അപ്രഖ്യാപിത വധശിക്ഷ

അപ്രഖ്യാപിത വധശിക്ഷ

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതു തത്വം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ആപ്തവാക്യത്തിന്റെ തുടര്‍ച്ചയാണത്. എന്നാല്‍, കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എ പി എയുടെ 43ഡി(5) വകുപ്പ് ഈ തത്വത്തിന് വിരുദ്ധമാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ പ്രതിയ്ക്ക് ജാമ്യം നല്‍കരുത് എന്നാണ് ഈ വകുപ്പില്‍ പറയുന്നത്. വിചാരണപോലും നേരിടാതെ എത്രയോ പേര്‍ തടവറകളില്‍ നരകിക്കുന്നത് ഈ വകുപ്പു കാരണമാണ്. അതിനെ ചോദ്യം ചെയ്താണ്, ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ്, ഫാദര്‍ സ്റ്റാന്‍ സ്വാമി ഏറ്റവുമൊടുവില്‍ കോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയ്ക്ക് ഹര്‍ജി പരിഗണിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പ് കസ്റ്റഡിയില്‍ത്തന്നെ അദ്ദേഹത്തിന്റെ ജീവനൊടുങ്ങി.

പക്ഷേ, മറ്റൊരു ഹര്‍ജി അതേ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗംകൊണ്ടും വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍കൊണ്ടും വലയുന്ന ആ എണ്‍പത്തിനാലുകാരന്‍ ചികിത്സക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി. ജൂൈല അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ജസ്റ്റിസ് എസ് എസ് ഷിന്ദേയും എന്‍ ജെ ജമാദാറുമടങ്ങുന്ന ബെഞ്ച് ആ ഹര്‍ജി വീണ്ടും വാദത്തിനെടുത്തപ്പോള്‍ സ്വാമിയെ ചികിത്സിക്കുന്ന ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു വിവരം അറിയിക്കാനുണ്ടെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. ഉച്ചയോടെ സ്വാമി മരണമടഞ്ഞ വിവരം ഡോക്ടര്‍ ഇയാന്‍ ഡിസൂസ കോടതിയെ അറിയിച്ചു. സ്വാമിയുടെ മരണവാര്‍ത്തയില്‍ കോടതി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. കള്ളന്മാരും കൊള്ളക്കാരും ഭരണത്തിന്റെ തണലില്‍ അരങ്ങുതകര്‍ക്കുന്ന അതേ നാട്ടില്‍ ആദിവാസികള്‍ക്കുവേണ്ടി ശബ്ദിക്കുന്നുവെന്ന കുറ്റത്തിന് രോഗിയായ ഒരു വയോധികനെ ജാമ്യംപോലും നിഷേധിച്ച് തടവിലിട്ട കോടതി അദ്ദേഹം മരിച്ചെന്നറിഞ്ഞപ്പോള്‍ നടുക്കം പ്രകടിപ്പിച്ചു കൈ കഴുകി.
കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തി തടങ്കലിലടയ്ക്കപ്പെട്ട സ്റ്റാന്‍ സ്വാമിയോട് അന്വേഷണ ഏജന്‍സികളെപ്പോലെത്തന്നെ നീതിപീഠവും ദയ കാണിച്ചില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പരത്തിയ ആ പുരോഹിതനുണ്ടായ ദുര്‍വിധിയെ മനുഷ്യത്വത്തിനു മേല്‍ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായേ വിശേഷിപ്പിക്കാനാവൂ. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മാവോവാദി ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റു ചെയ്തത്. യുഎപിഎ ചുമത്തപ്പെട്ട ആ വയോധികനെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന സ്വാമിക്ക് ജയിലില്‍ കൊവിഡ് പടര്‍ന്നിട്ടുപോലും ജാമ്യം കിട്ടിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ച് സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളിയപ്പോള്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നല്‍കാതെ ചികിത്സയ്ക്കായി ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുന്നതാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം ഹെക്കോടതിയെ അറിയിച്ചു. എന്‍ഐഎയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ മേയ് 28ന് ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍വെച്ച് സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണവുമായി മല്ലിട്ട് ഒരുമാസക്കാലം ആശുപത്രിയില്‍ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വിധികാത്ത് ഹൈക്കോടതിയില്‍ കിടക്കുകയായിരുന്നു.

ഝാര്‍ഖണ്ഡില്‍, റാഞ്ചിയിലെ ആശ്രമത്തില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സുണ്ട്. കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗവും. കൈവിറയ്ക്കുന്നതുകൊണ്ട് ഗ്ലാസെടുത്ത് വെള്ളം കുടിക്കാന്‍ പറ്റില്ല. സ്ട്രോ ഘടിപ്പിച്ച സിപ്പറാണ് ഉപയോഗിക്കാറ്. അറസ്റ്റു ചെയ്യുമ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ്പര്‍ ജയിലിലെത്തിയപ്പോള്‍ സ്വാമിക്ക് കിട്ടിയില്ല. അതിനുള്ള അപേക്ഷ ജയിലധികൃതര്‍ അവഗണിച്ചപ്പോള്‍ സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി എന്‍ഐഎയുടെ മറുപടി തേടി. മറുപടി നല്‍കാന്‍ സമയം വേണമെന്ന് എന്‍ഐഎ പറഞ്ഞു. സ്വാമിയുടെ സിപ്പര്‍ തങ്ങളെടുത്തില്ലെന്ന് 20 ദിവസത്തിനു ശേഷം അവര്‍ മറുപടി നല്‍കി. ഒരു വയോധികന് വെള്ളം കുടിക്കാന്‍ ഗ്ലാസു നല്‍കണോ വേണ്ടേ എന്നു തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഴ്ചകള്‍ നീളുമെന്നു വന്നപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇറങ്ങി. തലോജ ജയിലിലേക്കും മുംബൈ എന്‍ഐഎ ഓഫീസിലേക്കും കഴിഞ്ഞ നവംബറില്‍ തപാലില്‍ നൂറുകണക്കിനു സിപ്പറുകളെത്തി. കണ്‍മുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാന്‍ കഴിയാതെ പിടയുന്ന മനുഷ്യന് അതുകുടിക്കാന്‍ പറ്റിയ പാത്രം നല്‍കാനുള്ള നടപടി അതിനു ശേഷമാണുണ്ടായത്.

റോമന്‍ കത്തോലിക്കാ സഭയിലെ സന്യാസസമൂഹമായ ഈശോസഭയുടെ പുരോഹിതനായ സ്വാമി അരമനയിലിരുന്ന് സുഖിക്കുന്നതല്ല, പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് ദൈവമാര്‍ഗം എന്നു വിശ്വസിച്ചയാളായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26ന് ജനിച്ച സ്റ്റാനിസ്ലോസ് ലൂര്‍ദ് സ്വാമി മതപഠനത്തിന്റെ ഭാഗമായി ബിഹാറില്‍ പരിശീലനത്തിനു ചെന്നപ്പോഴാണ് ആദിവാസികളുടെ ജീവിതയാതന കണ്ടറിയുന്നത്. ഉപരിപഠനത്തിനായി ഫിലിപ്പീന്‍സിലെത്തിയപ്പോള്‍ ജീവനോപാധികള്‍ കൈയേറപ്പെടുന്നതിനെതിരെ തദ്ദേശീയ ജനത നടത്തുന്ന ചെറുത്തുനില്‍പുകള്‍ ഗവേഷണവിഷയമായി. അവിഭക്ത ബിഹാറിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ആദിവാസികള്‍ക്ക് സഹായമെത്തിച്ചു. അവരെ അവകാശങ്ങളെപ്പറ്റി ബോധവത്കരിച്ചു. അതിനായി പോരാടാന്‍ പ്രേരിപ്പിച്ചു. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആദിവാസികള്‍ മാത്രമടങ്ങിയ ഉപദേശക സമിതി രൂപവത്കരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിലെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാത്തതിനെ ചോദ്യം ചെയ്തു.
ഇതിനിടെ സ്വാഭാവികമായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുമായി അദ്ദേഹം ബന്ധപ്പെട്ടു. അക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരും ജയപ്രകാശ് നാരായണന്റെ ശിഷ്യരും ഉണ്ടായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടത്തോട്ട് ചായുന്നെന്ന് സഹവൈദികരില്‍ ചിലര്‍ പരാതിപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഝാര്‍ഖണ്ഡിലെ ഖനിലോബികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെയാണ് സ്റ്റാന്‍ സ്വാമി അവിടത്തെ അന്നത്തെ ബിജെപി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാകുന്നത്. ആദിവാസികളുടെ ഭൂമിയില്‍ നിന്ന് അവരെ കുടിയൊഴിപ്പിച്ചതിനെതിരെ പോരാടിയ യുവാക്കളെയൊക്കെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെ സ്വാമി എതിര്‍ത്തു. അതിനെതിരെ ലേഖനങ്ങളെഴുതി. അവരെ പുറത്തിറക്കാന്‍ നിയമയുദ്ധം നടത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ ഉപയോഗിക്കാവുന്ന മാവോവാദി മുദ്ര സ്വാമിക്കുമേല്‍ ചാര്‍ത്തപ്പെടുന്നത് അങ്ങനെയാണ്. ഭീമ കോറേഗാവ് സംഭവം അധികാരികള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു.

ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിന് പൂനെയ്ക്കടുത്ത് കോറേഗാവിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ പൂനെ പൊലീസ് കേസെടുത്തത്. ബ്രിട്ടീഷ് ഭരണകാലത്ത് മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തില്‍ അക്കാലത്തെ ജാതി സംഘര്‍ഷത്തിന്റെ അടരുകള്‍കൂടിയുണ്ട്. മഹര്‍ യോദ്ധാക്കളും അവരെ അടിച്ചമര്‍ത്തിയിരുന്ന പേഷ്വകളുമായുള്ള യുദ്ധമായാണ് അംബേദ്കര്‍ അതിനെ വ്യാഖ്യാനിച്ചത്. ജാതിയുടെ പേരില്‍ തങ്ങളെ ഒഴിച്ചുനിര്‍ത്തിയ പേഷ്വകള്‍ക്കെതിരേ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് മഹറുകള്‍ നേടിയ വിജയം ദളിത് ആത്മാഭിമാനത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ ഇരുനൂറാം വാര്‍ഷികം മഹാദളിത് സംഗമമായി മാറ്റാനായിരുന്നു പദ്ധതി. അതിനു മുന്നോടിയായാണ് എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ ദളിത് പാര്‍ലമെന്റ് വിളിച്ചുകൂട്ടിയത്. ദളിതര്‍ സംഘടിക്കുന്നത് ഭീഷണിയായി കണ്ട ഹിന്ദുത്വ സംഘടനകളാണ് സംഗമത്തിന് മുമ്പുതന്നെ ഭീഷണിയും ആക്രമണങ്ങളും തുടങ്ങിയത്. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചപ്പോള്‍ അക്കൊല്ലത്തെ യുദ്ധവാര്‍ഷികം സംഘര്‍ഷത്തില്‍ മുങ്ങി. പിന്നീടു നടന്നത് തികച്ചും വിചിത്രമായ കാര്യങ്ങളാണ്.

യുദ്ധവാര്‍ഷികം അലങ്കോലമാക്കുന്നതിന് ദളിത് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ആസൂത്രണം ചെയ്തത് ഹിന്ദുത്വ നേതാക്കളായ സംഭാജി ബിഡേയും മിലിന്ദ് ഏക്ബോട്ടേയും ചേര്‍ന്നാണ് എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അവരെയല്ല പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ മാവോവാദി ബന്ധം ആരോപിച്ച പൊലീസ് എല്‍ഗാര്‍ പരിഷത്തുമായി ഒരു ബന്ധവുമില്ലാത്ത സാമൂഹിക പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഒന്നാം മോഡി സര്‍ക്കാരിന്റെ കാലം തുടങ്ങി ഇപ്പോഴും തുടരുന്ന വേട്ടയുടെ തുടര്‍ച്ചയായി ഈ സംഭവത്തെ മഹാരാഷ്ട്ര പൊലീസ് മാറ്റിയെടുത്തു. മഹാരാഷ്ട്രയില്‍ ബിജെപി ഇതര ഭരണം വന്നപ്പോള്‍ കേന്ദ്രം കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചു. ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് റോണ വില്‍സണ്‍, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, വനിതാവിമോചന പ്രവര്‍ത്തകയും നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെന്‍, മറാഠി ബ്ലോഗ് എഴുത്തുകാരന്‍ മഹേഷ് റാവുത്ത്, തൊഴിലാളി നേതാവ് സുധ ഭരദ്വാജ്, വിപ്ലവ കവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ അറസ്റ്റിലായപ്പോള്‍ അവര്‍ തന്നെയും തേടിയെത്തുമെന്ന് സ്റ്റാന്‍ സ്വാമിക്ക് ഉറപ്പുണ്ടായിരുന്നു. ‘ഇത് എന്റെ മാത്രം അനുഭവമല്ല. രാജ്യമെമ്പാടും പ്രമുഖരായ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജയിലിടയ്ക്കപ്പെടുകയാണ്. അതിന് മൂകസാക്ഷിയായി നല്‍ക്കാന്‍ നമുക്കു കഴിയില്ല. അതില്‍ പങ്കാളിയാകാനേ പറ്റൂ’, അറസ്റ്റിനു മുമ്പ് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഭീമ കൊറേഗാവ് കേസില്‍ സൈബര്‍ തെളിവുകള്‍ എന്ന പേരില്‍ രേഖകളുടെ ആധികാരികത അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍ നിരാകരിച്ചിട്ടുണ്ട്. ഇതേ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട റോണ വില്‍സന്റെ ലാപ്ടോപ് ഹാക്ക് ചെയ്ത്, അദ്ദേഹം അറിയാതെ സ്ഥാപിച്ചതാണ് കുഴപ്പം പിടിച്ച മെയിലുകളെന്നാണ് അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയത്. സംഘര്‍ഷത്തിനു പിന്നില്‍ മാവോവാദി ഗൂഢാലോചനയാണെന്നും തടവിലായവര്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവും. പക്ഷേ, പ്രതികള്‍ക്കെതിരെ യുഎപിഎ പോലുള്ള കിരാത നിയമം ചുമത്താന്‍ ഈ ആരോപണങ്ങള്‍ മതി. പിന്‍വലിക്കപ്പെട്ട ടാഡയെയും പോട്ടയെയും പോലെ ഇന്നത്തെ ഏറ്റവും വലിയ അടിച്ചമര്‍ത്തല്‍ ഉപാധിയാണ് ഈ നിയമം. ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതികളെ എത്രകാലം വേണമെങ്കിലും തടങ്കലിലിടാം എന്നതാണ് കരിനിയമങ്ങളുടെ കാതല്‍. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ജാമ്യവും നിഷേധിക്കാം.

ലൈംഗികാതിക്രമകേസിലെ പ്രതിയായ ഫ്രാങ്കോയ്ക്കു വേണ്ടി കോടതികളും ജയിലുകളും കയറിയിറങ്ങുകയും രാഷ്ട്രീയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുകയും ചെയ്ത ക്രിസ്തീയ മതനേതൃത്വം ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് വേണ്ടി കാര്യമായൊന്നും ചെയ്തില്ല. അവരില്‍ പലരും അപരവിദ്വേഷം പടര്‍ത്താനുള്ള സംഘി പ്രചാരണങ്ങള്‍ക്കു പിന്നാലെയായിരുന്നു. സ്റ്റാന്‍ സ്വാമിക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു ചെറിയ ന്യൂനപക്ഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ശബ്ദമാകട്ടെ ആരും കേള്‍ക്കാതെ പോയി. ആരോഗ്യം വഷളായതുകൊണ്ടുമാത്രം സംഭവിച്ചതല്ല, സ്റ്റാന്‍ സ്വാമിയുടെ മരണം. മറിച്ച്, ഭരണകൂട ഭീകരതയുടെയും ജുഡീഷ്യല്‍ അവഗണനയുടെയും ഫലമായിക്കൂടി സംഭവിച്ചതാണ്. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ അതിക്രൂരമായ കസ്റ്റഡി കൊലപാതകമാണിത്. അപ്രഖ്യാപിത വധശിക്ഷ.

എസ് കുമാര്‍

You must be logged in to post a comment Login