താജിക്കിസ്ഥാനിലെ ആ അമ്മൂമ്മയാണ് അത്ഭുതം

താജിക്കിസ്ഥാനിലെ  ആ അമ്മൂമ്മയാണ് അത്ഭുതം

ദൃശ്യ മാധ്യമ രംഗത്താണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. ബാല്യകാലം മുതൽ എന്റെ മനസ്സിൽ വേരുറച്ച ഒരു ചിന്തയായിരുന്നു, മറ്റുള്ളവർ ചെയ്യാത്ത കാര്യങ്ങൾ ചെയ്യണമെന്നത്. നമ്മൾ ഏതുകാര്യം ചെയ്താലും അതിന് കുറച്ചുകാലത്തേക്ക് സ്വാധീനം ഉണ്ടാക്കാൻ കഴിയണം. എല്ലാവരും ചെയ്യുന്ന ഒരു പണി ചെയ്യാൻ പാടില്ല. അങ്ങനെയാണ് സഫാരി ടിവിയും വ്യത്യസ്തമായത്. മറ്റേതെങ്കിലും ഒരു ചാനലിന്റെ അനുകരണമാവരുത് സഫാരി എന്ന് ദൃഢനിശ്ചയമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ട്രെയ്നികൾക്ക് അപ്രകാരം കൃത്യമായ നിർദേശങ്ങൾ നൽകി. ലോകത്ത് മറ്റേതെങ്കിലും ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളാവരുത് നമ്മുടേത്. മറ്റൊരാളെയും പകർത്തേണ്ട. നമ്മുടെ മുന്നിൽ ആശയങ്ങളുടെ വലിയ ലോകമുണ്ട്. മനുഷ്യന് ജീവിതകാലം ചെയ്തുതീർക്കാൻ കഴിയാത്തത്രയും വിപുലവമാണവ. “സഞ്ചാരം’ എന്ന ചിന്ത മനസിൽ വരുന്നത് അങ്ങനെയാണ്.

ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിച്ചു തുടങ്ങുമ്പോൾ ടെലിഫിലിമുകളുടെയും സീരിയലുകളുടെയും പ്രളയമായിരുന്നു. സ്വകാര്യ ചാനലുകൾ അന്ന് ന്യൂസ് റിപ്പോർട്ടിംഗ് നടത്താറുണ്ടായിരുന്നില്ല.അതിനകത്ത് ആയിരക്കണക്കിന് ആളുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാനെന്തിന് ടെലിഫിലിമുണ്ടാക്കണം. എന്താണ് സമൂഹത്തിന് പുതുതായി നൽകാൻ കഴിയുക എന്ന ചിന്ത ദിശ നിർണയിച്ചു. അങ്ങനെയാണ്, ആരും ചെയ്യാത്ത, ഉടനെയൊന്നും ആരും ചെയ്യാൻ സാധ്യതയില്ലാത്ത മേഖല തിരഞ്ഞെടുക്കുന്നത്.

ലോകത്തിന്റെ കാഴ്ചകൾ എന്തുകൊണ്ട് ടെലിവിഷനിലൂടെ ആളുകൾക്ക് കാണിച്ചു കൊടുത്തുകൂടാ എന്ന ചിന്തയുണ്ടാവുന്നതും സഞ്ചാരം ആരംഭിക്കുന്നതും അതോടെയാണ്. സ്ഥലം കാണൽ മാത്രമല്ല, നമ്മളീ കാണുന്ന കാര്യങ്ങളെ തിരിച്ചറിവോടെ വീക്ഷിക്കുന്ന ഒരു പറ്റം പ്രേക്ഷകരെ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്. അങ്ങനെയായാലേ ഈ പ്രോഗ്രാം അവർക്ക് ആസ്വദിക്കാൻ പറ്റൂ. ഭാഷ അറിയാത്തവർക്ക് അതിലെ സാഹിത്യം ആസ്വദിക്കാൻ കഴിയില്ലല്ലോ.
ഒരു പ്രദേശത്തിന്റെ സൗന്ദര്യം മനസിലാകണമെങ്കിൽ എന്താണ് സൗന്ദര്യം എന്ന് ആദ്യം മനസിലാകണം. സൗന്ദര്യം അറിയാത്തവർക്ക് എങ്ങനെ അതാസ്വദിക്കാൻ കഴിയും? കഥകളി അറിയാത്തവർക്ക് മുമ്പിൽ അത് പ്രദർശിപ്പിച്ചിട്ടെന്ത് കാര്യം? അങ്ങനെയാണ് ഞാൻ ഇതാണ് നഗരാസൂത്രണം, ഇങ്ങനെയാണ് ഫുട്പാത്തുകൾ വേണ്ടത്, ഓടകൾ നിർമിക്കേണ്ടത് നമ്മൾ ചെയ്യുന്നത് പോലെയാവണമെന്ന് നിർബന്ധമില്ല എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ പ്രേക്ഷകരിലേക്ക് കൈമാറുന്നത്.
ലോകത്ത് എല്ലാ നഗരങ്ങളുടെയും താഴ്ഭാഗത്തൂടെ ഓടകളുണ്ട്. പക്ഷേ, അതുവഴി സഞ്ചരിക്കുമ്പോൾ ഓടയുണ്ടെന്ന് അറിയുകയേയില്ല. കേരളത്തിൽ എവിടെ റോഡുണ്ടോ, അവിടെ റോഡിനെക്കാൾ കൂടുതൽ നമ്മൾ കാണുക ഓടയാണ്. നമ്മുടെ എഞ്ചിനീയേഴ്സിനോ ആർക്കിടെക്റ്റുകൾക്കോ ഇപ്പോഴും ശരിയായ കാഴ്ചപ്പാടില്ല. യൂറോപ്പിൽ നമ്മൾ ഓടകൾക്ക് മുകളിലൂടെയല്ല നടക്കുന്നത്. അവയുടെ സ്ലാബ് പൊട്ടിപ്പോവുകയോ അതിൽ കാലുടക്കി വീഴുകയോ ചെയ്യില്ല.
അവിടെ മാത്രം നമ്മളിതെന്തുകൊണ്ട് കാണുന്നില്ല. അവിടെ എന്തുകൊണ്ട് പ്രളയം ഉണ്ടാകുന്നില്ല, വെയ്സ്റ്റ് എന്തുകൊണ്ട് പുറത്തുകാണുന്നില്ല, കൊതുക് ഉണ്ടാകുന്നില്ല, എന്തുകൊണ്ട് ദുർഗന്ധം വമിക്കുന്നില്ല? ഇങ്ങനെയൊക്കെ ചിന്തിച്ചാണ് നമ്മൾ കാഴ്ചകൾ കൊണ്ടുവരേണ്ടത്.

ചരിത്രവും യാത്രയും തമ്മിൽ
ചരിത്രമാണ് മനുഷ്യന് മുമ്പോട്ടു കുതിക്കാനുള്ള ഇന്ധനം. ചരിത്രബോധമില്ലാത്തവർക്ക് ഭാവി ആസൂത്രണം ചെയ്യാൻ പറ്റില്ല. ചാട്ടമത്സരത്തിൽ എത്ര മുന്നോട്ടു കുതിക്കാൻ കഴിയുന്നു എന്നത് എത്ര പിന്നിൽ നിന്ന് ഓടി വന്നു ചാടി എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു കവണ വലിച്ചു തൊടുക്കുമ്പോൾ പുറകോട്ടു നിങ്ങളെടുക്കുന്ന ബലമാണ് അതിനെ ഏറെ അകലെയുള്ള ലക്ഷ്യത്തിലേക്ക് തെറ്റാതെ എത്തിക്കുന്നത്. ഇതു തന്നെയാണ് ചരിത്രം. ചരിത്രം നിങ്ങളുടെ പിന്നിലേക്കുള്ള സഞ്ചാരമാണ്. അതിന്റെ ഊർജത്തിലാണ് നിങ്ങളേറെ മുന്നോട്ടു കുതിക്കുന്നത്.

ഇന്ത്യയിൽ ഭരണം നടത്തുന്നവർക്ക് ചരിത്രബോധം നന്നേ കുറവാണ്. ഇന്ത്യയുടെ മാത്രം ചരിത്രമല്ല, ലോകം കീഴടക്കിയവരുടെ ചരിത്രം, യുദ്ധങ്ങളുടെ ചരിത്രം, അതിൽ വിജയിച്ചവരുടെ ചരിത്രം, പരാജയപ്പെട്ടവരുടെ ചരിത്രം ഒന്നും അവർക്കറിയില്ല. ഇത് മനസിലാക്കിയവർക്ക് നാളെയെക്കുറിച്ച് നാഗരികമായ, ചേറി നന്നാക്കിയ ഒരു സ്വപ്നം കാണാൻ കഴിയും. ചരിത്രം യാഥാർത്ഥ്യത്തിന്റേതാവണം, കെട്ടുകഥകളുടേതാവരുത്. ചരിത്രം പലപ്പോഴും ഭാവനകളിലധിഷ്ഠിതമായിരിക്കുമെങ്കിൽപോലും അതിൽ യഥാർത്ഥ്യത്തിന്റെ അംശമുണ്ടാകും. പല ടെക്നോളജികളും നമ്മൾ വികസിപ്പിക്കുന്നതിനും ആയിരം വർഷങ്ങൾക്ക് മുമ്പേ നിലവിലുണ്ടായിരുന്നു. വൈദ്യുതിയുടെയും വൈദ്യുതോപകരണങ്ങളുടെയും വരവിന് ശേഷമാണ് വികസനത്തിന് വേഗം വർധിച്ചത്. വൈദ്യുതിയില്ലാത്ത കാലത്തും അക്കാലത്തുള്ളവർ ഇന്നത്തെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്. പിരമിഡ്, മാച്ചുപിച്ചു, താജ്മഹൽ ഇങ്ങനെ പലതും.

അലക്സാണ്ടർ രാജാവ് വഴിയിലുള്ള പ്രദേശങ്ങളെയൊക്കെ കീഴടക്കി മാസിഡോണിയ മുതൽ ഇന്ത്യ വരെ എത്തിയിട്ടുണ്ട്. വലിയ സാമ്രാജ്യങ്ങളായിരുന്നു അവയിൽ പലതും. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എത്ര ദൂരം താണ്ടിയാണ് അന്നദ്ദേഹം ഇവിടെയെത്തിയതെന്ന്. പരിക്കേറ്റവരെ പരിചരിക്കാനോ, ഭക്ഷണലഭ്യതക്കോ ഒന്നും അന്ന് ഇന്നത്തെപ്പോലെ മാർഗങ്ങളില്ല. കൂടാതെ മൃഗങ്ങളെ സംരക്ഷിക്കണം, അവയ്ക്കുള്ള ഭക്ഷണം വേണം. കീഴടക്കിയ നാടുകളിൽ ഭരണസംവിധാനം നിലനിർത്തണം. സൈനികർക്കുള്ള, ചാരന്മാർക്കുള്ള, സംവിധാനങ്ങൾ വേണം. ഇതൊക്കെ എങ്ങനെയായിരിക്കും മാനേജ് ചെയ്തിട്ടുണ്ടാവുക? ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യണം. ഭൂമിശാസ്ത്ര ഘടന തിരിച്ചറിയണം. സൈനികരോട് ആശയ വിനിമയം നടത്തി അവരെ ഏകോപിപ്പിക്കണം. ഒരു സംഘടനയിലെ മുഴുവനാളുകളെ കൊണ്ടും ഒരു ആശയം പറഞ്ഞ് അംഗീകരിപ്പിക്കാൻ ഇന്ന് നമുക്ക് കഴിയുമോ? മരിക്കാൻ പോകുന്നവരെയാണ് അവർ കൂടെ നിർത്തിയത്. അപ്പോൾ എത്ര വലുതായിരിക്കണം ആ ടെക്നോളജി. ഇത്തരത്തിലുള്ള എത്ര യുദ്ധങ്ങളാണ് അന്ന് നടന്നിട്ടുള്ളത്. ഇന്ന് അങ്ങനെ ചെയ്യാൻ ആംപിയറുള്ള ഏത് ഭരണാധികാരിയാണുള്ളത്?

അതുപോലെ തന്നെയാണ് ഒട്ടോമൻ സാമ്രാജ്യം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിൽ വേരുറപ്പിച്ച സാമ്രാജ്യമായിരുന്നു അത്. അന്ന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഒരു കത്ത് എത്തണമെങ്കിൽ എത്ര സമയമെടുക്കും. ആശയവിനിമയം നടത്താൻ, കരംപിരിവിന്, കലാപം ഉണ്ടാവാതിരിക്കാൻ എന്തെല്ലാം സംവിധാനങ്ങൾ വേണം. അന്നത്തെ കാര്യക്ഷമതയുടെ എത്ര ശതമാനം ഇന്നുണ്ട്. അപ്പോൾ ടെക്നോളജി കൊണ്ട് നാം വികസിക്കുകയല്ല ചെയ്തത്. വൈദ്യുതിയും വൈദ്യുതോപകരണങ്ങളും വന്നതിന് ശേഷമാണ് വികസനക്കുതിപ്പ് ഉണ്ടായതെന്നത് ശരിയാണ്. പക്ഷേ, ഇതൊന്നും ഇല്ലാത്ത കാലത്തും പലതും നടന്നിരുന്നു. ഒരു കുതിരപ്പട ഒരുക്കാൻ എത്ര അധ്വാനം വേണം. പല രാജാക്കന്മാരെയും രക്ഷിച്ചത് കുതിരകളായിരുന്നു. ഉത്തരേന്ത്യയിലെ പല രാജാക്കന്മാരുടെയും ശ്മശാനത്തിനരികിൽ അവരുടെ കുതിരകളെയും അടക്കം ചെയ്തതു കാണാം.

സഞ്ചാരം നൽകിയ സന്ദേശങ്ങൾ
നമ്മൾ ഇന്നനുഭവിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും ലോകത്തെവിടെയെങ്കിലും പരിഹാരമുണ്ട് എന്നതാണ് യാത്ര എന്നെ പഠിപ്പിച്ച ഒരു പാഠം. നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും മറ്റു പലരും അഭിമുഖീകരിച്ചിട്ടുണ്ട്. അവരതിന് പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. അത് നമ്മൾ തിരിച്ചറിയുക എന്നത് പ്രധാനമാണ്. അതിന് കണ്ണുതുറന്നു നടക്കണം. ഈ ചാനൽ നടത്തുന്നത് അങ്ങനെ കണ്ണു തുറന്നു നടക്കാനും നടത്തിക്കാനുമാണ്. പരസ്യമില്ലാതെ ഒരു ചാനലോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഏഴ് കൊല്ലമായി ഞാനിത് നടത്തുന്നു. ഈ ആത്മവിശ്വാസം എനിക്ക് നൽകിയത് യാത്രകളാണ്. ഒരു കാര്യം വേണമെന്ന് നമ്മളാദ്യം തീരുമാനിക്കണം. പിന്നെ എല്ലാം നമുക്ക് അനുകൂലമായി വരും. നല്ലൊരു ശതമാനം ഇതുവേണ്ട എന്നോ നടക്കില്ല എന്നോ തീരുമാനിക്കുന്നേടത്താണ് പ്രശ്നം.

ആകർഷിച്ച നഗരങ്ങൾ
സ്വദേശികളെയും സഞ്ചാരികളെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന, കൊതിപ്പിക്കുന്ന ചില നഗരങ്ങളുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ വിചിത്രമായിരിക്കും ആളുകളുടെ പെരുമാറ്റം. ചിലർ പരിചിതരെപ്പോലെ പെരുമാറും. നമുക്ക് കേട്ടുകേൾവിയുള്ള രാജ്യങ്ങളാണ് താജിക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും. അവിടെയുള്ള ഉൾഗ്രാമങ്ങളിലെ ഒരാളെ നമുക്കിവിടെയിരുന്ന് സങ്കൽപ്പിക്കാം. നാം നാളെ അവിടെയെത്തുമ്പോൾ അവർക്ക് എന്നോ നമ്മെ പരിചയമുള്ളവരെപ്പോലെയാണ്. വീട്ടിലേക്ക് സ്വീകരിച്ചു കൊണ്ടുപോവുന്നു, ഭക്ഷണം വിളമ്പുന്നു. അവരുടെ ഭാഷ നമുക്ക് മനസിലാകുന്നില്ല. പക്ഷെ ഭക്ഷണം നമ്മുടെ കൈകളിലെത്തുമ്പോൾ അത് കഴിക്കാനാണെന്ന് നമുക്ക് ബോധ്യം വരുന്നു. ആരാണെന്നറിയാതെ, നമ്മുടെ നാടിന്റെ പേര് പേരുപോലും കേൾക്കാതെ, ഇതൊരു മനുഷ്യനാണ് എന്ന് ചിന്തിച്ച് നമുക്ക് എല്ലാ പരിഗണനകളും നൽകുന്ന നാടുകളുണ്ട്. അതൊക്കെയല്ലേ അത്ഭുതം എന്ന് പറയുന്നത്.

താജിക്കിസ്ഥാനിലെ ദാരിദ്ര്യം നിറഞ്ഞ ഒരുൾഗ്രാമത്തിലെ അമ്മൂമ്മ. കുറച്ച് ആടുകളും പശുക്കളുമൊക്കെയാണ് അവിടെയുള്ളത്. വീടരികിലൂടെ ഒരു അരുവി ഒഴുകുന്നുണ്ട്. ഞങ്ങൾ വാഹനം നിർത്തി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവർ വന്ന് എന്തോ പറയുന്നത്! ഞാൻ ഡ്രൈവറോട് ചോദിച്ചു, എന്താണവർ പറയുന്നതെന്ന്! അത്ഭുതം, “വരൂ, നമുക്ക് ചായ കുടിക്കാം’ എന്ന് സത്കരിക്കുകയാണവർ! ഞാൻ കൂടെയുള്ളവരോട് പറഞ്ഞ് അങ്ങോട്ട് കടന്നുചെന്നു. ഒരു താജിക് വീടിന്റകം പകർത്താമല്ലോ. ഗൈഡ് എന്നെ പല തവണ വിലക്കിയെങ്കിലും അതവഗണിച്ച് ഞാൻ അവരുടെ കൂടെപ്പോയി.

അപ്പോഴേക്കും അവർ സുപ്ര വിരിച്ച് ഭക്ഷണം തയാറാക്കി വെച്ചിരുന്നു. വലിയ കട്ടിൽ പോലെയാണ് ആ “സൂഫ’. അന്ന് വൈകുന്നേരം അവർക്ക് കഴിക്കാനുള്ള കുറച്ച് അപ്പമൊക്കെയാണ് അതിലുള്ളതെന്ന് തോന്നുന്നു. വൈകിട്ട് നമ്മൾ എന്തു കഴിക്കും എന്ന് അവർ ചിന്തിക്കുന്നില്ല. ഇപ്പോൾ ഈ വന്നയാൾക്ക് കൊടുക്കണം എന്നു മാത്രമാണ് അവരുടെ മനസിൽ. അവർ ഓടിനടക്കുകയാണ്, ഇവർക്ക് എന്തു നൽകും എന്ന മട്ടിൽ. എല്ലാം കഴിഞ്ഞ് അവർ പ്രാർഥിക്കാം എന്നു പറയുന്നു. എനിക്കു വേണ്ടി, വീട്ടുകാർക്കു വേണ്ടി പ്രാർഥിക്കുന്നു. അപ്പോഴാണ് നേരത്തേ വാങ്ങി വാഹനത്തിൽ വെച്ച കുറച്ച് പഴം അവർക്ക് നൽകാം എന്നു കരുതുന്നത്. അതവർക്ക് നൽകി. നാട്ടുനടപ്പനുസരിച്ച് ഒരാൾ ഒരു കൂട പഴം നൽകിയാൽ രണ്ട് കൂട പഴം തിരികെ നൽകണമെന്നാണ്. അതനുസരിച്ച് പ്രയാസപ്പെട്ട് എനിക്ക് അവർ രണ്ടു കൂട പഴം നൽകുന്നു.

ഇത്ര വിലപ്പെട്ട ആതിഥ്യ മര്യാദയാണ് അവരുടേത്. ഇതൊക്കെയാണ് യാത്രകൾ നമ്മെ പഠിപ്പിക്കുന്നത്. യാത്ര നമ്മിൽ വരുത്തുന്ന പരിഷ്കരണമാണത്. നമ്മെ നവീകരിച്ചു കൊണ്ടിരിക്കുകയാണ് ഓരോ യാത്രയും. ഇതൊക്കെയാണ് സത്യം. പറഞ്ഞു കേട്ടതിലേറെയും മിഥ്യാ ധാരണകളാണ്. നമ്മളെവിടെയാണ് നിൽക്കുന്നത്, അപരരെ ജാതിയും മതവും ദേശവും പറഞ്ഞ് ആക്ഷേപിക്കുകയാണ് നമ്മൾ. ഈ കാലത്തെ ഏറ്റവും വലിയ ദുരന്തം ഏതെന്ന് ചോദിച്ചാൽ എന്റെ ഉത്തരം സോഷ്യൽ മീഡിയ എന്നാണ്. ഏതൊരാൾക്കും വിലകുറഞ്ഞ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഇടമാണത്. ജ്ഞാനി തന്റെ ആശയം ആയിരം പേർക്ക് കൈമാറുന്നതുകൊണ്ട് അപകടമൊന്നുമില്ല. എന്നാൽ ഒരു ഇടുങ്ങിയ ഹൃദയമുള്ളയാൾ സോഷ്യൽ മീഡിയ വഴി കൈമാറുന്ന ആശയങ്ങൾ എത്ര വലിയ ദുരന്തമാണ് പങ്കുവെക്കുന്നത്. സമൂഹമാധ്യമത്തിൽ എഡിറ്റിംഗോ വസ്തുതാന്വേഷണമോ നിയന്ത്രണമോ ഇല്ല. വലിയ അപകടത്തിലേക്കാണിത് സമൂഹത്തെ നയിച്ചത്. നമ്മുടെ നാട്ടിൽ മാത്രമാണിങ്ങനെ നടക്കുന്നത്. ഇത് കണ്ടുപിടിച്ച നാട്ടിൽ ഇങ്ങനെയില്ല. അമേരിക്കയിലോ യൂറോപ്പിലോ പരസ്പരം ആക്രമിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല.

യു എ ഇ യിലും ഇതാണവസ്ഥ. നമ്മൾ മലയാളികളും ഹിന്ദിക്കാരും അവിടെച്ചെന്ന് ഈ ശൈലി പിന്തുടരുന്നു എന്നല്ലാതെ അവിടത്തുകാർ ഇങ്ങനെ ചെയ്യുന്നില്ല. നിങ്ങളെ ആരും ചോദ്യം ചെയ്യില്ല എന്നുണ്ടെങ്കിൽ, നിങ്ങളുടെ പേരിൽ നിയമനടപടി എടുക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ വഴിയേ പോകുന്ന എല്ലാവരെയും തല്ലിയിട്ട് പോകാം എന്ന മനോഭാവം വരും. നിങ്ങളെ ആർക്കും കാണാൻ കഴിയാത്തപ്പോഴും നിങ്ങൾക്ക് ഒരു നല്ല കാര്യം ചെയ്യാൻ തോന്നുന്നുണ്ടോ? ആരെയെങ്കിലും ഉപദ്രവിക്കാതിരിക്കാൻ പറ്റുന്നുണ്ടോ? അപ്പോഴാണ് നിങ്ങളിൽ മനുഷ്യൻ ഉണ്ടാവുന്നത്. ഭക്ഷണത്തിനു വേണ്ടിയല്ലാതെ ഒരു മൃഗം പോലും മറ്റൊരു മൃഗത്തെ ആക്രമിക്കുന്നില്ല. അവർ സംഘം ചേർന്ന് മറ്റൊരു ഇനത്തെ ആക്രമിക്കാറില്ല. ഈ ബോധം മനുഷ്യനു മാത്രം ഇല്ലാതെ പോവുകയാണ്. ഇവിടെ കാണുന്ന ഈ ലോകം എല്ലാവർക്കും കൂടിയുള്ളതാണ്. അങ്ങനെയാണത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

നാഗരികതകളുടെ സവിശേഷതകൾ
തത്വശാസ്ത്രം എവിടെയുണ്ടോ അവിടെയാണ് ഒരു നാഗരികത തളിരിടുക. തത്വചിന്തകന്മാർക്ക് യുക്തിഭദ്രതയും പ്രായോഗിക കാഴ്ചപ്പാടുകളും വേണം. ഇതു രണ്ടും ചേരുമ്പോഴാണ് തത്വചിന്തകനാകുന്നത്. എങ്കിലേ അതിന് മനുഷ്യനിൽ സ്വാധീനം ചെലുത്താൻ കഴിയൂ, നിലനില്പുണ്ടാകൂ. പുരാതന ഗ്രീസിലാണ് പശ്ചാത്യൻ നാഗരികത പിറവിയെടുക്കുന്നത്. ജനാധിപത്യം മൂവായിരം വർഷം മുമ്പ് അവർ അനുശീലിച്ചിട്ടുണ്ട്. പക്ഷെ, ഇന്നും നമ്മുടെ നാട് ജനാധിപത്യത്തിന് പാകമായിട്ടില്ല. പണം ലഭിച്ചാൽ അഭിപ്രായം മാറുന്നവരല്ല ജനാധിപത്യത്തിൽ തീരുമാനമെടുക്കേണ്ടത്. അതിനൊരു വൈകാരിക പക്വത വേണം. ഒരു സ്കൂളിൽ ചെന്ന് കുട്ടികളോട് ഇന്ന് ക്ലാസ് വേണോ എന്ന് ജനാധിപത്യപരമായി തീരുമാനിക്കാം എന്നുപറഞ്ഞാൽ എന്തായിരിക്കും അവസ്ഥ? ഇതൊരു കോളജിലാണെങ്കിൽ അവസ്ഥ മാറും. ജനാധിപത്യമാണ് രണ്ടിടത്തും. പക്ഷേ അത് നടത്തേണ്ടിടത്തേ നടത്താവൂ. ചില നാടുകളിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഏകാധിപതിയാവും ഉചിതം. ഇറാഖിലും സിറിയയിലുമൊക്കെ അതാണ് പ്രശ്നം. അവിടങ്ങളിൽ ജനാധിപത്യം നടത്താൻ ശ്രമിച്ചിട്ട് എന്തു ഫലമുണ്ടായി?

സദ്ദാം / ഗദ്ദാഫി തുടങ്ങിയ ഭരണാധികാരികൾ ഇല്ലാത്തതിന്റെ തിക്തഫലമാണല്ലോ ഇന്ന് ഇറാഖും ലിബിയയുമെല്ലാം അനുഭവിക്കുന്നത്. അവിടങ്ങളിൽ അവിടത്തെ സാമൂഹിക പശ്ചാത്തലം, ജനങ്ങളുടെ മനോഭാവം, പ്രശ്നങ്ങൾ എല്ലാം അറിഞ്ഞ് കർശന നിലപാടുകളെടുക്കുന്ന ഭരണാധികളെയാണാവശ്യം. ചിലയിടത്ത് ഉദാരമാവേണ്ടി വരും. മറ്റിടത്ത് കർശന നിലപാടെടുക്കേണ്ടിയും വരും. ഇത് രണ്ടും ചെയ്യാൻ ജനകീയനായ ഒരു ഏക ഭരണാധികാരിക്കേ കഴിയൂ. ഇന്ത്യൻ ജനാധിപത്യത്തിന് പക്വതയെത്തിയിട്ടില്ല. ഇവിടെ ബുദ്ധിജീവികളൊക്കെയുണ്ട്. പക്ഷേ അവർ ന്യൂനപക്ഷമാണ്. പല പ്രലോഭനങ്ങൾക്കും വശംവദരാകുന്നവരാണ് ഇന്ത്യക്കാരിൽ പലരും. സിനിമാ താരങ്ങളോ മറ്റു സെലിബ്രിറ്റികളോ ആണ് അവരുടെ നിലപാട് തീരുമാനിക്കുന്നത്. ഇന്ത്യയിൽ അംബേദ്കറും അമിതാഭ്ബച്ചനും മത്സരിക്കുകയാണെങ്കിൽ ആരായിരിക്കും ജയിക്കുക?

അറബ് നാഗരികതയുടെ ഭൂതവും വർത്തമാനവും
ഉദാത്തമായ സാംസ്കാരത്തിന്റെ ഉടമകളായിരുന്നു മധ്യകാല അറബി സമൂഹം. നാം യമനിലെ പ്രതാപകാലം പരിശോധിക്കുകയാണെങ്കിൽ അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്കു മുമ്പ് അവിടെ അത്തരമൊരു കാലമായിരുന്നു. കേരളത്തിലേക്ക് അന്നവിടെ നിന്ന് വ്യാപാരികളുടെയും മറ്റും ഒഴുക്കായിരുന്നു. അന്ന് അവിടത്തെ നഗരങ്ങൾ പ്രൗഢി നിറഞ്ഞതായിരുന്നു. ഏഴും എട്ടും നിലകളുള്ള വീടുകൾ അവിടെയുണ്ടായിരുന്നു. തെരുവുകൾക്ക് ആസൂത്രണ മികവുണ്ടായിരുന്നു. യമനിൽ വിപ്ലവം ആരംഭിച്ചതിനു ശേഷമാണ് ഞാനവിടെ സന്ദർശിക്കുന്നത്. വിപ്ലവത്തിന് അന്ന് ശമനമുണ്ടായിരുന്നു. യാത്രയാരംഭിക്കുന്ന സമയത്ത് സ്ഥിതി അത്രയും സങ്കീർണമാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല.

യമനിന്റെ പ്രതാപകാലത്ത് അവർക്ക് ടെക്നോളജി ഉണ്ടായിരുന്നു. അതനുസരിച്ച് നഗരാസൂത്രണം ഉണ്ടായിരുന്നു. നഗരങ്ങളിൽ ഇന്നും നമുക്കതിന്റെ ശേഷിപ്പുകൾ കാണാം.സിറിയയിലും തുർക്കിയിലുമൊക്കെ അങ്ങനെ തന്നെയാണ്. മുന്നൂറ് വർഷങ്ങൾ മുമ്പുള്ള നിർമിതികളാണല്ലോ അവിടങ്ങളിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. കഴിഞ്ഞ നൂറ് വർഷത്തിനു ശേഷമുള്ള ഒന്നും നമ്മളെ അങ്ങോട്ട് ആകർഷിക്കുന്നതല്ല. അന്നത്തെ ഭരണാധികാരികൾക്ക് ദീർഘവീക്ഷണവും അത് പ്രാവർത്തികമാക്കാനുള്ള വിഭവങ്ങളും ഉണ്ടായിരുന്നു. അതിലുപരിയായി നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം ജനപ്രിയരായിരുന്നു എന്ന് പറയാനൊക്കില്ല. താജ്മഹലിനെ മാത്രം അധിഷ്ഠിതമാക്കി ഷാജഹാൻ ചക്രവർത്തിയെ വിലയിരുത്തുന്നതുപോലെയാകും അത്.

മധ്യകാലത്തെ പ്രധാന യാത്രികനായിരുന്നു ഇബ്നു ബത്തൂത്ത. ആറുതവണ അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. കുറ്റിച്ചിറയും മട്ടാഞ്ചേരിയും കൊച്ചിയുമെല്ലാം അന്ന് വിദേശികളുടെ പറുദീസയായിരുന്നു. ഒരു സമയത്ത് 32 രാജ്യങ്ങളിൽ നിന്നുള്ളവർ കുറ്റിച്ചിറയിൽ ഉണ്ടായിരുന്നു. ഞാൻ പോർച്ചുഗലിൽ പോയപ്പോൾ ഗാമയെ അടക്കം ചെയ്ത ചർച്ച് സന്ദർശിച്ചിരുന്നു. ഫോർട്ട് കൊച്ചിയിലായിരുന്നു ആദ്യം അടക്കിയിരുന്നത്. പിന്നീട് അങ്ങോട്ടു കൊണ്ടു പോയതാണ്. അവിടെ ഏറ്റവും പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടുള്ളത് ഗാമ സഞ്ചരിച്ച റൂട്ടാണ്. ഒരറ്റത്ത് ലിസ്ബണും മറ്റേ അറ്റത്ത് കോഴിക്കോടും. ശരിക്കും ഈ യാത്രയുടെ സ്മാരകമാണ് അവരവിടെ പണിതിരിക്കുന്നത്. നാൽപത് പേരുള്ള ഒരു ബസിലായിരുന്നു അവിടെയെത്തിയത്. സംഘത്തിൽ ഞാൻ മാത്രമാണ് ഇന്ത്യക്കാരൻ. ടൂർ ഗൈഡ് ഈ മാപ്പ് ചൂണ്ടി വിശദീകരിക്കുകയാണ്. അപ്പോ ഞാനാലോചിച്ചത് അവരോട് ഞാനൊരു കേരളീയനാണ് എന്ന് എങ്ങനെ പറയും എന്നതായിരുന്നു.

സിൽക്ക് റൂട്ടും സ്പെയ്സ് റൂട്ടും
മധ്യകാലത്തെ ഏറ്റവും സുപ്രധാനമായ വ്യാപാര മാർഗങ്ങളായിരുന്നു ഇവരണ്ടും. സിൽക്ക് റൂട്ട് കരമാർഗവും സ്പെയ്സ് റൂട്ട് കടൽമാർഗവും. ആതിഥ്യമര്യാദയിലെ ഊഷ്മളതയായിരുന്നു ഇവ രണ്ടും വിജയിക്കാനുള്ള കാരണം. എന്നാൽ ഇന്നാ രീതിയിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ലാഭേഛയിൽ മുങ്ങിയ അമേരിക്കൻ കാഴ്ചപ്പാടുകളാണ് ഇന്ന് വിപണികളെ നിയന്ത്രിക്കുന്നത്. എനിക്ക് എന്തുകിട്ടും എന്ന് ചിന്തിക്കുന്ന ഒരു ഇക്കോണമിയാണ് അവരുടേത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുടേത്. അർമേനിയ, ഇറാൻ, താജിക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ. ഇന്ത്യയോട് വലിയ സ്നേഹം പുലർത്തുന്നവർ കൂടിയാണവർ. സ്പെയിനിലെ സെവില്ലയിൽ ആർക്കിടെക്ചർ പ്രധാനമായും ഇസ്‌ലാമിക് ആർകിടെക്ചറാണ്. ക്രിസ്ത്യൻ പള്ളികൾക്കും കോട്ടകൾക്കുമെല്ലാം ഈ സ്വഭാവം കാണാം. യൂറോപ്പിലേക്കുള്ള അറബ് പ്രവേശനത്തിന്റെ കവാടമായിരുന്നു അത്. ഒരു തുറന്ന മനോഭാവം ഉള്ളവരാണവർ. പല കാര്യങ്ങളിലും ഈ രണ്ടു സംസ്കാരങ്ങൾ തമ്മിൽ വേറിട്ടു നിൽക്കുന്നുമുണ്ട്.

നഗരം എങ്ങനെയായിരിക്കണം?
നഗരം അവിടെ ജീവിക്കുന്ന ഓരോ മനുഷ്യനെയും നിരന്തരം പ്രലോഭിപ്പിക്കുന്നതായിരിക്കണം. കോഴിക്കോട് ജീവിക്കുന്ന ഒരാൾ രാവിലെ ഉണർന്ന് കർട്ടൻ മാറ്റി ഈ നഗരത്തെ കാണാൻ കൊതിച്ചുകൊണ്ടാണോ ഉറങ്ങാൻകിടക്കുന്നത്, എങ്കിൽ അതാണ് ശരിയായ നഗരം. അതാണ് ജീവനുള്ള നഗരം. നിങ്ങളെ അത് ഏതു സമയത്തും മോഹിപ്പിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള നഗരങ്ങളുണ്ട്. ഞാൻ കണ്ടിട്ടുണ്ട്. ഇവിടം വിട്ടുപോകാൻ തോന്നാത്ത രൂപത്തിൽ, ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവിടെത്തന്നെ ജീവിക്കണമെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ അവ നമ്മെ കൊതിപ്പിച്ചുകൊണ്ടേയിരിക്കും.

സന്തോഷ് ജോർജ് കുളങ്ങര

You must be logged in to post a comment Login