വെളിച്ചം കാട്ടിയതിനാണോ ഈ ആട്ട് ?

വെളിച്ചം  കാട്ടിയതിനാണോ ഈ ആട്ട് ?

“”The blood of Abraham, God’s father of chosen, still flow in the veins of
Arab, Jews, and Christians, and too much of it has been spilled in grasping for
the inheritance of the revered parriah in the Middle East. The spilled blood in the
holy Land still cries out to God -an anguished cry for peace”
– Jimmy Carter

പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വഴിതുറന്നിട്ട മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ത് എന്നതിനെ കുറിച്ച് പലതരം സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അദ്ദേഹം മനസ്സ് തുറന്നാലേ വ്യക്തമായ ഒരു നിഗമത്തിലെത്താന്‍ സാധിക്കൂ. കേരളീയ സാമുദായിക പരിസരത്ത് ഇതിനു മുമ്പും ഇമ്മട്ടിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മുസ്‌ലിംകളും ക്രിസ്താനികളും തമ്മില്‍ സംശയങ്ങളുടെ അന്തരീക്ഷത്തില്‍ ഇതുപോലെ ജീവിക്കേണ്ടിവരുന്നത് ഇതാദ്യമായിരിക്കാം. മുസ്‌ലിം സമൂഹത്തെ അവമതിക്കാനും അപരവത്കരിക്കാനുമുള്ള ശ്രമത്തിന്റെ ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമായാണോ ലവ് ജിഹാദിനെയും നാർകോട്ടിക് ജിഹാദിനെയും കുറിച്ച് ബിഷപ്പ് ശിഷ്യഗണങ്ങളുടെ മനസ്സില്‍ വെറുപ്പും ഭയവും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന ഉദ്‌ബോധനം നടത്തിയത്? പാലാ ബിഷപ്പിന്റെ പ്രസ്താവന ആകസ്മികമായ നാക്കുപിഴ എന്ന് എഴുതിത്തള്ളാന്‍ സാധിക്കാത്തത് രണ്ട് കാരണങ്ങളാലാണ്. ഒന്നാമതായി എഴുതിത്തയാറാക്കിയ കുറിപ്പ് ആസ്പദമാക്കിയാണ് അദ്ദേഹം ഉദ്‌ബോധനം നടത്തിയത്. രണ്ടാമതായി. നാനാഭാഗങ്ങളില്‍നിന്ന് സമ്മർദങ്ങളുണ്ടായിട്ടും പ്രസ്താവന പിന്‍വലിക്കാനോ ക്ഷമാപണം നടത്താനോ മതമേലധ്യക്ഷന്‍ ഇതെഴുതുന്നത് വരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. നല്ല ബോധ്യത്തില്‍ ഉറച്ച കാഴ്ചപ്പാടോടെയാണ് അനുയായികളെ അദ്ദേഹം അഭിസംബോധന ചെയ്തതെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു. ഇതിനുമുമ്പും സമാനമായ, അല്ലെങ്കില്‍ കൂടുതല്‍ വീര്യമുള്ള പരമതനിന്ദയും മുന്നറിയിപ്പും അദ്ദേഹം കത്തോലിക്ക വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കിയിട്ടുണ്ടാവാം. പാരസ്പര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും കേരളീയപരിസരത്ത് ജീവിക്കുന്ന ഒരു മതപുരോഹിതന്റെ ചിന്തകളെയും പരമത കാഴ്ചപ്പാടുകളെയും അപ്പോള്‍ സ്വാധീനിക്കുന്ന പ്രധാന ഘടകമെന്തായിരിക്കും? കേരളീയ അനുഭവങ്ങളാണെന്ന നിഗമനത്തിലെത്താന്‍ പര്യാപ്തമായ തെളിവുകളും വസ്തുതകളും അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ വീക്ഷണഗതി പങ്കിടുന്നവരുടെയോ പക്കല്‍ ഇല്ലെന്നാണ് കരുതേണ്ടത്. അപ്പോള്‍ ഒന്നുകില്‍ സംഘ്പരിവാര്‍ ചിന്തകളുടെയും രാഷ്ട്രീയ പ്രലോഭനങ്ങളുടെയും അനിയന്ത്രിതമായ സ്വാധീനം. അല്ലെങ്കില്‍ ക്രൈസ്തവലോകം നൂറ്റാണ്ടുകളായി കരുപ്പിടിപ്പിച്ചെടുത്ത മുസ്‌ലിം വിരുദ്ധതയിലൂന്നിയ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാട്. മുസ്‌ലിം-ക്രൈസ്തവ ചരിത്രത്തിലുടനീളം അനുഭവിച്ചറിഞ്ഞ ശത്രുതയുടെയും വിദ്വേഷത്തിന്റെയും പൈതൃകത്തില്‍ ഇപ്പോഴും അഭിരമിക്കുന്നവരുണ്ട് എന്നത് നിഷേധിക്കാനാവില്ല. കുരിശുയുദ്ധത്തിന്റെ ഓര്‍മകള്‍പ്പുറേത്തക്ക് നീളുന്ന രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള “നാഗരികതയുടെ സംഘട്ടത്തിന്റെ ‘അനുഭവങ്ങള്‍ ഇപ്പോഴും തികട്ടിവരുന്നുണ്ടോ എന്ന് ബലമായി സംശയിക്കണം. ചരിത്രത്തിലെ സുഖകരമല്ലാത്ത ഓര്‍മകള്‍ മുന്നില്‍വെച്ച് വര്‍ത്തമാനകാല ജീവിതപരിസരത്തെ വ്യാഖ്യാനിക്കാനുള്ള നീക്കമാണ് പാലാ ബിഷപ്പ് നടത്തുന്നതെങ്കില്‍ അദ്ദേഹം പിന്തുടരുന്നത് കുരിശുയുദ്ധത്തിന്റെ ഉപാസകനായ പോപ്പ് അര്‍ബന്‍ രണ്ടാമനെയാണ്. 1095 നവംബറില്‍ ക്ലാര്‍മോണിങ്ങില്‍ അനുയായികളെ സംബോധന ചെയ്തുകൊണ്ട് “വൃത്തികെട്ടവര്‍ഗ’ത്തിന് എതിരെ പോരാടാന്‍ ചെയ്ത ആഹ്വാനമാണ് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധത്തില്‍ ചെന്ന് കലാശിക്കുന്നത്. അതുവരെ ഇണങ്ങിയും പിണങ്ങിയും ജീവിച്ച രണ്ടു മതസമൂഹങ്ങള്‍ ഒരിക്കലും മാനസികമായി ഇണങ്ങാന്‍ കഴിയാത്തവിധം അകന്നു. മുഹമ്മദ് അസദിന്റെ ഭാഷയില്‍ പറഞ്ഞാല്‍, കരിശുയുദ്ധങ്ങള്‍ സൃഷ്ടിച്ച ക്ഷതം ആയുധങ്ങളുടേത് മാത്രമല്ല. പ്രധാനമായും ബുദ്ധിപരമായിരുന്നു- ഇസ്‌ലാമിക പാഠങ്ങളെയും ആശയങ്ങളെയും മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പാശ്ചാത്യ മനസ്സില്‍ ഇസ്‌ലാം വിരോധത്തിന്റെ വിഷം കലര്‍ത്തുക എന്നതായിരുന്നു അത്. പ്രവാചകനെയും മുസ്‌ലിംകളെയും നീചമായ ഭാഷയില്‍ അവതരിപ്പിക്കുക പതിവായി മാറി. പ്രവാചകന്‍ അന്തിക്രിസ്തുവായി അവതരിപ്പിക്കപ്പെട്ടു. ഇസ്‌ലാം പ്രാകൃതവികാരങ്ങളുടെയും അതിക്രൂരമായ ഹിംസ വാസനയുടെയും മതമാണെന്ന് കെട്ട സംജ്ഞകളില്‍ വിശദീകരിക്കപ്പെട്ടു. ഭാഷാപരമായോ വസ്തുതാപരമായോ ഒരു നിലക്കും ഇണങ്ങാത്ത പദപ്രയോഗങ്ങളിലൂടെ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ബിഷപ്പ് അല്‍മായരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു സഹസ്രാബ്ദം മുമ്പേ അര്‍ബന്‍ രണ്ടാമന്‍ വമിച്ച വിഷമാണ് നമ്മുടെ കാലഘട്ടത്തിന്റെ മനസ്സിലേക്ക് കുത്തിയൊഴുക്കുന്നത്. ചരിത്രത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ യഥാർത്ഥത്തില്‍ ഇമ്മട്ടിലുള്ള ശാത്രവ ബന്ധമാണോ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും തമ്മില്‍ വിശദീകരിക്കപ്പെടുന്നത്? ആഴത്തില്‍ പരിശോധിക്കുമ്പോള്‍ സത്യത്തിന്റെ മുഖം തെളിഞ്ഞുകാണാം.

ഇസ്‌ലാം മുന്നോട്ടുവെച്ച സഹവര്‍ത്തിത്വം
ഇന്ന് പശ്ചിമേഷ്യ എന്ന് വിളിക്കപ്പെടുന്ന ഒരു ഭൂപ്രദേശത്താണ് മൂന്ന് സെമിറ്റിക് മതങ്ങളും ആവിര്‍ഭവിക്കുന്നതും വളര്‍ന്നു വികസിക്കുന്നതും. ഈ മതാനുയായികളെ “ഇബ്രാഹീമിന്റെ സന്തതികള്‍’ (Children of Abraham) എന്നാണ് വിശേഷിപ്പിക്കപ്പെടാറ്. പ്രവാചകന്‍ ഇബ്രാഹീമിന്റെ സന്താനപരമ്പരയിൽപെട്ടവര്‍ എന്നര്‍ഥത്തില്‍. മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തുടക്ക വാചകത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഒരേ രക്തമാണ് ഇവരുടെ സിരകളിലൂടെ ഒഴുകുന്നത്. ഈ ഭൂവിഭാഗത്തെ പരിമിതമായ വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള പരസ്പര പോരാട്ടങ്ങളാണ് ക്രൈസ്തവ, യഹൂദ, ഇസ്‌ലാമിക അനുയായികളുടെ ജീവിതം ഇതുവരെ പ്രക്ഷുബ്ധവും രക്തപങ്കിലവുമാക്കിയത്. എന്നാല്‍, സാഹോദര്യത്തിന്റെയോ സഹവര്‍ത്തിത്വത്തിന്റെയോ ഒരു ജീവിതസംസ്‌കാരം ഇവര്‍ക്കിടയിലുണ്ടായിട്ടില്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും സാര്‍വലൗകിക മാതൃക ക്രൈസ്തവ, ജൂത സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും പ്രയോഗാത്കരിക്കാനും ഇസ്‌ലാം അവസരമൊരുക്കിക്കൊടുത്തിട്ടുണ്ട്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആരാധനകളും ആചാരവിശേഷങ്ങളും ഈ മൂന്നുസമൂഹത്തെയും സാംസ്‌കാരികമായി ഇഴയടുപ്പുള്ള നാഗരികതകളാക്കി. വേദങ്ങള്‍ അവതരിപ്പിക്കപ്പെട്ട സമൂഹം എന്ന അര്‍ഥം വരുന്ന ‘അഹ്്ലു കിതാബാ’യാണ് ഖുര്‍ആന്‍ ക്രൈസ്തവ, യഹൂദ സമുദായങ്ങളെ പരിചയപ്പെടുത്തുന്നതും പരിപാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതും. മക്കയിലെ പീഢനങ്ങള്‍ നിറഞ്ഞ ഒരു പതിറ്റാണ്ടിന്റെ ക്ലേശഭരിതമായ ജീവിതത്തിന് പകലറുതി വരുത്തിയ പലായനത്തിന് (ഹിജ്‌റ) പ്രവാചകനെ പ്രേരിപ്പിച്ചത് ഇസ്‌ലാംമതം ആശ്ലേഷിച്ച മദീനാവാസികളാണ്. അവരില്‍ ക്രിസ്ത്യാനികളും യഹൂദരുമുണ്ടായിരുന്നു. ഈ രണ്ടു വിശ്വാസസമൂഹങ്ങള്‍ ആരാധനക്കായി തിരഞ്ഞെടുത്ത ജറൂസലമിലെ വിശുദ്ധ ദേവാലയം തന്നെയായിരുന്നു പ്രവാചകനും ആദ്യഘട്ടത്തില്‍ “ഖിബ്്ല’യായി കണ്ടത്. പ്രവാചകന്‍ മദീനയില്‍ ഇസ്‌ലാമിക റിപ്പബ്ലിക് കെട്ടിപ്പൊക്കാന്‍ തുടങ്ങിയത് സ്‌നേഹം, സാഹോദര്യം, പാരസ്പര്യം, സഹവര്‍ത്തിത്വം തുടങ്ങിയ മൂല്യങ്ങളുടെ അടിത്തറയുടെ മേലെയായിരുന്നു. ഒരു ബഹുസ്വര സമൂഹത്തിന്റെ സൃഷ്ടിപ്പും മതേതരക്രമത്തിന്റെ ആവിര്‍ഭാവവും ലോകം ആദ്യമായി ദര്‍ശിക്കുന്നത് ഇവിടെയാണ്. പ്രവാചകനഗരിയായി അതോടെ അറിയപ്പെട്ട യസ്്രിബിലെ വിവിധ മത, ഗോത്ര സമൂഹങ്ങളെ ഉൾകൊള്ളിച്ച് രൂപം കൊടുത്ത മദീനാ ചാര്‍ട്ടറിനെ കുറിച്ച് ഗഹനമായി പഠിക്കുമ്പോഴാണ് 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഇവിടെ ഉയരുന്ന വിവാദങ്ങളുടെ അര്‍ഥശൂന്യത ബോധ്യപ്പെടുക.

ഒരു ദേശരാഷ്ട്രത്തിന്റെ പിറവി എങ്ങനെയെന്ന് മദീന ചാര്‍ട്ടറിലൂടെ ലോകത്തിന് വായിച്ചെടുക്കാനാവും. ഇബ്‌നു ഹിശാമിനെ പോലുള്ള ചരിത്രപണ്ഡിതന്മാര്‍ മദീനയില്‍ വിവിധ ജനസമൂഹങ്ങളെ ചേര്‍ത്തുപിടിച്ച് പ്രവാചകന്‍ എഴുതിത്തയാറാക്കിയ ഭരണഘടനയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിംകളും ബഹുദൈവ വിശ്വാസികളും യഹൂദരുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമ്മിശ്രസമൂഹത്തിന് എങ്ങനെ ഒരു റിപ്പബ്ലിക്കായി വികസിക്കാം എന്നത് സംബന്ധിച്ച അടിസ്ഥാന പ്രമാണമായിരുന്നു 52 ഖണ്ഡികകളുള്ള മദീന ചാര്‍ട്ടര്‍. “ഉമ്മത്ത്’ എന്ന പദത്തിന് ഇവിടെ “നേഷന്‍’എന്ന അര്‍ഥധ്വനിയാണ് കല്പിച്ചിരിക്കുന്നത്. കേവലം കാല്‍പനികമായ ഒരാശയമായിരുന്നില്ല അത്. പ്രയോഗികപദ്ധതിയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തം. ശത്രുക്കള്‍ നഗരം അക്രമിച്ചാല്‍ മതഭേദമന്യേ എല്ലാവരും -മുസ്‌ലിംകളും ക്രിസ്ത്യാനികളും യഹൂദരും, ഒരുമിച്ച് പ്രതിരോധിക്കണം. അതേസമയം, വിശ്വാസപരമായി എല്ലാവര്‍ക്കും തുല്യസ്വാതന്ത്ര്യം. ആര്‍ക്കും ആരുടെ മേലിലും വിശ്വാസം അടിച്ചേല്പിക്കാന്‍ പാടുള്ളതല്ല. പരസ്പരം ബഹുമാനിക്കണം. പ്രവാചകന്‍ അന്ന് മദീനയില്‍ ജീവിച്ചിരുന്ന ബനൂഖയ്‌നൂഖ, ബനൂനദീര്‍, ബനൂഖുറൈസ എന്നീ യഹൂദഗോത്രങ്ങളുമായും ബഹുദൈവ വിശ്വാസികളുമായും നല്ല ബന്ധം സ്ഥാപിച്ചു. അവരെല്ലാം മദീന ഭരണഘടനയുടെ ഗുണവശങ്ങള്‍ ആസ്വദിക്കുകയായിരുന്നു. അതുവരെ പരസ്പരം കലഹിക്കുകയും ചോര ചിന്തുകയും ചെയ്ത ഒരു ജനത പുതിയ രാഷ്ട്രീയവ്യവസ്ഥയില്‍ അച്ചടക്കമുള്ള പ്രജകളായി. അയല്‍വാസികളായ യഹൂദരുമായി പ്രവാചകന്‍ നല്ല ബന്ധം സ്ഥാപിച്ചു. അവര്‍ വിളമ്പിയ ഭക്ഷണം കഴിച്ചു. സമ്മാനങ്ങള്‍ സ്വീകരിച്ചു. ക്രിസ്ത്യാനികളോടും നല്ല ബന്ധമാണ് പ്രവാചകന്‍ നിലനിര്‍ത്തിയത്. നജ്‌റാനില്‍നിന്നുള്ള ക്രിസ്ത്യന്‍ സംഘത്തെ സ്വീകരിച്ചത് പ്രവാചകന്റെ പള്ളിയിലായിരുന്നു. പ്രാര്‍ഥനക്ക് സമയമായപ്പോള്‍ അവിടെതന്നെ സൗകര്യങ്ങളൊരുക്കി. റസൂലിന്റെ(സ്വ) പത്‌നിമാരിലൊരാളായ മാരിയത്തുല്‍ ഖിബ്തിയ ( Mary the Copt ) ഈജിപ്തിലെ റോമന്‍ വൈസ്സര്‍ജെന്റ് അല്‍മുഖൗഖിസ്, പ്രവാചകന്റെ ദൂതനായ ഹാതിബ് ബിന്‍ ബല്‍ത്താസ് മുഖേന കൊടുത്തയച്ച അടിമസ്ത്രീയായിരുന്നു. ഇബ്റാഹീം എന്ന പുത്രൻ ജനിക്കുന്നത് ഈ ബന്ധത്തിലാണ്. കോപ്റ്റിക് ക്രിസ്ത്യാനികളോട് നിങ്ങള്‍ നന്മ ചെയ്യുക, അവരുമായി നിങ്ങള്‍ക്ക് കുടുംബബന്ധവും വിവാഹബന്ധവുമുണ്ടെന്ന് റസൂൽ എന്നും ഓര്‍മപ്പെടുത്തുമായിരുന്നു.

കരാര്‍ലംഘനം രാജ്യദ്രോഹമായാണ് എല്ലാ ജനപദങ്ങളും ഗണിച്ചിരുന്നത്. മദീനയിലെ യഹൂദ വിഭാഗങ്ങളോട് യുദ്ധം ചെയ്യേണ്ടിവന്നത് അത്തരമൊരു ഘട്ടത്തിലാണ്. നേരത്തെ സൂചിപ്പിച്ച അല്‍ ഖയ്‌നൂഖാ ഗോത്രക്കാര്‍ എ.ഡി. 625ല്‍ മക്കയില്‍നിന്നുള്ള ഖുറൈശികളുമായി ചേര്‍ന്ന് മദീനവാസികളെ അക്രമിക്കാനുള്ള രഹസ്യനീക്കങ്ങള്‍ നടത്തിയപ്പോള്‍ നഗരത്തില്‍നിന്ന് അവരെ പുറന്തള്ളേണ്ടിവന്നു. ബനൂനദീര്‍ ഗോത്രക്കാരുമായി പ്രത്യേക സന്ധിയിലേര്‍പ്പെട്ടിട്ടും റസൂലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവരെയും മദീനയില്‍നിന്ന് പുറത്താക്കി. ഇവര്‍ താമസിച്ചത് തന്ത്രപ്രധാനമായ അതിര്‍ത്തി പ്രദേശത്തായിരുന്നു.

സെമിറ്റിക് വിരുദ്ധത യൂറോപ്പിന്റെ ശീലവൈകൃതമാണ്. ഇസ്‌ലാമിന്റെ ക്ലാസിക് കാലഘട്ടത്തില്‍ ക്രൈസ്തവ, യഹൂദ വിഭാഗങ്ങള്‍ പൂര്‍ണസ്വാതന്ത്ര്യം അനുഭവിച്ചു. മുസ്‌ലിം ഭരണകൂടങ്ങളില്‍നിന്ന് പീഢനമോ പ്രീണനമോ ചൂണ്ടിക്കാട്ടാന്‍ പ്രയാസമാണ്. മുസ്‌ലിം അധീനതയില്‍വന്ന ഇതര വിശ്വാസിസമൂഹത്തോട് നീതിപൂര്‍വം പെരുമാറണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ഇസ്‌ലാമിനെ അപഗ്രഥിച്ചു പഠിച്ച കാരൻ ആംസ്ട്രോങ് (Karen Armstrong ) എഴുതുന്നു:

” Quran continued to revere Jewish prophets and urge Muslims to respect the People of Book. Smaller Jewish groups continued to live in Madina, and later Jews, like christians enjoyed full religious liberty in the Islamic empires. Anti semitism is a Christian vice. Hatred of Jews became marked in the Muslim World only after the creatation of the state of Israel in 1948 and subsequent loss of Arab Palastine. മൂന്ന് ജൂത ഗോത്രങ്ങളെ മദീനയില്‍നിന്ന് പുറത്താക്കിയ ശേഷവും ഖുര്‍ആന്‍ യഹൂദരെ ബഹുമാനിക്കാന്‍ മുസ്‌ലിംകളോട് ആജഞാപിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ പോലെ യഹൂദരും സര്‍വസ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടായിരുന്നു. സെമിറ്റിക്്വിരുദ്ധ മനോഭാവം ഒരു ക്രൈസ്തവ പാപമാണ്. മുസ്‌ലിം ലോകത്ത് യഹൂദവിരോധം കാണപ്പെടുന്നത് 1948ല്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും അറബ് ഫലസ്തീന്‍ നഷ്ടപ്പെടുകയും ചെയ്തതിനുപിന്നാലെയാണ്. ക്രൈസ്തവരെ എത്ര കണ്ട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത സമൂഹമാണ് മുസ്‌ലിംകളെന്ന് കണ്ടെത്താന്‍ റോമന്‍, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കുശേഷം മുസ്‌ലിം ആധിപത്യത്തില്‍ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യവും ആസ്വദിച്ച ജീവിതസൗകര്യങ്ങളും ആഴത്തില്‍ ഒന്നപഗ്രഥിച്ചാല്‍ മതി. ക്രൈസ്തവ ലോകം ഓരോന്നോരോന്നായി മുസ്‌ലിം രാഷ്ട്രീയാധിപത്യത്തിലേക്ക് കടപുഴകി വീണപ്പോള്‍ മുന്‍ കാലങ്ങളില്‍ അവർ ചെയ്തതുപോലെ ഒരു സമൂഹത്തെയും ഉന്മൂലനം ചെയ്യാന്‍ ആരെയും അനുവദിച്ചില്ല. അനീതി നടപ്പാക്കാന്‍ വിട്ടുകൊടുത്തില്ല. അങ്ങനെയാണ് ഖുദ്‌സ് മുസ്‌ലിം സൈന്യം കീഴടക്കിയപ്പോള്‍ വിജയം ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയ രണ്ടാം ഖലീഫ ഉമര്‍ ബിൻ ഖത്താബ് പാത്രിയാർക്കീസുമായി കരാറിലേർപ്പെടുന്നതും അവരുടെ ജീവനും ധനമാനാദികള്‍ക്കും വിശ്വാസാചാരങ്ങള്‍ക്കും സുരക്ഷ ഉറപ്പുനല്‍കുന്നതും. ഏത് ഭരണകര്‍ത്താവാണ് അധീനപ്പെട്ട ജനതയ്ക്ക് ഇത്രമാത്രം സുരക്ഷിതത്വം ഉറപ്പുനല്‍കുന്നത്? ചരിത്രത്തില്‍ അന്നുവരെ ഖുദ്സ് കീഴടക്കിയവരെല്ലാം അത് തകര്‍ത്ത് തരിപ്പണമാക്കുകയും കുട്ടക്കൊല നടത്തുകയും ചെയ്തിട്ടേയുള്ളൂ. ഖലീഫ ഉമര്‍ അത് തിരുത്തിക്കൊണ്ട് ഒരു ഉടമ്പടയിലേര്‍പ്പെട്ടു. “അല്‍അഹ്ദത്തുല്‍ ഉമരിയ്യ’(ഉമറിന്റെ ഉടമ്പടി) എന്നാണ് ചരിത്രത്തില്‍ ഇത് കുറിച്ചിട്ടത്. ഉടമ്പടിക്കുശേഷം ഉമര്‍ ഖുദ്‌സ് ചുറ്റിക്കണ്ടു. ഉയര്‍ത്തെഴുന്നേറ്റ പള്ളിയിലെത്തിയപ്പോഴാണ് വാങ്ക് വിളി കേട്ടത്. അവിടെ നിസ്‌കരിക്കാന്‍ സൗകര്യമേര്‍പ്പെടുത്താമെന്ന് പാത്രിയാർക്കീസ് പറഞ്ഞപ്പോള്‍ ഉമര്‍ അത് നിരാകരിച്ചു. ‘ഇല്ല. ഇപ്പോള്‍ ഞാന്‍ ഇവിടെവെച്ച് നിസ്‌കരിച്ചാല്‍ പില്‍ക്കാലത്ത് മുസ്‌ലിംകള്‍ നിങ്ങളില്‍നിന്ന് ഈ ദേവാലയം പിടിച്ചെടുത്തേക്കാം, ഉമര്‍ നിസ്‌കരിച്ച പള്ളിയാണെന്ന് ന്യായീകരിച്ചുകൊണ്ട്’. നോക്കണം ആ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും.

വിഷം പരന്നൊഴുകിയ ഏറ്റുമുട്ടല്‍ കാലം
എന്നുമുതല്‍ക്കാണ് ഇസ്‌ലാമും മറ്റു മതങ്ങളും ഏറ്റുമുട്ടാന്‍ തുടങ്ങിയത്? ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും തമ്മില്‍ നിലനിന്ന ബന്ധത്തെ വിശകലനം ചെയ്യുന്നതിനുമുമ്പ് ജൂതവിഭാഗത്തോട് ക്രൈസ്തവ മതപുരോഹിതന്മാരുടെയും സാധാരണ വിശ്വാസികളുടെയും സമീപനം എന്തായിരുന്നുവെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. മധ്യകാല ക്രിസ്ത്യന്‍ കൗണ്‍സിലുകള്‍ ഇടയ്ക്കിടെ യഹൂദരെ അപരവത്കരിക്കുന്നതിനും അപഹസിക്കുന്നതിനും മതവിധികള്‍ പുറപ്പെടുവിക്കുമായിരുന്നു. 1215ല്‍ നാലാം ലാറ്ററന്‍ കൗണ്‍സില്‍ ( Fourth Council of Lateran) യഹൂദരുടെയും സാരസന്മാരുടെയും (മുസ്‌ലിംകൾ) സ്ത്രീപുരുഷന്മാരെ തിരിച്ചറിയുന്നതിന് അവരെ വേഷവിധാനങ്ങളിലൂടെ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് ആജ്ഞാപിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവം വരെ ഈ മതശാസന പശ്ചിമയൂറോപ്പില്‍ നിലവിലുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവം വരെ ജൂതന്മാരെ രാക്ഷസീയവത്കരിക്കുന്നതിനും അവരെ പൂര്‍ണമായോ ഭാഗികമായോ ഉന്മൂലനം ചെയ്യുന്നതിനും ക്രൈസ്തവ ആത്മീയനേതൃത്വം പദ്ധതികളാവിഷ്‌കരിച്ചതായി ചരിത്രം സാക്ഷിയാണ്. രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ യഹൂദ മക്കള്‍ മനഃപാഠമാക്കിവെച്ചിരുന്നുവെന്ന് വില്‍ ഡ്യുറാണ്ട് രേഖപ്പെടുത്തുന്നുണ്ട്. പൈശാചിക ദുശ്ശക്തി സ്വായത്തമാക്കിയവരാണ് ജൂതന്മാര്‍ എന്നാണ് ക്രൈസ്തവ പദാവലികളില്‍ അന്ന് നിറഞ്ഞുനിന്നത്. ചെകുത്താന്മാരെ പൂജിക്കുന്ന ഇക്കൂട്ടര്‍ക്ക് ആഭിചാരത്തില്‍ അപാര സിദ്ധിയുണ്ടെന്നും ഭൂമുഖത്ത് നിലനിര്‍ത്താന്‍ പറ്റാത്ത, എന്നോ അപ്രത്യക്ഷമാവേണ്ട ഒരു ജനതയാണിവരെന്നും ക്രൈസ്തവ പൈശാചിക ഭാഷാശാസ്ത്രത്തില്‍ ( demonology ) പ്രതിപാദിക്കുന്നുണ്ട്. വിശ്വപ്രസിദ്ധനായ ചരിത്രകാരന്‍ ആര്‍ണോള്‍ഡ് ടോയൻബി പോലും യഹൂദരെ “ഫോസില്‍ കമ്മ്യൂണിറ്റി’ (അസ്ഥിപഞ്ജര സമൂഹം) ആയാണ് ഗണിക്കുന്നത്. ഇത്തരത്തിലുള്ള അപരവത്കരണവും രാക്ഷസീയവത്കരണവുമാണ് അഡോൾഫ് ഹിറ്റ്‌ലര്‍ക്കും നാസികള്‍ക്കും ഹോളോകാസ്റ്റിന് അന്തരീക്ഷമൊരുക്കിക്കൊടുത്തത്. യഹൂദരെ ഉന്മൂലനം ചെയ്യേണ്ടത് മതപരമായ ബാധ്യതയായിപ്പോലും ചിലര്‍ കണ്ടിരുന്നുവെന്ന് ഇന്ന് വിശ്വസിക്കാന്‍ പ്രയാസമാവും.

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം യഹൂദര്‍ക്ക് തണലേകിയത് മുസ്‌ലിംകളായിരുന്നു. ക്രൈസ്തവര്‍ക്ക് കീഴില്‍ അനുഭവിച്ച ദുരിതങ്ങളൊന്നും താണ്ടേണ്ടി വന്നില്ല എന്നു മാത്രമല്ല, സാമ്പത്തികമായും സാമൂഹികമായും മുസ്‌ലിം ഭരണത്തില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചു. സിറിയ, ഇറാഖ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍നിന്ന് തുടങ്ങി ഈജിപ്തിലും ഉത്തരാഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ക്രിസ്ത്യാനികളോടൊപ്പം യഹൂദരും സ്വാസ്ഥ്യവും അഭിവൃദ്ധിയും ധൈഷണിക ഉയര്‍ച്ചയും അനുഭവിച്ചറിഞ്ഞ കാലഘട്ടത്തെ കുറിച്ചൊന്നും പാലാ ബിഷപ്പ് പഠിച്ചിട്ടുണ്ടാവണമെന്നില്ല. ക്ലാസിക് ഇസ്‌ലാമിന്റെ ശോഭനമുഖം അവതീര്‍ണമായ ആന്തലൂസിയയില്‍ (സ്‌പെയിനില്‍) 10-12നൂറ്റാണ്ടുകളില്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളില്‍ ക്രൈസ്തവ, യഹൂദ പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും സാഹിത്യ സാംസ്‌കാരിക നായകന്മാരുടെയും സംഭാവനകള്‍ വലുതായിരുന്നു. മതനിരപേക്ഷമായ ഒരു സമൂഹം യുറോപ്പിന്റെ മണ്ണില്‍ വളര്‍ന്നുവികാസം കൊണ്ടപ്പോഴാണ് കൊര്‍ദോവ, സെവില്ല, ഗ്രാനഡ തുടങ്ങിയ പേരുകള്‍ ലോകചരിത്രത്തില്‍ കുറിച്ചിടുന്നത്. ക്രിസ്ത്യന്‍ പ്രധാനമന്ത്രിയും ജൂത വിദേശകാര്യമന്ത്രിയും മുസ്‌ലിം രാജാക്കന്മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഇരുണ്ട യൂറോപ്പിന് വെളിച്ചം പകര്‍ന്ന ഒരു രാഷ്ട്രീയ ശക്തിയായും സാംസ്‌കാരിക വഴിവിളക്കായും മൂന്നു പതിറ്റാണ്ടുകാലം ആന്തലൂസിയ പ്രകാശം പരത്തി. മധ്യകാല രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കിടയിലും ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും സാംസ്‌കാരികമായ ആദാനപ്രദാനങ്ങളും വാണിജ്യപരമായ വിനിമയങ്ങളും നിര്‍ബാധം തുടര്‍ന്നു. പോപ്പ് ലിയോ മൂന്നാമന്റെ (717-41) കാലത്തുതന്നെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആദ്യ മുസ്‌ലിം പള്ളി ഉയര്‍ന്നിരുന്നു. ബൈസന്റയിന്‍ ചക്രവര്‍ത്തിമാര്‍ മുസ്‌ലിംകളുമായി നല്ല ബന്ധമാണ് ആഗ്രഹിച്ചത്. മദീനയിലെ റസൂലിന്റെ പള്ളിയും ദമസ്‌ക്കസിലെ ഗ്രേറ്റ് മോസ്‌കും കെട്ടിപ്പൊക്കുന്നതിന് ബൈസന്റയിന്‍ ചക്രവര്‍ത്തി അവിടുത്തെ ശില്പികളെ പറഞ്ഞയിച്ചിരുന്നതായി ചരിത്രത്തില്‍ വായിക്കാം.

എവിടെയാണ് പിഴക്കുന്നതും ശാത്രവത്തിന്റെ ദുര്‍ദശ തുടങ്ങുന്നതും എന്ന് ചോദിച്ചാല്‍ കുരിശുയുദ്ധത്തിലേക്കാവും എല്ലാവരും വിരല്‍ചൂണ്ടുക. എന്നാല്‍, ഇന്നത്തെ യൂറോപ്പിന്റെ പിറവിയുടെ നിദാനം മുസ്‌ലിംവിരുദ്ധതയാണ്. യൂറോപ്പിന്റെ അസ്തിത്വത്തിന്റെ സൃഷ്ടിയും മുസ്‌ലിംകളോടുള്ള ശത്രുതാ മനോഭാവവുമാണ്‌ ക്രൈസ്തവ സമൂഹത്തെ ഒന്നിപ്പിക്കുന്നത്. “”കുരിശുയുദ്ധം വേണ്ടിവരുമ്പോഴെല്ലാം അതിന്റെ മൂല്യം നിലനിര്‍ത്താന്‍ വേണ്ടി മുസ്‌ലിംകളുടെ പ്രവാചകനെ അന്തിക്രിസ്തുവായി മുദ്രകുത്തേണ്ടത് ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ മതം വൈകൃതങ്ങളുടെയും അധാര്‍മികതയുടെയും ഉറവിടമാണെന്ന് കെട്ട സംജ്ഞകളിലൂടെ പരിചയപ്പെടുത്തേണ്ടതും ആവശ്യമായിരുന്നു. അന്യമതങ്ങളുടെ പ്രവാചകന്മാരെ ആദരിക്കണമെന്ന് അനുയായികളോട് നിഷ്‌കര്‍ഷിച്ചിരുന്ന റസൂലിന്റെ പേര് “മഹൗണ്ട്’ ( ദുര്‍ഭൂതം ) എന്ന് നിന്ദാപൂര്‍വം മാറ്റിപ്പറയാന്‍ യൂറോപ്പുകാര്‍ ഒരുങ്ങിയതും ഈ കാലത്താണ്’- മുഹമ്മദ് അസദെന്ന പേരിൽ പില്‍ക്കാലത്ത് ലോകപ്രശസ്തനായ പോളിഷ് ജൂതവംശജന്‍ ലിയോപോൾഡ് വെയ്‌സ് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ കുറിച്ചിട്ട വരികള്‍ക്ക് ഇക്കാലത്തും എത്രമാത്രം പ്രസക്തിയുണ്ടെന്ന് പാലാ ബിഷപ്പിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ക്രൈസ്തവ നവോത്ഥാന, മതപരിഷ്‌കരണ ചരിത്രത്തിലെ എടുത്തുപറയേണ്ട വൈരുധ്യം മതത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനും വന്നവരില്‍ ഭൂരിഭാഗവും കടുത്ത ഇസ്‌ലാം വിരോധികളായിരുന്നു എന്നതാണ്. ബ്രിട്ടീഷ് ധൈഷണിക രംഗത്ത് നിറഞ്ഞുനിന്ന തോമസ് മൂര്‍ ( Thomas More – 1478-1535 ) തുര്‍ക്കികളെ, അതായത് മുസ്‌ലിംകളെ കുറിച്ച് എത്ര മോശമായ ഭാഷയിലാണ് സംവദിക്കുന്നത്!’ ” He (More ) considered the Turks a ‘shameful, superstitious sect, the ‘abodminable sect’ of Christ’ ‘moral enemies’, representing forces of darkness and Belial. പ്രൊട്ടസ്റ്റന്റ് നവോത്ഥാന നായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍, പ്രവാചകനെ വളരെ നിന്ദ്യമായ ഭാഷയിലാണ് വിശ്വാസികൾക്കുമുമ്പില്‍ അവതരിപ്പിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ പിന്നിലെ ധൈഷണിക ചാലകശക്തിയായി വര്‍ത്തിച്ച, യൂറോപ്പില്‍ ജ്ഞാനോദയത്തിന്റെ യുഗം തുറന്നുകൊടുത്ത വോള്‍ട്ടയര്‍ ( 1694-1778 ) കടുത്ത ഇസ്‌ലാം ഭർത്സകന്‍ ആയിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാവും. മുസ്‌ലിംകളെ പ്ലേഗ് രോഗത്തോട് ഉപമിച്ച അദ്ദേഹം ഭൂമിയുടെ ശാപമാണ് ഇക്കൂട്ടരെന്നാണ് പഠിപ്പിച്ചത്.

വെറുപ്പിന്റെ കെട്ട പദാവലികള്‍ പിന്നീടങ്ങോട്ട് വ്യാപകമായി എടുത്തുപയോഗിച്ചത് സാമ്രാജ്യത്വ, കൊളോണിയല്‍ താല്പര്യങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താനായിരുന്നു. പടിഞ്ഞാറന്‍ ലോകത്ത് കൂരിരുള്‍ പരന്ന ഒരു കാലഘട്ടത്തില്‍ വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും വെളിച്ചം പകര്‍ന്ന് ഗാഢനിദ്രയില്‍നിന്ന് അവരെ കുലുക്കിവിളിച്ച് ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിച്ച ഒരു നാഗരിക സമൂഹത്തെ ‘മനുഷ്യരാക്കാനും “പരിഷ്‌കാരം’ പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട ശക്തികള്‍ക്ക് തങ്ങളുടെ കൈരാതങ്ങള്‍ ഒളിപ്പിച്ചുവെക്കാന്‍ ചില കെണിവെപ്പുകള്‍ നടത്തേണ്ടതുണ്ടായിരുന്നു. ജനാധിപത്യം നന്നായി പുലര്‍ന്ന കൊച്ചുകേരളത്തില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനും സാംസ്‌കാരിക മേല്‍ക്കോയ്മ കെട്ടിപ്പടുക്കാനും അപരവത്കരണത്തിന്റെ കെട്ട ഭാഷ ആവശ്യമാണെന്ന ദുര്‍ബുദ്ധിയാണ് “നാർകോട്ടിക് ജിഹാദ്’എന്ന അപകടകരമായ സംജ്ഞ ചുട്ടെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആ നീക്കത്തെ, തത്തുല്യമായ തന്ത്രങ്ങള്‍ നിരാകരിച്ച്, ജനാധിപത്യഭാഷ ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന ചോദ്യം.

KASIM IRIKKOOR

You must be logged in to post a comment Login