ഒരു നാള്‍ വരും അന്ന് നിങ്ങള്‍ കണക്കുപറയേണ്ടി വരും

ഒരു നാള്‍ വരും അന്ന് നിങ്ങള്‍ കണക്കുപറയേണ്ടി വരും

”Face of India’s crackdown on dissent”. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിഖ്യാതമായ ‘ദ ഗാര്‍ഡിയന്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ തലക്കെട്ടാണ്. എഴുതിയത് ഹന്ന എല്ലിസ്. ഫെബ്രുവരി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കൊവിഡ് ഭീതിക്കിടയിലും കര്‍ഷകര്‍ രാജ്യമൊട്ടാകെ സമരം ചെയ്ത നാളുകളാണ്. ലോകത്തെ ഏറ്റവും സുശക്തമായ ജനാധിപത്യമുള്ള രാജ്യം വിയോജിപ്പുകളെ അടിച്ചൊതുക്കുന്നതിന്റെ മുഖചിത്രമായി ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത് ആരെയെന്നോര്‍ക്കുക; ദിശാ രവി. ഇന്ത്യ മറക്കരുതാത്ത, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസാധാരണമായ അതിജീവനശേഷിയില്‍ ഇപ്പോഴും വിശ്വസിക്കുന്ന ഒരാളും മറന്നുപോകരുതാത്ത പേരാണത്.

കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകമാകെ പ്രവര്‍ത്തിക്കുന്ന അതിവിപുലമായ ഒരു കൂട്ടായ്മയുടെ ഇന്ത്യന്‍ സഹചാരിയാണ് ദിശ. 22 കാരിയായ വിദ്യാര്‍ഥിനി. ബാംഗ്ലൂരാണ് സ്വദേശം. മുത്തച്ഛന്‍ ഉള്‍പ്പടെ കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് സിദ്ധമായ അടിസ്ഥാന പാരിസ്ഥിതിക അവബോധത്തില്‍ നിന്നാണ് ദിശയുടെ കാലാവസ്ഥാ ദര്‍ശനം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഉണര്‍ച്ചയുള്ള ഒരുവള്‍ എന്ന നിലയില്‍ കര്‍ഷക സമരത്തോട് ഐക്യപ്പെടാതിരിക്കാന്‍ ദിശക്ക് കഴിഞ്ഞില്ല. ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു. ഉണര്‍ച്ചയും അവബോധവമുള്ളവര്‍ക്ക് മേല്‍ സദാജാഗരൂകരായിരിക്കുമല്ലോ ഫാഷിസ്റ്റുകളുടെ ഭരണകൂടം. അത്തരം ഉണര്‍ച്ചകള്‍ ഉള്ളവര്‍ക്കുള്ള സാമൂഹികമായ പിന്തുണയെക്കുറിച്ചൊന്നും ആലോചിക്കാനുള്ള വിവേകം അത്തരം ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവുകയുമില്ല. ദിശ രവി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭരണഘടനാപരമായി ഉറപ്പ് നല്‍കുന്ന അവകാശങ്ങളോ അറസ്റ്റില്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങളോ പാലിക്കപ്പെട്ടില്ല. ദിശയെ രായ്ക്ക് രാമാനം ഡല്‍ഹിയില്‍ എത്തിച്ച് തിഹാര്‍ ജയിലില്‍ അടച്ചു. പ്രതീക്ഷിച്ചവിധം എതിര്‍പ്പുകള്‍ ഉയര്‍ന്നു. അതിലൊന്നാണ് നാം തുടക്കത്തില്‍ കടന്നുപോയ തലക്കെട്ട്. ലോകമാധ്യമങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ത് എന്ന് ആശങ്കപ്പെടാന്‍ തുടങ്ങി. നമ്മുടെ ദേശീയ ഭരണകൂടത്തിന്റെ മുഖം നാം ലോകമാധ്യമങ്ങളുടെ കണ്ണാടിയില്‍ കണ്ടു.
അന്തരാ ദുര്‍ബലമാണ് സംഘടിത തീവ്രവലതുപക്ഷത്തിന്റെ അഥവാ ഫാഷിസത്തിന്റെ രാഷ്ട്രീയ ശരീരം. ജനാധിപത്യത്തിന്റെ അകത്ത് ഭീമമായ ഭൂരിപക്ഷത്തില്‍ ആറാടി നില്‍ക്കുമ്പോഴും ഏതു നിമിഷവും ഒരു മഹാജനരോഷത്താല്‍ തങ്ങള്‍ നിലംപൊത്തിയേക്കാം എന്ന് അവര്‍ ഭയപ്പെട്ടുകളയും. തങ്ങള്‍ ഭരണരൂപ നിര്‍മിതിക്കായി ആശ്രയിക്കുന്ന മുന്‍ ലോകമാതൃകകളുടെ ദാരുണമായ ചരിത്രമാണ് അവരെ നിരന്തരം ഭയപ്പെടുത്തുന്നത്. വലതുപക്ഷത്തിന്റെ അധികാരലബ്ധിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടുകൂടിയാണ് ഈ ഭയം രൂപപ്പെടുന്നത്. സ്വാഭാവികമായി ഒരു ഭരണകൂടത്തോട്, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ ആശയത്തോട് ഐക്യപ്പെട്ട്, മാസ്മരികമാം വിധം ജനപിന്തുണയുള്ള ഒരു നേതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട് ജനത കൂട്ടത്തോടെ നടത്തുന്ന പിന്തുണ പ്രഖ്യാപനമല്ല വലതുപക്ഷത്തിന്റെ വിജയത്തില്‍ പ്രവര്‍ത്തിക്കുക. മറിച്ച് അപഹരിക്കപ്പെട്ട ജനേച്ഛയുടെ ആവിഷ്‌കാരമായാണ് ജനാധിപത്യത്തില്‍ ഫാഷിസം അധികാരമേല്‍ക്കുക. അപഹരിക്കപ്പെട്ട ജനേച്ഛ എന്നാല്‍ അട്ടിമറിക്കപ്പെട്ട ജനേച്ഛയാണ്. ഉദാഹരണത്തിന് സവിശേഷമായ ഒരു വികസന പരിപ്രേക്ഷ്യം ജനതക്ക് മുന്നില്‍ ആവിഷ്‌കരിച്ച് അതിന്‍മേല്‍ നേടുന്ന ജനപിന്തുണ, അഥവാ അതിന്‍മേല്‍ നേടുന്ന വോട്ടുകള്‍ സ്വാഭാവികവും സ്വേച്ഛാഭരിതവുമായ ജനേച്ഛയാണ്. അല്ലെങ്കില്‍ ഒരു ഭരണകൂടം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന പിന്തുണ, ആ പിന്തുണ ലഭിക്കുന്നതിനായി അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ ഭാഗമായി നേടുന്ന വിജയവും. ഇതെല്ലാം സ്വാഭാവിക ജനേച്ഛയുടെ ജനാധിപത്യ പ്രകാശനങ്ങളാണ്. കേരളത്തില്‍ ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പും ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണവും അത്തരത്തില്‍ ഒന്നാണ്. ക്ഷേമപ്രവര്‍ത്തനങ്ങളും ജനതയുടെ സുഹൃത്തായി മാറിയ സര്‍ക്കാരും ആ സര്‍ക്കാരിനെ ജനങ്ങളെ ഒപ്പം കൂട്ടി നയിച്ച നേതാവും ചേര്‍ന്നാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത്. ഇനി ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഓര്‍ക്കാം. വര്‍ഗരഹിത വിപ്ലവത്തെക്കുറിച്ചോ, ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചോ, കമ്യൂണിസത്തെക്കുറിച്ചോ, തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ചോ അല്ല ഇടതുപക്ഷത്തെ നയിക്കുന്ന, അല്ലെങ്കില്‍ ഇടതുപക്ഷത്തെ പ്രബലകക്ഷിയായ സി പി എം ജനങ്ങളോട് പറഞ്ഞത്. മറിച്ച് തങ്ങള്‍ നടത്തിയതും നടത്താന്‍ പോകുന്നതുമായ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ജനതയെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിതം അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. തങ്ങളുടെ നിലനില്‍പിനെ അപകടപ്പെടുത്തുന്ന സംഭവ വികാസങ്ങളോട് തങ്ങളുടെ സര്‍ക്കാര്‍ എങ്ങനെ പ്രതികരിച്ചു എന്നതും അവര്‍ക്ക് പ്രധാനമാണ്. പ്രളയവും മഹാമാരിയും വാപിളര്‍ന്നെത്തിയ കാലത്തെ ജനമാനേജ്‌മെന്റിലൂടെ ജനതയുടെ വിശ്വാസം ആര്‍ജിക്കാനായതാണ് സ്വാഭാവിക ജനേച്ഛ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂലമാവാന്‍ കാരണം. കേരളം വോട്ട് ചെയ്തത് എങ്ങനെ എന്ന ഘടനാപരമായ അന്വേഷണത്തില്‍ ഈ ഇച്ഛ രൂപപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ കേന്ദ്രത്തില്‍ അധികാരമാളുന്ന ബി ജെ പി സര്‍ക്കാരിന്റെ രണ്ട് തിരഞ്ഞെടുപ്പ് വിജയങ്ങളിലും പ്രതിഫലിച്ചത് സ്വാഭാവിക ജനേച്ഛയല്ല. മറിച്ച് നിര്‍മിത ജനേച്ഛയാണ്. വ്യക്തികളെ വോട്ട് ചെയ്യാനുള്ള മനോനിലയിലേക്ക് എത്തിക്കാന്‍ കഴിയുന്ന യാതൊന്നും എന്‍ ഡി എക്കോ അതിന് നേതൃത്വം നല്‍കുന്ന ബി ജെ പിക്കോ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല. മറിച്ച് വിജൃംഭിത ദേശീയത, വെറുപ്പ്, മുസ്ലിം അപരത്വത്തെ നിര്‍മിച്ചുകൊണ്ടുള്ള നുണകള്‍, അധമവികാരങ്ങളെ ആളിക്കത്തിക്കുന്ന സിനിമാറ്റിക് പ്രകടനങ്ങള്‍, ഊതിവീര്‍പ്പിച്ച നായക ബിംബം തുടങ്ങി ചരിത്രം അല്‍പായുസ്സെന്ന് പലവട്ടം തെളിയിച്ച ഉപകരണങ്ങളെയാണ് അവര്‍ ആശ്രയിച്ചത്. അതുവഴി നിര്‍ഭാഗ്യകരമാം വിധം ആള്‍ക്കൂട്ടത്തിന്റെ ഇച്ഛ രൂപപ്പെട്ടു. പൈഡ്‌പൈപ്പറിന് പിന്നാലെ കുഞ്ഞനെലികള്‍ എന്ന വണ്ണം ജനത നാശത്തിനായി വോട്ടുചെയ്തു. പക്ഷേ, കുഴല്‍വിളിക്കാരന് എലികളുടെ അന്തിമ വിധി അറിയാം. തന്റെ കാഹളത്തിന് പിന്നാലെ കുതിക്കുന്ന കുഞ്ഞനെലികള്‍ അവസാനം ചെന്നുപറ്റുന്ന ജലഗര്‍ത്തത്തെ അറിയാം. അതിനാല്‍ ആ യാത്ര നീളും വരെ, എലികള്‍ ജലത്തെ തൊടും വരെ മാത്രമേ തന്റെ കുഴല്‍ വിളിക്ക് വിശ്വാസ്യതയുള്ളൂ എന്നും അറിയാം. അതിനാല്‍ എലികളുടെ കണ്ണുകെട്ടുക എന്ന വ്യര്‍ഥശ്രമങ്ങള്‍ക്ക് അവന്‍ സദാ പണിപ്പെടും. ആ പണിപ്പെടലാണ് ദിശാ രവി ഉള്‍പ്പടെ ആയിരക്കണക്കായ വിസമ്മതങ്ങളോട് കേന്ദ്രത്തിലെ വലതുസര്‍ക്കാര്‍ ചെയ്യുന്നത്.
സന്ദേശങ്ങളെയാണ്, സന്ദേശങ്ങള്‍ രൂപപ്പെടുത്തിയേക്കാവുന്ന അവബോധങ്ങളെയാണ് ഫാഷിസ്റ്റുകള്‍ ഭയപ്പെടുക. മ്യൂണിച്ചിലെ വിദ്യാര്‍ഥികളുടെ ലഘുലേഖകളെ ഹിറ്റ്‌ലര്‍ ഭയപ്പെട്ടതുപോലെ. നഗരങ്ങളെ അവര്‍ ഭയപ്പെടും. നഗരകേന്ദ്രിതരായ മധ്യവര്‍ഗം തങ്ങള്‍ക്കെതിരായാല്‍ അടിത്തറ ഇളകുമെന്ന് അവര്‍ക്കറിയാം. കാരണം നഗരകേന്ദ്രിതമായാണ് ഇന്ത്യയില്‍ രാഷ്ട്രീയം ആഘാതശേഷിയോടെ പ്രവര്‍ത്തന സജ്ജമാവുക. വിശദീകരിക്കാം. ഗ്രാമങ്ങളിലേക്ക് വേരോടാനുള്ള കോപ്പ് നഗരത്തില്‍ മുളക്കുന്ന ചിന്തകള്‍ക്കുണ്ട്. കാരണം ഇന്ത്യന്‍ നഗരങ്ങളൊന്നും സ്വയംഭൂവല്ല. നഗരത്തിലെ ചിന്താശേഷിയും കര്‍മശേഷിയുമുള്ള മനുഷ്യര്‍ക്ക് ഗ്രാമങ്ങളില്‍ ഇന്നും മുറിയാത്ത വേരുകളുണ്ട്. ദിശാ രവിയുടെ വേരുകള്‍ മധ്യേന്ത്യയിലെ കൃഷിനിലങ്ങളിലാണ് എന്നതുപോലെ. നഗരങ്ങളില്‍ തിടം വെക്കുന്ന വിസമ്മതങ്ങള്‍ ഗ്രാമങ്ങളിലേക്ക് നീളുകയും അവിടങ്ങളില്‍ നിന്ന് വിസമ്മതങ്ങളുടെ ചുഴലിക്കാറ്റുകള്‍ പുറപ്പെടുമെന്നും ഭരണകൂടത്തിനറിയാം. അതിനാല്‍ അവര്‍ നഗരങ്ങളുടെ നാവറുക്കാന്‍ വെമ്പും. സോഷ്യല്‍ മീഡിയ അതിന്റെ നാനാരൂപങ്ങളില്‍ പ്രബലമാണിന്ന്. നഗരങ്ങളില്‍ അതിന് വലിയ വേരോട്ടമുണ്ട്. ഫേസ്ബുക്കെന്ന ആഗോള ഭീമനാണ് ആ വേരുകളുടെ ഛത്രാധിപതി. സ്വതന്ത്ര എന്ന വാക്കിന് ഫേസ്ബുക്കിന് സ്വന്തം ചില മാനദണ്ഡങ്ങളുണ്ട്. നിങ്ങള്‍ക്കറിയുന്നതുപോലെ ഭരണകൂടങ്ങളുടെ നിര്‍മിതിയും നിലനില്‍പും തീരുമാനിക്കാന്‍ ആവും വിധം സുശക്തമാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങള്‍. അര്‍ണബുമാരുടെ പരമ്പരാഗത മാധ്യമങ്ങളുടെ നെടുനീളത്തില്‍ ഉള്ള കൂറ്റന്‍ അലറലുകളെ ഒന്നോ രണ്ടോ വാക്കുകളുടെ ദൈര്‍ഘ്യമുള്ള ഒരു ട്വീറ്റ് മലര്‍ത്തിയടിക്കും. അദാനിമാരും അംബാനിമാരും വിലക്കെടുത്ത പരമ്പരാഗതന്‍മാരുടെ ചമയ്ക്കപ്പെട്ട വാര്‍ത്തകളെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ഒറ്റച്ചിത്രത്താല്‍ റദ്ദാക്കും. മറിച്ചുമുണ്ട്. അസത്യങ്ങളടെ പെരുമ്പറകള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഇടങ്ങളുമാണ്.
സമീപകാലത്തെ ഒരു ഉദാഹരണം കേള്‍ക്കാം. തമിഴ്‌നാട്ടില്‍ നിന്നാണ്. അവിടെ ഒരു ഗ്രാമത്തില്‍ നിര്‍ഭാഗ്യകരമായ ഒരു തര്‍ക്കം നടക്കുന്നു. 1951 മുതല്‍ തുടങ്ങിയ തര്‍ക്കമാണ്. ഹിന്ദുക്കളും മുസ്ലിംകളും ഇടകലര്‍ന്നു പാര്‍ക്കുന്ന ഇടമാണ്. മുസ്ലിം സമൂഹമാണ് മഹാഭൂരിപക്ഷം. അവിടെ ഒരു സര്‍ക്കാര്‍ പുറമ്പോക്കുണ്ട്. അതിന് ചുറ്റുമായി മുസ്ലിം ഭവനങ്ങളാണ്. ഈ പുറമ്പോക്ക് ഹിന്ദു ക്ഷേത്രങ്ങളുടെ ഉത്സവത്തിനും പുറമ്പോക്കിന് ചുറ്റുമുള്ള പ്രദേശം ഉത്സവ എഴുന്നെള്ളിപ്പിനും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് തര്‍ക്കം. വാസ്തവത്തില്‍ അത് മതാത്മക മാനമുള്ള തര്‍ക്കമല്ല. പുറമ്പോക്ക് എങ്ങനെ ഉപയോഗിക്കണം എന്നതുമായി ബന്ധപ്പെട്ട, പുറമ്പോക്കിന്റെ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. ഉത്സവ പ്രദക്ഷിണങ്ങള്‍ക്കിടക്ക് മഞ്ഞള്‍ കലക്കിയ വെള്ളവും മറ്റ് ഹൈന്ദവ പൂജാ സാമഗ്രികളും വീടുകളിലേക്ക് വിതറുന്നതിനെ കുറേപ്പേര്‍ എതിര്‍ക്കുന്നു. എതിര്‍ത്തവര്‍ മുസ്ലിം വിശ്വാസികളാണ്. ഏഴ് പതിറ്റാണ്ടായി ഈ തര്‍ക്കം പതിവാണ്. ഇപ്പരിപാടിക്കെതിരെ കോടതിയില്‍ ഹരജി പോകുന്നു. പത്ത് വര്‍ഷത്തിന് ശേഷം, നിരവധി വ്യവഹാരങ്ങള്‍ക്കൊടുവില്‍ ചെന്നൈ ഹൈക്കോടതി അതിന്‍മേല്‍ തീര്‍പ്പ് നല്‍കുന്നു. തീര്‍പ്പിലെ ഒരു ഭാഗം ഒരു വിശ്വാസ വിഭാഗം-തീര്‍ച്ചയായും ഇവിടെ മുസ്ലിംകള്‍- മറ്റൊരു വിഭാഗത്തിന്റെ വിശ്വാസ ആചാരങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നത് മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നായിരുന്നു. ഇന്ത്യയില്‍ വിവേകമുള്ള ആര്‍ക്കും സംശയമില്ലാത്ത കാര്യം. ഒരു വിഭാഗം തദ്ദേശീയര്‍ കാലങ്ങളായി തുടരുന്ന ആ തര്‍ക്കത്തില്‍ ഇന്ത്യന്‍ മുസ്ലിമിന് പ്രത്യേകിച്ചെരു താല്‍പര്യത്തിന് സാംഗത്യവുമില്ല. പുറമ്പോക്കിന്റെ കയ്യാളല്‍ സംബന്ധിച്ച സിവില്‍ തര്‍ക്കമാണ് അതെന്ന് പറഞ്ഞുവല്ലോ?

എങ്ങിനെയാണ് ഈ കോടതിവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് എന്ന് നോക്കാം. അതിങ്ങനെ ആയിരുന്നു: ”ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംകള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്. അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്. ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു മുസ്ലിംകളുടെ ആവശ്യം.” ഇതാണ് വ്യാപകമായി പങ്കുവെക്കപ്പെട്ട സന്ദേശം. സംഭവിച്ചത് അതല്ല താനും. ഇങ്ങനെ നുണകളാല്‍, അര്‍ധസത്യങ്ങളാല്‍ തങ്ങളുടെ വിജൃംഭിത ഭരണകൂടത്തെ കൂടുതല്‍ സംഹാരരുദ്രമായി നിലനിര്‍ത്താന്‍ വലതുപക്ഷം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സമ്മാനിക്കപ്പെട്ട കങ്കണ റണാവത്തിനെ ഓര്‍ക്കുക. കൊല്ലൂ എന്ന ആഹ്വാനമാണ് ഉന്മാദിയായ ആ ഭരണകൂട ദാസിയുടെ കുറിപ്പുകളെല്ലാം. ഇതിനിടയിലാണ് അല്ല ഇതല്ല എന്ന് വിളിച്ചുപറയുന്ന ഇടപെടലുകള്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ നിറയുന്നതും അഭൂതപൂര്‍വമാം വിധം വിശ്വാസ്യത അവയ്ക്ക് ലഭിക്കുന്നതും.

എല്ലാ വലതുപക്ഷ ഭരണകൂടങ്ങളും എല്ലാ ഫാഷിസ്റ്റ് ഭരണരീതികളും തകര്‍ന്നടിഞ്ഞത് മാരകമായ പ്രതിസന്ധികളെ നേരിട്ട സമയത്താണ്. അത് യുദ്ധമാവാം, മഹാമാരിയാവാം, സാമ്പത്തിക മാന്ദ്യമാവാം, അഥവാ ഇതെല്ലാം ചേര്‍ന്നുമാവാം. ജനകീയമായ അടിത്തറയും രാജ്യത്തിന്റെ സമഗ്ര വികസനം സംബന്ധിച്ച ജനപക്ഷത്ത് നിന്നുള്ള ആലോചനകള്‍ ഉള്ള ഭരണകൂടങ്ങള്‍ക്ക് മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കഴിയൂ. അതില്ല എന്നതിനാലാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ നമ്മുടെ രാജ്യം നിസ്സഹായമായത്. ജനത ശ്വാസംമുട്ടി പിടയുകയും രാജ്യത്തിന്റെ ഭാഷ വിലാപങ്ങളാവുകയും ചെയ്ത നാളുകളില്‍ ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഒരേയൊരു അജണ്ട ബംഗാളിലെ ഭരണം പിടിക്കലും അസമിലെ ഭരണത്തുടര്‍ച്ചയും മാത്രമായിരുന്നു. ശ്വാസം മുട്ടുന്നവര്‍ക്ക് പ്രാണവായുവല്ല, പകരം വിലാപങ്ങള്‍ക്ക് നിരോധനമാണ് മോഡി-ഷാ-യോഗി ത്രയം നല്‍കിയത്. ആഗോളതലത്തില്‍ അതിഭൗമ താല്‍പര്യങ്ങളുള്ള ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ഇതുവരെ വെളിപ്പെട്ടിട്ടില്ലാത്ത മാര്‍ഗങ്ങളിലൂടെ വിലക്കെടുത്ത് ആ നിരോധനം അവര്‍ നടപ്പാക്കി. പിടഞ്ഞുമരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പണമില്ലാത്തിനാല്‍ ഉറ്റവര്‍ ഗംഗയിലൊഴുക്കി. കൊവിഡ് കൊന്നവര്‍, ഭരണകൂടത്തിന്റെ സമാനതകളില്ലാത്ത അലംഭാവത്താല്‍ കൊല്ലപ്പെട്ടവരുടെ ശവങ്ങള്‍ ഒഴുകിനടക്കുന്ന നദികളുടെ രാജ്യമാണിന്ന് നമ്മുടെ ഇന്ത്യ. പ്രതിസന്ധിക്കുമുന്നില്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന പ്രധാനമന്ത്രിയോട് സോഷ്യല്‍ മീഡിയയിലൂടെ ജനത രാജി ആവശ്യപ്പെട്ടു. റിസൈന്‍ മോഡി എന്ന ഹാഷ്ടാഗ് ശക്തമായി. പൊടുന്നനെ ഇനിയൊരു ജൂലിയന്‍ അസാഞ്ചെ ഉണ്ടായിവരും വരെ അജ്ഞാതമായേക്കാവുന്ന, കൊടും അഴിമതിയുടെ ദുര്‍ഗന്ധം ഉറപ്പായും പടര്‍ന്ന കാരണങ്ങളാല്‍ ആ ഹാഷ്ടാഗ് അപ്രത്യക്ഷമാക്കപ്പെട്ടു. ഒരു ദിവസം കഴിഞ്ഞ് മടങ്ങിവന്നെങ്കിലും അതിന്റെ മുനയൊടിഞ്ഞിരുന്നു.

മലയാളത്തിന്റെ മഹാകവിയും രാഷ്ട്രീയ മനുഷ്യനുമായ സച്ചിദാനന്ദന്‍ മോഡി വിമര്‍ശനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. ആയിരക്കണക്കിന് ഹാന്‍ഡിലുകളാണ് ഇങ്ങനെ നിരോധിക്കപ്പെട്ടത്. ഫേസ്ബുക്ക് വേണമോ ജനാധിപത്യം വേണമോ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളണമോ എന്ന തിരഞ്ഞെടുപ്പുണ്ടായാല്‍ ഞാനിപ്പോള്‍ തുടരുന്നിടത്ത് തുടരുമെന്നായിരുന്നു സച്ചിദാനന്ദന്റെ ഫേസ്ബുക്കിനുള്ള മറുപടി. അങ്ങനെ നിലയുറപ്പിച്ച് നെഞ്ചുവിരിക്കാന്‍ മഹാശേഷിയുള്ള പതിനായിരങ്ങള്‍ രാജ്യത്ത് ഇപ്പോഴുണ്ട്. അവരെ ഭരണകൂടം ഭയക്കുന്നുണ്ട്. അവരെ ഭരണകൂടം വേട്ടയാടാന്‍ ഒരുങ്ങുന്നുണ്ട്. അരിഞ്ഞുവീഴ്ത്തപ്പെട്ട ഓരോ ശിരസ്സിനും പകരം ആയിരം ശിരസ്സുകള്‍ പക്ഷേ, മുളപൊട്ടുക തന്നെ ചെയ്യും.
മോഡി ഭരണകൂടം ഭയപ്പെടുന്നുണ്ട്. അവരുടെ അരുമകളായ മാധ്യമങ്ങള്‍ക്ക് പോലും ശ്വാസംമുട്ടി മരിക്കുന്ന മനുഷ്യരെ, ശവങ്ങള്‍ സംസ്‌കരിക്കപ്പെടാന്‍ വെയിലത്ത് കിടക്കുന്ന നമ്മുടെ മഹാരാജ്യത്തെ അങ്ങനെ കാണാതെ പോകാന്‍ കഴിയില്ല. പെരുംകോടികളുടെ കൊട്ടാരനിര്‍മാണം നിര്‍ത്തിവെക്കൂ, പ്രാണവായു എത്തിക്കൂ എന്ന് അവര്‍ മോഡിയോട് ആവശ്യപ്പെടുന്നുണ്ട്. എത്ര മറച്ചുവെച്ചാലും വിസമ്മതങ്ങള്‍ ദൃശ്യപ്പെടുന്നുണ്ട്. മരിച്ചവര്‍ കണക്കുചോദിക്കുന്ന കാലമാണോ ഭരണകൂടത്തെ കാത്തിരിക്കുന്നത്?

കെ കെ ജോഷി

You must be logged in to post a comment Login