ഇസ്രയേലിനോട് മാത്രമല്ല നമ്മളോടും പറയാം; അരുത്

ഇസ്രയേലിനോട് മാത്രമല്ല നമ്മളോടും പറയാം; അരുത്

സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം! ശകാരമായും ആക്ഷേപമായും പലവട്ടം നമ്മള്‍ അഭിമുഖീകരിച്ച പ്രസ്താവമായിരിക്കും ഇത്. സംഗതിയില്‍ വസ്തുതയുണ്ട്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും അവസരം മുതലെടുത്ത് ഇറാഖിനുമേല്‍ അമേരിക്ക നടത്തിയ കൊടുംകൊള്ളയും കേരളത്തിന്റെ തെരുവുകളില്‍ നിത്യ ചര്‍ച്ചയായ ഒരു കൗമാരകാലം ഈ ലേഖകന്റെ സജീവമായ ഓര്‍മയാണ്. ബെഞ്ചമിന്‍ ബ്രൂണോ എന്ന് കേള്‍ക്കാതെ ഞങ്ങളുടെ കാലത്തെ കൗമാരം കോളജ് വിട്ടിട്ടില്ല. അന്നത്തെ സ്‌കൂള്‍ മുറ്റങ്ങളില്‍ പതിവായിരുന്ന ഒരു മുദ്രാവാക്യം ഓര്‍മിപ്പിക്കാം; ബാലിശമാണ് എങ്കിലും. അതിങ്ങനെ ആയിരുന്നു:
”മുപ്പത് വെള്ളിക്കാശിന് വേണ്ടി
മാര്‍ക്‌സിസം എന്നൊരു ശാസ്ത്രത്തെ
ജോര്‍ജ് ബുഷിന് പണയംവെച്ചൊരു
ഗോര്‍ബച്ചേവേ മൂരാച്ചി
കാലം നിങ്ങടെ തോളില്‍ കയറി
ദ്രോഹി എന്ന് വിളിക്കുമ്പോള്‍…” അങ്ങനെ നീളുമത്.
നോക്കൂ, സ്‌കൂള്‍മുറ്റങ്ങളിലാണ്. അന്ന് സ്‌കൂളുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നു. അന്ന് വിജ്ഞാനത്തിന്റെ വിസ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ല. സത്യാനന്തരത എന്ന പദം ഇന്നത്തെ അര്‍ഥത്തില്‍ രൂപപ്പെട്ടിട്ടില്ല. ലോകം ഇന്നത്തെപ്പോലെ അതിവിസ്തൃതവും പ്രാപ്യവുമായിരുന്നില്ല. പക്ഷേ, ലോകത്തെക്കുറിച്ച് അക്കാലം പലനിലകളില്‍ ആശങ്കപൂണ്ടിരുന്നു.

അക്കാലത്തെ ഏറ്റവും സജീവമായ ഓര്‍മ ഫലസ്തീനാണ്. ഫലസ്തീന്‍, പീഡിതമായ മറ്റ് എല്ലാ ദേശങ്ങളെയും പോലെ ആത്മാവിന്റെ അയല്‍ദേശമായിരുന്നു. മനുഷ്യര്‍ അന്ന് കൂട്ടമായിരുന്ന് ലോകത്തെ വാര്‍ത്തകള്‍ കേള്‍ക്കുമായിരുന്നു. കേള്‍ക്കാത്തവരോട് അക്കാര്യങ്ങള്‍ പറയുമായിരുന്നു. ജനപ്രിയ സിനിമകളിലെ ബാര്‍ബര്‍ ഷോപ്പ് രംഗങ്ങള്‍ ഓര്‍ക്കുക. കോഫി അന്നനെക്കുറിച്ച് ആധികാരികമായി പറയുന്ന ഒരു ബാര്‍ബര്‍ കഥാപാത്രം ഓര്‍മയിലുണ്ട്. അത് അതിശയോക്തി ആയിരുന്നില്ല. ലോകം നമ്മെ ബാധിച്ച കാലം. അക്കാലത്തെ സജീവമായ മറ്റൊരോര്‍മ ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങളാണ്. ബാല്‍ഫര്‍ വഞ്ചന എന്നൊക്കെ കേരളത്തിന്റെ തെരുവുകളില്‍ മുഴങ്ങിയത് ഒട്ടും വിദൂരമല്ലാത്ത ഓര്‍മയാണ്. വിദൂരമാകുന്നതിന് വഴിയില്ല, കാരണം അത് രണ്ടോ മൂന്നോ പതിറ്റാണ്ടു മാത്രം ദൂരെയായിരുന്നു.
പോയകാലത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം പോയദിവസങ്ങളിലെ കേരളത്തെ കണ്ടതുകൊണ്ടാണ്. പോയദിവസങ്ങള്‍ ഫലസ്തീന്‍ നിലവിളിച്ച ദിവസങ്ങളാണ്. കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ അതിഹിംസയാല്‍ നൂറ്റാണ്ട് മുന്നേ വഞ്ചിക്കപ്പെട്ട ഫലസ്തീന്‍ എന്ന ദേശരാഷ്ട്രത്തില്‍ നിന്ന് വീണ്ടും വിലാപങ്ങള്‍ ഉയരുന്നു. ആ മണ്ണില്‍ കുഞ്ഞുങ്ങള്‍ ചിതറിത്തെറിക്കുന്നു. പാതി കത്തിയ അമ്മമാര്‍ പ്രാണന്‍ വാരിയെടുത്ത് പായുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ പട്ടാളം ഇരമ്പിയെത്തുന്നു. മനുഷ്യരെ കൊന്നൊടുക്കുന്നു. പരമാധികാരമാവാന്‍ സര്‍വാവകാശങ്ങളുമുള്ള മണ്ണിലേക്ക് അന്യരാജ്യം സൈനിക മുഷ്‌കുമായി ഇരമ്പിയാര്‍ക്കുകയാണ്. വാര്‍ത്തകള്‍ അതേ നിലയില്‍ പുറംലോകത്ത് എത്താതിരിക്കാന്‍ മാധ്യമകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തിരിക്കുന്നു. മുമ്പെന്നപോലെ കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെടുന്നവരില്‍ ഏറെ.

നൂറ്റാണ്ടായി പലഘട്ടങ്ങളില്‍ നാം കേള്‍ക്കുന്നതാണ് ഈ വെടിയൊച്ചകളും വിലാപങ്ങളും. തൊണ്ണൂറുകളില്‍ യുവാവായിരുന്ന, പൊതുബോധമുള്ള ഒരു മലയാളിയോടും നാമിനി എന്താണ് ഫലസ്തീന്‍ പ്രശ്‌നമെന്ന് പഠിപ്പിക്കേണ്ടതില്ല. ദ ഹിന്ദുവിന്റെ വിദേശകാര്യ എഡിറ്ററും പശ്ചിമേഷ്യന്‍ വിദഗ്ധനുമായ സ്റ്റാന്‍ലി ജോണി എഴുതിയതുപോലെ റോക്കറ്റ് സയന്‍സ് പോലെ സങ്കീര്‍ണമല്ല ഫലസ്തീന്‍ പ്രശ്‌നം. അത് അധിനിവേശകരും അധിനിവേശത്തിന് ഇരയായവരും തമ്മിലെ പ്രശ്‌നമാണ്. ഒരു ജനവാസ മേഖലയിലേക്ക് അവരെ സമ്മര്‍ദത്തിലാഴ്ത്തി മറ്റൊരു വിഭാഗം സായുധമായി നടത്തുന്ന കുടിയേറ്റത്തിന്റെ പ്രശ്‌നമാണ്. അത് സ്വാതന്ത്ര്യം എന്ന സാര്‍വകാലിക മനുഷ്യാവശ്യത്തിന്റെ പ്രശ്‌നമാണ്. അത് ഇസ്രയേല്‍ ആഗോള രാഷ്ട്രീയ മര്യാദകളെ ആയുധബലത്താലും ഹൂളിഗണിസത്താലും അട്ടിമറിക്കുന്നതിന്റെ പ്രശ്‌നമാണ്.

എത്ര വിട്ടുവീഴ്ചകളാണ് ഫലസ്തീനികള്‍ അവരുടെ നീണ്ട ചരിത്രത്തില്‍ നടത്തിയതെന്ന് നമുക്കറിയാം. കാരണം പറഞ്ഞല്ലോ എല്ലാ കാലത്തും ലോകത്തെ പീഡിതമായ മറ്റ് ദേശങ്ങള്‍ എന്നപോലെ നമ്മുടെ ആത്മാവിന്റെ അയല്‍ദേശമായിരുന്നു ഫലസ്തീന്‍. അവരുടെ മണ്ണാണത്. അവര്‍ കുടിയേറി വന്നവരോ പിടിച്ചെടുത്തവരോ അല്ല. ലോകചരിത്രത്തിന്റെ ഗൈഡ് പരുവത്തിലുള്ള സംഗ്രഹമെങ്കിലും ഓടിച്ചു നോക്കിയ ഒരാള്‍ക്കും അക്കാര്യം അറിയാതെവരില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് ഫലസ്തീനുണ്ട്. അവരുടെ തകര്‍ച്ചക്കുശേഷവും ഫലസ്തീനുണ്ട്. 1948 വരെ ബ്രിട്ടന്റെ കീഴില്‍ ഫലസ്തീനുണ്ട്. ഇന്ത്യയും അതേകാലത്ത് ഫലസ്തീനെപ്പോലെ ബ്രിട്ടണാല്‍ ഭരിക്കപ്പെടുന്ന രാജ്യമാണ്.

ശരിയാണ്, ചിതറിപ്പോയവരും അലഞ്ഞവരുമാണ് ജൂതസമൂഹം. അതിനു വേണ്ടത് രാഷ്ട്രീയവും രാഷ്ട്രീയത്താല്‍ ബന്ധിതവുമായ, നീതിയാല്‍ പ്രശോഭിതമായ ഭൂമിശാസ്ത്ര ഉത്തരമായിരുന്നു. ഇസ്ലാമിനും ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രധാനമാണ് ജറുസലേം. അതെല്ലാം ശരിയാണ്. പക്ഷേ, ഒരു ദേശത്തേക്ക് നുഴഞ്ഞുകയറി അവിടെ സെറ്റില്‍മെന്റുകള്‍ ഉണ്ടാക്കി, ആയുധബലത്താല്‍ ആ സെറ്റില്‍മെന്റിനെ രാജ്യമെന്ന് വിളിക്കുന്നത് എന്തു നീതിയാണ്? നിശ്ചയമായും ലോകചരിത്രത്തില്‍ സംഭവിച്ച കൊടിയ അനീതിയാണത്. ഫലസ്തീന്‍ പക്ഷേ, ആ അനീതിയോട് വിട്ടുവീഴ്ച ചെയ്ത രാഷ്ട്രമാണ്. അവിടെ നിന്ന് തുടങ്ങിയ അധിനിവേശം ഫലസ്തീനിന്റെ ജീവിതത്തെയും സ്വത്വത്തെയും നിലനില്‍പിനെ തന്നെയും ക്രൂരമായി തകര്‍ക്കുകയായിരുന്നു എന്ന് നമുക്കറിയാം. ഒന്നാം ലോകയുദ്ധത്തിനുള്ള ജൂത പിന്തുണക്ക് പകരമായി ബ്രിട്ടണ്‍ വാഗ്ദാനം ചെയ്തതാണ് ഇസ്രയേല്‍; ബാല്‍ഫര്‍ പ്രഖ്യാപനം. എന്നിട്ടോ സര്‍വ മര്യാദകളും മാനുഷികതയും കാറ്റില്‍ പറന്നു. അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പിനെ ഭീകരതയായി വ്യാഖ്യാനിച്ചു.
അതല്ല നമ്മള്‍ പറഞ്ഞുവന്നത്. ആ ചരിത്രവും ഫലസ്തീനിന്റെ വര്‍ത്തമാനവും നമുക്ക് അപരിചിതമല്ല. ഫലസ്തീന്‍ എന്ന രാഷ്ട്രീയ പ്രശ്‌നം നമുക്ക് ചുറ്റും ഒരു മതപ്രശ്‌നമായി രൂപാന്തരപ്പെട്ടത് എങ്ങനെയെന്നും ലോകമാകെ ആ രൂപാന്തരപ്പെടല്‍ സംഭവിച്ചത് ഏതുവിധത്തിലെന്നുമാണ് നാം സംസാരിക്കുന്നത്.

ചുറ്റുപാടുകളില്‍ നിന്ന് തൊണ്ണൂറുകള്‍ വരെയുള്ള കേരളത്തില്‍ നിന്നാണ് നാം തുടങ്ങിയത്. ഇപ്പോഴത്തെ യുദ്ധത്തിലേക്ക് വരാം. ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന, വിശ്വാസപരമായി മുസ്ലിമിന്റെ മൂന്നാമിടമെന്ന് വിളിപ്പേരുള്ള അല്‍ അഖ്‌സയില്‍ വിശുദ്ധ റമളാന്റെ അവസാന വെള്ളിയാഴ്ചയില്‍ ഇസ്രയേല്‍ നടത്തിയ കയ്യേറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് നിദാനം. പലതരം വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമകാലീന ഫലസ്തീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനമായി നാം തല്‍ക്കാലം ഹമാസിനെ മനസ്സിലാക്കേണ്ടതുണ്ട്. ഹമാസിന് പ്രശ്‌നങ്ങളുണ്ട്. അതില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ അപകടകരമായ അംശങ്ങള്‍ പ്രബലമാണ്. പക്ഷേ, വിശാലവും ബഹുസ്വരവും മാനവികോന്‍മുഖവുമെന്ന് കേളികേട്ട ഫത്ത പാര്‍ട്ടി ഇന്ന് തകര്‍ച്ചയിലാണ്. ആഭ്യന്തര തര്‍ക്കങ്ങളും ജനാധിപത്യ വിരുദ്ധതയും അഴിമതിയും അവരെ ഉലച്ചിരിക്കുന്നു. സ്വാഭാവികമായും ഹമാസിന് ഫലസ്തീന്‍ പ്രതിരോധത്തിന്റെ മുന്നണിപ്പങ്കാളിത്തമുണ്ട് ഇപ്പോള്‍. ഫത്തയെപ്പോലെ അല്ല, ഹമാസിന് ആയുധങ്ങളുണ്ട്. കല്ലുകള്‍ പെറുക്കി എറിഞ്ഞ് ബോംബുകളാല്‍ കൊല്ലപ്പെട്ടിരുന്ന പഴയ ഫലസ്തീന്‍ അല്ല ഇപ്പോള്‍. ഇസ്രയേലിന്റെ ഉഗ്രായുധങ്ങളോളം വരില്ലെങ്കിലും റോക്കറ്റുകളും വെടിക്കോപ്പുകളും ഹമാസിനുണ്ട്. അല്‍അഖ്‌സയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള ഹമാസിന്റെ അന്ത്യശാസനത്തെ അപമാനകരമാം വിധം ഇസ്രയേല്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് നിദാനം. നോക്കൂ, തങ്ങള്‍ക്ക് അധികാരമുള്ള, തങ്ങളുടെ ഇടത്തില്‍ നിന്ന് ഒഴിഞ്ഞുപോകൂ എന്നതായിരുന്നു ആവശ്യം. നെതന്യാഹുവാണ് ഇപ്പോള്‍ ഇസ്രയേല്‍ വാഴുന്നത്. നമുക്ക് അയാളുടെ നിലപാടുകള്‍ അടുത്തറിയാം. അയാളിലെ ക്രൂരമായ ഹൂളിഗണിസം ലോകം കണ്ടതാണ്. നെതന്യാഹു ഇപ്പോള്‍ ചില രാഷ്ട്രീയപ്രശ്‌നങ്ങളിലാണ്. ആഭ്യന്തരമായി അയാള്‍ക്ക് വെല്ലുവിളികളുണ്ട്. ഇസ്രയേലില്‍ രാഷ്ട്രീയമായി നെതന്യാഹു ദുര്‍ബലനാണ്. ആ ദൗര്‍ബല്യത്തെ മറച്ചുവെക്കാന്‍ അയാള്‍ക്ക് ഫലസ്തീനെ അക്രമിക്കണം. ഇതാ ഫലസ്തീനെ തകര്‍ത്ത ചാംപ്യന്‍ എന്ന റൗഡി ഇമേജിലേക്ക് അയാള്‍ക്ക് ഇസ്രയേലില്‍ വളരണം. അത്തരം ഇമേജുകളെ ഇസ്രയേല്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നത് ചരിത്രത്തില്‍ ഉടനീളമുള്ള യാഥാര്‍ത്ഥ്യമാണ്. അന്ത്യശാസനം ലംഘിച്ച ഇസ്രയേലിനെതിരെ ഹമാസ് ആയുധം തൊടുത്തു. അവസരം കാത്തിരുന്ന നെതന്യാഹു ഫലസ്തീന്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് സൈന്യത്തെ പറഞ്ഞയച്ചു.
തൊണ്ണൂറുകളില്‍ സമാനമായ നിരവധി സംഭവവികാസങ്ങള്‍ ഫലസ്തീനില്‍ ഉണ്ടായിട്ടുണ്ട്. സയണിസം അതിന്റെ ദംഷ്ട്രകള്‍ പലപാട് പുറത്തെടുത്തിട്ടുണ്ട്. അതെല്ലാം മലയാളികളായ നമ്മള്‍ നമ്മുടെ തെരുവുകളില്‍ നിന്ന്, നമ്മുടെ സംവാദങ്ങളില്‍ നിന്ന് തൊട്ടറിഞ്ഞിരുന്നു. നാം ഫലസ്തീനിനോട് ഐക്യപ്പെട്ടിരുന്നു. അരുത് എന്ന് ഇസ്രയേലിനോട്, അവരെ പിന്തുണക്കുന്ന അമേരിക്ക ഉള്‍പ്പടെയുള്ള ശക്തികളോട് നാം തെരുവില്‍ നിന്ന് വിളിച്ചുപറഞ്ഞിരുന്നു. അത്തരം വിളിച്ചുപറയല്‍ കൊണ്ട് ഫലമെന്ത് എന്ന ചോദ്യം ഉയരാം. ഫലമുണ്ട്, വിശാല മാനവികത എന്ന ഉജ്ജ്വല മുഹൂര്‍ത്തത്തിലേക്കുള്ള നമ്മുടെ ഉയിര്‍പ്പിന്റെ പ്രകാശനമാണ് അത്തരം വിളിച്ചുപറയലുകള്‍. വികാരമല്ല വിവേകമായിരുന്നു ആ വിളിച്ചുപറയലുകളിലും ഐക്യപ്പെടലുകളിലും നമ്മെ നയിച്ചിരുന്നത്. ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളോട് വിശാല ബോധ്യങ്ങളുടെ വെളിച്ചത്താല്‍ പ്രചോദിതരായി നാം നടത്തുന്ന പ്രതികരണങ്ങള്‍ ആയിരുന്നു അവയെല്ലാം. പക്ഷേ, ഇപ്പോള്‍ ശബ്ദത്തെക്കാള്‍ നിശബ്ദത നമ്മില്‍ പിടിമുറുക്കിയിരിക്കുന്നു. ഉപാധികളില്ലാതെ നാം നടത്തിയിരുന്ന ഐക്യപ്പെടലുകള്‍ക്കു മീതെ ‘പക്ഷേ’ എന്ന അപകടകരമായ സമീപനം രൂപപ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രീയത്തിലെ മാറുന്ന ഗതിവിഗതികള്‍, ഫലസ്തീനിന്റെ ചെറുത്തുനില്‍പ് രാഷ്ട്രീയത്തില്‍ സംഭവിച്ച പിളര്‍പ്പ്, യാസര്‍ അറഫാത്തിന്റെ തിരോധാനം തുടങ്ങിയവ നമ്മുടെ നിലപാടില്‍ വരുത്തിയ മാറ്റങ്ങള്‍ ആയിരുന്നുവെങ്കില്‍ മനസ്സിലാക്കാമായിരുന്നു. നിശ്ചയമായും ഇപ്പോള്‍ സംഭവിക്കുന്നത് അതല്ല. ഇന്ത്യയില്‍, കേരളത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ ഒരു മുസ്ലിം പ്രശ്‌നമായി മനസ്സിലാക്കാനുള്ള തെറ്റും ക്രൂരവുമായ പ്രവണത ഉണ്ടായിവന്നിരിക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാദം മുതല്‍ പ്രബലമാവുകയും 2014 ആയതോടെ തിടംവെച്ച് ഭീമാകാരമായി തീര്‍ന്നതുമായ മുസ്ലിം വിരുദ്ധത ഫലസ്തീന്‍ പ്രശ്‌നത്തിലും ഈ രാജ്യത്തെ, കേരളത്തെ പോലും ആവേശിച്ചിരിക്കുന്നു. തികഞ്ഞ, കറയില്ലാത്ത രാഷ്ട്രീയപ്രശ്‌നമായ, സ്വാതന്ത്ര്യം എന്ന എക്കാലത്തെയും വലിയ രാഷ്ട്രീയാവശ്യത്താല്‍ പ്രചോദിതമായ ഒന്നാണ് ഫലസ്തീന്‍ പ്രശ്‌നം. അതിനെ ഒരു മതപ്രശ്‌നമാക്കി അവതരിപ്പിക്കുന്നതില്‍ ഒരു വിഭാഗം വിജയിച്ചിരിക്കുന്നു. ഫലസ്തീനെ പിന്തുണക്കുകയെന്നാല്‍ മുസ്ലിമിനെ പ്രീണിപ്പിക്കുക എന്നായിരിക്കുന്നു. നമ്മുടെ പൊതുബോധത്തില്‍ അതിനെ ഒളിച്ചുകടത്തിയിരിക്കുന്നു. ഫലം പ്രീണനാരോപണ ഭയത്താല്‍ ഫലസ്തീനിനോട് ഐക്യപ്പെടാന്‍ നമ്മുടെ പൊതുബോധത്തിലെ വലിയ പങ്കും മടിക്കുന്നു.

തീവ്രവലതുപക്ഷത്തിന് പൊതുവില്‍ ഇസ്ലാമിനോടുള്ള വംശീയ മുന്‍വിധികളുടെ തുടര്‍ച്ചയായി മാത്രമേ ഈ മനോഭാവത്തെ മനസ്സിലാക്കാന്‍ കഴിയൂ. അമേരിക്കയുടെ ഇസ്രയേല്‍ പക്ഷപാതിത്വത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് ഈ വംശീയ മുന്‍വിധിയാണ്. തുടക്കത്തില്‍ അത് അമേരിക്കന്‍ ജീവിതത്തിന്റെ നിര്‍ണായക ഘടകമായ ജൂതസാന്നിധ്യവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു എങ്കിലും നിലവില്‍ അതിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്നതില്‍ മുസ്ലിം മുന്‍വിധി വലിയ പങ്ക് വഹിക്കുന്നുണ്ട്. ഫലസ്തീനിനെ തരിപ്പണമാക്കാനുള്ള കച്ച മുറുക്കാന്‍ എക്കാലവും ഇസ്രയേലിന് തടമൊരുക്കുന്നത് അമേരിക്കയുടെ പിന്തുണയാണ്. അമേരിക്കയിലെ ഭരണമാറ്റങ്ങളുടെ ഹ്രസ്വഇടവേളകളില്‍ ആവര്‍ത്തിക്കാറുള്ള ഇസ്രയേല്‍ കയ്യേറ്റം ഓര്‍ക്കുക. ട്രംപിയന്‍ കാലത്ത് അത് ശക്തമായി. എംബസി മാറ്റം മറക്കരുത്. ട്രംപിനു ശേഷം അധികാരത്തില്‍ വന്ന ബൈഡനും മുസ്ലിം മുന്‍വിധിയിലും ഇസ്രയേല്‍ പക്ഷപാതിത്വത്തിലും ആരെക്കാളും പിന്നിലല്ല. ഇപ്പോഴത്തെ ആക്രമണത്തില്‍ തിരിച്ചടിക്കുള്ള സ്വാഭാവിക അവകാശമെന്ന ബൈഡന്റെ നിലപാട് ഇസ്രയേല്‍ ബോംബറുകള്‍ക്ക് നല്‍കിയ മൂര്‍ച്ച ചെറുതല്ല.

ഇന്ത്യ ഉള്‍പ്പടെ തുടക്കം മുതല്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍ അവരുടെ നിലപാടില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എങ്കിലും മനോനിലയില്‍ മാറ്റം പ്രകടമാണ്. ആ മാറ്റത്തിന്റെ അനുരണനങ്ങളാണ് കേരളത്തില്‍ ഉള്‍പ്പടെ ഫലസ്തീന്‍ വിഷയത്തില്‍ ഇപ്പോള്‍ ദൃശ്യമാകുന്ന ഭയാനകമായ നിശബ്ദത. മുസ്ലിം ഭീകരരെന്ന് ഫലസ്തീന്‍ പോരാളികള്‍ മുദ്രകുത്തപ്പെടുന്നു. ഒരു നൂറ്റാണ്ടെങ്കിലും നീണ്ട നാനാതരത്തിലുള്ള അതി തീവ്രമായ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചരിത്രമുള്ള നമ്മളാണ് ഒരു ജനതയുടെ അക്ഷരാര്‍ഥത്തിലുള്ള സ്വാതന്ത്ര്യ പോരാട്ടത്തെ ഭീകരവാദമെന്ന് വകഞ്ഞുമാറ്റുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ ഓര്‍മകളും വിശാല മാനവികതയും നിറഞ്ഞുനിന്നിരുന്ന കാലത്ത് ഇസ്രയേലിനോട്, ഇന്ത്യയും കേരളവും പറഞ്ഞ അതേ വാക്കുകളാണ് ഈ നേരങ്ങളില്‍ നാമോരോരുത്തരും പുലര്‍ത്തുന്ന മൗനത്തോടും പറയാനുള്ളൂ; അരുത്.

കെ കെ ജോഷി

You must be logged in to post a comment Login