സമ്പാദ്യമാണോ സന്തോഷത്തിന്റെ ഉറവ?

സമ്പാദ്യമാണോ  സന്തോഷത്തിന്റെ ഉറവ?

ഒരു മനുഷ്യൻ സാധാരണ ഗതിയിൽ ധനികനായ ഒരാളുടെ ജീവിതവുമായി സ്വന്തം ജീവിതം വിലയിരുത്തുന്നു. ഒരു വ്യക്തിക്കു സമ്പത്തിനെ കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവൻ വളരെ സ്വാർഥനായ വ്യക്തി ആയിത്തീരുകയാണ്. ജീവിതത്തിൽ പ്രധാനപ്പെട്ട എല്ലാ ആളുകളെയും അകറ്റുകയും കൂടുതൽ സമ്പത്ത് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പണമാണ് എല്ലാത്തിനും മുകളിൽ, എത്ര കൂടുതൽ നേടുന്നു അതാണ് ജീവിത വിജയം എന്നീ ചിന്തകൾ യഥാർത്ഥത്തിൽ എവിടെനിന്നുണ്ടായി? ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു പോകാൻ പണമില്ലാതെ പറ്റില്ല. ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങൾ അതിജീവിക്കാൻ പണം ആവശ്യമാണ്. അത് ജോലി ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. എന്നാൽ പണമാണോ ജീവിത ലക്ഷ്യം? സമ്പാദ്യം ആണോ വിജയം? സന്തോഷവും സമാധാനവും അല്ലേ ജീവിത വിജയം? അത് അല്ലാഹുവിന്റെ വഴിക്ക് നടക്കുമ്പോഴാണ് നേടുന്നത്?

ലോകത്തിൽ സമ്പത്ത് വളരെ മുഖ്യമായ ഒന്നായി കണക്കാക്കപ്പെടുന്നു. കടം എന്ന കെട്ടുപാടിന്റെ അസ്തിത്വം പോലും പണമാണല്ലോ? പണത്തിനു മനുഷ്യൻ കൊടുക്കുന്ന മതിപ്പും മര്യാദയും ഒരു മനുഷ്യനു പോലും ലഭിക്കാത്തത് എന്തുകൊണ്ട്? സമ്പത്ത് നേടാനുള്ള ചിന്ത ആദ്യം ആഗ്രഹത്തിൽ തുടങ്ങുന്നു. പിന്നീടത് അത്യാഗ്രഹം ആയി പരമാവസ്ഥ പ്രാപിക്കുന്നു. പലപ്പോഴും മനുഷ്യന്റെ യഥാർത്ഥ മുഖത്തെ പടം പൊഴിച്ചു കാണിച്ചു തരുന്നത് പണമാണ്. പണം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്ന് തുടങ്ങിയതല്ല. ആരംഭത്തിൽ തുടങ്ങി അവസാനം വരെ ഉണ്ടാകുന്നു. പണത്തിനു മേൽ നിൽക്കുന്ന ഒരാളുടെ മാനസികാവസ്ഥ അടിമുടി മാറുന്നു. കൈനീട്ടി ഭിക്ഷ എടുക്കുന്നവർ ആയാലും കൈ നിറയെ കെട്ടുകണക്കിന് നോട്ടുള്ളവരായാലും ചോദിച്ചാൽ എന്റെ കൈയിൽ ഇല്ല എന്നു പരിഭവം പറയുന്നു. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ഒരുപാട് ഉള്ളവനും മതിയാക്കാതെ വീണ്ടും അതിനു പിന്നാലെ പായുന്നത്? സ്വന്തം കൈ കൊണ്ടു അധ്വാനിച്ചു നേടുന്നതിനേക്കാൾ ഉന്നതമായ ഒരാഹാരവും ആർക്കും കഴിക്കാൻ കഴിയില്ല. അടുത്ത നിമിഷം പോലും ഉണ്ടോ എന്നു തിരിച്ചറിവില്ലാത്ത മനുഷ്യൻ ആണ് അടുത്ത തലമുറയ്ക്കു വേണ്ടി എന്നും പറഞ്ഞ് പണത്തിന് പിന്നാലെ ഓടിപ്പിടിക്കുന്നത്. എന്തുകൊണ്ടാണ് എത്ര കിട്ടിയാലും മതിയാവാത്തത്? അത് കടൽവെള്ളം പോലെയാണ്. എത്ര കുടിച്ചാലും ദാഹം അടങ്ങില്ല. എത്ര കോടികൾ നേടിയാലും മതി എന്നു പറഞ്ഞു നിർത്താൻ കഴിയാത്തതും മതിയാക്കാം എന്നുള്ള മനസ്സ് വരാത്തതും എന്തുകൊണ്ടെന്നാൽ കുടിക്കുന്നത് ഉപ്പുവെള്ളം ആയതുകൊണ്ടാണ്.

പണത്തിന്റെ വിതരണത്തിലുള്ള ഏറ്റക്കുറച്ചിലുകൾ സാമൂഹിക നീതി നഷ്ടപ്പെടുത്താനിടയാക്കുന്നതോടെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വർദ്ധിക്കുന്നു. പണത്തിനായി ജീവിതം മുഴുവനും ഓടിനടന്നു അവയൊന്നും ആസ്വദിക്കാനാവാതെ ആശുപത്രി കിടക്കയിൽ കിടന്നു പറയാറുണ്ട്; പണം ഒരു പ്രശ്നം അല്ല, ലോകത്തു എവിടെപ്പോയെങ്കിലും എത്ര ചെലവഴിച്ചും ജീവിതം കുറച്ചുകൂടി നീട്ടി തരാൻ കഴിയുമോ എന്നു നോക്കണമെന്ന്. റബ്ബ് തരുന്ന രണ്ടു അനുഗ്രഹങ്ങൾ ആണ് സമയവും ആരോഗ്യവും. മനുഷ്യന് ജീവിക്കാനും ഉദ്ദേശിച്ചത് ചെയ്യാനും ലഭിക്കുന്ന അവസരമാണ് സമയം. ഒരാൾ മരിക്കുമ്പോൾ അയാൾക്കു അനുവദിച്ച സമയം അവിടെ കഴിഞ്ഞു. രണ്ടു അനുഗ്രഹങ്ങളും ഒരുമിച്ചു അവസാനിക്കുന്നു. സമയം നമ്മോട് പറയും എന്നെ പിന്തുടരൂ, മറ്റെല്ലാം മറക്കാം. പണം പറയും എന്നെ നേടൂ, മറ്റെല്ലാം മറക്കാം. എന്നാൽ റബ്ബ് പറഞ്ഞത് എന്നെ ഓർക്കൂ ഞാൻ നിനക്ക് എല്ലാം തരും എന്നാണ്. പക്ഷേ, നമുക്ക് താങ്ങാൻ പറ്റുന്നത് മാത്രമേ തരുന്നുള്ളൂ. കാരണം സമ്പത്ത് മിതമായാൽ ജീവിതം സുഖപ്രദവും അമിതമായാൽ ദുഃഖപൂർണവുമാകുന്നു. അതിനാൽ ആവശ്യത്തിന് മാത്രം സാമ്പാദിക്കുക. ബാക്കി സമയം ജീവിക്കാൻ ശ്രമിക്കുക.

ദാരിദ്ര്യം മാത്രം ആണ് ഒരു ദുഃഖം എന്നു പറഞ്ഞു പലരും വരാറുണ്ട്. റബ്ബ് അവരെ മാത്രം പരീക്ഷിക്കുന്നു എന്നു പറഞ്ഞു കരഞ്ഞിട്ടുണ്ട്. പക്ഷേ അതിനെ ഒരുപാട് അനുഗ്രഹങ്ങൾ ആയാണ് ഞാൻ കാണുന്നത്. ഒരുദിവസമെങ്കിലും പ്രാഥമിക ആവശ്യങ്ങൾ പരസഹായം കൂടാതെ ചെയ്യാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ അനുഗ്രഹം. അതിനായി പരസഹായം കാത്തു കിടന്നപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു. പരസഹായമില്ലാതെ ജീവിക്കാൻ കഴിഞ്ഞ ഇന്നലെവരെയുള്ള ദിവസങ്ങളുടെ അനുഗ്രഹം ഞാൻ ഓർത്തുപോയി. പക്ഷേ, ആ അനുഗ്രഹം ആസ്വദിക്കുമ്പോൾ അതു കാണാൻ എനിക്ക് കണ്ണ് ഉണ്ടായില്ല. അന്ന് ഞാൻ നോക്കി കണ്ടതെല്ലാം മറ്റുള്ളവന് റബ്ബ് നൽകിയ അനുഗ്രഹങ്ങളെയും സൗകര്യങ്ങളെയും കുറിച്ചായിരുന്നു.

യഥാർത്ഥത്തിൽ പരീക്ഷണം കൊടുത്തത് ഒരു ധനികനാണ്. പണം കൊണ്ടു നേടാൻ കഴിയുന്നത് ആണ് ജീവിതം എന്ന് വിചാരിച്ചു അവരിൽ പലരും. അങ്ങനെയാണെങ്കിൽ ധനികർ ഒരിക്കലും മരിക്കില്ലല്ലോ. നന്നായി സമ്പാദിച്ച് അവസാനം ക്യാൻസർ വന്നു നാവു മുറിച്ചു മാറ്റിയ ഒരു ധനികൻ. അയാൾക്കു ജീവിതത്തിൽ പിന്നെ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ സാധിച്ചില്ല. ഒരാൾ സമ്പാദിക്കുന്നത് മൂന്നു നേരം വയറു നിറക്കാൻ അല്ലെ? വിശക്കുന്നവന് കൊടുക്കാതെ ബാങ്കിൽ സ്വരൂപിക്കുന്നത് എത്രയോ നികൃഷ്ടമായ ഒരു ജീവിതമാണ്. മനുഷ്യനു പണം കൊണ്ടു നേടാൻ കഴിയാത്തതും ആവശ്യമുള്ളതുമായ കുറെയേറെ കാര്യങ്ങൾ ഭൂമിയിൽ ഉണ്ട്. പണം കൊണ്ടു പൂർത്തീകരിക്കാൻ കഴിയുന്നത് പ്രധാനമായും ഭൗതികമായ ആവശ്യങ്ങൾ മാത്രമാണ്. എന്നാൽ മനുഷ്യന്റെ മാനസികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ പല ആവശ്യങ്ങളും പണംകൊണ്ട് നേടാൻ സാധിക്കുന്നവയല്ല.

നമുക്ക് ഏറ്റവും ആഗ്രഹം തോന്നുന്ന പണത്തോട് ഒരിക്കൽ സംസാരിച്ചാൽ അത്യാഗ്രഹം താനെ നശിക്കും. പണത്തോട് സംസാരിച്ചാൽ പണം പറയും: ഞാൻ ആണ് പണം. നിങ്ങളുടെ കൈകളിൽ വെച്ചു കശക്കി കളയാൻ മാത്രം ശക്തിയുള്ളവൻ. പക്ഷേ തുണ്ട് തുണ്ടായി കീറിയാലും ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന പവർ എനിക്കുണ്ട്. മനുഷ്യൻ അവനെപോലും കുപ്പയാക്കാൻ മടിക്കില്ല. എന്നാലോ എന്നെ ഒരുനാളും കുപ്പയിൽ ഇടില്ല. ഇതുവരെയും ഞാൻ എന്നെകാണാത്ത ഒരിടം കുപ്പതൊട്ടിയാണ്. മനുഷ്യന് എന്റെ മേലെയുള്ള മായയിൽ അവനെ മാറ്റാനും ചതിക്കാനും കഴിവുള്ള ഒരു സമൂഹത്തെ തന്നെ എനിക്കു ഉണ്ടാക്കാൻ സാധിക്കുന്നു. മനുഷ്യന്റെ നല്ല ഗുണങ്ങൾ, സ്വഭാവം എല്ലാം എനിക്ക് ഒരു നിമിഷം കൊണ്ടു മാറ്റാൻ കഴിയും. മനുഷ്യൻ തലകുമ്പിട്ടു ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കുന്നു. വിശ്വാസവഞ്ചന, മിത്രം ശത്രുവായി മാറുന്നത്, ശത്രു പെട്ടെന്ന് മിത്രം ആയി മാറുന്നത് ഇതെല്ലാം എന്റെ ജോലിയാണ്. ഒരാൾ പാവപെട്ടവൻ, മറ്റൊരാൾ ധനികൻ; ഇങ്ങനെയുള്ള മുദ്രയടിക്കുന്നതുപോലും ഞാനാണ്. മനുഷ്യന് അടിമയാവാനാണ് എന്നെ ഉണ്ടാക്കിയത്. പക്ഷേ മനുഷ്യൻ ഇന്ന് എന്റെ അടിമയാണ്. ഞാൻ സാധാരണ ഒരു പേപ്പർ ആണ്, ദൈവം അല്ല. പക്ഷേ ദൈവത്തിന് ഇല്ലാത്ത മതിപ്പും മര്യാദയും ഇന്ന് മനുഷ്യനിൽ നിന്നു എനിക്ക് കിട്ടുന്നു. എന്റെ ബലം എന്താണെന്നു വെച്ചാൽ ഞാൻ മനുഷ്യന് വേണ്ടി ഒന്നും വിട്ടുകൊടുത്തിട്ടില്ല. പക്ഷേ എനിക്ക് വേണ്ടി എന്തും വിട്ടുതരുന്ന ഒരു സമൂഹത്തെ തന്നെ എനിക്ക് ഉണ്ടാക്കുവാൻ കഴിയും. ഞാൻ ജീവത്യാഗം ചെയ്തിട്ടില്ല. എന്നാൽ എനിക്കുവേണ്ടി ജീവൻ എടുക്കാനും ജീവൻ അവസാനിപ്പിക്കാനും കഴിയുന്ന രീതിയിൽ മനുഷ്യനെ എനിക്ക് മാറ്റാൻ കഴിയും. ഇതാണ് പണം പറയുന്നത്. കേൾക്കുമ്പോൾ ഭയം തോന്നില്ലേ? നേർവഴിയിൽ അല്ലാതെയോ പരിധിയില്ലാതെയോ ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് പണം വന്നു ചേർന്നാൽ അത് അവന്റെ ആശയത്തെ തന്നെ നശിപ്പിച്ചു കളയും. പണം സാവധാനം തേടൂ, ഇല്ലെങ്കിൽ അത് നിങ്ങളുടെ സമാധാനം കെടുത്തും.

എന്തിനാണ് നമുക്ക് ആർഭാടം? അല്ലാഹുവിന്റെ അടിമകൾ ആഢംബര ജീവിതം നയിക്കുവാൻ ആഗ്രഹിക്കില്ല. ആഗ്രഹങ്ങൾ കൂടുമ്പോൾ അല്ലെ കടക്കെണിയിൽ കുടുങ്ങുന്നത്. ഉറക്കം നഷ്ടമാകുന്നത്. ആരോഗ്യം മറന്നു അധ്വാനിക്കുന്നത്. രോഗിയാവുന്നത്.

പ്രവാചകൻ പറഞ്ഞതായി അബു ഹുറൈറ(റ) പറഞ്ഞു: മിഅ്റാജിന്റെ രാത്രിയിൽ വീടുകൾ പോലെയുള്ള ഒരുകൂട്ടം ആളുകളുടെമേൽ ഞാൻ വന്നു. വയറ്റിൽ കാണാവുന്ന പാമ്പുകൾ നിറഞ്ഞിരുന്നു. അവർ ആരാണെന്നു ഞാൻ ജിബ്്രീലിനോട് ചോദിച്ചു. പലിശ പരിശീലിച്ചവരാണവർ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. വ്യഭിചാരം 36 തവണ ചെയ്യുന്നതിനേക്കാൾ പാപം ആണ് പലിശ വാങ്ങാനായി ഒരു മനുഷ്യൻ കൈവയ്ക്കുന്നത്. പലിശ സ്വീകരിക്കുന്നവരെയും നൽകുന്നവരെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചു. ഖുർആൻ 4. 33 വാക്യത്തിൽ പറയുന്നു: ഏതൊരാൾക്കും മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിൽ നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ ഉടമ്പടികൾ ബന്ധിച്ചവർക്കും അവരുടെ അവകാശങ്ങൾ കൊടുക്കുക. ഉറപ്പ്, അല്ലാഹു എല്ലാ കാര്യങ്ങൾക്കും സാക്ഷിയാകുന്നു.

സമ്പാദ്യം ഇല്ലാത്തതിന്റെ പേരിൽ ദുഃഖിച്ചു ഓരോ രോഗങ്ങൾ വരുത്തണ്ട. ഇതെല്ലാം വെറും അലങ്കാരങ്ങൾ മാത്രമാണ്. മനസ്സ് മലിനമാവാതെ ഇരിക്കാനുള്ള ഏറ്റവും നല്ല മരുന്ന് നിങ്ങളുടെ പക്കൽത്തന്നെയുണ്ട്. മനസ്സിനെ ഖുർആൻ ഉപയോഗിച്ച് ചികിത്സിക്കുക. പരിധികളില്ലാത്ത മരുന്നാണത്. മനസ്സിലുള്ള എല്ലാ ദുഃഖങ്ങളെയും സങ്കടങ്ങളെയും അത് നീക്കിക്കളയുന്നു. റബ്ബിലേക്ക് അടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും സമാധാനവും അറിഞ്ഞുതുടങ്ങിയാൽ പിന്നെ മറ്റൊന്നിനോടും ആഗ്രഹം തോന്നില്ല. എന്തിന്, സ്വർഗം പോലും ആഗ്രഹിക്കില്ല. റബ്ബ് എന്തു നൽകുന്നു, അതാണു നമുക്കു കിട്ടുന്ന അനുഗ്രഹം. അതിൽ പൂർണമായും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കാനും ജീവിതവിജയം നേടാനും സാധിക്കുന്നു.

ഡോ. ഫാദില

You must be logged in to post a comment Login