പത്തേമാരിയിലേറി സഞ്ചരിച്ച കാലം

പത്തേമാരിയിലേറി സഞ്ചരിച്ച കാലം

എന്റെ തറവാട്ടില്‍നിന്ന് 200 മീറ്റര്‍ മാത്രമേ അകലമുണ്ടായിരുന്നുള്ളൂ അന്നത്തെ പൊന്നാനി തുറമുഖത്തേക്ക്. ഓര്‍മവെച്ച കാലം മുതല്‍ തന്നെ കപ്പലില്‍ നിന്ന് ചരക്കുകള്‍ കരയിലേക്ക് കൊണ്ടുവന്നിരുന്ന കാര്‍ഗോ വഞ്ചികളുടെയും തൂത്തുക്കുടിയില്‍ നിന്ന് സര്‍ക്കാര്‍ ഉപ്പുമായി എത്തിയിരുന്ന പെട്ടിപ്പത്തേമാരിയടക്കം വിവിധ പത്തേമാരികളുടെയും കയറ്റിറക്ക് യഥേഷ്ടം കാണാന്‍ അവസരം ലഭിച്ചു. മിക്കപ്പോഴും പുറംകടലില്‍ നങ്കൂരമിട്ട കപ്പലുകളുടെ സൈറന്‍മുഴക്കവും കേള്‍ക്കാറുണ്ട്. വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സീസണ്‍ മുട്ടിയ അവസരങ്ങളില്‍ അങ്ങാടിയിലെത്തിയിരുന്ന പത്തേമാരി തൊഴിലാളികളെയും കാണാം. ഇവരുടെ കുട്ടികള്‍ ഭൂരിപക്ഷവും പഠിച്ചിരുന്നത് ടി ഐ യുപി സ്‌കൂളിലായിരുന്നു. അവിടെ അധ്യാപകനായ കാലത്ത് ആ കുട്ടികളെ പഠിപ്പിക്കാനും ട്യൂഷന്‍ നല്‍കാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. തന്മൂലം ഇവരുടെ ജന്മദേശമായ അഴീക്കല്‍ പ്രദേശവുമായി ബന്ധപ്പെടാനും ജീവിതരീതികള്‍ ഗ്രഹിക്കാനും സാധിച്ചു. ഇതെല്ലാം വിശദമായി പഠിച്ച് എഴുതാന്‍ ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് പത്തേമാരി ചരിത്രകാരനും സ്രാങ്കുമായ പ്രിയ സുഹൃത്ത് കെ കെ കാദര്‍ക്ക 2021 ജൂണ്‍ 9 ബുധനാഴ്ച മരണപ്പെടുന്നത്. അദ്ദേഹവുമായുള്ള സുഹൃദ്ബന്ധം ആരംഭിക്കുന്നത് 1983 അവസാനത്തോടെയാണ്. ക്രമാനുഗതമായി ആ ബന്ധം സുദൃഢമായി അദ്ദേഹത്തിന്റെ ജീവിതാന്ത്യംവരെ തുടര്‍ന്നു. പൊന്നാനിയിലെ മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച് പലതുകൊണ്ടും വ്യത്യസ്തമായതാണ് ഇവരുടെ ജീവിതരീതികള്‍.

വഞ്ചിത്തൊഴിലാളികള്‍
ശറഫഞ്ചും പ്രധാനികള്‍
മൊഞ്ചായുള്ള ജീവിതം
മൊഞ്ചായുള്ള ജീവിതം
തഞ്ചത്തില്‍ പൂര്‍വികര്‍
വഞ്ചിച്ചബര്‍കള്‍
കെഞ്ചി മുതലാളിമാരെ
കൊഞ്ചി അന്നാളുകള്‍
എന്നിങ്ങനെ വിവിധ പാട്ടുകള്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
പൊന്നാനി തീരപ്രദേശത്ത് വസിക്കുന്നവരില്‍ കൂടുതലും മത്സ്യത്തൊഴിലാളികളാണ്. എന്നാല്‍ 1980 വരെ ഇവരില്‍ വലിയൊരു വിഭാഗം പത്തേമാരിത്തൊഴിലാളികളായിരുന്നു. കര, വ്യോമ ഗതാഗതം വ്യാപിച്ചതോടെ ഈ തൊഴില്‍ സാധ്യത ഇല്ലാതായി. തുടര്‍ന്ന് ബഹുഭൂരിപക്ഷം പേര്‍ മത്സ്യബന്ധനത്തിലേക്കും മറ്റു തൊഴില്‍മേഖലകളിലേക്കും ചേക്കേറി. വേറെ ചിലര്‍ ഗള്‍ഫിലേക്കും കുടിയേറി. ടിപ്പുസുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് അഴീക്കല്‍ പ്രദേശത്തായിരുന്നു ഇവര്‍ വസിച്ചിരുന്നത്. അഴിമുഖത്തിന്റെ സമീപപ്രദേശമായതിനാലാണ് അഴീക്കല്‍ എന്ന് അറിയപ്പെട്ടത്. പൊന്നാനിയില്‍ ഈ തൊഴിലാളിവിഭാഗം നൂറുശതമാനവും മുസ്ലിംകളാണ്. നാടിന്റെ സാമ്പത്തികഗതി നിര്‍ണയിക്കുന്നതിലും ദേശത്തിന്റെ സുരക്ഷയൊരുക്കുന്നതിലും ഇവര്‍ സുപ്രധാന പങ്കുവഹിച്ചു.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയിലാദ്യമായി കടലിലും ചിലപ്പോള്‍ കരയിലും പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ 1500 മുതല്‍ 1600 വരെ നടന്ന ഒരു നൂറ്റാണ്ടുനീണ്ട യുദ്ധത്തില്‍ അടരാടി നിരവധി ജീവനുകള്‍ ബലിയര്‍പ്പണം നടത്തിയ മരക്കാര്‍മാരുടെയും, യന്ത്രവല്‍കൃത കപ്പലുകള്‍ കടലില്‍ വ്യാപകമാകുന്നതിനു മുമ്പ് പായക്കപ്പലുകളില്‍ കച്ചവടാവശ്യാര്‍ഥം കടല്‍ കടന്ന് ഇവിടെയെത്തിയ തൊഴിലാളികളുടെയും പിന്‍മുറക്കാരാണ് ഇവരെന്നാണ് ചരിത്രവീക്ഷണം. കടലുമായുള്ള ആത്മബന്ധവും ആകാരപ്രകൃതിയും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച കുടുംബബന്ധങ്ങളും ജീവിതരീതികളും ഈ വീക്ഷണത്തിന് പിന്‍ബലം നല്‍കുന്നു.

ഒരുതവണ രാജ്യസഭ മെമ്പര്‍, രണ്ടുതവണ ലോക്‌സഭ മെമ്പര്‍, രണ്ടുതവണ എം എല്‍ എ, മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ച ഇ കെ ഇമ്പിച്ചിബാവ പിറന്നുവളര്‍ന്നതും ഈ പ്രദേശത്താണ്. ഇത്രയും വ്യത്യസ്ത പദവികള്‍ ഒന്നിച്ചു വഹിച്ച മറ്റൊരു സമുന്നത കമ്മ്യൂണിസ്റ്റ് മുസ്ലിം നേതാവ് കേരളത്തിലില്ല. വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തീരപ്രദേശങ്ങള്‍ പിന്നണിയിലായിരുന്ന കാലത്ത് പി ആലിമുഹമ്മദ്, പി ഇബ്രാഹീംകുട്ടി മാസ്റ്റര്‍, കെ കെ അസൈനാര്‍ മാസ്റ്റര്‍, എ ഉമ്മര്‍, കെ മുഹമ്മദ് കുട്ടി (ദര്‍ക്കാസ്) എന്നിവര്‍ 1960 ന് മുമ്പ് ഇവിടെ നിന്ന് എസ് എസ് എല്‍ സി പാസ്സായി കേരളത്തിലെ മറ്റു മുസ്ലിം തീരപ്രദേശങ്ങള്‍ക്ക് മാതൃകയായി. മുഹമ്മദ് കുട്ടി ഒഴിച്ച് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ആലിമുഹമ്മദ് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് എം എ പാസായതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ലേബര്‍ കമ്മീഷണറുടെ പദവിയും വഹിച്ചു.

തുറമുഖത്തിന്റെ ചരിത്രം
ഏതൊരു തുറമുഖത്തിന്റെയും ചരിത്രം അതിന്റെ പിന്നാമ്പുറ പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ പഠിക്കാന്‍ കഴിയൂ എന്നാണ് ഭൂരാഷ്ട്ര സിദ്ധാന്തങ്ങള്‍ പറയുന്നത്. നാണ്യവിളകളില്‍നിന്ന് ലഭിക്കുന്ന ലാഭം കൊണ്ട് ഉടമസ്ഥരും തൊഴിലാളികളും ആശ്രിതരും ജീവിക്കുന്നു. അകഭൂമികളുടെ ഫലപുഷ്ടി സമ്പന്നജീവിതം നയിക്കുന്ന ഒരു വിഭാഗത്തെ പ്രാചീന കാലംമുതല്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് സുഖവും സന്തോഷവും നുകരാന്‍ കരകൗശല വിദ്യകളും കലയും സാഹിത്യവുമെല്ലാം രൂപപ്പെട്ടു. അതിപ്രാചീന കാലത്ത് വൈദേശികരുടെ തീന്‍മേശകളെ രുചികരമാക്കുന്നതില്‍ നമ്മുടെ കുരുമുളക് മുഖ്യപങ്കുവഹിച്ചു. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങള്‍ നയതന്ത്രങ്ങളെ ഊഷ്മളമാക്കി.
ആദ്യകാലത്ത് ലോകത്തിലെ വിവിധ ഭൂഖണ്ഡത്തിലെ രാജ്യങ്ങളെയും ജീവിതരീതികളെയും കാലാവസ്ഥയെയും കണ്ടെത്തുന്നതിലും പഠിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചവരാണ് പത്തേമാരി(ഉരു) സഞ്ചാരികള്‍. അറേബ്യയിലെ സിയാഗ്രസ് ദേശത്തുനിന്നു പടിഞ്ഞാറന്‍ കാറ്റിന്റെ സഹായത്തോടെ പായക്കപ്പലുകള്‍ക്ക് ഒന്നരമാസംകൊണ്ട് കേരള തീരങ്ങളില്‍ എത്താന്‍ കഴിയുമെന്ന് എ.ഡി.45ല്‍ യവന നാവികന്‍ ഹിപ്പാലസ് കണ്ടെത്തി. ക്രമാനുഗതമായി അനുകൂലമായ കാലാവസ്ഥയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നൂറില്‍പരം പായക്കപ്പലുകളാണ് ചരക്കുകളുമായി കേരളതീരങ്ങളിലെത്തിയത്. ഇത്രയേറെ കപ്പലുകള്‍ ഒരു തുറമുഖത്ത് മാത്രം നങ്കൂരമിട്ടാല്‍ ചരക്കുകള്‍ വിറ്റഴിക്കാനും പകരം കുരുമുളകും മറ്റു പലവ്യഞ്ജനങ്ങളും ശേഖരിക്കാനും പ്രയാസം നേരിടുമെന്ന് മനസിലാക്കി പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളായിരുന്ന കൊടുങ്ങല്ലൂര്‍, ചേറ്റുവ, തെക്കന്‍ കൊല്ലം, പൊന്നാനി, കോഴിക്കോട്, പന്തലായനി തുടങ്ങിയ തുറമുഖങ്ങളിലെല്ലാം കപ്പലുകള്‍ നങ്കൂരമിട്ടു. മധ്യകാലഘട്ടത്തില്‍ ലോകത്തിലെ എല്ലാ തുറമുഖങ്ങളിലും അറബി വ്യാപാരികള്‍ സജീവമായി. ചൈന മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരമായ മുസാമ്പ വരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു അവരുടെ വ്യാപാരമേഖല. കൊല്ലം, കൊടുങ്ങല്ലൂര്‍, പൊന്നാനി, കോഴിക്കോട് തുടങ്ങിയവയായിരുന്നു ഈ പാതയിലെ പ്രധാന തുറമുഖങ്ങള്‍.

തമിഴ്നാട്ടില്‍നിന്ന് പാലക്കാട് ചുരം കടന്ന് ഭാരതപ്പുഴയിലൂടെ എത്തിയിരുന്ന ചരക്കുകള്‍ പൊന്നാനി തുറമുഖത്തുനിന്ന് പായക്കപ്പലുകളില്‍ അറേബ്യന്‍ നാടുകളിലേക്ക് കയറ്റിയയക്കുകയും അവിടെനിന്ന് ചരക്കുകളോടൊപ്പം ഇറക്കുമതി ചെയ്തിരുന്ന നല്ലയിനം കുതിരകളെ പൊന്നാനി തുറമുഖത്തിറക്കി തൃത്താലയുടെ മറുകര കുളമുക്ക് ചന്തയിലെത്തിക്കുകയും കുതിരച്ചെട്ടികള്‍ മുഖേന വിജയനഗരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.

പൊന്നാനിയുടെ പ്രാന്തപ്രദേശങ്ങളിലെ വയലുകളും നിളയുടെ ഓരത്തെ മലകളും കുന്നുകളും കാടുകളും മലഞ്ചരക്കുകള്‍, ധാന്യങ്ങള്‍, ഉരുപ്പടികള്‍ ധാരാളമായി ഉല്പാദിപ്പിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങള്‍ കലയും സാഹിത്യവും കരകൗശല വിദ്യകളും പരിപോഷിപ്പിച്ചു. ജലസമ്പന്നമായ പുഴയിലൂടെ സംസ്‌കാരവും ഉല്പന്നങ്ങളും തുറമുഖത്തെത്തി. ഇവിടെ വിദേശവിപണനത്തിനായി കപ്പലുകള്‍ നങ്കൂരമിട്ട് കയറ്റുമതിയും പൊന്നുപോലുള്ള വിലപിടിപ്പുള്ളവ ഇറക്കുമതിയും ചെയ്തിരുന്നു. നിളയുടെ ഓരങ്ങളില്‍നിന്നും വിവിധ തീരങ്ങളില്‍ നിന്നും കേരളത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നും പുറംനാടുകളില്‍നിന്നുള്ള ധാരാളം വ്യാപാരപാതകള്‍ അവസാനിക്കുന്ന ഇടമായിരുന്നു പൊന്നാനി തുറമുഖം.

വിവിധ പ്രദേശങ്ങളിലെ ചരക്കുകള്‍ ധാരാളം ലഭിച്ചിരുന്നതുകൊണ്ടും ഇറക്കുന്ന ചരക്കുകള്‍ വിവിധ പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ പറ്റിയ സ്ഥലമായതിനാലും വിദേശവ്യാപാരികള്‍ ഈ തുറമുഖത്തേക്ക് വരാന്‍ ഇഷ്ടപ്പെട്ടിരുന്നു. ധാരാളം മറുനാടന്‍ വ്യാപാരികളും ഗുജറാത്ത് കച്ച് ദേശക്കാരായ ആലായീസ് മേമന്‍ വിഭാഗത്തില്‍പെട്ട മുസ്ലിം വ്യാപാരികളും (കച്ചീകാര്‍) ഗുജറാത്ത് ബ്രാഹ്മണരും (സേട്ടുജിമാര്‍) എത്തി. സ്വാതന്ത്ര്യത്തോടെ കച്ചീക്കാര്‍ ഇവിടെ വിട്ടെങ്കിലും സേട്ടുജിമാര്‍ പ്രമുഖ പത്തേമാരി മുതലാളിമാരായി. അവരുടെ സംഖ്യ ഇപ്പോള്‍ നാമമാത്രമാണ്.

പൊന്നാനിപ്പുഴക്ക്(ഭാരതപുഴ) അക്കാലത്ത് നല്ല ആഴവും വീതിയുമുണ്ടായിരുന്നു. അതിനാല്‍ പായക്കപ്പലുകള്‍ക്ക് വളരെ ദൂരം ഉള്ളിലേക്ക് കടന്നുചെന്ന് നങ്കൂരമിടാന്‍ പറ്റുമായിരുന്നു. പുഴയില്‍ മണല്‍ നിറഞ്ഞത് കാലക്രമേണയാണ്. മലമ്പുഴ അടക്കമുള്ള ഡാമുകള്‍ വന്നതോടുകൂടി പുഴയിലൂടെ ചരക്കു വഞ്ചികള്‍ക്ക് സഞ്ചാരം പ്രയാസമായിത്തീര്‍ന്നു. ക്രമേണ ചരക്കുഗതാഗതം നിലച്ചു.

മുസ്ലിംകളും സമുദ്രവ്യാപാരവും
18-ാം നൂറ്റാണ്ടിന്റെ മധ്യം വരെ തദ്ദേശീയരായ മുസ്ലിംകള്‍ സമുദ്രവ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ചവരും പായക്കപ്പല്‍ നിര്‍മാണത്തില്‍ മികവ് തെളിയിച്ചവരും കപ്പലുകളുടെ അധിപന്മാരുമായിരുന്നു. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ കയറ്റിയിറക്ക് നടത്തിയിരുന്ന പായക്കപ്പലുകള്‍, പത്തേമാരികള്‍ തുടങ്ങിയ വിവിധ തരം യാനപാത്രങ്ങളാല്‍ സജീവമായിരുന്നു അക്കാലത്ത് ഇവിടം. മലബാറിലെയും കര്‍ണാടകയിലെയും തീരപ്രദേശ മുസ്ലിം കച്ചവടക്കാര്‍ ഇവിടം കേന്ദ്രീകരിച്ച് കച്ചവടം തുടങ്ങി. അത് ദേശത്തിലെ മുസ്ലിം ക്രോഡീകരണത്തിനും കച്ചവട പുരോഗതിക്കും സുപ്രധാന പങ്കുവഹിച്ചു.

പത്തേമാരി പൊന്നാനിക്കാരുടേതാണെങ്കിലും ബ്രോക്കര്‍മാര്‍ മുഖേന കോഴിക്കോടുനിന്നും മംഗലാപുരത്തു നിന്നും ഇതര തുറമുഖങ്ങളില്‍ നിന്നും ചരക്കുകള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്തിരുന്നു. യാമം മാറിയാണു(ഷിഫ്റ്റ്) ജോലി നിര്‍വഹണം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അക്കാലത്ത് പൊന്നാനിയില്‍ നിന്നും യാത്ര തിരിച്ച പത്തേമാരികള്‍ രണ്ടാഴ്ചക്കകം ബോംബെയില്‍ എത്തിച്ചേര്‍ന്നിരുന്നു. തിരിച്ചെത്താന്‍ അത്ര ദിവസം വേണ്ടിവന്നില്ല. പ്രതികൂലമായാല്‍ ഒരു മാസവും ചിലപ്പോള്‍ അതിനപ്പുറവും വേണ്ടിവരും.

ഇന്റര്‍നെറ്റ് സംവിധാനത്തിനു പുറമേ വയര്‍ലെസ്സ്, ജി പി എസ്, ഹാം റേഡിയോ, സാറ്റ്ലൈറ്റ് ഫോണ്‍, ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍, സഞ്ചാരികള്‍ക്ക് നടുക്കടലില്‍നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ബന്ധപ്പെടാന്‍ പറ്റുന്ന ഉപഗ്രഹ സൗകര്യങ്ങള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മലകള്‍, കെട്ടിടങ്ങള്‍, തുരുത്തുകള്‍, കോട്ടകള്‍, സൂര്യചന്ദ്രനക്ഷത്രാദികള്‍, വടക്കുനോക്കിയന്ത്രം(കോംപസ്), കടല്‍പ്പക്ഷികള്‍, കാറ്റിന്റെയും ഒഴുക്കിന്റെയും ഗതി, ആകാശത്തിന്റെയും സമുദ്രത്തിന്റെയും നിറംമാറ്റങ്ങള്‍, ജീവജാലങ്ങള്‍, കമാന്‍ എന്ന് പേരുള്ള ചെറിയ മരപ്പെട്ടി, രാത്രികളില്‍ ദീപസ്തംഭം, കപ്പലുകളുടെ ലൈറ്റുകള്‍ തുടങ്ങിയവയാണ് ദിശയും ദേശവും നിര്‍ണയിച്ചിരുന്നത്.

പുലര്‍കാല നക്ഷത്രം (കൊറ്റി) ഉദിക്കല്‍ സമയനിര്‍ണയത്തിന് മുഖ്യഘടകമാണ്. നിലാവ് അസ്തമിച്ചാല്‍ കരകാണാകടലിലെ കൂരിരുട്ടില്‍ ആകാശം പൂര്‍വ്വോപരി നക്ഷത്രാലംകൃതമാകും. ഈ അവസരത്തില്‍ അസ്തമിക്കാത്ത നക്ഷത്രങ്ങളുടെ ചെറുകൂട്ടങ്ങളെ പത്തേമാരിക്കാര്‍ കൊറ്റി, പള്ളി, കബര്‍, കപ്പല്‍, കുട്ടമീന്‍ തുടങ്ങി വിവിധ പ്രാദേശിക പേരുകളിലാണ് വിളിക്കുക. നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ആകാശത്ത് പ്രത്യേക സ്ഥാനങ്ങളുണ്ട്. വിവിധ ദിശകളിലായി പ്രത്യക്ഷപ്പെടുന്ന നക്ഷത്രഗണങ്ങളുടെ എണ്ണവും ആകൃതിയും തിട്ടപ്പെടുത്തിയാണ് പേരുകള്‍ വിളിക്കാറ്. രാത്രി സമയം ഏറെ കഴിയുന്നതിനനുസരിച്ച് ഓരോ ഗണത്തിനും സ്ഥാനചലനങ്ങളുണ്ടാവും. ഇവയുടെ ഉദയാസ്തമയങ്ങള്‍ മൂലം ദിശയും സമയവും കാലാവസ്ഥ വ്യതിയാനവും കടല്‍ക്ഷോഭ സൂചനകളും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്.

ആവിയന്ത്രങ്ങളും ഡീസല്‍ ഉപയോഗിച്ചുള്ള എഞ്ചിനും കണ്ടുപിടിക്കുന്നതിനുമുമ്പ് ത്രികോണാകൃതിയിലുള്ള പായ കെട്ടിയായിരുന്നു അധികവും സഞ്ചാരം. കരമാര്‍ഗം ഗതാഗതസൗകര്യം കുറവായിരുന്ന അക്കാലത്ത് ചരക്കുകളുടെ ഗമനത്തിന് പ്രധാനമാര്‍ഗവും വേഗമേറിയതും ഇതുതന്നെയായിരുന്നു.

(തുടരും)

ടിവി അബ്ദുറഹിമാന്‍കുട്ടി

You must be logged in to post a comment Login