തഹ്മീദ്; സൃഷ്ടിലോകത്തിന്റെ അസ്തിത്വ പ്രകാശനം

തഹ്മീദ്; സൃഷ്ടിലോകത്തിന്റെ അസ്തിത്വ പ്രകാശനം

‘റബ്ബേ…. നിന്നോടെങ്ങനെ ഞാന്‍ നന്ദികാട്ടും, ഈ നന്ദിബോധം പോലും നീ തന്നതല്ലോ?!’ എന്ന ദാവൂദ് നബിയുടെ(അ) ജിജ്ഞാസക്ക് അല്ലാഹു നല്‍കിയ മറുപടിയില്‍ നിന്നാണ് ഈ എഴുത്തിന്റെ വിത്ത് മുളക്കുന്നത്.

‘ദാവൂദേ.. എന്നോട് നന്ദികാണിക്കാന്‍ കഴിയാത്ത നിന്റെ ബലഹീനതയുടെ പരിമിതിയെ നീ തിരിച്ചറിഞ്ഞു എന്നതു തന്നെയാണ് നീയെന്നോട് കാട്ടുന്ന നന്ദിബോധത്തിന്റെ പരമാവധി’.

ആഹ്ലാദനിമിഷങ്ങളില്‍, പ്രതിസന്ധികളില്‍ നിന്ന് കരകയറുമ്പോള്‍, വേദനകള്‍ ശമിക്കുമ്പോള്‍, ആധികള്‍ അവസാനിക്കുമ്പോള്‍, നേട്ടങ്ങള്‍ നമ്മെ തേടിവരുമ്പോള്‍, ഉയരങ്ങള്‍ കീഴടക്കുമ്പോള്‍, ദൗത്യങ്ങള്‍ വിജയകരമാവുമ്പോള്‍ ഹൃദയവേരിന്റെ ആഴത്തില്‍ നിന്നും തളിര്‍ക്കുന്ന വാക്കാണ് ‘അല്‍ഹംദുലില്ലാഹ്’. ആദ്യ പിതാവിന്റെ ആദ്യവാചകം(റൂഹിനെ സന്നിവേശിപ്പിച്ചസന്ദര്‍ഭം), അവസാനത്തെ സ്വര്‍ഗീയവാസിയുടെ അവസാന വാചകം (സൂറ:യൂനുസ് 10).
ഈ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് ഏറ്റം മഹത്തരമായ അനുഗ്രഹങ്ങള്‍ വരെ അടിമക്ക് ലഭിക്കും. ആത്മജ്ഞാനത്തിന്റെ വാതിലുകള്‍ അതിലൂടെ തുറന്നുകിട്ടുന്നു. അഥവാ മഹത്തരമായ അനുഗ്രഹങ്ങളുടെ താക്കോല്‍വാചകം കൂടിയാണ് ഹംദിന്റെത്.
ആത്മജ്ഞാനത്തിന്റെ കലവറയായ ഖുര്‍ആനിന്റെ താക്കോല്‍ അധ്യായമായ ഫാത്തിഹയുടെ അപരനാമമായി ഹംദ് എന്ന് വരാനുള്ള ഒരു കാരണമിതാണ്. കൂടാതെ അല്‍ഹംദുലില്ലാഹ് എന്ന വാക്കിന്റെ എട്ടക്ഷരങ്ങള്‍ വിശ്വാസിയെ സ്വര്‍ഗീയ ലോകത്തെ എട്ടു കവാടങ്ങളിലൂടെ കടക്കാന്‍ പ്രാപ്തരാക്കുന്നുവെന്നും ആത്മഞ്ജാനികള്‍ വായിച്ചിട്ടുണ്ട്.

തഹ്മീദിന്റെ അടിയൊഴുക്കിലേക്ക് സഞ്ചരിക്കുമ്പോള്‍ അസ്തിത്വത്തെ കുറിച്ച് ബോധ്യമുള്ള സൃഷ്ടിയില്‍ നിന്ന് അതുണ്ടാവുകയെന്നത് സ്വാഭാവികമാണെന്ന് കാണാം. മനുഷ്യസൃഷ്ടിപ്പിനു മുമ്പേ മലാഇകത്തിനോടുള്ള കൂടിയാലോചനയുടെ സന്ദര്‍ഭത്തില്‍ ‘നിന്നെ പ്രകീര്‍ത്തിക്കാന്‍ ഞങ്ങളുണ്ടല്ലോ’ എന്ന മാലാഇകത്തിന്റെ ആധിയിയില്‍ അവരുടെ അസ്തിത്വ പ്രകാശനം മുനിഞ്ഞുകത്തുന്നുണ്ട്. ‘ഉത്തരാവാദിത്വം നിര്‍വഹിക്കുന്ന ഞങ്ങളുണ്ടായിരിക്കേ എന്തിനാണ് അതില്‍ വീഴ്ചവരുത്തുന്നവര്‍’ എന്ന മറുചോദ്യമാണത്. വിശ്വാസികള്‍ സ്വര്‍ഗീയ ലോകത്തും ഈ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് ഖുര്‍ആന്‍ (യൂനുസ്: 10) വെളിപ്പെടുത്തുന്നുണ്ട്. ‘അവിടെ അവരുടെ അഭിവാദ്യം സലാം എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും എന്നുമാകുന്നു.’
നബി(സ) പറഞ്ഞതു നോക്കൂ: അല്ലാഹു അടിമക്ക് വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവന്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയും. ‘എന്റെ അടിമയെ ശ്രദ്ധിക്കൂ… കണക്കില്ലാതെ നാമവന് നല്‍കിയപ്പോള്‍ അവനെനിക്കു തിരികെനല്‍കുന്നത് അമൂല്യമായതാണ്’ എന്നാണപ്പോള്‍ അല്ലാഹുവിന്റെ പ്രതികരണമാണ്ടാവുന്നത്.
സ്തുതി അല്ലാഹുവിന് മാത്രമാകുന്നു എന്ന് പറയുമ്പോള്‍, എവിടെ നിന്നും എപ്പോഴും ധാരമുറിയാത്ത അനുസ്യൂതതയും പ്രപഞ്ച വിസ്തൃതിയാകെയുള്‍ക്കൊള്ളുന്ന സാര്‍വത്രികതയും അതിന്റെ കൂടെയുണ്ട്. ഈ പ്രകീര്‍ത്തനം പ്രപഞ്ചാസ്തിത്വത്തിന്റെ ഓരോ അംശത്തില്‍ നിന്നും എപ്പോഴുമുണ്ടാകുന്നുണ്ട്.

കാരണമാലോചിക്കേണ്ടതില്ല. അല്ലാഹുവിന്റെ സൃഷ്ടിസങ്കല്‍പ്പവും അവന്റെ ബൃഹത്തായ അറിവും ഉള്‍ചേര്‍ന്ന സൃഷ്ടിപ്പിന് വിധേയമാണല്ലോ ഈ പ്രപഞ്ചം എന്നതാണതിനു കാരണം. ജനങ്ങളോടുള്ള കൃതജ്ഞത പോലും അല്ലാഹുവോടുള്ള കൃതജ്ഞതയാണ്. തിരുനബി പറയുന്നു: ‘ജനത്തോട് നന്ദിയില്ലാത്തവരോട് അല്ലാഹുവും നന്ദികാട്ടില്ല’. ജനങ്ങള്‍ തരുന്ന ഔദാര്യം രക്ഷിതാവിന്റെ നിശ്ചയമാണ്. ആ ഔദാര്യത്തിനു ലഭിക്കേണ്ട നന്ദിയുടെ പരമാര്‍ഹന്‍ അവന്‍ തന്നെ. അതുകൊണ്ടാണ് എല്ലാ സ്തുതികളും അവനിലെത്തുന്നത്. ഉദാരബോധം അല്ലാഹു നല്‍കിയിരുന്നില്ലെങ്കില്‍ ഒരു ഔദാര്യവും ആര്‍ക്കും ചെയ്യാനാവില്ലല്ലോ?
സൃഷ്ടിയില്‍ നിന്നാകെയും അവന് സ്‌തോത്രം വന്നുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെ അനിവാര്യതയെ മനസ്സിലാക്കിത്തരുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, സൃഷ്ടമായ ലോകത്തിന്റെ അസ്തിത്വം തന്നെ ഈ ഈശ്വരസ്‌തോത്രമാണ്. ഒരു സഹജധര്‍മമെന്നോണം അത് നിര്‍വഹിക്കപ്പെടുന്നുമുണ്ട്. സൃഷ്ടി അതിന്റെ പൂര്‍ണതയിലേക്കെത്തുന്നത് സ്രഷ്ടാവിനുള്ള പൂര്‍ണമായ സമര്‍പ്പണത്തിലൂടെയും പ്രകീര്‍ത്തനത്തിലൂടെയുമാണ്.
ഖുര്‍ആന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ‘അവനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല തന്നെ'( 17:44).

സമ്പൂര്‍ണമായ കീഴ്വണക്കങ്ങള്‍ക്ക് അര്‍ഹനായി ഉപാസിക്കപ്പെടുന്ന ഏക ദൈവം അല്ലാഹു മാത്രമേയുള്ളൂവെന്ന് ചരാചരങ്ങളിലോരോന്നും തന്റെതായ അസ്തിത്വത്തിലൂടെ വിളംബരം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്.
അല്ലാഹുവോട് ഏതെങ്കിലും വിധമുള്ള സമാനതയുണ്ടാവില്ലെന്ന ആശയമാണ് ഈ പ്രകീര്‍ത്തനത്തിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്നത്. സൃഷ്ടിലോകത്തിന്റെ നിലനില്‍പ്പുതന്നെ ബഹുദൈവികതയുടെ നിരാസമാണല്ലോ?
എല്ലാ നേരവുമുണ്ടാവുന്ന ചരാചരങ്ങളുടെ പ്രകീര്‍ത്തനം കൊണ്ട് സഹജമായ അസ്തിത്വത്തെ അപ്രസക്തമാക്കലോടൊപ്പം പരമമായ സത്യത്തെ മാത്രം വിളംബരം ചെയ്യുക കൂടിയാണ്. തങ്ങളുടെത് നശ്വരമാണെന്നും അല്ലാഹുവിന്റെത് ചിരന്തനത്വമുള്ളതാണെന്നും അവ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഈ നേരം നാം മറ്റൊന്നാലോചിക്കേണ്ടതുണ്ട്. സൃഷ്ടിചരാചരങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്ന ദൈവികതയെ അവിശ്വസിക്കുന്ന വിഭാഗത്തെ കുറിച്ചാണത്. അവരുടെ നിലനില്‍പ്പുതന്നെ പരമസത്യത്തെ അംഗീകരിക്കലാണെന്നിരിക്കെ അവര്‍ വിശ്വാസം കൊണ്ട് തലതിരിപ്പന്‍ നിലപാടാണെടുത്തു കൊണ്ടിരിക്കുന്നത്. ഈ അവിവേകത്തെ ഖുര്‍ആന്‍ ചോദ്യംചെയ്തു വിട്ടതാണ് ‘അല്ലാഹുവിന്റെതല്ലാത്ത ഒരു ദീനിനെയാണോ അവരന്വേഷിച്ചുകൊണ്ടിരിക്കുന്നത്?

ആകാശഭുവനങ്ങളിലുള്ളവയൊക്കെ സ്വമനസ്സാലെ, ഗത്യന്തരമില്ലാതെ അവന്നാണ് കീഴ്‌പെട്ടിരിക്കുന്നത്. അവരെല്ലാം അവനിലേക്കു തന്നെ മടങ്ങുന്നു'(3:83). മറ്റൊരിടത്ത് ‘ആകാശഭൂമികളെ സൃഷ്ടിക്കുകയും അന്ധകാരങ്ങളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ സ്തുതിയും എന്നിട്ടും സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ ഉണ്ടാക്കുന്നു!’ എന്നും ഖുര്‍ആന്‍ അത്ഭുതം കൂറുന്നു.

മനുഷ്യന് പ്രപഞ്ചത്തില്‍ സവിശേഷ പദവിയുണ്ട്. ഇഛാശക്തി, ജ്ഞാനം, ശരിതെറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ അതില്‍ പെടുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിനുള്ള കീഴ്പ്പെടല്‍ അവനു ബാധ്യതയാണ്. ഈ ബാധ്യത ഇഛാശക്തി ഉപയോഗപ്പെടുത്തി നിറവേറ്റാത്തതുകൊണ്ടാണ് നന്ദികെട്ടവന്‍, മൃഗീയതക്കു കീഴെയുള്ളവന്‍, പരാജിതന്‍ തുടങ്ങിയ അപമാനങ്ങള്‍ക്ക് അവിശ്വാസി ഇരയായത്. പ്രബോധനങ്ങള്‍ക്കിടെ അവിശ്വാസികളുമായുള്ള സംവാദങ്ങളില്‍ പൂര്‍വിക സമുദായങ്ങളുടെ അവിവേക നടപടികളെ കുറിച്ച് പറഞ്ഞുകൊടുത്ത് ‘അങ്ങനെ അക്രമികളായ ആ ജനത സമൂലം നശിപ്പിക്കപ്പെട്ടു’ എന്ന് പറഞ്ഞുനിര്‍ത്താതെ ‘അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും ‘ എന്നുപഠിപ്പിക്കുന്ന വാക്യമാണ് സൂറത്തുല്‍ അന്‍ആമിലെ 45.
സ്വന്തം ഹിതത്തോടെയും ഇച്ഛയോടെയും വാക്കുകള്‍ കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും മൗനം കൊണ്ടും മനുഷ്യര്‍ അല്ലാഹുവിന് സ്വയം സമര്‍പ്പിച്ച് അവനെ പ്രകീര്‍ത്തിച്ചിരിക്കണം.

ഇങ്ങനെ ചെയ്യാത്തവന്‍ സ്വന്തം അസ്തിത്വം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മത്തോടു പോലും യോജിച്ചുപോകാത്തവനാണല്ലോ?!
സ്വാഭാവികമായും അവന്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്ന കാര്യമാണിത്. ഈ ദുരവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണ് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും വിതരണം ചെയ്തത്. സ്തുതികളത്രയും സര്‍വലോക പരിപാലകനായ അല്ലാഹുവിന്നത്രേ(1: 2) എന്നതാണ് ആ ഉപദേശം. നിന്റെ അസ്തിത്വം അംഗീകരിച്ചതിനെ നിന്റെ ബോധവും അംഗീകരിക്കട്ടെ എന്ന ഓര്‍മപ്പെടുത്തലാണത്. അതുകൊണ്ട് അവന് തന്നെ ഒരു ദാസനായും സ്രഷ്ടാവിനെ എല്ലാം തനിക്കു നല്‍കുന്ന അത്യുദാരനായ തമ്പുരാനായും വെവ്വേറെ കണ്ട് സ്വയം സമര്‍പ്പിച്ച് മുസ്ലിമായിത്തീരല്‍ ആവശ്യമാണ്. ഇങ്ങനെ വര്‍ത്തിക്കാത്തവന്‍ കണ്ണുകള്‍ സ്വയം മറച്ചുകെട്ടുകയാണ്. നിങ്ങളിലുള്ള അനുഗ്രഹങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണ് (സൂറ:ന്നഹ്‌ല് 53). സമ്പൂര്‍ണമായ അനുഗ്രഹങ്ങള്‍ അല്ലാഹുവിനെ സാധിക്കുകയുള്ളു. നശിക്കുമെന്ന ഭയമില്ലാത്ത, പ്രയാസങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പുള്ള, എന്നെന്നും ഉപകാരമുള്ള കാര്യമാവണം അനുഗ്രഹങ്ങള്‍. ദൈവികനുഗ്രഹങ്ങള്‍ക്കേ ഈ തരത്തിലാവാന്‍ കഴിയൂ. അറ്റമില്ലാത്ത അനുഗ്രഹത്തിന് (നിഅ്മത്ത്, റഹ്മത്ത്, ഇഹ്‌സാന്‍ തുടങ്ങിയ പ്രവിശാല ആശയങ്ങള്‍ പേറുന്ന വൈവിധ്യങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്) അതിരില്ലാത്ത നന്ദി പ്രകടിപ്പിക്കുക വഴി പരിധിയില്ലാത്ത സ്വര്‍ഗീയാനന്ദമാണ് അല്ലാഹു പ്രതിഫലമായി നല്‍കുന്നത്. അല്‍ഹംദുലില്ലാഹ് എന്നൊരാള്‍ പറയുന്നത്, കിട്ടിയ ഒരു ഗുണത്തിനല്ല; മറിച്ച് സൃഷ്ടികള്‍ക്ക് മുഴുവനും വേണ്ടി അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഗുണങ്ങള്‍ക്ക് മുഴുവനുമാണ്.

ഫള്‌ലുറഹ്മാന്‍ സുറൈജ് സഖാഫി തിരുവോട്

You must be logged in to post a comment Login