ശാലിയാതി: ജ്ഞാനബോധത്തിന്റെ കൃത്യത

ശാലിയാതി: ജ്ഞാനബോധത്തിന്റെ കൃത്യത

അല്ലാമാ അഹ്മദ് കോയ ശാലിയാതി(റ) ആദർശബോധത്തിന്റെ മഹാ പ്രതീകം. മഹാപണ്ഡിതനും ഗ്രന്ഥകാരനുമായ അല്ലാമാ ശൈഖ് സയ്യിദ് സൈനി ദഹ്്ലാന്റെ(റ) ശിഷ്യൻ ഇമാം അഹ്മദ് റസാഖാന്റെ(റ) ഖലീഫമാരിൽ പ്രമുഖരാണ് അല്ലാമാ ശാലിയാതി(റ). മൂവരുടെയും രചനകൾ സുന്നത് ജമാഅതിന് ശക്തമായ മുതൽക്കൂട്ടാണ്. ഈ അഹ്മദുകൾ സാധ്യമാക്കിയ വൈജ്ഞാനിക വിപ്ലവം നിസ്തുലമാണ്. ഇമാം അഹ്മദ് റസയിലേക്ക്(റ) അല്ലാമാ ശാലിയാതിയുടെ എത്തിച്ചേരൽ ഒരു നിയോഗം തന്നെയായിരുന്നു.

ഇമാം അഹ്മദ് റസാഖാൻ ബറേൽവിയുടെ(റ) 92 ഖലീഫമാരെ കുറിച്ച് പറയുന്ന “തജല്ലിയാതെ ഖുലഫാഎ അഅ്ലാ ഹസ്റത്ത്’ എന്ന ഗ്രന്ഥത്തിൽ, ഇമാം അഹ്മദ് റസാഖാന്റെ(റ) ഖലീഫയായി ശാലിയാത്തിയെ(റ) പരിചയപ്പെടുത്തുന്നു. ഇമാം റസയിൽനിന്ന് 14 സൂഫീ ധാരകളുടെ ആത്മീയ സമ്മതം ശാലിയാതിക്കുണ്ട്. അതോടൊപ്പം മേൽധാരകളിൽ ഖിലാഫതും, 45 വൈജ്ഞാനിക മേഖകളിൽ ഇജാസതും അല്ലാമാ ശാലിയാതി(റ) കരസ്ഥമാക്കിയെന്ന് ഗ്രന്ഥത്തിൽ കാണാം.
കൂടാതെ, ഇരുപത് വാള്യമുള്ള ജഹാനെ ഇമാം അഹ്മദ് രിള എന്ന ഗ്രന്ഥത്തിൽ നാലാം വാള്യത്തിലും അല്ലാമാ ശാലിയാതിയെ(റ) കുറിച്ച് പരാമർശമുണ്ട്.

ആദർശസംരക്ഷണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാപണ്ഡിതരാൽ സമ്പന്നമാണ് കേരളത്തിന്റെ മുസ്‌ലിം ഭൂതകാലം. സയ്യിദ് ശൈഖ് ജിഫ്രി(റ) അവരിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു.

വികലവാദങ്ങളുമായി കടന്നുവന്ന ഇബ്നു അബ്ദുൽവഹാബിനെ ഖണ്ഡിച്ചുകൊണ്ട് അൽഇർശാദാതുൽ ജിഫ്രിയ്യ ഫീ റദ്ദി അലാ ളലാലതിന്നജ്ദിയ്യ എന്ന ഗ്രന്ഥം ഇമാം റസാഖാൻ അക്കാലത്തുതന്നെ രചിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് അല്ലാമാ ശാലിയാതി(റ) ഈ ഗ്രന്ഥത്തിന് വ്യാഖ്യാനം എഴുതി പ്രസിദ്ധീകരിച്ചു. നവീനവാദത്തിലെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്ന ഒട്ടേറെ രചനകൾ ശാലിയാതിയുടേതായുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട വൈജ്ഞാനികവ്യവഹാരങ്ങളിലും മതവിധികളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുകാണാം.

ശാലിയാതി സ്ഥാപിച്ച ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യ എന്ന ഖുതുബ്ഖാനയും മസ്ജിദും ശ്രദ്ധേയമായ അമൂല്യമായ എത്രയോ രചനകൾ, വിശ്രുത ഗ്രന്ഥങ്ങൾ, കയ്യെഴുത്തുപ്രതികൾ അവിടെയുണ്ട്. ഇന്നും ഗവേഷണ തല്പരരായ വിദ്യാർത്ഥികളുടെ മുഖ്യ ആശ്രയങ്ങളിലൊന്ന് ഈ കുതുബ്ഖാനയാണ്.

ആ ഖുതുബ്ഖാനയുടെ മുൻവശത്തായി ഒരു ഗ്രന്ഥത്തിന്റെ കവർപേജ് കൊടുത്തുകൊണ്ട് ഈ ഗ്രന്ഥത്തെയും രചയിതാവിനെയും സൂക്ഷിക്കണമെന്ന ഉണർത്തലോടുകൂടി എഴുതുന്നു:

“തഖ്്വിയതുൽ ഈമാൻ ഇന്ത്യയിലെ വഹാബി നേതാവിന്റേതാണ്. ദയൂബന്ദിലെ വികല വീക്ഷണങ്ങളുടെ അടിസ്ഥാനവുമാണ് ഈ ഗ്രന്ഥം. ഇന്ത്യ, സിന്ധ്, ഹറമൈനി, അറബ്, അനറബ് പ്രദേശത്തെ സർവ പണ്ഡിതരും ഈ ഗ്രന്ഥത്തിനെ ഖണ്ഡിച്ചിട്ടുണ്ട്. അതിനാൽ ഇതിലെ ഉള്ളടക്കത്തിൽ നിങ്ങൾ വഞ്ചിതരാകരുത്.’
കൃത്യമായൊരു അടയാളപ്പെടുത്തലാണ് ഈ മുന്നറിയിപ്പ്. മുൻഗാമികളുടെ ആദർശജാഗ്രത തെളിഞ്ഞുകാണാം ഈ വരികളിൽ. മഹോന്നത പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമായ, അൻഡമാൻ ദ്വീപിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫള്്ലുൽഹഖ് ഖൈറാബാദി(റ) ഇസ്മാഈൽ ദഹ്്ലവിയുടെ അബദ്ധവാദങ്ങൾക്കും, തഖ്്വിയതുൽ ഈമാൻ എന്ന ഗ്രന്ഥത്തിനും തഖ്്രീറെ ഇഹ്തിറാസാത്ത് അലാ തഖ്്വിയതുൽ ഈമാൻ എന്ന ഗ്രന്ഥത്തിനുമെതിരെ ശക്തമായ രചനകൾ നടത്തിയിട്ടുണ്ട്. തഖ്്രീറെ ഇഹ്തിറാസാത് അലാ തഖ്്വിയതുൽ ഈമാൻ, തഹ്ഖീഖുൽ ഫത്്വ ഫീ ഇബ്താലിൽ തഗ്്വ, ഇംതിനാഹു നളീർ ഇവയാണ് ആ ഗ്രന്ഥങ്ങൾ. കൂടാതെ അല്ലാമാ ശാലിയാതി(റ) ഇസ്മാഈൽ ദഹ്്ലവിയുടെ അപകടങ്ങൾ സൂചിപ്പിച്ചുകൊണ്ട് ദഫ്ഉ ശർറിൽ അസീർ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ദയൂബന്ദികളുടെ ആചാര്യനാണ് ഇസ്മാഈൽ ദഹ്്ലവി. ഇസ്മാഈൽ ദഹ്്ലവിയുടെ പ്രചാരകരായി വന്ന ദയൂബന്ദി മൗലവിമാരായ റശീദ് അഹ്മദ് ഗംങ്കോഹി(ഫതാവാ റശീദിയ്യ), അൻവർ ഷാ കാശ്മീരി(ഫൈളുൽബാരി), സകരിയ്യ കാന്തലവി, അബുൽഹസൻ അലി നദ്്വി(രിസാലതുതൗഹീദ്) തുടങ്ങിയവരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനും പാരമ്പര്യ പണ്ഡിതർക്ക് സാധിച്ചു. ഈ വിഷയത്തിൽ ശാലിയാത്തിയുടെ ഉദ്ബോധനങ്ങൾ പ്രസിദ്ധവും ശ്രദ്ധേയവുമാണ്.
വായിച്ചുവരുമ്പോൾ മതയാഥാസ്ഥിതിക മൗലികവാദി എന്ന കള്ളിയിൽ ഒതുങ്ങുന്നതല്ല ശാലിയാതിയുടെ രചനാശേഖരം. വ്യാജ ആത്മീയ വാദത്തിനെതിരെ എഴുതിയ ഗ്രന്ഥമാണ് നജാതുൽഇബാദ് അൻതൽബീസാതി ശുയൂഖിൽ ഫസാദ് എന്ന രചന.

ശാലിയാതിയുടെ തന്നെ ബദ്്രിയത് ഹംസിയ്യയുടെ ശറഹ്, മശാഇഖന്മാരുടെ മനാഖിബുകൾ, മർസിയ്യതുകൾ, ഖസീദകൾ അടങ്ങുന്ന അധ്യാത്മിക പ്രധാനമായ കൃതികൾ സമുദായത്തിന് സമ്മാനിച്ചു. ഒത്തിരിയാളുകൾക്ക് ആത്മീയ മാർഗ നിർദേശം നൽകിയ മഹാഗുരുവായിരുന്നു ശാലിയാതി(റ). തന്റെ പിതൃപരമ്പരയിൽ പ്രശസ്തരായ ഇമാം യാഫിഈയുടെ ഇർശാദുൽ യാഫിഈക്ക് തഅ്ലീഖാതും(അനുബന്ധ കൃതി) രചിച്ചിട്ടുണ്ട്.

ഇമാം യാഫിഈയുടെ(റ) കുടുംബപരമ്പരയിൽ കോഴിക്കോട് കോയ മരക്കാരകം തറവാട്ടിൽ ശൈഖ് മുഹ്്യിദ്ദീൻ കാലിക്കൂത്തിയുടെ(റ) (വഫാത് ഹിജ്റ: 1305, ഇടിയങ്ങരയിലെ ഇളയന്റെ പള്ളിയുടെ മുൻവശത്ത് അന്ത്യവിശ്രമം) മകനായ ശൈഖ് ഇമാദുദ്ദീൻ അലിയ്യുശാലിയാതിയുടെ(റ) (വഫാത് ഹി: 1334, ചാലിയം ജുമാ മസ്ജിദിന്റെ വടക്കുവശത്ത് അന്ത്യവിശ്രമം) മകനാണ് അല്ലാമാ അഹ്മദ് കോയ ശാലിയാതി(റ). ഫരീദാബീവിയാണ് മാതാവ്. ശിഹാബുദ്ദീൻ അഹ്മദ് കോയ എന്നാണ് മുഴുവൻ പേര്. ഹിജ്റ 1302ലാണ് ജനനം.

പിതാവിൽനിന്നുതന്നെ വിവിധ ഫന്നുകളിൽ പ്രാവീണ്യം നേടി. കാദിരിയ്യ ത്വരീഖതും പിതാവിൽനിന്ന് സ്വീകരിച്ചു.

സ്വാതന്ത്ര്യ സമരസേനാനി ആലി മുസ്‌ലിയാർ ഗുരുവാണ്. വെല്ലൂർ ലത്വീഫിയ്യയിലായിരുന്നു ഉപരിപഠനം. അനിതരസാധാരണമായ പഠനമികവ് മനസ്സിലാക്കി പഠനകാലത്തുതന്നെ ഫത്്വാ ബോർഡായ ദാറുൽഇഫ്താഇൽ നിയമിച്ചു. വിവിധ കിതാബുകൾ ദർസ് നടത്താനുള്ള ചുമതലയേല്പിക്കുകയും ചെയ്തു. തുടർന്ന് മുദരിസായും, പ്രിൻസിപ്പൽ ആയും അല്ലാമാ ശാലിയാതി ലത്വീഫിയ്യയിൽ സേവനം ചെയ്തു.

തിരുനെൽവേലി, നാഗൂർ തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി. ആലി മുസ്‌ലിയാർ(റ) ഹജ്ജിന് പോയപ്പോൾ തിരൂരങ്ങാടിയിലെ ദർസ് നടത്താൻ ഏല്പിച്ചത് അല്ലാമാ ശാലിയാതിയെയായിരുന്നു. നാല് മദ്ഹബിലും ഉണ്ടായിരുന്ന പ്രാവീണ്യം കണക്കിലെടുത്ത് ഹൈദരാബാദ് നൈസാം മുഫ്തിയായി അവരോധിച്ചിരുന്നു.
ഹിജ്റ 1374 മുഹറം 27നായിരുന്നു വിയോഗം. 72 വയസ്സായിരുന്നു. കോഴിക്കോട് ജില്ലയിൽ ചാലിയം ദേശത്ത് വീടിന്റെയും ഖുതുബ് ഖാനയുടെയും പടിഞ്ഞാറ് വശത്ത് ആ മഹാമനീഷി അന്ത്യവിശ്രമം കൊള്ളുന്നു.

മുഹമ്മദ് സാനി നെട്ടൂർ

You must be logged in to post a comment Login