ദൈവത്തിലേക്ക് എളുപ്പവഴിയുണ്ട്

ദൈവത്തിലേക്ക് എളുപ്പവഴിയുണ്ട്

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസമാണ് ഇസ്ലാമിന്റെ ആധാര ശില. മതവിരുദ്ധര്‍ ആത്യന്തികമായി ചര്‍ച്ച ഉന്നയിക്കേണ്ടതും പ്രശ്നവത്കരിക്കേണ്ടതും ദൈവാസ്തിത്വ സംബന്ധിയായ കാര്യങ്ങളാണ്. പക്ഷേ, കാതലായ അത്തരം കാര്യങ്ങള്‍ കേവല ബുദ്ധി ഉപയോഗിച്ച് സമര്‍ഥിക്കുന്നത് അസാധ്യമാണെന്ന് തിരിച്ചറിയുന്നതിനാലാവണം ആ വിധ ചര്‍ച്ചകളില്‍ നിന്നെല്ലാം അവര്‍ വഴുതിപ്പോകാറാണ് പതിവ്. പ്രപഞ്ച സ്രഷ്ടാവിന്റെ അനിവാര്യത, ഉണ്‍മ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കാതിരിക്കുകയും അപ്രസക്തമായ പാര്‍ശ്വവിഷയങ്ങളെ പ്രമേയവത്കരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. പ്രപഞ്ചത്തിനു പിന്നില്‍ സ്രഷ്ടാവില്ലെന്ന് യുക്തിപരമായി സമര്‍ഥിക്കുന്നത് പാഴ്്വേലയായതിനാലാവണം ഈ അടിസ്ഥാന തര്‍ക്കങ്ങളെ അവര്‍ വിട്ടുകളയുന്നത്. ഇവ്വിഷയകമായി ഗഹനമായ പഠനങ്ങള്‍ക്കോ ഗൗരവതരമായ ആലോചനകള്‍ക്കോ അവര്‍ സന്നദ്ധരാകാറില്ല. അതോടൊപ്പം നിഷ്പക്ഷമായ വിലയിരുത്തലിനുള്ള ശ്രമങ്ങള്‍ നടത്താറുമില്ല.

ഇത്തരം തത്പരകക്ഷികള്‍ സൃഷ്ടിക്കുന്ന പുകമറക്കുള്ളില്‍ അകപ്പെട്ട നിഷ്പക്ഷരായ ആളുകളുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താം. കൂട്ടത്തില്‍ ദൈവാസ്തിത്വ സംബന്ധിയായ അന്വേഷണത്തിലെ ഇസ്ലാമിക മാനങ്ങളെ ലളിതമായി പരിശോധിക്കാം.
നമുക്ക് ജ്ഞാനസമ്പാദനത്തിന്റെ മാര്‍ഗങ്ങള്‍ മൂന്നെണ്ണമാണ്.
ഒന്ന്: ബുദ്ധി (അഖ്‌ല്)
രണ്ട്: കലര്‍പ്പില്ലാത്ത ജ്ഞാനേന്ദ്രിയങ്ങള്‍ (ഹവാസ് സലീം)
മൂന്ന്: സത്യവൃത്താന്തം (ഖബറു സ്വാദിഖ് )
ഉപരിസൂചിത സത്യവൃത്താന്തത്തെ സത്യം മാത്രം സംസാരിക്കുന്ന വ്യക്തിയുടെ വാക്കുകളെന്നും, തവാതുര്‍ (ഒരിക്കലും കളവാകാന്‍ സാധ്യതയില്ലാത്ത അസംഖ്യം പേരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വര്‍ത്തമാനങ്ങള്‍) എന്നും രണ്ടായി മനസിലാക്കാം.
ദൈവം / സ്രഷ്ടാവ് ഉണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിയിക്കപ്പെടേണ്ടതും ഈ മാര്‍ഗത്തിലൂടെയാണ്. കൂടാതെ ടോളമിയും ന്യൂട്ടനുമെല്ലാം ജീവിച്ചിരുന്നുവെന്നും, അവരുടെ സൈദ്ധാന്തിക ആശയങ്ങളുടെ പിന്തുടര്‍ച്ച ഇന്നും നടക്കുന്നുവെന്നതുമെല്ലാം ശാസ്ത്രീയമായി തെളിഞ്ഞതല്ല. മറിച്ച് പൊതുവൃത്താന്തങ്ങളിലൂടെയും വിവര കൈമാറ്റങ്ങളിലൂടെയും ലഭിച്ചതാണ്. അതിനെ നമ്മള്‍ അന്ധവിശ്വാസമായോ വിശ്വാസ രാഹിത്യമായോ അല്ല കാണുന്നത്. അത്തരം സങ്കീര്‍ണതകളിലേക്ക് പോകാതെ തന്നെ കാര്യം എളുപ്പത്തില്‍ മനസിലാക്കാമെന്നാണ് ഇസ്ലാമിക പക്ഷം.
ജ്ഞാനലബ്ധിയുടെ മാര്‍ഗങ്ങളില്‍ പ്രധാനമായ ബുദ്ധി കൊണ്ട് തന്നെ ചിന്തിച്ച് ദൈവാസ്തിത്വത്തെ കണ്ടെത്താനാണ് മനുഷ്യരോട് ഇസ്ലാം നിര്‍ദേശിക്കുന്നത്. അപ്രകാരം സ്രഷ്ടാവിനെ സംബന്ധിച്ചുള്ള ജ്ഞാനവും മറ്റ് വിശദാംശങ്ങളും സൂക്ഷ്മാലുക്കളും സത്യസന്ധരുമായ പരശ്ശതം പ്രവാചകന്മാരിലൂടെ കൈമാറിക്കിട്ടിയതാണെന്ന് ആമുഖമായി പറയാം. മനുഷ്യന് ദൈവാസ്തിത്വത്തിന്റെ അപാരതയെ മനസിലാക്കാന്‍ ചുറ്റുപാടും ദൃഷ്ടാന്തങ്ങളുണ്ടെന്ന് ഖുര്‍ആന്‍ അസന്നിഗ്ധം പറയുന്നുണ്ട്.

‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപ്പകലുകളുടെ ഗതി മാറ്റത്തിലും, മനുഷ്യന് ഉപകാരപ്രദമായ വസ്തുക്കളുമായി സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് മഴ ചൊരിച്ച് നിര്‍ജീവാസ്ഥയില്‍ നിന്ന് ഭൂമി സജീവമാകുന്നതിലും, ജന്തുവര്‍ഗങ്ങളെ ഭൂമിയില്‍ വ്യാപിപ്പിച്ചതിലും, കാറ്റിന്റെ താളക്രമത്തിലും, ഭുവനവാനങ്ങള്‍ക്കിടയില്‍ നയിക്കപ്പെടുന്ന മേഘത്തിലുമെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറ: അല്‍ ബഖറ: 164 ).

ദൈവത്തിന്റെ ഉണ്മ സ്ഥിരീകരിക്കുന്ന യുക്തിപരമായ ധാരാളം സമര്‍ഥന രീതികളും വിവിധ തെളിവുകളും മുസ്ലിം പണ്ഡിതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവയുടെയെല്ലാം സംക്ഷിപ്തം ഇവിടെ ചേര്‍ക്കാം. അതിനുമുമ്പ് ദൈവനിരാസം പ്രമേയമാക്കുന്നവരുടെ തെളിവും അതിലെ പ്രശ്നങ്ങളും ഒന്ന് വിലയിരുത്താം.
ആഗോള നാസ്തിക പ്രമുഖനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് വിഖ്യാത കൃതിയായ ‘ദ ഗോഡ് ഡല്യൂഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ദൈവം ഇല്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്നത് the absence of evidence is the evidence of absence – തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ് എന്നാണ്.

തെളിവില്ല എന്നത് എങ്ങനെയാണ് ഒരു വസ്തു ഇല്ല എന്നതിന് പ്രമാണമാകുന്നത്? ഇന്ന് നാം അംഗീകരിക്കുന്ന ഇലക്ട്രോണ്‍,പ്രോട്ടോണ്‍ തുടങ്ങിയവയുടെ കാര്യമെടുക്കാം. ഈ അടുത്താണ് ഇതു രണ്ടും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. തെളിവില്ലാതിരുന്ന കാലത്ത് അവ ഇല്ലായിരുന്നു എന്നാണോ ഇതിനര്‍ഥം!

ഇതുവഴി ദിനംപ്രതി ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന, ഇനി കണ്ടെത്താനുള്ള ശാസ്ത്രീയ സത്യങ്ങളെയെല്ലാം നിഷേധസ്വഭാവത്തില്‍ അപഗ്രഥിക്കേണ്ടിവരും. അത് അസാധ്യമാണ്. ദൈവമില്ലെന്നതിന് തെളിവ് കൊണ്ടുവരുന്നത് അസാധ്യമാണെന്ന് കേരളത്തിലെ നാസ്തിക പ്രമുഖന്‍ രവിചന്ദ്രനും പറയുന്നുണ്ട് (നാസ്തികനായ ദൈവം 442). അങ്ങനെയെങ്കില്‍ തെളിയിക്കപ്പെടാന്‍ സാധ്യതയുള്ള – വിശ്വാസികള്‍ ഒട്ടേറെ തെളിവുകള്‍ നിരത്തുന്ന ദൈവത്തിന്റെ ഉണ്മയെക്കുറിച്ച് അന്വേഷിക്കുന്നതിനും, അതിലെ ശരിതെറ്റുകള്‍ വിലയിരുത്തുന്നതിനുമല്ലേ സ്വതന്ത്ര ചിന്തകര്‍ സമയം കണ്ടെത്തേണ്ടത്? ഏറെ കൗതുകകരമായ മറ്റൊരു കാര്യം, തെളിവുണ്ടെങ്കില്‍ മാത്രമേ എന്തും അംഗീകരിക്കൂ എന്ന് പറയുന്നവര്‍ പോലും ദൈവമില്ല എന്നതിന് ഇന്നോളം പ്രമാണം കൊണ്ടുവന്നിട്ടില്ല. ദൈവമില്ലെന്ന വിശ്വാസം ഒരു തെളിവുമില്ലാതെയാണ് ഇവര്‍ അനുവര്‍ത്തിച്ചുപോരുന്നത്.

ദൈവാസ്തിത്വം, മതകീയ മാനങ്ങള്‍
മനുഷ്യന്‍ ഉള്‍പ്പെടുന്ന ഈ ഭൗതിക പ്രപഞ്ചത്തിന്റെ സാന്നിധ്യത്തിന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കേണ്ടതില്ലല്ലോ? വസ്തുക്കളുടെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ഏതൊരാളുടെയും ചിന്തയിലേക്ക് കടന്നുവരുന്നത് രണ്ട് സാധ്യതകളാണ് :
ഒന്ന്: ഈ പ്രപഞ്ചം ഉള്ളതാണ് (അനാദിയില്‍ തന്നെ ഉണ്ട്. ഇല്ലായ്മ എന്ന അവസ്ഥ ഉണ്ടായിട്ടേയില്ല).
രണ്ട്: പ്രപഞ്ചം പിന്നീട് ഉണ്ടായതാണ് (തീര്‍ത്തും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് ഉണ്മ പ്രാപിച്ചതാണ്).
ഈ പ്രപഞ്ചം പണ്ടേ ഉള്ളതാണെന്ന് പറയുമ്പോള്‍ പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കളുമടക്കം ആദിയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ജനിക്കാനിരിക്കുന്ന കുട്ടിയും, നിലവില്‍ സംഭവിക്കുന്ന, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുമുള്‍പ്പെടെ മുമ്പെയുള്ളതാണ് എന്ന് പറയുന്നതിലെ വൈരുദ്ധ്യം പ്രകടമാണല്ലോ?
ഈയൊരു വിരോധാഭാസത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏകവഴി പ്രപഞ്ചം അനാദിയല്ല, കാരണം അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന വസ്തു അനാദിയാവില്ലെന്നത് അവിതര്‍ക്കിതമാണ്. മറിച്ച് പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രം (അടിസ്ഥാന സത്ത) പണ്ടേയുള്ളതാണ് എന്ന് പറയലാകും കരണീയം. അപ്പോഴും ഒരുപാട് ലോജിക്കല്‍ പ്രശ്നങ്ങള്‍ അവിടെയും ഉടലെടുക്കും. അനാദിയിലേ ഉള്ള ഒരു വസ്തുവിന് എന്നുമുതലാണ് മാറ്റങ്ങള്‍ ആരംഭിച്ചത്? അറിവും ചിന്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഒന്നുമില്ലാത്ത ഈ പ്രപഞ്ചത്തിന്റെ ആദിമസത്ത ഇത്രമേല്‍ കൃത്യവും സങ്കീര്‍ണവുമായ രൂപം പ്രാപിച്ചത് എങ്ങനെയാണ്? എന്താണ് ഇതിന് പിന്നിലെ പ്രേരകം? തുടങ്ങി അനേകം ചോദ്യങ്ങള്‍ വീണ്ടും ഉത്തരമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഏതൊരു വസ്തുവിന്റെയും കാരണം ആ വസ്തുവിന് പുറത്തുള്ള മറ്റൊന്ന് ആയിരിക്കണം എന്നത് സര്‍വാംഗീകൃതമായതിനാല്‍ പ്രപഞ്ചത്തിനു പിന്നിലെ കാരണം പ്രപഞ്ചമല്ലാത്ത മറ്റൊരു ശക്തിയാണെന്ന് അംഗീകരിക്കേണ്ടിവരും. പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഒരു ശൂന്യതയെ കോസ്മോളജിയും അംഗീകരിക്കുന്നുണ്ട്.

ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നു വന്നാല്‍ (പ്രപഞ്ചം ഇല്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്ന രണ്ടാം സാധ്യത) പിന്നീട് ബാക്കിയാവുന്ന സംശയം പ്രപഞ്ചം സ്വയം ഉണ്ടായതാണോ, അല്ലെങ്കില്‍ സ്രഷ്ടാവ് സൃഷ്ടിച്ചതാണോ എന്നതായിരിക്കും. പ്രപഞ്ചം സ്വയം ഉണ്ടായതാണെന്ന വാദത്തിന് ഏറെ കാലങ്ങള്‍ക്കു മുമ്പ് മുസ്ലിം പണ്ഡിതര്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഒരു ചരിത്രസംഭവം ശ്രദ്ധേയമാണ്.

ഇമാം അബൂ ഹനീഫ (റ) കുശാഗ്ര ബുദ്ധിയുള്ള പണ്ഡിതനായിരുന്നു. ഒരിക്കല്‍ പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നും, ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും വാദിക്കുന്ന ആളുകളുമായി ഇമാം സംവാദത്തിന് ദിവസം നിശ്ചയിച്ചു. ആ ദിവസം കൃത്യസമയത്തുതന്നെ മറുകക്ഷികള്‍ സ്റ്റേജില്‍ എത്തിയിട്ടും ഇമാമിനെ കാണുന്നില്ല. സ്രഷ്ടാവ് ഉണ്ടെന്ന് തെളിയിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ഇമാം വരില്ല എന്നിങ്ങനെ അവിടെ കൂടിയവര്‍ സംസാരം തുടങ്ങി. അതിനിടയില്‍ ഇമാം കടന്നുവന്നു. താന്‍ വൈകാനുണ്ടായ കാരണം വിശദീകരിച്ചു :

‘ക്ഷമിക്കണം, ഞാന്‍ വരുന്ന വഴിയില്‍ ഒരു നദിയുണ്ട്. മുറിച്ചുകടക്കാന്‍ തോണിയോ മറ്റു സൗകര്യങ്ങളോ ഇല്ലായിരുന്നു. എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിനിടയില്‍ ഒരു അത്ഭുതം സംഭവിച്ചു. നദീതീരത്തെ വന്‍മരം സ്വയം മുറിഞ്ഞുവീഴുന്നു. അത് തനിയെ കഷണങ്ങള്‍ ആകുന്നു. പെട്ടെന്ന് അവയെല്ലാം ഒരുമിച്ചുകൂടി ഒരു തോണി ആയി രൂപാന്തരപ്പെടുന്നു. ഞാനതില്‍ കയറിയതും തോണി സ്വയം ചലിച്ചു തുടങ്ങി. അങ്ങനെയാണ് ഞാന്‍ മറുകര പറ്റിയത്.

ഇത്രയും കഥ ഇമാം പറയുമ്പോഴേക്ക് നാസ്തികരുടെ ക്ഷമ നഷ്ടപ്പെട്ടിരുന്നു.
‘മരം സ്വയം മുറിയുകയോ? എന്നിട്ട് ചെറുകഷണങ്ങളായി സ്വമേധയാ തോണിയായി മാറുകയോ? എന്തൊക്കെ വിഡ്ഢിത്തമാണ് അയാള്‍ വിളിച്ചുപറയുന്നത്.’
ഈ വിഡ്ഢിയോട് സംവാദം നടത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്ന രീതിയില്‍ അവര്‍ രോഷാകുലരായി. ഇതു കണ്ട ഇമാം ശാന്തമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : ‘നിങ്ങളിനി എന്നോടല്ല, ഒരാളോടും സംവാദം നടത്തേണ്ടതില്ല. ആളുകള്‍ക്കെല്ലാം നിങ്ങളുടെ പ്രതികരണത്തില്‍ നിന്ന് തന്നെ കാര്യം വ്യക്തമായി. ഒരു വൃക്ഷം തനിയെ മുറിഞ്ഞ് തോണിയായി എന്ന് ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുന്നില്ല. അതു പറഞ്ഞതിന് എന്നെ നിങ്ങള്‍ വിഡ്ഢിയാക്കുന്നു. എങ്കില്‍, ഒറ്റക്കാര്യം ചോദിച്ചോട്ടേ : അതിസങ്കീര്‍ണമായ ഈ പ്രപഞ്ചമാസകലം സ്വയം ഉണ്ടായതാണ്, ഇതിന് പിന്നില്‍ സ്രഷ്ടാവ് ഇല്ല എന്ന് പറയുന്ന നിങ്ങളെ ഞാന്‍ എന്താണ് വിളിക്കേണ്ടത്?’ ഇതായിരുന്നു ഇമാമിന്റെ ചോദ്യം.

ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ അഥവാ ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ചരിത്ര സംഭവമാണിത്. ഇതില്‍നിന്നുതന്നെ പ്രപഞ്ചം സ്വയംഭൂവാണെന്ന വാദത്തിലെ യുക്തിശൂന്യത ബോധ്യപ്പെടും. അപ്പോള്‍ പിന്നെ ബാക്കിയാവുന്ന ഏക സാധ്യത, ഈ പ്രപഞ്ചം ഒരു സ്രഷ്ടാവ് സൃഷ്ടിച്ചതാണ് എന്നതാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രോഗ്രാമിംഗും മറ്റും അതിനൂതനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനികയുഗത്തിലും ഒരാള്‍ക്ക് എങ്ങനെയാണ് ആകസ്മികതയില്‍ വിശ്വസിക്കാനാവുക. ചെറിയൊരു റോബോട്ടിനെ പോലും ഒന്ന് ചലിപ്പിക്കണമെങ്കില്‍ അതിനു പിന്നില്‍ എത്രമാത്രം പ്രോഗ്രാമിംഗ് നടക്കണം. എത്ര മനുഷ്യരുടെ ആലോചനകളും കഠിനാധ്വാനവും ചേര്‍ന്നപ്പോഴാണ് അത് സാധ്യമായത്. അതിമനോഹരമായ ഒരു ആര്‍ക്കിടെക്ചറല്‍ നിര്‍മിതി കാണുമ്പോള്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കാറോ മൊബൈലോ മറ്റു വസ്തുക്കളോ കാണുമ്പോള്‍ അതിന്റെ എഞ്ചിനീയറിംഗ് /ഡിസൈനിംഗ് ആരായിരിക്കും എന്ന സ്വാഭാവിക ചോദ്യം ആര്‍ക്കും ഉയര്‍ന്നുവരാറുണ്ട്. അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ നമ്മളെയും അത്ഭുതപ്പെടുത്താറില്ലേ?

എന്നിട്ടും കോടിക്കണക്കിന് നക്ഷത്രങ്ങളും അനേകം ഗാലക്സികളുമടങ്ങിയ ഈ പ്രപഞ്ചത്തിനു പിന്നിലെ സ്രഷ്ടാവിനെ കുറിച്ച് നാം ആലോചിക്കുന്നില്ല. അത് നിഷേധിക്കാനാണ് ഒരു കൂട്ടരുടെ ബുദ്ധി വ്യര്‍ഥവ്യയം ചെയ്യുന്നത്.

ദൈവത്തിന്റെ സ്രഷ്ടാവ് ആരാണ്…?
പ്രപഞ്ചം സ്രഷ്ടാവിന്റെ സൃഷ്ടിയാണെന്ന് ഈശ്വരവിശ്വാസികള്‍ തെളിയിക്കുമ്പോഴെല്ലാം യാഥാര്‍ത്ഥ്യത്തില്‍നിന്ന് രക്ഷപ്പെടാനും സാധാരണ ബുദ്ധിയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും നാസ്തികര്‍ ഉന്നയിക്കാറുള്ള മറുചോദ്യമാണിത്. സത്യത്തില്‍, ഇത് ത്രികോണത്തിന്റെ നാലാം കോണിനെ ചൊല്ലിയുള്ള ചോദ്യത്തിന് സമാനമാണ്. അഥവാ ദൈവത്തെ/ സ്രഷ്ടാവിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഈ ചോദ്യം രൂപപ്പെടുന്നത്. ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതിന് സ്രഷ്ടാവ് ആരാണെന്നത് വിശദീകരിക്കേണ്ടിവരും.
വസ്തുതകളുടെ കാരണങ്ങള്‍ തേടിയുള്ള ആലോചനകള്‍ ഒരു കാരണവും ഇല്ലാത്ത കാര്യത്തിലേക്കാണ് ചിന്തയെ നയിക്കുക. ഓരോന്നിന് പിന്നിലും അറ്റമില്ലാത്ത കാരണങ്ങള്‍ ഉണ്ടായാല്‍ അനന്ത പശ്ചാത്ഗമനം (തസല്‍സുല്‍) എന്ന പ്രശ്നം ഉണ്ടാവും. ഇനി ആദ്യ കാരണം തന്നെയാണ് അവസാനത്തിന്റെതുമെന്ന് കരുതിയാല്‍ ചാക്രികത( ദൗര്‍) എന്ന പ്രശ്നമുണ്ടാകും.

ഇവ രണ്ടും ബുദ്ധിപരമായി അസംഭവ്യമാണെന്ന് ഫിലോസഫിയില്‍ തെളിയിക്കപ്പെട്ടതാണ്. സാധാരണ ബുദ്ധിക്ക് കൂടി മനസ്സിലാകാന്‍ ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

ഒരു മകന്‍ ഉണ്ടാവാന്‍ കാരണം അവന്റെ പിതാവാണ്. ആ പിതാവിന്റെ കാരണം അയാളുടെ പിതാവാണ്. ഇങ്ങനെ കുറച്ച് മുകളിലേക്ക് വിചാരിക്കുക. അവസാനം വരുന്ന പിതാവിന്റെ കാരണം ആദ്യത്തെ മകനാവാന്‍ ബുദ്ധി ഒരിക്കലും അനുവദിക്കില്ല. ഇതാണ് ചാക്രികതയിലെ (ദൗര്‍) പ്രശ്നം.

ഇതുപോലെ നിരയായി നില്‍ക്കുന്ന പട്ടാളക്കാരുടെ ഒരു ശൃംഖല സങ്കല്‍പ്പിക്കൂ. ഇതിലെ ആദ്യത്തെ ആള്‍ക്ക് വെടിയുതിര്‍ക്കണമെങ്കില്‍ തൊട്ടു പിറകിലുള്ള ആളുടെ സമ്മതം കിട്ടണം. രണ്ടാമതുള്ള വ്യക്തിക്ക് മുന്നിലുള്ള ആള്‍ക്ക് അനുവാദം നല്‍കണമെങ്കില്‍ തന്റെ പിറകിലുള്ള പട്ടാളത്തിന്റെ സമ്മതം വേണം. ഈ നിബന്ധന ഇങ്ങനെ തുടര്‍ന്നുപോകുന്നുവെങ്കില്‍ ഈ ശ്രേണിയുടെ ഏറ്റവുമൊടുവില്‍ മറ്റൊരാളുടെയും സമ്മതം ആശ്രയിക്കാതെ സ്വയം അനുവാദം നല്‍കാന്‍ കഴിയുന്ന ഒരു ചീഫ് കമാന്‍ഡര്‍ വേണ്ടേ? ഉണ്ടെങ്കിലല്ലേ ആദ്യം നില്‍ക്കുന്ന ആള്‍ക്ക് വെടിയുതിര്‍ക്കാന്‍ കഴിയൂ. അങ്ങനെ ഒരാള്‍ ഇല്ലെങ്കില്‍ ഈസമ്മതം വാങ്ങല്‍ അനന്തതയിലേക്ക് നീളുകയും തല്‍ഫലമായി അനിവാര്യഘട്ടത്തില്‍ വെടിയുതിര്‍ക്കാന്‍ പറ്റാതെ പോകുകയും ചെയ്യും. ഇതുകൊണ്ടാണ് അനന്ത പശ്ചാത്ഗമനം (തസല്‍സുല്‍) അസാധ്യമാണെന്ന് പറയുന്നത്.

മേല്‍ സൂചിത കാര്യത്തില്‍ വെടിയുതിര്‍ക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ ഒരു ചീഫ് കമാന്‍ഡറുടെ സാന്നിധ്യത്തെ ബുദ്ധി ഉറപ്പിക്കും. ഇതുപോലെ പ്രപഞ്ചമെന്ന വസ്തുത അനുഭവിക്കുന്ന ബുദ്ധി ഇതിനുപിന്നില്‍ ഒരു കാരണത്തിനും വിധേയപ്പെടാത്ത സ്രഷ്ടാവിനെ കണ്ടെത്തുന്നു. അതായത് മറ്റൊരു സ്രഷ്ടാവിന്റെ ആവശ്യം വരാത്ത വിധം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരേയൊരാള്‍. ചുരുക്കത്തില്‍ സൃഷ്ടി ഒരിക്കലും സ്രഷ്ടാവല്ല. സ്രഷ്ടാവ് സൃഷ്ടിയുമാവില്ല. സൃഷ്ടികള്‍ സ്രഷ്ടാവിലേക്ക് ആശ്രിതരാണ്. അതുകൊണ്ട് സ്രഷ്ടാവിന്റെ സ്രഷ്ടാവ് ആരാണെന്ന ചോദ്യം അബദ്ധമാണ്. ഇപ്പോള്‍ ദൈവത്തിന്റെ സാന്നിധ്യം ആര്‍ക്കും വ്യക്തമാണ്. സ്വതന്ത്രവും യുക്തിഭദ്രവുമായ ആലോചനകള്‍ക്ക് സ്രഷ്ടാവിലേക്ക് എളുപ്പവഴിയുണ്ട്. ഖുര്‍ആന്‍ അധ്യാപനത്തിന്റെ ഉള്‍സാരവും ഇതുതന്നെയാണ്.

മുഹ് യുദ്ദീന്‍ സഅദി അല്‍കാമില്‍ കൊട്ടുക്കര

You must be logged in to post a comment Login