അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു വിഷമവൃത്തം കൂടി പൂര്‍ത്തിയാവുകയാണ്. ‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന വിശേഷണം അന്വര്‍ഥമാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം അവസാനിക്കുമ്പോള്‍ രാജ്യം വീണ്ടും താലിബാന്റെ കൈകളിലേക്കാണ് വീഴുന്നത്. അതുകൊണ്ടുതന്നെ, വൈദേശികാധിപത്യത്തില്‍നിന്നു മുക്തമാകുന്നതിന്റെ ആശ്വാസത്തിനു പകരം അനിശ്ചിതത്വവും ആശങ്കകളുമാണ് അന്നാട്ടുകാരെയും ലോകത്തെയും കാത്തിരിക്കുന്നത്.

അമേരിക്കയുടെ സേനാ പിന്‍മാറ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കേ അഫ്ഗാനിസ്ഥാനിലെ പകുതി ജില്ലകളും താലിബാന്റെ കൈവശമായിക്കഴിഞ്ഞു. ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുമ്പോള്‍ അഫ്ഗാന്‍ സൈനികര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. താലിബാനെതിരെ പോരാടാന്‍ അമേരിക്കയും സഖ്യകക്ഷികളും സംഭാവന ചെയ്തതോ വിറ്റതോ ആയ സൈനിക ഉപകരണങ്ങള്‍ മിക്കതും താലിബാന്റെ കൈകളില്‍ തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പരിമിതമായ വിഭവങ്ങള്‍ മാത്രം കയ്യിലുണ്ടായിരുന്ന ഒരു തീവ്രവാദ സംഘടനയ്ക്കു മുന്നില്‍ തോല്‍വി സമ്മതിച്ച് ലോകശക്തി പിന്‍മാറുന്നത് ആ രാജ്യത്തെ പുനര്‍നിര്‍മിക്കുന്നതിനു പകരം, സാംസ്‌കാരികമായും രാഷ്ട്രീയമായും തകര്‍ത്തതിനു ശേഷമാണ്.

റാഞ്ചിയെടുത്ത വിമാനം ഇടിച്ചുകയറ്റി അല്‍ഖയ്ദ ഭീകരര്‍ 2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനുപിന്നാലെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സേന അഫ്ഗാന്‍ മണ്ണിലെത്തുന്നത്. ഭീകരവാദത്തെ പരാജയപ്പെടുത്തുകയും അല്‍ഖയ്ദ മേധാവി ഉസാമ ബിന്‍ലാദനെ വധിക്കുകയുമായിരുന്നു അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ബരാക് ഒബാമയുടെ കാലത്തുതന്നെ ഉസാമയെ വധിച്ചെങ്കിലും അമേരിക്കന്‍ സൈന്യം പിന്നെയും അവിടെ തുടര്‍ന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങള്‍ ബാക്കിയുള്ളതുകൊണ്ടാണ്. അതിനിടെ അവര്‍ അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാനെ തോല്‍പ്പിച്ചു. ഇടക്കാല മന്ത്രിസഭയുണ്ടാക്കി. ഭരണഘടനയുണ്ടാക്കി തിരഞ്ഞെടുപ്പുകള്‍ നടത്തി പാവസര്‍ക്കാരുകളെ പ്രതിഷ്ഠിച്ചു. പക്ഷേ, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരവാദം തുടച്ചുനീക്കാനോ അഫ്ഗാന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനോ അവര്‍ക്കു കഴിഞ്ഞില്ല. രണ്ടിന്റെയും സൃഷ്ടിയില്‍ അമേരിക്കയ്ക്കു വലിയ പങ്കുണ്ടായിരുന്നു എന്നതു തന്നെയാവണം കാരണം.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് ബുഷിന്റെ കാലത്തെ അല്‍ഖയ്ദയ്‌ക്കെതിരായ യുദ്ധത്തോടെ തുടങ്ങുന്നതല്ല. പാകിസ്ഥാനിലെ സിയാഉല്‍ഹഖ് ഭരണകൂടവുമായി റൊണാള്‍ഡ് റീഗന്‍ സര്‍ക്കാരുണ്ടാക്കിയ സൈനിക സഖ്യത്തോളം പഴക്കമുണ്ട് അതിന്. ദുര്‍ഘടമായ ഭൂപ്രകൃതിയും പരസ്പരം പോരടിക്കുന്ന യുദ്ധപ്രഭുക്കള്‍ നയിക്കുന്ന ഭിന്ന ഗോത്രങ്ങളുമുള്ള അഫ്ഗാനിസ്ഥാനെ പൂര്‍ണമായും വരുതിയിലാക്കാന്‍ ഒരു സാമ്രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ ഇടപെട്ടത് സോവിയറ്റ് യൂണിയന്‍ ആയിരുന്നു. അയല്‍രാജ്യമായ പാകിസ്ഥാനില്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് സിയാഉല്‍ഹഖ് അധികാരം പിടിച്ചതിനു തൊട്ടുപിന്നാലെയാണ് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ കടന്നതും അവിടെ തങ്ങള്‍ക്ക് അനുകൂലമായൊരു ഭരണകൂടത്തെ പ്രതിഷ്ഠിച്ചതും. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഭരണകൂടത്തെ തകര്‍ക്കാന്‍ ഭീകരവാദം വളര്‍ത്തി ഒളിയാക്രമണങ്ങള്‍ അഴിച്ചുവിടുകയെന്ന തന്ത്രമാണ് അമേരിക്ക ആവിഷ്‌കരിച്ചത്. അതു നടപ്പാക്കുന്ന ചുമതല പാക് ഭരണകൂടത്തിനാണ് നല്‍കിയത്.
പാകിസ്ഥാന്‍ സൈന്യത്തിനും സിവിലിയന്‍ ഭരണകൂടത്തിനുമുള്ള പരസ്യ സഹായത്തിനു പുറമേ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റു ഭരണത്തിനെതിരെ പോരാടുന്ന ഭീകരരെ വളര്‍ത്തിയെടുക്കാന്‍ ശതകോടികള്‍ വേറെയും അമേരിക്ക നീക്കിവെച്ചു. പാക് ചാരസംഘടനയായ ഐ എസ് ഐ വഴിയാണ് പണം മതതീവ്രവാദികളിലെത്തിയത്. അമേരിക്കയുടെ പണം കൊണ്ട് പാകിസ്ഥാന്‍ വളര്‍ത്തിയെടുത്ത മതഭീകരര്‍ സോവിയറ്റു പടയെത്തുരത്തി അഫ്ഗാന്‍ ഭരണം ഏറ്റെടുത്തു. പതുക്കെ, ആ രാജ്യം താലിബാന്റെ മര്‍ദ്ദകഭരണത്തിനു കീഴിലായി. അഫ്ഗാനിസ്ഥാനിലെ പരാജയത്തിനു പിന്നാലെ സോവിയറ്റ് യൂണിയനും തകര്‍ന്നു. കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ തകര്‍ന്നപ്പോള്‍ അമേരിക്കയ്ക്ക് ശത്രുക്കളുടെ പട്ടിക പുതുക്കേണ്ടിവന്നു. മുഖ്യശത്രുവിന്റെ സ്ഥാനം ‘ഇസ്ലാമിക തീവ്രവാദ’ത്തിനു ലഭിച്ചു. അതിനുളള തിരിച്ചടിയായിരുന്നു 2011 സെപ്തംബര്‍ 11ന്റെ ലോക വ്യാപാരകേന്ദ്ര ആക്രമണം. അതിന്റെ സൂത്രധാരനെന്ന് അമേരിക്ക കണ്ടെത്തിയ ഉസാമാ ബിന്‍ലാദന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അഭയം നല്‍കിയപ്പോള്‍ അമേരിക്കയ്ക്ക് പിന്നെയും പാകിസ്ഥാന്റെ സഹായം ആവശ്യം വന്നു. ഭീകരതയ്‌ക്കെതിരായ അമേരിക്കന്‍ യുദ്ധത്തിലെ മുഖ്യ സഖ്യകക്ഷിയായി പാകിസ്ഥാന്‍ മാറി.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് തിരിച്ചടിയേകാന്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിങ് ഫ്രീഡം’ എന്ന പേരില്‍ ഒരു പ്രതികാര നടപടിക്ക് ഇറങ്ങിപ്പുറപ്പെടുകയാണ് അമേരിക്ക ചെയ്തത്. അവര്‍ പിന്നീടതിനെ ഭീകരതെക്കെതിരായ ആഗോള യുദ്ധം എന്നു വിളിച്ചു. 2001 ഒക്ടോബര്‍ ഏഴിനാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ആക്രമണം തുടങ്ങുന്നത്. നവംബറില്‍ യു എസ് പിന്തുണയോടെ വടക്കന്‍ സഖ്യം താലിബാനെ കീഴടക്കി. ഉസാമ ബിന്‍ ലാദനെ ഇല്ലാതാക്കി എന്നത് മാത്രമാണ് ഈ യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ ഒരേയൊരു നേട്ടം. അഫ്ഗാനിസ്ഥാനിലെ യുദ്ധം പാതിവഴിക്കു നിര്‍ത്തി അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനൊപ്പം ഇറാഖും തകര്‍ന്നടിഞ്ഞു. അമേരിക്കയുടെ ശ്രദ്ധ ഇറാഖിലേക്കു തിരിഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ശക്തിയാര്‍ജിച്ചു. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും പാകിസ്ഥാനും കൈകോര്‍ത്തപ്പോള്‍ അവര്‍ ഒത്തൊരുമിച്ചു സൃഷ്ടിച്ച ഭീകരസംഘടനകള്‍ സ്രഷ്ടാക്കള്‍ക്കെതിരെ തിരിഞ്ഞു. 2010നു ശേഷം മാത്രം അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷങ്ങളില്‍ ഒരു ലക്ഷം സാധാരണ മനുഷ്യര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. 20 വര്‍ഷത്തിനിടെ 3,400 യു എസ് സൈനികരെ നഷ്ടമായി. ഏതാണ്ട് 22,000 പേര്‍ക്ക് പരിക്കേറ്റു. യുദ്ധത്തിനായി അമേരിക്ക രണ്ടു ലക്ഷം കോടി ഡോളര്‍ ചെലവിട്ടു.

‘ഇത്രയും പണം ചെലവിട്ട്, സൈനികരെ ബലികൊടുത്ത് മറ്റൊരു രാജ്യത്ത് എന്തിന് നില്‍ക്കുന്നു’ എന്ന ചോദ്യം അമേരിക്കക്കാര്‍ ചോദിക്കാന്‍ തുടങ്ങിയപ്പോ ള്‍ത്തന്നെ സൈനിക പിന്‍മാറ്റത്തെപ്പറ്റി യു എസ് ഭരണകൂടം ചിന്തിച്ചു തുടങ്ങിയിരുന്നു. മുഖം രക്ഷിച്ചുകൊണ്ട് എങ്ങനെ പിന്‍മാറും എന്നതായിരുന്നു പ്രശ്‌നം. അഫ്ഗാന്‍ അധിനിവേശം കഴിഞ്ഞ് പത്തു വര്‍ഷം കഴിയുമ്പോള്‍ 2011ല്‍ അവിടെ ഒരു ലക്ഷത്തോളം യു എസ് സൈനികരുണ്ടായിരുന്നു. ട്രംപ് ഭരണകാലമായപ്പോഴേക്ക് അത് 3,500 ആയി കുറഞ്ഞു. താലിബാനുമായി നേരിട്ടു ചര്‍ച്ച നടത്തി ട്രംപ് ഭരണകൂടം രൂപപ്പെടുത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് യു എസ് സൈന്യം പിന്‍മാറുന്നത്. ഈ ഉടമ്പടിയില്‍ ഇപ്പോഴത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ കക്ഷിയല്ല എന്നതാണ് ശ്രദ്ധേയം. അമേരിക്കയുടെ സുരക്ഷയ്ക്കു ഭീഷണിയാവുന്ന സംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ താവളമോ സഹായമോ നല്‍കില്ല എന്നതാണ് താലിബാന്‍ നല്‍കുന്ന ഉറപ്പ്. ഈ ധാരണ പക്ഷേ, അവ്യക്തവും അപൂര്‍ണവും അവിശ്വസനീയവുമാണ്. താലിബാനെ തോല്‍പ്പിച്ച് പിന്‍മാറുന്നതിനു പകരം ഫലത്തില്‍ രാജ്യം താലിബാന് വിട്ടുകൊടുത്ത് പിന്‍വാങ്ങുകയാണ് അമേരിക്ക. യു എസ് പിന്തുണയുള്ള ഭരണകൂടത്തിന് സ്വാധീനമുള്ള സമയത്തുപോലും അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയപരിഹാരത്തിന് അമേരിക്ക ശ്രമിച്ചില്ല.

ബരാക് ഒബാമ തുടങ്ങിവെച്ച് ട്രംപിന്റെ കാലത്ത് തീരുമാനമായി മാറിയ നയപരിപാടി നടപ്പാക്കുകയെന്ന ഉത്തരവാദിത്വമാണ് ഇപ്പോഴത്തെ യു എസ് പ്രസിഡന്റ് ജോ ബൈഡനുമേല്‍ വന്നു ചേര്‍ന്നത്. 2021 സെപ്തംബര്‍ 11ഓടെ മുഴുവന്‍ യു എസ് സൈനികരും നിരുപാധികം പിന്‍മാറുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. കാബൂളിലെ യു എസ് എംബസിക്കു മാത്രമായിരിക്കും ഇനി യു എസ് സൈനികരുടെ കാവലുണ്ടാവുക. കാബൂളിനു വടക്കുള്ള ബാഗ്രാ വ്യോമസേനാ താവളമായിരുന്നു 20 വര്‍ഷമായി യു എസ് സേനയുടെ ആസ്ഥാനം. ഇതു തന്നെയായിരുന്നു നേരത്തേ സോവിയറ്റ് സൈന്യത്തിന്റെയും താവളം. അധിനിവേശത്തിന്റെ പ്രതീകമായ ഈ താവളം ജൂലൈയ് രണ്ടിന് അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് കൈമാറിക്കഴിഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന് സൈനിക സംരക്ഷണം നല്‍കുന്നത് തുര്‍ക്കിയാണ്. 2014ല്‍ താന്‍ അധികാരത്തിലേറിയ ശേഷം 45,000 ഓളം അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനി പറയുന്നത്. അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ആര്‍മിക്ക് ഇനിയങ്ങോട്ടുള്ള പോരാട്ടങ്ങള്‍ സ്വന്തമായി നടത്തിക്കൊണ്ടുപോകാനുള്ള ത്രാണിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരം.

യു എസ് സൈന്യം പിന്‍വാങ്ങിയാലും അഷ്‌റഫ് ഗനി സര്‍ക്കാര്‍ രണ്ടു വര്‍ഷം തുടരുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ ആറു മുതല്‍ പന്ത്രണ്ടു വരെ മാസങ്ങള്‍ക്കുള്ളില്‍ ഭരണം നിലംപതിക്കുമെന്നാണ് കണക്കാക്കുന്നത്. താലിബാന്‍ ഭരണം പിടിക്കുകയും അല്‍ഖയ്ദ പോലുള്ള ഭീകരസംഘടനകള്‍ വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്താല്‍ അതിനെ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. ഉസാമ കൊല്ലപ്പെട്ട് അല്‍ഖയ്ദ ദുര്‍ബലമായപ്പോള്‍ സംഘടനയുടെ പോരാളികള്‍ മിക്കവരും താലിബാനില്‍ ചേരുകയാണ് ചെയ്തത്. അവര്‍ അല്‍ഖയ്ദ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇറാഖിനെ ആക്രമിച്ച ശേഷം പിന്നീട് അവിടേക്കുള്ള അമേരിക്കയുടെ ശ്രദ്ധ കുറഞ്ഞതോടെ ആ ഒഴിവില്‍ കടന്നുകയറിയത് ഐസിസ് തീവ്രവാദികളാണ്. അവര്‍ക്ക് ഇന്നും ഇറാഖില്‍ വ്യക്തമായ സ്വാധീനമുണ്ട്. അതേ തെറ്റാണ് ഇപ്പോള്‍ അവര്‍ അഫ്ഗാനിസ്ഥാനിലും ആവര്‍ത്തിക്കുന്നത്.

പഴയ താലിബാനല്ല, ഇപ്പോഴത്തെ താലിബാന്‍ എന്നാണ് അവരുമായി അമേരിക്ക ധാരണയുണ്ടാക്കിയതിനെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. താലിബാന്‍ മാറിയിട്ടുണ്ടോ എന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ താലിബാനോടുള്ള ലോകത്തിന്റെ സമീപനം മാറിയിട്ടുണ്ട്. നേരത്തേ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിന്‍കീഴിലായിരുന്നപ്പോള്‍ ഇന്ത്യ അവരെ അംഗീകരിച്ചിരുന്നില്ല. താലിബാനെതിരെ പോരടിച്ച വടക്കന്‍ സൈന്യത്തെയാണ് ഇന്ത്യ പിന്തുണച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ താലിബാനുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടക്കാലത്ത് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട്. അത് സംരക്ഷിക്കുകയും താലിബാനും പാകിസ്ഥാനും തമ്മില്‍ പൂര്‍ണ സഖ്യമുണ്ടാക്കുന്നത് തടയുകയുമായിരിക്കണം മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. അഫ്ഗാന്‍ മണ്ണില്‍ വിദേശ ഭീകരരെ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കശ്മീരിലെ അക്രമസംഭവങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. താലിബാന്റെ രാഷ്ട്രീയ നേതൃത്വവുമായി ഇന്ത്യന്‍ അധികൃതര്‍ ഖത്തറില്‍ ചര്‍ച്ച നടത്തി എന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്.

എസ് കുമാര്‍

You must be logged in to post a comment Login