പിന്നെയും തോൽക്കുന്ന കോൺഗ്രസ്

പിന്നെയും തോൽക്കുന്ന കോൺഗ്രസ്

വരുന്ന ലോക്്സഭാതിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ കേളികൊട്ട് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസമാദ്യം ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രഭാതഭക്ഷണത്തോടെ നടന്ന യോഗത്തിൽ തൃണമൂൽ കോൺഗ്രസും ശിവസേനയും സി പി എമ്മും സി പി ഐയും ഉൾപ്പെടെ 15 പ്രതിപക്ഷകക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. പക്ഷേ, ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും തെലങ്കാന ഭരിക്കുന്ന ടി ആർ എസും ആന്ധ്രാപ്രദേശിൽ അധികാരത്തിലുള്ള വൈ എസ് ആർ കോൺഗ്രസും പഞ്ചാബിലെ ശിരോമണി അകാലിദളും യു പി യിലെ ബി എസ് പിയും ഉൾപ്പെടെ പത്ത് പ്രമുഖപാർട്ടികൾ യോഗത്തിനെത്തിയില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ, പ്രതിപക്ഷ ഐക്യമെന്ന മന്ത്രവുമായി ഡൽഹിയിൽ മറ്റൊരു അത്താഴ വിരുന്നു നടന്നു. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ജൻമദിനത്തിലായിരുന്നു ഈ യോഗം. എൻ സി പി നേതാവ് ശരത് പവാറും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും ഉൾപ്പെടെയുള്ള നേതാക്കൾ സിബലിന്റെ വിരുന്നിനെത്തി. രാഹുലിന്റെ യോഗത്തിലേക്ക് രണ്ടാംനിര നേതാക്കളെ അയച്ച കക്ഷികൾ കപിൽ സിബലിന്റെ വിരുന്നിലേക്ക് മുൻനിര നേതാക്കളെത്തന്നെ പറഞ്ഞുവിട്ടു. കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ ചർച്ചാവിഷയമായില്ലെങ്കിലും പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും മനീഷ് തിവാരിയും ശശി തരൂരും സജീവമായി രംഗത്തുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയിലേക്കാണ് ഈ സമാന്തരവിരുന്നുകൾ വിരൽചൂണ്ടുന്നത്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെപ്പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ തലമുറ അവസാനിച്ചുകഴിഞ്ഞു എന്ന യാഥാർത്ഥ്യം മനസിലാക്കാത്തതാണ് കോൺഗ്രസിന്റെ പരാജയം എന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്. രാഷ്ട്രപതിക്കസേരയിലിരുന്നതിന്റെ ഓർമ്മകൾ അയവിറക്കി മരണത്തിന് തൊട്ടുമുമ്പ് പ്രണബ് എഴുതിയ “ദ പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകം ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ജീവിതത്തെ സ്പർശിക്കുന്ന ദേശീയപ്രസ്ഥാനമാണ് കോൺഗ്രസ് എന്നും ആ പാർട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആശങ്കയാണെന്നും ലോക്്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെ വിലയിരുത്തിക്കൊണ്ട് പ്രണബ് എഴുതുന്നു. പ്രണബിനെയും ശരത് പവാറിനെയും മമതാബാനർജിയെയും നേതൃത്വത്തിൽ നിന്നു മാറ്റിനിർത്തിയ കോൺഗ്രസ് പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. 2024ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്ന് വീമ്പു പറയുന്നതല്ലാതെ, ശക്തമായ ഒരു പ്രതിപക്ഷകക്ഷിയാവാൻപോലും ആ പാർട്ടിക്കു കഴിയുന്നില്ല.
പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രകടനം നോക്കുക. മഹാമാരിയും സമ്പദ്മേഖലയുടെ തകർച്ചയും കാരണം കൊടുംദുരിതത്തിലാണ് ജനങ്ങൾ. ചുറ്റും മരണം നൃത്തമാടുകയാണ്. ജീവിക്കാൻ വകയില്ലാതെ പാവങ്ങൾ ആത്മഹത്യയിൽ അഭയം തേടുന്നു. പക്ഷേ, ഈ വിഷയങ്ങളൊന്നും ലോക്്സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. പകരം പെഗാസസ് വിവാദത്തിലൂന്നി സഭ സ്തംഭിപ്പിക്കുകയാണ് അവർ ചെയ്തത്. പ്രതിപക്ഷമുയർത്തിയ ബഹളത്തിന്റെ മറവിൽ സുപ്രധാന ബില്ലുകൾ ചർച്ചപോലും കൂടാതെ ചുട്ടെടുക്കാൻ ഭരണപക്ഷത്തിനു കഴിഞ്ഞു. പൗരത്വനിയമ ഭേദഗതിയും ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ എടുത്തുകളഞ്ഞതും രാമക്ഷേത്ര നിർമാണവും നോട്ട് നിരോധനവും തുടങ്ങി കൊവിഡ് മഹാമാരിയെ നേരിടുന്നതിലെ പരാജയം വരെ മോഡി സർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ വിഷയങ്ങൾ ഏറെയുണ്ടെങ്കിലും അതിലൊന്നുപോലും ഉപയോഗപ്പെടുത്താൻ കോൺഗ്രസിനായില്ല. ബിജെപി സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ചെറുവിരൽപോലും അനക്കാൻ പാർട്ടിനേതൃത്വത്തിനു കഴിയുന്നില്ല.

ഓരോ ദിനം കഴിയുന്തോറും കോൺഗ്രസ് പാർട്ടി ദുർബലമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും കാര്യമായ എതിർപ്പുപോലും നേരിടാതെ പതിറ്റാണ്ടുകളോളം ഭരണം കൈയാളിയ പാർട്ടിക്ക് രണ്ടുവർഷമായി സ്ഥിരം പ്രസിഡന്റു പോലുമില്ല. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി പാർലിമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2019 ജൂലൈ മൂന്നിന് സ്ഥാനമൊഴിഞ്ഞതാണ്. താൽക്കാലികാധ്യക്ഷയായി നിയമിക്കപ്പെടാൻ ഏറ്റവും കൂടുതൽ കാലം പാർട്ടി പ്രസിഡന്റായി പ്രവർത്തിച്ച സോണിയ ഗാന്ധി മാത്രമേ പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നുള്ളൂ. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് മുഖ്യമന്ത്രിമാരുള്ളത്. അതിൽ പഞ്ചാബിലും രാജസ്ഥാനിലും കടുത്ത ചേരിപ്പോര് നിലനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത ഗോവയിലും ഗുജറാത്തിലും സംഘടന ശക്തിപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശിലാകട്ടെ പാർട്ടി നാമമാത്രമായി തുടരുകയാണ്.
അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് മഹാമാരിയെ നേരിടുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 12 ശതമാനത്തോളം വോട്ടുള്ള ബ്രാഹ്മണവിഭാഗം, ഠാക്കൂർ വിഭാഗക്കാരനായ ആദിത്യനാഥിന്റെ ഭരണത്തിനെതിരെ പരസ്യമായി തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശ് കോൺഗ്രസിലെ ബ്രാഹ്മണ നേതാവ് എന്നറിയപ്പെട്ടിരുന്ന ജിതിൻ പ്രസാദ ബിജെപിക്കെതിരെ രാഷ്ട്രീയപോരാട്ടം നടത്തുന്നതിനു പകരം ബിജെപിയിൽ ചേർന്ന് അവർക്ക് ഊർജം പകരുകയാണ് ചെയ്തത്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിൽ ഉൾപ്പെട്ട പാർട്ടി ജനറൽ സെക്രട്ടറി കൂടിയാണ് ജിതിൻ പ്രസാദ. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത് 6.5 ശതമാനം വോട്ടു മാത്രമാണ്. 403 അംഗ നിയമസഭയിൽ ഏഴു സീറ്റു മാത്രം. 28 വർഷമായി അധികാരത്തിൽനിന്ന് പുറത്തുനിൽക്കുന്ന ഉത്തർപ്രദേശിലെ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സാന്നിധ്യം നാമമാത്രമാണ്. ഇവിടെ മുഖ്യമന്ത്രി സ്ഥാനാർഥി പോയിട്ട് വിശ്വാസ്യതയുള്ള ഒരു നേതാവുപോലും കോൺഗ്രസിനില്ല. ബി എസ് പിയെയും എസ് പിയെയും ഒന്നിപ്പിച്ച് പ്രതിപക്ഷ മുന്നണിയുണ്ടാക്കാനുള്ള ശ്രമവും അവർ നടത്തുന്നില്ല.

കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ നില ഭദ്രമാക്കിയ പഞ്ചാബിലാകട്ടെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ ഒതുക്കാൻ നവ്ജോത് സിങ് സിദ്ദുവിനെ ഇറക്കിയത് ഹൈക്കമാൻഡ് തന്നെയാണ്. കോൺഗ്രസ് മുഖ്യമന്ത്രിയെ നിരന്തരം തെറിവിളിക്കുന്ന സിദ്ദുവിനെ അവർ പി സി സി പ്രസിഡന്റാക്കി. കോൺഗ്രസ് ഹൈക്കമാൻഡിനു വേണ്ടത്ര വഴങ്ങുന്നില്ല എന്നതാണ് അമരീന്ദർ സിങ് ചെയ്ത കുറ്റം. കോൺഗ്രസിൽ ഹൈക്കമാൻഡ് എന്നാൽ നെഹ്റു കുടുംബമാണ്. ഹൈക്കമാൻഡിനെ വണങ്ങാത്തവർ പടിക്കു പുറത്താണ്. സമുന്നത നേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢി മരിച്ചപ്പോൾ ജനപിന്തുണയുള്ള മകൻ ജഗനെ ഒതുക്കാൻ നടത്തിയ ശ്രമമാണ് ആന്ധ്രയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്കും വൈ.എസ്.ആർ കോൺഗ്രസിന്റെ വളർച്ചയ്ക്കും വഴിവെച്ചത്. ഭരണം കൈയിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രിപദം നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് സച്ചിൻ പൈലറ്റ് ഭീഷണി മുഴക്കിയിട്ടുണ്ട്. സച്ചിന്റെ ആവലാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചെങ്കിലും ആ സമിതി ഇതുവരെയും യോഗം ചേർന്നിട്ടുപോലുമില്ല. രാഹുലിന്റെ അടുപ്പക്കാരനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ പാത സച്ചിനും പിന്തുടരുമെന്നാണ് പറയുന്നത്. ഗ്വാളിയോറിലെ സിന്ധ്യ മഹാരാജാവും അനുയായികളും ബി ജെ പിയിലേക്ക് പോയതോടെയാണ് തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും മധ്യപ്രദേശിന്റെ ഭരണം കോൺഗ്രസിന് നഷ്ടമായത്. ചുറ്റുമുള്ളവരെപ്പോലും സംഘടനയിൽ ഉറപ്പിച്ചുനിർത്താൻ കഴിയാത്ത നേതാവാണ് രാഹുൽഗാന്ധിയെന്നും ഇത് തെളിയിക്കുന്നു.

നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ള നേതാക്കളെപ്പറ്റി ചിന്തിക്കാൻപോലും പറ്റാത്തതാണ് കോൺഗ്രസ് ഇന്നു നേരിടുന്ന നേതൃപ്രതിസന്ധിയുടെ അടിസ്ഥാന കാരണം. നെഹ്റു കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്ക്കാകട്ടെ പഴയ വ്യക്തിപ്രഭാവം ഇല്ലതാനും. സംഘടനാസംവിധാനമില്ലാത്ത കോൺഗ്രസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുറേ നാട്ടുരാജാക്കൻമാരുടെ സംഘം മാത്രമാണ്. പാർട്ടി നിലനിർത്താൻ കോൺഗ്രസിന് നെഹ്റു കുടുംബത്തിന്റെ പാരമ്പര്യവാഴ്ച ആവശ്യമാണെന്നതുപോലെത്തന്നെ നെഹ്റു കുടുംബത്തിന് നിലനിൽക്കാൻ ഈ നാട്ടുരാജാക്കൻമാരുടെ സഹായവും അനിവാര്യമാണ്. നാടുവാഴികൾക്കും ഭൂപ്രഭുക്കൻമാർക്കും ഭരണം വികേന്ദ്രീകരിച്ചു നൽകി അവരുടെ പിന്തുണയോടെ അധികാരം ഉറപ്പിക്കുന്ന പഴയ രാജതന്ത്രം തന്നെയാണിത്. അവരുടെ ഭീഷണികൾക്കു വഴങ്ങി, അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച്, പിണങ്ങിയവർ ശത്രുപക്ഷത്തേക്ക് പോകുന്നത് നിസ്സഹായരായി നോക്കിനിന്നാണ് കോൺഗ്രസ് നേതൃത്വം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്.

കോൺഗ്രസ് ഇന്ത്യയിൽ അവതരിപ്പിച്ച സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ബിജെപി അതിശക്തമായി നടപ്പാക്കിയപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. നെഹ്റുവിന്റെ കാലത്ത് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് മൃദുഹിന്ദുത്വ പാത സ്വീകരിച്ചതോടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം നേർത്തു. ഈ മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസുകാരെ സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ ആശയപദ്ധതിയിലേക്ക് അടുപ്പിച്ചത്. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളായപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള ഇടമാണ് ശോഷിക്കുകയെന്ന് നേതൃത്വം തിരിച്ചറിഞ്ഞില്ല. ശക്തമായ മതനിരപേക്ഷ ജനാധിപത്യ ലിബറൽ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടു മാത്രമേ കോൺഗ്രസിന് നഷ്ടമായ ഇടം തിരിച്ചുപിടിക്കാൻ കഴിയൂ. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇത് നടക്കില്ലെന്ന തിരിച്ചറിവിൽനിന്നാണ് 23 നേതാക്കൾ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഗാന്ധി കുടുംബത്തിനു പുറത്ത് ഒരാൾ കോൺഗ്രസിനെ നയിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്ക് ബിജെപിക്കെതിരായി പൊരുതാനുള്ള കെൽപ്പില്ലെന്ന പരസ്യപ്രഖ്യാപനമായി ആ ആവശ്യത്തെ കാണാം.
പുതിയ നേതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയുടെ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് കഴിഞ്ഞ ആഗസ്തിലാണ്. ജൂണിൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താമെന്നു പ്രഖ്യാപിച്ച് വിമതപ്രവർത്തനത്തിന് തടയിടാനാണ് നേതൃത്വം ശ്രമിച്ചത്. വർഷം ഒന്നായെങ്കിലും സംഘടനാതിരഞ്ഞെടുപ്പു നടന്നില്ല. കൊവിഡ് മഹാമാരിയാണ് തിരഞ്ഞെടുപ്പു വൈകാൻ കാരണമെന്നാണ് വിശദീകരണം. വയനാട്ടിൽ നിന്നുള്ള എം പി മാത്രമായ രാഹുൽ ഗാന്ധിക്ക് ഇപ്പോൾ കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നുമില്ല. പക്ഷേ, ഇപ്പോഴും അപ്രഖ്യാപിത ഹൈക്കമാൻഡ് ആണ് രാഹുൽ. നിർണായക തീരുമാനങ്ങളെല്ലാമെടുക്കുന്നത് രാഹുൽ തന്നെയാണ്. ഔപചാരികമായി സംഘടനാചുമതലകളില്ലാത്ത ഒരാൾ സംഘടനയുടെ നിയന്ത്രണം കൈയാളുന്നത് അതിന്റെ പ്രവർത്തനം എത്രമാത്രം ജനാധിപത്യവിരുദ്ധമാണ് എന്നതിനു തെളിവാണ്. സംഘടനാതിരഞ്ഞെടുപ്പു വൈകാതെ നടക്കുമെന്നും അതിനുശേഷം രാഹുൽ തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. വിജയിയെ തീരുമാനിച്ച ശേഷമാണ് തിരഞ്ഞെടുപ്പു നടത്തുന്നത് എന്നർഥം. സ്വന്തം പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാനാവത്തവർ എങ്ങനെയാണ് ജനാധിപത്യവിരുദ്ധരായ സംഘപരിവാറിൽനിന്നും രാജ്യത്തെ രക്ഷിക്കുക?

എസ് കുമാര്‍

You must be logged in to post a comment Login