വെട്ടിമാറ്റപ്പെടാത്ത ഓർമകൾ

വെട്ടിമാറ്റപ്പെടാത്ത ഓർമകൾ

അബുവോക്കർ: മലപ്പുറം ജില്ലയിലെ ഏറനാട് ഊർങ്ങാട്ടിരി അംശം സ്വദേശി. ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾക്കും ചൂഷകജന്മിമാർക്കും എതിരെ 1921ൽ നടന്ന മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെട്ടു. നിസഹകരണ ഖിലാഫത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രസ്തുത പോരാട്ടം. 1922 ജൂൺ 6നാണ് അദ്ദേഹം തടവിലാക്കപ്പെട്ടത്. മഞ്ചേരി സബ് ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞു. ക്രൂരമായ പൊലീസ് പീഡനം, ജയിലിനകത്തെ തടവുകാരുടെ ബാഹുല്യം, വൃത്തിഹീനമായ ചുറ്റുപാടുകൾ, ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവ് എന്നീ കാരണങ്ങളെ തുടർന്നുണ്ടായ ന്യൂമോണിയ ആയിരുന്നു മരണ കാരണം. 1922 ജൂൺ 21ന് ഇരുപത്തിയാറാം വയസിലായിരുന്നു മരണം.

അബ്ദുൽ ഹാജി: മലബാറുകാരനായിരുന്നെങ്കിലും കൃത്യമായ പ്രദേശം അറിയപ്പെട്ടിട്ടില്ല. ഖിലാഫത് പ്രസ്ഥാനത്തിലെ സ്വാധീനശക്തിയുള്ള നേതാക്കളിലൊരാളും എം പി നാരായണ മേനോന്റെ അടുത്ത സുഹൃത്തുമായിരുന്നു. മലബാർ റിബല്യന്റെ ഭാഗമായി തന്റെ ഗ്രാമത്തിൽ നടന്ന സായുധ ഏറ്റുമുട്ടലിൽ ബ്രിട്ടീഷുകാരോട് പോരാടി. 1921 ആഗസ്ത് 21ന് ആരംഭിച്ച വിപ്ലവം ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലേക്ക് വ്യാപിക്കുകയും അവിടങ്ങളിൽ പട്ടാളനിയമം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. സൈന്യവും കർഷകരും തമ്മിലുള്ള സംഘട്ടനത്തിനിടയിലായിരുന്നു രക്തസാക്ഷിയായത്.

അബൂബക്കർ: വള്ളുവനാട് താലൂക്കിലെ കടന്നമണ്ണക്കാരൻ. പിതാവ് കുന്നുമ്മൽ മൊയ്തീൻ കുട്ടി. ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ സ്വദേശത്തുണ്ടായ പോരാട്ടത്തിൽ പങ്കാളിയായി. 1921 ഡിസംബർ 9ന് മങ്കട കോവിലകത്തിന് സമീപത്ത് പട്ടാളത്തോടേറ്റുമുട്ടി പതിനാല് മാപ്പിളമാർ കൊല്ലപ്പെട്ടിരുന്നു. അന്നേദിവസം വെടിയേറ്റാണ് അബൂബക്കറിന് ജീവൻ നഷ്ടമായത്.

അഹ്മദ്കുട്ടി: മലപ്പുറം ജില്ലക്കാരൻ. 1921ൽ കസ്റ്റഡിയിലെടുക്കപ്പെട്ടു. വിചാരണത്തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അതേവർഷം ഡിസംബർ നാലാം തീയതി നാലുമണിക്ക് ജയിലിൽ തടവുകാരുടെ പ്രക്ഷോഭം അരങ്ങേറി. ഭക്ഷണത്തിനുവേണ്ടി തടവുകാരെ സെല്ലുകൾക്ക് പുറത്തേക്ക് വിട്ടപ്പോഴായിരുന്നു അത്. സമരക്കാരെ നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ തലയോട്ടിക്ക് വെടിയേറ്റു. അന്നുതന്നെ മരണപ്പെടുകയും ചെയ്തു.

അഹ്മദ് കുട്ടി: മലപ്പുറം ജില്ലക്കാരൻ. ഖിലാഫത് സമരാനനന്തരം തടവിലാക്കപ്പെട്ടു. മലബാർ സ്പെഷ്യൽ ട്രിബ്യൂണൽ തൂക്കുകയർ വിധിച്ചു. 1922 ഫെബ്രുവരി 18ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

കുന്നുമ്മൽ അഹ്മദ്കുട്ടി: വള്ളുവനാട് താലൂക്ക് കടന്നമണ്ണ സ്വദേശി. പിതാവ് കുന്നുമ്മൽ മൊയ്തീൻ കുട്ടി. ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ സ്വദേശത്തുണ്ടായ പോരാട്ടത്തിൽ പങ്കെടുക്കവേ വെടിയേറ്റാണ് അഹ്മദ് കുട്ടി മരിച്ചത്.

കൂത്രനാടൻ അഹ്മദ് കുട്ടി: പൂക്കോട്ടൂരിലെ കുടിയാനായിരുന്ന കൂത്രനാടൻ അസീസിന്റെ മകൻ. ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുമായി സ്വന്തം ഗ്രാമത്തിൽ നടന്ന സായുധസമരത്തിൽ പങ്കാളിയായി. ജനകീയ ഖിലാഫത് നേതാവായിരുന്ന വടക്കേവീട്ടിൽ മമ്മദുവിന്റെ അറസ്റ്റായിരുന്നു അക്രമാസക്തമായ ഈ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നിലമ്പൂർ കോവിലകത്തെ തോക്ക് മോഷ്ടിച്ചുവെന്ന വ്യാജ ആരോപണമാണ് ജന്മിമാർ അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. രോഷാകുലരായ കർഷകർ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജന്മിമാർ പരിഭ്രാന്തരാവുകയും രക്ഷക്കായി ബ്രിട്ടീഷ് ജില്ലാഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. ഉടൻ അധികാരികൾ മാപ്പിളപോരാളികളെ നേരിടാൻ കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് നൂറ്റിയിരുപത്തഞ്ചംഗ സൈന്യത്തെ അയച്ചു. തുടർന്ന് 1921 ആഗസ്ത് 26ന് സായുധരായ സൈന്യവും അർധ സായുധരായ കർഷകരും പൂക്കോട്ടൂരിൽവെച്ച് യുദ്ധം നടന്നു. ജില്ലാമജിസ്ട്രേറ്റിന്റെ കണക്കുപ്രകാരം ഏകദേശം നാനൂറ് മാപ്പിളമാരാണ് അന്ന് വീരമൃത്യു വരിച്ചത്. അന്നേ ദിവസം ബ്രിട്ടീഷ് വെടിവെപ്പിൽ മരണപ്പെട്ട കർഷകരിലൊരാളായിരുന്നു അഹമ്മദ് കുട്ടി.

അക്കരവീട്ടിൽ എന്ന അപരനാമമുള്ള കടന്നപ്പള്ളി അച്യുതൻ നായർ: ഏറനാട് താലൂക്ക് തൃക്കലങ്ങോട് അംശം നിവാസി. പാട്ടവ്യവസ്ഥയിൽ കൃഷി ഉപജീവനം നടത്തിയിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾക്കും ചൂഷകജന്മിമാർക്കും എതിരെ 1921ൽ നടന്ന മലബാർ വിപ്ലവവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിനുശേഷം 1921 നവംബർ 19ന് നൂറ് മാപ്പിള റിബലുകൾക്കൊപ്പം അദ്ദേഹത്തെയും വായുസഞ്ചാരമില്ലാത്ത ചരക്കുവാഗണിൽ തിരൂരിൽ നിന്ന് കോയമ്പത്തൂരിന് സമീപമുള്ള പോത്തന്നൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ട്രയിൻ പോത്തന്നൂർ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് ജയിലിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ തടവുകാരുണ്ടെന്ന വിവരം ലഭിക്കുന്നത്. അവർ തടവുകാരെ തിരികെ കൊണ്ടുപോവാൻ ഉത്തരവിട്ടു. മടക്കയാത്രാവേളയിൽ വാഗണിലെ തടവുപുള്ളികളെ പരിശോധിച്ചപ്പോൾ സ്തോഭജനകമായ ദൃശ്യമാണ് അവർക്ക് കാണാൻ സാധിച്ചത്. അമ്പത്തിയാറ് പേർ ശ്വാസം മുട്ടി മരിച്ചിരിക്കുന്നു. ശേഷം ആറുപേർ കോയമ്പത്തൂർ ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേയും എട്ടുപേർ ഹോസ്പിറ്റലിൽ വെച്ചും മരണപ്പെട്ടു. അപ്രകാരം മരണനിരക്ക് എഴുപതായി ഉയർന്നു. പോത്തന്നൂർ ബ്ലാക്ക് ഹോൾ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ വാഗൺ കൂട്ടക്കൊലയുടെ ഇരകളിൽ ഒരാളാണ് അച്യുതൻ നായർ.

ആലന്ദാദൻ അഹ്മദ്: ഏറനാട് താലൂക്ക് പൂക്കോട്ടൂർ അംശത്തിലെ ഒരു കുടിയാൻ കർഷകൻ. ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് 1921 ആഗസ്ത് 26ന് മരണപ്പെട്ടു.

അലി ഹസ്സൻ: ഏറനാട് താലൂക്ക് പൂക്കോട്ടൂർ അംശത്തിലെ പാട്ട കർഷകൻ. ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് 1921 ആഗസ്ത് 26ന് മരണപ്പെട്ടു.

ഉമൈർ ബുഖാരി

(തുടരും)

You must be logged in to post a comment Login