ആരോടൊക്കെ ഞങ്ങള്‍ സമാധാനം പറയണം?

ആരോടൊക്കെ ഞങ്ങള്‍ സമാധാനം പറയണം?

ഫൗസിയ ആരിഫ് കോളജ് അധ്യാപികയാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനോടുള്ള തന്റെ പക്ഷപാതിത്വം ഒരു നിലയിലും മറച്ചുവെച്ചിട്ടില്ലാത്ത പൊതുപ്രവര്‍ത്തക. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പലതരം സംഘാടനങ്ങളോട് സഹകരിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായി അഭിപ്രായം പറയുന്ന സ്ത്രീ. ഫൗസിയ ഇക്കഴിഞ്ഞ നാളുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം എന്നു പരിഗണിക്കാവുന്ന തരം വിമര്‍ശനങ്ങള്‍ക്ക് വിധേയയാവുകയുണ്ടായി. അതും അവര്‍ വളരെ സജീവമായ ഫേസ്ബുക്കില്‍. പലതും ക്രൂരമായ ആക്രമണം. എന്തായിരുന്നു കാരണം? കേരളത്തില്‍ പലരൂപത്തില്‍ നടക്കുന്ന, ഫൗസിയ ആരിഫ് തന്നെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന താലിബാന്‍ ചര്‍ച്ചയുടെ ഭാഗമായിരുന്നു അത്. അഫ്ഗാനിസ്ഥാനില്‍ ഇടവേളക്ക് ശേഷം താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് പശ്ചാത്തലം. 1996-ല്‍ താലിബാന്‍ വാഴ്ചയുടെ തുടക്കം മുതല്‍ താലിബാനെ വിസ്മയമെന്ന് കണ്ട് പ്രകീര്‍ത്തിച്ച ജമാഅത്തെ ഇസ്‌ലാമിയും പി കോയ അടക്കമുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാം ബുദ്ധിജീവികളും എല്ലാമാണ് ആ ചര്‍ച്ചകള്‍ക്ക് നെടുനായകത്വം വഹിച്ചത്. കോയ സാറിന്റെ തേജസ് വീഡിയോകള്‍ പരതാവുന്നതാണ്.
കാലം പഴയതല്ലെന്നും ലോകം ഒരു തുറുകണ്ണന്‍ സന്ദര്‍ഭത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിര്‍ഭാഗ്യവശാല്‍ തിരിയാത്തത് കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാത്രമാണല്ലോ? താലിബാനെ മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം പകല്‍ പോലെ കാണാന്‍ കഴിയുന്ന സാഹചര്യമുണ്ട്. അമേരിക്കന്‍ സ്വാധീനമുള്ള പക്ഷപാത മാധ്യമങ്ങള്‍ എന്ന് 2010 വരെയൊക്കെ അവര്‍ക്ക് പറഞ്ഞു നില്‍ക്കാന്‍ എളുപ്പമായിരുന്നു. ഇപ്പോള്‍ അതു നടക്കില്ല. ഓരോ മനുഷ്യനും ഓരോ റിപ്പോര്‍ട്ടറായ കാലമാണ്. ഞങ്ങള്‍ പറയുന്നതാണ് ഇസ്‌ലാം, ഞങ്ങള്‍ വ്യാഖ്യാനിക്കുന്നതാണ് വിശുദ്ധ ഗ്രന്ഥം എന്നെല്ലാം പണ്ടു പറഞ്ഞിരുന്നു. പക്ഷേ, അതും കാലം മാറ്റി. ഗ്രന്ഥം കൂടുതല്‍ തുറക്കപ്പെട്ട കാലമാണ്. ആളുകള്‍ക്കു കാര്യങ്ങള്‍ വേഗം പിടികിട്ടും. പകിട്ടു കൂടിയ വാക്കുകളില്‍, ചര്‍ച്ചാലോകം പണ്ടേ കയ്യൊഴിഞ്ഞ ജാര്‍ഗണുകളില്‍ കുളിപ്പിച്ച് പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ കേരളത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും അത് ഇസ്‌ലാം എന്ന ജീവിതപദ്ധതിയുടെ കഴുത്തില്‍ കത്തി കയറ്റുന്ന പണിയാണെന്നും മുമ്പത്തെക്കാള്‍ വിശ്വാസി സമൂഹവും ഇതര മനുഷ്യരും മനസിലാക്കുന്ന കാലമാണ്. ബഹുസ്വരതയും ജനാധിപത്യവും തിടം വെച്ച മണ്ണിലേ കാരുണ്യം എന്ന തങ്ങളുടെ അടിസ്ഥാനാശയത്തിന് പ്രയോഗക്ഷമതയുള്ളൂ എന്ന് വിശ്വാസി മുസ്‌ലിംകള്‍ തിരിച്ചറിയുകയും അവര്‍ ഇതു രണ്ടിനും അമ്പേ എതിരായ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വന്‍തോതില്‍ കയ്യൊഴിയുകയും ചെയ്യുന്ന കാലമാണ്. അക്കാലത്താണ് താലിബാന്‍ ചര്‍ച്ചയുടെ മറവില്‍ പഴയ അതേ ഭാഷയും ചുരണ്ടിമിനുക്കി, യഥാര്‍ത്ഥ മനോനിലയെ മറച്ചുപിടിച്ച് മൗദൂദിസ്റ്റുകള്‍ വീണ്ടും സജീവമാകുന്നത്. പാണ്ഡിത്യമുണ്ടെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ സര്‍ക്കാസത്തിന് പുറപ്പെടുക. സര്‍ക്കാസമെന്നാല്‍ പച്ച മലയാളത്തില്‍ പരിഹാസമാണ്. പരിഹാസമെന്നാല്‍ കീഴ്‌നിലയെ സൃഷ്ടിക്കലാണ്. ഒരാളെ പരിഹസിക്കുക, ഒരാശയത്തെ പരിഹസിക്കുക എന്നാല്‍ ആ ആളെ അല്ലെങ്കില്‍ ആ ആശയത്തെ കീഴ്‌നിലയിലേക്ക് തള്ളിയിടുക എന്നാണ്. അങ്ങനെ തള്ളിയിടുമ്പോള്‍ ചര്‍ച്ചകള്‍ പോലും നിഷേധിച്ചുകൊണ്ട് തന്റെ നിലപാടാണ് ശരിയെന്ന് ഒരാള്‍ പ്രഖ്യാപിക്കുകയാണ്. ചര്‍ച്ച ചെയ്താല്‍ തങ്ങളുടെ നിലപാടും ആശയവും തോറ്റമ്പും എന്ന ഘട്ടത്തില്‍ അതിബുദ്ധിയുള്ള ചിലര്‍ സര്‍ക്കാസത്തെ ആയുധമാക്കാറുണ്ട്. കേരളത്തിലെ മൗദൂദിസ്റ്റുകള്‍ ഇപ്പോള്‍ ആയുധമാക്കുന്നത് സര്‍ക്കാസത്തെയാണ്. അത്തരമൊരു സര്‍ക്കാസമാണ് ഫൗസിയ ആരിഫിനെതിരായ സൈബര്‍ ആക്രമണത്തിന് വഴിതെളിച്ചത്.

സംഗതി ഇതാണ്. അഫ്ഗാനില്‍ താലിബാന്‍ വാഴ്ച വീണ്ടും തുടങ്ങുന്നു. അവിടെ നിന്ന് വിലാപങ്ങളും പലായനങ്ങളും തുടങ്ങുന്നു. ഉടന്‍ കേരളത്തിലെ മൗദൂദി പ്ലാറ്റ്‌ഫോമുകള്‍ സജീവമാകുന്നു. 96 ലെ വാഴ്ചത്തുടക്കത്തില്‍ അതിനെ വിസ്മയമായിക്കാണുകയും അതിനെ വാക്കാലും വരിയാലും സര്‍വാത്മനാ പിന്തുണക്കുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കാര്‍ താല്‍പര്യങ്ങളെ ഉള്ളില്‍ വഹിക്കുന്ന വ്യാജ ഭാഷയുമായി കളംനിറയുന്നു. ആ ഭാഷയൊക്കെ ചെമ്പുപുറത്തായി നിരാലംബമായിട്ട് കാലങ്ങളായെന്ന് അവര്‍ മനസിലാക്കുന്നില്ല. സ്വാഭാവികമായും താലിബാന്‍ അനുകൂലത എന്ന പൂച്ച് പലപ്പോഴായി പുറത്തുചാടുന്നു. ഒരാവശ്യവുമില്ലാതെ അപകടകരമായ ചില ചര്‍ച്ചകള്‍ വികസിക്കുന്നു. ഈ ഘട്ടത്തിലാണ് ഇടതുപക്ഷത്തിനുവേണ്ടി ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രേംകുമാര്‍ എന്ന സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ അദ്ദേഹത്തിന്റെ വാളില്‍ ഒരു പോസ്റ്റിടുന്നത്. “”നാലുകോടിയോളമാണ് അഫ്ഗാന്‍ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബാന്‍ മതഭീകരര്‍. താലിബാന്‍ ഫാന്‍സ് അതില്‍ കൂടുതലില്ലേ കേരളത്തില്‍? സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധ ഗ്രന്ഥം.” ഇതായിരുന്നു പോസ്റ്റ്. നിശ്ചയമായും അതിവാദമാണ് പോസ്റ്റിട്ടയാള്‍ നടത്തിയത്. പക്ഷേ, ഒന്നേ ഉള്ളൂവെങ്കിലും വാക്കുകളുടെ ഡയേറിയ ബാധിച്ചതിനാല്‍ ഒരായിരമെന്ന പ്രതീതി സൃഷ്ടിക്കാറുണ്ട് കേരളത്തില്‍ മൗദൂദിസ്റ്റുകള്‍. അവരുണ്ടാക്കുന്ന താലിബാന്‍ ബഹളങ്ങളോടുള്ള ഒരു പ്രതികരണമായും വേണമെങ്കില്‍ വായിക്കാം ആ കുറിപ്പിനെ. അത്ര ഉത്തരവാദിത്തമൊന്നുമില്ലാതെ നടത്തപ്പെട്ട ആ പ്രസ്താവന സുനില്‍ പി ഇളയിടം തന്റെ വാളില്‍ പങ്കുവെക്കുന്നു. പോസ്റ്റിട്ടയാളും സുനിലും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഫേസ്ബുക്കിന് പുറത്ത് അതിശക്തവും വിശാലവുമായ പൊതുജീവിതമുണ്ട് ഇളയിടത്തിന്. വലിയ പ്രഭാഷകനാണ്. തന്റെ മാര്‍ക്‌സിസ്റ്റ് സ്വത്വത്തെ ജനാധിപത്യത്തില്‍ പ്രയോഗിക്കുന്ന ആളാണ്. സംഘപരിവാര്‍ കേരളീയ നവോത്ഥാനത്തിന്റെ അവശേഷിക്കുന്ന മൂല്യങ്ങളെക്കൂടി കവരാന്‍ ഒരുങ്ങിയ കാലത്ത് ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, സ്വാതന്ത്ര്യം എന്നീ നിത്യപ്രമേയങ്ങളുമായി തെരുവിലേക്കിറങ്ങുകയും ആയിരങ്ങളോട് സംവദിക്കുകയും ചെയ്ത മനുഷ്യനാണ്. അക്കാര്യങ്ങള്‍ ഉറപ്പിച്ചു പറഞ്ഞതിനാല്‍ സംഘപരിവാറിനാല്‍ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെടുന്ന മനുഷ്യനാണ്. പൗരത്വ സമരങ്ങളുടെ കാലത്ത് പൂര്‍ണ ഐക്യദാർഢ്യവുമായി സമരമുഖത്ത് നിലയുറപ്പിച്ച മനുഷ്യനാണ്. െതരുവിലിറങ്ങി ജാഥ നയിച്ച സര്‍വകലാശാല അധ്യാപകനാണ്. അതുവഴി കേരളീയ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത സൃഷ്ടിച്ച വ്യക്തിയാണ്. ജനാധിപത്യത്തെ ഉറപ്പിക്കാനായി നിരന്തരം എഴുതുകയും സിപിഎമ്മിന്റെ പോലും ജനാധിപത്യ വിരുദ്ധതക്കെതിരെ നിലപാടെടുക്കുകയും ചെയ്ത മനുഷ്യനാണ്. സംഘപരിവാരിന്റെ പ്രഖ്യാപിത ശത്രുവാണ്.

അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമവും അവരുടെ സോളിഡാരിറ്റിയും എസ് ഐ ഒയും ഉള്‍പ്പെടെ “പൊതു’ ആളുകളെ കണ്ടെത്തി മുന്നില്‍നിര്‍ത്തുന്ന പണിക്കിടെ ആഘോഷിച്ച ആളുമാണ്. പക്ഷേ, സംഘപരിവാരത്തെ അവരുടെ അടിത്തറ തുറന്നുകാട്ടി വിമര്‍ശിക്കുന്നതിനിടെ സുനില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിനോടും അവരുടെ പ്രച്ഛന്ന വേഷങ്ങളോടും നിശിതമായ നിലപാട് സ്വീകരിച്ചു. അവരുയര്‍ത്തുന്ന ചില പ്രശ്‌നങ്ങളോട് ഐക്യദാർഢ്യം ഉള്ളപ്പോള്‍ തന്നെ അവരെ അംഗീകരിക്കാനോ അവരുടെ ആശയത്തെ സ്വീകരിക്കാനോ സാധ്യമല്ല എന്ന് തുറന്നുപറഞ്ഞു. അപകടകരമായ ഇസ്‌ലാം വായനയാണ് അവര്‍ നടത്തുന്നതെന്ന് നിലപാടെടുത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ പതിറ്റാണ്ടു പഴകിയ തന്ത്രമായ പ്രതിനിധാന വായനയെ രൂക്ഷമായി തള്ളിപ്പറഞ്ഞു. ഹിന്ദുത്വയെ, അതിന്റെ അക്രമകരമായ രാഷ്ട്രീയ ആവിഷ്‌കാരത്തെ അടിത്തട്ടില്‍ വിമര്‍ശിക്കാതെ ഉപരിപ്ലവമായ ചിഹ്ന, പ്രതിനിധാന വായനകള്‍ വഴി മൗദൂദിസ്റ്റുകൾ സൃഷ്ടിക്കുന്ന വ്യാജ പ്രതിഷേധങ്ങളെ വിമര്‍ശിച്ചു. ഫലം സുനില്‍ പി ഇളയിടം അവര്‍ക്ക് അനഭിമതനായി. നമ്മുടെ കാലത്തെ ഒരു ബുദ്ധിജീവിയോട്, പൊതുപ്രവര്‍ത്തകനോട് സംവാദത്തിന് പകരം നിഷേധത്തിന്റെ ഭാഷയാണ് അവര്‍ സ്വീകരിച്ചത്. സംഘപരിവാറിന്റെ അതേ ഈണത്തില്‍ മൗദൂദിസ്റ്റുകള്‍ പാട്ടുതുടങ്ങി. അതിന്റെ മൂര്‍ത്തിമദ്്ഭാവമായിരുന്നു സുനില്‍ പി ഇളയിടത്തോട് ഉത്തര്‍ പ്രദേശിലേക്ക് പോകൂ എന്ന ഫൗസിയ ആരിഫിന്റെ കല്‍പന. അത് ആരുടെ ഭാഷയാണെന്ന് നമുക്കറിയാം. യു പി സംഘപരിവാര്‍ അധികാരത്തിലിരിക്കുന്ന സ്ഥലമാണെന്നും അറിയാം. നോക്കൂ, ഫൗസിയയുടെയും കെ സുരേന്ദ്രന്റെയും യോഗിയുടെയും ശബ്ദം ഒന്നായി പരിണമിക്കുന്നത്.

പ്രശ്നം അതല്ല. മുസ്‌ലിംകളുടെ പ്രതിനിധാനവകാശം സ്വയമണിഞ്ഞ് ഫൗസിയ നടത്തിയ ഈ സംഘപരിവാര്‍ ൈശലിയിലുള്ള ഇടപെടല്‍ താലിബാന്‍ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളിലേക്ക് മുസ്‌ലിം സമുദായത്തെ ഒന്നാകെ വലിച്ചെറിയുന്ന ഒന്നായി മാറി. അക്രമ സ്വരത്തില്‍ സംസാരിച്ച ഒരു മുസ്‌ലിം വനിതയെ മറയാക്കി കേരളത്തിലെ മുഴുവന്‍ മുസ്‌ലിംകളുടെയും ശബ്ദം അതാണെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സലഫിസം ആഗോള മുസ്‌ലിമിനോട്, അവരുടെ സ്വൈര്യ ജീവിതത്തോട് ചെയ്യുന്ന ക്രൗരമായ കയ്യേറ്റത്തിന്റെ മിനിയേച്ചര്‍ ആയി മാറി ഫൗസിയ ആരിഫിന്റെ താലിബാന്‍ ഇടപെടല്‍.

തീരെ ചെറിയ ഒരു സംഭവത്തെ ഈ താളുകളില്‍ ഇത്ര വിശദീകരിച്ചതെന്തിന് എന്ന ഒരു ചോദ്യം നിങ്ങളില്‍ സ്വാഭാവികമാണ്. അത്ര പ്രധാനപ്പെട്ടതല്ലാത്ത സോഷ്യല്‍ മീഡിയ ജല്‍പനങ്ങളെ നമ്മളെന്തിന് കണക്കിലെടുക്കണം എന്ന ചോദ്യവും ഉയരാം. തീരെ ചെറുതുകള്‍ കേരളീയ വിശ്വാസി ജീവിതത്തിന്റെ സമാധാനപൂര്‍ണവും ജനാധിപത്യപരവുമായ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അലോസരങ്ങളെക്കുറിച്ചും തികച്ചും യാഥാര്‍ത്ഥ്യമായ മുസ്‌ലിം മുന്‍വിധികളുടെ തീരെ ചെറിയ ചില കാരണങ്ങള്‍ എന്ത് എന്നതിനെക്കുറിച്ചും ആലോചിച്ചതാണ്. താലിബാന്‍ പശ്ചാത്തലത്തില്‍ അതിനു ചെറുതല്ലാത്ത പ്രസക്തിയുണ്ട്.

ലോകമെമ്പാടുമുള്ള വിശ്വാസി മുസ്‌ലിംകള്‍ താലിബാനെ അതിന്റെ തുടക്കത്തിലേ തള്ളിപ്പറഞ്ഞതിന് ഇനി രേഖകള്‍ ആവശ്യമില്ല. ഇക്കാര്യങ്ങള്‍ എല്ലാം നാനാതരം ചര്‍ച്ചകളായി പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. താലിബാന്‍, അല്‍ഖാഇദ, ഐ എസ്, ബോകോ ഹറാം, ലഷ്‌കറെ ത്വയ്ബ എന്നിങ്ങനെ വിവിധ പേരുകളില്‍ വിഹരിക്കുന്ന അധികാരം ലക്ഷ്യം വെക്കുന്ന സംഘങ്ങള്‍ക്ക് കുടില ലക്ഷ്യത്തിലേക്കുള്ള മറ മാത്രമാണ് ഇസ്‌ലാമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസി മുസ്‌ലിം മതപണ്ഡിതര്‍ പല സന്ദര്‍ഭങ്ങളില്‍ അര്‍ഥശങ്കകള്‍ക്ക് ഇടയില്ലാത്ത വിധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഭീകരവാദത്തിന്റെ സാമ്പത്തിക- സാമൂഹിക ചരിത്രം ഒരു പുതിയ വിഷയമല്ല. മേല്‍പ്പറഞ്ഞ ഭീകരസംഘടനകളുടെ പിറവിയിലേക്കും പോറ്റലിലേക്കും നയിച്ച ലോകസാഹചര്യങ്ങള്‍ നമുക്കു മുന്നിലുണ്ട്. ശീതയുദ്ധാനന്തരം ലോകക്രമത്തില്‍ അമേരിക്ക നേടിയ മേല്‍ക്കൈയുമായി അതിന് അഭേദ്യ ബന്ധമുണ്ട്. അമേരിക്ക ഒരു തുറന്ന പുസ്തകമാണ്. അവരുടെ താല്‍പര്യങ്ങളെ അവര്‍ എത്ര ശ്രമിച്ചാലും മറച്ചുവെക്കാന്‍ കഴിയില്ല. അമേരിക്ക എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെ അഫ്ഗാന്‍ വിട്ടു എന്നത് സംബന്ധിച്ച അമേരിക്കന്‍ ബുദ്ധിജീവിയും ഭരണകൂട വിമര്‍ശകനുമായ നോം ചോംസ്‌കിയുടെ വാക്കുകള്‍ ഇവിടെയുണ്ട് -https://chomsky.info/20210507-2/. Chomsky and Prashad: The reality behind the US “withdrawal’ from Afghanistan- എന്ന തലക്കെട്ടില്‍. നാം പലവുരു സംസാരിച്ച കാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം.
അധിനിവേശമാണ് സാമ്രാജ്യത്വങ്ങളുടെ, അതിപ്പോള്‍ കമ്യൂണിസ്റ്റ് സാമ്രാജ്യത്വമായാലും ക്യാപിറ്റലിസ്റ്റ് സാമ്രാജ്യത്വമായാലും, അതിജീവന വഴി. അധിനിവേശത്തിന്റെ ഒരു പ്രത്യേകത അത് അതിനെതിരായ (എതിരായ എന്നത് ഊന്നിവായിക്കണം) ശക്തികളെ സൃഷ്ടിച്ച് വളര്‍ത്തും എന്നതാണ്. യഥാര്‍ത്ഥത്തില്‍ അധിനിവേശത്തിന് കീഴ്‌പ്പെട്ട ജനത, അധിനിവേശത്താല്‍ മുറിവേറ്റ ജനത, ആത്മാഭിമാന പ്രചോദിതമായി ഉയിര്‍ത്തു വരികയും പ്രതിരോധമുയര്‍ത്തുകയും ചെയ്യുക എന്നതാണ് സംഭവിക്കേണ്ടത്. അത്തരം ഉയിര്‍പ്പുകളോട് ഏറ്റുമുട്ടി നില്‍ക്കല്‍ അധിനിവേശ ശക്തികളെ സംബന്ധിച്ച് പ്രയാസകരമാണ്. അതിനാല്‍ അത്തരം ഉയിര്‍പ്പുകള്‍ സംഭവിക്കാതിരിക്കാന്‍ അധിനിവേശം തന്നെ എതിര്‍പ്പിന്റെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. അധിനിവേശം ഇങ്ങനെ ഉല്പാദിപ്പിക്കുന്ന എതിര്‍പ്പിന്റെ കുഞ്ഞുങ്ങള്‍ വിശാലമായി സംരക്ഷിക്കുക അധിനിവേശത്തിന്റെ താല്‍പര്യങ്ങളെയാണ്. താല്‍പര്യം നിറവേറ്റി അവര്‍ അവിടം വിടുമ്പോഴേക്കും അവര്‍ സൃഷ്ടിച്ച ഈ എതിര്‍പ്പുകുഞ്ഞുങ്ങള്‍ ശക്തരാവുകയും പുതിയ അധിനിവേശ ശക്തിയായി മാറുകയും ചെയ്യും. അഫ്ഗാനിലെ താലിബാന്‍ ഇങ്ങനെ അമേരിക്കയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു എതിര്‍പ്പുകുഞ്ഞാണ്. അതിനാലാണ് മാറിമാറിയുള്ള അധിനിവേശങ്ങളാല്‍ തകര്‍ന്നടിഞ്ഞ ആ പാവം ജനത ചരിത്രത്തിനു മുന്നില്‍ ഗതികിട്ടാതലയുന്ന മനുഷ്യജീവികളായി പരിണമിച്ചത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി മുസ്‌ലിം ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ ഇസ്‌ലാമിന്റെ തെറ്റായ വായനയിലൂടെയാണ് എതിര്‍പ്പു കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെടുക. ഖുര്‍ആനും സുന്നതും പോലുള്ള അടിസ്ഥാന പ്രമാണങ്ങളെ സ്വതന്ത്രം എന്നു പേരിട്ടാണ് ഈ തെറ്റായ വായന നടത്തുന്നത്. ആ തെറ്റിവായന കൊണ്ട് ക്യാപിറ്റലിസ്റ്റ് അധിനിവേശത്തിന് ഇരട്ടി ഗുണമുണ്ട്. അവരാഗ്രഹിക്കും വിധത്തില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുക. അഫ്ഗാനില്‍ സംഭവിച്ചത് അതുമാണ്. ജിഹാദ് എന്ന പദത്തിന്റെ ഗുരുതരമാം വിധം ക്രൂരമായ വ്യാഖ്യാനം സൃഷ്ടിക്കുക വഴി ലോകമുസ്‌ലിം സമൂഹത്തെ അപമാനിക്കാന്‍ ഈ എതിര്‍പ്പു കുഞ്ഞുങ്ങള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു.

കേരളത്തില്‍ ഉയര്‍ന്നുവന്ന താലിബാന്‍ ചര്‍ച്ചയില്‍ സ്ഫടികം പോലെ സുതാര്യമായ ഇക്കാര്യങ്ങളായിരുന്നു ഉയര്‍ന്നുവരേണ്ടത്. അതുണ്ടായില്ല. മറിച്ച് അമേരിക്കന്‍ നിര്‍മിത എതിര്‍പ്പുകുഞ്ഞുങ്ങളുടെ ൈസദ്ധാന്തിക ഫാക്ടറികള്‍ നിര്‍ബാധം ഉത്പാദിപ്പിക്കുന്ന പദാവലികള്‍ താലിബാന്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടു. അത് പറഞ്ഞാല്‍ ഇതും ഇതും പറയണ്ടേ എന്ന ക്രിമിനല്‍ വാട്ടെബൗട്ടറി താലിബാന്‍ ചര്‍ച്ചകളില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ പ്രയോഗിച്ചു. ഫലം, വിശ്വാസി മുസ്‌ലിമിന് അവന്റെ പ്രതിസന്ധികളില്‍ നിന്ന് മോചനമില്ലാതായി. ആരൊക്കെയോ ചെയ്യുന്ന അറുകൊലകള്‍ക്ക് ഒരു വിശ്വാസപ്രമാണത്തെയും ജീവിത പദ്ധതിയെയും മുന്‍നിര്‍ത്തി സ്വൈര്യവും ശാന്തവുമായി ജീവിക്കേണ്ട ഒരു സമുദായം ഉത്തരം പറയേണ്ടി വരുന്നു. ശത്രു അകത്താണ് എന്നു ചുരുക്കം.

കെ കെ ജോഷി

You must be logged in to post a comment Login