വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

ഇസ്ലാം സത്യമാണ്. അതിന്റെ പ്രമാണങ്ങള്‍ കണ്ടെത്തുക സത്യവിശ്വാസികളുടെ ബാധ്യതയാണ്. തന്റെ പിതാവ്, കുടുംബം, പാരമ്പര്യം, സാമൂഹിക പരിസരം എന്നിവയിലൂന്നിയാണ് ഞാന്‍ വിശ്വാസത്തില്‍ തുടരുന്നതെങ്കില്‍ എന്റെ വിശ്വാസം പൂര്‍ണമല്ല. എന്തുകൊണ്ട് ഇസ്ലാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ഓരോ വിശ്വാസിയും നിര്‍വഹിക്കേണ്ടതുണ്ട്, അതിനു പ്രതിഫലമുണ്ട്. മാറിനില്‍ക്കുന്നത് കുറ്റകരവുമാണ്.

ഒട്ടുമിക്ക വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ സാധിക്കുന്ന വിവരണമാണ് മുകളില്‍ വായിച്ചത്. അത്രമേല്‍ ഭദ്രമാണ് ഇസ്ലാമിലെ വിശ്വാസക്രമം. എന്തിനാണ് ഈയൊരു അന്വേഷണം? അത് സ്വന്തത്തെ കണ്ടെത്താന്‍ വേണ്ടിയാണ്. സ്വന്തത്തെ തിരിച്ചറിഞ്ഞവര്‍ക്ക് ഇസ്ലാമിനെ അവഗണിക്കാന്‍ സാധ്യമല്ല എന്നതാണ് സത്യം. മനുഷ്യന് ഒരു സ്രഷ്ടാവുണ്ട്, അവന്റെ അടിമയാണ് മനുഷ്യന്‍. സകലതും അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യാനുഭവ ചരിത്രം മുതല്‍തന്നെ സ്രഷ്ടാവിനെ അറിയാനായി സര്‍വാധിപന്‍ പ്രവാചകന്മാരെ നിയുക്തരാക്കി. പ്രവാചകശൃംഖലയുടെ സമാപ്തികനാണ് മുഹമ്മദ് റസൂല്‍(സ്വ). മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെ എന്ന് മുഹമ്മദ് (സ്വ) കൃത്യമായി അധ്യാപനം നടത്തി.
തനിക്കു മുമ്പില്‍ തുറന്നുകിടക്കുന്ന എല്ലാ സംവിധാനങ്ങളും മാര്‍ഗങ്ങളും ഉപയോഗിച്ച് അല്ലാഹുവില്‍, ഇസ്ലാമില്‍ വിശ്വാസമര്‍പ്പിക്കണമെന്ന നിയമവ്യവസ്ഥ, മനുഷ്യന്റെ ബുദ്ധിക്ക് നല്‍കുന്ന അംഗീകാരമാണ്. ഈ അടിസ്ഥാനനിയമം മുതല്‍ ആരംഭിക്കുന്ന വിശ്വാസ -കര്‍മ രീതികളെല്ലാം ബൗദ്ധികമാണ്.

ബുദ്ധിരാഹിത്യത്തിലേക്കും സങ്കുചിതമായ ലോകവീക്ഷണത്തിലേക്കുമാണ് ഇസ്ലാം നയിക്കുന്നതെന്ന ആരോപണം എത്രവാസ്തവവിരുദ്ധമാണെന്ന് ഈ അടിസ്ഥാനതത്വം വായിച്ചവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ.
ഒരു മുസ്ലിം അനുവര്‍ത്തിക്കേണ്ട വിശ്വാസകാര്യങ്ങളെ വിവരിക്കുന്ന ജ്ഞാനശാഖയാണ് ഇല്‍മുല്‍ അഖീദ. അഥവാ വിശ്വാസ ശാസ്ത്രം.
മതങ്ങള്‍ ഒരുപാടുണ്ട് എന്നതുകൊണ്ട് എല്ലാ മതങ്ങളും തുല്യമെന്ന് വിധിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് സത്യമതം മാത്രമായിരിക്കണം ഒരാള്‍ സ്വീകരിക്കേണ്ടത്. ഈ ലക്ഷ്യത്തിലേക്ക് വഴി നയിക്കുന്ന ജ്ഞാനശാഖയാണ് ഇല്‍മുല്‍ അഖാഇദ്.
ഖണ്ഡിതമായ, ബൗദ്ധികമായ അറിവുകളാണ് വിശ്വാസശാസ്ത്രത്തിലെ പ്രമാണം. ധാരണകളും സംശയങ്ങളും നിഴലിക്കുന്ന സമീപനങ്ങള്‍ ഈ വിജ്ഞാനശാഖയിലില്ല. പ്രവാചകരുടെ കാലത്തും ശേഷം അനുചരന്മാരുടെ കാലത്തും ഈ വിജ്ഞാനശാസ്ത്രത്തിന്റെ ലക്ഷ്യം പ്രായോഗികമായി തുടര്‍ന്നതിനാല്‍ ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍ ഇല്‍മുല്‍ അഖാഇദ് ഒരു ജ്ഞാനശാഖയായി രൂപപ്പെട്ടിരുന്നില്ല. പില്‍ക്കാലത്താണത് വ്യവസ്ഥാപിതമായ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടത്. അറിവന്വേഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ അറബികള്‍ നടത്തിയ വിജ്ഞാന വിപ്ലവത്തിന്റെ ഫലമായി ഗ്രീസിലെയും റോമിലെയും, എന്തിനേറെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള പല ചിന്താധാരകളുടെയും തത്വശാസ്ത്രത്തിന്റെയും പ്രചാരകരായി അറബികള്‍ മാറി. പലരും ഗ്രീക്ക് ചിന്തയുടെ വികലമായ തത്വങ്ങളെ ഹൃദയാ വരിച്ചു. ഇസ്ലാമിന്റെ പ്രബലതയെ പോലും ഇത്തരം ചിന്തകളുടെ വെളിച്ചത്തില്‍ കണ്ടെത്താനായുള്ള ശ്രമങ്ങളും അന്വേഷണ ഗവേഷണങ്ങളും സമൂഹത്തിനിടയില്‍ ഒരുപാട് വികലമായ ധാരണകള്‍ രൂപപ്പെട്ടു. ഒരുപാട് പേര്‍ സന്ദേഹ ജീവികളായി മാറി. ജീവിതത്തിന്റെ ലക്ഷ്യത്തെയും മാനുഷിക ഉത്തരവാദിത്വങ്ങളെയും അവഗണിക്കുന്ന ഈ സാമൂഹിക പരിതസ്ഥിതിയില്‍നിന്ന് വിശ്വാസി സമൂഹത്തെ കഴുകിയെടുക്കാനാണ് നിപുണന്മാരായ പണ്ഡിതന്മാര്‍ ഈ ഉദ്യമത്തിലേക്ക് മുന്നിട്ടിറങ്ങിയത്.

ഈ വിജ്ഞാനശാസ്ത്രത്തിന്റെ സ്ഥാപകനായി ചരിത്രം കൃത്യതപ്പെടുത്തുന്നത് അബുല്‍ ഹസനുല്‍ അശ്അരിയെയും, ശേഷം വന്ന ഇമാം മാതുരീദിയെയുമാണ്. ഇവര്‍ വിശ്വാസ ശാസ്ത്രത്തിലെ രണ്ടു ധാരയിലെ ഇമാമുമാരാണ്. ഒന്ന് അശ്അരി ധാര, മറ്റേത് മാതുരീദി ധാര. ഇവര്‍ക്കിടയില്‍ ഏതാനും ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അവ മുഴുവനും പദപരമായ വ്യത്യാസം മാത്രമാണ്, ആശയപരമായ വ്യത്യാസമല്ല. ആശയ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്ന് വഴിയേ വായിക്കാവുന്നതാണ്.

സൂര്യ- നക്ഷത്ര- ഗോളങ്ങള്‍ തുടങ്ങി പ്രപഞ്ചത്തെ മുഴുവന്‍ പ്രമേയമാക്കിയും ഈ വിജ്ഞാന ശാഖ ചര്‍ച്ച വികസിപ്പിച്ചിട്ടുണ്ട്. എന്നിട്ടും സംസാരം എന്ന് സാരമുള്ള കലാം എന്ന പേരില്‍ ഈ വിശാലമായ ജ്ഞാനശാഖ വിശ്രുതമായത് പണ്ഡിതന്മാരുടെ അന്നത്തെ ചര്‍ച്ചാവിഷയം വിശ്വാസ ശാസ്ത്രമായതിനാലാണ്.
അറിവ്, വസ്തുത, യാഥാര്‍ത്ഥ്യം എന്നിവയെ മുഖ്യ പ്രമേയമാക്കിയുള്ള ഈ ജ്ഞാന ലോകത്തിന്റെ സഞ്ചാരപാതയില്‍ ഒട്ടനവധി അകം സംവാദങ്ങളും പുറം സംവാദങ്ങളും നടന്നു കൊണ്ടിരുന്നു. ഫിലോസഫിയുടെ അബദ്ധവാദങ്ങളെ പിന്‍പറ്റിയുള്ള മതത്തിനകത്തുള്ള അവാന്തര വിഭാഗങ്ങളെയും, പുറത്തുള്ള നാസ്തിക സിദ്ധാന്തങ്ങളെയും വൈജ്ഞാനികമായി നേരിട്ടു. അങ്ങനെ നേരിടുമ്പോള്‍ മാത്രമാണ് ആത്മാവ് കൊഴിഞ്ഞുപോകാതെ ഇസ്ലാമിനെ അനുഭവിക്കാന്‍ സാധിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം കൃത്യമായി മനസിലാക്കി കൊണ്ട് ഒട്ടനവധി പണ്ഡിതര്‍ രംഗത്തു വന്നു. ഇസ്ലാമിന്റെ വിശ്വാസ സംഹിതയുടെ കെട്ടുറപ്പിനെ, യുക്തി ഭദ്രതയെ അവതരിപ്പിച്ചുള്ള അവരുടെ വൈജ്ഞാനിക ഇടപെടല്‍ വിശ്വാസശാസ്ത്രത്തിന്റെ മേന്മയെയും അതില്‍ അവര്‍ നടത്തിയ പഠനത്തിന്റെ ആഴത്തെയും പ്രകാശിപ്പിക്കുന്നു. ഇമാം ഗസാലി തഹാഫുതുല്‍ ഫലാസിഫ, അര്‍ബഈന ഫീ ഉസ്വൂലിദ്ദീന്‍ തുടങ്ങി ഇഹ്്യയില്‍ വരെ ഈ കാര്യങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തി. സര്‍ഗാത്മകമായി തത്വ-തര്‍ക്ക ശാസ്ത്രങ്ങളെ ഉപജീവിച്ചുള്ള വിശ്വാസശാസ്ത്രത്തിന്റെ വിശകലന സംവാദരീതികളെ ചില പണ്ഡിതര്‍ ആക്ഷേപിച്ചതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ആ വിമര്‍ശകരില്‍ പ്രധാനിയായിരുന്നു ഇബ്നു തൈമിയ്യ. ഇമാം ഗസാലിയെ ശക്തമായ ഭാഷയില്‍ തന്നെ ഇബ്നു തൈമിയ്യ വിമര്‍ശിച്ചു. എന്നാല്‍ തന്റെ വാദം സമര്‍ഥിക്കാനും എതിര്‍ക്കാനും അദ്ദേഹം ഉപയോഗിച്ച രീതിയോ? അത് തത്വ- തര്‍ക്ക ശാസ്ത്രത്തിന്റേതായിരുന്നു എന്ന കാര്യം വിചിത്രമായി കാണേണ്ടതുണ്ട്. അഥവാ ഇബ്നു തൈമിയ്യയിലും അത്രമേല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഇമാം ഗസാലി (റ). മാത്രമല്ല, ഈ വിഷയത്തില്‍ തന്റേതായ പഠനങ്ങള്‍ ഇബ്നു തൈമിയ്യ നടത്തിയിട്ടുണ്ട്. ആ പഠനത്തില്‍ അബദ്ധമായ ചില വാദങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അവയോട് പണ്ഡിത ലോകം വൈജ്ഞാനികമായി തന്നെ സംവദിച്ചു. എന്നാല്‍ ഇമാം ഗസാലി തര്‍ക്കശാസ്ത്രം, രീതിശാസ്ത്രം, നിര്‍ദ്ധാരണ പാടവം എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു ശകലം പോലും ഇമാമില്‍ നിന്ന് അബദ്ധമായി പിണഞ്ഞില്ല എന്നത് വസ്തുതയാണ്. വെറുതെയല്ല ‘ദീനിന്റെ പ്രമാണം’ എന്ന സ്ഥാനപ്പേരില്‍ ഗസാലി പേരെടുത്തത്. ഇമാം റാസി, സഅ്ദുദ്ദീന്‍ തഫ്താസാനി തുടങ്ങിയവര്‍ ഈ വിജ്ഞാനശാഖയില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കി. അല്‍ മത്വാലിബുല്‍ ആലിയ എന്ന ഇമാം റാസിയുടെ പത്തോളം വാള്യം വരുന്ന വിശ്രുത കൃതി പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഗ്രീക്ക് ഫിലോസഫിയുടെ വികലമായ പ്രാപഞ്ചിക വീക്ഷണത്തെ ബൗദ്ധികമായി നിരൂപണം ചെയ്യുന്ന കൃതിയില്‍ പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഗാലന്‍ തുടങ്ങി പല തത്വചിന്തകരുടെ സമീപനങ്ങളെയും ചര്‍ച്ചക്കെടുക്കുന്നുണ്ട്. അവയില്‍ പലതും നിരര്‍ഥകമെന്നും അവര്‍ സ്വീകരിച്ച വിവരണ രീതിയെ ആസ്പദിച്ചുകൊണ്ടുതന്നെ വ്യക്തമാക്കുന്നുണ്ട്.
ജ്ഞാന നിര്‍ദ്ധാരണ രീതിയെ, അറിവിന്റെ സ്രോതസ്സിനെ പറ്റിയുള്ള വിവരണമാണ് അഖീദയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആമുഖമായി വായിച്ചിരിക്കേണ്ടത്. എന്താണ് അറിവ്, എങ്ങനെയാണ് അറിവ് നേടുന്നത്, അതിനുള്ള മാധ്യമങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഭാഗത്തുള്ളത്. അറിവ് എന്നാല്‍ ദൃഢമായവയാണ്. സംശയത്തിനോ, സന്ദേഹങ്ങള്‍ക്കോ യാതൊരു സാധ്യതയും നല്‍കാത്ത ഉറച്ച ബോധ്യങ്ങള്‍ മാത്രമാണ് വിശ്വാസശാസ്ത്രത്തില്‍ അറിവായി പരിഗണിക്കുന്നത്. മനുഷ്യര്‍ ഇടപെടുന്ന ഓരോ ശാസ്ത്രത്തിനും ഇടപഴക്കത്തിനും അനുസരിച്ച് അറിവു ലഭിക്കാനുള്ള സ്രോതസ്സുകള്‍ വ്യത്യാസപ്പെട്ടിരിക്കും. വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ നീരിക്ഷണ പരീക്ഷണം അറിവു നേടാനുള്ള മാധ്യമമായി പരിഗണിക്കുമ്പോള്‍, ചരിത്ര പഠനത്തില്‍ ഇത് രീതിശാസ്ത്രമായി സ്വീകരിക്കുന്നില്ല. ഇതു പോലെ ഓരോ ശാസ്ത്രങ്ങള്‍ക്കും അതിന്റേതായ ഒരു ജ്ഞാന നിര്‍ദ്ധാരണ രീതിയുണ്ട്. അവ അവലംബിച്ചു കൊണ്ടു തന്നെ അറിവു നേടണം. എല്ലാ ജ്ഞാനശാസ്ത്രങ്ങള്‍ക്കും ഒരേ മാര്‍ഗമാണ് അവലംബിക്കേണ്ടത് എന്ന വാദത്തെ എങ്ങനെയാണ് യുക്തിയായി പരിഗണിക്കാന്‍ സാധിക്കുക?

മനുഷ്യന്‍ ഒരു മതത്തെ അംഗീകരിക്കണമെന്നതിനെ മനസിലാക്കാന്‍ നാം കുറ്റമറ്റ ജ്ഞാന സ്രോതസ്സുകളില്‍ നിന്നുള്ള അറിവുകളെയാണ് അവലംബിക്കേണ്ടതെന്ന് കുടൂതല്‍ വിവരിക്കേണ്ടതില്ലല്ലോ. പിഴവ് സംഭവിക്കാത്ത അറിവിന്റെ സ്രോതസ്സിനെ തന്നെയായിരിക്കണം വിശ്വാസകാര്യത്തില്‍ വ്യക്തികള്‍ അനുവര്‍ത്തിക്കേണ്ടത് എന്ന നിര്‍ബന്ധ കല്‍പ്പനയാണ് ഇസ്ലാമിന്റേത്. അത്രമേല്‍ സത്യമാണ് ഇസ്ലാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ നിയമവ്യവസ്ഥ. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ നിഗമനങ്ങളെ പിന്തുടരരുത്. അപ്പോള്‍ ദൃഢമായ അറിവുകളെ/ ബോധ്യങ്ങളെയാണ് വിശ്വാസ കാര്യത്തില്‍ പരിഗണിക്കേണ്ടത്. ഏത് സ്രോതസ്സുകളില്‍ നിന്നാണ് ഇത്തരം അറിവുകള്‍ ലഭിക്കുക?

പഞ്ചേന്ദ്രിയങ്ങള്‍, ബുദ്ധി, ല സത്യവൃത്താന്തം(ഖബറുസ്വാദിഖ്) എന്നിവയാണ് അറിവിന്റെ സ്രോതസ്സായി ഇല്‍മുല്‍ കലാം പരിഗണിക്കുന്നത്. എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമായി തന്നെ ഉന്നയിക്കുമ്പോഴാണ് ഈ പരിഗണനയില്‍ അടിസ്ഥാനപ്പെടുത്തിയ കൃത്യത ബോധ്യപ്പെടുക.

ഇവിടെ നിന്ന് ഒരാള്‍ ബഹിരാകാശത്തേക്ക് പോയി എന്ന് സങ്കല്‍പ്പിക്കൂ. അയാള്‍ തിരിച്ചു വന്നു കൊണ്ട് പറയുകയാണ്, ഞാന്‍ ഒരു ബഹിരാകാശ ജീവിയെ കണ്ടു. ഈ പ്രസ്താവന എത്രമാത്രം സ്വീകാര്യമാണ്. ഒരുപക്ഷേ അയാള്‍ക്ക് തോന്നിയതാണെങ്കിലോ? ഒരു സംശയത്തിനും ഇട വരുത്താത്ത വിധത്തില്‍, ദൃഢമായി ഈ കാര്യം അംഗീകരിക്കാന്‍ കഴിയുമോ? അങ്ങനെ ഒരു ജീവി ഉണ്ടാകാം, ഇല്ലാതിരിക്കാം. അതില്‍ എനിക്ക് കൃത്യമായ ബോധ്യമില്ല. എന്നാല്‍ ഈ അനുഭവിച്ച വ്യക്തിക്കോ? അത് അയാളുടെ ബോധ്യം തന്നെയാണ്. ആ ബഹിരാകാശ യാത്രയില്‍ ഒരുപാട് ആളുകളുണ്ടെങ്കിലോ? ഇവരെല്ലാം ചേര്‍ന്ന് കളവു പറയുമോ? അത് അസംഭവ്യമായ അത്രയും വലിയ സംഘമാണ് ആ യാത്രയില്‍ ഉണ്ടായിരുന്നത്. അവര്‍ എല്ലാവരും ആ ജീവിയെ കണ്ടു എന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാതിരിക്കും. ഇവിടെ എന്ത് സന്ദേഹമാണ് ഉണ്ടാവുക. രണ്ടാം ലോക മഹായുദ്ധം നടന്നിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? എന്തു കൊണ്ട് ഇല്ല. കളവ് പറയുന്നതില്‍ യോജിക്കുന്ന ഒരു സംഘത്തെക്കാള്‍ കൂടുതല്‍ പേരാണ് അത് കണ്ട/ അനുഭവിച്ച തലമുറ. അത് അവര്‍ക്കു ശേഷം അതിനോളം വരുന്ന സംഘത്തിനു കൈമാറി. അങ്ങനെ അതിന്റെ കൈമാറ്റ ശൃംഖല തുടര്‍ന്നുപോകുന്നു. ഈ രീതിയില്‍ കൈമാറ്റം ചെയ്യുന്ന പ്രമാണങ്ങള്‍ക്ക് മുതവാതിര്‍ എന്നാണ് പറയുന്നത്. അവ അസത്യമല്ല. ദൃഢമാണ്. ഇത്തരം പ്രമാണങ്ങളാണ് വിശ്വാസ കാര്യത്തില്‍ പരിഗണിക്കുക. ഇത്തരം പ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍.

ഖുര്‍ആന്‍ ദൈവികമാണ്. അത് അവതരിച്ചത് മുഹമ്മദ് നബിക്കാണ് (സ്വ). ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. എന്താണ് ഇതിന്റെ ഖണ്ഡിതമായ പ്രമാണം? അത് മുതവാതിറായ ചരിത്രമാണ്. തെളിച്ചു പറഞ്ഞാല്‍, മക്കയിലാണ് നബി(സ്വ) ജനിച്ചത്. അറബികള്‍ക്കിടയിലാണ് ജീവിതം. നബി(സ്വ) നിയുക്തനായത് പ്രപഞ്ച സ്രഷ്ടാവിന്റെ ദൂതനായിട്ടാണ്. ഈ കാര്യം പ്രവാചകന്‍ ആ സമൂഹത്തോട് പറഞ്ഞു. പ്രപഞ്ചത്തിന്റെ അധിപന്‍ നിയോഗിച്ചതിന്റെ വ്യക്തമായ പ്രമാണമായിരുന്നു നബിയുടെ അമാനുഷ സിദ്ധികള്‍. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസവും നടക്കുന്നത് ദൈവിക നിശ്ചയമനുസരിച്ചാണ്. അതില്‍ വല്ല സ്വാധീനവും നടത്താന്‍ നബിക്ക് കഴിഞ്ഞോ? തീര്‍ച്ചയായും. ചന്ദ്രനെ പിളര്‍ത്തി, അങ്ങനെ തുടങ്ങി ഒട്ടനവധി അമാനുഷിക പ്രവൃത്തികള്‍ നബി തന്റെ വ്യക്തിത്വത്തിനു പ്രമാണമായി പ്രകടമാക്കി. അതിനു ഒരുപാട് പേര്‍ സാക്ഷിയാണ്. ഖുര്‍ആന്‍ അവതരിച്ചു. അത് നേരത്തെ പറഞ്ഞ അത്രയും ജനങ്ങള്‍ക്ക് തിരുനബി ഓതിക്കേള്‍പ്പിച്ചു. അവര്‍ ശേഷമുള്ള തലമുറക്ക് അത് കൈമാറി. അങ്ങനെ തുടര്‍ന്നുപോരുന്നു ആ ശൃംഖല. നബി വ്യക്തിത്വത്തിന്റെ സത്യസന്ധത മുതവാതിറായ രീതിയില്‍ സ്ഥിരപ്പെട്ടതാണ്. അതുകൊണ്ട് നബിയുടെ വാക്കും സത്യസന്ധമായ അറിവായി പരിഗണിക്കും, പക്ഷേ ഒരു നിബന്ധനയെന്നത് അത് നബി പറഞ്ഞതാണെന്ന് വ്യക്തമാകണം. അത് എങ്ങനെ സാധിക്കും? അതിനാണ് നിവേദക ശ്യംഖലയുടെയും, ഹദീസ് നിര്‍ദ്ധാരണ ശാസ്ത്രത്തിലെ നിയമ വ്യവസ്ഥകളുടെയും പ്രസക്തി. നബി ആരോട് പറഞ്ഞു. ആര് കേട്ടു, ആ കേട്ട വ്യക്തി ആര്‍ക്കാണ് കൈമാറിയത്, അദ്ദേഹം വിശ്വസ്തനാണോ? ഇങ്ങനെ തുടര്‍ന്നു പോരുന്ന നിവേദക ശൃംഖലയില്‍ ഒരോരുത്തരുടെ പേരും നാടും യാത്രാ വിവരണവുമെല്ലാം ഉള്‍ക്കൊള്ളിക്കുന്ന വിജ്ഞാന ശാഖയാണ് ഹദീസ് നിര്‍ദ്ധാരണ ശാസ്ത്രം (ഉസൂലുല്‍ ഹദീസ്). ഏത് ഹദീസ് സ്വീകാര്യം, ഏത് സീകാര്യമല്ല, എന്തുകൊണ്ടാണ്, അല്ല തുടങ്ങിയ ചര്‍ച്ചകളാണ് ഈ ശാസ്ത്രം വിശദീകരിക്കുന്നത്. മുതവാതിര്‍, സ്വഹീഹ്, ളഈഫ്, ഖരീബ് തുടങ്ങിയ സംജ്ഞകളിലായി ഹദീസുകളെ വിവിധ ഇനങ്ങളായി വര്‍ഗീകരിച്ചു. അവയില്‍ മുതവാതിറായ ഹദീസുകള്‍ മാത്രമേ വിശ്വാസശാസ്ത്രത്തില്‍ പരിഗണിക്കുകയുള്ളൂ.

ഇസ്ലാമിലെ പ്രമാണങ്ങള്‍ രണ്ടു വിധത്തിലാണ്. ഒന്ന്, ഖത്ഈ(ഖണ്ഡിതമായവ). രണ്ട്, ള്വന്നിയ്യ് (പലതിനും സാധ്യത ഉളളവ). വിശുദ്ധ ഖുര്‍ആനും മുതവാതിറായ ഹദീസും നിവേദന പരമ്പര അനുസരിച്ച് ഖണ്ഡിതമാണെങ്കിലും പലപ്പോഴും അവയിലെ ആശയം സ്വീകരിക്കുന്നതില്‍ അവ ഖണ്ഡിതമല്ല. കാരണം, നിവേദക പരമ്പര ശക്തവും അതില്‍ പരാമര്‍ശിച്ച വിഷയം വ്യാഖ്യാനത്തിനു പഴുതില്ലാത്ത വിധം സുവ്യക്തവുമായിട്ടുള്ള പ്രമാണങ്ങളാണ് ഖണ്ഡിതം-ഖത്വ്ഈ. ഉദാഹരണത്തിന്, ഇസ്റാഅ് -നബിയുടെ രാപ്രയാണം – ഖണ്ഡിതമായി സ്ഥിരപ്പെട്ടതാണ്. ആ കാര്യം ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണ്. ഖുര്‍ആന്‍ പരമ്പര കൊണ്ട് മുതവാതിറുമാണ്. അതുകൊണ്ട് നിഷേധിച്ചാല്‍ ഇസ്ലാമില്‍ നിന്നു പുറത്തു പോകും. എന്നാല്‍ മിഅ്റാജ് അങ്ങനെയല്ല. വിശുദ്ധ ഖുര്‍ആനില്‍ ചില ആയത്തുകള്‍ ആകാശാരോഹണത്തെ പരാമര്‍ശിക്കുന്നു എന്ന് പറയാമെങ്കിലും അത് സുവ്യക്തമല്ല. ആ സൂക്തത്തിലെ പരാമര്‍ശം പലതിനും സാധ്യത നല്‍കുന്നുണ്ട്. സ്വഹീഹായ ഹദീസ് മിഅ്‌റാജിനെ സ്ഥിരപ്പെടുത്തുന്നുണ്ടെങ്കിലും അത് ഖത്ഈ അല്ല. കാരണം, പരമ്പര ഖണ്ഡിതമല്ല(മുതവാതിര്‍ അല്ല). അഥവാ സ്വഹീഹായ ഹദീസു പോലും വിശ്വാസ കാര്യത്തില്‍ പ്രമാണമായി പരിഗണിക്കുന്നില്ല. സ്വഹീഹായ ഹദീസിനെക്കാള്‍ ഗ്രേഡ് കുറഞ്ഞ ഹദീസുകള്‍ ഒരുപാട് ഉണ്ട്. ഇവയെ മുന്‍നിര്‍ത്തി വിശ്വാസ കാര്യത്തെ ചോദ്യംചെയ്യുന്നത് അപ്രസക്തമാണ്.

ഈ ഹദീസുകള്‍ക്ക് പ്രാമാണികതയില്‍ അവയുടേതായ പരിഗണനയുണ്ട് എന്നു മാത്രം.
ദൈവികം, പ്രവാചകത്വം, സൃഷ്ടി ലോകം, അദൃശ്യ ലോകം തുടങ്ങി നാലു മുഖ്യ ഖണ്ഡങ്ങളാണ് വിശ്വാസ ശാസ്ത്രത്തില്‍ പ്രധാന ചര്‍ച്ച. ആരാണ് സ്രഷ്ടാവ്? അവന്റെ വിശേഷണങ്ങള്‍ എന്തെല്ലാം? തുടങ്ങിയ ചര്‍ച്ചയാണ് വിശ്വാസശാസ്ത്രത്തിന്റെ മുഖ്യ ഭാഗം. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവാചകന്മാരെ സംബന്ധിച്ചുള്ള ചര്‍ച്ച. അവരുടെ വിശേഷണവും അവതരിച്ച ഗ്രന്ഥങ്ങളും ഈ ഭാഗത്തിലെ ചര്‍ച്ചാ വിഷയമാണ്. മനുഷ്യന്‍, ജിന്ന്, മലക്കുകള്‍ തുടങ്ങിയ സൃഷ്ടികളെ പറ്റിയും, അവരുടെ ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയുമാണ് തുടര്‍ന്നുള്ള ചര്‍ച്ചകള്‍. നാലാമത്തേത് അദൃശ്യമായ കാര്യങ്ങളെ പറ്റിയുള്ളതാണ്. നമ്മുടെ പഞ്ചേന്ദ്രിയത്തിനു ഗ്രഹിക്കാനോ ശാസ്ത്ര- സാങ്കേതിക ഉപകരണങ്ങള്‍ക്ക് കണ്ടെത്താനോ സാധിക്കാത്ത പല അദ്യശ്യമായ കാര്യങ്ങളുമുണ്ട്. അവയില്‍ വിശ്വസിക്കുന്നവനാണ് മുസ്ലിം. എന്തുകൊണ്ട് ഇവയില്‍ വിശ്വസിക്കണം എന്നതിന്റെ കൃത്യമായ വിസ്താരം ഈ ശാസ്ത്ര ശാഖ നല്‍കുന്നുണ്ട്.

ഈ ചതുര്‍ ഖണ്ഡങ്ങളെ കേന്ദ്രീകരിച്ചുള്ള വൈജ്ഞാനിക സഞ്ചാരത്തില്‍ ഇവയെ തിരസ്‌കരിക്കുന്ന എല്ലാ സിദ്ധാന്തങ്ങളെയും, ഭാവനാത്മക പ്രാപഞ്ചിക വീക്ഷണങ്ങളെയും ആ ശാസ്ത്രശാഖ നേരിട്ടു. കേവലം പഴയ കാല ചര്‍ച്ചകളില്‍ മാത്രം അവസാനിക്കുന്നില്ല ഈ സഞ്ചാരപാത. നിരര്‍ഥകമായ പല വാദങ്ങളുടെയും പേരില്‍ യുക്തിയുടെ കുപ്പായം ചാര്‍ത്തി, അവയെ സ്ഥിരപ്പെടുത്താന്‍ വേണ്ടി പല സിദ്ധാന്തങ്ങളെയും ആശ്രയിച്ച നീരിശ്വരവാദത്തെ കൃത്യമായി നിരൂപിച്ചുള്ള സഞ്ചാരപാതയാണ് ഇല്‍മുല്‍ കലാമിന്റേത്. പുതിയ കാലത്തെ പല ചര്‍ച്ചകളിലും ആരോപണം ഉന്നയിക്കുന്ന പല സിദ്ധാന്തങ്ങളെയും ചരിത്രവഴിയെയും അവതരിപ്പിച്ച കൃതികളില്‍ പ്രധാനമാണ് റമളാന്‍ ബൂത്വിയുടെ മദാഹിബു തൗഹീദും, കുബ്റാ യഖീനിയാത്തുല്‍ കൗനിയ്യയും. ഭൂത- ഭാവി – വര്‍ത്തമാന സാഹചര്യത്തിലെല്ലാം സര്‍ഗാത്മകമായ വളര്‍ച്ചയാണ് ഈ ശാസ്ത്രശാഖക്കുള്ളത്.

മുഹമ്മദ് സഫ്വാന്‍ ഹാദി

You must be logged in to post a comment Login