ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

അമ്പരപ്പിക്കുന്ന യാതൊന്നുമില്ല മലബാര്‍ സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന്റെ മഹാചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള പുതിയ നീക്കത്തില്‍. അത്തരം മായ്ച്ചുകളയലും കൂട്ടിച്ചേര്‍ക്കലും മലബാര്‍ വിപ്ലത്തില്‍ നിന്ന് തുടങ്ങിയതോ അതില്‍ അവസാനിക്കുന്നതോ അല്ല. ലോകചരിത്രത്തില്‍ എമ്പാടും ഫാഷിസം പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും അങ്ങനെയാണ്. ഫാഷിസം മാത്രമല്ല, എല്ലാത്തരം അധിനിവേശങ്ങളും അപ്പണി ചെയ്തുതന്നെയാണ് ആധിപത്യം അരക്കിട്ടുറപ്പിച്ചിട്ടുള്ളത്. കാരണം ലളിതമാണ്. വിഭജനമാണ് ഫാഷിസത്തിന്റെയും എല്ലാത്തരം സമഗ്രാധിപത്യത്തിന്റെയും വഴി. ഭിന്നസംസ്‌കൃതികളെ, ബഹുസ്വരതകളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകല്‍ അത്തരം സംവിധാനങ്ങള്‍ക്ക് അസാധ്യമാണ്. ജനതയെ പല ശകലങ്ങളായി പിളര്‍ത്തി അതില്‍ ഭൂരിപക്ഷമുള്ള ഭാഗത്തിന്റെ വികാരങ്ങളെ കൃത്രിമമായി സൃഷ്ടിച്ച്, അതിനെ ആളിക്കത്തിച്ചു മാത്രമേ ഫാഷിസത്തിന് നിലനില്‍ക്കാനാവൂ.

അതിന്റെ കാരണവും ഒട്ടും സങ്കീര്‍ണമല്ല. ഫാഷിസത്തിന് പിന്നില്‍ ഒരിടത്തും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും മതയുക്തിയല്ല. മത-വിശ്വാസ താല്‍പര്യത്തിന്റെ രാഷ്ട്രീയ പ്രകാശനമല്ല ഒരു സമഗ്രാധിപത്യവും. അത് താലിബാനായാലും ഹിന്ദുത്വ ആയാലും ആര്യന്‍ മേല്‍ക്കോയ്മയെ മറപിടിച്ച നാസിസം ആയാലും. മറിച്ച്, അതൊരു സാമ്പത്തികയുക്തിയാണ്. ഫാഷിസത്തിന്റെ അടരുകളെ, അതിന്റെ പ്രയോഗങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങളാണെന്നത് ഇന്നൊരു പുതിയ കണ്ടുപിടിത്തമല്ല. അത്തരം പരീക്ഷണങ്ങളുടെ ആദ്യ പരമാചാര്യന്‍ ബെനിറ്റോ മുസോളിനി അത് പച്ചക്ക് പറഞ്ഞതാണ്. Fascism should more appropriately be called Corporatism because it is a merger of state and corporate power- എന്നായിരുന്നു ആ പ്രഖ്യാപനം. സ്‌റ്റേറ്റിന്റെയും കോര്‍പറേറ്റ് പവറിന്റെയും മേളനമാണ് ഫാഷിസം എന്ന്. ഫാഷിസമെന്ന് നാമിപ്പോള്‍ ഒരു പേരിടുന്നു എന്നേ ഉള്ളൂ. സംഗതി കോര്‍പറേറ്റിസമാണ്. ചങ്ങാത്ത മുതലാളിത്തമാണ്. ഇന്ത്യന്‍ ചരിത്ര കൗണ്‍സിലും ഉത്തര്‍പ്രദേശ് ‌സര്‍ക്കാരും ധൃതിപ്പെട്ട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രത്തെ തിരുത്തല്‍ എന്ന പ്രക്രിയ നമ്മള്‍ ലളിതമായി അങ്ങനെ മനസിലാക്കിക്കൂടാ. അത് മുസ്‌ലിം സാന്നിധ്യത്തെ, മുസ്‌ലിം പങ്കാളിത്തത്തെ, മുസ്‌ലിം സംസ്‌കൃതിയെ ഈ രാജ്യത്തിന്റെ മുഖ്യധാരാ ഓര്‍മകളില്‍ നിന്ന് മായ്ച്ചുകളയുക എന്ന മതയുക്തിയുടെ മാത്രം പ്രകാശനമല്ല. ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥയുടെ സമ്പൂര്‍ണ കോര്‍പറേറ്റുവല്‍കരണമാണ് നടക്കുന്നത്. അതിലേക്കുള്ള കാഴ്ചകള്‍ മറച്ചുപിടിക്കാനുള്ള പരിശ്രമം മാത്രമാണ് ഈ ചരിത്രത്തെ മായ്ക്കല്‍. അതില്‍ അവര്‍ വിജയിച്ചു എന്നാണ് കാണുന്നത്. അതിന്റെ ഫലമാണ് ചരിത്രം നല്ല നിലയില്‍ തീര്‍പ്പുകല്‍പിച്ച, കേരളത്തിന്റെ അത്ര പഴയതല്ലാത്ത ഓര്‍മയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന, മലബാര്‍ സമരത്തെ സംബന്ധിച്ച തമസ്‌കരണവും അതില്‍ത്തൂങ്ങി കേരളത്തില്‍ നടക്കുന്ന വാഗ്വാദങ്ങളും.
ഒരു വശത്ത് കോര്‍പറേറ്റിസത്തിന് വേണ്ടിയുള്ള വിറ്റൊഴിക്കല്‍ സജീവമാക്കുക, മറുവശത്ത് അതിനെതിരായ മുന്നേറ്റങ്ങളെ തടയാന്‍ വിഭജനത്തിന്റെ കുയുക്തി പ്രയോഗിക്കുക. കേന്ദ്രീകൃത അധികാരമാണ് കോര്‍പറേറ്റിസത്തിന് വലിയ കളമൊരുക്കുക. കഴിഞ്ഞ ഏഴുകൊല്ലമായി ഇന്ത്യന്‍ കോര്‍പറേറ്റിസം സര്‍ക്കാരിനുമേല്‍ ചെലുത്തുന്ന സമ്മർദം ഈ കേന്ദ്രീകരണത്തിന് ആക്കം കൂട്ടുവാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആന്തരികശക്തി പക്ഷേ, ഈ കേന്ദ്രീകരണത്തെ തടഞ്ഞുനിര്‍ത്താന്‍ വലിയതോതില്‍ പര്യാപ്തമായ ഒന്നാണ് താനും. ഭരണഘടനയും അത് ഉജ്വലമായി വിഭാവനം ചെയ്ത ഫെഡറലിസവുമാണ് അതില്‍ ഒന്നാമത്തേത്. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുക എന്ന പദ്ധതി രൂപപ്പെടുന്നത് അങ്ങനെയാണ്. രാജ്യമാകെ എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നാമം ഏകീകരിക്കാനുള്ള ഒരു “നിഷ്‌കളങ്ക’ ഉത്തരവ് അടുത്ത നാളുകളില്‍ പുറത്തുവന്നത് ശ്രദ്ധിച്ചുവോ? ശ്രദ്ധിച്ചു കാണില്ല. അതിനെക്കാള്‍ വലുതെന്ന് നമ്മെ വ്യാജമായി ധരിപ്പിച്ച അനേകം തര്‍ക്കങ്ങളുടെയും ആഘോഷങ്ങളുടെയും മധ്യേ ആയിരുന്നു അത്. Bharat എന്നതിന്റെ ആദ്യ രണ്ടക്ഷരമായ ബി എച്ചിലേക്ക് രാജ്യത്തെ വാഹനങ്ങള്‍ മാറുന്നു. ഇന്ത്യ എന്ന വിശാലാര്‍ഥമുള്ള, മതനിരപേക്ഷമായ, ദേശീയപ്രസ്ഥാനത്തിന്റെ ഓര്‍മകളുള്ള, നെഹ്‌റുവിയന്‍ സങ്കല്‍പനങ്ങളുടെ ഭൂതകാലമുള്ള ഒരു പേരാണല്ലോ ഇന്ത്യ. ഭാരതമാകട്ടെ കൃത്യമായി ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഒരു ഭൂതകാലത്തിന്റെ ഓര്‍മ വഹിക്കുന്ന നാമവും. ഇന്ത്യ ഭാരതമാവുന്നു എന്നതല്ല, മറിച്ച് സംസ്ഥാനങ്ങളുടെ ഐഡന്റിറ്റികളില്‍ ഒന്നിനെ നിസ്സാരമായി തകര്‍ക്കുന്നു എന്നതുമാണ് പ്രശ്‌നം. ആ പ്രശ്‌നം നമുക്ക് പക്ഷേ, ചര്‍ച്ച ആയില്ല. അതിനിടെ നമ്മുടെ പാഠ്യപദ്ധതികളില്‍ നിന്ന് ബഹുസ്വരതയുടെ വലിയ ആഖ്യാനങ്ങളെ പുറത്താക്കിയത് അറിഞ്ഞിരുന്നോ? അതും സംഭവിക്കുന്നുണ്ട്. ഇങ്ങനെ നാനാതരം രീതിയില്‍ ഒരു ക്രമാനുഗത ഫാഷിസം പിടിമുറുക്കുകയാണ്. അതുപക്ഷേ, ഹിന്ദുത്വ എന്ന മതയുക്തിക്കായുള്ള കളമൊരുക്കല്‍ അല്ല, മറിച്ച് നമ്മളാദ്യം പറഞ്ഞ കോര്‍പറേറ്റിസത്തിന് വഴിയൊരുക്കലാണ്. ഉത്തർ പ്രദേശില്‍ ഇന്ത്യന്‍ മുസ്‌ലിം സംസ്‌കൃതിയുടെ ഓര്‍മകള്‍ പേറുന്ന, ഒറ്റക്കേള്‍വിയില്‍ ഈ രാജ്യം സഞ്ചരിച്ച ബഹുസ്വര വഴികളെ അനുസ്മരിപ്പിക്കുന്ന സ്ഥലനാമങ്ങളെ ഒന്നൊന്നായി മാറ്റിയതും കണ്ടല്ലോ? ക്രമാനുഗത ഫാഷിസം എന്ന പ്രവണതയാണത്. സാധാരണനിലയില്‍ സമഗ്രാധിപത്യവും ഫാഷിസവും ഒരു ജനതയെ കീഴടക്കുന്നത് ആയുധബലത്താലും വിഭജനത്തിന്റെ മൂര്‍ച്ചയാലുമാണ്. ഇന്ത്യന്‍ ഫാഷിസമാകട്ടെ ജനാധിപത്യത്തിന്റെ ഒഴിവിടങ്ങളിലൂടെ ക്രമാനുഗതമായി വികസിക്കുകയും പിടിമുറുക്കുകയുമാണ്. അതിനാല്‍ ആണ് നാമതിനെ ക്രമാനുഗത ഫാഷിസമായി മനസിലാക്കണം എന്നുപറയുന്നത്. ക്രമാനുഗതത്വം എന്നത് അപകടം പിടിച്ച ഒരു പ്രയോഗമാണ്. അതില്‍ ഒരു ക്രമം ഉണ്ട്. ക്രമം എന്നത് സംഘടിതവും ശക്തവുമായ ഒരവസ്ഥയാണ്. ലംഘിക്കാന്‍, തകര്‍ക്കാന്‍ പ്രയാസമുള്ള ഒന്ന്. വ്യവസ്ഥയുടെ വാതിലുകളിലൂടെയാണ് അതു കടന്നുവരിക. ഇന്ത്യ ഒരു വ്യവസ്ഥാപിത ഫാഷിസത്തിലേക്കാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. മലബാര്‍ സമരം പോലെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമ്മോഹന ചരിത്രത്തിന്റെ ഭാഗമായ ഒന്നിനെ കലാപവും ഹിന്ദുകൂട്ടക്കൊലയും പിടിച്ചുപറിയുമായി എണ്ണാനുള്ള നീക്കവും ക്രമാനുഗത ഫാഷിസത്തിന്റെ പ്രയോഗമാണ്.

നമുക്കിനി മലബാര്‍ സമരത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ ഒന്നുമില്ല. അതിന്റെ നാനാതരം ആഖ്യാനങ്ങള്‍ വന്നു കഴിഞ്ഞതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഒരു രേഖീയ മുന്നേറ്റം ആയിരുന്നില്ല. നദികള്‍ കടലിലേക്ക് എന്നപോലെ അനേകധാരകള്‍ ദേശീയ പ്രസ്ഥാനമെന്ന മഹാസമുദ്രത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. അതില്‍ ബിര്‍സാ മുണ്ട പോലെയുള്ള ഗോത്രസാന്നിധ്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ആദിമ ജനത ബ്രിട്ടനെതിരെ ആയുധമെടുത്ത് നടത്തിയ വമ്പന്‍ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നു. എടുത്തുചാട്ടമെന്ന് പോലും തോന്നാവുന്ന ഒറ്റയാള്‍ സമരങ്ങള്‍ ഉണ്ടായിരുന്നു. ഭഗത് സിംഗ് ഉണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസും മലബാര്‍ സമരവും ഉണ്ടായിരുന്നു. ചരിത്രമറിയുന്നവര്‍ക്ക് സംശയങ്ങളില്ലാത്ത ഒരു കാര്യമാണ് ജനതയുടെ ഉണര്‍ച്ച എങ്ങനെയെല്ലാം സംഭവിക്കുന്നു എന്നത്. 1850 മുതല്‍ ബ്രിട്ടനെതിരെ വലിയ മുന്നേറ്റങ്ങള്‍, എല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ടവ, നടക്കുന്നുണ്ട്. അതില്‍ പലതും നേരിട്ട് ബ്രിട്ടനെതിരെ ആയിരുന്നോ എന്ന് ചോദിച്ചാല്‍ ചരിത്രം അല്ല എന്നുതന്നെയാണ് പറയുക. അത് കാര്‍ഷിക ചൂഷണങ്ങള്‍ക്കെതിരെ കൂടി ആയിരുന്നു. വിശാലമായ അര്‍ഥത്തില്‍ ലോകത്തിലെ മിക്കവാറും സ്വാതന്ത്ര്യസമരങ്ങള്‍ കാര്‍ഷിക സമരങ്ങളാണ്. ഇന്ത്യയിലേതാകട്ടെ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ കാര്‍ഷിക വിപ്ലവങ്ങള്‍ ആയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഗാന്ധി ഇന്ത്യയില്‍ ആദ്യം നടത്തിയ സത്യഗ്രഹം ചമ്പാരനിലായിരുന്നു എന്നത് മറക്കരുത്. ചമ്പാരനിലേത് സമ്പൂര്‍ണമായി ഒരു കര്‍ഷകസമരമായിരുന്നു. ബിഹാറിലായിരുന്നു ചമ്പാരന്‍. നീലം കൃഷിക്കാരുടെ നാട്. നീലം കൃഷിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമത്തിയ നികുതിക്കും നീലം കര്‍ഷകരുടെ കൃഷിയുടമസ്ഥതയ്ക്ക് നേരിട്ട വെല്ലുവിളിയുമായിരുന്നു ചമ്പാരനില്‍ സമരമുണ്ടാകാന്‍ കാരണം. അതുവരെ ബ്രിട്ടനെ പിന്തുണച്ചിരുന്നവരായിരുന്നു ചമ്പാരനിലെ സമ്പന്ന കര്‍ഷകര്‍. പക്ഷേ, തങ്ങളുടെ സ്വത്വമായ കൃഷി ബ്രിട്ടനാൽ തകര്‍ക്കപ്പെടുന്ന ഘട്ടത്തില്‍ അവര്‍ സമരമുഖത്തിറങ്ങി. കര്‍ഷകസമരമായിരുന്നു അത്. അക്കാലം നിങ്ങള്‍ക്കറിയാം ഇന്ത്യയില്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പം തിടം വെച്ച കാലമായിരുന്നു. രാജ്യവ്യാപകമായി മുന്നേറ്റങ്ങള്‍ നടക്കുന്നു. കോണ്‍ഗ്രസ് ആ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ട്. ചമ്പാരന്‍ സമരത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് ചമ്പാരനില്‍ നിന്നുള്ള സമരപ്രതിനിധി വരുന്നുണ്ട്. ചമ്പാരന് അനുകൂലമായ പ്രസ്താവന കോണ്‍ഗ്രസ് പുറപ്പെടുവിച്ചില്ല. അത് സ്വാതന്ത്ര്യസമരമായി കോണ്‍ഗ്രസ് കണ്ടില്ല. പക്ഷേ, ഒട്ടും യാദൃച്ഛികമല്ലാതെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിലേക്ക് വന്ന ആളാണല്ലോ ഗാന്ധി. പഠിച്ചിട്ടാണു വന്നത്. എങ്ങനെ ഈ സമരത്തെ മുന്നോട്ടുകൊണ്ടുപോകാം എന്ന ശക്തമായ ധാരണ ഗാന്ധിക്ക് ഉണ്ടായിരുന്നു. അടിസ്ഥാനപരമായി ബ്രിട്ടനെതിരില്‍ നടക്കുന്ന ഏതുസമരവും സ്വാതന്ത്ര്യത്തിനായുള്ള വിശാല മുന്നേറ്റമാണെന്ന് ഗാന്ധി കണ്ടു. ചമ്പാരനിലെ കര്‍ഷക മുന്നേറ്റം സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന് ഗാന്ധി മനസിലാക്കി. ആ സമരത്തിലേക്ക് ഗാന്ധി ചെന്നു. ഇന്ത്യയില്‍ ഗാന്ധിയുടെ ഉദയം സംഭവിച്ചു. 1917-ലായിരുന്നു അത്. മലബാര്‍ സമരത്തിന് നാലുവര്‍ഷം മുന്‍പ്. സമാനമായാണ് ഖിലാഫത് പ്രസ്ഥാനത്തെയും ഗാന്ധി കണ്ടത്. അതിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കത്തെ ഗാന്ധി തിരിച്ചറിഞ്ഞു.

ചമ്പാരനിലേതിന് സമാനമായി അതിശക്തമായ കാര്‍ഷിക ഉള്ളടക്കം ഉണ്ടായിരുന്നു മലബാര്‍ സമരത്തിനും ഖിലാഫത് മുന്നേറ്റത്തിനും. ബ്രിട്ടനോടും രാജവാഴ്ചയോടും കൂറുള്ളവര്‍ നടത്തിയ കാര്‍ഷിക അടിച്ചമര്‍ത്തലിനെതിരെ, ബ്രിട്ടന്റെയും രാജവാഴ്ചയുടെയും മറപറ്റി തിടം വെച്ച ജന്‍മിത്തത്തോടുള്ള പ്രതിഷേധമായാണ് മലബാറില്‍ സമരം ഉണ്ടാകുന്നത്. നിശ്ചയമായും സംഘര്‍ഷങ്ങളും കൊള്ളിവെക്കലുകളും ഏറ്റുമുട്ടലുകളും കൊലകളും സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ധാര മാത്രമായിരുന്നു അഹിംസ. 1930കള്‍ക്ക് ശേഷമാണ് അഹിംസ ഒരു പ്രയോഗമായി മാറുന്നത്. 1857-ല്‍ ഉള്‍പ്പടെ നടന്ന സമരങ്ങള്‍ അഹിംസാത്മകം ആയിരുന്നില്ല.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമുന്നേറ്റമാണെന്നും ഹിന്ദുക്കളെ മാപ്പിളമാര്‍ ഉന്മൂലനം ചെയ്തു എന്നുമുള്ള ഒരു ആഖ്യാനം ഇപ്പോള്‍ പ്രചാരത്തിലുണ്ട്. കേരളത്തില്‍ അതിന് തരക്കേടില്ലാത്ത വേരോട്ടവും ലഭിച്ചിട്ടുണ്ട്. 1921-ലെ മലബാര്‍ വിപ്ലവത്തിന്റെ ഒരു സാക്ഷിമൊഴി അശ്വമുഖത്തുനിന്ന് തന്നെ പുസ്തകരൂപത്തിലുണ്ട്. മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ. മലബാര്‍ സമര മുന്നേറ്റം ഹിന്ദു വിരുദ്ധമായിരുന്നു എന്ന തെറ്റായ ആഖ്യാനത്തിന് മോഴികുന്നത്തിന്റെ ആത്മകഥ മറുപടി നല്‍കുന്നുണ്ട്. തികഞ്ഞ കോണ്‍ഗ്രസാണല്ലോ കെ പി കേശവമേനോന്‍. സംഘപരിവാറിനും അദ്ദേഹത്തോട് വലിയ വിയോജിപ്പില്ല. മോഴികുന്നത്തിന്റെ പുസ്തകത്തിന് കെ പി കേശവമേനോന്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ വായിക്കാം: “ലഹള കഴിഞ്ഞിട്ട് ഇപ്പോള്‍ 44 കൊല്ലമായി. അതിന്റെ ഓര്‍മകള്‍ മിക്കതും മാഞ്ഞുതുടങ്ങി. ഈ ദീര്‍ഘകാലത്തിനിടയില്‍ മലബാര്‍ ലഹളയെപ്പറ്റി മൂന്നോ നാലോ പുസ്തകങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ലഹളയെപ്പറ്റി നമുക്കറിയേണ്ടതായ പല വസ്തുതകളും ഈ ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറവാന്‍ വയ്യ. വസ്തുനിഷ്ഠമായി ചരിത്രസംഭവങ്ങള്‍ വിവരിക്കുവാന്‍ കഴിവുള്ളവര്‍ തുലോം ചുരുക്കമാണ്-വസ്തുതകള്‍ ശരിയായി അവര്‍ക്ക് അറിയാന്‍ കഴിഞ്ഞാല്‍ തന്നെ. ഈ നിലക്ക് നോക്കുമ്പോള്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് രചിച്ചിട്ടുള്ള ഈ ഗ്രന്ഥം മലബാര്‍ ലഹളയെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ ഒരു സംഭാവനയാണ് എന്നുള്ളതിന് സംശയമില്ല. ലഹളക്ക് കാരണമായ സംഭവങ്ങള്‍ വിവരിക്കുന്നതില്‍, ഗ്രന്ഥകര്‍ത്താവ് സ്വാനുഭവത്തെയാണ് പ്രധാനമായും അടിസ്ഥാനമാക്കിയിരിക്കുന്നത്. തനിക്ക് അറിയാത്തതോ വിശ്വസിക്കാന്‍ പ്രയാസമായതോ ആയ സംഗതികള്‍ ഒന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുവാന്‍ മുതിര്‍ന്നിട്ടില്ല.-ജനുവരി 24 1965.”
അതായത് പുസ്തകരൂപത്തില്‍ നമുക്ക് മുന്നിലുള്ളത് ചരിത്രവസ്തുതയാണ്, അനുഭവസാക്ഷ്യമാണ്.

ഇനി മോഴികുന്നത്തിനെ വായിക്കാം: “”ഏറനാട് പല സാമുദായിക ലഹളകളും നടന്ന ദിക്കാണ്. അതുപോലെ ഒരു ലഹളയല്ല ഇത് എന്നും ഇതൊരു രാഷ്ട്രീയ വിപ്ലവമാണെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റുകൂടി അഭിപ്രായപ്പെട്ടതാണ്. ആ നിലക്കാണ് അവര്‍ അതിനെ കൈകാര്യം ചെയ്തതും അടിച്ചമര്‍ത്തിയതും. നാട്ടുകാര്‍ തമ്മില്‍ നടന്ന ലഹളകളില്‍ കാണിച്ച ഉപേക്ഷയല്ല അവര്‍ ഇവിടെ കാണിച്ചത്. ആഭ്യന്തര വിപ്ലവക്കാരോട് കാണിക്കുന്ന ഈര്‍ഷ്യയും ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യഭരണകാലത്ത് നാസി ഭടന്‍മാര്‍ രാഷ്ട്രീയത്തടവുകാരോട് കാണിച്ച കൊടും ക്രൂരതകളുമാണ് അവര്‍ ഇവിടെ പ്രകടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തെ തവിടുപൊടിയാക്കാനാണ് ഈ അവസരം അവര്‍ ഉപയോഗപ്പെടുത്തിയത്. സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.” ഇനി മലബാര്‍ സമരകാലത്തെ ഹിന്ദു-മുസ്‌ലിം ബന്ധത്തെക്കുറിച്ചാണ് സംശയമെങ്കില്‍ ഇതേ പുസ്തകത്തിലെ തൃശൂര്‍ ലഹള എന്ന അധ്യായത്തില്‍ അതിനുള്ള ഉത്തരമുണ്ട്.
ഇതൊന്നും അറിയാഞ്ഞോ തിരിയാഞ്ഞോ അല്ല വാരിയംകുന്നനെ പിടിച്ചുപറിക്കാരനും മലബാര്‍ സമരത്തെ കൊള്ളയും ആക്കുന്നത്. വാര്‍ഷികങ്ങള്‍ ഇനിയും വരുമല്ലോ? കാരണം ദേശീയ പ്രസ്ഥാനത്തിന്റെ ഉജ്ജ്വലസന്ദര്‍ഭങ്ങള്‍ ഓരോന്നോരോന്നായി ശതാബ്ദിയെ പുല്‍കുകയാണ്. ക്വിറ്റ് ഇന്ത്യയും ഉപ്പുസത്യാഗ്രഹവുമുള്‍പ്പടെ. ക്വിറ്റ് ഇന്ത്യയെ കൂടെച്ചേര്‍ത്ത് ഗാന്ധിയെ മായ്ച്ചുകളയില്ല എന്നാരു കണ്ടു. സ്വാതന്ത്ര്യോത്സവത്തിന്റെ ആദ്യ പോസ്റ്ററില്‍ നിന്ന് നെഹ്‌റുപോയതും സവര്‍ക്കര്‍ വന്നതും കണ്ടല്ലോ? ആരൊക്കെ മാഞ്ഞുപോകാനിരിക്കുന്നു. വാരിയന്‍കുന്നനെപ്പോലെ? പക്ഷേ, സര്‍ക്കാര്‍ വിലാസം ഗസറ്റല്ലല്ലോ സര്‍, ചരിത്രം?

കെ കെ ജോഷി

You must be logged in to post a comment Login