അതിനാല്‍ വീണാ ജോര്‍ജ

അതിനാല്‍  വീണാ ജോര്‍ജ

ഈ കുറിപ്പെഴുതുമ്പോള്‍ പൊതുവേ കേരളവും സവിശേഷമായി കോഴിക്കോടും ഒരു ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മുക്തമായിരിക്കുകയാണ്. വീണ്ടും വന്ന നിപ ഒരു ഇളമുറക്കാരന്റെ, മുഹമ്മദ് ഹാഷിമിന്റെ ജീവന്‍ എടുത്ത് ഭയം പടര്‍ത്തിയെങ്കിലും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ നിപയുടെ കൊടും താണ്ഡവം കണ്ട ജനതയാണ് നാം. അതിനാലാവണം ഇത്തവണ അതിജാഗ്രതയുടെ ആയുധങ്ങള്‍ സ്വയമണിയാന്‍ ജനം തയാറായത്. നിപ പോകുമെന്ന് കരുതാം. നിപയെ കുറിച്ചല്ല ഈ കുറിപ്പ്. കൊവിഡിനെ കുറിച്ചാണ്.

കൊവിഡ് 19ന്റെ തുടക്കകാലത്ത് ഇതേ പംക്തിയില്‍ കൊവിഡിനെക്കുറിച്ച് നമ്മള്‍ നടത്തിയ സംഭാഷണം ആരംഭിച്ചത് കൊവിഡ് അനന്തരകാലം എന്ന ഒന്നില്ല എന്ന മുഖവുരയോടെയാണ്. അന്ന് അതൊരു അതിപ്രസ്താവനയാവാന്‍ സാധ്യത ഉള്ള ഒന്നായിരുന്നു. കാരണം കൊറോണ വൈറസിന്റെ വ്യാപനവും ആഘാതവും സംബന്ധിച്ച മനുഷ്യന്റെ ധാരണകള്‍ തുലോം തുച്ഛമായിരുന്നുവല്ലോ? വാക്‌സിന്‍ ഒരു വിദൂരപ്രതീക്ഷ മാത്രവുമായിരുന്നു. എങ്കിലും അകന്നുനിന്നും സ്വയം അണുവിമുക്തമാക്കിയും വൈറസിനെ അകറ്റിനിര്‍ത്താം എന്ന വൈദ്യശാസ്ത്രതീര്‍പ്പ് നമുക്കുമുന്നില്‍ ഉണ്ടായിരുന്നു. മനുഷ്യരാശിയുടെ ചരിത്രത്തെ രൂപപ്പെടുത്തിയ ഒന്നാണല്ലോ പലഘട്ടങ്ങളില്‍ നമ്മെ ആക്രമിക്കാനെത്തിയ മഹാമാരികള്‍. അതും കടന്ന് മനുഷ്യര്‍ മുന്നേറിയ കഥകള്‍ നാം വായിച്ചറിഞ്ഞതുമാണ്. പക്ഷേ, തികച്ചും ആധുനികമായ ഭാവഹാവാദികള്‍ വേണ്ടുവോളമുള്ള, നിശബ്ദമെന്ന് തീര്‍ത്ത് വിളിക്കാവുന്ന കൊവിഡ് മഹാമാരി എങ്ങനെ നമ്മെ ഒഴിഞ്ഞുപോകും എന്നതിനെ സംബന്ധിച്ച് ഒരു തെളിച്ചവും അക്കാലത്ത് ഇല്ലായിരുന്നുതാനും.

അക്കാലമെന്ന് പറഞ്ഞത് ബോധപൂര്‍വമാണ്. പൊതുവിഷയങ്ങളില്‍, സാമൂഹിക ജീവിതത്തില്‍ എല്ലാം ഹ്രസ്വമായ ഓര്‍മകള്‍ മാത്രമുള്ള, അഥവാ ആവശ്യമാണെന്ന് തോന്നുന്ന ഓര്‍മകളെ മാത്രം സൂക്ഷിക്കുന്ന ഒരു സവിശേഷത മുഴുവന്‍ മനുഷ്യര്‍ക്കും എന്നതുപോലെ മലയാളിക്കുമുണ്ട്. അതിനാല്‍ അക്കാലത്തെ ഓര്‍മിക്കുന്നതിന് ചില പ്രസക്തികളുണ്ട്. അന്ന് നാം സംസാരിക്കുമ്പോള്‍ വമ്പന്‍ മൂലധനങ്ങളുടെയും സംവിധാനങ്ങളുടെയും വിജ്ഞാനങ്ങളുടെയും അകമ്പടിയും കരുത്തുമുള്ള വന്‍ രാഷ്ട്രങ്ങള്‍ കൊവിഡിന് മുന്നില്‍ അമ്പേ പകച്ച നിലയില്‍ ആയിരുന്നു. അമേരിക്ക പ്രത്യേകിച്ചും. കൊവിഡ് അധിനിവേശം അവിടെ ശക്തമായിരുന്നു. ആളുകള്‍ പിടഞ്ഞു മരിച്ചു. ഔദ്യോഗിക കണക്കില്‍ അത് ലക്ഷങ്ങളാണ്. പ്രായം ചെന്ന മനുഷ്യര്‍ ആരോഗ്യ സംവിധാനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടു. നോക്കൂ, അത്താഴപ്പട്ടിണിക്കാരായ ദരിദ്രര്‍ അല്ല അതിസമ്പന്നരായ വൃദ്ധര്‍ മരിച്ചുപോയി. അതും അതിസമ്പന്ന രാഷ്ട്രങ്ങളില്‍.

അക്കാലം നിസ്സംശയം കേരളം ലോകത്തിന് മാതൃകയായിരുന്നു. വാക്‌സിന്‍ ഇല്ലാ കാലമാണല്ലോ? ജനസാന്ദ്രത ഏറിയ നാടാണല്ലോ? പക്ഷേ, നാം അന്ന് വിശദമായി സംസാരിച്ച അടിത്തട്ട് സാമൂഹികത എന്ന പ്രതിഭാസത്തിന്റെ പ്രഭാവത്താല്‍ കേരളം ഒറ്റക്കെട്ടാവുകയും ആളുകള്‍ പിടഞ്ഞുമരിക്കാതിരിക്കുകയും ചെയ്തു. മനുഷ്യര്‍ മനുഷ്യരെ തൊടാതെ തൊട്ടു. പ്രളയകാലം ശക്തമാക്കിയ അടിത്തട്ട് സാമൂഹികത അതിന്റെ പൂര്‍ണ ബലത്തില്‍ പ്രവര്‍ത്തിച്ചു. മനുഷ്യര്‍ പട്ടിണി കിടക്കാതിരിക്കാന്‍ നാം ജാഗ്രതപ്പെട്ടു. ഈ കുറിപ്പ് ഇപ്പോള്‍ വായിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും അക്കാലത്ത് ഓരോവിധം പങ്കുകള്‍ ആ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. അങ്ങനെ നാം പ്രതിരോധിച്ചു. അടച്ചിടാന്‍ പറഞ്ഞപ്പോള്‍ അടച്ചിട്ടു. തുറന്നപ്പോള്‍ അതിജാഗ്രതയോടെ പുറത്തിറങ്ങി.

മഹാമാരി നിശ്ചയമായും ഒരു സാമൂഹികപ്രശ്‌നമാണ്. സാമൂഹികതയുടെ ചലനകേന്ദ്രം ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയവുമാണ്. അതിനാല്‍ ഭരണതല തീരുമാനങ്ങളാണ് കൊവിഡ് പ്രതിരോധമായി നാം പ്രയോഗിച്ചത്. അതിവ്യാപനം വൈകിപ്പിച്ച് മരണം കുറക്കുക എന്ന തന്ത്രം. അത് വിജയകരമായിരുന്നു. അതിവ്യാപനം വൈകിപ്പിക്കുകയാണ് എന്നു തന്നെയാണ് സര്‍ക്കാര്‍ അന്ന് പറഞ്ഞത്. കൊവിഡിനെ തുടച്ച് നീക്കും എന്നല്ല എന്ന് ഓര്‍ക്കുക. അതിവ്യാപനം വൈകിപ്പിച്ചാല്‍ എങ്ങനെയാണ് മരണം കുറയുക? കുറയും എന്നതിന്റെ ഒന്നാംതരം തെളിവാണ് കേരളത്തിലെ കൊവിഡ് മരണത്തിന്റെ കണക്ക്. ഈ ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള നാട് കേരളമാണ്. രോഗി ആനുപാതിക മരണനിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്. വ്യാപനത്തെ പിടിച്ചുനിര്‍ത്തിയതിന്റെ ഗുണഫലമാണത്. ചികില്‍സാ സങ്കേതങ്ങളും സൗകര്യങ്ങളും വികസിപ്പിക്കാനും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനുമാണ് വ്യാപനവൈകല്‍കാലത്തെ കേരളം ഉപയോഗിച്ചത്. അതും ഫലം കണ്ടു. അതിനര്‍ഥം കൊവിഡ് കേരളത്തില്‍ ഇനിയും പടരുമെന്നുതന്നെയാണ്. ആളുകള്‍ മരിക്കാതിരിക്കലാണ് ഇനിയുള്ള ലക്ഷ്യം എന്നുമാണ്. അപ്പോള്‍ നമ്മുടെ ജീവിതം? അതാണ് കൊവിഡിനൊപ്പമുള്ള ജീവിതമെന്ന് തുടക്കത്തില്‍ പറഞ്ഞത്. കൊവിഡിനൊപ്പം സ്‌കൂളില്‍ പോകണം, കൊവിഡിനൊപ്പം കോളജുകളില്‍ പോകണം, കൊവിഡിനൊപ്പം തൊഴിലെടുക്കണം.

അത്തരം ജീവിതത്തില്‍ പക്ഷേ, ഇനി പരാജയത്തിന്റെ സാധ്യതകളുണ്ട്. അതേക്കുറിച്ച് ഓര്‍മിപ്പിക്കലായിരുന്നു ഈ ലേഖനത്തിന്റെ ലക്ഷ്യം. രോഗാതുരത കൂടിയ ഒരു സമൂഹമാണ് കേരളം. ആ കേരളമാണ് കൊവിഡിനൊപ്പം ഇനി ജീവിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ ബി. ഇക്ബാലിനെ വായിക്കാം:

“”രോഗാതുരത വളരെ കൂടുതലുള്ള പ്രദേശമാണ് കേരളം.  1970 കളില്‍ ഡോ പി ജി കെ പണിക്കരും ഡോ സി ആര്‍ സോമനും നടത്തിയ പഠനത്തെ തുടര്‍ന്ന് കേരളാവസ്ഥയെ ‘Low Mortality High Morbidity Syndrome’ എന്ന് വിശേഷിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ ഗുണകരമായ വശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ തന്നെ രോഗാതുരത കൂടുതലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറയുമ്പോള്‍ പ്രായാധിക്യമുള്ളവര്‍ സമൂഹത്തില്‍ വര്‍ധിക്കയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കൂടുകയും ചെയ്യും. മരണനിരക്ക് കുറച്ചു കൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വര്‍ധിച്ചുവരുന്ന ഇത്തരം ദീര്‍ഘസ്ഥായി പകര്‍ച്ചേതര രോഗങ്ങളെ കാണാവുന്നതാണ്. എന്നാല്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തില്‍ പകര്‍ച്ചേതരരോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം. പ്രമേഹരോഗികളുടെ അമിതമായ വര്‍ധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു.  ജീവിതരീതികളില്‍ പിന്തുടർന്നുവരുന്ന അമിതവും അനാരോഗ്യകരങ്ങളുമായ ആഹാരരീതികള്‍, വ്യായാമരാഹിത്യം തുടങ്ങിയ  ജീവിതരീതികളാണ് പകര്‍ച്ചേതരരോഗങ്ങള്‍ വര്‍ധിച്ചുവരാനുള്ള പ്രധാന കാരണം. മാത്രമല്ല പകര്‍ച്ചേതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവര്‍  വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്നു വന്നിട്ടുണ്ട്.  പ്രമേഹം, രക്താതിമര്‍ദ്ദം എന്നീ രോഗങ്ങള്‍ നിയന്ത്രിക്കപെട്ടിട്ടുള്ളവര്‍ കേവലം 15 ശതമാനം മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

പകര്‍ച്ചേതര രോഗങ്ങളോടൊപ്പം കേരളത്തില്‍ നിരവധി പകര്‍ച്ചവ്യാധികളും നിലനില്‍ക്കുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.  ഡങ്കി, എച്ച് 1 എന്‍ 1.  ചിക്കുന്‍ ഗുനിയ, വയറിളക്ക രോഗങ്ങള്‍, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശികരോഗമായി (Endemic) നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ചുവരികയുമാണ്.   ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസിതരാജ്യങ്ങളില്‍ നിന്നും ആരോഗ്യമേഖലയില്‍ മികച്ചു നില്‍ക്കുന്ന ക്യൂബ, നിക്കാരാഗ്വ , ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ നിന്നും തുടച്ചു നീക്കപ്പെടുകയോ പൂർണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നതാണ് സത്യം. ഇത്തരം രോഗസാന്നിധ്യത്തിന് നിഷേധ മുന്‍ഗണന (Negative Weightage)  നല്‍കിയാല്‍ ആരോഗ്യമേഖലയിലെ കേരളത്തിന്റെ സ്ഥാനം വളരെവേഗം താഴേക്കുപോവും എന്നതാണ് വസ്തുത.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുകയും മൂര്‍ച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്.  പ്രമേഹം, രക്താതിമര്‍ദ്ദം എന്നീ രണ്ട് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങള്‍ തടയാന്‍ കഴിയും.  ബൈപാസ് ഡയാലിസിസ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയും നമുക്കിനി മുന്നോട്ടു പോവാനാവില്ല. രോഗനിവാരണത്തിന് (Disease Prevention) ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
കൊതുകുകള്‍, കീടങ്ങള്‍ എന്നിവ പരത്തുന്ന  ഡങ്കി, സിക, സ്‌ക്രബ് ടൈഫസ്, മസ്തിഷ്‌കജ്വരം എന്നീ  പ്രാണിജന്യരോഗങ്ങള്‍ (Vector Borne Diseases),  മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിർമാര്‍ജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. എച്ച് 1 എന്‍ 1 പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പകര്‍ച്ച, പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ അന്യോന്യം രോഗമൂര്‍ച്ചക്കും കാരണമാവുന്നു. കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും പ്രമേഹവും രക്താതിമര്‍ദ്ദവുമുള്ളവരാണ്. പകര്‍ച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂര്‍ച്ചിപ്പിക്കയും ചെയ്യും. കേരളത്തിലെ പകര്‍ച്ച പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബൃഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.”
നാളത്തെ ആരോഗ്യകേരളം എന്തായിരിക്കണം എന്നതിന്റെ ഒരു ലഘുമാനിഫെസ്‌റ്റോ എന്ന് ഈ കുറിപ്പിനെ വായിക്കാം.

ളിഞ്ഞ് കേരളം, സര്‍ക്കാര്‍ പരാജയം’ എന്നിങ്ങനെ വിലാപഭരിതമായ തലക്കെട്ടുകള്‍ക്കിടയിലാണ് നാമിപ്പോഴുള്ളത്. ആദ്യഘട്ടത്തില്‍ കേരളത്തെ നേരെനിര്‍ത്തിയ, അടിത്തട്ട് സാമൂഹികത ഈ വ്യാപനഘട്ടത്തില്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. അത് സ്വാഭാവികമാണ്. മനുഷ്യരുടെ സഹകരണത്തിലും സന്നദ്ധതയിലും  നങ്കൂരമിട്ട് ഒരു ദീര്‍ഘകാല പദ്ധതിക്കും മുന്നോട്ടുപോകാന്‍ ആവില്ല. മനുഷ്യര്‍ക്ക് മറ്റുപണികള്‍ ചെയ്യേണ്ടതുണ്ടല്ലോ? സ്വാഭാവികമായും ഇപ്പോള്‍ കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ മാത്രമായി നടത്തുന്ന ഒരു ഔദ്യോഗികപണിയായി മാറിയിട്ടുണ്ട്. അതിനാല്‍തന്നെ നാം ആദ്യഘട്ടത്തില്‍ അതിസൂക്ഷ്മമായി ശ്രദ്ധിച്ചിരുന്ന ചെയിന്‍ പൊട്ടിയിട്ടുമുണ്ട്. ആര്‍ ആര്‍ ടി സംവിധാനം കാര്യക്ഷമമോ ചലനാത്മകമോ അല്ല. ക്വാറന്റയ്ൻ പാലിക്കപ്പെടുന്നില്ല. ജനങ്ങളില്‍ നിന്ന് കൊവിഡ്ഭീതി ഒഴിഞ്ഞുപോയിരിക്കുന്നു. തെരുവുകളില്‍ തിരക്കേറിയിരിക്കുന്നു. കൊവിഡ് പടരുന്നു. മനുഷ്യര്‍ ചിലര്‍ മരിച്ചുപോകുന്നുമുണ്ട്. സംവിധാനത്തെ ഒരു മടുപ്പ് ബാധിച്ചിട്ടുണ്ട്. വിധിക്ക് വിട്ടുകൊടുത്ത് മനുഷ്യര്‍ മാസ്‌കഴിക്കുന്നു എന്ന് ചുരുക്കം. എന്നില്‍ നിന്നാരും രോഗികളാവല്ലേ എന്ന മഹാമാരിക്കാലത്ത് ആവര്‍ത്തിക്കേണ്ട ആ പ്രാര്‍ഥന നാം മറന്നുപോയിരിക്കുന്നു. അര്‍ഹതയുള്ളവര്‍ അതിജീവിക്കട്ടെ എന്ന പാട്ട് ഉറക്കെപ്പാടുന്നു. ഒരര്‍ഥത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്. രാജ്യത്തിന്റെ മറ്റിടങ്ങള്‍ തുറന്നുകിടക്കുന്നു, ലോകം തുറന്നുകിടക്കുന്നു. അപ്പോള്‍ ലോകമെങ്ങും വേരുകളുള്ള മലയാളിക്ക് അടങ്ങിയിരിക്കുക സാധ്യമോ? അല്ല. അവിടങ്ങളില്‍ വ്യാപനം വൈകിപ്പിക്കുകയോ മരണം കുറക്കുകയോ ചെയ്യല്‍ ആയിരുന്നില്ലല്ലോ നയം.
ഏതുനിമിഷവും കെട്ടഴിഞ്ഞുപോകാവുന്ന ഒന്നാണ് മഹാമാരി പ്രതിരോധം. ഏതു നിമിഷവും കെട്ടുപൊട്ടിച്ച് പടരാവുന്നതാണ് മഹാമാരി. സര്‍ക്കാര്‍ എന്നത് അമാനുഷികമായ ഒരു സംവിധാനമല്ല. മാനുഷികമായ ഒരു ഘടനയാണ്. മനുഷ്യരാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഘടന. മനുഷ്യരെപ്പോലെത്തന്നെ ആവര്‍ത്തനങ്ങള്‍ ഘടനയെയും മടുപ്പിക്കും. പക്ഷേ, മഹാമാരിക്കാലത്തെ ആ മടുക്കല്‍ അപകടകരമാണ്. ഘടനയെ മടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ഒന്നാമതായി അത് ഡോക്ടര്‍മാരുടെ സംഘടനയില്‍ നിന്ന് സംഭവിക്കുന്നുണ്ട്. നിങ്ങള്‍ മാറിനില്‍ക്കൂ, ഞങ്ങള്‍ നോക്കാം കാര്യങ്ങള്‍ എന്ന മട്ടില്‍ അവരില്‍ ചിലര്‍ സംസാരിക്കുന്നത് മടുപ്പിക്കലിന്റെ ഭാഗമാണ്. ലോക്ഡൗണ്‍ സംബന്ധിച്ചും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും സര്‍ക്കാറിനുണ്ടായ ചില്ലറ ആശയക്കുഴപ്പങ്ങള്‍ പര്‍വതീകരിച്ച് മുഖ്യധാരാമാധ്യങ്ങളില്‍ ചിലത് ഘടനാ മടുപ്പിക്കല്‍ തീവ്രമാക്കുന്നുണ്ട്. രണ്ടുവര്‍ഷമായി യുദ്ധമുഖത്താണ് പൊലീസ്. അവകാശബോധം കൂടുതലുള്ള ജനതക്കുമേല്‍ നിയന്ത്രണം നടപ്പാക്കാന്‍ പ്രയാസമാണ്. അവകാശബോധം അവനവന്റെ അവകാശത്തെക്കുറിച്ച് മാത്രമാണ് എങ്കില്‍ പിന്നെയും വഷളാകും. അത്തരം അവകാശബോധത്തിന് കേരളത്തില്‍ പടര്‍ച്ച കൂടുതലാണ്. അപ്പോള്‍ ആ അവകാശബോധവും പൊലീസിന്റെ നിയന്ത്രണനയവും തമ്മില്‍ സംഘര്‍ഷമുണ്ടാകും. ഉണ്ടായി. മാധ്യമങ്ങളും പ്രതിപക്ഷവും പൊലീസിനെ ഭള്ള് പറഞ്ഞു. ആ സംവിധാനവും മടുപ്പിന്റെ ശരീരഭാഷ സ്വീകരിക്കാന്‍ തുടങ്ങി. തെരുവുകളില്‍, കടത്തിണ്ണകളില്‍ പെരുകുന്ന ആള്‍ക്കൂട്ടം ആ മടുപ്പിന്റെ ഫലമാണ്. മഹാമാരി പ്രതിരോധം ഒരു സര്‍ക്കാര്‍ വിലാസം പരിപാടിയായി മാറിയതോടെ ജനങ്ങള്‍ അതിന്റെ ഭാഗമല്ലാതായി. കേരളത്തിലെ മഹാമാരി പ്രതിരോധം സംബന്ധിച്ച വസ്തുത അതാണ്. ഒന്നാം ഘട്ടത്തില്‍ അങ്ങനെ ആയിരുന്നില്ല.
ആരോഗ്യവകുപ്പ് ഇപ്പോഴും അവിശ്രമം പ്രവര്‍ത്തിക്കുന്നുണ്ട്. റെക്കോർഡ് വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, ഒരു  പ്രതിരോധത്തിന് ആവശ്യം വേണ്ട സാമൂഹികത ചോര്‍ന്നുപോയിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കെ കെ ശൈലജ ടീച്ചർ എന്ന പരിണിതപ്രജ്ഞക്ക് പകരം വീണാ ജോര്‍ജ് എന്ന പുതുമുഖത്തെ ചുമതല ഏല്പിച്ചതാണ് കാരണം എന്നാണോ? അതിനാല്‍ വീണാ ജോര്‍ജ് സ്ഥാനമൊഴിയണം എന്നുമാണോ? അതൊരു ഉത്തരമല്ല. അത്തരമൊരു പുകമറക്കുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. അത് ഒരു വ്യക്തിയോടും അവരുടെ പരിശ്രമങ്ങളോടും ചെയ്യുന്ന അനീതിയാണ്. കാരണം അതല്ല.

ബി ഇക്ബാല്‍ വിശദീകരിച്ച രോഗാതുരത സംബന്ധിച്ച് നമുക്കുള്ള അജ്ഞതയിലാണ് ഈ അലസതയുടെ വേരുകള്‍. നാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന ബോധം നമുക്കില്ലാതായതാണ് പ്രശ്‌നം. അതുണ്ടാക്കാനുള്ള കൂട്ടായ യത്‌നങ്ങള്‍ മാത്രമാണ് പ്രതിവിധി. കൊടുംനാശങ്ങള്‍ നാം നേരിടേണ്ടിവന്നേക്കാം. അടിത്തട്ട് സാമൂഹികതയെ പുനരുജ്ജീവിപ്പിച്ച് നാം ആര്‍ജിക്കേണ്ടതാണ് ആ ബോധം. ആ ആര്‍ജിക്കലാണ് ഇനിയുള്ള പ്രതിരോധം.

കെ കെ ജോഷി

You must be logged in to post a comment Login