്പാത്തി മുപ്പത് കഷ്ണമാക്കുക. ആദ്യത്തെ ദിവസം അതില്‍ നിന്നൊരു കഷ്ണം മാറ്റിവെക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ മാറ്റിവെക്കുന്ന കഷ്ണത്തിന്റെ എണ്ണവും കൂട്ടിക്കൊണ്ടുവരിക. അങ്ങനെ അറുപത് ദിവസം കൊണ്ട് മുപ്പത് കഷ്ണങ്ങള്‍ മാറ്റിവെക്കാന്‍ കഴിയും. ഇതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. കേള്‍ക്കുന്നവര്‍ക്ക് ഇതെത്രത്തോളം പ്രായോഗികമാവുമെന്ന് തോന്നിയേക്കാം. എന്നാല്‍ ഉസ്താദ് അപ്പറഞ്ഞ രൂപത്തില്‍ തന്നെ ചെയ്തു. രണ്ടു മാസം കൊണ്ട് രണ്ടു ചപ്പാത്തിയിലേക്കെത്തി. മരണം വരെ ഉസ്താദ് രണ്ടു ചപ്പാത്തിയായിരുന്നു കഴിക്കാറുണ്ടായിരുന്നത്. കട്ടി കുറഞ്ഞ ചപ്പാത്തിയാണെങ്കില്‍ ചില ദിവസങ്ങളില്‍ മൂന്നെണ്ണം കഴിച്ചെന്നു വന്നേക്കും.

ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കും. സീറ്റ് ബെല്‍റ്റ് ധരിപ്പിക്കും, 60ല്‍ കൂടുതല്‍ സ്പീഡില്‍ പോയാല്‍ മുഖത്തേക്ക് നോക്കിയിരിക്കും. അല്പം വൈകിയാലും ലക്ഷ്യസ്ഥാനത്തെത്തുന്നതല്ലേ നല്ലത് എന്നതായിരുന്നു രീതി. പഠനകാലത്താരംഭിച്ച തഹജ്ജുദും ളുഹയും ഒരിക്കലും ഒഴിവാക്കാറുണ്ടായിരുന്നില്ല. പരിപാടികള്‍ കഴിഞ്ഞ് വന്നുകിടക്കുന്നത് രണ്ടു മണിക്കാണെങ്കിലും തഹജ്ജുദ് നഷ്ടപ്പെടുത്താറുണ്ടായിരുന്നില്ല.

കൃത്യനിഷ്ഠ
സമയത്തിനു മുമ്പ് തന്നെ ഓരോ കാര്യങ്ങള്‍ക്കും ഉസ്താദൊരുങ്ങിയിട്ടുണ്ടാവും. പത്തു മണിക്കാണ് എവിടേക്കെങ്കിലും ഇറങ്ങേണ്ടതെങ്കില്‍ ഒമ്പതേ അമ്പതിനു തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ഉസ്താദ് കൊലായയില്‍ കാത്തിരിക്കുന്നുണ്ടാവും. ഡ്രൈവറെത്തുമ്പോഴേക്ക് പലപ്പോഴും ഉസ്താദ് റെഡിയായിട്ടുണ്ടാവൂ.
ചിലയിടങ്ങളില്‍ കമ്മറ്റിക്കാരുടെ കണക്കുകൂട്ടലുകള്‍ ഉസ്താദ് തെറ്റിക്കും. ഏഴു മണിക്ക് പ്രോഗ്രാം തീരുമാനിച്ച്, ആളുകളെത്തിയ ശേഷം എട്ടു മണിക്ക് ആരംഭിക്കാമെന്ന് ചിലര്‍ കരുതിയിട്ടുണ്ടാവും. പാട്ട് വെക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടാവൂ. ഉസ്താദ് ഏഴുമണിക്കു തന്നെ എത്തിയിരിക്കും. ഒരിടത്തും വൈകിയെത്തിയ അനുഭവമുണ്ടായിട്ടുണ്ടാവില്ല.
ഭക്ഷണക്കാര്യത്തിലുമുണ്ട് കൃത്യനിഷ്ഠ. രാവിലെ 9 മണി, ഉച്ചക്ക് 2 മണി, രാത്രി 9 മണി ഇതാണ് ഉസ്താദിന്റെ ഭക്ഷണ സമയം. ഇതിന്റെ പത്തു മിനുറ്റ് മുമ്പ് കൃത്യമായി അടുക്കളയിലേക്കെത്തിയിട്ടുണ്ടാവും. ഭക്ഷണത്തിന്റെ അളവിലും കൃത്യതയുണ്ട്. വാരിവലിച്ച് തിന്നില്ല. ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ തീറ്റ അവസാനിപ്പിക്കണമെന്നതാണ് നിലപാട്.

മതേതരത്വം
നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഉസ്താദ് ജാഗ്രത കാണിച്ചിരുന്നു. എല്ലാ മതക്കാരോടും സ്നേഹത്തോടെയായിരുന്നു ഇടപെട്ടിരുന്നത്. അതുകൊണ്ടാണ് ഉസ്താദ് ഒരു വഴിക്ക് പോകുന്നതു കണ്ടാല്‍ നാട്ടുകാര്‍ ആദരവോടെ എഴുന്നേറ്റ് നില്‍ക്കുന്നത്. വീട്ടിലേക്ക് പാല്‍ വരുത്തുന്നത് ചൂത്തരത്തി ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ്. കൊറകനെയായിരുന്നു കടം ആവശ്യമായി വന്നാല്‍ സമീപിച്ചിരുന്നത്. അവര്‍ക്കിടയില്‍ കൊടുക്കലും വാങ്ങലുകളും നന്നായി നടക്കാറുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് മതത്തിന്റെ മതില്‍ക്കെട്ട് തടസ്സമായി ഉണ്ടായിരുന്നില്ല.
ഉസ്താദിന്റെ വീടിനോട് ചേര്‍ന്നാണ് സത്യസായി ബാബ മന്ദിരമുള്ളത്. അവിടെ വര്‍ഷത്തിലൊരിക്കലൊക്കെയാണ് ആഘോഷങ്ങള്‍ നടക്കാറുള്ളത്. ഇങ്ങനെയുള്ള ആഘോഷവേളകളില്‍ അവിടേക്ക് വൈദ്യുതി അവര്‍ ആവശ്യപ്പെട്ടിരുന്നത് ഉസ്താദിനോടായിരുന്നു. നാടിന്റെ നന്മ പ്രതീക്ഷിച്ച് ഉസ്താദ് അവരോട് സഹകരിക്കാറുണ്ടായിരുന്നു.

വിനയം
തലകുനിച്ചുള്ള നടത്തം വിളിച്ചു പറയും ഉസ്താദിന്റെ വിനയം. കുഞ്ഞുങ്ങളോടും മുതിര്‍ന്നവരോടും വിനയത്തോടെയാണ് പെരുമാറിയിരുന്നത്. സംസാരത്തില്‍ പോലും ഈ വിനയം പ്രതിഫലിക്കും. ഉര്‍ദിക്ക് പോവുക എന്നാണ് ഉസ്താദ് പറയുക. വഅ്‌ളു പറയുക എന്ന് പ്രയോഗിക്കാറേ ഉണ്ടായിരുന്നില്ല. കാല്‍ നീട്ടിയിരിക്കുമ്പോള്‍ അതൊരാള്‍ക്കും നേരെയാകാതിരിക്കാനുള്ള സൂക്ഷ്മത പാലിച്ചിരുന്നു. ഉസ്താദിനെ ആരും അറിയേണ്ടതില്ല എന്നതായിരുന്നു താല്‍പര്യം. അതുവഴി ഇലാഹീ ചിന്തയില്‍ നിന്ന് വ്യതിചലിക്കുന്ന എന്തെങ്കിലും മനസ്ഥിതിയില്‍ പ്രലോഭിതനായാലോ എന്നതായിരിക്കണം ഉസ്താദിന്റെ ആധി.

=========================================================

ശിഷ്യന്മാരുടെ മനസില്‍ ഗുരു ജീവിക്കുന്നതിന്റെ നേര്‍ചിത്രം ;ഗുരുത്വമുള്ള ഓര്‍മകള്‍

ആത്മീയനിയന്ത്രണത്തിലൂടെയായിരുന്നു ഷിറിയ ഉസ്താദ് ശിഷ്യന്മാരെ രൂപപ്പെടുത്തിയിരുന്നത്. ഉസ്താദിന്റെ സാന്നിധ്യം തന്നെയായിരുന്നു അവര്‍ക്കുമേലുള്ള വലിയ സ്വാധീനം. ഉസ്താദ് സ്ഥലത്തുണ്ടെങ്കിലും ഇല്ലെങ്കിലും ദര്‍സില്‍ ശാന്തത നിറഞ്ഞുനില്‍ക്കും. ഓതിപ്പഠിക്കുന്നുണ്ടോ എന്ന സംശയനോട്ടം ഉണ്ടായിരുന്നില്ല. തല അല്പം താഴ്ത്തിപ്പിടിച്ചാണ് ഉസ്താദ് നടക്കുക. റൂമിലേക്ക് പോകുമ്പോഴും റൂമില്‍ നിന്നിറങ്ങുമ്പോഴും തല താഴ്ന്നുനില്‍ക്കും. എന്നാലും ശിഷ്യന്മാര്‍ക്ക് വലിയ പേടിയായിരുന്നു. ആത്മീയമായ ആ തലയെടുപ്പ്.

ഓരോ ദിവസം ഓരോരുത്തരാണ് കിതാബുകള്‍ വായിച്ചുകൊടുക്കേണ്ടത്. വായിക്കേണ്ടവര്‍ തലേ ദിവസം തന്നെ നോക്കിവെക്കും. എന്നാലും പലരും വലിയ ബേജാറിലായിരിക്കും. വായിച്ചുകൊടുക്കുന്നത് ഉസ്താദിന് നിര്‍ബന്ധമാണ്. ഓരോ വാക്കിനും ഉസ്താദ് അര്‍ഥം പറയും. അപ്പോള്‍ തന്നെ കാര്യങ്ങളുടെ ആകത്തുക എല്ലാര്‍ക്കും മനസ്സിലാകും. സങ്കീര്‍ണമായ വിഷയങ്ങളുടെ വിശദീകരണമുണ്ടാകും. നീട്ടിവലിക്കലുകളുണ്ടാവില്ല. അല്‍ഫിയയൊക്കെ ഓതുമ്പോള്‍ ശിഷ്യന്മാര്‍ വായിക്കും. ഉസ്താദ് അര്‍ഥം പറയും. ആ പറയലോടെ ബൈതില്‍ പറയുന്ന കാര്യങ്ങള്‍ ലഭിച്ചിട്ടുണ്ടാകും. വിശദീകരണം കൂടാതെ തന്നെ കാര്യങ്ങള്‍ വ്യക്തമാവും. എല്ലാവരുടെയും ശ്രദ്ധ ഗുരുവിന്റെ മുഖത്തായിരിക്കും. ശ്രദ്ധ മറ്റെവിടെയും പോകില്ല. സംശയങ്ങള്‍ ചോദിക്കുന്നവരെ വലിയ ഇഷ്ടമാണ്. സംശയങ്ങള്‍ ആരും ചോദിച്ചില്ലെങ്കില്‍ നീരസം പ്രകടിപ്പിക്കുമായിരുന്നു.

രസകരമാണ് ഓരോ ക്ലാസുകളും. ചിരിക്കേണ്ടിടത്ത് ചിരിക്കും. എല്ലാം ആ ക്ലാസുകളിലുണ്ടാവും. ഓരോ ഭാഗത്തും ഉസ്താദുമാര്‍ പറഞ്ഞ വിശദീകരണം സൂചിപ്പിക്കും. നാടന്‍ ഉദാഹരണങ്ങള്‍ നിറഞ്ഞ ക്ലാസ് ഏത് ബൗദ്ധിക നിലവാരത്തിലുള്ളവര്‍ക്കും ഉള്‍ക്കൊള്ളാവുന്നതായിരുന്നു.

ഉസ്താദിന്റെ ശിഷ്യനും രണ്ടാം മുദരിസുമായിരുന്ന മജീദ് ഫൈസി പറയുന്നു: ഉസ്താദുമാരുടെ ചരിത്രം നിരന്തരമായി പറയുമായിരുന്നു. കോട്ടുമല ഉസ്താദിന്റെയും ഖുതുബി ഉസ്താദിന്റെയുമൊക്കെ ചരിത്രം ക്ലാസില്‍ ഇഷ്ടംപോലെ വരും. ശരിയായ ശിക്ഷണത്തിന്റെ വേദികളായിരുന്നു ചരിത്രത്തിന്റെ ഈ ഓര്‍മപ്പെടുത്തലുകള്‍. ഞങ്ങളിപ്പോള്‍ ക്ലാസെടുക്കുമ്പോള്‍ പലഭാഗങ്ങളിലെത്തുമ്പോഴും ഉസ്താദ് പറഞ്ഞ സംഭവങ്ങളും ഉദാഹരണങ്ങളും ഓര്‍മവരും. ഒരുദാഹരണം പറയാം: അല്‍ഫിയ ഓതിത്തരുമ്പോള്‍ ‘വസ്സാനികബ്നീ അന്‍ത ഹഖന്‍ സിര്‍ഫ’ എന്ന ബൈതെത്തിയപ്പോള്‍ ഞങ്ങള്‍ക്കൊരു കഥ പറഞ്ഞുതന്നിരുന്നു. കോട്ടുമല ഉസ്താദ് ഹജ്ജിന് പോയപ്പോള്‍ ഖിദ്മത്തെടുക്കാന്‍ ഉസ്താദ് മുംബൈയിലേക്ക് കൂടെപ്പോയിരുന്നു. ജ്യേഷ്ഠന്മാരവിടെ ഹോട്ടലുകള്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മുംബൈ നേരത്തേ നല്ല പരിചയമുണ്ട്. ഒന്നു രണ്ടാഴ്ച അവിടുത്തെ മുസാഫര്‍ഖാനയില്‍ താമസിക്കേണ്ടിവന്നു. അതാണ് അന്നത്തെ ഹജ്ജ് ഹൗസ്. അതിനിടയില്‍ ശൈഖ് ആദം ഹസ്റത്ത് അവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞു. ഹസ്റത്തിനെ കാണാനും പൊരുത്തം വാങ്ങാനും സമ്മാനങ്ങളുമായി ഉസ്താദ് റൂമിലെത്തി. ആദം ഹസ്റത്തിനെ നേരത്തേ കണ്ടു പരിചയമില്ല. റൂമില്‍ രണ്ടു പേരുണ്ട്; വലിയൊരാളും ചെറിയൊരാളും. വലിയ വ്യക്തിയായിരിക്കും ഹസ്റത്ത് എന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ മുമ്പില്‍ ഉസ്താദ് ഹദ്്യ സമര്‍പ്പിച്ചു. ധാരണപ്പിശക് തിരുത്താന്‍ ഈ വലിയ വ്യക്തി തന്ത്രം പ്രയോഗിച്ചു. അദ്ദേഹം ആദം ഹസ്റത്തിന് വിശറിയെടുത്ത് വീശിക്കൊടുത്തു. അപ്പോഴാണ് ആദം ഹസ്റത്ത് ആരാണെന്ന് ഉസ്താദിന് മനസ്സിലായത്. പിന്നീട് എല്ലാ ദിവസവും റൂമില്‍ ചെന്ന് ഉസ്താദ് ഖിദ്മത്തെടുക്കുമായിരുന്നു. അങ്ങനെ നല്ല ബന്ധമായി. ഹജ്ജിന് പുറപ്പെടുന്നതിന്റെ തലേദിവസം കാണാന്‍ പോയി. എനിക്കുവേണ്ടി ദുആ ചെയ്യണം എന്നു പറഞ്ഞു. അപ്പോള്‍ ആദം ഹസ്റത്ത് ഇങ്ങനെ പറഞ്ഞു: ‘അന്‍ത്തബ്നീ, ലാ അന്‍സാക്ക, അദ്ഊ ലക്ക’ (നീ എന്റെ മോനാണ്. ഞാന്‍ നിന്നെ മറക്കില്ല. നിനക്കുവേണ്ടി ഞാന്‍ ദുആ ചെയ്യാം). അല്‍ഫിയ ഓതിക്കൊടുക്കുന്ന സമയത്ത് ഈ ഭാഗത്തെത്തുമ്പോള്‍ ഈ സംഭവം നമ്മുടെ മനസ്സിലും തെളിയും. മഹാന്മാരോട് ബന്ധപ്പെടുന്നതിന്റെയും അവരുടെ പ്രീതി നേടിയെുക്കുന്നതിന്റെയും ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ. ഇങ്ങനെ നമുക്ക് പാഠങ്ങളാകുന്ന കാര്യങ്ങളാണ് പറയുക.

സബ്ഖിന്റെ സമയങ്ങളുടെ ക്രമീകരണത്തിലും ചില ചിട്ടകളുണ്ടായിരുന്നു. സുബ്ഹിക്ക് ശേഷം തഫ്സീറുല്‍ ജലാലൈനി, ളുഹറിന് ശേഷം ഹദീസു കിതാബുകളാണ് പതിവ്. ശിഷ്യന്മാരുടെ വുളൂഅ് ശുദ്ധി ഉറപ്പുവരുത്തുന്നതിനാകണം ഈ സമയക്രമീകരണം. അസറിന് ശേഷമായിരിക്കും മന്ത്വിഖ് പോലുള്ള കിതാബുകളുണ്ടാവുക. ശവ്വാലിലെ രണ്ടാം ബുധനാണ് ദര്‍സാരംഭിക്കുക. ദുല്‍ഹിജ്ജ അഞ്ചിന് പെരുന്നാളിന് പൂട്ടും. അന്നാണ് കോട്ടുമല ഉസ്താദിന്റെ ആണ്ട്. അതു കഴിഞ്ഞാണ് ദര്‍സ് പൂട്ടുക. ശഅബാനിലെ ആദ്യത്തെ വെള്ളിയാഴ്ച ഉസ്താദ് പ്രസംഗിക്കും. ശനിയാഴ്ച നോമ്പിനുവേണ്ടി ദര്‍സ് അടക്കുകയും ചെയ്യും.
മജീദ് ഫൈസി ഓര്‍ക്കുന്നു: ശഅബാനിന് ഒന്നുരണ്ടു മാസം മുമ്പ് ഞങ്ങളോതിയിരുന്ന ജംഅ് പൂര്‍ത്തിയായി. ദര്‍സ് പൂട്ടുന്നതുവരെ ഇഷ്ടമുള്ള കിതാബോതാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഇഹ്യാ ഉലൂമിദ്ദീന്‍ ഓതുന്നത്. അക്കാലത്ത് ഉസ്താദിന്റെ ദര്‍സില്‍ ഇഹ്യ ഓതുന്ന പതിവുണ്ടായിരുന്നില്ല. അസറിന് ശേഷമാണ് സബ്ഖ്. ഓരോ സബ്ഖും വല്ലാത്തൊരു അനുഭവമായിരുന്നു. കഴിഞ്ഞു വരുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും. എല്ലാവരും മൗനത്തിലായിരിക്കും. അത്രയേറെ മനസ്സിലേക്കിറങ്ങുന്നതായിരുന്നു ഓരോ വാക്കുകളും. ഇഹ്യയുടെ സബ്ഖിനിടെ ഉസ്താദൊരിക്കല്‍ പറഞ്ഞു: ഗസ്സാലി ഇമാം എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ എല്ലാവരും ആവേശത്തോടെ മുസാഫഹത്ത് ചെയ്യാന്‍ പോവും. ഞാന്‍ പോകൂല. ഞാന്‍ പോയാല്‍ എന്നെ ആട്ടിയോടിക്കാന്‍ സാധ്യതയുണ്ട്. എന്നെ മുഅ്മിനായി അവരംഗീകരിക്കലുണ്ടാകൂല. ഇതു മതി ശൈഖുനയുടെ മാനസികാവസ്ഥയുടെ ഔന്നത്യമറിയാന്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മളെങ്ങനെ കരയാതിരിക്കും.

ശിഷ്യന്മാരുടെ പിറകെ സംശയദൃഷ്ടിയുമായി നടക്കാറില്ലെങ്കിലും കാര്യങ്ങളെല്ലാം ഉസ്താദ് അറിയാറുണ്ടായിരുന്നു. മനസ്സ് വായിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. ആവശ്യമായവരെ വിളിച്ച് ഉപദേശിക്കും. ഒരു ശിഷ്യന്റെ ഓര്‍മ: മഞ്ഞനാടി ഉസ്താദ് റാതീബ് നടത്താറുണ്ടായിരുന്നു. റാതീബില്‍ നല്ല രൂപത്തില്‍ പിരിവെടുക്കാറുണ്ടായിരുന്നു. ഉസ്താദിന്റെ റാതീബ് പിരിവെടുക്കാനുള്ളതാണെന്ന് ഒരു ആലിം സംസാരിച്ചു. അത് എന്റെ മനസ്സില്‍ തറച്ചുപോയി. മഞ്ഞനാടി ഉസ്താദിനെ കുറിച്ച് തെറ്റായ ചിന്ത അറിയാതെ മനസ്സില്‍ കയറിക്കൂടി. പിന്നീട് കണ്ടപ്പോള്‍ എന്റെ മുഖത്തു നോക്കി ഉസ്താദ് ആദ്യം പറഞ്ഞത്, ‘മഞ്ഞനാടി ഉസ്താദ് വലിയ മഹാനാണ്’ എന്നായിരുന്നു. ശേഷം മഞ്ഞനാടി ഉസ്താദിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞുതന്നു. ഗുരുതര വീഴ്ചകള്‍ വരുത്തിയവരോട് ബസ്സിന് പോകാന്‍ കാശുണ്ടോന്ന് അന്വേഷിക്കും. ഇല്ലെങ്കില്‍ നല്‍കും. എന്നിട്ട് വേഗം ദര്‍സില്‍ നിന്ന് പോകാന്‍ പറയും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍. ഉസ്താദ് ആരെയും അടിക്കാറുണ്ടായിരുന്നില്ല. ഗൗരവത്തിലുള്ള ഒരുനോട്ടമാണ് വലിയ ശിക്ഷ. ആ നോട്ടം മതിയായിരുന്നു ശിഷ്യന്മാര്‍ക്ക്.

പഠനകാലത്തിന് ശേഷവും ഉസ്താദും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം രൂഢമൂലമായിരുന്നു. മജ്ലിസു ഖിദ്മത്തില്‍ ഉലമാഅ എന്നായിരുന്നു ശിഷ്യന്മാരുടെ കൂട്ടായ്മയുടെ പേര്. മാസത്തിലൊരിക്കല്‍ ഈ കൂട്ടായ്മക്ക് കീഴില്‍ ക്ലാസുകള്‍ നടക്കാറുണ്ട്. ബേക്കല്‍ ഉസ്താദായിരുന്നു ക്ലാസിന് നേതൃത്വം നല്‍കിയിരുന്നത്. കൊറോണക്കാലത്ത് പ്രയാസങ്ങള്‍ നേരിട്ടെങ്കിലും സ്വാലിഹുസ്താദാണ് ഇപ്പോള്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്. ശിഷ്യന്മാരുടെ കാര്യങ്ങളെല്ലാം ഉസ്താദായിരുന്നു കൈകാര്യംചെയ്തിരുന്നത്. ഉസ്താദിനോട് ചോദിക്കാതെ ശിഷ്യന്മാര്‍ ഒരു മഹല്ലില്‍ ജോലിയേല്‍ക്കുകയോ പിരിഞ്ഞുപോരുകയോ ചെയ്യില്ല. ഈ പരിസരങ്ങളിലുള്ളവരെല്ലാം മുദരിസുമാരെയും ഖതീബുമാരെയും തേടി ഉസ്താദിനരികിലാണ് വരാറുള്ളത്. ജോലിക്ക് ചേരുമ്പോള്‍ ശമ്പളം ചോദിക്കാനും ഉസ്താദ് സമ്മതിക്കാറുണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ മക്കള്‍ക്ക് പേരിട്ടുനല്‍കുന്നതും ഉസ്താദായിരുന്നു. വീടെടുക്കുമ്പോഴും വിവാഹക്കാര്യങ്ങളിലുമെല്ലാം ഉസ്താദ് തീരുമാനമെടുക്കുന്നതായിരുന്നു ശിഷ്യന്മാരുടെ താത്പര്യം.
ശിഷ്യന്മാരുടെ കാര്യത്തില്‍ ഉസ്താദിന് വലിയ പ്രതീക്ഷയായിരുന്നു. ഉസ്താദിങ്ങനെ പറയാറുണ്ടായിരുന്നു:

‘ന്റെ കിടാക്കളെല്ലാം ബല്യ ബല്യ ആള്‍ക്കാരാ. കുമ്പോലെ കിടാക്കള്‍ ന്നെ ബിടൂല. എനിക്കൊരു മുള്ള് തറക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയൂല (മുമ്പൊരിക്കല്‍ ഉസ്താദിന്റെ പിത്തകോശത്തില്‍ കല്ലുണ്ടായപ്പോള്‍ കുമ്പോലെ തങ്ങന്മാരാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്). കാക്കൂനപ്പോലത്തെ ഔലിയാക്കളുമുണ്ട്. അവരും എന്നെ കൈവിടൂല.’ പ്രതീക്ഷ പോലെ വിയോഗസമയത്ത്, കുമ്പോലത്തെ ആറ്റക്കോയ തങ്ങളും കുഞ്ഞിക്കോയ തങ്ങളും ശൈഖുനക്കരികിലുണ്ടായിരുന്നു. കുഞ്ഞിക്കോയ തങ്ങളാണ് അവസാനമായി ഷിറിയ ഉസ്താദിന്റെ വായിലേക്ക് വെള്ളം ഉറ്റിച്ചുകൊടുത്തത്.

===========================================
ഉസ്താദിന്റെ ഉറ്റവര്‍ ആരൊക്കെയായിരുന്നു?

സ്നേഹം വാരിക്കോരിനല്‍കുന്ന ഉപ്പയായിരുന്നു മക്കള്‍ക്ക് ഷിറിയ ഉസ്താദ്. കിതാബുകളിലെ സാങ്കേതിക പദങ്ങളുടെ ഊരാക്കുടുക്കുകള്‍ വീട്ടിലെത്തിയാലുണ്ടാവില്ല. അതുകൊണ്ടുതന്നെ ഉപ്പയുടെ ആത്മീയപ്പൊക്കം ഒരകല്‍ച്ചയായി മക്കള്‍ക്ക് അനുഭവപ്പെട്ടിട്ടുമില്ല. വാത്സല്യം കൊണ്ട് ഓരോരുത്തരെയും വീര്‍പ്പുമുട്ടിക്കും. ആ സ്നേഹപ്പെയ്ത്തില്‍ മക്കള്‍ നനയും. വ്യാഴാഴ്ചയാകുമ്പോള്‍ മക്കള്‍ തീവണ്ടിയുടെ ചൂളംവിളിക്ക് കാതോര്‍ക്കും. വ്യാഴാഴ്ച ഉസ്താദ് വീട്ടിലെത്തിയാല്‍ തുടങ്ങുന്ന ആഘോഷം ശനിയാഴ്ച രാവിലെയോടെ അസ്തമിക്കും. ‘നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണെന്ന’ തിരുഹദീസിന്റെ മനോഹരമായ ആവിഷ്‌കാരമായിരുന്നു ഉസ്താദിന്റെ ജീവിതം.

വീട്ടിലെത്തിയാല്‍ വസ്ത്രങ്ങള്‍ മാറ്റി വൃത്തിയാകും. വെള്ളമൊക്കെ കുടിച്ച് ദാഹമകറ്റിയ ശേഷം കഥ പറയാനിരിക്കും. മക്കളെല്ലാരും വട്ടത്തിലിരിക്കും. ആ കഥപറച്ചിലില്‍ പലതും കടന്നുവരും; പോയ സ്ഥലങ്ങളിലെ അനുഭവങ്ങള്‍, കണ്ട കാര്യങ്ങള്‍, ചരിത്രത്തിലെ പാഠങ്ങള്‍ എല്ലാമുണ്ടാകും. കഥപറച്ചിലിന്റെ ഈ കൂടിയിരിക്കലായിരുന്നു മക്കളെ നവീകരിക്കാനുള്ള വേദി. അടിയും പിടിയും ഒച്ചപ്പാടും ബഹളങ്ങളുമുണ്ടായില്ല. ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവേണ്ട മാറ്റങ്ങള്‍ക്കുള്ള സൂചനകള്‍ ഈ സംസാരങ്ങളിലുണ്ടാവും. ഈ രീതി ഏറെ പ്രായോഗികമാണെന്ന് ഉസ്താദ് തെളിയിച്ചു.

മക്കളിലെന്തേലും പിഴവുകള്‍ കണ്ടാല്‍ ഒറ്റയടിക്ക് തിരുത്തില്ല. സാവധാനത്തില്‍ തിരുത്തിക്കൊടുക്കും. പലപ്പോഴും നേരിട്ടു പറയില്ല. മറ്റെന്തെങ്കിലും മാര്‍ഗങ്ങളിലൂടെ തിരുത്താനുള്ള വഴിയിലേക്ക് എത്തിക്കും.

മകന്‍ അന്‍വര്‍ സഖാഫി ഒരു സംഭവം ഓര്‍ക്കുന്നു: ‘പതിനേഴാം വയസ്സില്‍ ഞാന്‍ ഡ്രൈവിംഗ് പഠിച്ചിരുന്നു. വീടിനടുത്തുകൂടെയൊക്കെ അംബാസഡര്‍ എടുത്ത് ഓടിക്കാറുണ്ടായിരുന്നു. അതിനിടയിലാണ് പതിനെട്ട് വയസ്സിനിടക്കുതന്നെ കര്‍ണാടകയില്‍ നിന്ന് ലൈസന്‍സ് എടുക്കാനുള്ള ഒരു ‘വളഞ്ഞ വഴി’ തെളിഞ്ഞത്. കാശ് കൊടുത്താല്‍ ലൈസന്‍സ് എടുത്തുതരുന്ന ഏജന്‍സിയുമായി ബന്ധപ്പെട്ടു. അവസാന സമയത്താണ് ഉപ്പയോടിക്കാര്യം ആലോചിച്ചത്. ലൈസന്‍സ് എടുക്കാനുള്ള സമ്മതം മൂളിയതുമില്ല; വേണ്ടെന്നു പറഞ്ഞതുമില്ല. അല്പനേരം മിണ്ടാതെനിന്നു. പിന്നീടൊരു കഥ പറഞ്ഞുതന്നു: ‘തൃശൂര്‍ ഭാഗത്ത് ഒരു സൂഫിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാത്ത ചിലയാളുകള്‍ സൂഫിയെ മാനസികാശുപത്രിയിലാക്കി. വിവരമറിഞ്ഞ് രണ്ടു മുരീദുമാര്‍ സന്ദര്‍ശിക്കാന്‍ ചെന്നു. വാച്ച്മാന്‍ അവരെ അകത്തേക്ക് വിട്ടില്ല. ഒടുവില്‍ കൈക്കൂലി കൊടുത്ത് വാച്ച്മാനെ സ്വാധീനിച്ചു. അകത്തെത്തിയ മുരീദുമാരോട് റൂമിന്റെ ഒരുവശത്ത് അടിപിടിയിലേര്‍പ്പെട്ട രണ്ടു മാനസിക രോഗികളെ നോക്കാന്‍ പറഞ്ഞു. രണ്ടു പേരും നന്നായി അടികൂടുകയാണ്. അല്പം കഴിഞ്ഞ് സൂഫി പറഞ്ഞു: മാനസിക രോഗികളെ കണ്ടില്ലേ? ഇനി പൊയ്‌ക്കോളൂ. കൈക്കൂലി കൊടുത്തുവന്നിട്ട് എന്നെ കാണേണ്ടതില്ല! ഇതും പറഞ്ഞ് തിരിച്ചയച്ചു’. എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ ആ ലൈസന്‍സ് വേണ്ടെന്നുവെച്ചു. പതിനെട്ടു വയസ്സിന് ശേഷം ശരിയായ രൂപത്തിലാണ് പിന്നീട് ലൈസന്‍സെടുത്തത്.’

പേരക്കുട്ടി അനസ് സിദ്ദീഖി പറയുന്നു: ഞങ്ങള്‍ ഉപ്പാന്റെ കൂടെ ഭക്ഷണം കഴിക്കായിരുന്നു. പ്ലെയിറ്റിന്റെ നടുവില്‍ നിന്നാണ് അന്ന് തിന്നു തുടങ്ങിയത്. ഭക്ഷണം കഴിച്ചു തീരുന്നതിന് മുമ്പ് ഉപ്പ ഞങ്ങള്‍ക്കൊരു സംഭവം പറഞ്ഞുതന്നു. റസൂലിനൊപ്പം(സ്വ) ഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ പാത്രത്തിന്റെ നടുവില്‍ നിന്ന് കഴിച്ചിരുന്നു. പാത്രത്തില്‍ നമ്മോട് ചേര്‍ന്നുനില്‍ക്കുന്ന വശത്തുനിന്നാണ് തിന്നു തുടങ്ങേണ്ടത് എന്ന് അദ്ദേഹത്തെ റസുല്‍ ഉപദേശിച്ചിരുന്നുവത്രെ എന്നു പറഞ്ഞു. മനസിന്റെ മര്‍മത്തില്‍ സ്പര്‍ശിക്കും വിധത്തിലായിരുന്നു ഓരോ ഉപദേശങ്ങളും.
പേരക്കുട്ടികളെ ഒരിക്കലും ചീത്തപറയാന്‍ സമ്മതിക്കില്ല. അവര്‍ കളിച്ചുവളരട്ടെ എന്നതാണ് നിലപാട്. രോഗംകൊണ്ട് പ്രയാസപ്പെട്ട അവസാനനാളുകളില്‍ ഉസ്താദിന്റെ വീട്ടില്‍ വെച്ചായിരുന്നു കിതാബ് ഓതിക്കൊടുത്തിരുന്നത്. ചില സമയത്ത് മക്കള്‍ ശബ്ദമുണ്ടാക്കും. ആ ശബ്ദത്തില്‍ ഉസ്താദിന്റെ വാക്കുകള്‍ ലയിച്ചുപോകും. അപ്പോള്‍ ഉസ്താദ് മിണ്ടാതിരിക്കും. ശബ്ദമടങ്ങിയ ശേഷം വീണ്ടും തുടരും. ക്ലാസിന് കാത്തിരിക്കുന്ന ശിഷ്യന്മാരുടെ സമയം നഷ്ടമായതിന് ക്ഷമാപണം എന്നോണം പറയും: ‘കിടാക്കള്‍ കളിച്ചതാ’. വല്ലാതെ പ്രയാസമായാല്‍ അവരെ അങ്ങോട്ടു കൊണ്ടുപോവാന്‍ മുതിര്‍ന്നവരോട് പറയും. കുഞ്ഞുങ്ങളോടൊന്നും പറയില്ല.
എവിടേക്ക് പോവുകയാണെങ്കിലും എല്ലാവരോടും യാത്ര പറഞ്ഞിട്ടാണിറങ്ങുക. മൊത്തത്തിലൊരു പറച്ചിലല്ല; ഓരോരുത്തരുടെ അടുത്തുചെന്നു സലാം പറയും. അടുക്കളയിലാരെങ്കിലും പണിയിലാണെങ്കില്‍ അവിടെയും പോകും. ഉറങ്ങുന്ന മക്കളെ ഒന്നു തൊട്ടുമുത്തും. എന്നിട്ടേ വീട്ടില്‍ നിന്നിറങ്ങുകയുള്ളു. എത്ര തിരക്കുള്ള ദിവസമാണെങ്കിലും ഈ കാര്യങ്ങള്‍ ഒഴിവാക്കില്ല. പോയ സ്ഥലത്ത് എത്തിയാല്‍ വീട്ടിലേക്ക് വിളിക്കും. പഴയ കാലത്ത് പരിപാടികള്‍ക്ക് പോയാല്‍ ലാന്റ് ഫോണ്‍ അന്വേഷിക്കുമായിരുന്നു. തിരിച്ചു വീട്ടിലെത്തിയാല്‍ ഓരോരുത്തരെയും ചേര്‍ത്തുപിടിച്ച് സലാം പറയും. മടങ്ങിവരുമ്പോള്‍ എന്തെങ്കിലും മധുരം കൈയില്‍ കരുതിയിട്ടുണ്ടാകും. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മക്കളെന്താണോ വാങ്ങാന്‍ പറഞ്ഞത് അത് മറക്കാതെ വാങ്ങിയിട്ടുണ്ടാവും. കപ്പ്കേക്കും ലഡുവുമൊക്കെയുണ്ടാവും അതില്‍. ആവശ്യപ്പെട്ടാല്‍ ലെയ്സിന്റെ പാക്കറ്റ് പോലും വീട്ടിലെത്തും. ഒരിക്കല്‍ ഉസ്താദ് ദുബൈയില്‍ പോയപ്പോള്‍, കഴിക്കാന്‍ വേണ്ടി ആരോ ചെറിയൊരു പാക്കറ്റ് അണ്ടിപ്പരിപ്പ് നല്‍കി. ഒരാള്‍ക്ക് കഴിക്കാവുന്ന ചെറിയ പാക്കറ്റാണ്. അണ്ടിപ്പരിപ്പിന്റെ വലിയ ഇഷ്ടക്കാരനായ മകന്റെ മുഖം മനസ്സില്‍ തെളിഞ്ഞിരിക്കണം; അത് കഴിക്കാതെ ബാഗില്‍ സൂക്ഷിക്കാന്‍ ഖാദിമിനെ ഏല്‍പ്പിച്ചു. നാട്ടിലെത്തിയ ഉടനെ ഉസ്താദ് മകനെ വിളിച്ച് ആ പാക്കറ്റ് ഏല്‍പ്പിച്ചു.
കുഞ്ഞുങ്ങളുടെ വാക്കുകള്‍ പോലും പരിഗണിക്കുമായിരുന്നു. ചെറുപ്പത്തിലെ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ആദ്യമായി ഹജ്ജിന് പോയ അനുഭവം ഉസ്താദ് പറഞ്ഞു. 1962ലാണ് ആദ്യമായി ഹജ്ജിന് പോയത്. ഉപ്പയും ഉമ്മയും അന്ന് കൂടെയുണ്ട്. ഞാനന്ന് ഇബാദത്തുകളെക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് ഉപ്പാക്കും ഉമ്മാക്കും സേവനം ചെയ്യുന്നതിലായിരുന്നു. കിട്ടിയ തക്കത്തില്‍ മൂത്തമകന്‍ ഉപ്പ ഹജ്ജിന് പോകുമ്പോള്‍ ഖിദ്മത്തിന് വേണ്ടി എന്നെയും കൊണ്ടുപോകണമെന്ന് തമാശക്ക് പറഞ്ഞു. പിന്നീടുള്ള കാര്യങ്ങള്‍ മകന്‍ അബ്ദുറഹ്മാന്‍ നിസാമി പറയുന്നു: കാലങ്ങള്‍ കഴിഞ്ഞു. 1992ലാണ് ഉപ്പ രണ്ടാമത് ഹജ്ജിന് പോകുന്നത്. ഞാനന്ന് നിസാമിയയില്‍ പഠിക്കുകയാണ്. ഹജ്ജിന് അപേക്ഷ കൊടുക്കുന്ന കാര്യം ഉമ്മയാണ് ആദ്യം വിളിച്ചുപറഞ്ഞത്. ഞാനുടനെ ഉപ്പാനെ വിളിച്ചു. ഹജ്ജിന് പോകുമ്പോള്‍ എന്നെയും കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്ന വാക്ക് ഓര്‍മിപ്പിച്ചു. ‘ആ അങ്ങനെ പറഞ്ഞിരുന്നോ. എന്നാല്‍ നിന്നെയും കൊണ്ടുപോവാം. പെട്ടെന്ന് ഒരു ഫോട്ടോ അയക്കൂ’ എന്നാവശ്യപ്പെട്ടു. അങ്ങനെയാണ് ഞാനാദ്യമായി ഹജ്ജിന് പോയത്. തമാശയായി എടുക്കാവുന്ന ഈ വാഗ്ദാനം പോലും ഗൗരവത്തിലെടുത്ത് പാലിച്ചു.

വര്‍ണ പാക്കറ്റില്‍ മിഠായികള്‍ പൊതിഞ്ഞുവെച്ച ഷിറിയ സ്‌കൂളിനോട് ചേര്‍ന്ന കടയാണ് മമ്മിച്ചന്റെത്. ആഴ്ചയില്‍ വീട്ടില്‍ വരുമ്പോള്‍ മമ്മിച്ചന്റെ കടയില്‍ ഒരു സംഖ്യ കൊടുത്തേല്‍പിക്കും. പതിനൊന്നു മണിക്ക് ഇന്റര്‍വെല്ലിന് വിടുമ്പോള്‍ മക്കള്‍ക്കെന്തങ്കിലും വാങ്ങിക്കഴിക്കാനുള്ള നിക്ഷേപമാണത്. മുതിര്‍ന്ന ശേഷവും മക്കളുടെ കാര്യത്തില്‍ വലിയ കരുതലായിരുന്നു. എയര്‍പോര്‍ട്ടിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും യാത്രയാക്കാന്‍ കൂടെപ്പോവും. ട്രെയിന്‍ നേരത്തെ എത്തിയാല്‍ കൂടെക്കയറി സീറ്റു തിരയാനും ലെഗേജ് സുരക്ഷിതമായി വെക്കാനും സഹായിക്കും. പുറത്തിറങ്ങിയ ശേഷം അകന്നുപോകുന്നതുവരെ കൈ വീശിക്കാണിക്കും.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വലിയ ശ്രദ്ധയായിരുന്നു. മക്കളുടെ കാര്യം പറഞ്ഞ് ആരെങ്കിലും വന്നാല്‍ ഗൗരവത്തില്‍ കേള്‍ക്കും. മനസ്സറിഞ്ഞ് ദുആ ചെയ്തു കൊടുക്കും. ലത്തീഫിയയില്‍ നബിദിന പരിപാടി വൈകിപ്പോയാല്‍ അസ്വസ്ഥപ്പെടുമായിരുന്നു. മക്കള്‍ക്ക് വിശക്കുമല്ലോ എന്നതായിരുന്നു ബേജാറ്. ഇപ്പോള്‍ നബിദിനപരിപാടികള്‍ക്കിടയില്‍ തന്നെ ഭക്ഷണം നല്‍കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ഭാര്യ തനിക്ക് ലഭിച്ച വലിയ സമ്പത്താണന്ന് ഉസ്താദ് പറയാറുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ പോലും കൈകാര്യം ചെയ്തിരുന്നത് ഭാര്യ മുഖേനയായിരുന്നു. രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുമ്പോഴും ഉസ്താദിന്റെ ഖിദ്മത്തിലായിരുന്നു ഭാര്യയുടെ കാര്യമായ ശ്രദ്ധ. അവസാന കാലത്ത് ഒരു സെക്കന്റ് പോലും മാറിനില്‍ക്കാതെ അവര്‍ ഒപ്പമുണ്ടായിരുന്നു.

ഉസ്താദിന്റെ വേര്‍പാടിന്റെ നിരാശ വീട്ടിലെ പൂച്ചയുടെ കിടത്തത്തില്‍ കാണാനാവുന്നുണ്ട്. ഉസ്താദിന്റെ കാലുകള്‍ക്കിടയിലൂടെ ഉരിഞ്ഞുകളിക്കുന്ന പൂച്ചക്ക് ഭക്ഷണത്തിന്റെ ഒരു വിഹിതം ഉസ്താദ് നല്‍കുമായിരുന്നു. പൂച്ചകളോട് ഉസ്താദിന് വലിയ സ്നേഹമായിരുന്നു. പൂച്ചക്കാട് ദര്‍സ് കാലത്ത് ഉസ്താദിന്റെ പത്തിരിക്ക് കാത്തിരിക്കുന്ന ഒരു കാക്കയുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ആ കാക്കക്ക് പത്തിരി മുറിച്ചിട്ട് കൊടുക്കും. വ്യാഴാഴ്ച നാട്ടില്‍ പോകുമ്പോള്‍ ആരെയെങ്കിലും ആ പണി ഏല്‍പിക്കുമായിരുന്നു.

കൂട്ടത്തിലൊരാളായി ജീവിക്കുമ്പോഴും വീട്ടിലോ കുടുംബത്തിലോ ആദരവ് ലഭിക്കാതെപോയിരുന്നില്ല. അവരുടെ ആശ്രയം ഉസ്താദായിരുന്നു. മിക്ക ബന്ധുക്കളുടെ വീടുകളിലും ഉസ്താദിന് വേണ്ടി മാറ്റിവെച്ച കോഴികളുണ്ടാവും. ചിലര്‍ കറിവെച്ചുകൊണ്ടാണ് ആ കോഴി എത്തിക്കുക. കോഴി നേരിട്ടെത്തിക്കുന്നവരുമുണ്ട്.
വീട്ടിലെത്തുന്ന അതിഥികളെ എല്ലാംകൊണ്ടും സന്തോഷിപ്പിച്ചാണ് മടക്കുക. സംസാരം കൊണ്ടും ഭക്ഷണം കൊണ്ടും ആ സന്തോഷം കൈമാറും. ആരെയും നിരാശപ്പെടുത്തിവിടില്ല. വലിയ ആദരവോടെയാണ് അതിഥികളോട് പെരുമാറിയിരുന്നത്.

=========================================================

ജനനം: 1935 മാര്‍ച്ച് 4 ചൊവ്വ
കാസര്‍കോഡ് ഷിറിയയിലെ ഒളയം
പിതാവ്: അബ്ദുറഹ്മാന്‍ ഹാജി
മാതാവ്: മര്‍യംബി
മരണം: 2021 ഏപ്രില്‍ 3 ശനി

ഗുരുനാഥന്മാര്‍
കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ഒളയം മുഹമ്മദ് മുസ്ലിയാര്‍, എടക്കാട് കുഞ്ഞഹമ്മദ്കുട്ടി മുസ്ലിയാര്‍, കാടേരി അബുല്‍ കമാല്‍ മുസ്ലിയാര്‍, പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദ്, ഇ കെ ഹസന്‍ മുസ്ലിയാര്‍, സി എം വലിയുല്ലാഹി മടവൂര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍.

പ്രധാന ശിഷ്യന്മാര്‍
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് എം എസ് തങ്ങള്‍ മാസ്തിക്കുണ്ട്, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, വലിയുല്ലാഹി കാക്കു ഉമര്‍ ഫൈസി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള.

ഓര്‍മയുടെ സ്പന്ദനങ്ങള്‍
അടയാളപ്പെടുത്തുന്ന എഴുത്തുകള്‍
വരുംതാളുകളില്‍

തയാറാക്കിയത്:
അബ്ദുല്‍ബാരി ബുഖാരി പുല്ലാളൂര്‍
ജലീല്‍ കല്ലേങ്ങല്‍പടി

You must be logged in to post a comment Login