ചരിത്രത്തിലില്ലാത്ത മഹത്വം പാഠപുസ്തകത്തിലെന്തിന്?

ചരിത്രത്തിലില്ലാത്ത മഹത്വം പാഠപുസ്തകത്തിലെന്തിന്?

സത്യാനന്തരം എന്ന വാക്ക് ഇപ്പോള്‍ സര്‍വസാധാരണയായി നാം പ്രയോഗിക്കാറുണ്ട്. 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു വര്‍ഷത്തിന്റെ പദമായി(Word of the year) ആ വാക്കിനെ തിരഞ്ഞെടുത്തതോടു കൂടിയാണ് ജനശ്രദ്ധ നേടുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ റാല്‍ഫ് കെയസ് 2004 ല്‍ “സത്യാനന്തരകാലം’ (The post – Truth Age) എന്ന ശീര്‍ഷകത്തില്‍ പുസ്തകം എഴുതിയപ്പോള്‍ ആ വാക്കിനു കൂടുതല്‍ പ്രചാരം സിദ്ധിച്ചു. നുണകള്‍ തെറ്റാണെന്ന പഴയ നിലപാടില്‍ നിന്ന് അവ ചില സാഹചര്യങ്ങളില്‍ ശരിയാണെന്നു മാത്രമല്ല സ്വീകാര്യവും കൂടിയാണെന്ന നിലപാടിലേക്ക് സമൂഹം മാറിക്കഴിഞ്ഞതോടെയാണ് സത്യാനന്തരകാലം ആരംഭിച്ചതെന്നാണ് കെയസ് നിരീക്ഷിക്കുന്നത്.

വസ്തുതകള്‍ക്കും യാഥാര്‍ത്ഥ്യത്തിനും മുകളില്‍ മറ്റു പലതിനും മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭത്തെയാണ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു സത്യാനന്തരം എന്നു വിവരിക്കുന്നത്. വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന പഴയരീതിയില്‍ നിന്ന് മാറി സത്യവും അസത്യവും കൂട്ടിക്കുഴച്ച് പല അലങ്കാരങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുന്ന വ്യത്യസ്തമായ സ്ഥിതിവിശേഷമാണിത്. വളച്ചൊടിച്ച വസ്തുതകളെയും അതിനു മുകളില്‍ പടുത്തുയര്‍ത്തിയ വാദഗതികളെയും ശരിയായ വസ്തുതകള്‍ മുന്‍നിറുത്തി തിരുത്താം. അത്തരം ആശയങ്ങളെ തുറന്നുകാട്ടാം. സത്യാനന്തര കാലത്ത് സംഭവിക്കുന്നത് സത്യത്തെയും അസത്യത്തെയും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പാകത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിക്കലാണ്. വസ്തുതകളും സ്ഥിതിവിവരക്കണക്കുകളുമെല്ലാം അത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും പുറന്തള്ളപ്പെടും. അവിടെ ആഴത്തിലുള്ള അറിവും നല്ല വിശകലന ശേഷിയുമുള്ളവര്‍ക്കു മാത്രമാണ് സത്യമെന്താണെന്ന് കണ്ടെത്താന്‍ കഴിയുക.
സത്യാനന്തര കാലത്തെക്കുറിച്ച് ഇങ്ങനെയൊരു ആമുഖം അവതരിപ്പിച്ചത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രണ്ടാം വര്‍ഷ എം എ അറബിക് വിദ്യാർത്ഥികൾക്കുള്ള “ഹിസ്റ്ററി ഓഫ് കണ്ടമ്പററി അറബിക് വേള്‍ഡ്’ പഠന സാമഗ്രിയില്‍ വന്ന സലഫി -വഹാബി- മൂവ്‌മെന്റ് സ്ഥാപകന്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ മഹത്വവത്കരിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന പാഠഭാഗങ്ങളെ കുറിച്ച് പറയാനാണ്. ഇസ്‌ലാമിക ലോകം മുഴുവന്‍ ക്രൂരനായ മതവികലവാദി എന്നു മുദ്രചാര്‍ത്തിയ ഒരു വ്യക്തിയെയാണ് സമര്‍ഥമായി വെളുപ്പിച്ചെടുക്കാന്‍ പുസ്തകം പാടുപെടുന്നത്. സത്യാനന്തരത്തിന്റെ എല്ലാ ചേരുവകളും പുതിയ നരേഷനില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.

മതപരിഷ്‌കരണമെന്ന പുറന്തോടണിഞ്ഞ് തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയെ കലര്‍പ്പില്ലാത്ത ഇസ്‌ലാമിന്റെ വക്താവായി അവതരിപ്പിക്കുന്നതിലെ വൈരുധ്യമൊന്ന് ആലോചിച്ചു നോക്കുക. വഹാബിസം എന്നത് പുതിയതായി രൂപപ്പെട്ട മറ്റൊരു സംഘടനയല്ലെന്നും ഇസ്‌ലാമിന്റെ തനിപകര്‍പ്പാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. എത്ര അപഹാസ്യമാണ് ഈ അവകാശവാദം. ഇസ്‌ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മതവികല പ്രസ്ഥാനങ്ങളില്‍ മാരകമായ ഒന്നു മാത്രമാണ് വഹാബിസം എന്ന് അറിയാത്തവര്‍ ആരാണ്? ഇബ്‌നു അബ്ദുല്‍ വഹാബിനെ നവോത്ഥാന നായകനായും ചിത്രീകരിക്കുന്നുണ്ട്. നവോത്ഥാനത്തിനു പകരം നശീകരണം മാത്രം നടത്തിയ വ്യക്തിയെ അങ്ങനെയെല്ലാം മഹത്വവത്കരിക്കുന്നത് ചരിത്രത്തെ ചിത്രവധം ചെയ്യലാണ്. ശൈഖ് സൈനീ ദഹ്്ലാനെ പോലെയുള്ള ഹറമൈനിയുടെ ആധികാരിക ചരിത്രകാരന്മാരെല്ലാം ഇബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ തേരോട്ടങ്ങളുടെ കഥ വിവരിച്ചിട്ടുണ്ട്. മുല കുടിക്കുന്ന കുട്ടികളെ പോലും ഉമ്മയുടെ മാറത്തുനിന്ന് വേര്‍പെടുത്തി വധിച്ചതുപോലെയുള്ള ഒട്ടേറെ വേട്ടകളാണ് സൗദി അറേബ്യയില്‍ ഇബ്‌നു അബ്ദുല്‍ വഹാബും സംഘവും നടത്തിയതെന്ന് അദ്ദേഹം സവിസ്തരം പറയുന്നുണ്ട്. അങ്ങനെ ഒരു വ്യക്തിയെയാണ് വ്യാജ അലങ്കാരങ്ങള്‍ നല്‍കി മഹത്വപ്പെടുത്തി അവതരിപ്പിക്കുന്നത്. പരാമര്‍ശിത പുസ്തകത്തിന്റെ 203 മുതല്‍ 206 വരെയുള്ള പേജുകള്‍ ഈ വഹാബിസം ചര്‍ച്ച ചെയ്യാനാണ് നീക്കിവെച്ചിട്ടുള്ളത്. “റസൂലിനെയും ഔലിയാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും മുസ്‌ലിംകളെ കാഫിര്‍ ആക്കുന്നുവെന്നും അവരെ വധിക്കാമെന്നുമെല്ലാം വഹാബികള്‍ക്ക് വാദമുണ്ടെന്ന പ്രചാരണമുണ്ടെന്നും അത് തെറ്റായ പ്രചാരണമാണെന്നും സമൂഹത്തില്‍ ഭിന്നതയും പ്രശ്‌നവും ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണിതെല്ലാമെന്നുമാണ്’ പ്രസ്തുത പേജുകളില്‍ പറയുന്നത്. ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും സംഘത്തിന്റെയും ഐഡിയോളജിയും മെത്തഡോളജിയും ഏതു വിധത്തിലായിരുന്നുവെന്ന് ഇ മൊയ്തു മൗലവിയും വഹാബി നേതാവായിരുന്ന ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന അല്‍ ഇത്തിഹാദ് മാസികയും എഴുതിയിട്ടുള്ളതാണ്. അങ്ങനെ മോശം പ്രതിച്ഛായ മാത്രമുള്ള ബഹുഭൂരിഭാഗം വരുന്ന പാരമ്പര്യ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ള ഒരു വ്യക്തിയെയാണ് സര്‍ക്കാര്‍ ചെലവില്‍ വെള്ളപൂശാന്‍ ശ്രമം നടക്കുന്നത്.
തീവ്ര റാഡിക്കല്‍ ഇസ്‌ലാമിന്റെ ആചാര്യന്‍ എന്ന് ലോകം വിളിച്ച ജമാലുദ്ദീന്‍ അഫ്ഗാനിയെയും വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുസ്തകത്തില്‍ കാണുന്നുണ്ട്. contemporary history of arab world എന്ന രണ്ടാം സെമസ്റ്റര്‍ പുസ്തകത്തിന്റെ 211, 212, 213 പേജുകളിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്.
ഇസ്‌ലാമിക ഐക്യത്തിന്റെ പ്രയോക്താവായിട്ടാണ് പുസ്തകം അഫ്ഗാനിയെ പരിചയപ്പെടുത്തുന്നത്.

ജാമിഅതുല്‍ അസ്ഹറിലെ നവോത്ഥാന നായകനായും വൈജ്ഞാനികവും ചിന്താപരവുമായ മുന്നേറ്റങ്ങളുടെ അമരക്കാരനായും അഫ്ഗാനിയെ ചിത്രീകരിക്കുന്നു. അഫ്ഗാനി വളര്‍ത്തിയെടുത്ത ചരിത്ര പുരുഷന്മാരാണ് മുഹമ്മദ് അബ്ദുവും റഷീദ് രിളയും എന്ന് എഴുതാനും മറന്നിട്ടില്ല. മുസ്‌ലിം ബ്രദര്‍ഹുഡ് പോലുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ക്ക് ആശയാടിത്തറ നല്‍കിയ അഫ്ഗാനിയെ, അബ്ദുവിനെ, റഷീദ് രിളയെയെല്ലാം മഹാന്മാരായി അവതരിപ്പിക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്.

വസ്തുതകളുടെ തരിമ്പും പിന്‍ബലമില്ലാത്ത, തെറ്റായ ചരിത്രം സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കാനുളള നീക്കം നേരത്തെയും ഉണ്ടായിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി എ അഫ്‌ളലുല്‍ ഉലമ കോഴ്‌സില്‍ കിതാബു തൗഹീദെന്ന സലഫീ തീവ്രതയുടെ ഭീകരമുഖം അനാവരണം ചെയ്യുന്ന പുസ്തകം പഠിപ്പിക്കപ്പെട്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായവര്‍ക്കെതിരെ കൊലവിളി നടത്തുകയും ബഹുസ്വര ജീവിതം അസാധ്യമാക്കുകയും ചെയ്യുന്ന സന്ദേശങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം. എസ് എസ് എഫിന്റെ ശക്തമായ സമരപരിപാടികളുടെ ഫലമായാണ് അവ സിലബസില്‍ നിന്ന് നീക്കം ചെയ്തത്. സര്‍ക്കാര്‍ സഹായത്തോടെ ഓറിയന്റല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സലഫീ പഠനം തന്നെ അന്യായമാണ്. സര്‍ക്കാര്‍ ചെലവില്‍ സലഫിസം അനുവദിക്കില്ലെന്നത് എസ് എസ് എഫിന്റെ ശക്തമായ നിലപാടാണ്. സലഫീപ്രചാരണത്തിന് പൊതുമുതല്‍ ഉപയോഗിക്കുന്നത് പലഘട്ടങ്ങളിലും കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം അത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരികയും പ്രക്ഷോഭങ്ങളിലൂടെ അവ തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. പാഠപുസ്തകക്കമ്മിറ്റികളിലും മറ്റും കയറിപ്പറ്റി ചരിത്രത്തിന്റെ അപനിര്‍മാണവും, മുസ്‌ലിം മുഖ്യധാരക്ക് ഒട്ടും സ്വീകാര്യരല്ലാത്ത മുജാഹിദ് നേതാക്കളുടെ വര്‍ണനകളും പാഠപുസ്തകങ്ങളില്‍ പലപ്പോഴായി തിരുകിക്കയറ്റിയിട്ടുണ്ട്. വഹാബി ആശയങ്ങളെ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ പിടികൂടുകയും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുമ്പോള്‍ തിരുത്തി പരിഹാരം കാണുക എന്നതാണ് ഇതുവരെ നടന്നത്. അക്ഷന്തവ്യമായ ആ തെറ്റുകള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുവെന്നത് ഗുരുതരമാണ്. അതുകൊണ്ട് ഇനിയൊരു തവണ കൂടി അത് സംഭവിക്കരുത്. അതിനാല്‍ അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുകയും അത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള ശക്തമായ ജാഗ്രത കാണിക്കുകയും വേണം. അതോടൊപ്പം അറബി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് വികല ആശയങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു സ്ക്രൂട്നിംഗ് കമ്മിറ്റിയെ നിശ്ചയിക്കേണ്ടതുമുണ്ട്. വിവാദത്തിലായ പുസ്തകത്തിന്റെ ചട്ടയില്‍ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം എഴുത്തുകാരില്‍ മാത്രം നിക്ഷിപ്തമാണെന്ന് കാണുന്നുണ്ട്. തീര്‍ത്തും നിരുത്തരവാദപരമായ അറിയിപ്പാണത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ധാരാളം കെടുകാര്യസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ആ ഗണത്തിലാണ് ഇതും വരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം തടയുന്നതിനും കെടുകാര്യസ്ഥത പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കട്ടെ. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം പോലെ അപകടകരമാണ് വഹാബീവത്കരണവും. നുണകളുടെയും കെട്ടുകഥകളുടെയും സഹായത്താല്‍ അസത്യ വിവര പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കുക. സത്യത്തിന്റെ കരുത്തില്‍ ഒരു സംഘം ഇവിടെ ഉണര്‍ന്നിരിക്കുന്നുണ്ട്.

കെ വൈ നിസാമുദ്ദീൻ ഫാളിലി

You must be logged in to post a comment Login