രാമരാജ്യത്തെ ശവവാഹിനികള്‍

രാമരാജ്യത്തെ ശവവാഹിനികള്‍

മോഡിയുടെ നാട്ടുകാരുടെ പ്രിയ കവിയായിരുന്നു പാറുള്‍ ഖാക്കര്‍. രാധയെയും കൃഷ്ണനെയും പറ്റി ഭക്തിരസം തുളുമ്പുന്ന കവിതകളെഴുതിയ പാറുളിനെ നാളത്തെ ഗുജറാത്തി കവിതയുടെ പ്രതീകമെന്നാണ് ബി ജെ പി അനുകൂല നിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, കഥ മാറിക്കഴിഞ്ഞു. വിവാദങ്ങള്‍ക്കൊന്നും പോകാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ആ വീട്ടമ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കൊലവിളി നടത്തുകയാണിപ്പോള്‍ സംഘപരിവാറിന്റെ ഐ ടി സെല്ലിലെ പോരാളികള്‍. കാരണം, ശവവാഹിനിയായി മാറിയ ഗംഗാ നദിയെപ്പറ്റി അവര്‍ ഒരു കവിതയെഴുതി. പതിനാലു വരികള്‍ മാത്രമുള്ള ആ ഗുജറാത്തി കവിത, മണിക്കൂറുകള്‍ക്കകം ഇംഗ്ലീഷും മലയാളവുമടക്കം ആറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അതൊരു തരംഗമായി പടര്‍ന്നു.
‘മൃതദേഹങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു; ഒരു കുഴപ്പവുമില്ല, ഹേ രാജാവേ, നിങ്ങളുടെ രാമരാജ്യത്തില്‍ ഗംഗയില്‍ ശവങ്ങളൊഴുകുകയാണ്…’ ശബ് വാഹിനി ഗംഗ എന്ന ശീര്‍ഷകത്തില്‍ പാറുള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ശവസംസ്‌കാരത്തിന് ശ്മശാനങ്ങളില്‍ ഇടമില്ലാത്ത, ദഹനത്തിന് വിറകു കിട്ടാനില്ലാത്ത നാടിനെക്കുറിച്ചുള്ള വിലാപമാണ് ഈ കൊച്ചു കവിത. നഗരം എരിയുമ്പോള്‍ വീണ വായിക്കുന്ന രാജാവ് നഗ്നനാണെന്ന് തുറന്നടിക്കുന്ന പാറുള്‍ ഭരണാധികാരിയെ പാടിപ്പുകഴ്ത്തുന്നവരെയും വിമര്‍ശിക്കുന്നുണ്ട്. ഗുജറാത്തി കവിതയിലെ സൗമ്യ സാന്നിധ്യമായിരുന്ന പാറുള്‍ രാജ്യദ്രോഹിയായി മാറിയെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ അലറുന്നത്. കവിതയില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ഗംഗാനദിയില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടതിനോടുള്ള പ്രതികരണം മാത്രമാണതെന്നും കവി പറഞ്ഞിട്ടുണ്ടെങ്കിലും മോഡി ഭക്തര്‍ അടങ്ങിയിട്ടില്ല.
പാറുള്‍ ഖാക്കര്‍ മാത്രമല്ല, മനസ്സുകൊണ്ട് നരേന്ദ്ര മോഡിക്കൊപ്പമായിരുന്ന പലരുടെയും മനസ്സുലഞ്ഞുകഴിഞ്ഞു. അത്രയ്ക്കു ഭീകരമാണ് ഉത്തരേന്ത്യയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍. പുണ്യനദി ഗംഗയില്‍ ഒഴുകിനടക്കുകയാണ് മൃതദേഹങ്ങള്‍. അഴുകിയളിഞ്ഞവയാണെല്ലാം; ചിലത് പാതിവെന്തിട്ടുണ്ട്. മിക്കതും കൊവിഡ് വന്നു മരിച്ചവരുടേതാണ്. അവയില്‍ ചിലത് ബിഹാറിലെ ബക്‌സര്‍ ഗ്രാമത്തില്‍ വന്നടിഞ്ഞപ്പോള്‍ ഗ്രാമീണര്‍ പ്രതിഷേധവുമായിറങ്ങി. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ അയല്‍സംസ്ഥാനത്തേക്ക് ശവമൊഴുക്കിവിടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ബക്‌സറിനു പിന്നാലെ, യു പിയിലെ ഉന്നാവോയിലും കാന്‍പുരിലും ഗാസിപ്പുരിലും ബലിയയിലുമെല്ലാം നദിയില്‍ മൃതദേഹങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പത്തും പതിനഞ്ചുമായി പലയിടങ്ങളിലായി അടിഞ്ഞുകിടക്കുന്ന ശവശരീരങ്ങളുടെ ആകെയെണ്ണം എത്രയെന്നുപോലും ആരും തിട്ടപ്പെടുത്തിയിട്ടില്ല. അയല്‍സംസ്ഥാനത്തുനിന്നുള്ള മൃതദേഹങ്ങള്‍ ഒഴുകി അടിയുന്നത് തടയാന്‍ ഗംഗാനദിയില്‍ റാണിഘാട്ട് ഭാഗത്ത് വലകള്‍ പിടിപ്പിച്ചിരിക്കുകയാണ് ബിഹാര്‍ സര്‍ക്കാര്‍. വലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് ചില മൃതദേഹങ്ങള്‍.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പൊതു ശ്മശാനങ്ങളെല്ലാം കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞുകഴിഞ്ഞു. സ്വന്തമായി വിറകുവാങ്ങി ഉറ്റവരുടെ ദേഹം സംസ്‌കരിക്കാന്‍ പാവപ്പെട്ട ഗ്രാമീണരുടെ കൈയില്‍ പണമില്ല. മുമ്പൊക്കെ, അഞ്ഞൂറുരൂപയുടെ വിറകുണ്ടെങ്കില്‍ ഗംഗാതീരത്തെ ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാമായിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ശവസംസ്‌കാരച്ചെലവ് പതിനായിരം രൂപയോളമായി കുതിച്ചുയര്‍ന്നു. അന്ത്യകര്‍മങ്ങള്‍ക്കു നേതൃത്വംനല്‍കുന്ന പണ്ഡിറ്റുമാര്‍ ദക്ഷിണ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. അതിനുവേണ്ട പണം കണ്ടെത്താനാകാതെ ചില ഗ്രാമീണര്‍ പരസ്യമായിത്തന്നെ ഘാട്ടുകളില്‍ മൃതദേഹങ്ങളൊഴുക്കി. ദൂരെ നിന്നെത്തിയവര്‍ രാത്രിയുടെ മറവില്‍ രഹസ്യമായി അതു ചെയ്തു. എങ്കിലും ഇത്രയധികം മൃതദേഹങ്ങള്‍ എങ്ങനെയെത്തി എന്നു വിശദീകരിക്കാന്‍ നാട്ടുകാര്‍ക്കും അധികൃതര്‍ക്കും കഴിയുന്നില്ല.

ദഹിപ്പിക്കാനുള്ള പണമില്ലാത്തതുകൊണ്ട് ഭൂരിപക്ഷമാളുകളും ഗംഗാതീരത്തെ മണലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു മടങ്ങിയതാണ് പ്രശ്‌നകാരണമെന്നാണ് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകര്‍ കരുതുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയപ്പോള്‍, ഗ്രാമങ്ങളില്‍ ജനങ്ങള്‍ പിടഞ്ഞുമരിക്കാന്‍ തുടങ്ങിയപ്പോള്‍ നദീതീരത്തെ കൂട്ടശവസംസ്‌കാരവും തുടങ്ങിക്കാണും. ആഴ്ചകള്‍ പിന്നിട്ടാണ് പുറംലോകം അതറിയുന്നത് എന്നുമാത്രം. കാറ്റിലും പേമാരിയിലും വേലിയേറ്റത്തിലും മണ്ണ് ഇളകിയപ്പോള്‍ നദീതീരത്തെ ശവക്കുഴികള്‍ തുറക്കപ്പെട്ടു. പാതിയഴുകിയ ദേഹങ്ങള്‍ നദിയിലേക്ക് കുത്തിയൊഴുകി. ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമങ്ങളില്‍ 1140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീതീരത്ത് ഇത്തരം 2,000 മൃതദേഹങ്ങള്‍ കണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗംഗയില്‍ മാത്രമല്ല, ഉത്തര്‍ പ്രദേശിലെ ഹാമിര്‍പുരില്‍ യമുനാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ട്. ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം കൊവിഡ് ബാധിച്ചു മരിച്ച മനുഷ്യര്‍ക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാന്‍പോലും കഴിയാതെ വലയുകയാണ് ഉറ്റവര്‍. അതിന്റെ പ്രതീകമാണ് ഗംഗാനദിയിലൊഴുകി നടക്കുന്ന ശവശരീരങ്ങള്‍.
കൊവിഡ് രോഗവ്യാപനത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുകയാണ് ഗംഗയിലെ ശവശരീരങ്ങള്‍. നഗരകേന്ദ്രീകൃതമായിരുന്ന കൊവിഡ് വ്യാപനം ഗ്രാമപ്രദേശങ്ങളിലേയ്ക്കും കടന്നുകഴിഞ്ഞു. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘ഓരോ രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളില്‍ ആരെങ്കിലും ഒരാള്‍ സമീപകാലത്ത് കൊവിഡുമൂലം മരിച്ചിട്ടുണ്ട്’ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ രോഗവാഹകരമായി മാറി. ആരോഗ്യസംവിധാനമില്ലാത്ത ഗ്രാമങ്ങളില്‍ അത് അതിവേഗം പടര്‍ന്നു. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ദയനീയസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകുന്ന ശവശരീരങ്ങള്‍. സ്ഥിതിവിശേഷത്തിന്റെ ഗുരുതര സ്വഭാവം മനസിലാക്കി ഇടപെടുന്നതിനു പകരം ബിഹാറും യു പിയും പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുകയാണ്. മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്നത് കര്‍ശനമായി തടയണമെന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാസിപ്പുരിലും ബലിയയിലും വാരാണസിയിലും ബോട്ടില്‍ പൊലീസ് നദിയില്‍ റോന്ത് ചുറ്റുന്നുണ്ട്. ശവസംസ്‌കാരം നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് 5,000 രൂപ ധനസഹായം നല്‍കുമെന്ന് ഗാസിപ്പുര്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണുമാറി പുറത്തുവന്ന ശവശരീരങ്ങള്‍ക്കുമേല്‍ വീണ്ടും മണ്ണുവാരിയിടാന്‍ യോഗിയുടെ പൊലീസ് ഓടി നടക്കുന്നുണ്ട്.
ഗംഗയില്‍ ശവമൊഴുകുന്നത് ആദ്യമായൊന്നുമല്ല എന്നത് ശരിയാണ്. വിശ്വാസത്തിന്റെ ഭാഗമായി മൃതദേഹം ഗംഗയിലൊഴുക്കിയവരുണ്ട്. 1918ലെ പകര്‍ച്ചപ്പനിയുടെ കാലത്ത് രാജ്യത്തെ നദികളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നതായി ‘ദ എയ്ജ് ഓഫ് പാന്‍ഡമിക്‌സ്’ എന്ന പുസ്തകത്തില്‍ ചിന്‍മയ് ടുംബേ എഴുതിയിട്ടുണ്ട്. 1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്ത സമയത്ത് സംസ്‌കരിക്കാന്‍ പോലും ഉറ്റവര്‍ ശേഷിക്കാത്ത മൃതദേഹങ്ങള്‍ നര്‍മ്മദാ നദിയിലെറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. 2015ല്‍ ഉത്തര്‍ പ്രദേശിലെ ഉന്നാവ് മേഖലയില്‍ ഗംഗാ നദിയില്‍ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തടയണ നിര്‍മിച്ചതു കാരണം നദി ഗതിമാറിയൊഴുകി മണ്‍തിട്ടയിടിഞ്ഞപ്പോള്‍, അവിടെ അടക്കിയ ശവശരീരങ്ങള്‍ നദിയിലേക്ക് പതിച്ചതാണ് എന്നായിരുന്നു അന്നത്തെ വിശദീകരണം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരാണ് അപ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത്. പക്ഷേ, 2021ല്‍ ഇത് സംഭവിക്കുമെന്ന് ആരും കരുതിയതല്ല. പുണ്യനദി ഗംഗയെ ശുദ്ധീകരിച്ചെടുക്കുന്നതിന് 20,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയ മോഡി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. മോഡിയുടെ പിന്‍ഗാമിയാകാനൊരുങ്ങുന്ന യോഗി ആദിത്യനാഥാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലെന്ന് പരാതിപ്പെടുന്നവരെ ജയിലിലിട്ടും വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുത്തുമാണ് അദ്ദേഹം കൊവിഡിനെ നേരിടുന്നത്. പാവപ്പെട്ട ജനതയ്ക്ക് പ്രാണവായു നിഷേധിച്ചവര്‍ മാന്യമായ ശവസംസ്‌കാരം പോലും നിഷേധിച്ചിരിക്കുകയാണ്.
പുണ്യതീരത്ത് കുംഭമേള നടത്തി രോഗപ്പകര്‍ച്ചക്ക് വഴിയൊരുക്കിയവര്‍തന്നെ പുണ്യനദിയായ ഗംഗയെ ശവവാഹിനിയായി മാറ്റിയിരിക്കുന്നു. പാറുള്‍ ഖാക്കറിനെപ്പോലെ വലതുപക്ഷത്തുള്ള കവികള്‍ക്കുപോലും രോഷം വരുന്നതില്‍ എന്തത്ഭുതം. പാറുളിന്റെ വരികള്‍ മഞ്ജു വൈഖരി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇങ്ങനെയാണ്:

എങ്കിലും പക്ഷേയുമില്ലയിപ്പോള്‍
ഉള്ള ധൈര്യം നിങ്ങള്‍ കാട്ടീടുക
ഒന്നു പുറത്തേയ്ക്കിറങ്ങീടുക
ഉച്ചത്തിലുച്ചത്തിലോതീടുക
രാജാവ് നഗ്നനാണെന്ന സത്യം
വിശ്വാസവഞ്ചകനെന്ന കാര്യം
കേവലം ദുര്‍ബലനെന്ന നേരും
കാണട്ടെ, ഭീരുക്കളല്ലിനിമേല്‍

എസ് കുമാര്‍

You must be logged in to post a comment Login