ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

ചില നേരങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കേണ്ടിവരും

രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ സ്ഥിതി പഠിച്ച്, പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയോഗിച്ചതാണ് രജീന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ട ആനുകൂല്യങ്ങള്‍ നിര്‍ദേശിക്കാന്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം ക്രിസ്തീയ വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും വിഭജിച്ചു. ഇത് നിയമപരമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം ആ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കി ഒമ്പതു വര്‍ഷം പിന്നിട്ടപ്പോഴുണ്ടായത് വെറുമൊരു കോടതിവ്യവഹാരം മാത്രമായിരുന്നില്ല , രാഷ്ട്രീയ നീക്കം കൂടിയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലിം പ്രീണനമെന്ന പഴകിത്തേഞ്ഞ പാട്ട് വീണ്ടും ഉയര്‍ത്താനുമുള്ള നീക്കം. കോടതി വിധിയെക്കുറിച്ചും അതുണ്ടാക്കുന്ന സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മന്ത്രി കൂടിയായിരുന്ന കെ ടി ജലീല്‍ എം എല്‍

പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ വി എസ് സര്‍ക്കാരിന് പറ്റിയ പിഴവാണോ കോടതിവിധിക്ക് കാരണമായത്?
കെ ടി ജലീല്‍ : പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയത്, ആഴത്തില്‍ ആലോചിച്ചാണ്. 2011ല്‍ വി എസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അതിനുശേഷം അഞ്ചുകൊല്ലം യു ഡി എഫ് ഭരണമായിരുന്നു. വി എസ് സര്‍ക്കാര്‍ നടപ്പാക്കിയതില്‍ എന്തെങ്കിലും തരത്തില്‍ അപാകതയുണ്ടായിരുന്നുവെങ്കില്‍ അന്ന് തിരുത്താമായിരുന്നു. മുസ്ലിം ലീഗിന്റെ ജോലി എന്നു പറഞ്ഞാല്‍ ഇങ്ങനെ വല്ല അപാകതയും ഇടതുപക്ഷത്തിന് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തലാണ്. അവര്‍ അതേ പാറ്റേണ്‍ പിന്തുടര്‍ന്നു എന്ന് മാത്രമല്ല, മറ്റു ചില കാര്യങ്ങളില്‍ ഇതേ അനുപാതം പാലിച്ച് ഉത്തരവിറക്കുകയും ചെയ്തു. എട്ടു കൊല്ലം ഈ വിഷയത്തില്‍ ഒരു പരാതിയും മുസ്ലിം സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ഉന്നയിച്ചിട്ടില്ല. സത്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് യു ഡി എഫിന്റെ സ്‌പോണ്‍സേര്‍ഡ് സംഘടനകളും വ്യക്തികളുമാണ് ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒരേസമയം ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഇടതുപക്ഷ സര്‍ക്കാരിന് എതിരാക്കുക എന്നുള്ളതായിരുന്നു അതിന്റെ ലക്ഷ്യം. അല്ലാതെ 2011 മുതല്‍ നടപ്പിലായിക്കൊണ്ടിരിക്കുന്ന ഒരു കാര്യം 2019ല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ അര്‍ഥമെന്താണ്?

രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത് മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാന്‍ വേണ്ടിയാണ്- അതിന്റെ പുറത്തുണ്ടായ ശിപാര്‍ശയിലേക്ക് പരിവര്‍ത്തിത ക്രൈസ്തവരെയും ലത്തീന്‍ വിഭാഗത്തെയും കൊണ്ടുവന്നതുകൊണ്ടാണ്, ഇത് ഒരു ന്യൂനപക്ഷവിഷയമായത്. അതുകൊണ്ടാണ് ഇപ്പോഴിങ്ങനെയൊരു പ്രശ്നമുണ്ടായത് എന്നാണ് മുസ്ലിംസംഘടനകളില്‍ ചിലര്‍ ഉന്നയിക്കുന്ന വാദം.
സച്ചാര്‍ കമ്മിറ്റി യഥാര്‍ത്ഥത്തില്‍ ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ പതിതാവസ്ഥയെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ മുസ്ലിംകള്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് ഭേദപ്പെട്ട അവസ്ഥയിലാണ്. കേരളത്തില്‍ ഇത് നടപ്പിലാക്കുമ്പോള്‍ കുറച്ചുകൂടി അവധാനത വേണം എന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി ഇവിടെ നടപ്പിലാക്കുന്നതിന് പകരം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ മനസിലാക്കി ഒരുതരത്തിലുള്ള അപസ്വരവും ഉയരാത്ത വിധം പൊതുസ്വീകാര്യതയോടെ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്ന് തീരുമാനിച്ചത്. അതടിസ്ഥാനത്തിലാണ് പാലൊളി കമ്മിറ്റി രൂപീകൃതമായത്. ഇങ്ങനെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും രൂപീകൃതമായിട്ടില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു സ്റ്റേറ്റും തയാറായില്ല എന്നുള്ളതാണ് സത്യം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങള്‍ പോലും. പിന്നെയും ബിഹാറിലെ നിതീഷ്‌കുമാറിന്റെ ഗവണ്‍മെന്റാണ് കുറച്ചെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിച്ചത്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ നാമമാത്രമായ നടപടികള്‍ സ്വീകരിച്ചു എന്നല്ലാതെ കേരളത്തെപ്പോലെ സമഗ്രമായ തലത്തില്‍ അതിനെ ഒരു ഗവണ്‍മെന്റും കണ്ടിട്ടില്ല.

സച്ചാര്‍: കേരളമാണ് മുന്‍കൈയെടുത്തത്

യു പി എ സര്‍ക്കാര്‍ എടുത്ത നടപടികള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മദ്‌റസകളുടെ ഭാഗമായി സാമ്പ്രദായിക വിദ്യാഭ്യാസത്തിനുകൂടെ അവസരമൊരുക്കണം എന്നൊക്കെയുള്ള തീരുമാനങ്ങള്‍ അന്ന് യു പി എ സര്‍ക്കാര്‍ എടുക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
മദ്‌റസാ ആധുനികവത്കരണ പദ്ധതിയൊക്കെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായിട്ട് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയതാണ്. അതിന് കേന്ദ്രഗവണ്‍മെന്റ് ഫണ്ട് ചെയ്യും. സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് ഒരു ബാധ്യതയുമില്ല. കേരളത്തില്‍ പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് നമ്മള്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ഒന്നും കേന്ദ്രസര്‍ക്കാര്‍ ഒരു പൈസയും തന്നിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റ് തരുന്ന വിഹിതത്തിന് പുറമെയാണ് ബജറ്റില്‍ വിഹിതം വെച്ച് നമ്മളീ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അങ്ങനെ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുത്ത് ഇത്ര ഫലവത്തായിട്ട് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. ഇനി ഉണ്ട് എന്നാണ് വാദമെങ്കില്‍ എന്തുകൊണ്ട് 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ യു ഡി എഫിന്റെ കയ്യില്‍ ഭരണം കിട്ടിയിട്ട് അവര്‍ അതിന് സമാനമായിട്ടുള്ളത് ഇവിടെ കൊണ്ടുവന്നില്ല? അതിന്റെ കാരണമെന്താണെന്നുവെച്ചാല്‍, താരതമ്യം ചെയ്യുമ്പോള്‍ ഭേദം കേരളത്തില്‍ തന്നെയാണ് എന്നുള്ളതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് ഇങ്ങനെ പ്രശ്‌നം വന്നപ്പോള്‍ 80:20 അനുപാതത്തില്‍ കൈവെക്കാനല്ല ഗവണ്‍മെന്റ് തയാറായത്. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് കോശി കമ്മീഷനെ നിയോഗിക്കുകയാണ് ചെയ്തത്. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനുള്ള സന്‍മനസ്സ് എന്തുകൊണ്ടാണ് കോടതിയില്‍ പോയ ആളുകള്‍ കാണിക്കാതിരുന്നത്. ഈ റിപ്പോര്‍ട്ട് വരികയാണെങ്കില്‍ തന്നെ ക്രിസ്ത്യാനികള്‍ക്ക് മാത്രമായിട്ട് അതിന്റെ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ പറ്റില്ലല്ലോ. ജനസംഖ്യാനുപാതികമായിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങളില്‍ 58 ശതമാനം മുസ്ലിം ജനവിഭാഗത്തിന് കിട്ടും. ന്യൂനപക്ഷങ്ങളില്‍ 58 ശതമാനം മുസ്ലിംകളാണ്. നാല്പത് ശതമാനമേ ക്രിസ്ത്യന്‍സിന് കിട്ടൂ.

മൈനോരിറ്റി കണ്‍സപ്റ്റ് പൊതുസ്വീകാര്യതക്ക്

സവിശേഷമായി മുസ്ലിംകള്‍ക്ക് അനുവദിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ ഒരു മൈനോറിറ്റി കണ്‍സപ്റ്റിലേക്ക് അന്നത്തെ ഗവണ്‍മെന്റ് കൊണ്ടുവന്നു എന്നതുകൊണ്ടല്ലേ ഈ പ്രശ്നം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്?
അല്ല. അങ്ങനെ ഒരു മൈനോറിറ്റി കണ്‍സപ്റ്റിലേക്ക് കൊണ്ടുവന്നതെന്തുകൊണ്ടാണെന്നുവെച്ചാല്‍ അതിനൊരു പൊതു സ്വീകാര്യത കിട്ടാനും അപസ്വരങ്ങള്‍ ഒഴിവാക്കാനുമാണ്. മുസ്ലിംകള്‍ക്ക് മാത്രമായിട്ട് ഒരുകാര്യം ചെയ്യുന്നു എന്നുവരുമ്പോള്‍ സ്വാഭാവികമായിട്ടും ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വേണ്ടിയിട്ടാണ് .

അത് താങ്കള്‍ കുറച്ച് ഭംഗിയായി പറയുന്നുവെന്ന് മാത്രം. മുസ്ലിം പ്രീണനം എന്നുള്ള ആരോപണവുമായി ആളുകള്‍ രംഗത്തുവരികയും അത് വര്‍ഗീയമായി മുതലെടുക്കുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമെന്നത് ഒഴിവാക്കുക എന്നതായിരുന്നില്ലേ ലക്ഷ്യം?
നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, ഒരു കമ്യൂണിറ്റിക്ക് ഒരു കാര്യം ചെയ്തുകൊടുക്കുമ്പോള്‍ അത് ആ കമ്യൂണിറ്റിയുടെ തലയില്‍ പിന്നീട് ഒരു വിനയാകാന്‍ പാടില്ല. ഒരു ആനുകൂല്യം ഒരു ജനതക്ക് നമ്മള്‍ ചെയ്യുമ്പോള്‍ അതവര്‍ക്ക് ഒരു ഭാരമായിട്ട് പില്‍ക്കാലത്ത് അനുഭവപ്പെടരുത്. അങ്ങനെ അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയിട്ടാണ് മുസ്ലിംകളെ പോലെ തന്നെ പിന്നാക്കമായിട്ടുള്ള ന്യൂനപക്ഷ, ക്രിസ്ത്യന്‍ വിഭാഗത്തിലെ രണ്ട് വിഭാഗങ്ങളെ ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവന്നത്. പരിവര്‍ത്തിത ക്രൈസ്തവരും ലത്തീന്‍ കത്തോലിക്കരും.
ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനസംഖ്യാനുപാതികമായ സംവരണം എന്നതിലേക്ക് പോയാല്‍ ഈ ഇരുപത് ശതമാനം ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ പിന്നാക്കക്കാര്‍ക്ക് കിട്ടുന്നത് ഇല്ലാതാവുകയാണ് ചെയ്യുന്നത്. നാല്‍പത് ശതമാനം ക്രിസ്ത്യന്‍സിന് പോകുമ്പോള്‍, ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ മുന്നാക്കക്കാരാണ് അവരില്‍ ഭൂരിപക്ഷം. അവര്‍ക്കുകൂടി ആനുകൂല്യങ്ങള്‍ പങ്കുവെക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. അതു മാത്രമല്ല, മുസ്ലിംകള്‍ക്ക് മൈനോറിറ്റി എന്ന നിലക്ക് മാത്രമല്ല കൊടുത്തത്. മുസ്ലിംകള്‍ ന്യൂനപക്ഷം മാത്രമല്ല, അവര്‍ പിന്നാക്ക വിഭാഗം കൂടിയാണ്. അതേ മാനദണ്ഡമാണ് ക്രിസ്ത്യന്‍ മൈനോറിറ്റിയിലെ ഈ വിഭാഗങ്ങളോട് അന്നത്തെ ഗവണ്‍മെന്റ് സ്വീകരിച്ചത്.

അത് ഒരു അബദ്ധമായിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ഇല്ല. കാരണം ഒമ്പതു കൊല്ലം അത് യാതൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും പാത്രമാകാതെ നിന്നു എന്നുള്ളത് തന്നെയാണ് കാരണം. മാറിവന്ന യു ഡി എഫ് സര്‍ക്കാരും ആ പാറ്റേണ്‍ അംഗീകരിച്ചു എന്നതാണ്. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും സര്‍ക്കാരുകള്‍ ഇത് അംഗീകരിച്ചു നടപ്പിലാക്കി എന്നുള്ളത് തന്നെയാണ് കേരളീയ പൊതുസമൂഹം സ്വീകരിച്ചു എന്നതിന് തെളിവ്.

ഇടതു വിരുദ്ധ രാഷ്ട്രീയനീക്കം

താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍, കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടുകൂടിയാണ്, ഇപ്പോഴിതൊരു പ്രശ്നമായി അവതരിപ്പിക്കാന്‍ ശ്രമം നടന്നത് എന്ന് പറയുന്നുണ്ട്.
അതെ, ക്രിസ്ത്യന്‍സിനെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് ഇടതുപക്ഷത്തിന് വിരുദ്ധരാക്കി അവരെ മാറ്റാന്‍ വേണ്ടിയിട്ടാണ് തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ഇത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത്. അതില്‍ രാഷ്ട്രീയതാത്പര്യമുണ്ട്.

എം എ ബേബിയെപ്പോലെയുള്ളവര്‍ ആരോപിക്കുന്നത് ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നാണ്. അതിന്റെ കൂടെ കോണ്‍ഗ്രസും ലീഗും ചേരുന്നുവെന്നാണെങ്കില്‍, അവര്‍ക്ക് ഒരിക്കലും ഒരു സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമായി നിന്നുകൊണ്ട് ഇതിനെ കുത്തിപ്പൊക്കിക്കൊണ്ടുവരാന്‍ കഴിയില്ലല്ലോ?
കൊണ്ടുവരും. കാരണമെന്താണെന്നുവെച്ചാല്‍, ഇവിടെ സംഘ് അജണ്ടക്ക് ഒത്താശ ചെയ്തുകൊടുക്കുക എന്നുള്ള പണിയാണ് കോണ്‍ഗ്രസ് കാലങ്ങളായിട്ട് സ്വീകരിക്കുന്നത്. പല കാര്യങ്ങളിലും കോണ്‍ഗ്രസിന് നിലപാടില്ലാതെ പോകുന്നത് ഈ സംഘ് അജണ്ടയുടെ ഓരം ചേര്‍ന്ന് കോണ്‍ഗ്രസിലെ പലരും സഞ്ചരിക്കുന്നതുകൊണ്ടാണ്.

അത് ഒരു നോര്‍ത്തിന്ത്യന്‍ സാഹചര്യത്തിലെടുത്താല്‍, ഒരുപക്ഷേ മൃദുഹിന്ദുത്വ സമീപനം പല കാര്യങ്ങളിലും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്.
പല കാര്യങ്ങളില്‍ എന്നല്ല, എല്ലാകാര്യങ്ങളിലും. ഉദാഹരണത്തിന് മുത്വലാഖ് ബില്ല് വന്നു. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയോ? കേരളത്തില്‍ നിന്ന് പോയ എംപിമാര്‍ അതില്‍ നിലപാട് വ്യക്തമാക്കിയോ? പൗരത്വ നിയമ ഭേദഗതി വന്നു. അതിനോട് കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരുന്നു. കശ്മീരിന്റെ പ്രത്യേകവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള നിയമം വന്നു. അതില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്തായിരുന്നു.

യു ഡി എഫ് – സംഘ് ഒത്തുകളി?

കോണ്‍ഗ്രസ് നിലപാടില്‍ തീര്‍ച്ചക്കുറവുണ്ടായിട്ടുണ്ട്.അപ്പോഴൊക്കെ കോണ്‍ഗ്രസ് അഭിസംബോധന ചെയ്യുന്നത് വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ ആണെന്ന് കരുതുക. അവരുടെ ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അവിടെ ഉപയോഗിക്കുന്നുണ്ടാകും എന്ന് വിചാരിക്കാം. പക്ഷേ ഇവിടെ സാഹചര്യം വേറെയാണല്ലോ. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെയും മുസ്ലിം ന്യൂനപക്ഷത്തെയും ഭിന്നിപ്പിക്കാന്‍ സംഘ് അജണ്ടയ്ക്കൊപ്പം നില്‍ക്കുക എന്നുപറഞ്ഞാല്‍ രണ്ട് സമുദായവും കോണ്‍ഗ്രസില്‍ നിന്നും യു ഡി എഫില്‍ നിന്നും അകന്നുപോകുക എന്നതാണല്ലോ സംഭവിക്കുക?.
കേരളത്തില്‍ ബി ജെ പിയുടെ അജണ്ട നടപ്പിലാക്കപ്പെടുമ്പോള്‍ അതിന്റെ ഗുണം കിട്ടുന്നത് ഇവിടുത്തെ യു ഡി എഫിനാണ്. കാരണം ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ ഒരുകാരണവശാലും ബി ജെ പിയുടെ കൂടെ പോവില്ല. എന്നാല്‍ ബി ജെ പി ഉദ്ദേശിക്കുന്ന ഈ ഒരു സംഗതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ കൂടെ കമ്യൂണിസ്റ്റ് വിരോധവും ഉത്പാദിപ്പിക്കപ്പെടും. അത് ഗുണം ചെയ്യുക യു ഡി എഫിനാണ്. കാരണം ഇവിടെ എല്‍ ഡി എഫിനെ തോല്‍പിക്കുന്നത് ബി ജെ പി അല്ല, യു ഡി എഫാണ്. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള എന്തുനീക്കം ഇവരില്‍ ആര് നടത്തിയാലും ഇവര്‍ പരസ്പരം സഹകരിക്കും. പ്രത്യേകിച്ച് സംഘ്പരിവാറുകാര്‍ നടത്തിയാല്‍ കോണ്‍ഗ്രസ് അതിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കും. പരസ്യമായും രഹസ്യമായും ചെയ്തുകൊടുക്കും. അതെന്തിനാണെന്നുവെച്ചാല്‍ അവരുടെ രാഷ്ട്രീയമായിട്ടുള്ള താല്പര്യങ്ങളുടെ സംരക്ഷണത്തിന് അതുവേണം എന്നുള്ളതുകൊണ്ടാണ്. ഇപ്പോള്‍ ഇങ്ങനെ ഒക്കെ വന്നു. ഈ 80:20 വിവാദവുമായി ബന്ധപ്പെട്ട് ലീഗാണ് ഒരു നിലപാട് ശക്തമായി എടുക്കേണ്ടത്. നിയമസഭാ സമ്മേളനം നടക്കുന്നു. ഏറ്റവും അടിയന്തിരമായ ഈ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒരു അടിയന്തിര പ്രമേയം പോലും എന്താണ് ലീഗ് കൊടുക്കാത്തത്. ഒരു ശ്രദ്ധക്ഷണിക്കല്‍ എന്താണ് ലീഗ് കൊണ്ടുവരാത്തത്. ഗവര്‍ണര്‍ക്ക് നന്ദി അറിയിക്കുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ഇതിനകം ലീഗിന്റെ നാല് അംഗങ്ങള്‍ പ്രസംഗിച്ചു. എന്താണ് ഇതിനെക്കുറിച്ച് വ്യക്തമായിട്ടൊരു നിലപാട് അവര്‍ പറയാത്തത്. ഒളിച്ചുകളിക്കുകയാണ്. കാരണം കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ നിലപാടില്ല.

സമീകരിക്കരുത്

ശരിയാണ്. കാരണം കോണ്‍ഗ്രസിന് മാത്രമല്ല, സിപിഎമ്മിനും പരസ്യമായിട്ടൊരു നിലപാടെടുക്കുക എന്നുപറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. കാരണം രണ്ടു സമുദായങ്ങള്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ ഏതെങ്കിലുമൊരു വിഭാഗത്തെ പിണക്കുക എന്നത് കോണ്‍ഗ്രസിനാണെങ്കിലും സി പി എമ്മിനാണെങ്കിലും എല്‍ ഡി എഫിനാണെങ്കിലും യു ഡി എഫിനാണെങ്കിലും അത്ര എളുപ്പമല്ല.
അങ്ങനെ സമീകരണം നടത്തിപ്പോകരുത്. ഇതുമായി ബന്ധപ്പെട്ട് എന്താണ് മുഖ്യമന്ത്രി പറഞ്ഞത്? ദശാബ്ദങ്ങളായിട്ട് നിലനില്‍ക്കുന്ന ഒരു സിസ്റ്റമാണിത്. ഇതിനെതിരായി കോടതിവിധി വന്നിരിക്കുന്നു. അത് പഠിച്ചതിനുശേഷം തീരുമാനിക്കും. കേരളത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിട്ടുള്ള കോണ്‍ഗ്രസ് ഈ കോടതിവിധിയെ എങ്ങനെ കണ്ടു. അവരുടെ അഭിപ്രായമെന്തായിരുന്നു?

അവിടെ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാരിന്റെ നിലപാടാണ്. രാഷ്ട്രീയ നിലപാട് വേറെത്തന്നയുണ്ടല്ലോ. സി പി എമ്മിന് ഒരു നിലപാടെടുക്കാം. പാലൊളി കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന രാഷ്ട്രീയ നിലപാട് സി പി എമ്മിനെടുക്കാം. അങ്ങനെ ഒരു നിലപാട് സിപി എം ഇതുവരെ എടുത്തിട്ടില്ല.
അതെടുത്തതുകൊണ്ടാണല്ലോ, ഈ അനുപാതത്തില്‍ പ്രശ്നങ്ങള്‍ വന്നപ്പോള്‍, പരാതികള്‍ വന്നപ്പോള്‍ മാറ്റം വരുത്താന്‍ മുതിരാതെ കോശി കമ്മീഷനെ നിയോഗിച്ചത്.

കോശി കമ്മീഷന്‍ അഡ്ജസ്റ്റ്മെന്റ്?

കോശി കമ്മീഷനെ നിയോഗിക്കുക എന്നതൊരു അഡ്ജസ്റ്റ്‌മെന്റാണ്. അതൊരു രാഷ്ട്രീയ നിലപാടാണോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയുക അതൊരു അഡ്ജസ്റ്റുമെന്റാണ് എന്നാണ്. 80:20 നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുവിഭാഗങ്ങളിലെ പിന്നാക്കാവസ്ഥ പഠിച്ച് അവര്‍ക്കെന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ കൊടുക്കാം എന്നു പറയുന്നതൊരു അഡ്ജസ്റ്റ്മെന്റല്ലേ?
അതെ, അങ്ങനെത്തന്നെയാണല്ലോ ചെയ്യേണ്ടത്. അത് ചെയ്യുന്നതിന് എന്താണ് കുഴപ്പം.

നമ്മുടെ മുന്നില്‍ ഒരുപാട് പഠനങ്ങളുണ്ട്. കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍ ഭൂരഹിതരായിട്ടുള്ള ആളുകളുടെ കണക്ക് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ മൂന്ന് ശതമാനമേ ഭൂരഹിതരുള്ളൂ. അതേസമയം മുസ്ലിം വിഭാഗത്തില്‍ 37 ശതമാനമോ മറ്റോ ആണ്. ഇങ്ങനെ പലതരത്തിലുള്ള കണക്കുകളും നമ്മുടെ മുന്നിലുണ്ട്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്നതില്‍ കൂടുതല്‍ മുസ്ലിംകളാണ് എന്നുള്ളത് നമുക്ക് വളരെ പെട്ടെന്നുതന്നെ മനസിലാക്കാവുന്നതേയുള്ളൂ. അതങ്ങനെ നമ്മുടെ മുന്നിലുണ്ടായിരിക്കെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നൊരു പരാതിയുണ്ടാകുമ്പോള്‍ അത് ന്യായമാണോ അന്യായമാണോ എന്ന് മനസിലാക്കുന്നതിന് പകരം ഇവരെക്കുറിച്ച് ഒരു പരാതിയുണ്ടെങ്കില്‍ അപ്പുറത്തുള്ളവര്‍ക്കുകൂടി എന്തെങ്കിലും ആനുകൂല്യം കൊടുത്ത് പരിഹരിച്ചു കളയാം എന്ന് പറയുന്നത് ഒരു രാഷ്ട്രീയ നിലപാടല്ലല്ലോ?
അങ്ങനെയല്ല, വെറുതെ കൊടുക്കുകയല്ലല്ലോ. ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍, അതിന് ആധാരമായ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്സ് ഉണ്ടാകുമല്ലോ. അത് പരിശോധിച്ച ശേഷമാണ് ഗവണ്‍മെന്റ് അക്കാര്യത്തില്‍ തീരുമാനിക്കുക. പാലൊളി കമ്മിറ്റി ശിപാര്‍ശ കൊടുത്തപ്പോള്‍ അത് മുഴുവന്‍ നടപ്പിലാക്കുകയല്ലല്ലോ ചെയ്തത്. ഘട്ടം ഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്. ഇപ്പോഴും അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അല്ലാതെ ഒരു വെളുപ്പാന്‍ കാലത്ത് ഗവണ്‍മെന്റിന് ഈ റിപ്പോര്‍ട്ട് കിട്ടി, ഉടനെ തന്നെ പൈസ അനുവദിച്ച് നടപ്പിലാക്കുകയല്ല. ആദ്യം ഒന്നു നടപ്പിലാക്കി. പിന്നെ ഒന്നു നടപ്പിലാക്കി. അങ്ങനെ ക്രമാനുഗതമായിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുപോലെ കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതിലെ വസ്തുതകള്‍ സര്‍ക്കാര്‍ പഠിക്കും. സര്‍ക്കാരിനുകൂടി ബോധ്യമാകണമല്ലോ. അങ്ങനെ ബോധ്യമാകുമ്പോള്‍ തീര്‍ച്ചയായിട്ടും വലിയ പിന്നാക്കാവസ്ഥ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമല്ലോ. ഏത് വിഭാഗമാണെങ്കിലും അവരുടെ ഉന്നമനമാണല്ലോ ഗവണ്‍മെന്റിന്റെ ലക്ഷ്യം.

എല്‍ ഡി എഫും കെ ടി ജലീലും ഒളിച്ചുകളിച്ചോ?

വേറൊരു കാര്യം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തുതന്നെ ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു; മറ്റുപല വിഷയങ്ങള്‍ക്കൊപ്പം. ഹാഗിയ സോഫിയ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. ലൗ ജിഹാദ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. ഇതിനൊപ്പമാണ് ‘മൈനോറിറ്റി എന്നുള്ള നിലയിലുള്ള ആനുകൂല്യങ്ങള്‍’ ഒരു വിഭാഗത്തിന് കൂടുതലായി അനുവദിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത്. അന്ന് ഇതിന് രാഷ്ട്രീയമായി മറുപടി പറയാന്‍ ഇടതുപക്ഷമോ സി പി എമ്മോ തയാറായില്ല എന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇത് കോടതിയില്‍ പോയി. കോടതിയില്‍ സര്‍ക്കാര്‍ എന്നുള്ള നിലക്ക് മറുപടി കൊടുത്തിരുന്നു. പക്ഷേ എല്‍ ഡി എഫോ സി പി എമ്മോ ഇതില്‍ അന്യായമില്ല, ഇത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കാര്യമാണ് എന്ന് പൊതു സമൂഹത്തിനോട് പറയാന്‍ തയാറായില്ല. ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എന്ന നിലയില്‍ കെടി ജലീല്‍ പോലും തയാറായില്ല എന്ന ആക്ഷേപമുണ്ട്.
അത് വെറുതെ പറയുകയാണ്. എപ്പോഴൊക്കെ ഇത് ഉയര്‍ന്നുവന്നിട്ടുണ്ടോ അപ്പോഴൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ മദ്‌റസാധ്യാപകരുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട്, ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് ഉപോത് ബലകമായിട്ട് ഒരു ചോദ്യം വന്നപ്പോള്‍ ഞാന്‍ 2017ല്‍ അതിന് മറുപടി പറഞ്ഞിട്ടുണ്ട്. അതിന്റെ കോപ്പി വേണമെങ്കില്‍ അയച്ചുതരാം. എല്ലാ ദിവസവും നേരംവെളുത്ത് എണീറ്റാല്‍ ഇത് പറയാന്‍ നില്‍ക്കല്‍ മാത്രമാണോ നമ്മുടെ ദൗത്യം?

അങ്ങനെയല്ല ഞാന്‍ പറഞ്ഞത്. ഒരു പൊളിറ്റിക്കല്‍ പ്രൊപ്പഗണ്ടയായിട്ട് ഒരുവിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്നു. വര്‍ഗീയമായി മുതലെടുക്കാനുള്ള ശ്രമം നടക്കുന്നു. ക്രിസ്ത്യന്‍ സമുദായത്തിനുള്ളില്‍ അര്‍ധ സത്യമോ അവാസ്തവമോ പ്രചരിപ്പിച്ചുകൊണ്ട് അതില്‍ കയറിപ്പറ്റാന്‍ സംഘപരിവാരം ശ്രമം നടത്തുന്നു. ഇങ്ങനെ വരുമ്പോള്‍ ഇതെന്താണ് സംഗതി എന്നതിലൊരു വ്യക്തത വരുത്തുക എന്ന ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വം എന്ന നിലക്ക് സി പി എമ്മിനും എല്‍ ഡി എഫിനുമില്ലേ? അത് ചെയ്തില്ല എന്നുള്ളതാണ് ആക്ഷേപം.
അങ്ങനെയല്ല, എല്‍ ഡി എഫാണ് ഒരു കക്ഷി എങ്കില്‍ ഭരണപരമായിട്ടാണ് ആ കാര്യത്തില്‍തീരുമാനങ്ങള്‍ വരേണ്ടത്. മുഖ്യമന്ത്രിയോട് ഏതു സന്ദര്‍ഭത്തിലൊക്കെ മാധ്യമപ്രവര്‍ത്തകര്‍ ഇത്യാദി കാര്യങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ട്, അപ്പോള്‍ അതിനൊക്കെ വ്യക്തമായിട്ടുള്ള മറുപടി പറഞ്ഞിട്ടുണ്ട്. പത്രക്കാര്‍ക്ക് അതിന് താല്‍പര്യമില്ല എന്നുമാത്രം. അവര്‍ അവര്‍ക്ക് താല്‍പര്യമുള്ളതേ കൊടുക്കുകയുള്ളൂ. മുഖ്യമന്ത്രി പറയേണ്ടത് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി അങ്ങനെ വിശദീകരണം കൊടുത്തതായിട്ട് എന്റെ ഓര്‍മയിലില്ല. അതുകൊണ്ടാണ് ചോദിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം വേറെയുമുണ്ട്.
ഒന്നുകില്‍ മുസ്ലിം സംഘടനകള്‍ ചോദിക്കണം. ഇതിപ്പോള്‍ കോടതിയില്‍ ഒരാള്‍ പോകുന്നു. വാട്‌സാപ്പില്‍ ആളുകള്‍ പ്രചരിപ്പിക്കുന്നു. വാട്‌സാപ്പില്‍ പ്രചരിപ്പിക്കുന്നതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയാന്‍ നില്‍ക്കുന്നത് നല്ല പ്രവണതയല്ല.

ഇത് സൊസൈറ്റിയെ ബാധിക്കുന്ന വിഷയമായി വളര്‍ന്നുവരികയും പ്രൊപ്പഗാണ്ട മെറ്റീരിയലായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതില്‍ വിശദീകരണം കൊടുക്കുക എന്നുള്ളത് ബോധവത്കരണ പ്രക്രിയയായിട്ടെങ്കിലും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കില്ലേ എന്നുള്ളത് ഒരു ചോദ്യമാണ്. ഉദാഹരണത്തിന്, കൊവിഡ് റിലേറ്റഡായിട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞ് ഫാക്ട് ചെക്കിന് സംവിധാനമുണ്ടാക്കിയ സംസ്ഥാനമാണിത്. അങ്ങനെ ഒരു സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ പാകത്തില്‍ ഒരു പ്രചരണം നടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി സമൂഹത്തോട് പറയുക എന്നത് ഉത്തരവാദിത്വമല്ലേ എന്നതാണ് എന്റെ ചോദ്യം.
ആരാണീ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിട്ട് വന്നിട്ടുണ്ടോ. ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമത്തില്‍ ഇതൊരു വലിയ പ്രശ്‌നമാണ് എന്നുള്ള നിലയില്‍ വന്നിട്ടുണ്ടോ? പ്രശ്‌നമില്ലാത്ത ഒരു കാര്യത്തെ വളരെ ക്ലോസ്ഡായിട്ടുള്ള ഒരു സര്‍ക്കിളില്‍ ചില വര്‍ഗീയവാദികള്‍ നടത്തുന്ന പ്രചാരണത്തിന് മറുപടികൊടുത്ത് അതൊരു വലിയ വിഷയമാക്കി മാറ്റേണ്ട എന്നല്ലേ ബുദ്ധിയുള്ള ഏതൊരാളും ചിന്തിക്കുകയുള്ളൂ.

അത് ശരിയാണ്. നെഗറ്റീവ് പ്രൊപ്പഗാണ്ട തന്നെ വലിയ തോതില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് സംഘ്പരിവാരത്തിനും മറ്റും ഉള്ളത്. അതിനൊരു അവസരം കൊടുക്കേണ്ട എന്ന വാദം അംഗീകരിക്കുന്നു. പക്ഷേ കേരളത്തിലെ ചില മുസ്ലിം സംഘടനകള്‍ ഇതിലൊരു വ്യക്തത വേണം എന്ന് അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു.
അതിന് ന്യൂനപക്ഷക്ഷേമ വകുപ്പ്, അതിന്റെ ഡയറക്ടര്‍ എ വി മൊയ്തീന്‍ കുട്ടി മാധ്യമത്തില്‍ പേരുവെച്ചുകൊണ്ടുതന്നെ ഒരു ദീര്‍ഘമായ ലേഖനമെഴുതിയിരുന്നു.
ഔദ്യോഗികമായിട്ട് കൊടുത്തിട്ടില്ല എന്ന് പറയുന്നത് ശരിയല്ല, ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട വകുപ്പിന്റെ ഹെഡ് വ്യക്തമാക്കുക എന്ന് പറഞ്ഞാല്‍ അത് സര്‍ക്കാരിന് വേണ്ടി തന്നെയാണ്. അത് കൊടുത്തിട്ടുണ്ട്. ആ ഉത്തരവാദിത്വങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി അതിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരണം നല്‍കുമ്പോള്‍ അത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിശദീകരണമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വിശദീകരണം നല്‍കുമ്പോള്‍ അതൊരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് എന്ന് നമുക്ക് വേണമെങ്കില്‍ വിശദീകരിക്കാം.
ഞാന്‍ ഈ ലേഖനം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തിട്ട് തന്നെയാണ് കൊടുത്തിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറിയുമായിട്ട് ആലോചിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായിട്ട് ആലോചിച്ചിട്ടുണ്ട്.

സി പി എമ്മിന്റേത് തന്ത്രപ്രധാന മൗനം?

തദ്ദേശഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇതൊരു വിവാദമായി വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇതൊരു കോടതി വ്യവഹാരമായി മാറുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇരുപത് ശതമാനമേ കിട്ടുന്നുള്ളൂ എന്ന് പറയുന്നു. മറ്റൊരു വിഭാഗത്തിന് ആനുകൂല്യം അധികം കൊടുക്കുകയാണ് എന്ന് പറയുന്നു. ഇതൊക്കെ നടക്കുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് തന്ത്രപരമായ മൗനം സി പി എമ്മും എല്‍ഡിഎഫും പുലര്‍ത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് എന്ന് വിമര്‍ശനമുണ്ട്. അതിന്റെ ഗുണം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് മേധാവിത്തമുള്ള മേഖലകളില്‍ എല്‍ഡിഎഫിനു കിട്ടി. ഈ നേട്ടം ഉണ്ടാക്കാനായി തന്ത്രപരമായ മൗനം പാലിച്ചു എന്നതാണ് ആരോപണം?
തന്ത്രപരമായ മൗനം പാലിക്കുകയല്ല. ചില കാര്യങ്ങളില്‍ ഒരു ഭരണകൂടം കടുത്ത നടപടിയെടുക്കേണ്ട സമയങ്ങളുണ്ടാകും. മൗനം പാലിക്കേണ്ട സമയങ്ങളുണ്ടാകും. ഒഫീഷ്യലായിട്ട് മറുപടി കൊടുക്കേണ്ട സമയങ്ങളുണ്ടാകും. അതൊക്കെ ഓരോ സംഗതികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഓരോന്നിന്റെയും ഗൗരവവും പ്രാധാന്യവും അനുസരിച്ചാണ് ചെയ്യേണ്ടത്. അത് ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്നു എന്ന് മാത്രം. എന്തുകൊണ്ട് മുസ്ലിം കമ്യൂണിറ്റി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തു. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ ഒന്നേകാല്‍ ലക്ഷം വോട്ട് അവര്‍ക്ക് കുറഞ്ഞു. മുമ്പൊക്കെ കേരളത്തില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആദ്യത്തെ ഒന്നും രണ്ടും മൂന്നും മലപ്പുറത്തുനിന്നുള്ള ലീഗ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു. ഇന്ന് ആദ്യത്തെ പത്തില്‍പോലും ഉള്‍പെടാന്‍ മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് സാധിക്കുന്നില്ല.
ഫസ്റ്റ് ശൈലജ ടീച്ചര്‍- 61000 വോട്ട്, സെക്കന്‍ഡ് സി എം- 53000 വോട്ട്. അത് കഴിഞ്ഞിട്ട് എത്രയെത്ര ആളുകള്‍. എം എം മണിക്ക് 38000 വോട്ടാണ് ഭൂരിപക്ഷം. ശശീന്ദ്രന് 38000 വോട്ടാണ് ഭൂരിപക്ഷം. അങ്ങനെ തുടങ്ങി എല്ലാവര്‍ക്കും മുപ്പത്തെട്ടും നാല്‍പതുമൊക്കെയല്ലേ ഭൂരിപക്ഷം. ഭൂരിപക്ഷത്തിന്റെ ആദ്യത്തെ പത്തില്‍ പോലും വരാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. ലീഗ് മലപ്പുറം ജില്ലയില്‍ ഒരു സ്ഥലത്ത് ജയിച്ചത് 38 വോട്ടിനാണ്. അത് എല്‍ഡിഎഫ് മുമ്പ് ജയിച്ച മണ്ഡലമാണെന്നത് ശരി തന്നെയെങ്കിലും.

ഇവിടെയാണ് ഈ ആരോപണം വരുന്നത്. ഒരുഭാഗത്ത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുറപ്പിക്കുക എന്നതിന് മൗനം പാലിക്കുന്നു. ഇപ്പുറത്ത് മുസ്ലിം സമുദായത്തെ പിണക്കരുത് എന്ന് വിചാരിച്ച് ആ മൗനം തുടരുന്നു. ഇതാണ് ആരോപണം.
പ്രീണനത്തിന്റെ ഭാഗമായിട്ടല്ല മൗനം. ചില കാര്യങ്ങളില്‍ മൗനം അവലംബിക്കേണ്ടിടത്ത് മൗനം അവലംബിച്ച് പോണം. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയുക തന്നെ വേണം. ഭരണസംവിധാനത്തിന്റെ ചുമതലയാണത്.
ഇത് എന്താണ് എന്നുള്ളത് മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ വളരെ സുവ്യക്തമായി എഴുതിയിട്ടുള്ളതാണ്.

അപ്പീലോ സമവായമോ?

ഇപ്പോഴെന്തായാലും ഒരു പ്രതിസന്ധി വന്നിരിക്കുന്നു. അത് എങ്ങനെ പരിഹരിക്കും എന്നത് പ്രധാനമാണ്. കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്; ന്യൂനപക്ഷം എന്ന് പരിഗണിക്കുമ്പോള്‍ അതിലുള്‍പ്പെടുന്നവര്‍ക്കൊക്കെ ആനുകൂല്യം ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടതല്ലേ? അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതല്ലേ?

അപ്പീല്‍ പോകണമോ, അതല്ല മറ്റെന്തെങ്കിലും ചെയ്യണമോ ഇതെല്ലാം ചര്‍ച്ച ചെയ്ത് ഗവണ്‍മെന്റ് തീരുമാനിക്കും. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വരാന്‍ പോകുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ ഹൈക്കോടതി പറഞ്ഞ അതേ മാനദണ്ഡത്തില്‍ തന്നെ കിട്ടിയാല്‍ മതി എന്ന് വിവിധ ന്യൂനപക്ഷ സംഘടനകള്‍ പറഞ്ഞാല്‍ പിന്നെ അപ്പീലിന് പോകേണ്ട കാര്യമില്ലല്ലോ. അപ്പോഴും അമ്പത്തെട്ടു ശതമാനം ആനുകൂല്യം മുസ്ലിംകള്‍ക്കു കിട്ടും.

അത്തരമൊരു സമവായമാണോ നോക്കുക അതോ നിയമ സാധ്യതകളാണോ?
എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. കോടതിയെ സമീപിക്കാതെ അഭിപ്രായഐക്യമുണ്ടാക്കാനാകുമെങ്കില്‍ ഗവണ്‍മെന്റ് അതിനല്ലേ മുന്‍ഗണന നല്‍കുക.

കെ ടി ജലീല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഈ വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന ആളാണ്. വ്യക്തിപരമായി കെടി ജലീലിന്റെ മുന്‍ഗണന എന്തിനായിരിക്കും ?
ഒരു നിയമ യുദ്ധം നടത്തി, ഒരു വിഭാഗം ജയിച്ചു, ഒരു വിഭാഗം തോറ്റു എന്ന തോന്നലുണ്ടാക്കുന്നതിലും ഉചിതം വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ലത്. പറ്റിയില്ലെങ്കില്‍ കോടതിയില്‍ പോകേണ്ടിവരും. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോഴും ഹൈക്കോടതി വിധി പ്രയോഗവത്കരിക്കുകയാണ് എന്നാണെങ്കില്‍ പ്രശ്നമില്ല എന്ന് ഇപ്പോള്‍തന്നെ ചില മുസ്ലിം സംഘടനകള്‍ പറഞ്ഞുകഴിഞ്ഞു; ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ പരിവര്‍ത്തിത ക്രൈസ്തവരും ലത്തീന്‍ കത്തോലിക്കരും തങ്ങള്‍ക്ക് മാത്രമായിട്ട് കിട്ടിയിരുന്ന ഇരുപത് ശതമാനം എല്ലാവര്‍ക്കുമായിട്ട് പങ്കുവെക്കപ്പെടുമ്പോള്‍ അര്‍ഹമായത് കിട്ടില്ല എന്ന് പറഞ്ഞിട്ടുമുണ്ട്.

കോടതിവിധിയില്‍ അന്യായമില്ലേ?

ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ഈ കോടതി വിധിയില്‍ ഒരു പ്രശ്നം ഇല്ലേ? ന്യൂനപക്ഷം എന്ന നിലക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ആ ന്യൂനപക്ഷത്തില്‍ തന്നെ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ ആളുകളുടെ പക്കലേക്ക് എത്തുക എന്നുള്ളതല്ലേ കുറേക്കൂടെ നീതിപൂര്‍വമായ തീരുമാനം? ആ നിലക്ക് കോടതി വിധിയിലൊരു അഭംഗിയില്ലേ?
എല്ലാ ആനുകൂല്യങ്ങളും അര്‍ഹര്‍ക്കേ കൊടുക്കാന്‍ പറ്റുള്ളൂ. മുസ്ലിംകള്‍ സംവരണ ആനുകൂല്യത്തിന് അര്‍ഹരാണ്. പക്ഷേ എന്റെ കുട്ടികള്‍ക്ക് റിസര്‍വേഷന്‍ കിട്ടൂല. എം എല്‍ എ, എം പി, മന്ത്രി, വരുമാനത്തില്‍ ഇത്ര ലക്ഷത്തിനു മുകളിലുള്ള കുടുംബം അങ്ങനെ പല പരിഗണനകള്‍ വരുമ്പോ എനിക്ക് കിട്ടൂല. ഞങ്ങളെക്കാള്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും കൊടുത്തിട്ട് ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് കിട്ടൂ. അതൊരു കാരണവശാലും ഉണ്ടാകൂല.

എന്റെ മകള്‍ക്ക് എം ബി ബി എസിന് സെന്‍ട്രല്‍ ഗവണ്‍മെന്റ് ക്വാട്ടയില്‍ കിട്ടിയത് പോര്‍ട്ട്ബ്ലയറിലാണ്. എന്നാല്‍ അവളെക്കാളും മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കിട്ടിയിട്ടുണ്ട്. എന്റെ മകള്‍ പരിഗണിക്കപ്പെട്ടത് ജനറല്‍ ക്വാട്ടയിലാണ്. എനിക്ക് റിസര്‍വേഷന്റെ ആനുകൂല്യം കിട്ടില്ല എന്നതാണ്.

പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോഴും ഇനിയിപ്പോള്‍ കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിക്കുമ്പോഴും ഇത്തരം സാമൂഹ്യമായ കാര്യങ്ങള്‍ പരിഗണിക്കേണ്ടിവരുമല്ലോ?
മുസ്ലിംകള്‍ ന്യൂനപക്ഷം മാത്രമല്ല, പിന്നാക്കവും കൂടിയാണ്. നേരെമറിച്ച് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലെ മഹാഭൂരിപക്ഷവും മുന്നാക്ക വിഭാഗമാണ്. ഒരു ചെറിയ വിഭാഗം മാത്രമേ അതില്‍ പിന്നാക്കമുള്ളൂ. ഈ മുന്നാക്ക വിഭാഗക്കാര്‍ക്ക് മുന്നാക്ക വിഭാഗ കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നു. അതെല്ലാം വേറെത്തന്നെ കിട്ടുന്നു. പിന്നെയും അവര്‍ക്ക് പിന്നാക്ക ജനവിഭാഗത്തിന്റെ ആനുകൂല്യങ്ങളും കൂടി കിട്ടണം എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്.
നൂറ് സീറ്റാണ് എം ബി ബി എസിനുള്ളതെങ്കില്‍ പത്ത് സീറ്റുകൂടി വര്‍ധിപ്പിച്ച് നൂറ്റിപ്പത്ത് സീറ്റാക്കുകയും ആ വര്‍ധിപ്പിച്ച പത്ത് സീറ്റ് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിക്കുകയും ചെയ്തല്ലോ. അതില്‍ ഹിന്ദുക്കളിലെ മുന്നാക്കക്കാര്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലെ മുന്നാക്കക്കാരും ഉള്‍പ്പെടുന്നുണ്ട്. ആ പത്തില്‍ ഒരു മുസ്ലിം ഒരിക്കലും വരില്ല. ഒരു ലത്തീന്‍ കത്തോലിക്കന്‍ ഒരിക്കലും വരില്ല.

കുപ്രചരണം: മുസ്ലിംകള്‍ വീണില്ല

ഒരു സാമൂഹിക അനീതിക്കുവേണ്ടിക്കൂടിയാണ് ഇവര്‍ കോടതിയില്‍ പോയത് അല്ലെങ്കില്‍ വാദിക്കുന്നത് എന്ന പ്രശ്നമില്ലേ? അത് ജനത്തെ അറിയിക്കുക എന്നുള്ള ഉത്തരവാദിത്വം കൂടി ഇടതുപക്ഷത്തിനില്ലേ?
തീര്‍ച്ചയായിട്ടും. അത് ജനങ്ങള്‍ മനസ്സിലാക്കും. ഇത് യഥാര്‍ത്ഥത്തില്‍ സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ്. അവിടെ യു ഡി എഫും ചെറുതായിട്ട് അതിന്റെ പിന്നാലെ നിന്നുകൊടുത്തു. രണ്ടുവിഭാഗത്തെയും ഇടതുപക്ഷത്തിന് എതിരാക്കുക എന്ന ഉദ്ദേശ്യത്തില്‍. സംഭവിച്ചത് ഇരുകൂട്ടരും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സ്ഥിതിയാണ്. അവരുടെ കുബുദ്ധി വിലപ്പോയില്ല. ബുദ്ധിപരമായ ഇടപെടല്‍ അക്കാര്യത്തില്‍ മുസ്ലിംകള്‍ നടത്തി.

ബി ജെ പിയെ അധികാരത്തില്‍ കൊണ്ടുവരിക എന്നുള്ള സംഘ് അജണ്ട എടുത്താല്‍, കേരളത്തിലെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാതെ ആ ലക്ഷ്യം അവര്‍ക്കൊരിക്കലും സാധിക്കില്ല.
കേരളത്തില്‍ അമ്പത്തിമൂന്ന് ശതമാനം ഹിന്ദുക്കള്‍ ഉണ്ട്. ബാക്കി നാല്‍പത്തേഴ് ശതമാനവും ന്യൂനപക്ഷമാണ്. ന്യൂനപക്ഷത്തെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഇവിടെ ഒരു മുന്നണിക്കും ഒരു കക്ഷിക്കും ഭരിക്കാന്‍ പറ്റില്ല. അത് ബി ജെ പിക്ക് നന്നായിട്ടറിയാം. അവര്‍ക്ക് പിന്നെയും പെട്ടെന്ന് ആക്‌സസ് ചെയ്യാന്‍ പറ്റുന്നത് ക്രിസ്ത്യന്‍ കമ്യൂണിറ്റിയാണ്. മുസ്ലിംകളൊരിക്കലും ബി ജെ പിയെ സഹിക്കില്ല.

സംഘ് പദ്ധതി ക്രിസ്ത്യന്‍ സമൂഹത്തില്‍?

ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലേക്ക് കടന്നുകയറുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗം കൂടിയാണ് ഈ പറയുന്ന മുസ്ലിം പ്രീണനമെന്ന ആരോപണം?
അതെ, ഭരിക്കുന്ന ഗവണ്‍മെന്റ് മുസ്ലിംകളോട് മമത കാണിക്കുന്നു എന്ന പ്രചാരണം.

ലൗ ജിഹാദ് കേരളത്തില്‍ തുടങ്ങിയ സമയത്ത് ഇത് ആദ്യമായി ഏറ്റെടുത്തവരില്‍ കെ സി ബി സി ഉണ്ടായിരുന്നു. അവരുടെ മുഖമാസികയായ ജാഗ്രതയില്‍ ലൗ ജിഹാദ് ഉണ്ട് എന്ന് പറഞ്ഞ് വലിയ ലേഖനം അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ കുറേക്കൂടി പിന്നാക്കം പോയിക്കഴിഞ്ഞാല്‍ വിമോചന സമരകാലത്ത് സവര്‍ണ വര്‍ഗീയതയുമായിട്ട് വളരെപെട്ടെന്ന് ഐക്യപ്പെട്ടത് ക്രിസ്ത്യന്‍ സഭാ നേതൃത്വമായിരുന്നു. സ്വാഭാവികമായിട്ടും ക്രിസ്തീയസമുദായത്തിന് സംഘപരിവാറുമായിട്ട് പ്രയാസമില്ലാതെ ചേര്‍ന്നുപോകാന്‍ സാധിക്കുന്ന അവസ്ഥയുണ്ട്. ആ അപകടം മുന്നില്‍ കാണുന്നുണ്ടോ ഇടതുപക്ഷം, അതിനനുസരിച്ച് കുറേക്കൂടെ ശക്തമായ രാഷ്ട്രീയ നിലപാട് എടുക്കേണ്ടതല്ലേ?
ഒരു സംഘത്തെയും ബി ജെ പിയുടെ ആലയില്‍ എത്തിക്കാതെ നോക്കുക എന്നുള്ളതാണ് ഇടതുപക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ ലൈന്‍. ന്യൂനപക്ഷത്തിലായാലും ഭൂരിപക്ഷത്തിലായാലും ഒരു ഗ്രൂപ്പിനെയും ബി ജെ പിക്ക് വിട്ടുകൊടുക്കാതിരിക്കുക; അവരുടെ ആലയില്‍ എത്താതെ നോക്കുക എന്നുള്ളതാണ് ഇടതുപക്ഷം ഇവിടെ ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യം.

എം എ ബേബിയാണോ ശരി?

എം എ ബേബിയുടെ തുടര്‍ച്ചയായ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍, ഒന്ന് 80:20 കോടതിവിധി സംബന്ധിച്ചുള്ളതായിരുന്നു. രണ്ടാമത്തെ ദിവസം ലൗ ജിഹാദ് സംബന്ധിച്ചുള്ളതായിരുന്നു. ഇത് ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമല്ല, അവരെ പ്രതിനിധാനം ചെയ്ത് ഇടതുമുന്നണിയിലുള്ള രാഷ്ട്രീയകക്ഷികള്‍ക്കുള്ള മെസേജാണോ. സി പി എം എടുക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാട് ഇതാണ് എന്ന് എം എ ബേബി മുന്‍കൂട്ടി പറയുകയാണോ?
ഉറപ്പല്ലേ, കാരണം പോളിറ്റ് ബ്യൂറോ മെമ്പറല്ലേ അദ്ദേഹം. സിപിഎമ്മിന്റെ ഏറ്റവും വലിയ അപ്പര്‍ബോഡിയിലെ അംഗമാണല്ലോ അദ്ദേഹം. കേരളത്തില്‍നിന്ന് ആകെ നാല് പോളിറ്റ് ബ്യൂറോ മെമ്പര്‍മാരല്ലേ ഉള്ളൂ. ആ നാലുപേരില്‍ ഒരാളാണല്ലോ പറയുന്നത്. അത് സ്വാഭാവികമായിട്ടും സിപിഎമ്മിന്റെ നിലപാട് തന്നെയാണ്. അതല്ല എങ്കില്‍ സി പി എം പോലൊരു പാര്‍ട്ടി അപ്പോള്‍ തന്നെ തിരുത്തുമല്ലോ. അതിതുവരെ തിരുത്തിയിട്ടില്ല എന്നത് വ്യക്തമാക്കുന്നത് അത് സി പി എമ്മിന്റെ നിലപാട് തന്നെയാണ് എന്നുള്ളതാണ്.

എങ്ങനെ പരിഹരിക്കും?

സൊസൈറ്റിയില്‍ അനാവശ്യമായ പ്രശ്‌നങ്ങളുണ്ടാക്കാതെ, അനാവശ്യമായ സംശയങ്ങളുണ്ടാക്കാതെ, അനാവശ്യമായ വിദ്വേഷങ്ങളില്ലാതെ ഈ പ്രശ്നം എല്‍ ഡി എഫിന് പരിഹരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിലും ഈ വിഷയം നന്നായി പഠിച്ച ആള്‍ എന്നുള്ള നിലയിലുമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുസ്ലിം നേതാക്കന്മാരെയും ക്രൈസ്തവ നേതാക്കന്‍മാരെയും ഒരുമിച്ചിരുത്തി സംസാരിച്ചാല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ പറ്റും. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇതിനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ആളുകളില്‍ നിന്ന് അവരെ അടര്‍ത്തി നിര്‍ത്താനാകും. ലീഗ് ഇല്ലാതെ മുസ്ലിം സംഘടനകളെ നമുക്ക് വിളിക്കാന്‍ പറ്റണം. മുഖ്യമന്ത്രി അങ്ങനെ തന്നെയാണ് മതസംഘടനകളോട് സംവദിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലത്തിലല്ലല്ലോ. അതൊരു വലിയ സംഭവമാണ്. അതാണ് അദ്ദേഹത്തിന്റെ ഒരു ലൈന്‍ ഇഷ്ടപ്പെടാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. ഒരു മധ്യവര്‍ത്തിയുടെ സാന്നിധ്യമില്ലാതെയാണ് മുസ്ലിം സമുദായവുമായിട്ട് ഇപ്പോള്‍ ബന്ധപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് പരിഹരിക്കുമെന്നാണ് എന്റെ ശുഭാപ്തി വിശ്വാസം. ഈ തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കാന്‍ പറ്റുമെന്നാണ് എന്റെ ഉറച്ച ധാരണ.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന സംഘപരിവാര അജണ്ട ഫലം കാണാത്ത വിധത്തില്‍ പരിഹരിക്കപ്പെടും.
തീര്‍ച്ചയായിട്ടും. കാരണം ഒരിടത്തും വിഭജനമുണ്ടാക്കാന്‍ സംഘപരിവാറിന് അവസരം കൊടുക്കാതിരിക്കാനുള്ള സമീപനം സ്വീകരിക്കുന്ന ആളാണ് നമ്മുടെ മുഖ്യമന്ത്രി.

ഡോ. കെ ടി ജലീല്‍/ രാജീവ് ശങ്കരന്‍

You must be logged in to post a comment Login