അനീസ് അൽ ഹുജ്ജാജ്: വേറിട്ട മാർഗ പുസ്തകം

അനീസ് അൽ ഹുജ്ജാജ്: വേറിട്ട മാർഗ പുസ്തകം

ആയിരത്തി അറുനൂറ്റി എഴുപത്തിയാറ് സെപ്റ്റംബർ ഇരുപതിന് സൂറത്ത് തുറമുഖം വിട്ട സലാമത് റസാ എന്ന കപ്പലിൽ  നൂറുകണക്കിന് യാത്രികരോടൊപ്പം സാഫി ബിൻ വാലി എന്നൊരു വിശിഷ്ട വ്യക്തിത്വം കൂടിയുണ്ടായിരുന്നു.
മുഗൾ ഭരണാധികാരി ഔറംഗസീബിന്റെ പുത്രി സൈബുന്നീസയുടെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. തന്റെ ജീവിതസാഫല്യമായ ഹജ്ജ് പൂർത്തീകരിക്കുക എന്നതിനൊപ്പം വരും കാല തീർത്ഥാടകർക്കുള്ള വഴികാട്ടിയാവുക എന്ന ദൗത്യം  കൂടിയുണ്ടായിരുന്നു ഇദ്ദേഹത്തിന്.
ഈ ദൗത്യ സാക്ഷാത്കാരമാണ് ഇന്ത്യക്കാർക്ക്  കടൽവഴി ജിദ്ദയിലേക്കെത്താനുള്ള വഴിയടക്കം ഉൾക്കൊള്ളിച്ചിട്ടുള്ള അനീസ് അൽ ഹുജ്ജാജ് – ഹാജിമാരുടെ സഹയാത്രികൻ എന്ന ഗ്രന്ഥം.ദീർഘകാലമായി ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യത്യസ്ത മാർഗ പുസ്തകങ്ങളെ പോലെ വിശുദ്ധ സ്ഥലങ്ങളുടെ രേഖാചിത്രമാണ് അനീസ് അൽ ഹുജ്ജാജ് നൽകുന്നത്. എന്നിരുന്നാലും തീർത്ഥയാത്രയുടെ വ്യത്യസ്ത വർണ്ണ ചിത്രങ്ങളും മാപ്പിന്റെ കൃത്യതയുമാണ് ഈ കൃതിയെ മറ്റുള്ളവയിൽ നിന്നും വ്യതിരിക്തമാക്കുന്നത്.

തീർത്ഥാടകാഗമനത്തിന്റെ പ്രധാന കേന്ദ്രമാണ് എ ഡി. 647 ൽ ഖലീഫ ഉസ്മാൻ സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്ന  ജിദ്ദ തുറമുഖം. അതിന്റെ പ്രധാന ഭാഗങ്ങളെല്ലാം സാഫി ഒപ്പിയെടുക്കുന്നുണ്ട്. ആർക്കിയോളജിസ്റ്റായ ഡോ.ജെഫ്രീ കിംഗ് നിരീക്ഷിക്കുന്നത്, സമകാലിക സ്ഥലങ്ങളുടെയും സ്ഥാനങ്ങളുടെയും നേർചിത്രം തന്നെയാണ് സാഫി അന്ന് വരച്ചിട്ടിരിക്കുന്നതെന്നാണ്. മനുഷ്യകുലത്തിന്റെ മാതാവ് ഹവ്വാ ബീവിയെ  ഖബറടക്കിയ ഹവ്വാ മഖ്ബറയും അദ്ദേഹം  ചിത്രീകരിക്കുന്നുണ്ട്. അവരുടേതല്ലാത്ത ഖബറുകൾക്ക് ഇളം ചുവപ്പ് നിറം നൽകിയാണ് ഈ ഖബ്ർ അദ്ദേഹം അടയാളപ്പെടുത്തുന്നത്. കറുപ്പ് ചതുരത്തിലുള്ള ഭാഗം ഹവ്വാ ബീവിയുടെ ശിരസ്സായും വെളള ച്ചതുരം മധ്യഭാഗവും ചരൽ പ്രദേശം കാൽപാദവുമായാണ്  അടയാളപ്പെടുത്തിയിരിക്കുന്നത്.നൂറ് അടിയിലധികമുണ്ടായിരുന്നു ഈ ഖബർ. അദ്ദേഹത്തിന്റെ കാലത്ത് ഈ ഖബ്ർ ഏതെങ്കിലും തരത്തിലുള്ള നിർമിതിയാൽ അടയാളപ്പെടുത്തിയിരുന്നിരിക്കാം.1894 ൽ എടുത്ത ഈ മഖ്ബറയുടെ തന്നെ ചിത്രത്തിൽ നിന്ന് മനസ്സിലാകുന്നത് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സാഫി കണ്ട അതേ നിർമിതിയാണിതെന്നാണ്.എന്നാൽ സഊദി മത വകുപ്പിന്റെ ഇടപെടൽമൂലം 1975ൽ ഇത് പൂർണമായും കോൺഗ്രീറ്റിട്ട് മൂടുകയാണുണ്ടായത്. മാപ്പിന്റെ മധ്യഭാഗത്ത്  ജിദ്ദയുടെ പഴയ നഗരമാണ് സാഫി  ചിത്രീകരിക്കുന്നത്.

നഗരത്തിലെ നിരന്ന വീടുകളും അതിനെ ചുറ്റിയുള്ള റോഡുകളും എല്ലാം അതേപടി ഇന്നും നിലനിൽക്കുന്നുവെന്ന് ഡോ. കിംഗ് നിരീക്ഷിക്കുന്നു. എന്നിരുന്നാലും വളരെ സുപരിചിതമായൊരു ഭാഗം സാഫി തെറ്റായി വരച്ചത് കാണാം. പടിഞ്ഞാറ് ഭാഗത്തെ പച്ച താഴികക്കുടമുള്ള ഷാഫി മസ്ജിദിനെ കിഴക്ക് ഭാഗത്തായാണ്  അനീസ് അൽ ഹുജ്ജാജിൽ ചിത്രീകരിച്ചിരിക്കുന്നത്.എല്ലാ തലങ്ങളിലുമുള്ള കൃത്യത കണക്കിലെടുക്കുമ്പോൾ ഈ പൊരുത്തക്കേട് വളരെ അമ്പരിപ്പിക്കുന്നതാണെന്ന് ഡോ.കിംഗ് അഭിപ്രായപ്പെടുന്നു. ഇത് കേവലമായ വശപ്പിശകോ അല്ലെങ്കിൽ ജിദ്ദയുടെ അന്നത്തെ വിന്യാസം മറ്റൊരു രൂപത്തിലായിരുന്നുവോ എന്നതാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. നഗര നിരപ്പിനേക്കാൾ താഴ്ന്ന ഈ പള്ളി ജിദ്ദയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ്. ശാഫിഈ കാലഘട്ടത്തിന് മുമ്പുളളതായിരിക്കാ മിതെന്ന് ഡോ. കിംഗ് അഭിപ്രായപ്പെടുന്നുണ്ട്.പതിമൂന്നാം നൂറ്റാണ്ടിലെ അയ്യൂബി മിനാരമാണ് ഇന്ന് ഈ പള്ളിയുടെ ഏറ്റവും പഴക്കം ചെന്ന ഭാഗം.

സാഫി അടയാളപ്പെടുത്തിയ പള്ളിയുടെ ഘടനയെ കുറിച്ച് നമുക്ക് സംശയമില്ലെങ്കിലും ഈ പൊരുത്തക്കേടിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായുണ്ട്. ജിദ്ദ മാപ്പിന്റെ ആദ്യ ഭാഗത്തെ തീർഥാടകരെ സ്വീകരിക്കുന്ന ഗവർണർ, മറ്റൊരു ഭാഗത്ത് ഈദുൽ അള്ഹയിലെ ഹാജിമാർ, ഹജ്ജ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തവർ, സാത്താനെ പ്രതിനിധീകരിക്കുന്ന തൂണുകളെ എറിയുന്നവർ, ബലി ദിനത്തിൽ അറുക്കപ്പെട്ട മൃഗങ്ങൾ തുടങ്ങി അസംഖ്യം ഹജ്ജ്കാഴ്ചകൾ പുസ്തകത്തിലുടനീളം കാണാം.

ഇതിനെല്ലാമപ്പുറം പ്രവാചകന്റെ ജന്മസ്ഥലം പോലുള്ള വിശുദ്ധ സ്ഥലങ്ങളെയും സാഫി അടയാളപെടുത്തുന്നുണ്ട്.സാഫിയുടെ കാലത്ത് ഈ പുണ്യസ്ഥലം താഴികക്കുടവും ചെറിയ മുറ്റവുമുള്ള പള്ളിയായിരുന്നു.1950 ൽ ഇതിന് മുകളിൽ ചെറിയൊരു ലൈബ്രറി കെട്ടിടം നിർമിക്കുകയുണ്ടായി. ഇതിനടുത്തായി ഫാത്തിമ(റ), അബൂബക്കർ(റ) എന്നിവരുടെ ജന്മസ്ഥലവും ഒപ്പംതന്നെ സുൽത്താൻ സുലൈമാന്റെ മദ്രസയും ബെക്തശി സൂഫികളുടെ താമസസ്ഥലവുമെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്.കൃതിയിലുടനീളം കാണുന്ന പല വർണങ്ങളിലുള്ള തീർഥാടകർ വ്യത്യസ്ത രാജ്യങ്ങളെ അടയാളപ്പെടുത്തുന്നു.

സാഫി ബിൻ വാലിയുടെ അനീസ് അൽ ഹുജ്ജാജ് അദ്വിതീയമല്ലെങ്കിലും ജിദ്ദ, ഇന്ത്യയിലെ സൂറത്ത്, യമനിലെ മോക എന്നിവയുടെ ചിത്രീകരണത്തിലെ കൃത്യത ഇതിനെ ഇതര ഗൈഡ് പുസ്തകങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നു. പുസ്തകത്തിലെ ഓരോ വർണ ചിത്രീകരണങ്ങളും വായനക്കാരന് അസാമാന്യ ഊർജം നൽകുകയും തീർഥാടകർ പ്രതിനിധീകരിക്കുന്ന വൈവിധ്യങ്ങളെ വിളിച്ചോതുകയും ചെയ്യുന്നു. സാഫി വിവരിക്കുന്ന ഇടങ്ങൾ ഇന്ന് അതേ രൂപത്തിൽ നിലവിലില്ല എന്നതിനാൽ അദ്ദേഹത്തിന്റെ കൃതി ആധുനികതയുടെ നഷ്ടമായും ഭൂതകാലത്തിന്റെ ഓർമയായും ചരിത്ര പ്രാധാന്യം അർഹിക്കുന്നു.

സാറ ചൗധരി
വിവ. മുനവ്വിർ സുലൈമാൻ

You must be logged in to post a comment Login