ഒളിപ്പിക്കാനാവില്ല ഇസ്ലാമിന്റെ സൗന്ദര്യം

ഒളിപ്പിക്കാനാവില്ല ഇസ്ലാമിന്റെ സൗന്ദര്യം

ഇസ്ലാമിന്റെ സൗന്ദര്യവും ലാളിത്യവും ലോകത്തെ ആകര്‍ഷിക്കുകയാണ്. ഏറെവേഗം മനസുകളിലേക്ക് പടരുന്ന ആശയമാണത്. ഇത് ചിലരെ അത്ഭുതപ്പെടുത്തുന്നു. മറ്റു ചിലരെ അമ്പരപ്പിക്കുന്നു. ഇസ്ലാമിക നിയമ വ്യവസ്ഥിതിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി അവര്‍ തെറ്റുധാരണകള്‍ സൃഷ്ടിക്കുന്നു. അടിസ്ഥാന ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നു.

മുസ്ലിം നാമധാരികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഇസ്ലാമിന്റെ നയമായി പ്രചരിപ്പിക്കുന്നു. ഇസ്ലാമിനെ ഭീകരതയുമായി കൂട്ടിയോജിപ്പിക്കാന്‍ ഇസ്ലാമിന്റെ നാമധേയത്തില്‍ ടെററിസ്റ്റ് സംഘങ്ങളെ പോലും രൂപപ്പെടുത്തുന്നു. തലപ്പാവ്, താടി, മറ്റു വേഷവിധാനങ്ങള്‍ തുടങ്ങി ഇസ്ലാമിക മുദ്രകളെയെല്ലാം ഭീകരവാദത്തിനായി ദുരുപയോഗം ചെയ്തു. ഇസ്ലാമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനമനസ്സുകളില്‍ ഭീതിയുടെ നിഴല്‍ പരക്കുന്ന സ്ഥിതിയുണ്ടാക്കുകയാണവര്‍. ഇതോടൊപ്പം കാലങ്ങള്‍ക്കു മുന്നേ മുസ്ലിം പണ്ഡിതര്‍ മറുപടി നല്‍കിയ അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ക്ക് പുതിയ പരിവേഷം നല്‍കി പ്രശ്നവത്കരിക്കുകയും ചെയ്യുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ചിലരുടെയെങ്കിലും മനസ്സില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ മുതലെടുക്കുകയാണവര്‍.

ഇസ്ലാം വിരുദ്ധ പക്ഷത്ത് ആളുകള്‍ വര്‍ധിക്കുന്നുവെന്ന ധ്വനിയുണ്ടാക്കി ആത്മരതി കണ്ടെത്തുകയാണ് മറ്റെവിടെയുമെന്ന പോലെ കേരളത്തിലെയും നാസ്തിക വിഭാഗങ്ങള്‍. ഇസ്ലാമിക വിരുദ്ധരില്‍ ഏറിയ പങ്കും മതം യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് മനസ്സിലാക്കാത്തവരാണ്. അവരില്‍ തന്നെ ഒരു ചെറുപക്ഷം നിഷ്പക്ഷബുദ്ധിയോടെ ഇസ്ലാമിനെ അടുത്തറിഞ്ഞ് സ്വീകരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍പോലും ലോകത്തിന്റെ മുന്നില്‍ ചില സന്ദേഹങ്ങള്‍ സൃഷ്ടിക്കാനുള്ള ഇസ്ലാം വിരുദ്ധ പക്ഷത്തിന്റെ ചില ശ്രമങ്ങളെങ്കിലും ജയം കാണുന്നുവെന്നത് സങ്കടകരമാണ്. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് കൂടി എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ഇസ്ലാമിനെ വളരെ ലളിതമായി അവതരിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ചെറിയൊരു ശ്രമമാണ് ഈ ലേഖനഭാഗം.

ഇസ്ലാം വെറും ചടങ്ങുകളോ, ആചാരങ്ങളോ അല്ല. കൃത്യവും, വ്യക്തവും, ഖണ്ഡിതവും,വ്യവസ്ഥാപിതവുമായ ജീവിത ശൈലിയും വിശ്വാസാദര്‍ശവുമാണ്.ഏകദൈവത്തിലും, അവന്റെ പ്രവാചകരിലും അനുബന്ധ കാര്യങ്ങളിലുമുള്ള വിശ്വാസമാണതിന്റെ അടിസ്ഥാനം. ഈമാന്‍, വിശ്വാസകാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നവ പ്രധാനമായും ആറെണ്ണമാണ്.
ഒന്ന്: പ്രപഞ്ച സ്രഷ്ടാവിലുള്ള വിശ്വാസം.
രണ്ട്: അവന്റെയും, സൃഷ്ടികളുടെയും ഇടയില്‍ മധ്യവര്‍ത്തികളായ പ്രവാചകന്മാരിലുള്ള വിശ്വാസം.
മൂന്ന്: പ്രവാചകന്മാര്‍ക്ക് നല്‍കിയ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
നാല്: മാലാഖമാരിലുള്ള വിശ്വാസം.
അഞ്ച്: അന്ത്യനാളിലുള്ള വിശ്വാസം. (ഈ ലോകത്തിനൊരു അവസാനമുണ്ടെന്നും, സ്വര്‍ഗ്ഗം, നരകം, വിചാരണ എന്നിവ ഉള്‍ക്കൊള്ളുന്ന അനശ്വരമായ പരലോക ജീവിതത്തിലുള്ള വിശ്വാസം).
ആറ്: നന്മയും തിന്മയുമായ സര്‍വകാര്യങ്ങളും അല്ലാഹുവിന്റെ ഹിതമനുസരിച്ചാണെന്നുള്ള വിശ്വാസം.
സ്രഷ്ടാവില്‍ നിന്നും സൃഷ്ടികളോടുള്ള നിയമനിര്‍ദ്ദേശങ്ങള്‍ ആണ് ഇസ്ലാം കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവയില്‍ പ്രധാനം അഞ്ചെണ്ണമാണ്.
ഒന്ന്: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, മുഹമ്മദ് നബി (സ്വ) അവന്റെ ദൂതനാണെന്നുമുള്ള വിശ്വാസം.
രണ്ട്: ദിനേനെ അഞ്ചുനേരം നിസ്‌കരിക്കുക.
മൂന്ന്: റമളാന്‍ മാസം വ്രതമെടുക്കുക.
നാല്: സകാത്ത് നല്‍കുക.
അഞ്ച്: കഴിവുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കുക.
ഉദ്ധൃത വിശ്വാസ, കര്‍മ കാര്യങ്ങള്‍ മനുഷ്യന്റെ ഇരുലോക വിജയത്തിനും, പുരോഗതിക്കും ആവശ്യമായ ദൈവിക വ്യവസ്ഥിതികളാണ്. മനുഷ്യജീവിതത്തെ പ്രയാസപ്പെടുത്തുന്ന ഒന്നും ഇതിലില്ല. ആദ്യം പറഞ്ഞ ആറു കാര്യങ്ങളും വിശ്വസിക്കേണ്ടവയാണ്. അതിന് സാമ്പത്തിക, ശാരീരിക പ്രയാസങ്ങള്‍ ഒന്നും തടസ്സമല്ല. ഈ വിശ്വാസങ്ങള്‍ മറ്റൊരാള്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ആര്‍ക്കും എവിടെ വെച്ചും സ്വേഛപ്രകാരം തിരഞ്ഞെടുക്കാവുന്നവയാണ് വിശ്വാസകാര്യങ്ങള്‍. കര്‍മ കാര്യങ്ങളില്‍ നിശ്ചിത സാമ്പത്തിക സ്ഥിതിയുള്ളവരാണ് സകാത് നല്‍കേണ്ടത്. ശാരീരിക സാമ്പത്തിക ശേഷിക്ക് പുറമേ മക്കയിലേക്കുള്ള വഴി കൂടി തരപ്പെട്ടവര്‍ മാത്രമേ ഹജ്ജ് നിര്‍വഹിക്കേണ്ടതുള്ളൂ. വര്‍ഷത്തില്‍ ഒരു മാസമുള്ള വ്രതം തന്നെ നിത്യരോഗികള്‍, ആരോഗ്യം ക്ഷയിച്ച വൃദ്ധര്‍, കുട്ടികള്‍ എന്നിവര്‍ അനുഷ്ഠിക്കേണ്ടതില്ല. താല്‍ക്കാലിക രോഗികള്‍, ഗര്‍ഭിണികള്‍, കുഞ്ഞിനു മുലയൂട്ടുന്നവര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് സാധ്യമായ സമയത്തേക്ക് വ്രതം മാറ്റിവെക്കാവുന്നതാണ്.

എത്ര ലളിതമാണീ അനുഷ്ഠാനങ്ങള്‍ എന്ന് നോക്കൂ. നാം ജീവിക്കുന്ന ഈ രാജ്യത്ത് ധാരാളം നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവ ലംഘിക്കുന്നവര്‍ക്ക് പലവിധ ശിക്ഷകള്‍ ലഭിക്കാറുമുണ്ട്. എന്നാല്‍ ആ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് രാജ്യം ഒന്നിന് ഒന്ന് എന്ന തോതിലെങ്കിലും പ്രതിഫലങ്ങള്‍ നല്‍കാറുണ്ടോ? ഇല്ല, ഒരു രാജ്യത്തും അങ്ങനെയില്ല.എന്നാല്‍ ഇസ് ലാമിക നിയമങ്ങളുടെ പ്രത്യേകത മറ്റൊന്നാണ്. അത് പാലിക്കുന്നവര്‍ക്ക് കണക്കറ്റ പ്രതിഫലമാണ്. ലംഘിക്കുന്നവര്‍ക്ക് ഒന്നിന് ഒന്ന് എന്ന തോതിലേ ശിക്ഷ ലഭിക്കുന്നുള്ളൂ.

ദിനേനയുള്ള അഞ്ചു നേരത്തെ നിസ്‌കാരം ഒരു പ്രധാന ആരാധനയാണ്. പ്രായം തികഞ്ഞ, ബുദ്ധിയും, ശുദ്ധിയും ഉള്ളവരാണ് അത് നിര്‍വഹിക്കേണ്ടത്. ആര്‍ത്തവ സമയത്തോ , പ്രസവാനന്തരം രക്തം വരുന്ന ദിവസങ്ങളിലോ (60 ദിവസം വരെ ഈ ഇളവ് ലഭിക്കാം) നിസ്‌കാരം നിര്‍വഹിക്കേണ്ടതില്ല. നിന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, അതിനും കഴിയാത്തവര്‍ കിടന്നോ നിര്‍വഹിച്ചാല്‍ മതിയാകുന്നതാണ്. ശരീരം, വസ്ത്രം, നിസ്‌കരിക്കുന്ന സ്ഥലം എന്നിവ മാലിന്യമുക്തമാകണമെന്നത് നിസ്‌കാരത്തിന്റെ സാധുതക്കുള്ള പഞ്ച നിയമങ്ങളില്‍ ഒന്നാണ്. ചെറിയ/വലിയ അശുദ്ധികളില്‍ നിന്ന് ശുദ്ധിയാകലാണ് മറ്റൊന്ന്. ഭാര്യ ഭര്‍തൃ സമ്പര്‍ക്കം പുലര്‍ത്തുക, ഉറക്കിലോ മറ്റോ സ്ഖലനം സംഭവിക്കുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ക്ക് വലിയ അശുദ്ധിയുണ്ടാകുന്നത്. ശരീരമാസകലം വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാം.
നിശ്ചിത അവയവങ്ങളില്‍ നിശ്ചിത രൂപത്തില്‍ വെള്ളം ഉപയോഗിച്ചാല്‍ ചെറിയ അശുദ്ധിയില്‍ നിന്നുള്ള ശുദ്ധിയാവാം. ഇതിനാണ് വുളൂഅ് എന്ന് പറയുന്നത്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്‌കാരത്തിന് ഒരുങ്ങിയാല്‍ മുഖവും, ഇരുകൈകള്‍ മുട്ടുള്‍പ്പെടെയും കഴുകുക. തല തടവുകയും ഇരു പാദങ്ങളും ഞെരിയാണി ഉള്‍പ്പെടെ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിക്കാരായാല്‍ (കുളിച്ച് ) വൃത്തിയാവുക'(വി. ഖു 5/6).

വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം : ‘സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായി നിങ്ങള്‍ നിസ്‌കാരത്തെ സമീപിക്കരുത്. വലിയ അശുദ്ധിക്കാരായിരിക്കെ നിങ്ങള്‍ കുളിക്കുന്നതുവരെയും നിസ്‌കാരത്തെ സമീപിക്കരുത്'(വി. ഖു 4/43).

ദിനേനെ കുളിക്കുകയും ചുരുങ്ങിയത് അഞ്ചു സമയങ്ങളില്‍ മുട്ടുള്‍പ്പെടെ കൈകളും ,ഞെരിയാണിയോട് കൂടെ കാലുകളും കഴുകി വൃത്തിയാക്കിയാല്‍ ആ സമൂഹം ആരോഗ്യ സുരക്ഷയില്‍ എത്ര മികച്ചിരിക്കും എന്ന് ആലോചിച്ചു നോക്കുക.
ഇവിടെ മനസ്സിലാക്കേണ്ട പ്രധാനമായ ചില വസ്തുതകള്‍ കൂടിയുണ്ട്: ഉപരിസൂചിത അവയവങ്ങളൊക്കെ സാധാരണ തുറന്നിടുന്നവയാണ്.
ഓരോന്നും മൂന്നു പ്രാവശ്യമാണ് കഴുകുന്നത്. മുഖം കഴുകുംമുമ്പ് രണ്ട് മുന്‍കൈകള്‍ ഉരച്ച് കഴുകല്‍, മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കല്‍, വായില്‍ വെള്ളം ചുഴറ്റല്‍, കണ്‍ കുഴികള്‍ വൃത്തിയാക്കല്‍ എന്നിവ പ്രത്യേകം പ്രതിഫലാര്‍ഹമായ കാര്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ആദ്യം മുന്‍കൈകളാണ് കഴുകേണ്ടത്. അതിനു വേണ്ടി കൈ വെള്ളത്തില്‍ മുക്കുമ്പോള്‍ തന്നെ ജലത്തിന്റെ ചൂടും തണുപ്പും അറിയാന്‍ സാധിക്കും. ഇതിലൂടെ വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അമിത ചൂടോ ശക്തമായ തണുപ്പോ കാരണമായുണ്ടായേക്കാവുന്ന അപകടങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. ഇതുപോലെ രണ്ടാമതായി മൂക്കില്‍ വെള്ളം കയറ്റി വൃത്തിയാക്കുകയും, വായില്‍ വെള്ളം ചുഴറ്റുകയും ചെയ്യുമ്പോള്‍ വെള്ളത്തിന്റെ വാസനയും രുചിയും മനസ്സിലാക്കാന്‍ സാധിക്കുന്നു. ശക്തമായ ചൂടുള്ള നാടുകളില്‍ നിര്‍ജ്ജലീകരണത്തിലൂടെ ശരീരം വരണ്ട് പോവുന്നതില്‍ നിന്നുള്ള പ്രതിരോധം കൂടിയാണ് അഞ്ചു നേരത്തെ വുളൂഅ്. കൊറോണ, എബോള, സാര്‍സ്,എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഖവും കൈകളും ഉള്‍പ്പെടെയുള്ള തുറന്നിടുന്ന അവയവങ്ങള്‍ സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉപയോഗിച്ച് ശുദ്ധജലം കൊണ്ട് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

അഞ്ച് നേരങ്ങളില്‍ നിര്‍ബന്ധപൂര്‍വം നിര്‍വ്വഹിക്കേണ്ട സുപ്രധാന ആരാധനയായ നിസ്‌കാരത്തിന്റെ സാധുതക്ക് ഇത്തരം കാര്യങ്ങള്‍ കൂടെ അനിവാര്യമാണെന്നതിന്റെ പ്രസക്തി ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ശുദ്ധീകരണം വിശ്വാസത്തിന്റെ പാതിയാണെന്ന മുഹമ്മദ് റസൂലിന്റെ(സ്വ) വാക്ക് പ്രസക്തമാകുന്നതും ഇവിടെയാണ്.

ഇസ്ലാമിലെ മാനുഷിക പരജീവി പരിഗണനയെ ഇതേ കര്‍മ്മങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാം. മുസ്ലിം പണ്ഡിതനായ ഇമാം നവവി(റ ) തന്റെ വിഖ്യാത ഗ്രന്ഥമായ മിന്‍ഹാജില്‍ എഴുതുന്നു: ‘വുളൂ ( അംഗസ്നാനം ) ചെയ്യാന്‍ വെള്ളം നിലവാര വിലക്ക് ലഭിക്കുമെങ്കില്‍ വാങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അയാളുടെ കടബാധ്യത വീട്ടാനോ,വിശ്വാസി-അവിശ്വാസി ഭേദമന്യേ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിന് ആ പണം ആവശ്യമാവുകയോ ചെയ്താല്‍, അയാള്‍ വുളൂ ചെയ്യാതെ തയമ്മും ചെയ്യുകയാണ് വേണ്ടത് ‘ (മിന്‍ഹാജ് – തുഹ്ഫ 1/360 നിഹായ 1/326).

നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താനുള്ള വെള്ളം ഒരാളുടെ കയ്യിലുണ്ട്. പക്ഷേ മറ്റൊരാളുടെ ദാഹമകറ്റാന്‍ ആ വെള്ളം ആവശ്യമായി വന്നാല്‍, ദാഹമുള്ള വ്യക്തി ആരാകട്ടെ, വെള്ളം അവന്റെ ദാഹമകറ്റാന്‍ നല്‍കേണ്ടതാണ്. ദാഹമകറ്റാന്‍ നല്‍കാതെ അതുകൊണ്ട് വുളൂ ചെയ്യല്‍ നിഷിദ്ധവും കുറ്റകരവുമാണ്. മനുഷ്യര്‍ക്കല്ല, മൃഗങ്ങള്‍ക്കാണ് (നിരുപദ്രവകാരിയായ നായയുള്‍പ്പെടെ) ആ വെള്ളം ആവശ്യം വരുന്നതെങ്കില്‍ പോലും ഇതുതന്നെയാണ് ചെയ്യേണ്ടത് (തുഹ്ഫ 1/361- നിഹായ 1/321). ഇസ്ലാമിലെ അതിപ്രധാന ആരാധനയാണ് നിസ്‌കാരം.അതിന്റെ അംഗശുദ്ധിക്കുള്ള വെള്ളമാണ് ഈ സാഹചര്യത്തില്‍ വിശ്വാസി-അവിശ്വാസി-മൃഗ ഭേദമന്യേ ദാഹാര്‍ത്തര്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത്. ഇങ്ങനെ മാറ്റിവെക്കുന്നതിലാണ് ദൈവപ്രീതി എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. ഇതാണ് പരിശുദ്ധ സൗന്ദര്യം. പരസ്പര വിനിമയങ്ങളില്‍ മതം കാത്തു സൂക്ഷിക്കുന്ന സുതാര്യത എത്രമേല്‍ പവിത്രമാണ് എന്ന് മനസ്സിലാക്കാന്‍ ഇസ്ലാമില്‍ ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ കാണാം.
വലിയ,ചെറിയ അശുദ്ധികളില്‍ നിന്ന് ശുദ്ധിയാമവുകയെന്നാല്‍ യഥാക്രമം കുളി,വുളൂ എന്നിവ കൊണ്ടാണെന്ന് പറഞ്ഞല്ലോ. രണ്ടിനും ശുദ്ധജലമാണ് ഉപയോഗിക്കേണ്ടത്. അതേസമയം ഒരാള്‍ രോഗിയാണ്. വെള്ളം ഉപയോഗിച്ചാല്‍ രോഗശമനം വൈകും. അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കും, അതുമല്ലെങ്കില്‍ അഭംഗി ഉണ്ടാക്കുന്ന കലകള്‍ ബാഹ്യ അവയവങ്ങളില്‍ പ്രത്യക്ഷപ്പെടും തുടങ്ങിയ ന്യായമായ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നുണ്ടെങ്കില്‍ കുളി/ വുളൂ എന്നിവക്ക് വെള്ളം ഒഴിവാക്കി പകരം തയമ്മും( പൊടി മണ്ണ് ഉപയോഗിച്ച് മുഖവും കൈകളും തടവല്‍) ചെയ്യാവുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ ആശയം കാണുക: ‘നിങ്ങള്‍ രോഗികള്‍ ആയിരിക്കെ നിസ്‌കാരം ഉദ്ദേശിച്ചാല്‍ ശുദ്ധമായ മണ്ണ് തേടുക. എന്നിട്ട് അതുകൊണ്ട് കൈയും മുഖവും തടവുക. അല്ലാഹു ഏറെ മാപ്പ് നല്‍കുന്നവനും പൊറുക്കുന്നവനും തന്നെയാണ് ‘ (വി. ഖു 4/43). ഖുര്‍ആനിലെ അഞ്ചാം അധ്യായത്തില്‍ ഇതിന്റെ ആശയ വിവരണം കാണാം :
‘നിങ്ങള്‍ രോഗികളായാല്‍ നിസ്‌കാരത്തിന് തയ്യാറെടുക്കുന്ന പക്ഷം ശുദ്ധമായ മണ്ണ് തേടുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈയും തടവുക. നിങ്ങള്‍ക്ക് പ്രയാസം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കി തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി'(വി. ഖു 5/6). റസൂലിന്റെ(സ്വ) കാലത്ത് ഒരു വ്യക്തിക്ക് സ്വപ്നസ്ഖലനം ഉണ്ടായി. അദ്ദേഹത്തിന് തലയില്‍ സാരമായ പരിക്കുണ്ടായിരുന്നു. മുറി ഉണ്ടെങ്കിലും വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകാന്‍ കുളി അനിവാര്യമാണെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞുവത്രെ. കുളിച്ചത് കാരണം രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരണപ്പെട്ടു. ഈ വിവരമറിഞ്ഞ റസൂല്‍ (സ) ശക്തമായി പ്രതികരിച്ചതിങ്ങനെ: ‘അവര്‍ അദ്ദേഹത്തെ വധിച്ചു. അറിവില്ലായ്മ രോഗമാണ്. അതിന്റെ ശമനം അറിവുള്ളവരോട് ചോദിച്ചറിയലാണ് ‘ (അബൂദാവൂദ്, ബൈഹഖി, തുഹ്ഫ 364/1). ഇങ്ങനെ മനുഷ്യരുടെ അവസ്ഥകള്‍ പരിഗണിച്ച് പരമാവധി ഇളവുകള്‍ നല്‍കുന്ന മതമാണ് ഇസ്ലാം മനുഷ്യത്വവും സഹജീവിസ്നേഹവും ഇസ്ലാമിലെ ആരാധനയുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ ഇത്രയും മതി. ഇതര മതസ്ഥരോടുള്ള ഇടപാടുകളും വളരെ മാന്യമായിട്ടാവണമെന്നാണ് മതം പഠിപ്പിക്കുന്നത്.
ഇസ്ലാമില്‍ ഏറെ പുണ്യമാക്കപ്പെട്ട നേര്‍ച്ച വസ്തുക്കള്‍ പോലും അമുസ്ലിം, മുസ്ലിം വ്യത്യാസമില്ലാതെ ആര്‍ക്കും നല്‍കാവുന്നതാണ്. മാത്രമല്ല അമുസ്ലിമായ മനുഷ്യര്‍ക്ക് നേര്‍ച്ചയാക്കിയോ, അല്ലാതെയോ നല്‍കുന്ന ധര്‍മം ദൈവപ്രീതിക്കും സ്വര്‍ഗലബ്ധിക്കും കാരണമാകുന്ന ആരാധനയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പരസ്പര സഹകരണത്തിനും, സ്നേഹത്തിനും വിശ്വാസം തടസ്സമാകരുത് എന്ന് വിശുദ്ധഖുര്‍ആനും ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്.

‘നിന്റെ മാതാപിതാക്കള്‍ അവിശ്വാസികളാണെങ്കില്‍ പോലും ഭൗതിക, ജീവിത വിഷയങ്ങളില്‍ അവരോട് നല്ലനിലയില്‍ സഹവസിക്കണം'(വി. ഖു 31/45). ഇതുപോലെ മുസ്ലിം, അമുസ്ലിം വ്യത്യാസമില്ലാതെ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കേണ്ടത് ഒരു നാട്ടിലെ മുസ്ലിം സമ്പന്നര്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. ഒരു അമുസ്ലിമായ മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന് ബന്ധുക്കള്‍ ഇല്ലെങ്കില്‍ കഫന്‍ ചെയ്ത് സംസ്‌കാരം നടത്തണം. അതിന്റെ ചെലവുകള്‍ വഹിക്കേണ്ടത് മുസ്ലിം സമ്പന്നരാണ്. (തുഹ്ഫ 3/174) അമുസ്ലിമിനോട് മുസ്ലിമിനുള്ള കടമകള്‍ ഇനിയുമേറെയുണ്ട്. ഇതര മതസ്ഥരുമായി ഇത്രമേല്‍ ഇണങ്ങി ജീവിക്കാന്‍ കല്‍പ്പിക്കുന്ന ഇസ്ലാമിനെതിരെയാണ് ചിലര്‍ മതഭീകരത ആരോപിക്കുന്നത്.

ഇസ്ലാം അനുശാസിക്കുന്ന ആരാധനകളുടെ ഉള്ളടക്കവും, സഹജീവി സ്നേഹവും , ഇതര മതസ്ഥരുമായുള്ള ബന്ധങ്ങളെയും ഇഴകീറി പരിശോധിച്ചാല്‍ ഇസ്ലാമികാശയങ്ങളുടെ സൗന്ദര്യവും, സത്തും നമുക്ക് ബോധ്യമാവും. കുറിപ്പിന്റെ ദൈര്‍ഘ്യം ഭയന്ന് തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു. മുസ്ലിം വിരുദ്ധര്‍ പൊതുവേ ഉന്നയിക്കാറുള്ള ആരോപണങ്ങളും മറുപടിയും അടുത്ത ലക്കത്തില്‍ വിശകലന വിധേയമാക്കാം.

മുഹ് യുദ്ധീന്‍ സഅദി അല്‍കാമില്‍ കൊട്ടുക്കര

You must be logged in to post a comment Login