മലബാർ ചരിത്രം വായനയിലെ സങ്കീർണതകളും ദുർഘടങ്ങളും

മലബാർ ചരിത്രം  വായനയിലെ സങ്കീർണതകളും ദുർഘടങ്ങളും

“”ഏതൊരു സമൂഹത്തിലും, സമൂഹം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം മറച്ചുവെക്കാന്‍ താല്പര്യപ്പെടുന്നത് ആ സമൂഹത്തിലെ മേധാവി വര്‍ഗമായിരിക്കും. അതുകൊണ്ടുതന്നെ സത്യസന്ധമായ അപഗ്രഥനങ്ങള്‍ക്കു മിക്കപ്പോഴും വസ്തുനിഷ്ഠമായ പ്രസ്താവങ്ങള്‍ എന്നതിനെക്കാള്‍ വെളിപ്പെടുത്തലുകളെ പോലെ തോന്നിക്കുന്ന ഒരു വിമര്‍ശനാത്മക സ്വഭാവം ഉണ്ടായേതീരൂ… മനുഷ്യസമൂഹത്തെക്കുറിച്ച് പഠിക്കുന്നവര്‍ എല്ലാം ചരിത്രപ്രക്രിയയില്‍ ഇരകളാക്കപ്പെടുന്നവരോടുള്ള അനുകമ്പയെയും “വിജയ’മവകാശപ്പെടുന്നവരെക്കുറിച്ചുള്ള സന്ദേഹങ്ങളെയും അവരുടെ പഠനപ്രക്രിയക്കുതകുന്ന ഉപകരണങ്ങളാക്കുകയാണ് വേണ്ടത്!”1
ചരിത്രപഠനത്തെ പോലെത്തന്നെയാണ് ചരിത്രവായനയും. നിത്യജീവിതത്തില്‍ നമുക്കു ചെന്നെത്താന്‍ കഴിയാത്ത ഒരു ഭൂതകാലത്തിലേക്കുള്ള സഞ്ചാരമാണത്. പോവുന്ന വഴികളിലോ ചെന്നെത്തുന്ന ഇടങ്ങളിലോ നമ്മുടെ അന്വേഷണങ്ങള്‍ കേള്‍ക്കാനോ അവയ്ക്കുത്തരം നല്കാനോ ജീവനുള്ള ആരും തന്നെയുണ്ടാവില്ല. ജീവനില്ലാത്ത യാഥാര്‍ത്ഥ്യങ്ങളുമായിട്ടാണ് നമുക്കു സംവദിക്കേണ്ടിവരിക. അതുകൊണ്ടുതന്നെ നമ്മുടെ വിഭാവനകള്‍ കൊണ്ട് ഈ കുറവു നികത്തേണ്ടതായും വരും. ജീവനില്ലാത്ത യാഥാര്‍ത്ഥ്യമാണ് ചരിത്രം. അതേസമയം ജീവനുള്ള യാഥാര്‍ത്ഥ്യമായ ചരിത്രവായനക്കാരന് അദ്ദേഹം വിഷയമാക്കുന്ന പ്രത്യേക ചരിത്രഭാഗങ്ങളെക്കുറിച്ച് സാമാന്യജ്ഞാനവും മുന്‍വിധികളുമുണ്ടായിരിക്കും. ചുരുങ്ങിയപക്ഷം ചില ധാരണകളെങ്കിലും വായനക്കാരന്റെ ഉള്ളില്‍ മുന്‍കൂറായി ശേഖരിക്കപ്പെട്ടിരിക്കും. അതില്ലാത്തപക്ഷം സാധാരണഗതിയില്‍ ആരും ചരിത്രം വായിക്കാന്‍ തയാറാവില്ല. വര്‍ത്തമാനകാലത്ത് ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്ന ചരിത്രപുരുഷന്മാരെയും സംഭവങ്ങളെയും ആസ്പദമാക്കിയാണ് ഇത്തരം ധാരണകള്‍ രൂപീകരിക്കപ്പെടുന്നത്. വര്‍ത്തമാനകാലത്തെ കീഴടക്കണമെങ്കില്‍ ചരിത്രത്തെയും കീഴടക്കണമെന്ന ഭരണകൂടത്തിന്റെയും ഭരണവര്‍ഗങ്ങളുടെയും രാഷ്ട്രീയാവശ്യം ശക്തമാവുമ്പോള്‍ അവര്‍ കുഴിമാടങ്ങള്‍ തോണ്ടാന്‍ തുടങ്ങും. ഭരണവര്‍ഗങ്ങളുടെ അടിച്ചമര്‍ത്തല്‍ അതിരുകടക്കാന്‍ തുടങ്ങുമ്പോള്‍ ചെറുത്തുനില്പിന്റെ ശക്തികള്‍ അവരുടെ മണ്‍മറഞ്ഞ ചരിത്രപുരുഷന്മാരെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കും. മലബാര്‍സമരചരിത്രം ഇത്തരത്തിലുള്ള ഒരു സംഘര്‍ഷത്തിന്റെ സമകാലികതയിലാണ് നമ്മള്‍ പുനര്‍വായിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വായനയിലെ ജാഗ്രതയും സൂക്ഷ്മതയും അനിവാര്യമായിത്തീര്‍ന്നിട്ടുണ്ട്.
നൂറുകൊല്ലം പിന്നിട്ട ഒരു സമരചരിത്രത്തെയും അതിന്റെ സംഭവബഹുലമായ നാള്‍വഴികളെയും അതില്‍ ഭാഗഭാക്കായ മനുഷ്യരെയും വര്‍ത്തമാനകാലത്തിരുന്നുകൊണ്ട് നോക്കിക്കാണുന്നത് ഒരു വെറുംകാഴ്ചയായി തോന്നാനിടയില്ലാത്ത വണ്ണം 1921ലെ സമരചരിത്രം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നൂറുകൊല്ലം മുമ്പുതന്നെ വിവാദവിഷയമായിരുന്ന വാദഗതികള്‍ അന്നത്തെക്കാള്‍ തീവ്രതയോടെയാണ് ഇന്ന് പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്നത്. മലബാറിലെ മാപ്പിളകര്‍ഷകര്‍ നടത്തിയ സായുധമുന്നേറ്റം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് 1921-22 കാലത്ത് ഉന്നയിക്കപ്പെട്ട വാദം ഒരുകൂട്ടര്‍ ഇപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മാപ്പിളമാരുടെ വര്‍ഗീയതയും ഹിന്ദുവിരോധവുമാണ് കലാപമായി പടര്‍ന്നുപിടിച്ചത് എന്നാണിക്കൂട്ടരുടെ വീക്ഷണം. മലബാര്‍സമരം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മാപ്പിളകുടിയാന്മാരും തൊഴിലാളികളും നടത്തിയ ഐതിഹാസിക പോരാട്ടമാണെന്ന് മറുപക്ഷവും വാദിക്കുന്നു. 1921-22 കാലത്ത് ഇതിലാദ്യത്തെ പക്ഷത്തിനായിരുന്നു മേല്‍ക്കൈ. ചരിത്രമെഴുത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ ചിലര്‍ ഹിന്ദുക്കളുടെ ജീവനാശം, നിര്‍ബന്ധിത മതംമാറ്റം എന്നീ കുറ്റകൃത്യങ്ങളാരോപിച്ച് മാപ്പിളമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ അത് പില്ക്കാലത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കലാപാനന്തരം രചിച്ചെടുത്ത ആദ്യത്തെ ചരിത്ര വിവരണത്തിന്റെ കര്‍ത്താവ് കോണ്‍ഗ്രസ് നേതാവായ മാധവന്‍ നായരായിരുന്നു.

മാധവന്‍ നായരുടെ “മലബാര്‍ കലാപ’ത്തിലാണ് മലബാര്‍സമരത്തിന്റെ നേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള, അദ്ദേഹത്തെ നേരിട്ടുകണ്ട ഒരാളുടെ വിവരണങ്ങള്‍ ലഭിക്കുന്നത്(മാതൃഭൂമി എഡിഷന്‍ 2020). “മലബാര്‍ കലാപം’ എന്ന കൃതി പ്രസിദ്ധീകരിക്കപ്പട്ടത് മാധവന്‍ നായരുടെ മരണാനന്തരം 1971ല്‍ ആണെങ്കിലും കലാപം അവസാനിച്ച ഉടന്‍തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങള്‍ അതില്‍ കടന്നുവന്നുവെന്ന സഹപ്രവര്‍ത്തകരുടെ ആരോപണം കാരണമാണ് അത് നിര്‍ത്തിവെക്കപ്പെട്ടത്.2
“”കെ മാധവന്‍ നായരുടെ ലേഖനപരമ്പരയിലെ അക്ഷന്തവ്യമായ ചരിത്രാബദ്ധങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അക്കാലത്ത് തന്നെ ഇ കെ മൗലവി സാഹിബ്, കെ എം സീതി സാഹിബ് മുതലായവര്‍ ചില വിയോജനക്കുറിപ്പുകള്‍ മാതൃഭൂമി, അല്‍അമീന്‍ മുതലായ പത്രങ്ങളില്‍ എഴുതിയിരുന്നു.” മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പത്‌നി അത് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതിനുശേഷം സഹപ്രവര്‍ത്തകനായിരുന്ന ഇ മൊയ്തുമൗലവി “ചരിത്രചിന്തകള്‍’ എന്ന ലഘുഗ്രന്ഥത്തിലും അതിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. നേരിട്ട് അറിയാത്ത കാര്യങ്ങളെക്കുറിച്ച് അബദ്ധങ്ങള്‍ പറയുന്നതില്‍ മാധവന്‍ നായര്‍ വിദഗ്ധനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചില അസത്യപ്രസ്താവങ്ങളില്‍നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. പ്രൊഫ. എം പി എസ് മേനോന്‍ ഇതിന് ഉദാഹരണമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്: “എം പി നാരായണ മേനോന്റെ ഭാര്യവീട്ടുകാരെപ്പോലും’ വെറുതെ വിട്ടില്ല എന്ന് 1921 ആഗസ്ത് 20-21 തിയ്യതികളില്‍ തിരൂരങ്ങാടിയില്‍ നടന്ന അക്രമസംഭവങ്ങളെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ മാധവന്‍ നായര്‍ പറഞ്ഞത് അസംബന്ധമാണെന്നദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട്. മാപ്പിളമാര്‍ ഹിന്ദുവിരുദ്ധരായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത മാധവന്‍ നായരുടെ “മലബാര്‍ കലാപത്തില്‍’ പലയിടത്തും മറനീക്കി പുറത്തുവന്നിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം അദ്ദേഹം വിവരിച്ച ചരിത്രസംഭവങ്ങളെയോ അദ്ദേഹത്തിന്റെ പുസ്തകത്തെയോ നിരാകരിക്കാന്‍ ഒരു കാരണമാകുന്നില്ല. മലബാര്‍ കലാപകാലത്ത് ജീവിച്ചിരിക്കുകയും ഖിലാഫത്ത്- നിസ്സഹകരണ സമരത്തിന് നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി അതിന്റെ ഭാഗമാവുകയും ചെയ്ത ഒരു വ്യക്തിയുടെ വിവരണങ്ങള്‍ ചരിത്രവായനയെ സംബന്ധിച്ച് സുപ്രധാനം തന്നെയാണ്. ചരിത്രപണ്ഡിതരിപ്പോഴും മാധവന്‍ നായരുടെ “മലബാര്‍ കലാപ’ത്തെ ഒരു ചരിത്ര രേഖയായി സ്വീകരിക്കുന്നതും വിശകലനവിധേയമാക്കുന്നതും അതുകൊണ്ടാണ്.

ഏതു ചരിത്രപുസ്തകമെടുത്താലും അതില്‍ രചയിതാവിന്റെ ഭാവനകളുടെ സാന്നിധ്യമുണ്ടായിരിക്കും. ലഭ്യമായ വസ്തുതകളെ അവയുടെ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിനാണ് ചരിത്രകാരനും ചരിത്രവായനക്കാരനും ശ്രദ്ധിക്കേണ്ടത്. സ്വന്തം ഭാവനകളെയും ഈയര്‍ഥത്തില്‍ പുനര്‍വായിക്കാനാവണം. ചരിത്രം എന്നു പറയുന്നതിനെ നമുക്ക് മുമ്പ് ജീവിച്ചവരുടെ ജീവിതകഥ മാത്രമായി കാണാനാവില്ല. അവര്‍ ജീവിച്ചിരുന്ന സമൂഹങ്ങള്‍ക്കുള്ളിലെ സംസര്‍ഗ ബന്ധങ്ങളുടെയും അതിനെ രൂപകല്പന ചെയ്ത സാമ്പത്തിക- സാംസ്‌കാരിക- രാഷ്ട്രീയ ഘടകങ്ങളുടെയും മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും സമൂഹമാക്കുകയും ചെയ്യുന്ന വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഇവയ്ക്കിടയിലെല്ലാം അനിവാര്യമായും സംഭവ്യമായ ഇടര്‍ച്ചകളുടെയും ഇണക്കങ്ങളുടെയും കഥ കൂടിയാണത്. ഓരോ കാലഘട്ടത്തിലെയും മനുഷ്യന്റെ ചിന്തയും സ്വഭാവവുമെല്ലാം ഇതിന്റെയെല്ലാം ആകെത്തുകയുടെ നേരിട്ടോ, അല്ലാതെയോ ഉള്ള പ്രകാശനങ്ങളാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ കാലുകുത്തുന്നതിനുമുമ്പ് ജീവിച്ചിരുന്ന മാപ്പിളസമൂഹത്തിന്റെ സ്വഭാവമല്ല പോര്‍ച്ചുഗീസുകാരുടെ കാലത്തും അതിനുശേഷവും ജീവിച്ചവര്‍ക്കുണ്ടായിരുന്നത്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദീനില്‍ വിവരിച്ച ചരിത്രകാലഘട്ടത്തില്‍ മാപ്പിളമാരുടെ സംരക്ഷകരായിരുന്നു പ്രാദേശിക ഭരണാധികാരിയായിരുന്ന സാമൂതിരിമാര്‍. അന്ന് കല്ലും മരവും ഉപയോഗിച്ച് നിര്‍മിച്ച മുസ്‌ലിം പള്ളിയുടെ മേല്‍ക്കൂരകളില്‍ ഓടുമേയുവാന്‍ അവകാശമുണ്ടായിരുന്നു.3

ക്രിസ്ത്യന്‍പള്ളികള്‍ക്കും ജൂതപള്ളികള്‍ക്കും മുസ്‌ലിംപള്ളികള്‍ക്കും മേല്‍ക്കൂരയില്‍ ഓടുമേയുവാനുള്ള അവകാശം നല്‍കുന്നത് അവരുടെ യോഗ്യതയുടെ അംഗീകാരം മാത്രമല്ല, അതിനേക്കാളേറെ ഈ സമുദായങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും പ്രോത്സാഹനം നല്‍കുന്നതിന്റെ പ്രത്യക്ഷരൂപമായിട്ടുകൂടിയാണ് മനസിലാക്കേണ്ടത്. (പണവും പ്രതാപവും ഉള്ളവര്‍ക്കുപോലും ഈ അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണിതെന്നോര്‍ക്കണം).4 അന്നത്തെ പള്ളിയല്ല ഇന്നത്തെ പള്ളി. കല്ലും മരവും ഓടും മാറി ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി. കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന അതേ ആര്‍ക്കിടെക്ചര്‍ തന്നെയാണ് പള്ളിയുടെ നിര്‍മാണത്തിലും. പണ്ട് പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മോന്തായങ്ങളും നിര്‍മാണവിദ്യയും തമ്മില്‍ വലിയ വ്യത്യാസം തോന്നിയിരുന്നില്ല. നഗരവത്കരണം സൃഷ്ടിക്കുന്ന സാംസ്‌കാരിക പരിണാമങ്ങള്‍ക്ക് വ്യക്തിയും സമൂഹവും വശംവദമാവും. ഇങ്ങനെ മലബാര്‍ മാപ്പിളയുടെ സ്വഭാവരൂപീകരണത്തിന്റെയും രൂപാന്തരത്തിന്റെയും കൂടി ചരിത്രപശ്ചാതലങ്ങളിലേക്കും ചരിത്രവായനക്കാരന്‍ കണ്ണോടിക്കേണ്ടതുണ്ട്.
മലബാര്‍സമരത്തിന്റെ ചരിത്രവായനയുടെ പരിസരവും പഠനവും അത്യന്തം സങ്കീര്‍ണവും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമാണ്. മാപ്പിളമാരെ, പ്രത്യേകിച്ചും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അധിവസിച്ചിരുന്ന കുടിയാന്മാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമായിരുന്നവരെ മതഭ്രാന്തരായിട്ടാണ് ചരിത്രപഠനങ്ങളില്‍ സ്ഥാപിച്ചുവെച്ചിട്ടുള്ളത്. അക്രമം നടത്തുമ്പോള്‍ “നോര്‍മല്‍’ ആവുകയും അക്രമം നടത്താതിരിക്കുമ്പോള്‍ ‘അബ്‌നോര്‍മല്‍’ ആവുകയും ചെയ്യുന്ന രോഗാതുരമനസ്സാണ് മാപ്പിളമാര്‍ക്കിവര്‍ കല്പിച്ചുകൊടുത്തിട്ടുള്ളത്. “മതഭ്രാന്ത് പ്രദേശം'(Fanatic zone) എന്നാണ് സമരം കത്തിപ്പടര്‍ന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളെ കോണ്‍റാഡ്‌വുഡും വിശേഷിപ്പിക്കുന്നത്.5
സ്റ്റീഫന്‍ ഡെയ്‌ലിന്റെ6 സിദ്ധാന്തപ്രകാരം മാപ്പിളപോരാളികളെ ആദ്യാന്തം സ്വാധീനിച്ചത് “മതപരമായ ആത്മഹത്യാ പ്രവണത’യാണ്. മതഭ്രാന്തും മതവിശ്വാസവും അഭിന്നമാണ് എന്നാണ് ഡെയ്ൽ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. 1921ലെ ആദ്യത്തെ പ്രമുഖമായ ഏറ്റുമുട്ടല്‍ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിലും അവസാനത്തെ ഏറ്റുമുട്ടലായ പാണ്ടിക്കാട് യുദ്ധത്തിലും ഈ ആത്മഹത്യാപ്രവണതയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് സ്റ്റീഫന്‍ ഡെയ്‌ലിന്റെ വാദം.
“മാപ്പിളമാരുടെ മതാവേശത്തെ പലപ്പോഴും വര്‍ഗീയതയുമായി സമീകരിക്കുന്ന ചിന്തയാണ് മലബാര്‍ കലാപത്തെക്കുറിച്ചുള്ള മിക്ക ആധുനിക ചര്‍ച്ചകളെയും ദുഷിപ്പിക്കുന്നത്’ എന്ന എം ഗംഗാധരന്റെ നിരീക്ഷണവും7 കലാപകാരികളുടെ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതില്‍ മതസ്വാധീനവും പങ്കുവഹിച്ചു എന്ന കെ എന്‍ പണിക്കരുടെ8 നിഗമനവും ഇതില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവയാണ്.

ബ്രിട്ടീഷുഭരണം സംരക്ഷിച്ചുപോരുന്ന മര്‍ദനാത്മകമായ കാര്‍ഷിക ബന്ധങ്ങള്‍ക്കു കീഴില്‍ കഷ്ടപ്പെട്ടതുകൊണ്ടുമാത്രമല്ല കലാപം പൊട്ടിപ്പുറപ്പെട്ടത്. ആലിമുസ്‌ലിയാരെപോലെയുള്ള ആളുകളാല്‍ നയിക്കപ്പെട്ട തീവ്രവാദികളെന്ന് വിളിക്കാവുന്ന മാപ്പിളമാര്‍, ഏറ്റവും ചുരുങ്ങിയത് അവരില്‍ ഒരു വിഭാഗമെങ്കിലും ഈ ഭരണസമ്പ്രദായത്തെ ആവശ്യമാണെങ്കില്‍ അക്രമമുപയോഗിച്ചുപോലും എതിര്‍ക്കുകയും ഇസ്‌ലാമിക ആശയങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെട്ടുപോകുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കരുതുകയും ചെയ്തുകൊണ്ടുകൂടിയാണ് മലബാര്‍ സമരം ഉണ്ടായത് എന്നാണ് എം ഗംഗാധരന്‍ വിലയിരുത്തുന്നത്.

തുടക്കം മുതലേ കലാപക്കാര്‍ ഒത്തുകൂടലിന് പള്ളികളെ ഉപയോഗിച്ചതിനെയും പോരാട്ട വേളകളില്‍ തക്ബീര്‍ മുഴക്കിയതിനെയും തന്റെ വാദത്തിന് ഉപോല്‍ബലകമായി അദ്ദേഹം ഉപയോഗിക്കുന്നു. ചരിത്രകാരന്റെ യുക്തിബോധവും ഭാവനയും സംയോജിക്കുമ്പോഴാണ് ഇത്തരം നിഗമനങ്ങളിലെത്തിച്ചേരാന്‍ സാധിക്കുന്നത്. അതേപോലെത്തന്നെ വായനക്കാരനും സ്വന്തം യുക്തിബോധത്തെയും ഭാവനയെയും ഉപയുക്തമാക്കാവുന്നതാണ്. ഒരു ചരിത്രകാരന്റെ അനുമാനങ്ങളെ സാമാന്യവത്കരിക്കാനുതകുന്ന മറ്റനുമാനങ്ങളും പരിശോധിക്കാവുന്നതാണ്. അത്തരം വിശദമായ പരിശോധനകളിലൂടെ ന്യായനിര്‍ണയം നടത്തുകയും നിര്‍ദിഷ്ട സന്ദര്‍ഭങ്ങളില്‍നിന്ന് ഏറ്റവും യുക്തമായത് നിര്‍ദ്ധരിക്കുകയും ചെയ്യാവുന്നതാണ്.
ഉദാഹരണമായി “മാപ്പിള കലാപകാരികള്‍ ചുമതലയായി’ കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള മറ്റൊരു നിരീക്ഷണം നോക്കുക. കോണ്‍ഗ്രസ് നേതാവും കര്‍ഷക കുടിയാന്‍ സംഘത്തിന്റെ പ്രധാന സംഘാടകനുമായിരുന്ന എം പി നാരായണ മേനോനുമായി (കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരായിരുന്നു അന്ന് ഈ സംഘടനാപ്രവര്‍ത്തനത്തില്‍ നാരായണ മേനോനൊപ്പം ഉണ്ടായിരുന്നത്) അദ്ദേഹത്തിന്റെ അനന്തരവനായ പ്രഫ: എം പി എസ് മേനോന്‍9 നടത്തിയ അഭിമുഖത്തില്‍ ഗാന്ധിയുടെ കോഴിക്കോട് പ്രസംഗത്തെക്കുറിച്ച് പറയുന്ന ഒരു പരാമര്‍ശമുണ്ട്. 1920ലാണ് ഈ പ്രസംഗം. ഖിലാഫത്ത് സമരത്തെക്കുറിച്ചാണ് ഗാന്ധിയുടെ പരാമര്‍ശം. “”മുസല്‍മാന്മാര്‍ക്ക് ഖുര്‍ആന്‍ പറഞ്ഞ പ്രത്യേക ഉത്തരവാദിത്വമുണ്ട്. അതില്‍ ഹിന്ദുക്കള്‍ ചേര്‍ന്നുകൊള്ളണമെന്നില്ല. അതിനാല്‍ അഹിംസാപരമായ നിസ്സഹകരണം കൊണ്ട് ഖിലാഫത്ത് പ്രസ്ഥാനം വിജയിക്കുന്നില്ലെങ്കില്‍ മുസല്‍മാന്മാര്‍ ഇസ്‌ലാമിലെ പണ്ഡിതന്മാര്‍ കാണിച്ചുകൊടുക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും അവരുപദേശിക്കുന്ന ഏതുവിധ സമരത്തിലും ചേര്‍ന്ന് അവരുടെ മതത്തിനേറ്റ അപമാനത്തെ തുടച്ചുനീക്കാനും ബാധ്യസ്ഥരാണ്.” ഇതായിരുന്നു ഗാന്ധിയുടെ ആഹ്വാനം. ആ യോഗത്തില്‍ ചുരുങ്ങിയത് ഇരുപതിനായിരത്തോളം മാപ്പിളമാര്‍ പങ്കെടുത്തിരുന്നു. ഇതേ കാര്യം ഇ എം എസും അദ്ദേഹത്തിന്റെ “ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ പ്രസംഗം ഗാന്ധി കോഴിക്കോട്ടു വെച്ച് നടത്തിയതല്ല, മറിച്ച് 1920 മാര്‍ച്ച് 19ന് ബോംബെയിലെ ഖിലാഫത്ത് കമ്മിറ്റി മീറ്റിങ്ങില്‍ വെച്ച് ചെയ്തതാണ് എന്നാണ് എം പി എസ് മേനോന്‍ സൂചിപ്പിക്കുന്നത്.10 ഏതായാലും ആഹ്വാനം സ്വാഭാവികമായും മലബാറിലും എത്തിയിരിക്കണം എന്ന കാര്യം ഉറപ്പാണ്. ഇതിനെക്കുറിച്ച് മൊയാരത്ത് ശങ്കരന്റെ ആത്മകഥയിലും ചില പരാമര്‍ശങ്ങളുണ്ട്. 1931ല്‍ ബല്ലാരി കേമ്പ് ജയിലില്‍ വാരിയന്‍കുന്നന്റെ ചില അനുയായികളില്‍നിന്ന് കിട്ടിയ വിവരമാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ പങ്കുവെക്കുന്നത്.11 ”ഏറനാട്ടിലെ ഖിലാഫത്ത് നേതാക്കള്‍ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ അക്രമരാഹിത്യവും ഒരു താല്കാലിക രാഷ്ട്രീയ നയമാണെന്നു കരുതി ഖിലാഫത്തുകാര്‍ ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ സമരം പ്രഖ്യാപിക്കുമ്പോള്‍ വിചാരിച്ചത്, രണ്ടു താലൂക്കുകള്‍ തങ്ങള്‍ പിടിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും രാജ്യസ്വാതന്ത്ര്യം പരമ സായൂജ്യമായിക്കരുതുന്ന കേരള സംസ്ഥാന കമ്മിറ്റി കൂടി അതിനെത്തുടര്‍ന്ന് സമരപ്രഖ്യാപനം ചെയ്യുമെന്നായിരുന്നു. കേരളം മുഴുവന്‍ ഒരുമിച്ചു സമരത്തിനിറങ്ങിയാല്‍ ഗവണ്മെന്റ് സന്ധിക്ക് വഴങ്ങുന്നതായിരിക്കുമെന്നും വഴങ്ങാത്തപക്ഷം മറ്റു സംസ്ഥാനങ്ങള്‍ സമരം പ്രഖ്യാപിക്കുമെന്നുമായിരുന്നു അവര്‍ യുക്തിപൂര്‍വം ധരിച്ചുവെച്ചത്. മലയാളത്തിന്റെ മാതൃക പിടിച്ച് ഇന്ത്യ മുഴുവന്‍ യുദ്ധത്തിനിറങ്ങുന്നതായാല്‍ വിദേശാധിപത്യത്തെ ഇന്ത്യയില്‍നിന്നും മഹാത്മജിയുടെ പ്രതിജ്ഞാനുസരണം 1921 ഡിസംബര്‍ ഒന്നാം തിയ്യതിക്ക് മുമ്പായി പുറത്താക്കാന്‍ കഴിയുമെന്നും ഗാന്ധിയും കോണ്‍ഗ്രസും അക്രമരാഹിത്യത്തെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാള്‍ വിലമതിക്കില്ലെന്നുമായിരുന്നു അവരുടെയും മറ്റുള്ളവരുടെയും വിചാരം.”

ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഒരു വര്‍ഷം കൊണ്ട് സ്വാതന്ത്ര്യം നേടിയെടുക്കാമെന്നായിരുന്നു ഗാന്ധിയുടെ വാഗ്ദാനം എന്നത് പരമയാഥാര്‍ത്ഥ്യമാണ്.
ഇതില്‍ പറയുന്ന ചില വസ്തുതകളോട് ഒത്തുപോവുന്ന ഒരു സംഭവംകൂടി മറ്റൊരു ചരിത്രകാരന്റെ വിവരണത്തിലൂടെ നമുക്കു വായിക്കാവുന്നതാണ്. പള്ളികള്‍ ഖിലാഫത്ത് പ്രവര്‍ത്തകരുടെ ഒത്തുചേരല്‍സ്ഥലമായി മാറിയതിനെക്കുറിച്ചുള്ള എം ഗംഗാധരന്റെ നിഗമനത്തെയും പുനഃപരിശോധിക്കാവുന്നതാണ്.

1921 മാര്‍ച്ച് 30ന് കോഴിക്കോട് താലൂക്കിലെ കിഴക്കുത്ത് അംശത്തില്‍(Kizhakkot) വെച്ചു നടന്ന ഒരു ഖിലാഫത്ത് മീറ്റിങ്ങിനെക്കുറിച്ച് കോണ്‍റാഡ്‌വുഡും സൂചിപ്പിക്കുന്നുണ്ട്.12 അന്നവിടെ ഒരു ഖിലാഫത്ത് യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ടെ ഒരു വക്കീല്‍ഗുമസ്തനായ ഒരു നായര്‍ യുവാവാണ് ഇതിന് മുന്‍കൈയെടുത്തത്. വാഴക്കാടുള്ള ഒരു മുസ്‌ലിയാരായിരുന്നു പ്രധാന പ്രസംഗകന്‍. പാടത്തു വെച്ചാണ് യോഗം. പക്ഷേ, സ്ഥലത്തെ ജന്മിയെ പേടിച്ച് അധികമാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അങ്ങനെ യോഗം അടുത്തദിവസം പള്ളിയില്‍ കൂടാന്‍ തീരുമാനിച്ചു. പള്ളി പുതിയ വേദിയായി തിരഞ്ഞെടുക്കാന്‍ കാരണം ആരാധനാലയമെന്ന നിലക്ക് ജന്മിയുടെ ഗുണ്ടകള്‍ വന്നു യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കില്ല എന്ന വിശ്വാസത്തിലാണെന്നും പള്ളിക്കങ്ങനെയൊരു പവിത്രതയുള്ളതുകൊണ്ട് അത് യോഗത്തിനൊരു സംരക്ഷണകവചത്തിന്റെ ധര്‍മമാണ് നിര്‍വഹിച്ചതെന്നുമാണ് കോണ്‍റാഡ് വുഡിന്റെ നിഗമനം. അടുത്തദിവസം യോഗം കൂടിയപ്പോള്‍ സ്ഥലത്തെ നായര്‍ ജന്മിയുടെ ആള്‍ക്കാര്‍ പള്ളിയുടെ പുറത്തുവന്നുനിന്ന് യോഗത്തില്‍ പ്രസംഗിച്ചുനിന്ന മുസ്‌ലിയാരോട് ചോദ്യം ചോദിക്കാന്‍ തുടങ്ങി.

ബ്രിട്ടീഷുകാരില്‍നിന്ന് സ്വരാജ് നേടുന്നതിന്റെ തിയ്യതിയടക്കം പറഞ്ഞുകൊണ്ട് മുസ്‌ലിയാര്‍ പ്രസംഗിച്ചപ്പോഴാണ് പുറത്തുനിന്നിരുന്ന ജന്മിയുടെ ആള്‍ക്കാര്‍ മുസ്‌ലിയാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. മുസ്‌ലിയാര്‍ മറുപടി പറയാതിരിക്കുകയും യോഗത്തില്‍ പങ്കെടുത്ത ആളുകള്‍ പുറത്തു നിന്നിരുന്ന ജന്മിയുടെ സില്‍ബന്ധികളുമായി സംഘര്‍ഷമാവുകയും ചെയ്തു. ഒമ്പതുപേര്‍ക്ക് പരിക്കുപറ്റി.

പള്ളിക്കുള്ളില്‍ കയറി ആരും അക്രമം നടത്തില്ലെന്ന് വിചാരിക്കാന്‍ മാപ്പിളമാര്‍ക്ക് ഉള്‍പ്രേരണ നല്കുന്ന ഒരു സാമൂഹ്യഘടകം അക്കാലത്ത് സജീവമായിരുന്നുവെന്ന് ഇതില്‍ നിന്നനുമാനിക്കാവുന്നതാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ആഴത്തിലുള്ള മതസ്പര്‍ധ അക്കാലത്ത് നിലവിലില്ലായിരുന്നുവെന്നതിന്റെ സൂചനകൂടിയാണിത്. ഈ വിവരണം കോണ്‍റാഡ്‌വുഡ് ഹിച്ച് കോക്കിന്റെ ചരിത്രരചനയില്‍നിന്നാണ് എടുത്തുദ്ധരിക്കുന്നത്.13 ഹിച്ച് കോക്കിന്റെ വിവരണങ്ങളില്‍ അദ്ദേഹം സൂചിപ്പിക്കുന്ന ചില വസ്തുതകള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ഖിലാഫത്ത് യോഗം പള്ളിയിലേക്ക് മാറ്റിയതോടെ മാപ്പിളമാര്‍ യോഗത്തിന്റെ പ്രധാന സംഘാടകനായ വക്കീല്‍ ഗുമസ്തന്‍ നായരെ പള്ളിയില്‍ കേറ്റാതെ പുറത്തുനിര്‍ത്തിയെന്നാണ് അതിലൊന്ന്. (“പന്നൂര്‍ പള്ളിയില്‍ കൂടിയ യോഗത്തില്‍ നിന്ന് നായര്‍ സംഘാടകനെ ഒഴിവാക്കി’).

“”വാഴക്കാട്ടെ മുസ്‌ലിയാര്‍ കോടതികള്‍ ബഹിഷ്‌കരിക്കാനും നികുതി നിഷേധിക്കാനും പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിനെ സാധാരണപോലെ ഭര്‍ത്സിക്കാനും തുടങ്ങി. നിശ്ചിത തിയ്യതിയില്‍ സ്വരാജ് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു. ആ സമയം പുറത്തുനില്‍ക്കുന്ന ഹിന്ദുക്കളിലൊരാള്‍ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു. അതിനുത്തരം കിട്ടാതായപ്പോള്‍ “പിന്നെ നീ നായയെപ്പോലെ ഇങ്ങനെ കുരച്ചുകൊണ്ടിരിക്കുന്നതെന്താ’ണെന്ന് ചോദിച്ചു. ഇതുകേട്ട് “മാപ്പിളമാര്‍ ക്രുദ്ധരായി കത്തിയും വടികളുമായി അക്രമിച്ചു.’ ഇങ്ങനെയാണ് ഹിച്ച് കോക്കിന്റെ വിവരണം. ആ രാത്രി മാപ്പിളമാര്‍ കള്ളക്കഥ മെനഞ്ഞു. പള്ളി മലിനമാക്കിയെന്നും അതിനു പകരം വീട്ടണമെന്നും പ്രചരിപ്പിച്ചു. അടുത്ത ദിവസം സ്ഥലത്തെ സ്ഥാനം ദാര്‍ (ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പ്രാദേശികനിയമ പാലനം നടത്തുന്ന വ്യക്തി) ആയ മറുവീട്ടില്‍ നാരായണന്‍ നായര്‍ സംഘര്‍ഷമുണ്ടാക്കിയവരെ സന്ധിയാക്കാന്‍ വിളിപ്പിച്ചു. പ്രശ്‌നമൊന്നുമുണ്ടാക്കില്ലെന്ന് പറഞ്ഞുപോയവര്‍ തിരികെ ആളെക്കൂട്ടിവന്ന് നായരുടെ സ്വത്തുവകകള്‍ നശിപ്പിച്ചു. അമ്പതോളം മാപ്പിളമാര്‍ക്കെതിരെ കേസെടുത്തു ശിക്ഷിച്ചു എന്നാണ് ഹിച്ച് കോക്കിന്റെ ഭാഷ്യം. ഇതില്‍ നായര്‍ഗുമസ്തനെ പള്ളിയില്‍ കയറ്റാന്‍ വിസമ്മതിച്ചുവെന്ന പ്രസ്താവത്തെ ഖിലാഫത്ത് കാലത്ത് പള്ളികളില്‍നടന്ന മറ്റൊരു യോഗവുമായി താരതമ്യം ചെയ്യാവുന്നതാണ്. നെല്ലിക്കുത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ വാരിയന്‍കുന്നനും ചെമ്പ്രശ്ശേരി തങ്ങളും എം പി നാരായണമേനോനുമെല്ലാം പങ്കെടുത്തതായി മറ്റു ചരിത്രവിവരണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മാപ്പിളമാര്‍ നായരെ ആക്രമിച്ചത് അയാള്‍ നായര്‍ പ്രമാണി ആയതുകൊണ്ടല്ല, ഗവണ്‍മെന്റിന്റെ പ്രതിനിധി എന്ന നിലക്കാണ് എന്ന അനുമാനത്തിനാണ് ഹിച്ച് കോക്കിന്റെ വിവരണത്തെ അടിസ്ഥാനമാക്കി കോണ്‍റാഡ്‌വുഡും മുന്‍ഗണന നല്‍കുന്നത്. ഇങ്ങനെ ഭരണകൂടത്തിന്റെ ഭാഷ്യവും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടവരുടെ ഭാഷ്യവും പ്രൊഫഷണല്‍ ചരിത്രകാരന്മാരുടെ ഭാഷ്യവുമെല്ലാം വായനക്കാരന്റെ മുമ്പില്‍ വരുമ്പോള്‍ ഇതിലേതാണ് സ്വീകരിക്കേണ്ടത്, തിരസ്‌കരിക്കേണ്ടത് എന്ന ധര്‍മസങ്കടത്തില്‍നിന്ന് വായനയെ മുന്നോട്ടുകൊണ്ടുപോവുകയെന്നത് ശ്രമകരം തന്നെയാണ്.

ചരിത്രയാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയെന്നത് ഒട്ടും അസാധാരണമല്ലെന്ന് മാത്രമല്ല, ഏറെക്കുറെ അനായാസം ചെയ്യാവുന്ന ഒരു ബൗദ്ധിക കുറ്റകൃത്യം കൂടിയാണ്. മരിച്ചു മണ്ണടിഞ്ഞവര്‍ ആരോടും പകതീര്‍ക്കാനോ പകരം വീട്ടാനോ തിരിച്ചുവരാന്‍ പോകുന്നില്ല എന്നതുകൊണ്ട് മലബാര്‍ സമരത്തെ കുറിച്ചും സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച മാപ്പിളപോരാളികളെക്കുറിച്ചും അങ്ങനെ പല കള്ളക്കഥകളും കലാപാനന്തരം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, കൊള്ള, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യല്‍ തുടങ്ങിയവയെല്ലാം അന്നും ഇന്നും ധാരാളം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മലബാര്‍ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ താല്പര്യമുള്ളവരാണ് ഇന്ന് അതിന്റെ മുന്‍പന്തിയില്‍. മൊയാരത്ത് ശങ്കരന്റെ14 ആത്മകഥയില്‍ ഇത്തരം ചില കള്ളക്കഥകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. വെള്ളപ്പട്ടാളത്തിന്റെ ഒറ്റുകാര്‍ എന്ന തലക്കെട്ടില്‍ അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്ന ചില സംഭവങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. “”പൊലീസിന്റെ ഭാഗം ചേര്‍ന്ന് ഖിലാഫത്തുകാരോട് പൊരുതിയ പ്രമാണികളില്‍ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.” ലഹളക്കാരോടെതിര്‍ത്ത് ഞാന്‍ യുദ്ധം ചെയ്തതിന് ഗവണ്മെന്റ് എനിക്ക് തന്ന മാനമുദ്രയും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്ന ഒരു വലിയ കായികാഭ്യാസിയായ മമ്മതുഗുരുക്കളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. 1941ല്‍ ബല്ലാരി ജയിലിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പറ്റിയ പരിക്കുകള്‍ കാരണം മൊയാരത്തിനെ പിന്നീട് ജയില്‍മോചിതനായതിനു ശേഷം ഒരു വര്‍ഷക്കാലം ഈ ഗുരുക്കള്‍ ചികിത്സിച്ചിരുന്നു. “”ഇടത്തെ കയ്യില്‍ ഖുര്‍ആന്‍ പുസ്തകവും വലത്തെ കയ്യില്‍ വാളും പിടിച്ച് ദീന്‍ വേണോ, തല വേണോ” എന്നുചോദിച്ച് മതം മാറ്റിയതും തലയറുത്തതും പത്തും ഇരുപതും പേരെ ഒരുമിച്ച് പിടിച്ചു കിണറ്റിന്‍കരയില്‍ “കുളിപ്പിക്കാന്‍’ എന്നുപറഞ്ഞ് കൊണ്ടുപോയി തലവെട്ടിയതും അഞ്ചാം പത്തിക്കാരായ മുസ്‌ലിം കൊള്ളക്കാരായിരുന്നു.14

അങ്ങനെ ലഹള നടത്താന്‍ കളക്ടര്‍ തോമസ് ഒന്നാമതായി ഏറനാട്ടു മാപ്പിളമാരെ രണ്ടു ചേരികളാക്കി പിരിച്ച് തമ്മിലടിപ്പിച്ചു. പൊലീസുകാര്‍ അഞ്ചാം പത്തിക്കാരായ മാപ്പിളമാരെക്കൊണ്ട് നാടു കൊള്ളയടിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന ഹിന്ദുക്കളെ പട്ടാളത്തിന് സഹായത്തിന് നിറുത്തിയതായിരുന്നു രണ്ടാമത്തെ അടവ്.
മൊയാരത്ത് ശങ്കരന്റെ ആത്മകഥനവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിച്ച കാര്യവും പരസ്പരം ഒത്തുപോവുന്നുണ്ട്. ഇത്തരം അതിക്രമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുമൊന്നും ഖിലാഫത്തുകാരല്ല, ബ്രിട്ടീഷ് ഏജന്റുമാരാണ് നടത്തുന്നതെന്ന് ആ കത്തില്‍ ഹാജിയാര്‍ വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. കെ മാധവന്‍ നായരും കെ പി കേശവമേനോനുമെല്ലാം15 ബ്രിട്ടീഷുകാര്‍ മാപ്പിളമാര്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളാണ് മലബാര്‍ മാപ്പിളമാരെ കുത്തിയിളക്കിയത് എന്ന് വ്യക്തമായിത്തന്നെ പ്രതിപാദിക്കുന്നുണ്ടെങ്കിലും കലാപത്തിന്റെ അന്ത്യഘട്ടത്തില്‍ ആളിക്കത്തിയ വര്‍ഗീയ അക്രമങ്ങളെയാണ് അവര്‍ മലബാര്‍ സമരത്തിന്റെ മുഖമുദ്രയായി കണ്ടത്. അതേസമയം അന്നത്തെ സാഹചര്യത്തില്‍ അവര്‍ പര്‍വതീകരിച്ചു പറഞ്ഞ കാര്യങ്ങളുടെ യഥാര്‍ത്ഥ വസ്തുതയെന്താണെന്ന സൂക്ഷ്മാന്വേഷണത്തിന്റെ അഭാവം ഇത്തരം പ്രസ്താവങ്ങളിലെല്ലാം പ്രകടമായിരുന്നുതാനും. അത്തരം പരിമിതികളെ പര്‍വതീകരിക്കുന്നതിനുപകരം അന്നത്തെ സാമൂഹ്യമേധാവികളുടെ രാഷ്ട്രീയമായ മുന്‍ഗണനകളെന്തായിരുന്നുവെന്നും അവര്‍ മറച്ചുവെക്കാനാഗ്രഹിച്ച വസ്തുതകളെന്തായിരുന്നുവെന്നും വസ്തുനിഷ്ഠമായി മനസിലാക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് ചരിത്രവായന ഒരു ചരിത്രപ്രവൃത്തിയായി മാറുന്നത്.
മലബാര്‍ മാപ്പിളമാര്‍ നടത്തിയ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ ഒടുക്കം ഗാന്ധിപോലും തള്ളിപ്പറഞ്ഞു. ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഖിലാഫത് -നിസ്സഹകരണ പ്രസ്ഥാനം ദേശീയപ്രസ്ഥാനത്തിനുള്ളിലെ സവര്‍ണഹിന്ദു ഭരണവര്‍ഗങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങളെയും മുന്‍ഗണനകളെയും നേതൃത്വത്തിനുള്ളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിന്റെ കൂടി ഭാഗമായിരുന്നു. നിസ്സഹകരണസമരങ്ങളില്‍ പങ്കെടുത്തവരെ ഗാന്ധിയുടെ കീഴിലുള്ള ഉപകരാറുകാര്‍ എന്നാണ് ജൂഡിത് ബ്രൗണ്‍16 വിശേഷിപ്പിക്കുന്നത്. ബ്രൗണിന്റെ ഈ വീക്ഷണത്തെ ഇര്‍ഫാന്‍ ഹബീബ് തള്ളിക്കളയുന്നു. ദേശീയപ്രസ്ഥാനം വിപുലമാക്കുന്നതിന് ഹിന്ദു- മുസ്‌ലിം വര്‍ഗീയതകളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല എന്നതായിരുന്നു ഗാന്ധിയുടെ സമീപനം എന്ന മറുവാദമാണ് ഇര്‍ഫാന്‍ ഹബീബ് ഉന്നയിക്കുന്നത്. (ഗാന്ധിയും ദേശീയപ്രസ്ഥാനവും മുതല്‍ സോഷ്യലിസത്തെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തം വരെ: ചിന്ത പബ്ലിഷേഴ്‌സ്). മലബാറിലെ മാപ്പിളസമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും മാപ്പിളമാരെ പ്രകോപിതരാക്കിയ സാമ്പത്തിക -രാഷ്ട്രീയഘടകങ്ങളെ കുറിച്ചും വില്യം ലോഗന്‍ നടത്തിയ ചരിത്രപഠനം17 മാപ്പിള മലബാര്‍ പഠനങ്ങളുടെ മികച്ച വിഭവസ്രോതസ്സാണ്.(പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ചുള്ള, പ്രതിഭാശാലിയായ ഈ ഉദ്യോഗസ്ഥന്റെ വിജ്ഞാനസമാഹാരം അക്കാലത്തെ മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തില്‍ വിലപ്പെട്ട വിഭവസ്രോതസ്സാണ് എന്ന് റോളണ്ട് ഇ മില്ലര്‍ 1976ല്‍ പ്രസിദ്ധീകരിച്ച “മാപ്പിള മുസ്‌ലിംകള്‍’ എന്ന പുസ്തകത്തില്‍ കുറിപ്പായി ചേര്‍ത്തിട്ടുണ്ട്.18 (മലയാളം പരിഭാഷ, പേജ് 337, കുറിപ്പ് നമ്പര്‍ 1). മാപ്പിളമാരുടെ കൊടിയദാരിദ്ര്യത്തിന്റെ ഉത്പന്നമാണ് “മതഭ്രാന്ത്’എന്ന ലോഗന്റെ വിശകലനത്തെ എം ടി അന്‍സാരി വിമര്‍ശനവിധേയമാക്കുന്നുണ്ട്19. മലബാര്‍ ചരിത്രപഠനങ്ങള്‍ ഇത്തരത്തില്‍ ഉള്ള വിമര്‍ശനാത്മക വായനയിലെ കീഴാള ചരിത്ര പഠനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. വിമര്‍ശനാത്മകമായ വായനയിലൂടെ മാത്രമേ അമര്‍ന്നുകിടക്കുന്നതും നിശ്ശബ്ദമാക്കപ്പെട്ടതുമായ യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും പുറത്തുകൊണ്ടുവരാനാവുകയുള്ളൂ.

റഫറന്‍സ്
1. Robert L. Hardgrave, Jr: Malabar Rebellion 1921 (Essay), Barrington Moore നെ ഉദ്ധരിച്ചത്.
2. കെ കെ മുഹമ്മദ് അബ്ദുല്‍കരീം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. Page: 27. (2006)
3. Sebastian R. Prange- Mansoon Islam Page: 131 (2018)
4. Michael E. Smith: V. Gorden Childe And urban Revolution (2009)
5. Conrad wood: The Moplah Rebellion and its genesis. Chapter-3 Page: 125-139 (1987)
6. Stephen Frederic Dale: Mappilas Of Malabar. 1498-1922 Page: 207. (1980)
7. എം ഗംഗാധരന്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. Page: 84. (2020)
8. കെ എന്‍ പണിക്കര്‍: മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ. Page: 256. (2004)
9. പ്രൊഫസര്‍ എം പി എസ് മേനോന്‍: മലബാര്‍ സമരം: എം പി നാരായണ മേനോനും സഹപ്രവര്‍ത്തകരും Page: 58. (1992)
10. അതേ പുസ്തകത്തിലെ കുറിപ്പ് 17, ടെണ്ടുല്‍ക്കറുടെ “മഹാത്മാ’ ഒന്നാം വോള്യം പേജ് 348
11. മൊയാരത്ത് ശങ്കരന്‍: ആത്മകഥ Page: 118 (2014മാതൃഭൂമി എഡിഷന്‍)
12. Conradwood: അതേപുസ്തകം Page: 151
13. R.H. Hitchcock: Peasant Revolt in Malabar 1925 Source: Modern Asian Studies Vol. 11, No. 1, (1977) Page 57-99. Page: 25 (2019 എഡിഷന്‍)
14. മൊയാരത്ത് ശങ്കരന്‍: ആത്മകഥ Page: 113/114 (2014 മാതൃഭൂമി എഡിഷന്‍)
15. കെ പി കേശവമേനോന്‍: കഴിഞ്ഞകാലം.
16. Judith M. Brown: Gandhi’s Rise to power. (1971)
17. വില്യം ലോഗന്റെ മലബാര്‍ മാന്വല്‍.
18. റോളണ്ട് മില്ലര്‍: മാപ്പിള മുസ്‌ലിംകള്‍. അദര്‍ബുക്‌സിന്റെ മലയാള പരിഭാഷ(2013)
19. MT Ansari: Islam and Nationalism in India (2016)

സി കെ അബ്ദുൽ അസീസ്

You must be logged in to post a comment Login