ഗസ്സ ചോദിക്കുന്നു; തരിമണ്ണു കൂടി അടിയറ വെക്കണോ?

ഗസ്സ ചോദിക്കുന്നു; തരിമണ്ണു കൂടി അടിയറ വെക്കണോ?

ലോകത്തെ ഏറ്റവും വംശീയത നിറഞ്ഞ രാജ്യം. അതാണ് ഇസ്രയേലിന്റെ 73 വര്‍ഷത്തെ ചരിത്രം. വംശീയ ഉന്മൂലനം, മനുഷ്യത്വവിരുദ്ധ നടപടികള്‍ എന്നിവയില്‍ ഊറ്റം കൊള്ളുന്ന മറ്റൊരു രാജ്യവും വേറെയില്ല. പകയുടെയും വെറുപ്പിന്റെയും നിഷ്ഠൂരതയുടെയും ആകത്തുക കൂടിയാണ് സയണിസ്റ്റ് രാഷ്ട്രം.
കുറ്റം ഈ രാജ്യത്തിന്റെ മാത്രമല്ല. ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ ഫലസ്തീന്‍ മണ്ണില്‍ സയണിസ്റ്റ് രാജ്യത്തെ കുടിയിരുത്തിയ വന്‍ശക്തി രാജ്യങ്ങളുടെ മുഴുവന്‍ ആസൂത്രിത അജണ്ടകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ട്. ഫലസ്തീന്‍ ജനതയുടെ ദുരിതപര്‍വത്തിന്റെ കൂട്ടുപ്രതികള്‍ കൂടിയാണ് അമേരിക്കയും ബ്രിട്ടനുംഐക്യരാഷ്ട്ര സംഘടനാ സംവിധാനങ്ങളും. എന്നിട്ടും ഈ പാപഭാരം ഇവരെയൊന്നും ഒട്ടും തീണ്ടുന്നില്ല. ഇസ്രയേലിനു വേണ്ടി മാത്രമാണ് ഏഴുപതിറ്റാണ്ടിനിപ്പുറവും ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ സമൂഹത്തിന് മാന്യമായ ഒരു ജീവിതം പാടില്ലെന്ന് ഇസ്രയേലിനെ പോലെ ഇവരും ഉള്ളിലുറപ്പിക്കുന്നുണ്ട്. അന്തര്‍ദേശീയ സമൂഹവും സംവിധാനങ്ങളും പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗത അതാണല്ലോ തെളിയിച്ചു കൊണ്ടിരിക്കുന്നതും.

ഇസ്രയേല്‍ എന്ന അധിനിവേശ ശക്തിയുടെ ക്രൗര്യം എല്ലാ സീമകളും ലംഘിക്കുകയാണ്. ഒരു ജനതയോടുള്ള കൊടുംപകയുടെ ചുരമാന്തല്‍. അതിനാണ് ഗസ്സയും കിഴക്കന്‍ ജറൂസലം പ്രദേശങ്ങളും വീണ്ടും സാക്ഷിയാകുന്നത്. വിശുദ്ധ മാസത്തില്‍ പൊലിഞ്ഞത് എണ്ണമറ്റ ജീവനുകള്‍. പരിക്കേറ്റവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്.

എല്ലാ അന്തര്‍ദേശീയ ചട്ടങ്ങളും ലംഘിച്ചു കൊണ്ടുള്ള ഭീകരയുദ്ധമുറകള്‍. അതാണ് ഫലസ്തീന്‍ സമൂഹത്തിനു നേരെ ഗസ്സയിലും കിഴക്കന്‍ ജറൂസലമിലും തുടരുന്നത്. സ്വാഭാവികവും നിസ്സഹായത നിറഞ്ഞതുമായ പ്രതിരോധത്തിന്റെ ഭാഗമായി തെല്‍അവീവിനു നേര്‍ക്ക് ഫലസ്തീന്‍ പോരാളികള്‍ ചില റോക്കറ്റുകള്‍ അയക്കുന്നതുപോലും കൊടുംപാതകമായി അവതരിപ്പിക്കുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ യുദ്ധകൃത്യങ്ങള്‍ക്ക് മറയൊരുക്കാനുള്ള കപടയുക്തി മാത്രമാണിത്. തൂക്കമൊപ്പിച്ച് ഇരയെയും വേട്ടക്കാരനെയും സമീകരിക്കാനുള്ള കുടിലതന്ത്രം.
അധിനിവിഷ്ട ജനതയുടെ ന്യായമായ അവകാശം കൂടിയാണ് ചെറുത്തുനില്‍പ്പ്. അന്താരാഷ്ട്ര ചട്ടങ്ങളില്‍ ഇക്കാര്യം രേഖപ്പെടുത്തി വെച്ചവര്‍ തന്നെയാണ് ഫലസ്തീന്‍ ജനതക്ക് ഇപ്പോള്‍ സമാധാനപാലന ക്ലാസെടുക്കാന്‍ ധൃതി കൂട്ടുന്നതും. പിന്നിട്ട 73 കൊല്ലങ്ങളായി ലോകത്തെ നിസ്വജനതയായി ഫലസ്തീനികളെ മാറ്റിയത് ആരാണ്?
ഈ ചോദ്യത്തിനുള്ള ഉത്തരം തിരഞ്ഞാല്‍ പലര്‍ക്കും പൊള്ളും. ഫലസ്തീന്‍ ജനവിഭാഗത്തിനു നേരെ കൊടും ക്രൂരത അനുവര്‍ത്തിക്കുകയും അവരുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുക്കുകയും ചെയ്തവര്‍ തന്നെയാണ് ഗസ്സയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ചെറു റോക്കറ്റുകളെ ‘അശാന്തിയുടെ ഉറവിടം’ ആയി വിശേഷിപ്പക്കുന്നത്!
വിശുദ്ധ മാസങ്ങളിലെ ഫലസ്തീനെതിരായ ആക്രമണം ഇതാദ്യമല്ല. ആഴ്ചകള്‍ നീണ്ട യുദ്ധം മുമ്പും റമളാനില്‍ അടിച്ചേല്‍പിച്ചിട്ടുണ്ട്, നെതന്യാഹുവിന്റെയും ഏരിയല്‍ ഷാരോണിന്റെയും കുടിലരാജ്യം.

മുസ്ലിം ഉന്മൂലനം തന്നെ ലക്ഷ്യം
ഇക്കുറി അജണ്ട കുറേക്കൂടി വിപുലമാണ്. കിഴക്കന്‍ ജറൂസലമിനെ പൂര്‍ണമായും മുസ്ലിം മുക്തമാക്കുക. അതാണ് കിഴക്കന്‍ ജറൂസലമില്‍ തുടക്കം കുറിച്ച അക്രമങ്ങളുടെ അടിസ്ഥാന കാരണം. ഈ തിരിച്ചറിവാണ് തോല്‍ക്കുമെന്നുറപ്പായിട്ടും പ്രതിേരാധവഴികളില്‍ ഉറച്ചുനില്‍ക്കാന്‍ ഫലസ്തീന്‍ ജനതയെ പ്രേരിപ്പിക്കുന്നതും.
മസ്ജിദുല്‍ അഖ്സ ലക്ഷ്യമിട്ടായിരുന്നു ആദ്യനീക്കം. പല തവണയാണ് ഇസ്രയേല്‍ സുരക്ഷാ സേന പള്ളിക്കകത്തുകയറി വിശ്വാസികള്‍ക്കു നേരെ സമാനതകളില്ലാത്ത അതിക്രമം നടത്തിയത്. പള്ളിയില്‍ നിന്നും അധികം ദൂരമില്ല ചരിത്രപ്രധാനമായ, മുസ്ലിം താമസസ്ഥലമായ ശൈഖ് ജര്‍റാഹിലേക്ക്. ഇവിടെ നിന്നും ഫലസ്തീന്‍ കുടുംബങ്ങളുടെ കൂട്ടകുടിയൊഴിപ്പിക്കലാണ് സയണിസ്റ്റ് ലക്ഷ്യം. അതിനെതിരായ സ്വാഭാവിക ചെറുത്തുനില്‍പ്പാണ് പ്രതിഷേധപ്രകടനങ്ങളിലൂടെ ഫലസ്തീന്‍സമൂഹം നടത്തിയത്. ജറൂസലമിനെ സമ്പൂര്‍ണ ഇസ്രയേല്‍ തലസ്ഥാനമാക്കി മാറ്റി ഫലസ്തീന്‍ സ്വതന്ത്രരാഷ്ട്രം എന്നത് തീര്‍ത്തും അസാധ്യമാക്കിത്തീര്‍ക്കാനുള്ള സയണിസ്റ്റ് ഉത്സാഹം കൂടിയുണ്ട് പിന്നില്‍.

1967ല്‍ ജറൂസലം പിടിച്ചെടുത്തതിന്റെ ആഘോഷമായി ‘ജറൂസലം ദിനാചരണം’ നടത്തിയതുപോലും പ്രകോപനം സൃഷ്ടിക്കാനാണ്. ഗസ്സയില്‍ വ്യോമാക്രമണം, അല്‍അഖ്സ പള്ളിക്കകത്തേക്ക് കണ്ണീര്‍വാതകവും ചെറിയ ബോംബുകളും ഏറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിക്കല്‍, വിശുദ്ധ ദിനരാത്രങ്ങളില്‍ മുസ്ലിംകളുടെ പ്രാര്‍ഥന തടയാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ എന്നിവയൊക്കെ പ്രതിഷേധം ശക്തമാക്കി. ശൈഖ് ജര്‍റാഹ് പ്രദേശം കൂടി കൈവിടും എന്നായപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങുകയല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പ് ഫലസ്തീന്‍ സമൂഹത്തിനു മുമ്പിലുണ്ടായിരുന്നില്ല.

ശൈഖ് ജര്‍റാഹില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളി ജൂത കുടിയേറ്റ വസതികളും പാര്‍ക്കുകളും നിര്‍മിക്കാനുള്ള പദ്ധതി ഇരകളോടുള്ള പ്രത്യക്ഷ യുദ്ധപ്രഖ്യാപനം തന്നെയാണ്. അന്യായമായ ഒഴിപ്പിക്കലിനെതിരെ വിരല്‍ ചൂണ്ടിയും മുദ്രാവാക്യം മുഴക്കിയും മസ്ജിദുല്‍ അഖ്സയില്‍ പ്രതിഷേധിക്കുകയായിരുന്നു ഫലസ്തീനികള്‍. കുടിയൊഴിക്കല്‍ നീക്കത്തിന് ഇസ്രയേല്‍ കോടതികളുടെ പിന്തുണയും ഉണ്ട്. ഉപരോധത്തില്‍ തളച്ചിടപ്പെട്ട ഒരു ജനതയാണ് ഗസ്സയിലുള്ളത്. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍. ഇല്ലായ്മയുടെ ദുരന്തഭൂമി. അവിടെയാണ് നിരന്തരം ബോംബുകള്‍ വര്‍ഷിച്ച് സിവിലിയന്‍ കുരുതിക്ക് ഇസ്രയേല്‍ ആക്കം കൂട്ടുന്നത്.

ബോംബാക്രമണങ്ങള്‍ അവസാനിക്കാതെ ഗസ്സ
2014നു ശേഷം ഗസ്സ നേരിടുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഹെബ്രോണിലെ അല്‍ഫവാര്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനെ പോലും ഒഴിവാക്കിയില്ല. ഗസ്സയിലെ ആക്രമണം ദീര്‍ഘിച്ചതാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. 80 യുദ്ധവിമാനങ്ങളും ടാങ്കുകളും അയ്യായിരത്തിലേറെ സൈനികരെയുമാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. ശൈഖ് ജര്‍റാഹ് ഒരു പ്രതീകം മാത്രമാണ്. കിഴക്കന്‍ ജറൂസലം ഇസ്രയേലിനു മാത്രമായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. അതിന്റെ പ്രയോഗവത്കരണമാണ് സൈനികനടപടികളില്‍ തെളിയുന്നതും. 1948ല്‍ ഇസ്രയേലിനെ കുടിയിരുത്തിയതിന്റെ ബാക്കിപത്രം തന്നെയാണ് ശൈഖ് ജര്‍റാഹ് പ്രദേശം. ലക്ഷക്കണക്കിന് ഫലസ്തീനികളെയാണ് ഇവിടെ നിന്നും പുറന്തള്ളിയത്.
ഇസ്രയേലിന്റെ പിറവിയോടെ ഫലസ്തീന്‍ ജനത അഭയാര്‍ഥികളായി പല ദിക്കുകളില്‍ ചിതറി. ശൈഖ് ജര്‍റാഹ് പ്രദേശം ഉള്‍പ്പെടെ അന്ന് ജോര്‍ദാന്റെ ഭാഗമായിരുന്നു. ജോര്‍ദാന്‍ ഗവണ്‍മെന്റും യു എന്‍ ഏജന്‍സികളും ചേര്‍ന്ന് ജറൂസലമിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് കരാര്‍പത്രം കൈമാറിയതാണ്. ആ ബലത്തിലാണ് അവര്‍ മേല്‍വിലാസം ഉറപ്പിച്ചതും. 1967ലെ ആറുദിന യുദ്ധം പക്ഷേ, സ്ഥിതി മാറ്റിമറിച്ചു. കിഴക്കന്‍ ജറൂസലം സയണിസ്റ്റ് നിയന്ത്രണത്തിലായി. അനധികൃത ജൂത കുടിയേറ്റങ്ങള്‍ക്ക് ഇസ്രയേലും കോടതികളും സര്‍വപിന്തുണയും നല്‍കി.

ലോകം ഇസ്രയേലിനൊപ്പം വീണ്ടും
അധിനിവിഷ്ട പ്രദേശമാണ് കിഴക്കന്‍ ജറൂസലം എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം പോലും ഇസ്രയേല്‍ തള്ളുകയാണ്. അന്താരാഷ്ട്ര ചട്ടങ്ങള്‍ അധിനിവിഷ്ട പ്രദേശത്തെ കുടിയൊഴിക്കലിന് എതിരാണ്. എന്നാല്‍ വന്‍ശക്തി രാജ്യങ്ങള്‍ ഇതൊന്നും പരിഗണിക്കുന്നില്ല. ലോകസമാധാനത്തെ കുറിച്ചുള്ള ഭംഗിവാക്കുകളില്‍ അഭിരമിക്കുകയാണവര്‍. അവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണം ഇതുമാത്രമായിരിക്കും: ‘ഇരുപക്ഷവും സംയമനം പാലിക്കണം.’
സത്യത്തില്‍ ഈ ക്ലീഷേ വാചകം കഴിഞ്ഞ 73 കൊല്ലമായി ഫലസ്തീനികള്‍ കേള്‍ക്കുന്നതാണ്. സ്വന്തം മണ്ണും മേല്‍വിലാസവും മാന്യമായ ജീവിതവും നഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കാന്‍ തന്നെ പാടുപെടുന്ന ലോകത്തെ ഏറ്റവും വലിയ ദരിദ്ര ജനവിഭാഗം ഒരുവശത്ത്. ആണവായുധങ്ങളും അത്യാധുനിക പടക്കോപ്പുകളും അധീശത്വവും കൈമുതലാക്കിയ ഇസ്രയേല്‍ മറുവശത്തും. എന്നിട്ടും രണ്ടിനെയും സമീകരിക്കുന്നതിലെ യുക്തി എന്തെന്ന് ആരും ചോദിക്കരുത്.
അധിനിവിഷ്ട ശക്തികള്‍ക്കെതിരെ തോല്‍ക്കും എന്നുറപ്പിച്ചു കൊണ്ടാണ് ഓരോ ഫലസ്തീനിയും കല്ലുകള്‍ ആയുധമാക്കുന്നത്. ദുര്‍ബലശേഷിയുള്ള റോക്കറ്റുകള്‍ പറത്തുന്നത്. ഒന്നുറപ്പിച്ചു പറയാം, കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന ഒരു ജനതയുടെ വീറുറ്റ പോരാട്ടത്തിന്റെ ജ്വലിക്കുന്ന മാതൃക തന്നെയാണിത്. അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സിസ്റ്റത്തില്‍ അഭിരമിക്കുന്നുണ്ട് ഇസ്രയേലിന്റെ സൈനിക ധാര്‍ഷ്ട്യം. എന്നാല്‍ നിരന്തര റോക്കറ്റ് വര്‍ഷത്തിലൂടെ ഗസ്സയിലെ പോരാളികള്‍ വിറപ്പിച്ചുവിട്ടതും ഈ പ്രതിരോധസംവിധാനത്തെയാണ്. അഞ്ചു മിനിറ്റിനുള്ളില്‍ ഇടതടവില്ലാതെ തൊടുത്തുവിട്ടത് 137 റോക്കറ്റുകള്‍. അതോടെ ഇസ്രയേല്‍ പ്രതിരോധം പാളി. അഷ്‌കലോണിലെ എണ്ണകമ്പനിയുടെ കൂറ്റന്‍ പൈപ്പ് ലൈനിനു വരെ തീപിടിച്ചു. സൈനിക മുഷ്‌കില്‍ നീങ്ങുന്ന ഇസ്രയേല്‍ ഏത് അരുതായ്മകള്‍ക്കും മടിക്കില്ല. ഗസ്സ റിമാലിലെ 13 നില കെട്ടിടത്തിന് ബോംബിട്ടാണ് അവര്‍ പ്രതികാരം തീര്‍ത്തത്.
അല്‍അഖ്സ പള്ളിപ്രദേശത്തു നിന്ന് സൈന്യം പിന്മാറുക. ശൈഖ് ജര്‍റാഹ് പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, എല്ലാ ആക്രമണവും ഉടന്‍ നിര്‍ത്തിവെക്കുക. ഈ ഉപാധികളുടെ പുറത്തല്ലാതെ വെടിനിര്‍ത്തലിന് സന്നദ്ധമല്ലെന്നാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ അറിയിച്ചത്.

ബൈഡന്‍ വന്നിട്ടും നിലപാട് മാറാതെ യാങ്കി
അമേരിക്ക എവിടെ നില്‍ക്കുന്നു എന്നതില്‍ മാറ്റമൊന്നും ഇല്ല. ഡൊണാള്‍ഡ് ട്രംപാണ് കിഴക്കന്‍ ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത്. യു എസ് എംബസി മാറ്റവും ട്രംപ് ഉറപ്പാക്കി. എന്നാല്‍ യു എന്നിലും പുറത്തും യാങ്കിയുടെ തന്ത്രം പാളി. ഇസ്രയേലിനും ഫലസ്തീനും ഇടയില്‍ കുറേക്കൂടി നീതിപൂര്‍വകമായി വര്‍ത്തിക്കാന്‍ പുതിയ പ്രഡിഡന്റ് ജോ ബൈഡന് കഴിയും എന്നായിരുന്നു പ്രചാരണം. എന്നാല്‍ അതുണ്ടായില്ല. സയണിസ്റ്റ് ലോബിയുടെ സ്വാധീനത്തിനു പുറത്തുകടക്കാന്‍ ബൈഡനും നിര്‍വാഹമില്ലെന്ന് തെളിയിക്കുന്നതാണ് യു എസ് പ്രതികരണം.
ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണം മാത്രമാണ് വൈറ്റ് ഹൗസ് റഡാറില്‍ തെളിഞ്ഞത്. കുരുന്നുകള്‍ ഉള്‍പ്പെടെ നിരവധി സിവിലിയന്‍ കുരുതികളും ഇസ്രയേല്‍ ഗസ്സയില്‍ തുടരുന്ന ബോംബാക്രമണവും ബൈഡന്‍ കണ്ടതേയില്ല. പ്രതിരോധത്തിനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നാണ് വൈറ്റ് ഹൗസ് ഭാഷ്യം. അതിലൂടെ സയണിസ്റ്റ് രാഷ്ട്രഭക്തി ആവര്‍ത്തിക്കുക മാത്രമാണ് ബൈഡന്‍ ഭരണകൂടം. നയതന്ത്ര മര്യാദകളും അന്താരാഷ്ട്ര ചട്ടങ്ങളും ഇസ്രയേലിന്റെ കാര്യത്തില്‍ ഒട്ടും ബാധകമല്ലെന്ന് കൂടി യു എസ് ഭരണകൂടം തെളിയിക്കുന്നു. സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ജുലാന്‍ കുന്നുകളില്‍ ഇസ്രയേലിന് പരമാധികാരം കല്‍പിച്ചു കൊടുത്തതും ട്രംപാണ്. അതില്‍ ബൈഡനും മാറ്റം വരുത്തിയിട്ടില്ല. അധിനിവേശവും അധിനിവിഷ്ട പ്രദേശങ്ങളും സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളും നിയമാവലികളും യാങ്കി അറിഞ്ഞ മട്ടില്ല.

ജുലാന്‍ കുന്നുകളും കിഴക്കന്‍ ജറുസലമും
അറബ് ലോകം മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് 1967ലെ ആറുദിന യുദ്ധം. അന്ന് സിറിയയില്‍നിന്നും ഇസ്രയേല്‍ പിടിച്ചെടുത്തതാണ് ജുലാന്‍ കുന്നുകള്‍. 1,30,000 പേരെയാണ് ഇസ്രയേല്‍ ജുലാന്‍ കുന്നുകളില്‍ നിന്ന് പുറന്തള്ളിയത്. പച്ചയായ വംശീയ ഉന്മൂലനം. അവശേഷിച്ചത് സിറിയന്‍ ദ്രൂസ് വിഭാഗത്തില്‍പെട്ട ചുരുക്കം പേര്‍ മാത്രം. അധിനിവിഷ്ട പ്രദേശമായാണ് ഇന്നും ജുലാന്‍ കുന്നുകളെ യു എന്‍ കാണുന്നത്. യു എന്‍ പ്രമേയവും അതിന് തെളിവാണ്. എന്നിട്ടും 1981ല്‍ ജുലാന്‍ കുന്നുകളെ നിയമവിരുദ്ധമായി തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു ഇസ്രയേല്‍. അതിന് കൈയൊപ്പ് ചാര്‍ത്താന്‍ മത്സരിക്കുകയായിരുന്നു യാങ്കി. കിഴക്കന്‍ ജറൂസലമിന്റെ മേല്‍ രാഷ്ട്രീയ, സൈനിക മേധാവിത്വം പ്രഖ്യാപിക്കുമ്പോള്‍ ഫലസ്തീന്‍ ജനത അതും നിശബ്ദം അംഗീകരിച്ച് അടങ്ങിയിരിക്കണോ? ഓസ്ലോ കരാര്‍ ഉള്‍പ്പെടെയുള്ള ഉടമ്പടികള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യമുന്നയിച്ചതാണോ ഫലസ്തീന്‍ ജനതക്ക് ഭീകരപട്ടം ചാര്‍ത്താന്‍ യാങ്കിയെ പ്രേരിപ്പിക്കുന്നത്?
ഇസ്രയേലിന് വെസ്റ്റ് ബാങ്കും നാളെ കൂട്ടി ചേര്‍ക്കാം. അതിനെ പിന്തുണക്കാനും അമേരിക്കയുണ്ടാകും മുന്നില്‍. സംശയമില്ല. 1948ല്‍ 7 ലക്ഷം ഫലസ്തീനികളാണ് പുറന്തള്ളപ്പെട്ടത്. ആ ഓര്‍മ പോലും പാടില്ലെന്ന ശാഠ്യത്തിലാണ് ഇസ്രയേല്‍. 2012 മുതലാണ് ഫലസ്തീന് യു എന്നില്‍ നിരീക്ഷക പദവി ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന്‍ വിഷയം ഉന്നയിക്കാന്‍ ഫലസ്തീനും അറബ് ലോകവും ശ്രമിച്ചുവരികയാണ്. എല്ലാറ്റിനും തടയിടുന്നത് അമേരിക്കയാണ്. വീറ്റോ പവര്‍ ഉപയോഗിച്ചും ബദല്‍ പ്രമേയങ്ങള്‍ കൊണ്ടുവന്നും ഇസ്രയേല്‍ താല്‍പര്യം സംരക്ഷിക്കുകയാണവര്‍. ട്രംപ് മുടക്കിയ യു എന്‍ അഭയാര്‍ഥി ഫണ്ട് പോലും പൂര്‍ണാര്‍ഥത്തില്‍ പുനഃസ്ഥാപിച്ചിട്ടില്ല ഇനിയും.
സയണിസം അത്രമേല്‍ പിടിമുറുക്കിയ വന്‍ശക്തി രാജ്യമാണ് അമേരിക്ക.1948ലെ പിറവിക്കു മുന്‍പേ ഉള്ളതാണ് ഈ പൊക്കിള്‍ക്കൊടി ബന്ധം. ക്ലിന്റണും ബുഷും ഒബാമയും ട്രംപും അല്ല വൈറ്റ്ഹൗസ് അജണ്ട നിര്‍ണയിക്കുന്നത്. സയണിസ്റ്റ് വിധേയത്വം പോലെ ശക്തമാണ് യാങ്കിയുടെ മുസ്ലിം, അറബ് വിരുദ്ധ വികാരം.
അമേരിക്കയുടെ അരുമയാണ് സയണിസ്റ്റ് രാജ്യം. പ്രതിവര്‍ഷം ബില്യന്‍ തുക നല്‍കി കാത്തുപോരുന്നത് വെറുതെയല്ല. എല്ലാ ക്രൂരതക്കും യാങ്കിയുടെ രാഷ്ട്രീയപിന്‍ബലമുണ്ട്; നയതന്ത്രകവചവും.

തോല്‍ക്കുന്നത് ഫലസ്തീന്‍ ജനത മാത്രമല്ല
അറബ് ഉള്ളകങ്ങളില്‍ ഇന്നും സങ്കടവും രോഷവും ഒരുപോലെ പടര്‍ത്തിയ ഒന്നാണ് ഫലസ്തീന്‍ പ്രശ്നം.
മുസ്ലിം, ക്രൈസ്തവ, ജൂത മതമുദ്രകളുടെ സമന്വയം കിഴക്കന്‍ ജറൂസലമില്‍ ഉണ്ട്. മസ്ജിദുല്‍ അഖ്സക്കു മേല്‍ അധീശത്വം ഉറപ്പാക്കാന്‍ മുമ്പും പലവുരു തുനിഞ്ഞതാണ്. ലക്ഷ്യം വ്യക്തമാണ്. ഫലസ്തീന്‍ രാഷ്ട്രമെന്ന സ്വപ്നം കുഴിവെട്ടി മൂടുക, അഭയാര്‍ഥികളുടെ മടങ്ങിവരവ് എന്നെന്നേക്കുമായി തടയുക, ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേലിന് സര്‍വാധികാരം നല്‍കുക. തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് തലസ്ഥാനം മാറുന്നതോടെ മുഴുവന്‍ അധിനിവേശവും ന്യായീകരിക്കപ്പെടും.
പലര്‍ക്കും കടപ്പാട് മറക്കാന്‍ പറ്റില്ല. ബ്രിട്ടനും യു എന്നും യു എസും ചേര്‍ന്നൊരുക്കിയതാണല്ലോ, അറബ് മണ്ണില്‍ സയണിസ്റ്റ് രാജ്യം. എല്ലാ മര്യാദകളും കൈവിട്ട് ഇസ്രയേല്‍ കൈയേറിയതാണ് അറബ് പ്രദേശങ്ങള്‍. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ- തീര്‍ന്നു ഫലസ്തീന്‍ പ്രദേശങ്ങളുടെ നിലവിലെ വ്യാപ്തി.
ഫലസ്തീനികളുടെ പക്കല്‍ 1948ല്‍ 45 ശതമാനം ഭൂമി ഉണ്ടായിരുന്നു. ഇപ്പോഴത് എട്ടു ശതമാനമായി മെലിഞ്ഞിരിക്കുന്നു. 1967ല്‍ ആണ് ജോര്‍ദാനില്‍ നിന്ന് കിഴക്കന്‍ ജറൂസലമും വെസ്റ്റ് ബാങ്കും ഇസ്രയേല്‍ വരുതിയിലാകുന്നത്. എണ്‍പതു മുതല്‍ തലസ്ഥാനമാറ്റം സയണിസ്റ്റ് രാഷ്ട്രത്തിന്റെ സ്വപ്നമായിരുന്നു. ലോകവും എതിര്‍പ്പ് തുടരുന്നതുകൊണ്ട് കാത്തിരിക്കുന്നു എന്നു മാത്രം. ഇസ്രയേല്‍ ധാര്‍ഷ്ട്യം വിജയിക്കില്ല എന്നുറപ്പാക്കേണ്ടത് ഫലസ്തീനികളുടെയോ മൂന്നാം ഇന്‍തിഫാദയുടെയോ മാത്രം താല്‍പര്യമല്ല.
നീതി, ഭാവി, മനുഷ്യത്വം ഇവയോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടെയും ബാധ്യത കൂടിയായിരിക്കും അത്.

എം സി എ നാസര്‍

You must be logged in to post a comment Login