ഒരു മുസ്ലിം ക്ഷേമപദ്ധതി കൂടി അട്ടിമറിക്കപ്പെടുകയാണ്

ഒരു മുസ്ലിം ക്ഷേമപദ്ധതി കൂടി അട്ടിമറിക്കപ്പെടുകയാണ്

”കേരളത്തിന്റെ കാര്യം പ്രത്യേകമെടുത്താല്‍ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി’ എന്ന രാഷ്ട്രീയസംവിധാനം രൂപപ്പെടുത്തിയത് ക്രിസ്ത്യന്‍ മതപുരോഹിതന്മാരാണ്. തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ തന്നെ അതിന്റെ നേതാക്കളും സംഘാടകരുമെന്ന പദവിയിലേക്ക് ക്രിസ്ത്യന്‍ മതാനുയായികള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ അവരുടെ അണികള്‍ക്കു നിര്‍ദേശം നല്‍കുന്ന പതിവു വന്നു. അങ്ങനെ ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ തങ്ങളുടെ പദവി ഉപയോഗിച്ച് ഗവണ്‍മെന്റുകളെ ഉണ്ടാക്കുകയും താഴത്തിറക്കുകയും ചെയ്യുന്ന ഒരു സംഘടനയായി മാറി.” യശഃശരീരനായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മൂന്നര പതിറ്റാണ്ട് മുമ്പുള്ള നിരീക്ഷണം ചില്ലറ ഭേദഗതികളോടെ ഇന്നും പ്രസക്തമാണ്. രാഷ്ട്രീയത്തില്‍ വളരെ കൗശലത്തോടെ ഇടപെടുന്നതില്‍ ക്രൈസ്തവ മതമേധാവികള്‍ ഇന്നും നല്ല മെയ്്വഴക്കമാണ് കാട്ടുന്നത്. ഭരണകൂടത്തിന്മേലും രാഷ്ട്രീയ നേതൃത്വത്തിന്മേലും മീഡിയയിലും ഫലപ്രദമായ സമ്മര്‍ദം ചെലുത്തി സമുദായതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മുസ്ലിം മതനേതൃത്വത്തെക്കാള്‍ ആയിരം കാതം മുന്നിലാണവര്‍. ക്രൈസ്തവ സമൂഹം നിശ്ശബ്ദമായി, തന്ത്രപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുസ്ലിം നേതൃത്വം ബഹളംവെച്ച് നാലാളെ അറിയിക്കാന്‍ തിക്കിത്തിരക്കി രംഗപ്രവേശം ചെയ്യുകയാണ് ഇതപര്യന്ത അനുഭവം.
രണ്ടു മതസമൂഹങ്ങളുടെ ഇടപെടലുകളിലെ അന്തരത്തിലേക്ക് തുടക്കത്തില്‍ തന്നെ വിരല്‍ ചൂണ്ടിയത് ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ വിധി സൃഷ്ടിച്ച വിവാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും കേരളം എടുത്തെറിയപ്പെടുന്ന ഒരു പ്രക്ഷുബ്ധ അന്തരീക്ഷത്തിലാണ്. 2011തൊട്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ അവലംബിച്ചുപോരുന്ന ഒരു രീതി റദ്ദാക്കിക്കൊണ്ട് മെയ് 28ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും വിധി കടന്നല്‍ക്കൂടിന് കല്ലെറിയുന്നതായത് പല കാരണങ്ങളാലാണ്. ആത്യന്തികമായി അത് രണ്ടു പ്രബല സമൂഹങ്ങള്‍- മുസ്ലിംകളും ക്രിസ്ത്യാനികളും- തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിക്കുകയും കേരളത്തിന്റെ അതിലോലമായ സാമുദായിക സന്തുലനത്തെ അപകടത്തിലാക്കും വിധം മീഡിയയുടെയും മതനേതാക്കളുടെയും ഇടപെടലുകള്‍ സങ്കീര്‍ണത കൂട്ടുകയുമാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ്/സ്റ്റൈപെന്റ് പദ്ധതി 80ശതമാനം മുസ്ലിംകള്‍ക്കും 20 ശതമനം അവശ ക്രൈസ്തവര്‍ക്കും വിതരണം ചെയ്യുന്ന നിലവിലെ അനുപാതം ഭരണഘടനാവിരുദ്ധമാണെന്നും ആ പദ്ധതിക്കായി സര്‍ക്കാര്‍ 2008ലും 2011ലും 2015ലും പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കുകയുമാണെന്നാണ് കോടതി വിധിച്ചത്. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വീതംവെക്കണമെന്നാണ് വിധിയില്‍ നിര്‍ദേശിക്കുന്നത്, ഏതാണ്ട് 60:40 അനുപാതത്തില്‍. തങ്ങള്‍ക്ക് മാത്രമായി ആവിഷ്‌കരിച്ച ഒരു സ്‌കീമില്‍നിന്ന് ഇതിനകം യാതൊരു നീതീകരണവുമില്ലാതെ 20ശതമാനം കവര്‍ന്നെടുത്തതും പോരാ, ഒടുവില്‍ ആ പദ്ധതി തന്നെ തകര്‍ക്കുന്ന നടപടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് മുസ്ലിംകള്‍ക്ക് കനത്ത പ്രഹരമായി അനുഭവപ്പെട്ടത് സ്വാഭാവികം. കക്ഷിപക്ഷങ്ങള്‍ മറന്ന് ന്യൂനപക്ഷ രാഷ്ട്രീയ , മതനേതൃത്വം വിധിയെ എതിര്‍ക്കുമ്പോള്‍, മറുപക്ഷത്ത് പ്രബല ക്രൈസ്തവ കൂട്ടായ്മകളെല്ലാം വിധി സ്വാഗതം ചെയ്യുകയും ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയുമാണ്. ഇത് ഇടതുമുന്നണി സര്‍ക്കാരിനെയാണ് വിഷമവൃത്തത്തിലകപ്പെടുത്തിയത്. ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും ഇന്ത്യന്‍ നാഷനല്‍ ലീഗ് മറുഭാഗത്തും അണിനിരക്കുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് മാധ്യമങ്ങള്‍ വിശകലനങ്ങള്‍ നടത്തുമ്പോള്‍, യു ഡി എഫില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഈ വിഷയത്തില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വിചിത്രാവസ്ഥയെ കുറിച്ചും സംവാദങ്ങള്‍ തുടരുകയാണ്. അതേസമയം, ഒരു ജനവിഭാഗത്തിന്റെ സാമൂഹികൗന്നത്യത്തിനായി ഏറെ നാളത്തെ പഠനത്തിനും വിചിന്തനങ്ങള്‍ക്കും ശേഷം രൂപം കൊടുത്ത നിര്‍ദേശത്തിന്റെ ഉള്ളടക്കം തന്നെ അട്ടിമറിക്കപ്പെടുന്ന ദാരുണമായ സാമൂഹിക ദുരന്തത്തെ കുറിച്ച് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ഖേദകരമായ വശം. പ്രഗല്‍ഭ നിയമജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമ്പത്തികവും സ്വത്വപരവുമായ അവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി പാതിവഴിക്ക് തട്ടിത്തെറിപ്പിക്കുന്നതിലെ അനീതിയും അര്‍ഹിക്കുന്ന വിധം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നുണ്ട്. ജസ്റ്റിസ് സച്ചാര്‍ ചൂണ്ടിക്കാട്ടുന്ന മുസ്ലിംകളുടെ സര്‍വമേഖലകളിലുമുള്ള പിന്നാക്കത്തിന്റെ അടിസ്ഥാന കാരണം എന്താണെന്ന് ഇപ്പോഴത്തെ കോടതിവിധിയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാവും.

മോചനമന്ത്രമായി വളര്‍ന്ന സച്ചാര്‍ റിപ്പോര്‍ട്ട്
വിഭജനത്തിന്റെ പാപഭാരവും ദുരന്താനുഭവങ്ങളും ഏറ്റുവാങ്ങി മുടന്തി നടന്ന ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി ഭരണകൂടം 1980കള്‍ വരെ കാര്യമായി ഒന്നും ചെയ്തില്ല എന്നത് നിസ്തര്‍ക്കമായ യാഥാര്‍ത്ഥ്യമാണ്. വര്‍ഗീയ കലാപങ്ങളില്‍ നിഷ്ഠുരമായി കൊല്ലപ്പെടാനും ധന, മാനാദികള്‍ വര്‍ഗീയ ആളിക്കത്തലില്‍ കത്തിച്ചാമ്പലാകാനും വിധിക്കപ്പെട്ട ജനതയ്ക്ക് സാമൂഹികോന്നമനത്തിന്റെ വഴിയില്‍ ഒരിഞ്ചു മുന്നോട്ടുപോകാനാവുന്ന അന്തരീക്ഷമായിരുന്നില്ല. ആ ദിശയില്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള പരിചിന്തനങ്ങള്‍ പോലുമുണ്ടായില്ല. 1983 ജൂണ്‍14ന് ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയുക്തമായ ഉന്നതാധികാര സമിതി ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഏഴംഗ സമിതിയില്‍ ഒരു മുസ്ലിം അംഗമേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ വിചക്ഷണനുമായ റഫീഖ് സക്കരിയ്യ. മുസ്ലിം പ്രശ്‌നങ്ങളോടുള്ള അധികൃതരുടെ സമീപനം എന്തായിരുന്നുവെന്ന് റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. പട്ടികജാതി, വര്‍ഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനിറങ്ങിയപ്പോള്‍ എണ്ണമറ്റ വസ്തുവിവരക്കണക്കുകള്‍ ഒഴുകിവന്നു. എന്നാല്‍ മുസ്ലിംകളുടെ കാര്യത്തില്‍ അനുഭവം മറിച്ചായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലാളികളെ കുറിച്ചോ അവരുടെ വേതനത്തെ കുറിച്ചോ അതില്‍നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചോ ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ വിമുഖത കാണിച്ചു. മുസ്ലിംകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് തന്നെ അപകടകരമാണ് എന്ന ഭയത്തിലായിരുന്നു ബന്ധപ്പെട്ടവര്‍. ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര ചെയര്‍മാനായ മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പഠിക്കാനുള്ള ദേശീയ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പിന്നീട് വന്നത്. ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താന്‍ കുറെ ശിപാര്‍ശകള്‍ നടത്തിയതല്ലാതെ അവ പഠിക്കാനോ നടപ്പാക്കാനോ ആരും മുന്നോട്ടുവന്നില്ല. ഗോപാല്‍ സിങ് കമ്മീഷന്‍ മുമ്പ് മുസ്ലിംകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചത് മറ്റു അധസ്ഥിത വിഭാഗങ്ങളായ എസ് സി, എസ് ടി , മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു. കോണ്‍ഗ്രസ് രാജ്യം ഭരിച്ച കാലങ്ങളില്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേള്‍ക്കുന്ന ഒരു സംഗതിയായിരുന്നു, ന്യൂനപക്ഷങ്ങളുടെ ക്ഷേമങ്ങള്‍ക്കായുള്ള 15 ഇന പരിപാടി. പോളിങിന്റെ പിറ്റേന്നുതന്നെ അത് വിസ്മൃതിയിലലിയുകയാണ് പതിവ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും 2002ലെ ഗുജറാത്ത് വംശഹത്യക്കും ശേഷം ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലെ മുസ്ലിംകളിലേക്ക് പതിഞ്ഞ ഒരു കാലസന്ധിയിലാണ് 2004ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഉന്നത നിലവാരത്തിലുള്ള ഏഴംഗ സമിതിയെ (The High Level Committee for Preparation of a Report on Social, Economic and Educational Status of the Muslim Community of India) നിയോഗിച്ചപ്പോള്‍ മുമ്പ് പലപ്പോഴായി കണ്ട നാടകമായി പലരും ധരിച്ചു. എന്നാല്‍ 2006നവംബര്‍ 17ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതിന്റെ ഉള്ളടക്കം കൊണ്ട് ആര്‍ക്കും മറച്ചുപിടിക്കാനോ അവഗണിക്കാനോ സാധിക്കുന്നതായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും ജനസംഖ്യയുടെ 14ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ ജീവിതാവസ്ഥയുടെ നേര്‍ചിത്രം ആധികാരിക രേഖകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ അവതരിപ്പിച്ചപ്പോള്‍ ലോകം ഞെട്ടി. ഹിന്ദുത്വ പാര്‍ട്ടികളല്ലാത്ത എല്ലാ രാഷട്രീയകക്ഷികളും സാമൂഹിക-സാംസ്‌കാരിക വേദികളും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ അംഗീകരിച്ചുവെന്നു മാത്രമല്ല, വ്യാപകമായി ചര്‍ച്ചക്കെടുത്തു. കാരണം, സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംകളുടെ അവസ്ഥയെ കുറിച്ച് നടത്തിയ ശാസ്ത്രീയവും ചിട്ടയൊത്തതുമായ പഠനമായിരുന്നു അത്.

ജസ്റ്റിസ് സച്ചാറും സഹപ്രവത്തകരും ചരിത്രപ്രധാനമായ ദൗത്യം ഏറ്റെടുത്ത സാമൂഹിക പശ്ചാത്തലവും പരിശോധിക്കപ്പെടേണ്ടതുണ്ട്. മുസ്ലിംകളുടെ മുന്നില്‍ മേല്‍ഗതിക്കായുള്ള ഒരു കവാടവും തുറക്കപ്പെട്ടില്ലെങ്കിലും ഈ വിഭാഗം പ്രീണിപ്പിക്കപ്പെടുകയാണെന്നും അനര്‍ഹമായത് നേടുകയാണെന്നും ആര്‍ എസ് എസും മറ്റു സംഘ്പരിവാര്‍ സംഘടനകളും 19ാം നൂറ്റാണ്ട് മുതല്‍ ഇവിടെ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. രാജ്യവിഭജനത്തിനു ശേഷം പ്രീണന കഥകളോടൊപ്പം രാജ്യദ്രോഹത്തിന്റെ മെനഞ്ഞെടുത്ത കഥകള്‍ കൂടി രാജ്യമാകെ പ്രസരിപ്പിച്ചു. 1980ന്റെ മധ്യത്തോടെ രാമജന്മഭൂമി പ്രക്ഷോഭവുമായി ഹിന്ദുത്വവാദികള്‍ മുന്നേറ്റം തുടങ്ങിയപ്പോള്‍, ഇന്ത്യയിലെ മുസ്ലിംകളെ ആഗോള ഭീകരവാദ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടാനും യാതൊരു അടിസ്ഥാനവുമില്ലാതെ മുസ്ലിംകളെല്ലാം ഭീകരവാദികളാണെന്ന ചാപ്പ കുത്താനും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവര്‍ സങ്കോചമില്ലാതെ രംഗത്തുവന്നു. മദ്രസകള്‍ ഭീകരവാദികളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളാണെന്നുവരെ ഇക്കൂട്ടര്‍ ദുഷ്പ്രചാരണം നടത്തി. സച്ചാര്‍ റിപ്പോര്‍ട്ട് ആ വശത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണുക:
”Muslims carry a double burden of being labelled ‘anti -national’ and as being appeased at the same time …..While Muslims need to prove on a daily basis that they are not anti-national and terrorists, it is not recognised that the alleged appeasement has not resulted in the desired level of oscio-economic development of the community”. -താന്‍ ദേശവിരുദ്ധനല്ലെന്നും ഭീകരവാദിയല്ലെന്നും ദിനേന തെളിയിക്കേണ്ട ബാധ്യത ചുമലില്‍ വന്നുപെട്ട ഇന്ത്യയിലെ മുസ്ലിമിന് അവന്റെ സാമൂഹിക ഉന്നമനത്തെ കുറിച്ചോ വിദ്യാഭ്യാസ -തൊഴില്‍ പുരോഗതിയെ കുറിച്ചോ ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ല. അതോടെ സര്‍വമേഖലകളിലും അവന്‍ പിന്തള്ളപ്പെട്ടതിന്റെ നടുക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. എല്ലാ സൂചകങ്ങളും വെച്ചുനോക്കുമ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗത്തെക്കാള്‍ അല്‍പം മുകളിലാണെങ്കിലും ഹിന്ദു ഒ ബി സിക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും താഴെയാണെന്നുമാണ് റിപ്പോര്‍ട്ട് എടുത്തുകാട്ടിയത്. പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരു പാട് കണ്ണീരൊഴുക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മുസ്ലിം പ്രീണനമായി സംഘ്പരിവാരം വീണ്ടും ദുഷ്പ്രചാരണങ്ങള്‍ നടത്തി. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ-തൊഴില്‍ രംഗത്തെ പിന്നാക്കാവസ്ഥ മാറ്റാന്‍ മൂര്‍ത്തമായ പദ്ധതികള്‍ ആവശ്യമാണെന്ന് നിര്‍ദേശങ്ങള്‍ വന്നു. കേന്ദ്രത്തില്‍ എ ആര്‍ ആന്തുലെയുടെ കീഴില്‍ ന്യൂനപക്ഷ മന്ത്രാലയം രൂപവത്കരിച്ചു. സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പുകള്‍ രൂപംകൊണ്ടു. കേരളത്തില്‍ അന്ന് വി എസ് അച്യുതാനന്ദന്റെ ഭരണമായിരുന്നു. സച്ചാര്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളാവിഷ്‌കരിക്കണമെന്നും സി പി എം നേതൃത്വം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും ലോക്‌സഭാംഗവുമായ മുഹമ്മദ് സലീം, ഹനന്‍ മുള്ള എം പി, സുഭാഷിണി അലി, പാലൊളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, മൊയ്‌നുല്‍ ഹസന്‍ എം പി, പി. മധു എം പി എന്നിവരടങ്ങുന്ന 19 അംഗ സമിതിയെ നിയോഗിച്ചു. രണ്ടിലധികം തവണ ചര്‍ച്ച ചെയ്താണ് സമിതി പോളിറ്റ് ബ്യൂറോക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മുസ്ലിംകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഒരു ചാര്‍ട്ടര്‍ തയാറാക്കുകയാണ് റിപ്പോര്‍ട്ടിന്റെ മുഖ്യ ശുപാര്‍ശ. ‘ജനസംഖ്യയുടെ 13.4ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും വികസനത്തിന്റെ നേട്ടങ്ങളും അനുഭവിക്കാന്‍ തുല്യ അവസരങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്’ എന്നാണ് ചാര്‍ട്ടറിന്റെ ആമുഖത്തില്‍ പറയുന്നത്. പ്രധാനപ്പെട്ട നാല് നിര്‍ദേശങ്ങളാണ് സി പി എം മുന്നോട്ടുവെക്കുന്നത്. ഒന്നാമത്തേത്, ആദിവാസികള്‍ക്കെന്ന പോലെ മുസ്ലിംകള്‍ക്കും ഗവണ്‍മെന്റ് ഒരു ഉപപദ്ധതിക്ക് രൂപംനല്‍കണം. അഖിലേന്ത്യാ തലത്തില്‍ മുസ്ലിംകളുടെ ജനസംഖ്യക്ക് ആനുപാതികമായി വികസന പദ്ധതികള്‍ക്ക് പണം നീക്കിവെക്കണം. സംസ്ഥനങ്ങളും പ്രത്യേക പദ്ധതിക്ക് കീഴില്‍ മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി പണം നീക്കിവെക്കണം. ന്യൂനപക്ഷക്ഷേമത്തിനായുള്ള നിലവിലുള്ള പദ്ധതികള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും മറ്റും ചാര്‍ട്ടറില്‍ നിര്‍ദേശിക്കുന്നുണ്ട്.

പാലൊളി കമ്മിറ്റിയും 80:20 സൂത്രവാക്യവും
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ കേരളീയ പശ്ചാത്തലത്തില്‍ ഏറെ സുപരിചിതമായ പേരാണ് പാലൊളി കമ്മിറ്റിയുടേത്. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ കേരളത്തിലെ മുസ്ലിംകള്‍ രാജ്യത്തെ ഇതര മുസ്ലിം സമൂഹത്തെക്കാള്‍ ഏറെ മുന്നിലാണെങ്കിലും ഇതര സമുദായങ്ങളെ അപേക്ഷിച്ച് ആഡംബര സംസ്‌കാരവും കണ്ണഞ്ചിപ്പിക്കുന്ന ജീവിതരീതികളും ഇവിടുത്തെ മുസ്ലിം ജനവിഭാഗം ബഹുകാതം മുന്നോട്ട് പോയിട്ടുണ്ട് എന്ന പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും നിജസ്ഥിതി മറിച്ചായിരുന്നു. വിശിഷ്യാ വിദ്യാഭ്യാസ, തൊഴില്‍ രംഗത്ത്. 24. 7ശതമാനം വരുന്ന കേരളീയ മുസ്ലിംകളില്‍ ( 2001ലെ സെന്‍സസ്) കോളജ് വിദ്യാഭ്യാസം കേവലം 8.1ശതമാനമാണെന്ന് പഠനം തെളിയിക്കുന്നു. ക്രിസ്ത്യാനികളാവകട്ടെ 28.7 ശതമാനവും ഹിന്ദുക്കള്‍ 18.7 ശതമാനവുമാണ്. ദാരിദ്ര്യരേഖയില്‍ മുസ്ലിംകള്‍ 29 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ 4ശതമാനം മാത്രമാണ്. കേരളത്തിലെ മൊത്തം എയ്ഡഡ് സ്‌കൂളുകളില്‍ 60ശതമാനവും വിവിധ ക്രൈസ്തവ സഭകള്‍ക്ക് കീഴിലാണ്. 82 ശതമാനം വരുന്ന ക്രൈസ്തവേതര വിഭാഗങ്ങളുടെ കീഴില്‍ 40 ശതമാനം എയ്ഡഡ് സ്ഥാപനങ്ങളേയുള്ളു. എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പളം മുഴുവനും നല്‍കുന്നത് നികുതിപ്പണത്തില്‍ നിന്നാണെന്ന് ഓര്‍മിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലിം വിഭാഗവും സംവണത്തിന് അര്‍ഹരാണ്. ക്രൈസ്തവരില്‍ 20ശതമാനം മാത്രമേ അതിനര്‍ഹരുള്ളൂ. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും കേരള സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്ത 10ശതമാനം സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ക്രൈസ്തവ സമൂഹത്തിലെ 80ശതമാനം വരുന്ന മുന്നാക്കവിഭാഗങ്ങളും അര്‍ഹരാണ്. ഒരു താരതമ്യം അപ്രസക്തമാക്കും വിധം അന്തരമുണ്ട് കേരളത്തിലെ മുസ്ലിം -ക്രൈസ്തവ പിന്നാക്ക, മുന്നാക്ക സൂചികകളില്‍. പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞന്‍ ക്രിസ്റ്റോഫി ജഫ്രലൊറ്റ് ( Christophe Jaffrelot) ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക- സാമ്പത്തിക പതനം വിവരിക്കുന്നിടത്ത് കേരളത്തിലെ അവസ്ഥ അത്ര മെച്ചപ്പെട്ടതല്ല എന്ന് സമര്‍ഥിക്കുന്നത് കാണുക: In no state are Muslims better of than Hindu OBCs. More Importantanly, in most of the states, Muslims earn less than Hindu Dalits.Their per capita annual income represents 68 per cent of the Dalits in Haryana, 69 per cent in Gujarat, 79 per cent in West Bengal, 82 per cent in Kerala and 87 per cent in Maharastra. The only state where Muslims are better off than the Hindu Dalits are Karnataka (Where they earn 101 per cent of what the latter get) Bihar (115 percent )and UP (131 per cent). കേരളത്തിലടക്കം ഹൈന്ദവ സമൂഹത്തിലെ ദളിതരെക്കാള്‍ മുസ്ലിംകള്‍ പിന്നിലാണെന്ന് ചുരുക്കം.

ഹൈക്കോടതി വിധിയോടെ തുറന്നുവിട്ട 80:20 വിവാദത്തിനിടയില്‍ പാലൊളി സമിതിയുടെ റിപ്പോര്‍ട്ടിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. ”സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉയര്‍ന്ന തസ്തികകളിലെ മുസ്ലിം പ്രാതിനിധ്യം വളരെ പിന്നിലാണ്. ആവശ്യമായ പരിശീലനത്തിന്റെ അഭാവവും വ്യക്തിത്വ വികാസത്തിലെ പിന്‍നിരയും ഇതിനൊരു കാരണമാണ്. ഇത് പരിഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്… വിദ്യാഭ്യാസ പ്രോത്സാഹനത്തില്‍ സ്‌കോളര്‍ഷിപ്പിന്റെ സ്ഥാനം പ്രധാനമാണ്. പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏറെ പ്രയോജനകരമായിരിക്കും.” ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും സ്‌റ്റൈപെന്റുകളും ഏര്‍പ്പെടുത്തുന്നത്. അതുപോലെ ജില്ലകള്‍ തോറും കോച്ചിങ് സെന്ററുകള്‍ സ്ഥാപിച്ചു; കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന പേരില്‍. ‘സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മാറ്റിവെച്ച’ തുക കൊണ്ടാണ് ഇതെല്ലാം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, സംവരണം, തൊഴില്‍, പശ്ചാത്തല സൗകര്യം തുടങ്ങി പാലൊളി സമിതി സമര്‍പ്പിച്ച നൂറോളം ശിപാര്‍ശകള്‍ മുഴുവനും അംഗീകരിച്ച്, 2008 ആഗസ്ത് 16ന് ഉത്തരവിറങ്ങുന്നതോടെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഗുണഫലം കേരളത്തിലെ മുസ്ലിംകള്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഒരുങ്ങുകയായിരുന്നു. 3000, 4000, 5000രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രാബല്യത്തില്‍ വന്നത് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രചോദനമായി. എന്നാല്‍ 2011 ഫെബ്രുവരി 22ന് പുറത്തുവന്ന ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി വിപുലപ്പെടുത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. ഇമ്മട്ടിലൊരു ഉത്തരവ് പുറത്തിറക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണത്തിന് വ്യക്തമായ മറുപടി കിട്ടുന്നില്ല. ”ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്ന ഈ പദ്ധതി അര്‍ഹരായ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടി ബാധകമാക്കണമെന്ന് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും ജനപ്രതിനിധികളും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയുണ്ടായി” എന്നാണ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി ഒപ്പിട്ട ഉത്തരവില്‍ പറയുന്നത്. മുസ്ലിംകള്‍ക്ക് മാത്രമായി വിഭാവന ചെയ്ത ഒരു പദ്ധതിയുടെ ഗുണഭോക്താക്കളായി മറ്റു വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിയ ഈ നടപടിക്കു പിന്നില്‍ ആരായിരുന്നു? ‘വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും ജനപ്രതിനിധികളും’എന്ന പരാമര്‍ശം അവ്യക്തവും തെറ്റിദ്ധാരണാജനകവുമാണ്. പാലൊളി കമ്മിറ്റിയില്‍ അംഗമായിരുന്ന ക്രിസ്ത്യന്‍ പ്രതിനിധി വില്‍സണ്‍ ഈ ദിശയില്‍ ഒരു ശിപാര്‍ശയും മുന്നോട്ടുവെച്ചിട്ടില്ല എന്നാണ് സമിതിയിലെ മറ്റൊരംഗമായ മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ വിശദീകരിക്കുന്നത്. (മുസ്ലിം സ്‌കോളര്‍ഷിപ്പ്: മറനീക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ ചതിക്കുഴികള്‍ – മാധ്യമം , 2021 ജൂണ്‍ 1). കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ ദുസ്വാധീനം മുസ്ലിം പദ്ധതി ‘ന്യൂനപക്ഷപദ്ധതിയായി’ മാറ്റിയെടുക്കുന്നതില്‍ വല്ല പങ്കും വഹിച്ചോ? നൂറുശതമാനം മുസ്ലിംകള്‍ക്കായി വിഭാവന ചെയ്ത സ്‌കീം പെട്ടെന്ന് ന്യൂനപക്ഷ സ്‌കീമായി പരിവര്‍ത്തിതമായതിന്റെ പിന്നില്‍ ചിലര്‍ നന്നായി കളിച്ചിട്ടുണ്ട്. രാജ്യത്തെ മുസ്ലിംകളെ പിന്നാക്കത്തിന്റെ നരകച്ചുഴയില്‍ എന്നും തളച്ചിടുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ബ്യൂറോക്രസിയുടെ കള്ളക്കളി അനാവരണം ചെയ്യപ്പെടേണ്ടതില്ലേ? ഇപ്പോള്‍ ബഹളംവെക്കുന്ന ഒരൊറ്റ മുസ്ലിം സംഘടനയും ആ ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടുകയോ അനീതി തിരുത്തുന്നതിന് മുന്നോട്ടുവരുകയോ ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ എല്ലാവരും മൗനികളാണ്.

2011 തൊട്ട് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിം ലീഗ് മന്ത്രി മഞ്ഞളാംകുഴി അലിയാണ്. സച്ചാര്‍ പദ്ധതി അവശ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വീതം വെച്ചുകൊടുക്കുന്നതില്‍ ആവേശം കാണിച്ചു എന്ന് മാത്രമല്ല, ചാര്‍ട്ടേഡ് അക്കൗണ്ടിങ്, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടിങ് എന്നിവക്ക് പഠിക്കുന്ന മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും വീതം വെക്കാന്‍ ഓര്‍ഡര്‍ ഇറക്കുകയും ചെയ്തു. 2015 മെയ് എട്ടിന്റെ ഈ ഓര്‍ഡറാണ് വിഷയം കോടതിയിലെത്തിച്ചതും നീതിപീഠത്തെ പോലും ആശയക്കുഴപ്പത്തിലാക്കും വിധം വിഷയം സങ്കീര്‍ണമാക്കിയതും. മുസ്ലിംകളും മറ്റു ന്യൂനപക്ഷങ്ങളും തമ്മില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിഹിതം വെക്കുമ്പോള്‍ 80:20 എന്ന അനുപാതം യുക്തിക്കു നിരക്കാതെപോവുക സ്വാഭാവികമാണ്. അവിടെയാണ് കോടതി പിടികൂടിയത്. വാഴക്കും മുള്ളിനും കേട് വരാത്തവിധം പ്രശ്‌നം പരിഹരിക്കണം. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ആര്‍ എസ് എസിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്തണം. ഈ ദിശയില്‍ മുസ്ലിം നേതൃത്വത്തിന് ചരിത്രപരമായ റോള്‍ നിര്‍വഹിക്കാനുണ്ട്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ വേണം. എന്നാല്‍ ഇസ്ലാം അപകടത്തില്‍ എന്ന് മുറവിളി കൂട്ടി അന്തരീക്ഷം പ്രക്ഷുബ്ധമാക്കാതിരിക്കാന്‍ അവധാനത പാലിക്കേണ്ടതുണ്ട്.

Kasim Irikkoor

You must be logged in to post a comment Login