താലിബാന്റെ വിജയം ഇന്ത്യയുടെ ആശങ്കകൾ

താലിബാന്റെ വിജയം  ഇന്ത്യയുടെ ആശങ്കകൾ

രണ്ടു പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ സൈനിക ഇടപെടലിനുശേഷം അഫ്ഗാനിസ്ഥാന്റെ മിക്ക പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലേക്ക് തിരികെയെത്തുന്നതിനൊപ്പം ഇന്ത്യയ്ക്കു ലഭിക്കുന്ന കയ്പ്പിനെ മധുരമാക്കാന്‍ ഒരുവാക്കിനും കഴിയില്ല.

കടലാസില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 106 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും അത് പാകിസ്ഥാന്‍ അധിനിവേശ പ്രദേശത്ത് ആയതിനാല്‍ ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്‍ ഒരു സാങ്കല്‍പിക അതിര്‍ത്തി മാത്രമാണ് പങ്കുവയ്ക്കുന്നത്. എങ്കിലും തെക്കനേഷ്യയില്‍ എന്തു സംഭവിച്ചാലും മേഖലയിലെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍ അവയ്ക്കു വലിയ അനന്തരഫലമുണ്ട്. താലിബാന്‍ അധികാരം പിടിച്ചത് ഇന്ത്യക്ക് നല്‍കുന്ന അർഥമിതാണ്.

ആസന്നമായ ആശങ്കകള്‍
അഫ്ഗാനിസ്ഥാനില്‍ അതിവേഗം സുരക്ഷാ സാഹചര്യം മോശമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഒരാഴ്ച മുമ്പ് ഇന്ത്യയുടെ അംബാസിഡര്‍ക്കൊപ്പം മിക്ക എംബസി ജീവനക്കാരെയും ഒഴിപ്പിച്ചു നാട്ടിലെത്തിച്ചിരുന്നു. പക്ഷേ, ഇന്ത്യന്‍ പൗരന്മാരുടെയും ഇന്ത്യ ഒഴിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെയും എണ്ണമെടുക്കുമ്പോള്‍ ഇന്ത്യന്‍ സംഘത്തിന്റെ ജോലി അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തകള്‍ പ്രകാരം, ഇന്ത്യ 475 ഇന്ത്യന്‍ പൗരന്മാരടക്കം 540 പേരെ ഞായറാഴ്ച മാത്രം ഒഴിപ്പിച്ചു. ചിലര്‍ കാബൂളില്‍ നിന്നും നേരിട്ട് വന്നപ്പോള്‍ മറ്റുള്ളവര്‍ താജിക്കിസ്ഥാനും ഖത്തറും വഴി തിരിച്ചെത്തി. അവയില്‍ ചില ദൗത്യങ്ങൾ സങ്കീര്‍ണമായിരുന്നു. അതിന് പ്രാഥമിക കാരണം കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ സാഹചര്യങ്ങള്‍ ആയിരുന്നു. രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ താലിബാന്‍ ചെക്ക്‌പോസ്റ്റുകളില്‍ അപകടകരമായ സാഹര്യങ്ങളെ നേരിട്ടു.

ഉദാഹരണമായി, ശനിയാഴ്ച, താലിബാന്‍ 150 ഇന്ത്യന്‍ പൗരന്മാരെ “തട്ടിക്കൊണ്ടുപോയി’ എന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിച്ചു. താലിബാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇന്ത്യക്കാര്‍ സുരക്ഷിതര്‍ ആണെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നു. പക്ഷേ, ഇന്ത്യയിലേക്ക് വരാന്‍ വേണ്ടി ശ്രമിച്ച ഹിന്ദുക്കളും സിഖുകാരും അടക്കമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് താലിബാന്‍ വിസമ്മതിച്ചതുകൊണ്ട് തിരിച്ചു പോകേണ്ടി വന്നു.

ഇന്ത്യക്കാരെയും കേന്ദ്രം സഹായിക്കാന്‍ തീരുമാനിച്ചിട്ടുള്ള അഫ്ഗാനികളെയും തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. താലിബാന്‍ സര്‍ക്കാരിനെ രാഷ്ട്രീയമായും തന്ത്രപരമായും കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍- ഏറ്റവും കുറഞ്ഞത് പരസ്യമായിട്ടെങ്കിലും- ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയാകും വരെ കാത്തിരിക്കണം.

തന്ത്രപരമായ കുരുക്കുകള്‍
കഴിഞ്ഞയാഴ്ച, ഇന്ത്യ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഒരു അസാധാരണമായ അഭ്യർഥന താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് റെസൗല്‍ എച്ച് ലാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെകസായ് ഒരു അപ്രതീക്ഷിത അഭ്യർഥന ഇന്ത്യയോട് നടത്തി: “അഫ്ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം ഇന്ത്യ നിലനിര്‍ത്തുമോ?’

ഖത്തറിലെ ദോഹയിലെ സംഘത്തിന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ നേതൃത്വത്തിന്റെ ഭാഗമായ ഈ താലിബാന്‍ നേതാവ് അനൗദ്യോഗികമായും പരോക്ഷമായുമാണ് ഈ അഭ്യർഥന പങ്കുവെച്ചത്.
ഈ സന്ദേശം, ന്യൂഡല്‍ഹിയിലെയും കാബൂളിലെയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശ്ചര്യത്തോടെയാണ് കണ്ടത്.

ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനം നേടവേ ഷേരു എന്ന് അറിയപ്പെട്ടിരുന്ന സ്റ്റാനെകസായ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ സുരക്ഷിതരായി സൂക്ഷിക്കാം എന്നു മാത്രമല്ല നിർദേശിച്ചത്. കാബൂളിലെ ചെക്ക് പോസ്റ്റുകള്‍ താലിബാന്‍ പരിപാലിക്കുമെന്നും ഇന്ത്യക്കാരെ ലക്ഷ്യം വെച്ചേക്കാവുന്ന പാകിസ്ഥാനിലെ ഭീകര സംഘങ്ങളായ ലഷ്‌കര്‍-ഇ-ത്വയ്ബ പോലുള്ളവ ആയിരിക്കില്ലെന്നും അദ്ദേഹം കൃത്യമായി സന്ദേശം നല്‍കി.
1993-ല്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സമാനമായ ശ്രമങ്ങളില്‍ നിന്നും 2021-ലെ ഇന്ത്യന്‍ എംബസിയുടെയും തങ്ങളുടെ പൗരന്മാരുടെയും ഒഴിപ്പിക്കല്‍ വ്യത്യസ്തമാകുന്നതിന് കാരണം ഇത്തരം ചിലതാണ്.

ലോകത്തിന്റെ പ്രതികരണ രീതിയാണ് പ്രധാനവ്യത്യാസങ്ങളിലൊന്ന്. 1990-കളില്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനെ എല്ലാ പ്രബല ശക്തികളും പരിഗണിച്ചിരുന്നത് ഒരു തെമ്മാടി രാഷ്ട്രമായിട്ടാണ്. പക്ഷേ, യുഎസ് ഇപ്പോഴും ഒരു ഭീകര സംഘടനയെന്ന് വിശേഷിപ്പിക്കുന്നതും പാശ്ചാത്യ രാജ്യങ്ങള്‍ നിയമസാധുത നല്‍കണമെന്നുള്ള അനവധി വര്‍ഷങ്ങളുടെ ആവശ്യത്തിനും ശേഷമാണ് അവരുടെ ഇപ്പോഴത്തെ വിജയം.

കൂടാതെ, ചൈന, റഷ്യ, ഇറാന്‍ എല്ലാം മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി താലിബാനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാകിസ്ഥാനില്‍ നിന്നും എപ്പോഴും ലഭിക്കുന്ന പിന്തുണയ്ക്കും സാമ്പത്തിക സഹായത്തിനും പരിശീലനത്തിനും അപ്പുറമുള്ള രാഷ്ട്രീയ മേല്‍മൂടി ആ സംഘത്തിന് ഇത് നല്‍കും.

ഈയൊരു മാറിയ സാഹചര്യത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്, കൂടാതെ, വളരെ ശ്രദ്ധാപൂര്‍വം മുന്നോട്ടു കാല്‍വയ്‌ക്കേണ്ടതും കേന്ദ്രസർക്കാരാണ്. സുരക്ഷ നല്‍കുമെന്നുള്ള താലിബാന്റെ ഉറപ്പിനെ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇന്ത്യ സ്റ്റാനിക്‌സായിയുടെ അഭ്യർഥന നിരസിച്ചിരുന്നു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെച്ചൊല്ലി ഇന്ത്യ സമാനമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ഇന്ത്യ ആ രാജ്യത്ത് ബില്ല്യണ്‍ കണക്കിന് ഡോളറുകള്‍ വികസനത്തിനും മാനുഷിക പരിഗണനയുള്ള പദ്ധതികള്‍ക്കുമായി ഒഴുക്കിയിരുന്നു. അതേസമയം തന്നെ ഇന്ത്യയില്‍ അഫ്ഗാനികള്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കുകയും വ്യാപാര ബന്ധം വർധിപ്പിക്കുകയും ചെയ്തിരുന്നു.

താലിബാന്‍ ഭരണത്തിലെത്തിയതു കാരണം ഇന്ത്യ പൂര്‍ണമായും ഈ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുമോ? ഇന്ത്യ തുടര്‍ന്നും തങ്ങളുടെ രാജ്യത്തിലേക്ക് പണമൊഴുക്കണമെന്ന് കാബൂളിലെ പുതിയ നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് അടക്കംപറച്ചിലുകള്‍ ഉണ്ട്. പക്ഷേ, ആ സംഘത്തോട് പാകിസ്ഥാനുള്ള താല്‍പര്യങ്ങള്‍ കാരണം ഇന്ത്യ ഏതൊരു വാഗ്ദാനത്തെയും അങ്ങേയറ്റം സംശയത്തോടെയേ കാണുകയുള്ളൂ.

രാഷ്ട്രീയതലത്തിലും ഇന്ത്യയ്ക്ക് തങ്ങളുടെ പദ്ധതികളെ ശ്രദ്ധയോടെ പുതുക്കേണ്ടതുണ്ട്. താലിബാനുമായി ബന്ധമുണ്ടാക്കുന്നതില്‍ ന്യൂഡല്‍ഹിയുടെ വൈമനസ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഒരിക്കലും ഔദ്യോഗികമായി ബന്ധം സ്ഥാപിക്കില്ലെന്നതായിരുന്നു 1990-കളിലെ നയം. ആ നയമാണ് കുപ്രസിദ്ധമായ 1999-ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോകുന്നതിന് ഉത്തരവാദിയെന്ന് പലരും വീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ആറുമാസങ്ങളായി താലിബാനുമായി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ പരാജയപ്പെട്ട അവസാന നിമിഷ ശ്രമങ്ങള്‍ വൈകിയതും ചെറുതുമായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന വടക്കന്‍ സഖ്യത്തിലെ നേതാക്കള്‍ പാകിസ്ഥാനെക്കുറിച്ച് ആഴത്തിലുള്ള സംശയങ്ങളും ദേഷ്യവും വെച്ചുപുലര്‍ത്തിയിരുന്നുവെന്ന് മുന്‍ നയതന്ത്രജ്ഞനായ വിവേക് കട്ജു പറയുകയുണ്ടായി: “ആഗസ്ത് 16-ന് ഇസ്‌ലാമാബാദില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഈ സഖ്യത്തിലെ നേതാക്കളുടെ യോഗം നടത്തിയിരുന്നു. നേതാക്കള്‍ ഇസ്‌ലാമാബാദില്‍ പോകുകയും എന്നാല്‍ ഇന്ത്യയിലേക്ക് വരാതിരിക്കുകയും ചെയ്തത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു പങ്കും വഹിക്കാനില്ലെന്ന് അവര്‍ക്കെല്ലാം അറിയാം.”
യുഎസിന്റെ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം വാഷിങ്ടണ്‍ ഡിസിയും ഇസ്‌ലാമാബാദും തമ്മിലെ ബന്ധത്തിലെ വിള്ളൽ വർധിപ്പിക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതുവരെയും ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ഓര്‍ക്കുക.

അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന് സി രാജമോഹന്‍ വിശദീകരിക്കുന്നു. “വാഷിംങ്ടണുമായി കൂടുതല്‍ സഹകരണം, ബീജിങ്ങുമായി കൂടുതല്‍ സംഘര്‍ഷം, പരമ്പരാഗത തന്ത്രപ്രധാന പങ്കാളിയായ മോസ്‌കോയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍. ഈ ഘടനാപരമായ മാറ്റങ്ങളുടെ മറുവശം അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ ബന്ധത്തില്‍ വരുന്ന മാറ്റമാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യ സ്വീകരിച്ചിരുന്ന തന്ത്രമായ പൊരുത്തപ്പെടലുകളും ഒരേസമയമുള്ള തന്ത്രപരമായ ബന്ധങ്ങളും പ്രബലമായ പ്രാദേശിക, ആഗോള മാറ്റങ്ങളെ അതിജീവിക്കുമെന്നായിരുന്നു ഏവരും വിശ്വസിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങള്‍ ചൈന-ഇന്ത്യ വൈരുധ്യങ്ങളെ വർധിപ്പിക്കും , ഇന്ത്യ-യുഎസ് ബന്ധം ദൃഢീകരിക്കും, ഇന്ത്യയും റഷ്യയും തമ്മിലെ ദൂരം വർധിപ്പിക്കും, വന്‍ശക്തികളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ രൂപാന്തരണം ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.’

ആഭ്യന്തര രാഷ്ട്രീയം
എല്ലാ ഗ്രൂപ്പുകളും താലിബാന്‍ അധികാരം ഏറ്റെടുത്തതിനെ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ ലെന്‍സിലൂടെയാണ് വ്യാഖ്യാനിച്ചത്. ചിലപ്പോഴത്, യാതൊരു സാമ്യതകളുമില്ലാത്ത താരതമ്യങ്ങള്‍ ആയി. സമാജ് വാദി പാര്‍ട്ടി എംപി ഷഫിഖുര്‍ റഹ്‌മാന്‍ ബാര്‍ഖ് താലിബാന്റെ വിജയത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി താരതമ്യം ചെയ്തു. അഫ്ഗാന്‍കാരുടെ വ്യക്തിപരമായ കാര്യം എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ രാജ്യദ്രോഹ കേസ് അദ്ദേഹത്തിനെതിരെ എടുത്തുകഴിഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയാകട്ടെ താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാനെ നരേന്ദ്രമോഡിയുടെ ഇന്ത്യയുമായി താരതമ്യപ്പെടുത്താന്‍ ഉപയോഗിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിക്കെതിരെ പരാതി പറയുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായി പ്രചാരണം നടത്താനും ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരു ആയുധമായും അവരത് പ്രയോഗിച്ചു.

ഇന്ത്യയിലെ ഉയര്‍ന്ന ഇന്ധന വിലയെക്കുറിച്ച് ആരാഞ്ഞ ഒരു ജേര്‍ണലിസ്റ്റിനോട് അഫ്ഗാനിസ്ഥാനിലേക്ക് പോകാനാണ് മധ്യപ്രദേശിലെ ബിജെപി നേതാവായ റാംരത്തന്‍ പായല്‍ പറഞ്ഞത്.

അതേസമയം, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും നിലവിലെ സംഭവ വികാസങ്ങളെ 2019-ല്‍ പാസാക്കിയിട്ടും ഇനിയും നോട്ടിഫൈ ചെയ്തിട്ടില്ലാത്ത വിവാദമായ പൗരത്വ നിയമ ഭേദഗതിയുമായി തെറ്റിദ്ധാരണാജനകമായി ബന്ധപ്പെടുത്തി.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് അയല്‍രാജ്യങ്ങളിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരായ, മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമം. എന്നാല്‍, പാര്‍ട്ടി അതിനെ നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെടുത്തി. ലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. അതേസമയം, മറ്റു മതക്കാര്‍ക്ക് അത്തരമൊരു പരിശോധന ആവശ്യമില്ലതാനും.
പൗരത്വ നിയമ ഭേദഗതി 2014-ലെ കട്ട്-ഓഫ് തീയതിയായി നിശ്ചയിച്ചിട്ടുണ്ട്. അതായത്, അഫ്ഗാനിസ്ഥാനിലെ ഒരു ന്യൂനപക്ഷവും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഈ പ്രധാനപ്പെട്ട വിവരം നദ്ദയും പുരിയും സൗകര്യപൂര്‍വം അവഗണിച്ചു.
എന്തുതന്നെയായാലും അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുസ്‌ലിംകള്‍ക്കെതിരായുള്ള പ്രചാരണത്തിനായി ഈ “താലിബാന്‍ മനോഭാവം’ ബിജെപി തുടരും.

വിവർത്തനം: കെ സി
(കടപ്പാട്: സ് ക്രോൾ.ഇൻ)

You must be logged in to post a comment Login