‘ഡിജിറ്റല്‍ വിവേചന’ കാലത്തെ ഫലസ്തീന്‍ പോരാട്ടങ്ങള്‍

‘ഡിജിറ്റല്‍ വിവേചന’ കാലത്തെ ഫലസ്തീന്‍ പോരാട്ടങ്ങള്‍

ഫലസ്തീനികള്‍ക്ക് ‘ആഖ്യാനത്തിനുള്ള അനുവാദം’ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഫലസ്തീനി- അമേരിക്കന്‍ ബുദ്ധിജീവിയും കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറുമായ എഡ്വേഡ് സെയ്ദാണ് 1984 ല്‍ പറഞ്ഞത്.

മുപ്പതു വര്‍ഷത്തിനിപ്പുറം, 2020ല്‍ അരിസോണ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മഹാ നാസര്‍ രണ്ടു ദിനപത്രങ്ങളും-ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും-രണ്ട് ആഴ്ചപ്പതിപ്പുകളും-ദി ന്യൂ റിപ്പബ്ലിക്കും ദി നേഷനും- 1970 മുതല്‍ 2019 വരെ (അമ്പതു വര്‍ഷക്കാലയളവില്‍) പരിശോധിച്ചു. അതിശയമൊട്ടുമില്ലാതെ മഹാ നാസര്‍ കണ്ടെത്തിയത് പത്രാധിപ സമിതികളും കോളമെഴുത്തുകാരും ഫലസ്തീനി പോരാട്ടത്തെ കുറിച്ച് നിന്ദ സ്ഫുരിക്കുന്ന സ്വരത്തിലും വംശീയത നുരയ്ക്കുന്ന ഭാവത്തിലും എഴുതുന്നുവെന്നു തന്നെയാണ്. എന്നാല്‍ അവരൊരിക്കലും ഫലസ്തീനികള്‍ക്കു പറയാനുള്ളതെന്തെന്ന് ഗൗനിക്കുന്നേയില്ല.
നാസറിന്റെ ഗവേഷണം, മറ്റു പലതിനെയും പോലെ വ്യക്തമാക്കുന്നത് സെയ്ദിന്റെ നാഴികക്കല്ലായ ഉപന്യാസം പ്രസിദ്ധീകരിച്ച് മുപ്പതാണ്ടിലധികം കഴിഞ്ഞിട്ടും, ഫലസ്തീന്റെ ശബ്ദം പാശ്ചാത്യലോകത്തെ മുഖ്യധാരാ മാധ്യമ ആഖ്യാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നു തന്നെയാണ്. ഫലസ്തീനികളുടെ മനുഷ്യത്വത്തെ മുക്കിക്കളയാനും അവര്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ കുറ്റങ്ങള്‍ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ തടസ്സമില്ലാതെ മുമ്പോട്ടു പോകുന്നു. സെയ്ദ് പുറത്തു കൊണ്ടു വന്ന അന്യായമായ ആ അവസ്ഥ മാറ്റമില്ലാതെ തുടരുന്നുവെന്നു മാത്രമല്ല, അതേറെ മോശമാകുകയും ചെയ്തു.

ഈയടുത്ത വര്‍ഷങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ച പോരാട്ടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജീവനാഡിയായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക രംഗത്തെ കമ്പനികള്‍ ഫലസ്തീനി ശബ്ദങ്ങളെ സ്വന്തം പ്ലാറ്റുഫോമുകളില്‍ നിന്ന് പുറത്താക്കാന്‍ സജീവമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ഏപ്രില്‍ മാസത്തില്‍ ഫേസ്ബുക്കും യൂട്യൂബും, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഹ്യുമാനിറ്റീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (യു സി എച്ച് ആര്‍ ഐ) ദി കൗണ്‍സില്‍ ഓഫ് യുസി ഫേക്കല്‍റ്റി അസോസിയേഷന്‍സും (സിയുഎഫ് സി എ) അറബ് ആന്റ് മുസ് ലിം എത്‌നിസിറ്റീസ് ആന്റ് ഡയസ്‌പോറാസും (എഎംഇഡി) നടത്താന്‍ തയാറെടുത്ത ഓണ്‍ലൈന്‍ അക്കാദമിക പരിപാടിക്ക്- ”ആരുടെ ആഖ്യാനങ്ങള്‍? ഫലസ്തീന്‍കാര്‍ക്ക് എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം?” – വിലക്കേര്‍പ്പെടുത്തി.

ഫലസ്തീനി പ്രതിരോധ മുഖമായ ലൈല ഖാലിദും ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായ റോണി കസ്രില്‍സും അടക്കം ലോകമെമ്പാടുമുള്ള വര്‍ണ്ണവിവേചന വിരുദ്ധ പ്രവര്‍ത്തകര്‍ അതില്‍ അണി ചേരേണ്ടതായിരുന്നു. 2020ല്‍ ‘സൂം’ വിലക്കേര്‍പ്പെടുത്തിയ ഒരു ഓപ്പണ്‍ ക്ലാസ് റൂമിന്റെ തുടര്‍ച്ചയായിരുന്നു ആ പരിപാടി. ആ ക്ലാസ്‌റൂം സാന്‍ ഫ്രാന്‍സിസ്‌ക്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ഡോക്ടര്‍ രബബ് ഇബ്രാഹിം അബ്ദുള്‍ഹാദിയും ഡോക്ടര്‍ ടൊമോമി കിനുക്കാവയും സംഘടിപ്പിച്ചതായിരുന്നു. ലൈല ഖാലിദിന്റെ സാന്നിദ്ധ്യമാണ് പരിപാടി വിലക്കുന്നതിനുള്ള കാരണമായി സൂമും മറ്റു സാമൂഹ്യമാധ്യമങ്ങളും ചൂണ്ടിക്കാണിച്ചത്. അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍’ എന്ന സംഘടനയോടു ലൈലയ്ക്ക് ബന്ധമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. അതു കൊണ്ടു തന്നെ ആ പരിപാടിയെ എതെങ്കിലും തരത്തില്‍ പിന്തുണക്കുന്നത് തീവ്രവാദത്തെ പിന്തുണക്കരുതെന്ന അമേരിക്കന്‍ നിയമങ്ങളുടെ ലംഘനവുമാണത്രേ.
ആ വാദത്തില്‍ കഴമ്പില്ലെന്ന് പല നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അത് നിയമത്തിന്റെ പൂര്‍വ്വ സമ്പ്രദായങ്ങളെ അവഗണിക്കുക മാത്രമല്ല,അക്കാദമിക സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറുക കൂടിയാണ്.

പ്രസ്തുത പരിപാടി സൂം വിലക്കിയത് ”അക്കാദമിക സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലുമുള്ള അപകടകരമായ ആക്രമണവും പൊതു സര്‍വ്വകലാശാലാവ്യവസ്ഥകളുമായുള്ള സൂമിന്റെ ഉടമ്പടിയുടെ ദുര്‍വിനിയോഗവുമാണെന്ന് ” കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സൂമിന്റെ എക്‌സിക്യൂട്ടീവുകള്‍ക്കെഴുതിയ തുറന്ന കത്തില്‍ ഫലസ്തീനില്‍ നിന്നുള്ള നിയമ,നിയമേതര സംഘനകളിലെ വിദഗ്ധര്‍ അടിവരയിട്ടു. ”അത്യാവശ്യ പൊതു സേവനമെന്ന പദവി രാഷ്ട്രത്തിന്റെ ക്ലാസ്മുറികളിലെയും പൊതു പരിപാടികളുടെയും ഉള്ളടക്കത്തിനു മേല്‍ നിങ്ങള്‍ക്ക് വീറ്റോ അധികാരം തരുന്നില്ല”- അവര്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷേ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു. സൂമും മറ്റ് സാമൂഹ്യമാധ്യമ കമ്പനികളും അവരുടെ പക്ഷപാതപരമായ രാഷ്ട്രീയത്തെക്കുറിച്ചും സ്വന്തം പ്ലാറ്റ്‌ഫോമുകളില്‍ ഫലസ്തീനി ശബ്ദങ്ങളുടെ കഴുത്തിന് പിടിക്കുന്നതിനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും കണ്ടില്ലെന്നു വെച്ചു.
ഏപ്രില്‍ മാസത്തില്‍ വീണ്ടും സൂം ‘ആരുടെ ആഖ്യാനങ്ങള്‍’ പരിപാടിയ്ക്ക് ആതിഥ്യം വഹിക്കാന്‍ രണ്ടാമതും വിസമ്മതിച്ചു. ഇസ്രയേലി സര്‍ക്കാരിന്റെ ഒരു ആപ്പിന്റെയും നിരവധി വലതു പക്ഷ സയണിസ്റ്റ് സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ആ പരിപാടിയുടെ പ്രചരണസംബന്ധിയായ പോസ്റ്റുകള്‍ മാത്രമല്ല,എ എം ഇ ഡി സ്റ്റഡീസ് പ്രോഗ്രാമിന്റെ പേജും നീക്കം ചെയ്തു. ഫലസ്തീനി പോരാട്ടത്തെ കുറിച്ചും ലോകത്തിലെ മറ്റ് സ്വാതന്ത്യപ്പോരാട്ടങ്ങളുമായുള്ള അതിന്റെ ബന്ധത്തെ കുറിച്ചുമുള്ള രേഖകളുടെയും വലിയ ശേഖരം അതോടെ തുടച്ചു മാറ്റപ്പെട്ടു. ഒട്ടും വില കൊടുക്കാതെയും നിയന്ത്രണമില്ലാതെയും അക്കാദമിക്കുകള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും സംഘാടകര്‍ക്കും ഫലസ്തീനി സമൂഹത്തിനും ലഭ്യമാകാന്‍ തന്നെയായിരുന്നു അതെല്ലാം ഫേസ്ബുക്കില്‍ സൂക്ഷിച്ചിരുന്നത്.
അക്കാദമിക ലോകത്ത് എന്താണു സ്വീകാര്യമെന്നും എന്താണ് അസ്വീകാര്യമെന്നും തീരുമാനിക്കാനുള്ള സൂമിന്റെ തുടര്‍ച്ചയായ ശ്രമങ്ങളും തുടര്‍ന്ന് ഫേസ്ബുക്ക് എഎംഇഡിയുടെ പേജ് തുടച്ചു മാറ്റിയതും ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ വന്‍കിട കമ്പനികളുടെ പ്രവര്‍ത്തനരീതി വ്യക്തമാക്കുന്നുണ്ട്: ഇസ്രയേലിന്റെ ആവശ്യമനുസരിച്ച് ഫലസ്തീനിയന്‍ പോരാട്ടവുമായി ബന്ധപ്പെട്ട രേഖകളുടെ വിലക്കും അന്യായവും നിയമവിരുദ്ധവുമായ അത്തരം പ്രവര്‍ത്തികളെ കുറിച്ചുള്ള വിമര്‍ശനം അവഗണിക്കലും.

ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു വരണമെന്നു നിശ്ചയിക്കുന്ന സ്വതന്ത്ര സമിതിയായ ഫേസ്ബുക്ക് ഓവര്‍സൈറ്റ് ബോര്‍ഡില്‍ ഇസ്രയേലി നിയമ വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ എമി പാല്‍മറുണ്ട്. പാല്‍മര്‍ ഇസ്രയേലിന്റെ സൈബര്‍ യൂണിറ്റിനെ നേരിട്ടു നിയന്ത്രിച്ചിരുന്നു. ഫേസ്ബുക്കില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീന്‍ പോരാട്ട കഥകള്‍ നീക്കം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചയാളാണ് പാല്‍മര്‍.

എന്നാല്‍ പാല്‍മറിനെ പോലുള്ള ഇസ്രയേലികളുടെ സാന്നിദ്ധ്യം കൊണ്ടു മാത്രം ഫേസ്ബുക്കിന്റെ ഫലസ്തീനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനാകില്ല. തുടക്കം മുതലേ സാമൂഹ്യ മാധ്യമകമ്പനികള്‍ അമേരിക്കന്‍ കുത്തക, സാമ്രാജ്യത്വ കൂട്ടുകെട്ടിലാണ്. അവര്‍ അമേരിക്കന്‍ ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സര്‍വിലന്‍സും ബിഗ് ഡാറ്റ വിശകലനവും വരെ നടത്തി. സാമൂഹ്യ മാധ്യമങ്ങളുടെ വ്യവസായം തന്നെ അങ്ങേയറ്റം ചീഞ്ഞതാണ്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ ആയിരക്കകണക്കിന് കറുത്ത വര്‍ഗ്ഗക്കാരെയും തൊഴിലാളികളെയും കുടിയൊഴിപ്പിച്ചു ഭൂമി തട്ടിയെടുത്തത് വലിയ സാങ്കേതിക ഭീമന്മാരാണ്.
എഎം ഇഡി സ്റ്റഡീസ് പേജ് ഇതു വരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. സൂം ആ പരിപാടിയ്ക്ക് വിലേക്കേര്‍പ്പെടുത്തിയതിനു ശേഷം സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ അതിന് മറ്റു പ്ലാറ്റ്‌ഫോാമുകളും നിഷേധിച്ചു. പരിപാടി നിയമവിരുദ്ധമാണെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഫലസ്തീനെയും ഫ ലസ്തിനികളെയും പാഠ്യപദ്ധതിയില്‍ നിന്നു തന്നെ തുടച്ചു മാറ്റാനുള്ള പദ്ധതിയില്‍ സമാഹ്യമാധ്യമമേധാവികളോടൊപ്പം സര്‍വ്വകലാശാലകളുമുണ്ട്.
ഫലസ്തീനികളുടെ ഒച്ചയടപ്പിക്കല്‍ അക്കാദമിക ലോകത്തിനും അപ്പുറത്തേക്കു വ്യാപിച്ചിട്ടുണ്ട്. അധിനിവേശ പ്രദേശമായ ഷെയ്ക്ക് ജാറയില്‍ നടക്കുന്ന ഇസ്രയേലി ഭരണകൂട ഭീകരതയെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വിലക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേലി പൊലിസ് അല്‍ അക്‌സ പള്ളിയിലുണ്ടായിരുന്ന ഫ ലസ്തീനികളുടെ നേര്‍ക്ക് ഗ്രനേഡുകളും റബര്‍ ബുള്ളറ്റുകളും വര്‍ഷിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുറിവേറ്റരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കപ്പെട്ടില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആ ആക്രമണത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പ്രതികാര നടപടിയെന്നോണം ഗാസയില്‍ ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു. തുടര്‍ന്ന് അറുപത്തിയഞ്ചു പേര്‍ മരിക്കുകയും 365 പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തു. ലിഡ് നഗരത്തിലും ഒരു പ്രതിഷേധ ജാഥക്കെതിരെ ഇസ്രയേലി ആക്രമണമുണ്ടായി. തുടര്‍ന്ന് ഇസ്രയേലി സൂപ്രീം കോടതി ഷേയ്ക്ക് ജാറയിലെ കുടിയൊഴിപ്പിക്കല്‍ മുപ്പതു ദിവസത്തേക്ക് നീട്ടിവെച്ചു. എന്നാല്‍ സ്ഥിതിഗതികളുടെ പ്രാധാന്യം കുറയ്ക്കാന്‍ മാത്രമാണ് ആ തീരുമാനമെന്ന് ആക്റ്റിവിസ്റ്റുകള്‍ പറയുന്നു.

ഫലസ്തീനികള്‍ സഹജമായി ‘അക്രമികളാണെന്ന’ യുഗങ്ങള്‍ പഴക്കമുള്ള മിത്തിനെ ഷെയ്ക്ക് ജാറയില്‍ നിന്നുള്ള കവിയും ആക്റ്റിവിസ്റ്റുമായ മൊഹമ്മദ് എല്‍ കുര്‍ദ് സിഎന്‍ എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യം കൊണ്ട് നേരിടുന്നുണ്ട്, ”എന്നെയും എന്റെ കുടുംബത്തെയും ബലമായി കുടിയൊഴിപ്പിക്കുന്നതിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ?”

ഫലസ്തീനികള്‍ക്കു മേലുള്ള അക്രമങ്ങളെ ‘ചില്ലറ ഏറ്റുമുട്ടലുകളെന്നും സംഘര്‍ഷങ്ങളെന്നും’ നിര്‍വചിക്കുന്ന അമേരിക്കന്‍ മുഖ്യധാരാമാധ്യങ്ങള്‍ ഇസ്രയേല്‍ അധിനിവേശത്തിന്റെ ശരികേടുകള്‍ മറച്ചു വെക്കുകയാണ്. അതു കൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളിലേക്കുള്ള നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം ഫലസ്തീനികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും നിര്‍ണ്ണായകമാണ്. എന്നാല്‍ അക്രമത്തെയും കുടിയൊഴിപ്പിക്കലിനെയും ചെറുക്കുന്ന ഫലസ്തീനികളുടെ ധാര്‍മ്മികപോരാട്ടത്തെ പിന്തുണക്കുന്നതിനു പകരം സാമൂഹ്യമാധ്യമ കമ്പനികള്‍ ഫലസ്തീനികളെ ആക്രമിക്കുന്ന ഭരണകൂടത്തിന്റെ താല്പര്യങ്ങളും അജണ്ടയും സംരക്ഷിക്കുകയാണ്.

ഫലസ്തീനി വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകളും പേജുകളും നിയന്ത്രിക്കുന്നതിന് ഇന്‍സ്റ്റഗ്രാം പറയുന്ന കാരണം ‘ആഗോള സാങ്കേതിക പ്രശ്‌ന’ -മാണ്. ഫലസ്തീനിയന്‍ എഴുത്തുകാരിയായ മറിയം ബര്‍ഗൂത്തിയുടെ അക്കൗണ്ട് നിയന്ത്രിച്ചതിനും ട്വിറ്റര്‍ ഇതേ കാരണമാണു പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്ന വലിയ പ്രതിഷേധത്തിനു ശേഷം ആ അക്കൗണ്ട് പുന:സ്ഥാപിക്കപ്പെട്ടു. അത്തരം വിശദീകരണങ്ങളെ കുറിച്ച് ആക്റ്റിവിസ്റ്റുകളും മാധ്യമനിരീക്ഷണ സംഘടനകളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വന്തം കഥകള്‍ പറയാന്‍ ഫലസ്തീനികള്‍ക്ക് അനുവാദം നിഷേധിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങളെ കുറിച്ചുള്ള എഡ്വേഡ് സെയ്ദിന്റെ വിമര്‍ശനത്തിന് മുപ്പതു വര്‍ഷമിപ്പുറം ഫലസ്തീനി പോരാട്ടത്തെ പിന്തുണക്കുന്ന ഒച്ചകള്‍ മുഖ്യധാരാമാധ്യമങ്ങളില്‍ മാത്രമല്ല,സാമൂഹ്യമാധ്യമങ്ങളിലും നിശ്ശബ്ദമാക്കപ്പെടുകയാണ്.
പക്ഷേ, നാം തോല്‍ക്കരുത്. സമത്വത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ സമാഹ്യമാധ്യമ കമ്പനികളും മാധ്യമങ്ങളും നടത്തുന്ന ശ്രമങ്ങള്‍ മറികടന്നും ഫലസ്തീനി പോരാട്ടങ്ങളെ പിന്തുണക്കേണ്ടതുണ്ട്. ഷേയ്ക്ക് ജാറ പോലുള്ള അനധികൃത ഇസ്രയേലി കുടിയേറ്റ പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കലും ഫലസ്തീനികളോടുള്ള അക്രമവും വിവേചനവും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട് . കൊളോണിയല്‍, വര്‍ണ്ണവിവേചനപരമായ നയങ്ങള്‍ ഇസ്രയേല്‍ അവസാനിപ്പിക്കുന്നതു വരെ ഫലസ്തീനികളുടെ പോരാട്ടത്തെ നാം മുമ്പോട്ടു കൊണ്ടു പോകണം. മാധ്യമങ്ങള്‍ക്ക് ഫലസ്തീനികളുടെ ആഖ്യാനങ്ങളെ വളച്ചൊടിക്കാനും വിലക്കാനും കഴിഞ്ഞേക്കാം. എന്നാല്‍ സത്യത്തെ എന്നും അമര്‍ച്ച ചെയ്യാനോ നീതിക്കു വേണ്ടിയുള്ള അവരുടെ മുറവിളികള്‍ നിശ്ശബ്ദമാക്കാനോ ആകില്ല. ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതും പല പ്ലാറ്റുഫോമിലുള്ളതുമായ വിലക്കുകളെ നാം ചെറുക്കേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാമൂഹ്യമാധ്യമങ്ങള്‍ ‘ഡിജിറ്റല്‍ വര്‍ണ്ണവിവേചന’-മാണു കാണിക്കുന്നത്. അതു നോക്കി നമുക്ക് കയ്യും കെട്ടിയിരിക്കാനാകില്ല. ഫലസ്തീനികളുടെ വിമോചനപ്പോരാട്ടത്തിന്റെ ഭാഗമായി നമുക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിവേചനപരമായ വിലക്കുകളെ കണ്ടെത്തുകയും വെളിച്ചത്തു കൊണ്ടു വരികയും ചെയ്യേണ്ടതുണ്ട്.

(എഴുത്തുകാരനും കവിയും സ്വതന്ത്ര ഗവേഷകനുമാണ് ഒമര്‍ സഹ്‌സഹ്. ഐവിറ്റ്‌നസ് ഫലസ്തീനിന്റെ എഡ്യൂക്കേഷന്‍ ആന്റ് അഡൈ്വസറി കോ-ഓര്‍ഡിനേറ്റര്‍. യു എസ് ക്യാമ്പയിന്‍ ഫോര്‍ ദി കള്‍ച്ചറല്‍ ആന്റ് അക്കാദമിക് ബോയ്‌ക്കോട്ട് ഓഫ് ഇസ്രയേലിന്റെയും ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റിന്റെയും അംഗം. ലോസ് ആഞ്ചലസ് സര്‍വകലാശാലയില്‍ നിന്ന് കംപാരിറ്റീവ് ലിറ്ററേച്ചറില്‍ പിഎച്ച്ഡിയുണ്ട്)

ഉമര്‍ സഹ്‌സഹ്

You must be logged in to post a comment Login