ആധുനിക മിസ്റ്റിസിസം: ഡിസ് എഞ്ചാന്റ്‌മെന്റും വെസ്റ്റിന്റെ ബദലന്വേഷണങ്ങളും

ആധുനിക മിസ്റ്റിസിസം: ഡിസ് എഞ്ചാന്റ്‌മെന്റും വെസ്റ്റിന്റെ ബദലന്വേഷണങ്ങളും

‘ഒരുവനു മതത്തേക്കാള്‍ വലുതായി ആത്മാവില്‍ ലയിച്ചുനില്‍ക്കുന്ന സത്യസന്ധതയുണ്ടായിരിക്കും. അതുകൊണ്ട് ഈശ്വരീയതയെ സങ്കല്പിക്കുവാന്‍ എനിക്കു സഹായകമായി വരുന്നതും കാവ്യാത്മകമായ കല്പനകളാണ് ‘_ നിത്യചൈതന്യയതി (സ്‌നേഹസംവാദം)

രാഷ്ട്രീയ കൊളോണിയലിസത്തിന്റെ അനന്തരഫലമായി ഓരോ ദേശ സമൂഹത്തിലും സൃഷ്ടിക്കപ്പെട്ട സവിശേഷ പ്രതിഭാസമായി പാശ്ചാത്യ അനുകരണ പ്രക്രിയയെ ദര്‍ശിക്കാന്‍ സാധിക്കും. കോളനിയാനന്തരവും തുടര്‍ന്നുപോന്ന (അപകോളനീകരണ സാധ്യതക്കുമപ്പുറം) സംസ്‌കാരികവും ധൈഷണികവുമായ കൊളോണിയല്‍ അധീശത്വ സ്വഭാവങ്ങളും സങ്കല്പങ്ങളും ഇതിന് വളര്‍ച്ചയൊരുക്കിയ പ്രധാന ഘടകങ്ങളാണ്. ഈ നിര്‍ണയാധികാര-വിധേയപ്പെടലുകളുടെ ആഗോള ചിന്താപദ്ധതിയില്‍ കാണാന്‍ കഴിയുന്ന പ്രതിഭാസമാണ് മതാതീത ആത്മീയ സങ്കല്‍പം (Spiritual but not Relegious). ആധുനിക ഉദാര ചിന്താ ദര്‍ശനങ്ങളുടെ അടിസ്ഥാനവും സാമൂഹ്യ സാമുദായിക നവീകരണ പ്രക്രിയാമനോഭാവങ്ങളുടെ നിലനില്‍പ്പും ഈയൊരു പാശ്ചാത്യ വൈജ്ഞാനിക, ജ്ഞാനശാസ്ത്ര സമീപനത്തോടുള്ള ഐക്യപ്പെടലിലുള്ള ഇടപെടലുകളുടെ ഭാഗമായിരുന്നു എന്ന് വേണം പറയാന്‍. തസ്വവ്വുഫിനെ ജ്ഞാനവിഷയമെന്ന അതിപ്രസരണശേഷിയിലേക്ക് നയിച്ച രേഖീയ ധൈഷണിക ക്രമത്തിന്റെ പൊതുവായ സങ്കല്പത്തെയാണ് ഇവിടെ ഓര്‍മപ്പെടുത്തിയത്. അനുഭൂതിദായകമായ സൗന്ദര്യസംവേദനമായും, അക്കാദമിക വിഷയമായും വികസി(പ്പി)ച്ചു കൊണ്ടിരിക്കുന്ന തസ്വവ്വുഫിന്റെ അനുഭവപരമായ യാഥാര്‍ത്ഥ്യങ്ങളുടെ വീണ്ടെടുപ്പിന്റെ പ്രസക്തിയും അതിനായി സഞ്ചരിക്കേണ്ട ദൂരവും അതിനോടൊപ്പം തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്നുള്ള ആലോചനകളും മിസ്റ്റിക് പാരമ്പര്യത്തിലേക്ക് സൂഫിസത്തെ പരിഗണിക്കുന്നതിലെ പാശ്ചാത്യ താത്പര്യത്തെയും, അതിന് പിന്നിലെ കാരണങ്ങളെയും ചര്‍ച്ചചെയ്യാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്.

കള്‍ട്ട് സൂഫിസം പൊതുബോധത്തിലും ആധുനികതയിലും
സോഫിയ റോസ് അര്‍ജാനയുടെ ഏറ്റവും പുതിയ പുസ്തകം BUYING BUDDHA, SELLING RUMI: Orientalism and the Mystical Marketplace, ബുദ്ധന്റെയും മൗലാന ജലാലുദ്ദീന്‍ റൂമിയുടെയും വാക്കുകള്‍ക്ക് മതാതീതമായ സൗന്ദര്യമൂല്യവും സംസ്‌കാരിക ആധ്യാത്മികതയും കല്പിച്ച് വിതരണംചെയ്യപ്പെട്ടതിന്റെ ഭാഗമായി പാശ്ചാത്യ കമ്പോള മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കള്‍ട്ട് സൂഫി സത്തോടുള്ള പാശ്ചാത്യ പൊതുബോധത്തിന്റെ താത്പര്യത്തിലും ധൈഷണിക കോളനീകരണത്തിന്റെ (cultural colonialism) ആഗോള പ്രതിഭാസത്തിലും ഇത് ഒരേ സമയം നിഴലിക്കുന്നതായി കാണാം. Enchantment OrientaIism and Modern Mysticism എന്ന തലവാചകത്തില്‍ സോഫിയ റോസ് തന്നെ themaydan ഓണ്‍ലൈന്‍ മാഗസിനില്‍ തന്റെ പുസ്തകത്തെ പരിചയപ്പെടുത്തി എഴുതിയ ലേഖനത്തിന്റെ തുടക്കഭാഗത്ത് ചാള്‍സ് ടെയ്‌ലറുടെ A Secular Age എന്ന പുസ്തകത്തെ ഉദ്ധരിക്കുന്നുണ്ട്. ആധുനിക – പൂര്‍വാധുനിക ലോകക്രമങ്ങളുടെ സവിശേഷമായ ഗുണങ്ങളെ വിവരിക്കുന്ന അദ്ദേഹം, എഞ്ചാന്റ്‌മെന്റിന്റെ നഷ്ടപ്പെടുത്തലിനെ ആധുനികതയുടെ പ്രതീകമാക്കിയാണ് അവതരിപ്പിക്കുന്നത്. ദൈവം, ഭൂതം, പിശാച് തുടങ്ങിയ സൂപ്പര്‍ നാചുറല്‍ സങ്കല്‍പങ്ങളില്‍ നിന്നും ശാസ്ത്രവും സാങ്കേതികവിദ്യയും നയിച്ചുകൊണ്ടിരിക്കുന്ന പുതിയ ‘യാഥാര്‍ത്ഥ്യ’ ലോകത്തിലേക്കുള്ള പരിണാമ പ്രക്രിയയുടെ ഭാഗമായി വന്ന മാറ്റമായിട്ടാണ് അതിനെ കണക്കാക്കുന്നത്. എന്നാല്‍ മാറ്റിനിര്‍ത്തപ്പെട്ട എഞ്ചാന്റ്‌മെന്റിന്റെ സ്ഥാനത്ത് വെസ്റ്റിന്റെ പുതിയ ജീവിതശൈലി സ്വീകരിച്ച മാര്‍ഗത്തെ അന്വേഷിച്ചുകൊണ്ടാണ് സോഫിയ റോസ് അവരുടെ പുതിയ പുസ്തകം തയാറാക്കിയിട്ടുള്ളത്.

മതാത്മകമായ ദൈവം, ഭൂതം, പിശാച്, ജിന്ന് തുടങ്ങിയ ശക്തികളുമായി ബന്ധപ്പെട്ടുള്ള ലോകക്രമത്തില്‍ നിന്നും മനുഷ്യന് സര്‍വാധിപത്യപരമായ സാമൂഹ്യ ചുറ്റുപാടിലേക്കുള്ള മാറ്റത്തെ വിഭാവനം ചെയ്യലായിരുന്നു മാക്‌സ് വെബര്‍ ‘disenchantment of the world’ എന്ന ആശയം മുന്നോട്ടുവെക്കുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യവും. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതയെ എഞ്ചാന്റഡ് ആയ ലോകത്തിലേക്കുള്ള തിരിച്ചുപോക്കിന്റെയോ അല്ലെങ്കില്‍ അവയോടുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ മതത്തിലേക്ക് വീണ്ടും ആധുനിക ലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയോ ഭാഗമായി കാണാന്‍ സാധിക്കുമോ എന്ന ചോദ്യവും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട് *. ആനന്ദ് വിവേക് തനേജയുടെ ജിന്നിയോളജി (JINNEALOGY) എന്ന പുസ്തകം ഇതിന്റെ ചര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. എഞ്ചാന്റ്‌മെന്റിനെ കുറിച്ചും ഫാന്റസിയെ കുറിച്ചുമുള്ള ആധുനികമായ എല്ലാ ആലോചനകളിലും ഡിലൈറ്റിന്‍ (ആനന്ദം നല്‍കുന്നത്) ഊന്നല്‍ നല്‍കുന്നതിന്റെ ചിത്രീകരണമാണ് സോഫിയ റോസിന്റെ വിശദീകരണത്തില്‍ കാണാന്‍ കഴിയുന്നത്.

മിസ്റ്റിക് ഉല്‍പന്നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഈസ്റ്റിനെ അനുഭവിക്കാനുള്ള ആഗ്രഹത്തിലാണ് ആധുനികരുടെ എന്‍ഞ്ചാന്റ്‌മെന്റ് ചെന്നവസാനിക്കുന്നത് എന്ന് സോഫിയ പറയുന്നു. അക്കാദമിക പണ്ഡിതന്മാരടക്കം, എഴുത്തുകാരെയും കലാകാരന്മാരെയും ആകര്‍ഷിക്കുന്ന ഏറ്റവും വീര്യമുള്ള വീഞ്ഞായി ഓറിയന്റലിസം മാറിയിരിക്കെ അവര്‍ വിപണനം ചെയ്യുന്ന ഈ കള്‍ട്ട് സൂഫിസത്തിനും അതേ ചോദനം ലോകത്തിന്റെ എല്ലാ പൊതുവിപണിയിലും കാണാന്‍ സാധിക്കും. ഓറിയന്റലിസ്റ്റ് ഭാവനയുടെ മറ്റൊരു തലത്തെ കുറിച്ചും സോഫിയ സംസാരിക്കുന്നുണ്ട്. വൈജ്ഞാനിക ജ്ഞാനോദയ നവീകരണ പ്രദേശമാണെന്ന ഈസ്റ്റിന്റെ തന്നെ അവകാശവാദത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭാവനയാണത്. ഇത്തരത്തിലുള്ള ആദര്‍ശത്തില്‍ ആഗ്രഹിച്ചു കൊണ്ടുള്ള ചിത്ര, ഭാവന, ആശയ മാതൃകകളെ പരസ്പരം കൂട്ടിച്ചേര്‍ക്കുകയും കലര്‍ത്തുകയും ചെയ്യുന്ന പാശ്ചാത്യ മനോഭാവത്തെ ‘Muddled Orientalism’ എന്ന പേരിലാണ് സോഫിയ റോസ് തന്റെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത് (Cultural Colonialism, Muddled Orientalism, and the Mystic Poor). അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് റൂമിയും ബുദ്ധനും. രണ്ടു പേരുടെയും ഉദ്ധരണികളെ നിര്‍മിതവാക്കുകളുടെയും ശൈലിയുടെയും അകമ്പടിയോടെ പരസ്പരം ആരോപിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ഇതേ മിശ്രണ സ്വഭാവത്തെ ഉപയോഗിച്ചു കൊണ്ട് ഉത്പന്നങ്ങളും അനുഭവങ്ങളും തെറാപ്പികളും മാര്‍ക്കറ്റ് ഇടങ്ങളിലേക്ക് ഇറക്കുമതിചെയ്യലാണ് ഓറിയന്റലിസത്തിന്റെ പ്രധാന ലക്ഷ്യവും. അതിന് വേണ്ടി ഹിന്ദു, ബുദ്ധ, ഇസ്‌ലാം മത ആത്മീയരീതികളെയും വഴികളെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു. വ്യത്യസ്തവും വിചിത്രവുമായ ശൈലിയിലൂടെ ഈസ്റ്റിനെ അനുഭവിക്കാനുള്ള ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ വ്യായാമ, ധ്യാന മുറകളോടൊപ്പം തന്നെ റൂമി വായനയും വലിയ സാധ്യതയായി പാശ്ചാത്യ ലോകത്ത് കാണാന്‍ സാധിക്കും.

ആധുനിക മിസ്റ്റിസിസവും പൊതുവിപണിയും
‘A search for magic in a disenchanted world’ എന്നാണ് സോഫിയ റോസ് മിസ്റ്റിസിസത്തെ തന്റെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത്. ആധുനിക ലോകത്തിന്റെ സവിശേഷ സ്വഭാവങ്ങളായ മുതലാളിത്തം, ആഗോളവത്കരണം, ഉപഭോഗസംസ്‌കാരം തുടങ്ങിയവയെല്ലാം മതത്തെ അനുഭവിക്കുന്നതിലും പഠിക്കുന്നതിലും വ്യക്തിയെ സ്വാധീനിക്കുന്നുണ്ട് എന്ന് സോഫിയ നിരീക്ഷിക്കുന്നു. മിസ്റ്റിസിസത്തിന്റെ കടന്നുവരവോടു കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഇതിന് ഒരു പൊതുവിപണി സൃഷ്ടിക്കാന്‍ കഴിഞ്ഞത് എന്ന് മാത്രം. കൊളോണിയല്‍ യുക്തിയില്‍ തുടങ്ങി നിരവധി മത സാംസ്‌കാരിക കൈമാറ്റ സമ്പ്രദായത്തിലൂടെ ഓറിയന്റലിസത്തിന്റെ കൂടി പിന്‍ബലത്തോടെ വിവിധങ്ങളായ സങ്കല്പങ്ങളിലേക്കും മതാതീത ആശയങ്ങളിലേക്കും അത് രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. സ്പിരിച്വല്‍ വോയറിസം (Spiritual Voyeurism) * നിര്‍മിച്ചെടുത്ത സംസ്‌കാരം മതത്തിന്റെ നിര്‍ബന്ധിത ആചാരക്രമങ്ങളില്‍ നിന്നും മനുഷ്യനെ സ്വതന്ത്രനാക്കാനാണ് ശ്രമിച്ചത്. നമ്മുടെ നാടുകളിലടക്കം ഇതിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്നു എന്നാണ് പുതിയ സന്ദര്‍ഭങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഇസ്‌ലാം സെക്കുലര്‍ അല്ലാതാവുകയും സൂഫിസം സെക്കുലര്‍ ആവുകയും ചെയ്യുന്ന പാശ്ചാത്യ മനോഭാവം കേരളത്തിലും വേരൂന്നിയിട്ടുണ്ട് എന്നാണ് അതിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും മനസിലാകുന്നതും. ജലാലുദ്ദീന്‍ റൂമിയടക്കമുള്ള സൂഫികളുടെ കൃതികളില്‍ ആനന്ദം കണ്ടെത്തുകയും അവര്‍ സഞ്ചരിച്ച ആത്മീയവഴികളെ പാടെ മായ്ച്ചുകളയലും ഇതിന്റെ ഭാഗമായിരുന്നു. അമേരിക്കയില്‍ വന്‍ ജനസമ്മതി നേടിയ റൂമി വായനയില്‍ ജനങ്ങള്‍ കണ്ടെത്തിയത് റൂമി കൃതികളിലെ പ്രധാനപ്പെട്ട നാല് ആശയങ്ങളാണെന്ന് അമിറ അല്‍ സെയ്ന്‍ പറയുന്നുണ്ട്. അവയെ Spiritual Consumption in the United States: The Rumi Phenomenon എന്ന പ്രബന്ധത്തില്‍ അവര്‍ സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: സ്‌നേഹം (Love), സൂഫി പ്രപഞ്ചം (the Sufi universe), മിഥ്യയും യാഥാര്‍ത്ഥ്യവും (illusion versus reality) നിശബ്ദതയും ആത്മ സംസ്‌കരണവും (Silence and emptying the self). റൂമിയെ കുറിച്ചുള്ള അനുഭവങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രത്തെ മതത്തോടൊപ്പം മറച്ചുപിടിക്കുമ്പോള്‍ ആത്മീയ വഴിയെ കൂടി നഷ്ടമാകുന്നുണ്ട്. അവസ്ഥാനുഭവങ്ങളെ മാത്രം വായിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഭൂതി യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടാകില്ല. വിചിത്രമായി തോന്നിയത് ഇതൊരു പാശ്ചാത്യ അനുഭവം മാത്രമല്ല. ശൈഖ് ഹുജ്്വീരിയുടെ ക്ലാസ്സിക് സൂഫി ഗ്രന്ഥത്തില്‍ സമാനമായ ഒരു വിമര്‍ശനം അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ‘നമ്മുടെ ഈ കാലഘട്ടത്തില്‍, വിശിഷ്യാ നമ്മുടെ ഈ രാജ്യത്ത് സൂഫിസത്തിനു വലിയ പ്രചാരമില്ല. ആളുകള്‍ക്ക് മുഴുവന്‍ കമ്പം അത് നല്‍കുന്ന ചില ആസക്തികളിലാണ്. സംതൃപ്തിദായകമായ അതിന്റെ പാതക്കു നേരെ അവര്‍ പുറംതിരിഞ്ഞുനില്‍പാണ്.’ ചുരുക്കത്തില്‍ മാനുഷികമായ വൈകാരികാനുഭൂതിക്കും കേവലം വിഭ്രമജനകമായ ആസ്വാദനത്തിനും അപ്പുറം യാഥാര്‍ത്ഥ്യലോകത്തിലേക്കുള്ള താത്പര്യത്തെ അന്നും ഇന്നും സ്വീകരിക്കല്‍ പ്രയാസകരമായ ഒരു സവിശേഷതയായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. മനുഷ്യന്റെ സ്വച്ഛന്ദവും ഒപ്പം ന്യൂനതയുമായ ഈ വൈകാരിക തലത്തെ മാര്‍ക്കറ്റിംഗിലൂടെ മുതലെടുക്കലാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മിസ്റ്റിക്കല്‍ മാര്‍ക്കറ്റ് ഇടങ്ങളില്‍ റൂമി വായന പ്രധാന വിഭവമായി വളര്‍ന്നുവരാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. ഇതില്‍ തന്നെയും ബുദ്ധ, ഹിന്ദു, ഇസ്‌ലാം മതങ്ങളിലെ ആകര്‍ഷണീയമായ മറ്റു സ്വഭാവങ്ങളെയും ആശയങ്ങളെയും പുനരവതരിപ്പിച്ച് അവയെ മത-ആത്മീയ വിപണിയിലേക്ക് ഇറക്കുമതി ചെയ്യലാണ് ആധുനിക മിസ്റ്റിസിസത്തിന്റെ പ്രധാന ദൗത്യം.

മതത്തെ എപ്പോഴും ആശ്രയിക്കാനുള്ള പ്രധാന കാരണം സ്ഥാപനവത്കരിച്ച മതത്തിനകത്തെ അര്‍ഥങ്ങളെയും അനുഭവങ്ങളെയും സ്വയം നിര്‍മിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ്. മതപരമായ ആചാരങ്ങളിലൂടെ മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന ആരോഗ്യാവസ്ഥകളെയും അതിന്റെ ആന്തരികാര്‍ഥങ്ങളെയും മതത്തിന് പുറത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ഡിസ്എഞ്ചാന്റ്‌മെന്റിനെ മറികടക്കല്‍ ഇവിടെ മതത്തിലൂടെയാണ്. പക്ഷേ മതത്തെ പൂര്‍ണമായും സ്വീകരിക്കുകയോ, അതിനകത്തേക്ക് ചിന്തിക്കാനോ ശ്രമിക്കാതെ എലമെന്റ്‌സിനെ കട്ടെടുക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് സൂഫി കാവ്യങ്ങളില്‍ നിന്നും മതം പുറത്താകുകയും ഡിലൈറ്റിന്‍ സ്വഭാവത്തെ അതിനേക്കാള്‍ ചാരുതയോടു കൂടെ അവതരിപ്പിക്കുകയും ചെയ്യുന്നത്.
വെസ്റ്റിന്റെ ഇത്തരത്തിലുള്ള വിവര്‍ത്തന പരമ്പരയെ പുതിയൊരു ചരിത്രനിര്‍മാണത്തിന്റെ പ്രാരംഭമായി കണക്കാക്കാന്‍ ചില സവിശേഷതകള്‍ നമ്മെ അനുവദിക്കുന്നുണ്ട്. ചരിത്ര വ്യാഖ്യാനങ്ങളുടെ അന്തര്‍ സംഘര്‍ഷങ്ങളുടെ തീവ്രതയെയും അവയുടെ വ്യാവഹാരിക സ്വാധീനത്തെ മുന്‍ധാരണ ചെയ്ത് പ്രവചനാതീതമാക്കി തീര്‍ക്കലും പുതിയ കാലത്തെ ചരിത്രരചനാശാസ്ത്രത്തിലെ പ്രവണതയാണ്. ഭാവിയിലെ മുസ്‌ലിം ഇസ്‌ലാം ചരിത്രാന്വേഷണങ്ങള്‍ക്ക് ബഹുലവും അനന്യവുമായ സാധ്യതയെ തങ്ങളുടെ താല്‍പര്യം പോലെ നിര്‍മിച്ചെടുക്കാന്‍ ഈ വിവര്‍ത്തനങ്ങള്‍ കാരണമായേക്കും.

ചരിത്രരചനയുടെ പ്രാരംഭത്തിലെ ഈ അസ്തിത്വ പ്രതിസന്ധി വെസ്റ്റിനെ സംബന്ധിച്ച് ഇന്നും നിലനില്‍ക്കുന്നതാണ്. മതരാഹിത്യത്തിന്റെയോ അരാചക വാഴ്ചയുടെയോ ഫലമായി സമൂഹത്തില്‍ ഉയര്‍ന്നുവന്ന മനുഷ്യാസ്വസ്ഥതകളെ (ആധുനികതയുടെ വരവോടെ നഷ്ടപ്പെട്ട എഞ്ചാന്റ്‌മെന്റിന്റെ നഷ്ടപ്പെടല്‍ പിന്നീട് പലതിലും പുനരാനയിച്ചത് ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമാണ്) അവര്‍ തന്നെ മറികടന്നത് നേരത്തെ പറഞ്ഞ എഞ്ചാന്റ്‌മെന്റിന്റെ പുതിയ സാധ്യതകളിലൂടെയാണ്. മിസ്റ്റിക് അനുഭൂതിയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അതിന് പിന്നോടിയായി വന്നുഭവിച്ചതും ആ പ്രതിസന്ധിയെ തരണംചെയ്യാന്‍ സഹായിക്കുന്നതുമായ ഘടകങ്ങളും മാത്രമാണ്. എന്നാല്‍ ഈ മനസിലാക്കലിനകത്ത് ഇസ്‌ലാമും മുസ്‌ലിമും എന്നും സങ്കീര്‍ണ വിഷയങ്ങളായി വെസ്റ്റിന്റെ ആശയത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാം മതത്തിന്റെ സൗന്ദര്യമൂല്യങ്ങളും ഗുണങ്ങളും അവരെ കീഴ്‌പ്പെടുത്തുമെന്ന ‘ഭാവിയുടെ ഭൂതം’ (ghost of future) എന്നും അവരെ വേട്ടയാടി കൊണ്ടിരിക്കുന്ന വസ്തുതയാണെന്ന് അവിടുത്തെ പുതിയ സാമൂഹ്യ ചുറ്റുപാടുകള്‍ കാണിച്ചുതരുന്നുണ്ട്. ഈ കണ്ടെത്തലിന്റെയും അന്വേഷണത്തിന്റേയുമെല്ലാം അടിസ്ഥാന നിര്‍ണയം ഭാവി കേന്ദ്രീകൃതമായിപ്പോയതിന്റെ ഫലമായിട്ടാണ് ഭാവിക്ക് വേണ്ടിയും ഒരു നിലക്ക് തങ്ങളുടെ തന്നെ സ്വതന്ത്രമായ ആശയ നിലനില്‍പ്പിന്റെ തുടര്‍ച്ചക്ക് വേണ്ടിയുമുള്ള ചരിത്ര രചനകള്‍ക്ക് പാകമായിട്ടുള്ള സോഴ്‌സുകള്‍ ഒരു വിധേന അവര്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. ഈ ചരിത്രനിര്‍മാണത്തിന്റെ ആവിഷ്‌കാരങ്ങള്‍ കാരണമായുള്ള തിരസ്‌കരണത്തിന്റെ ഭാഗമാണ് റൂമിയിലെയും ഹാഫിസ് ശീറാസിയിലെയും മുസ്‌ലിം ഐഡന്റിറ്റികള്‍ തിരസ്‌കരിക്കപ്പെടുന്നത്. അദൃശ്യതയുടെയും അഭാവത്തിന്റെയും ഒരു പാട് ഉദാഹരണങ്ങള്‍ ഇന്ന് മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ചരിത്രാനുഭവങ്ങളില്‍ കാണാന്‍ സാധിക്കും. അവയുടെ എല്ലാം ശൂന്യതയില്‍ നിന്നുള്ള പുനരാഖ്യാനങ്ങളേക്കാള്‍ പരിശ്രമം ഇപ്പോള്‍ ആവശ്യമായിട്ടുള്ളത് വരാനിരിക്കുന്ന ചരിത്രരചനകളില്‍ മായ്ക്കപ്പെട്ടേക്കാവുന്ന ഐഡന്റിറ്റികളെ കൂടുതല്‍ തെളിമയോടെ വരച്ച് പിടിപ്പിക്കലാണ്. അതിലായിരിക്കണം ഇനിയെങ്കിലും നമ്മുടെ ശ്രദ്ധ എന്ന് മുസ്‌ലിം ലോകം ഒന്നടങ്കം പ്രതിജ്ഞാബദ്ധരാകേണ്ട സമയമാണിത്.

* (ആരാധിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനന്ദവും ആഹ്ലാദവും കണ്ട് ആസ്വദിക്കുക. അവര്‍ ആരാധനയില്‍ പങ്കെടുക്കുന്നില്ല)

അവലംബം
*BUYING BUDDHA, SELLING RUMI Orientalism and the Mystical Marketplace
* Enchantment OrientaIism and Modern Mysticism
*Spiritual Consumption in the United States: The Rumi Phenomenon
* സൂഫിസം: തത്വം, ചരിത്രം, പ്രയോഗം
* തമസ്‌കിരണങ്ങള്‍

വാസില്‍ മുജീബ് ടി

You must be logged in to post a comment Login