കിറ്റെക്‌സിന്റെ പലായനം ബിസിനസ് വിഡ്ഢിത്തത്തിന്റെ പിഴ

കിറ്റെക്‌സിന്റെ പലായനം ബിസിനസ് വിഡ്ഢിത്തത്തിന്റെ പിഴ

കുറച്ചുകൂടി രൂക്ഷമായ സംവാദം ആവശ്യപ്പെടുന്നുണ്ട് ഇപ്പോഴത്തെ കിറ്റെക്‌സ് വിവാദം. രൂക്ഷമായ സംവാദം എന്നതിന്റെ താല്‍പര്യം അപകടകരമായ ഒരു ശീലത്തിലേക്ക് കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെയും കേരളം ആര്‍ജിച്ചെടുത്ത ആളോഹരി അന്തസ്സിന്റെ വര്‍ത്തമാനത്തെയും അടിമുടി റദ്ദാക്കാനുള്ള ഒരു പുറപ്പാടുണ്ട് ആ വിവാദത്തിന്റെ ഇപ്പോഴത്തെ സഞ്ചാരത്തില്‍ എന്നതാണ്. ഒരു വ്യവസായിയും അയാള്‍ മുടക്കാന്‍ ഓങ്ങി എന്ന് പറയുന്ന പണവും അതയാള്‍ മുടക്കില്ല എന്ന് തീരുമാനിച്ചതും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തില്‍ അയാള്‍ മുതലിറക്കാന്‍ ഒരുങ്ങുന്നതും തുടങ്ങി സര്‍വസാധാരണമായ ഒരു സംഗതിയല്ല ഇതെന്നര്‍ഥം. ലാഭം കേന്ദ്ര പ്രമേയമാവുന്ന, അഥവാ ലാഭം മാത്രം ലക്ഷ്യമാവുന്ന ഒരു ബിസിനസിന്, അത് കച്ചവടമായാലും വ്യവസായമായാലും മറ്റെന്തായാലും മുതലിറക്കുന്നവന്റെ ആഗ്രഹങ്ങള്‍ക്കും താല്‍പര്യത്തിനുമാണ് പരിഗണന. അയാളുടെ അമ്മാതിരി സ്വാതന്ത്ര്യത്തില്‍ നമുക്കൊരു കാര്യവുമില്ല. കേരള സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായനയത്തോട് ഒരു വ്യവസായിക്ക് ഇണങ്ങുകയോ പിണങ്ങുകയോ ചെയ്യാം. അതും അയാളുടെ സ്വാതന്ത്ര്യം. പക്ഷേ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഉടമയും ട്വന്റി ട്വന്റി എന്ന, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിക്കുന്ന സംഘടനയുടെ ചാലകശക്തിയുമായ സാബു ജേക്കബ് ആ സ്വാതന്ത്ര്യം സംബന്ധിച്ച് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യത്തിന്റെയും നമ്മള്‍ ആദ്യം പറഞ്ഞ കേരളമാര്‍ജിച്ച ആളോഹരി അന്തസിന്റെയും അടിവേരിലേക്കാണ് കഠാര നീട്ടുന്നത്.
വിഷയത്തിലേക്ക് നേരിട്ട് വരാം. കിറ്റെക്‌സ് കേരളത്തിന് സുപരിചിതമായ ഒരു പേരാണ്. വിപണിയില്‍ മികച്ച റിസള്‍ട്ടുള്ള, നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന വന്‍കിട വ്യവസായം. നിത്യോപയോഗ വസ്തുക്കളുടെ നിര്‍മാണ സ്ഥാപനം എന്ന നിലയില്‍ കേരളത്തിന് അതീവ പരിചയമുള്ള ഒരു ബ്രാന്റ്. പക്ഷേ, എം സി ജേക്കബ് തുടങ്ങിവെച്ച കിറ്റെക്‌സ് എന്നത് ഒറ്റ കമ്പനി അല്ല, രണ്ടാണ്. കിറ്റെക്‌സ് ലിമിറ്റഡും കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡും. കിറ്റെക്‌സ് ലുങ്കിയും സാറാസ് കറി പൗഡറും അലുമിനിയം പാത്രങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് കിറ്റെക്‌സ് ലിമിറ്റഡ്. എം സി ജേക്കബിന്റെ മൂത്തമകന്‍ ബോബി ജേക്കബാണ് നടത്തിപ്പുകാരന്‍. പൂര്‍ണമായും കയറ്റുമതി ഉദ്ദേശിച്ചുള്ള കുട്ടിക്കുപ്പായങ്ങളുടെ നിര്‍മാണക്കമ്പനിയാണ് സാബു ജേക്കബിന്റെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. 2020 -ല്‍ ഇന്ത്യാ ഫോബ്‌സിനോട് സാബു ജേക്കബ് പറഞ്ഞതനുസരിച്ച് 99 ശതമാനം ഉത്പന്നങ്ങളും അമേരിക്കന്‍ വിപണിയിലാണ് വിറ്റഴിക്കുന്നത്. 1050 കോടിയോളമാണ് വസ്ത്ര വിപണിയിലെ കിറ്റെക്‌സിന്റെ ടേണോവര്‍. ഗാര്‍മെന്റ്‌സിനെ അപേക്ഷിച്ച് ചെറിയ നിര്‍മാണ കമ്പനിയാണ് ധാരാളം ഉത്പന്നങ്ങളുള്ള അന്ന കിറ്റെക്‌സ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമമാണ് രണ്ടു സ്ഥാപനങ്ങളുടെയും ആസ്ഥാനം. അന്ന ഗാര്‍മെന്റ്‌സാണ് ഇപ്പോള്‍ വിവാദകേന്ദ്രം, അതിന്റെ ഉടമ സാബു ജേക്കബില്‍ നിന്നാണ് തുടക്കം.

സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്ന ഗ്വാഗ്വാ വിളികളെ ഈ കുറിപ്പ് പിന്‍പറ്റുന്നില്ല. സാബു ജേക്കബ് കേരളത്തിന്റെ നിക്ഷേപാന്തരീക്ഷത്തിനെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങളും കേരളത്തിന്റെ വ്യവസായ മന്ത്രി പി രാജീവ് അതിനോട് നടത്തിയ ഹ്രസ്വമായ പ്രതികരണങ്ങളും മാത്രമാണ് നമ്മുടെ വിഷയം. കിറ്റെക്‌സിനെ എന്നല്ല ഒരു സംരംഭകരെയും അധിക്ഷേപിച്ചുകൊണ്ട് ഒരു ചര്‍ച്ചയും മുന്നോട്ടു പോയിക്കൂടാ. കാരണം ജനാധിപത്യത്തിലെ ഭരണനിര്‍വഹണം എന്നത് അതിനകത്തെ പൗരര്‍ നടത്തുന്ന നാനാതരം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണ്. സാമ്പത്തികമായി ചലനക്ഷമതയില്ലാത്ത ജനാധിപത്യം ആശയതലത്തില്‍ മാത്രമേ നിലനില്‍ക്കൂ. മാത്രവുമല്ല സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ ഒരിടത്തും ജനാധിപത്യത്തിന്റെ ഫലം പൗരരിലേക്ക് സുഗമമായി എത്തുകയില്ല. അതിനാല്‍ അധിക്ഷേപങ്ങളും പോനാല്‍ പോകട്ടും പോടാ എന്ന പാട്ടുകളുമല്ല, മറിച്ച് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കലാണ് ഉത്തരവാദിത്വമുള്ള മനുഷ്യരുടെ കര്‍ത്തവ്യം.
വസ്ത്രവ്യവസായത്തെ ലാഭകരമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ക്ക് ലോകത്തെമ്പാടും സമാനതകളുണ്ട്. അതില്‍ പ്രധാനം കുറഞ്ഞ ചെലവും കൂടിയ വിലയുമാണ്. മനുഷ്യാധ്വാനമാണ് വസ്ത്ര നിര്‍മാണത്തിന്റെ പ്രധാന മൂലധനം. ഉത്പാദന ഘടകങ്ങളുടെ വില ഉല്പന്നത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ കുറവാണെന്ന് നമുക്കറിയാം. ഘടകങ്ങളുടെ സംസ്‌കരണം, നിര്‍മാണം എന്നിവയിലെല്ലാം മനുഷ്യാധ്വാനമാണ് മുന്‍പില്‍. ആ നിര്‍മാണഘടകം പരമാവധി കുറഞ്ഞ ചെലവില്‍ ലഭ്യമാകുമ്പോഴാണ് ലാഭം ഉയരുക. പ്രത്യേകിച്ച് കുട്ടിവസ്ത്രങ്ങള്‍. ചെറിയ അളവ് തുണിയും കൂടുതല്‍ പണിയുമാണ് കുട്ടി വസ്ത്രങ്ങളുടെ കാതല്‍. പണിയിലെ മികവാണ് വില കിട്ടാനുള്ള ഒരു കാരണം. മെഷിനറിക്ക് വലിയ പങ്ക് വഹിക്കാനാവില്ല. മനുഷ്യാധ്വാനം തന്നെയാണ് വേണ്ടത്. അതിനാല്‍ അത് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നിടത്ത് നടക്കുന്ന നിര്‍മാണം ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കും. ഇന്ത്യയിലെ ഒരു പ്രധാന വസ്ത്ര നിര്‍മാണ ഹബ്ബ് തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ആയിരുന്നു. തിരുപ്പൂര്‍ അങ്ങനെയാവാന്‍ കാരണം വസ്ത്രത്തിനും വെടിമരുന്നിനുമായി പകുത്തുനല്‍കിയ മുഷിഞ്ഞ ജീവിതങ്ങള്‍ പെറ്റുപെരുകിയിരുന്ന ഒരിടമാണ് അതെന്നതിനാലാണ്. ഒന്നുകില്‍ പടക്കക്കമ്പനിയില്‍ അല്ലെങ്കില്‍ തുണിക്കമ്പനിയില്‍. അതായിരുന്നു പോയകാല തിരുപ്പൂരിലെ മനുഷ്യ ജീവിതങ്ങളുടെ തൊഴില്‍ വിധി. ജാതിയും സിനിമയും പങ്കിട്ടെടുത്തിരുന്ന അക്കാലത്തെ തമിഴ് ജനാധിപത്യം ഗ്രാമങ്ങളിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. തൊഴില്‍ അവകാശങ്ങള്‍ പോയിട്ട് പൗരാവകാശങ്ങള്‍ വരെ പോയകാല തമിഴ്‌നാടില്‍ നഗരകേന്ദ്രിത ആര്‍ഭാടമായിരുന്നു. അങ്ങനെയാണ് തിരുപ്പൂരില്‍ കൂലിയടിമകളുടെ ചെലവില്‍ തുണിവ്യവസായം പച്ച പിടിച്ചതും തഴച്ചതും. എങ്ങനെ? പൗരാവകാശഭരിതമായ ജനാധിപത്യത്തിന്റെ അഭാവത്തില്‍.

ഇപ്പറഞ്ഞതില്‍ പക്ഷേ, അതിവാദമുണ്ട്. ലോകത്ത്, അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ എല്ലാ തുണി വ്യവസായ യൂണിറ്റുകളും അങ്ങനെയാണോ? അല്ല. വമ്പന്‍ സാങ്കേതികവിദ്യകളും അഭ്യസ്ഥരായ തൊഴിലാളികളും ചേര്‍ന്ന മികച്ച ഇടങ്ങളുണ്ട്. അവ നിലനില്‍ക്കുന്നുമുണ്ട്. അവ പരിശോധനകളെ, ഭരണകൂടങ്ങളെ, തൊഴിലാളി സംഘാടനങ്ങളെ ഭയക്കുന്നില്ല.

ഇനി മറ്റൊന്ന്, വലിയ തോതില്‍ കടുത്ത മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് തുണി വ്യവസായം. ബ്ലീച്ചിംഗ് ഡൈയിംഗ് എല്ലാം രാസവസ്തുക്കളുടെ പ്രസരമുള്ള സംഗതികളാണ്. അത്യാധുനികമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ വ്യവസായം നില്‍ക്കുന്ന പരിസരങ്ങള്‍ വിഷമയമാവും. ജലനിര്‍ഗമനം സുഗമമാക്കാന്‍ നദിയോരങ്ങളാണല്ലോ ഇത്തരം ഫാക്ടറികളുടെ കേന്ദ്രങ്ങള്‍. ആ നദികള്‍ ഇല്ലാതാകാന്‍ ഈ രാസജലത്തിന്റെ ഒഴുക്ക് മതി. തിരുപ്പൂരിലെ നൊയ്യാല്‍ നദി അങ്ങനെ ഇല്ലാതായ ഒന്നാണ്. നദി ഇല്ലാതാവുന്നത് തങ്ങളുടെ അതിജീവനത്തെ റദ്ദാക്കും എന്ന് മനുഷ്യര്‍ക്ക് തോന്നാന്‍ തുടങ്ങുന്നതിനെക്കൂടിയാണ് പാരിസ്ഥിതിക അവബോധം എന്നു പറയുന്നത്. പാരിസ്ഥിതിക അവബോധം ജനാധിപത്യ ബോധത്തിന്റെ പല നിര്‍മിതികളില്‍ ഒന്നാണ്. പൗരാവകാശബോധം രൂപപ്പെടുന്നതിന്റെ ഭാഗമാണ്. പൗരാവകാശ നിര്‍ഭരമായ ജനാധിപത്യം വേരു പിടിക്കുന്നിടത്ത് പാരിസ്ഥിതിക അവബോധം രൂപപ്പെടും. തിരുപ്പൂരില്‍ അത് രൂപപ്പെട്ടു. കര്‍ഷകര്‍ കോടതിയിലെത്തി. നിയമങ്ങള്‍ പ്രവര്‍ത്തനസജ്ജമായി. മാലിന്യനിര്‍മാര്‍ജനം കമ്പനികളുടെ ബാധ്യതയായി. അതിനുള്ള ഭീമന്‍ മുതല്‍മുടക്കും നടത്തിപ്പുചെലവും ലാഭം കുറക്കും എന്ന് അവര്‍ കണ്ടു. ഒട്ടേറെ ഫാക്ടറികള്‍ പൂട്ടി. പൂട്ടിയ ഫാക്ടറികള്‍ പല ദിക്കുകളിലേക്ക് പോയി. Court order on dyeing units’ closure chokes Tirupur garment sector ബിസിനസ് ലൈന്‍ February 03, 2011 എന്ന വാര്‍ത്തയില്‍ വിശദാംശങ്ങളുണ്ട്. ജനാധിപത്യ, പൗരാവകാശബോധത്തിന്റെ വളര്‍ച്ചയുടെ ലക്ഷണമാണ് പൊതുകാര്യങ്ങളിലെ കോടതി വ്യവഹാരങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ?

വലിയതോതില്‍ ജനാധിപത്യം തഴച്ച ഒരിടമാണല്ലോ കേരളം. ചൂഷണങ്ങള്‍ക്കെതിരില്‍, അമിതാധികാരത്തിനെതിരില്‍ വലിയ സമരങ്ങള്‍ നടത്തിയാണ് ആ തഴക്കല്‍ സംഭവിച്ചത്. മൂക്ക് വെട്ടിയും കൊടികുത്തിയും വെട്ടിനിരത്തിയും ഇടിച്ചുതകര്‍ത്തുമൊക്കെയാണ് ആ സമരങ്ങള്‍ നടന്നത്. പല ഘട്ടങ്ങളിലും ആവശ്യത്തില്‍ അധികം ബലം പ്രയോഗിച്ചു എന്ന പേരുദോഷവും കേരളത്തിലെ ജനാധിപത്യ പടര്‍ച്ചക്കുണ്ട്. അതില്‍ ചില്ലറ വസ്തുതകളുമുണ്ട്. ഇന്ത്യയിലെമ്പാടും ഏറ്റവും അധസ്ഥിതവും നാമമാത്ര കൂലി ലഭിക്കുന്നതും നിരന്തരാപമാനങ്ങള്‍ക്ക് വിധേയമാകുന്നതുമായ പല തൊഴിലുകളും കേരളത്തില്‍ അന്തസ്സാര്‍ന്നതാണ്. ചുമട്ട് തൊഴില്‍ ഒരുദാഹരണം. പക്ഷേ, ആ അന്തസ്സാര്‍ന്ന നില കൈവരിക്കാനുള്ള അമിതമായ ബലപ്രയോഗത്തിന്റെ ഒരു ഫലമാണ് തൊഴില്‍സംസ്‌കാരത്തിന്റെ തീരാ കളങ്കമായ നോക്കുകൂലി. തൊഴില്‍-തൊഴിലാളി-ഉത്പന്നം എന്നീ മൂന്ന് പ്രമേയങ്ങള്‍ക്കിടക്ക് ഉണ്ടാകേണ്ട ഉന്നതമായ പാരസ്പര്യം അമിതാവകാശ ബോധങ്ങളും അമിത ബലപ്രയോഗങ്ങളും നിമിത്തം ഇല്ലാതാവുന്നതിന്റെ പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. സമാനമാണ് പാരിസ്ഥിതിക അവബോധത്തിന്റെ കാര്യവും. ഒരു സമഗ്ര ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി മനസിലാക്കി, ആവശ്യങ്ങളെ ദീര്‍ഘകാല ഭാവനയോടെ യുക്തിഭദ്രമായി സമീപിച്ച് രൂപപ്പെടുത്തേണ്ട ഒന്നാണ് പാരിസ്ഥിതിക അവബോധം. അതൊരു കാല്‍പനിക പ്രസ്ഥാനമല്ല. മരം വെട്ടരുത്, മണ്ണെടുക്കരുത് എന്നുള്ള കേവല വിലാപമല്ല. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ഒരു കാല്‍പനിക പ്രസ്ഥാനമായിക്കൂടി പരിസ്ഥിതി മുന്നേറ്റങ്ങള്‍ മാറി. വോട്ട് ലഭ്യത മുന്നില്‍കണ്ട് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവയെ പലരൂപത്തില്‍ മുതലെടുത്തു. തൊഴില്‍-പരിസ്ഥിതി എന്നിവയില്‍ ഉണ്ടായ ഈ രണ്ട് സമീപനങ്ങളും കേരളമെന്നാല്‍ വികസന-വ്യവസായ വിരുദ്ധം എന്ന ഒരു പ്രതീതി സൃഷ്ടിച്ചു. സമരസംഘടന എന്ന നിലയില്‍ സ്വാഭാവികമായും ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് വലിയ ഇടതുപക്ഷമായ സി പി എമ്മിനാണ് പഴി ഏറെക്കേട്ടത്; പരിസ്ഥിതിയുടെ കാര്യത്തില്‍ പരിസ്ഥിതിവാദികളില്‍ നിന്നും തൊഴിലിന്റെ കാര്യത്തില്‍ ബിസിനസ് സമൂഹത്തില്‍ നിന്നും. നവ ഉദാരവല്‍കൃത ലോകം എന്നത് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു എന്നതുപോലെ യാഥാര്‍ത്ഥ്യമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇക്കാര്യങ്ങളില്‍ സി പി എമ്മിന്റെ സമീപനം മാറാന്‍ തുടങ്ങി. പൊതുകേരളത്തിന്റെ സമീപനവും മാറി. ആ മാറ്റത്തിന്റെ ഗുണഭോക്താക്കളാണ് കേരളത്തിലെ മിക്ക വ്യവസായങ്ങളും. കിറ്റെക്‌സ് ഉള്‍പ്പടെ. പാരിസ്ഥിതിക-തൊഴില്‍ സാഹചര്യ പരിശോധനകളില്‍ നടത്തിയ കണ്ണടക്കലുകളില്‍ നിന്നാണ് അവയില്‍ മിക്കതും പിടിച്ചുനിന്നത്. കിറ്റെക്‌സില്‍ നിന്നുള്ള മലിനീകരണം കടമ്പ്രയാറിനെയും പരിസരങ്ങളെയും വിഷമയമാക്കുന്നു എന്ന പരാതികള്‍ വനരോദനങ്ങളായി മാറിയതും, കിറ്റെക്‌സിലെ തൊഴില്‍സാഹചര്യങ്ങള്‍ പ്രശ്‌നഭരിതമാണെന്ന ആരോപണങ്ങള്‍ ഗൗനിക്കപ്പെടാതെപോയതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. എറണാകുളത്തെ സി പി എമ്മിന്റെ ഉറ്റ ബന്ധുക്കള്‍ എന്ന പരിഗണനയും കിറ്റെക്‌സിന് ആവോളം ലഭിച്ചിരുന്നു (കിറ്റെക്‌സിലെ തൊഴില്‍ സാഹചര്യം സംബന്ധിച്ച സുജേഷ് എ വി യുടെ ഫെയ്‌സ്ബുക് പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. കാര്യങ്ങള്‍ ഓരോന്നായി പുറത്തു വരട്ടെ).

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും അതിന്റെ അമരക്കാരന്‍ സാബു ജേക്കബിനും സംഭവിച്ച അബദ്ധം, തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന കണ്ണടക്കലുകള്‍ തങ്ങള്‍ക്ക് മറ്റു പല കാരണങ്ങളാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് അല്ലെങ്കില്‍ പൗരബോധമുള്ള കേരളത്തിന്റെ ഔദാര്യമാണ് എന്ന തോന്നല്‍ നഷ്ടപ്പെട്ടു എന്നതാണ്. ബിസിനസ് എന്ന സര്‍ഗാത്മകമായ വലിയ വ്യാപ്തിയുള്ള ഒരു പ്രവര്‍ത്തനം നടത്തുന്നയാള്‍ക്ക് അവശ്യം വേണ്ട ഒന്നാണ് ചുറ്റുപാടുകളെക്കുറിച്ചും അവരവരെക്കുറിച്ചുമുള്ള ബോധം. കൊള്ളക്കച്ചവടമല്ല ബിസിനസ്. സാബു ജേക്കബിന് ആ ബോധം നഷ്ടമായി. അതോടെ കോണ്‍ഗ്രസ് പോലെ എറണാകുളത്ത് വലിയ വേരോട്ടമുള്ള ഒരു ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനത്തോട് കൊമ്പുകോര്‍ക്കുക എന്ന ബിസിനസ് വിഡ്ഢിത്തരം സാബു കാണിച്ചു. ബെന്നി ബഹാനാനെ പോലെ നാട്ടില്‍ സമ്മതിയുള്ള നേതാക്കളെ പോരിന് വിളിച്ചു. ഫലം, കണ്ണടക്കലുകളിലും ഔദാര്യങ്ങളിലും ചിലത് നിലച്ചുപോയി. കമ്പനിക്കെതിരില്‍ പരാതികള്‍ വന്നു. ബെന്നിയും പി ടി തോമസും പോലുള്ള ജനപ്രതിനിധികളായിരുന്നു പരാതിക്കാര്‍. അവരുടെ വാക്കുകള്‍ക്ക് ജനാധിപത്യത്തില്‍ വലിയ ശക്തിയുണ്ടെന്ന് സാബു മനസിലാക്കിയില്ല. സ്വാഭാവികമായും ഭരണകൂടത്തിന്റെ തണല്‍ശാഖകകള്‍ സാബു ജേക്കബിന് നഷ്ടപ്പെട്ടു.
മുറിവുണക്കാനും സാധ്യമാകുന്ന വിധത്തില്‍ പരാതികള്‍ പരിഹരിക്കാനുമാണ് സാധാരണ നിലയില്‍ ഒരു വ്യവസായി ഇത്തരം ഘട്ടങ്ങളില്‍ തയാറാവുക. അതുണ്ടായില്ല. മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ പുതിയ പ്ലാന്റുകള്‍ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതികള്‍ നിഷേധിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാനും ഇളവുകള്‍ നേടാനുമല്ല സാബു ജേക്കബ് ശ്രമിച്ചത്. മറിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കാനാണ്. ആ വെല്ലുവിളി ആയിരുന്നു ട്വന്റി- ട്വന്റി. പണക്കോയ്മയുള്ള ഏതൊരു പരീക്ഷണവുമെന്ന പോലെ ആദ്യഘട്ടത്തില്‍ അത് വിജയം കണ്ടു. കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റെക്‌സ് പിടിച്ചെടുത്തു. കമ്പനികള്‍ക്ക് നിര്‍ബന്ധമായ സി എസ് ആറിന്റെ രാഷ്ട്രീയ പ്രയോഗം. സി പി എം നല്ല രീതിയില്‍ കണ്ണടച്ചു എന്നും ഓര്‍ക്കണം. പഞ്ചായത്ത് ഭരണം പിടിച്ചതോടെ അനുമതികള്‍ കിറ്റെക്‌സ് സ്വയം എഴുതിയെടുക്കുന്ന അവസ്ഥയായല്ലോ? കേരളം അത്രയൊന്നും ഗൗനിച്ചില്ല അത്. കിറ്റെക്‌സല്ലേ? നമ്മുടെ നാടിന്റെ സ്ഥാപനമല്ലേ?
അവിടം കൊണ്ട് നിര്‍ത്തിയില്ല എന്ന ഭീമാബദ്ധം സാബു ജേക്കബ് കാണിച്ചു. കേരളത്തിന്റെ ജനാധിപത്യ അവബോധത്തെ തെറ്റുധരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റമ്പി. ആ വലിയ നിക്ഷേപം പൂര്‍ണ നഷ്ടമായി. എല്ലാ തണലുകളം വെട്ടിയെറിഞ്ഞ സാബു ജേക്കബ് കൊടും വെയിലിന്റെ ചൂടറിഞ്ഞു. നിയമപ്രകാരമുള്ള പരിശോധനകളായിരുന്നു അതിലൊന്ന്. അങ്ങനെയാണ് സാബു ജേക്കബ് തെലുങ്കാനയിലേക്ക് വിമാനം കയറിയത്. നിയമപ്രകാരമുള്ള പരിശോധനകള്‍ എന്നാല്‍ നമ്മുടെ ജനാധിപത്യ-പൗരാവകാശഭരിത ജീവിതത്തിന്റെ അനിവാര്യതകളാണ്. അതിനെ പണരാഷ്ട്രീയം കൊണ്ട് വെല്ലുവിളിക്കാന്‍ ശ്രമിച്ചു എന്നതാണ് സാബു ജേക്കബ് കാട്ടിയ അബദ്ധം. ആ ജനാധിപത്യ നിര്‍വഹണങ്ങളെ അപഹസിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സാബു ജേക്കബ് ഇപ്പോഴും തുടരുന്ന തെറ്റ്. പൗരാവകാശ ഭരിതമായ ജനാധിപത്യവുമായി സഹകരിക്കാനാവാത്ത വ്യവസായങ്ങളും വ്യവസായികളും പരാജയപ്പെട്ട് പലായനം ചെയ്ത കഥകളാല്‍ സമ്പന്നമാണ് നമ്മുടെ ബിസിനസ് സാഹിത്യം.

കെ കെ ജോഷി

You must be logged in to post a comment Login