വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

പാമ്പുകളില്ലാത്ത നാടാണ് ലക്ഷദ്വീപ്. വേട്ടപ്പട്ടികളും അവിടെയില്ലായിരുന്നു. വിഷം തീണ്ടാതെ, വിഷം വമിക്കാതെ തല്ലാനും കൊല്ലാനും പിടിച്ചുപറിക്കാനും കലാപമുണ്ടാക്കാനും പോകാതെ ജീവിക്കുന്ന സമാധാനകാംക്ഷികളുടെ നാടാണത്. പത്തു പന്ത്രണ്ട് പൊലീസ് സ്റ്റേഷനുകളുണ്ടെങ്കിലും വലിയ പണിയൊന്നുമില്ലാത്തവരാണ് അവിടുത്തെ പൊലീസുകാര്‍. അവിടെ, കൊടുംകുറ്റവാളികളെ നേരിടാനുള്ള ഗുണ്ടാനിയമം നടപ്പാക്കാനൊരുങ്ങുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ ആക്ട് എന്നാണ് ആരെ വേണമെങ്കിലും വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവിലിടാന്‍ വകുപ്പുള്ള നിയമത്തിന്റെ പേര്.
ഈ വര്‍ഷം ജനുവരിയിലാണ് ഗുണ്ടാനിയമത്തിന്റെ കരടു വിജ്ഞാപനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പുറപ്പെടുവിച്ചത്. അതൊരു തുടക്കമായിരുന്നു. ശാന്തസുന്ദരമായ ആ കൊച്ചു നാട്ടില്‍ അസ്വസ്ഥത വിതയ്ക്കാനുള്ള പദ്ധതികളുടെ തുടക്കം. മാട്ടിറച്ചി നിരോധനം, സന്താനനിയന്ത്രണം, അധികാര കേന്ദ്രീകരണം തുടങ്ങി കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ കാര്യപരിപാടികള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണവിടെ. അന്നാട്ടുകാരുടെ ജീവനോപാധിയായ മീന്‍പിടിത്തത്തെ തകര്‍ക്കാനും ക്ഷീരമേഖലയെ ഇല്ലാതാക്കാനും വിനോദസഞ്ചാരത്തിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പേരില്‍ സൈ്വരജീവിതം നശിപ്പിക്കാനുമുള്ള പദ്ധതികള്‍. അവരുടെ ലക്ഷ്യം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്. ശാന്തമായ ലക്ഷദ്വീപിന്റെ മണ്ണും മനസും അസ്വസ്ഥമായിക്കഴിഞ്ഞു.

കേരളത്തിനു തൊട്ടടുത്തുകിടക്കുന്ന 36 ദ്വീപുകള്‍ അടങ്ങിയ കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ്. ഇതില്‍ പത്തു ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. സ്വന്തമായി ഒരു പാര്‍ലമെന്റ് അംഗവും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ് ലക്ഷദ്വീപിന്റെ പരമാധികാരി. ഐ എ എസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന ഈ പദവിയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന രാഷ്ട്രീയക്കാരന്‍ നിയമിതനായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സൊഹ്റാബുദ്ദീന്‍ ശൈഖ് കേസില്‍ അമിത്ഷാ ജയിലില്‍ പോയ ഒഴിവില്‍ കുറച്ചുകാലം അവിടെ ആഭ്യന്തര മന്ത്രിസ്ഥാനം വഹിച്ചയാളാണ് പട്ടേല്‍. ഗുജറാത്തിനടുത്തു കിടക്കുന്ന ദാമനിന്റെയും ദാദ്രാ നഗര്‍ഹവേലിയുടെയും അഡ്മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ ഇങ്ങു തെക്ക് ലക്ഷദ്വീപിന്റെ അധികാരം കൂടി ലഭിച്ചതോടെ ഹിന്ദുത്വ കാര്യപരിപാടിയും കോര്‍പറേറ്റ് അജണ്ടയും കൂടുതല്‍ ശക്തമായി പുറത്തെടുത്തു.
പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്ത് ആദ്യം ചെയ്തത് അവിടത്തെ കൊവിഡ് നിയന്ത്രണച്ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ്. രാജ്യം മുഴുവന്‍ കൊവിഡ് പിടിമുറുക്കിയിട്ടും 2020 ഡിസംബര്‍ പകുതിവരെ ലക്ഷദ്വീപില്‍ ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കൊവിഡ് തടയുന്നതിന് വന്‍കരയില്‍നിന്ന് ദ്വീപിലേയ്ക്കുള്ള സഞ്ചാരത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കു പോയി വരുന്നവര്‍ക്ക് കൊച്ചിയിലും ദ്വീപിലും കര്‍ശനമായ സമ്പര്‍ക്ക വിലക്ക് പാലിക്കേണ്ടിയിരുന്നു. ക്വാറന്റൈന്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തുകയാണ് പട്ടേല്‍ ആദ്യം ചെയ്തത്. അതോടെ ലക്ഷദ്വീപ് ഗ്രീന്‍ സോണില്‍നിന്ന് റെഡ് സോണിലേക്കു മാറി. ഒരൊറ്റ രോഗി പോലും ഇല്ലാതിരുന്ന ദ്വീപില്‍ ഇതിനകം ഏഴായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു. 24 പേര്‍ മരിച്ചു. 23 ഗ്രാമങ്ങള്‍ കണ്ടെയന്‍മെന്റ് സോണുകളായി. വിദഗ്ധ ചികിത്സയക്ക് കേരളത്തെ ആശ്രയിക്കേണ്ട ലക്ഷദ്വീപില്‍ അതിവേഗം രോഗം വ്യാപിക്കുകയാണിപ്പോള്‍.

ഏറെക്കുറെ മുസ്ലിംകള്‍ മാത്രമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. വന്‍കരയില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥരും കരാര്‍ തൊഴിലാളികളുമാണ് അമുസ്ലിംകള്‍. കേന്ദ്രഭരണപ്രദേശമായതിനു ശേഷം ഇതുവരെ 35 അഡ്മിനിസ്ട്രേറ്റര്‍മാര്‍ അവിടം ഭരിച്ചിട്ടുണ്ട്. അതില്‍ 32പേരും അമുസ്ലിംകളായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് നിയമിക്കപ്പെട്ട മലയാളിയായ മൂര്‍ക്കോത്ത് രാമുണ്ണിയാണ് ദ്വീപിന്റെ വികസനത്തിന് വഴി തുറന്നത്. മിക്ക അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ലക്ഷദ്വീപിന്റെ സാസ്‌കാരിക പശ്ചാത്തലവുമായി ബന്ധമൊന്നുമില്ലായിരുന്നെങ്കിലും പറയത്തക്ക പ്രശ്നങ്ങളൊന്നും അവര്‍ കാരണം അവിടെയുണ്ടായില്ല. കറകളഞ്ഞ ഹിന്ദുത്വവാദിയായ പ്രഫുല്‍ പട്ടേല്‍ വന്നതോടെ പക്ഷേ, സ്ഥിതി മാറി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പോസ്റ്ററുകള്‍ ലക്ഷദ്വീപില്‍ വന്നയുടനെ പട്ടേലിന്റെ ശ്രദ്ധയില്‍പ്പെട്ടു എന്നാണ് പറയുന്നത്. അതായിരുന്നത്രെ എത്രയും പെട്ടെന്ന് ഗുണ്ടാനിയമം കൊണ്ടുവരാനുള്ള പ്രകോപനം. അതിലുപരി, ഭാവിയില്‍ കൊണ്ടുവരാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ ജനം പ്രതിഷേധവുമായി ഇറങ്ങില്ലെന്ന് ഉറപ്പിക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരുന്നു അത്. കുറ്റകൃത്യങ്ങള്‍ തീരേകുറവാണ് എന്നതുപോലെതന്നെ മതതീവ്രവാദവും അന്യമാണ് ദ്വീപ് ജനതയ്ക്ക്. അവര്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇതുവരെ ഒരു തെളിവും ഇല്ല. അവിടെയാണ് പ്രശ്നബാധിത പ്രദേശമെന്നോണം കിരാതനിയമം അടിച്ചേല്‍പ്പിക്കുന്നത്.
ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍, ഗോവധം നിരോധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അടുത്തത്. മറ്റു മൃഗങ്ങളെ കശാപ്പ് ചെയ്യണമെങ്കില്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും കൊണ്ടുവന്നു. അടുത്ത വിദ്യാഭ്യാസ വര്‍ഷം സ്‌കൂളുകളില്‍ നല്‍കേണ്ട ഭക്ഷണത്തില്‍നിന്ന് മാംസാഹാരം ഒഴിവാക്കി. സ്‌കൂള്‍ വിഭവങ്ങളുടെ പട്ടികയില്‍ സസ്യാഹാരം മാത്രമാക്കി. കര്‍ശനമായ മദ്യനിരോധനം നിലവിലുള്ള ദ്വീപില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്നു പറഞ്ഞ് മദ്യനയം ഉദാരമാക്കി. ദ്വീപിലെ വിശ്വാസികളല്ല, പട്ടിക വര്‍ഗത്തില്‍പ്പെട്ട ദീപിലെ പരമ്പരാഗത നിവാസികളുടെ സുരക്ഷ കരുതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണ് അവിടത്തെ മദ്യനിരോധനം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ കരടാണ് അടുത്തതായി പുറത്തിറങ്ങിയത്. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നു പറഞ്ഞ് സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. 65,000 ജനങ്ങള്‍ മാത്രമുള്ള ദ്വീപില്‍. ജനസംഖ്യാ വിസ്ഫോടനമൊന്നുമില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ ശരാശരിയായ 2.2 നേക്കാള്‍ എത്രയോ താഴെ 1.7 ആണ് അവിടത്തെ ജനന നിരക്ക്. ഏകദേശം കേരളത്തിലെ നിരക്കാണ് ഇത്.

തൊഴിലവസരങ്ങളും പരമ്പരാഗത വരുമാനമാര്‍ഗങ്ങളും ഇല്ലാതാക്കി ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ള നടപടികളാണ് അടുത്തതായി വന്നത്. ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ അഡ്മിനിസ്ട്രേറ്റര്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 200 ഹൈസ്‌കൂള്‍ അധ്യാപകരെ ഒഴിവാക്കി. 38 അങ്കണവാടികള്‍ പൂട്ടി. വിനോദസഞ്ചാര വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും ഒഴിവാക്കി. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയിലും പിരിച്ചുവിടലുണ്ടായി. നഷ്ടത്തിലാണെന്നു പറഞ്ഞ് രണ്ട് ഡെയറി ഫാമുകളും പൂട്ടി. അവിടത്തെ കന്നുകാലികളെ ലേലം ചെയ്ത് വില്‍ക്കാന്‍ ഉത്തരവിട്ടു. ഗുജറാത്തില്‍നിന്ന് അമുലിന്റെ പാലുത്പ്പന്നങ്ങള്‍ ദ്വീപില്‍ വില്‍ക്കാന്‍ കരാര്‍ വിളിച്ചു. ജോലിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്ന പ്രാതിനിധ്യം കുറഞ്ഞതോടെ ദ്വീപുകാര്‍ക്കിടയില്‍ ആശങ്കകള്‍ പെരുകി. മീന്‍പിടിത്തമാണ് ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഉപജീവനമാര്‍ഗം. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന താത്കാലിക ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നു പറഞ്ഞ് പുതിയ അഡ്മിനിസ്ട്രേഷന്‍ പൊളിച്ചുമാറ്റി.

ദ്വീപിലെ റോഡുകള്‍ വികസിപ്പിച്ച് ഏഴു മീറ്റര്‍ വീതിയിലാക്കാനുള്ള പദ്ധതിയായിരുന്നു അടുത്തത്. വാഹനപ്പെരുപ്പമോ ഗതാഗതക്കുരുക്കോ ഇല്ലാത്ത പ്രദേശത്താണ് ഒട്ടേറെ വീടുകള്‍ പൊളിച്ചുമാറ്റി റോഡ് വികസനം കൊണ്ടുവരുന്നത്. ആകെ 36 ദ്വീപുകള്‍ ഉണ്ടെങ്കിലും പലതും താമസ യോഗ്യമല്ലാത്ത അത്ര ചെറുതാണ്. ഏറ്റവും വലിയ കവരത്തിക്ക് പോലും ആറ് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും ആണുള്ളത്. അതും ചെറിയ ഒരു ഭാഗത്ത് മാത്രം. പ്രധാന വാഹനം ഓട്ടോറിക്ഷയും ബൈക്കും ആണ്. അതുകൊണ്ട് തന്നെ വീതിയേറിയ റോഡുകള്‍ ഇവിടെ അനാവശ്യമാണ്. റോഡുവികസനത്തിന്റെ ലക്ഷ്യം കുടിയൊഴിപ്പിക്കല്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തിനും കേരളത്തെ ആശ്രയിച്ചിരുന്ന തങ്ങളെ കേരളത്തില്‍ നിന്ന് അകറ്റാനുള്ള പദ്ധതിയും ഉത്തരേന്ത്യന്‍ ലോബി ആസൂത്രണം ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. ചരക്കുഗതാഗതത്തിനും മറ്റും ദ്വീപുകാര്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി കപ്പല്‍ സര്‍വീസ് മംഗലാപുരത്തുനിന്നാക്കാനാണ് പരിപാടി. ചരക്കുനീക്കം മംഗലാപുരം വഴിയാക്കാന്‍ ടെന്‍ഡര്‍ വിളിച്ചു. ബേപ്പൂര്‍ വഴി കന്നുകാലികളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പഞ്ചായത്തിന്റെ അധികാരം കുറച്ച് പലമേഖലകളും അഡ്മിനിസ്ട്രേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഓരോ ദ്വീപിലെയും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെ പിരിച്ചുവിട്ട് ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. അധ്യാപകരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച കെ എസ് യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ദ്വീപിലെ വാര്‍ത്താ പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്തി.

ലക്ഷദ്വീപിനെ വികസിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം എന്നാണ് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ വൈസ്പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി പറയുന്നത്. ഹിന്ദുത്വ കാര്യപരിപാടിക്കൊപ്പം കോര്‍പറേറ്റ് അജണ്ടകള്‍ കൂടിയാണ് പട്ടേല്‍ നടപ്പാക്കുന്നത് എന്നതിന്റെ സ്ഥിരീകരണമായി വേണം അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയെ കാണാന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്ന്, അതുവരെ ഐ എ എസ് ഓഫീസര്‍മാര്‍ മാത്രം വഹിച്ചിരുന്ന ഈ പദവിയില്‍ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് ഒരു രാഷ്ട്രീയക്കാരന്‍ നിയമിക്കപ്പെട്ടത് യാദൃച്ഛികമല്ലെന്നുവേണം കരുതാന്‍. എന്നും സംഘ്പരിവാറിന്റെ മേലാളന്മാരുടെ വേട്ടമൃഗമായിരുന്നു പട്ടേല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പിച്ച പട്ടേലിനെ മോഡി പ്രധാനമന്ത്രിയായതിനു ശേഷം 2016 ലാണ് കേന്ദ്രസര്‍ക്കാര്‍ ദാമനിലെ അഡ്മിനിസ്ട്രേറ്ററാക്കുന്നത്. ദാമന്റെ ഒരരുകില്‍ കടലിനഭിമുഖമായി കിടക്കുന്ന അതിമനോഹരമായ തീരം അവിടത്തെ താമസക്കാരെ നിര്‍ദയം ഒഴിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രമാക്കിയ ആളാണ് പട്ടേല്‍. വീടും കുടിയും നഷ്ടപ്പെട്ട തദ്ദേശീയ ജനത ചേരികളില്‍ അഭയം പ്രാപിച്ചപ്പോള്‍ ഈ സ്ഥലത്ത് സമ്പന്നര്‍ക്ക് താമസിക്കാനുള്ള കോട്ടേജുകളുമായി ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം ഉയര്‍ന്നു. ഇതേ രീതിയില്‍, ലക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ചില ദ്വീപുകള്‍ പാട്ടത്തിനെടുത്ത് വിനോദസഞ്ചാര സംരംഭങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നതന്റെ മകന്‍ നടത്തുന്ന ആസൂത്രണത്തിന് അരങ്ങൊരുക്കുകയാണ് പട്ടേല്‍ എന്നു കരുതുന്നവരുണ്ട്. ചരക്കുഗതാഗതം ബി ജെ പി ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗലാപുരം വഴിയാക്കുന്നതിനും അമുല്‍ അടിച്ചേല്‍പ്പിക്കുന്നതിനും പിന്നില്‍ സമാനമായ കച്ചവടതാല്‍പര്യങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്.
ഹിന്ദുത്വ കാര്യപരിപാടികളും കോര്‍പറേറ്റ് അജണ്ടകളിലും മാത്രമല്ല, തനിക്കു മുന്നിലുള്ള തടസ്സങ്ങളെ നിര്‍ദയം വെട്ടിമാറ്റുന്നതിലും അമിത് ഷായുടെ പിന്‍ഗാമിയാണ് പട്ടേല്‍. മലയാളിയായ ഐ എ എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ ഒതുക്കാന്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പട്ടേല്‍ വാര്‍ത്തകളില്‍ നിറയുന്നത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് അഡ്മിനിസ്ട്രേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കാന്‍ അന്ന് ദാദ്രനഗര്‍ ഹവേലി കലക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ വിസമ്മതിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് തത്കാലം അടങ്ങിയെങ്കിലും ആദര്‍ശവാനായ ഐ എ എസ് ഓഫീസറെ പട്ടേല്‍ വേട്ടയാടുക തന്നെ ചെയ്തു. ഐ എ എസില്‍ നിന്നും കണ്ണന്‍ ഗോപിനാഥ് രാജിവെക്കുന്നതിലേക്കാണ് അതു നയിച്ചത്. കണ്ണന്‍ ഗോപിനാഥിന് നഷ്ടമായത് സിവില്‍ സര്‍വീസ് ആണെങ്കില്‍ ആ തിരഞ്ഞെടുപ്പില്‍ ദാദ്രനാഗര്‍ ഹവേലിയില്‍ നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തിയ മോഹന്‍ ഡേല്‍ക്കര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി. കോണ്‍ഗ്രസ് ടിക്കറ്റിലും സ്വതന്ത്രനായും മത്സരിച്ച് ഏഴുവട്ടം എം പിയായ ഡേല്‍ക്കര്‍ ദാദ്രയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു. നിരന്തരം കേസുകളില്‍ കുടുക്കി ഭരണകൂടം വേട്ടയാടിയപ്പോള്‍ അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഡേല്‍ക്കറുടെ ആത്മഹത്യക്ക് ഉത്തരവാദി പട്ടേല്‍ ആണെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. ഇതേപ്പറ്റി മുംബൈ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പട്ടേലിനെതിരേ നടപടിയൊന്നുമുണ്ടായില്ല. ഗുജറാത്തിനോടു ചേര്‍ന്നുകിടക്കുന്ന ദാദ്ര, നഗര്‍ഹവേലിയില്‍നിന്ന് ഇങ്ങു തെക്ക് ലക്ഷദ്വീപിലെത്തിയ പട്ടേല്‍, കാലുഷ്യമില്ലാതെ സമാധാനത്തോടെ ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളില്‍ അസ്വസ്ഥത വിതയക്കുന്നതില്‍ വിജയിച്ചുകഴിഞ്ഞു.
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല. അതുകൊണ്ടുതന്നെ ഈ ദുരിതസ്ഥിതിയില്‍ അവിടത്തെ യുവാക്കള്‍ പ്രതീക്ഷയോടെ നോക്കുന്നത് കേരളത്തെയാണ്. ജസരിയും മഹലുമെല്ലാം ഉണ്ടെങ്കിലും നമ്മുടെ മലയാളം തന്നെയാണ് അവരുടെ ഭാഷ. അവരുടെ പ്രശ്നങ്ങള്‍ കേരളീയര്‍ക്കു മനസിലാവുന്നതുപോലെ മറ്റാര്‍ക്കും മനസിലാവില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം അതു മനസിലാക്കിയിട്ടുണ്ട്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിക്കഴിഞ്ഞു. ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ദ്വീപ് നിവാസികളുമായി നമുക്കുള്ള ദൃഢബന്ധം തകര്‍ക്കാന്‍ നടക്കുന്ന ഗൂഢശ്രമം അപലപനീയമാണെന്നും ഇത്തരം പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് സി പി എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്‍കി. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ കേരളത്തില്‍ നിന്നുള്ള എം പിമാരായ ബിനോയ് വിശ്വം, ഹൈബി ഈഡന്‍ എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പി വി അബ്ദുള്‍ വഹാബ് തുടങ്ങിയവരും സമാനാവശ്യം ഉന്നയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തുനിന്ന് പൃഥ്വിരാജ്, സലിംകുമാര്‍, ഗീതു മോഹന്‍ദാസ് ഫുട്ബോള്‍ താരം സി കെ വിനീത് തുടങ്ങിയവര്‍ ലക്ഷദ്വീപിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. ലക്ഷദ്വീപ് ജനതയുടെ സൈ്വരജീവിതം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ എന്ന് മുന്‍മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാണിക്കുന്നു. അവിടത്തെ ജനതയില്‍ 99 ശതമാനവും മുസ്ലിംകളാണ് എന്നതാണത്.

എസ് കുമാര്‍

You must be logged in to post a comment Login