ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെയാണ് വിഷയം

ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെയാണ് വിഷയം

ചരിത്രം നോക്കിയാല്‍ പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ പഷ്തൂണുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പറയുന്നത്, നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തുവെന്നും വിഭജിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നുമാണ്. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ നെഹ്റുവിന് അയച്ച കത്തില്‍ പറയുന്നത് “നിങ്ങള്‍ ഞങ്ങളെ ചെന്നായകള്‍ക്കിട്ടു കൊടുത്തു’ എന്നാണ്. മതേതര ജനാധിപത്യത്തോട് അത്രയും കൂറുണ്ടായിരുന്ന പഷ്തൂണുകളുടെ തുടര്‍ച്ചയാണല്ലോ അഫ്ഗാനിലും. അവരെങ്ങനെയാണ് വംശീയമായ, മത തീവ്രവാദത്തിന്റെ തലത്തിലേക്ക് പോകുന്നത്?

അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും പഷ്തൂണ്‍ ആണ്. അവിടെയുള്ള അമീറുമാരെല്ലാം പഷ്തൂണ്‍ വിഭാഗത്തില്‍നിന്ന് വരുന്നവരാണ്. വിവിധ സംസ്‌കാരങ്ങള്‍ സംയോജിച്ച ഇസ്‌ലാം ആണ് അവിടെ. സലഫിസത്തിന്റെ സ്വാധീനം ഒന്നും അതിലില്ല. യാഥാസ്ഥിതിക സമൂഹമാണെങ്കിലും പല മതവിഭാഗങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഒന്നിച്ചു ജീവിച്ച ചരിത്രവുമാണ്. 1500 കൊല്ലം മുമ്പ് അവിടെ ജൂതന്മാര്‍ വരെയുണ്ടായിരുന്നു. ഈയടുത്ത കാലത്താണ് അവസാന ജൂതനും അഫ്ഗാന്‍ വിട്ടുപോയത്. മറ്റു വിശ്വാസങ്ങളുമായി സഹവര്‍ത്തിത്വത്തോടെ ജീവിച്ചവരാണ് അഫ്ഗാനികള്‍. രാഷ്ട്രീയമായ ഏകീകരണം നടക്കുന്നത് അഫ്ഗാനില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചതിനുശേഷമാണ്. നൂര്‍ മുഹമ്മദ് താരിഖിയുടെ സമയത്ത് സമൂഹിക സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കി. ഭൂപരിഷ്‌കരണം, നിര്‍ബന്ധിത വിദ്യാഭ്യാസം, പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളിലേക്ക് അയക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പിലാക്കി. ഗോത്രവിഭാഗങ്ങള്‍ ഇതിനെ മതപരമായി സംഘടിച്ചു എതിര്‍ത്തു. മതവിശ്വാസത്തെ അപായപ്പെടുത്തുന്നു എന്ന പേരിലാണ് ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടായത്. അങ്ങനെയാണ് മുജാഹിദീന്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നതും സി ഐ എയും പാകിസ്ഥാനും പിന്തുണക്കുന്നതും. സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ വരുന്നത് 1979 ഡിസംബര്‍ മാസമാണ്. 78ല്‍ ആണ് കമ്മ്യൂണിസ്റ്റുകള്‍ അഫ്ഗാന്‍ പിടിക്കുന്നത്. 1979 മാര്‍ച്ച് മാസം മുതല്‍ അമേരിക്ക അഫ്ഗാനില്‍ മുജാഹിദുകളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാര്‍ട്ടര്‍ പ്രസിഡന്‍സിയുടെ ആര്‍ക്കൈവ്സില്‍ പോയാല്‍ എത്രയോ രേഖകള്‍ കാണാം. നിങ്ങളുടെ വിശ്വാസം നിങ്ങളുടെ പള്ളി എന്നിവയെ എടുക്കാന്‍ കമ്മ്യൂണിസ്റ്റുകളെ അനുവദിക്കരുത്, അവര്‍ക്കെതിരെ ജിഹാദ് നടത്തണം എന്നൊക്കെയാണ് അമേരിക്ക അഫ്ഗാനികളോട് ആവശ്യപ്പെടുന്നത്. 1970കളിലാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമൈസേഷന്‍ നടക്കുന്നത്. അതിനുമുമ്പ് അങ്ങനെയൊന്ന് അഫ്ഗാന്‍ ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ല.

അമേരിക്കന്‍ അജണ്ടയുടെ അല്ലെങ്കില്‍ അമേരിക്കയുടെ കോളനിവത്കരണത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണാമോ?
അതായിരിക്കണമെന്നില്ല പ്രധാനലക്ഷ്യം. വിയറ്റ്‌നാമില്‍ ഞങ്ങള്‍ പെട്ടു. ഇനി ഇവിടെ നിങ്ങള്‍ പെട്ടുകിടക്കൂ എന്നതാണ് സോവിയറ്റ് യൂണിയനോടുള്ള നിലപാട്. അമേരിക്കയുടേത് ജിയോ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ആയിരുന്നു. സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനില്‍ കെണിയില്‍ വീഴ്ത്താന്‍ സാധിച്ചാല്‍ അതായിരിക്കും അമേരിക്കയുടെ ഏറ്റവും വലിയ തിരിച്ചുവരവ്. 1970കളില്‍ അമേരിക്ക തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടുന്ന സമയമായിരുന്നു. ഇറാഖില്‍ സ്വാധീനം നഷ്ടപ്പെടുന്നു, അഫ്ഗാനില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണം പിടിച്ചടക്കുന്നു, ഇറാനെ ഒരു പാഠം പഠിപ്പിക്കണം എന്ന് ലക്ഷ്യമിടുന്നു. അമേരിക്കയെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള വലിയൊരു അവസരമായാണ് അവര്‍ അഫ്ഗാനെ കണ്ടത്. സി ഐ എയുടെ പിന്തുണയോടെയാണ് എല്ലാകാലത്തും അഫ്ഗാനില്‍ അമേരിക്ക ആധിപത്യം സ്ഥാപിച്ചത്. ഒരു ലാര്‍ജര്‍ ജിയോ പൊളിറ്റിക്കല്‍ ഗെയിം പ്ലാന്‍ ആയിരുന്നു അമേരിക്കയുടേത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ഇന്ന് അമേരിക്ക നേരിടുന്നത്.

പൊളിറ്റിക്കല്‍ ഇസ്‌ലാം എപ്പോഴും അധിനിവേശത്തിന് എതിരാണെന്നാണ് നാം കരുതുന്നത്. അഫ്ഗാനില്‍ അവരുടെ രാഷ്ട്രീയ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതെങ്ങനെയാണ് യോജിക്കുക?
പാശ്ചാത്യവിരുദ്ധമാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം. എന്നാല്‍ സാമ്രാജ്യത്വത്തിന് എതിരാണെന്ന് തോന്നുന്നില്ല. പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതായി നമുക്ക് കാണാം. അഫ്ഗാന്‍ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ഇവിടെ താലിബാന്‍ ഉള്‍പ്പടെയുള്ള വിവിധ ചേരികള്‍ അമേരിക്കയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ആ സമയത്താണ് സമീര്‍ അമീന്‍ അദ്ദേഹത്തിന്റെ വ്യഖ്യാതമായ പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ സര്‍വീസ് ഓഫ് ഇംപീരിയലിസം എന്ന ആര്‍ട്ടിക്കിള്‍ എഴുതുന്നത്. യുഗോസ്‌ലാവിയയുടെ കാര്യമെടുത്താല്‍ ക്ലിന്റണ്‍ അവിടെ ബോംബിടുമ്പോള്‍ അതിനെ സ്വാഗതം ചെയ്തത് പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളായിരുന്നു. അവരെ സംബന്ധിച്ച് യൂഗോസ്‌ലാവിയ, അല്‍ബേനിയന്‍ മുസ്‌ലിംസിനെ സോഷ്യലിസ്റ്റ് ഭരണം കൊന്നൊടുക്കുന്നു, അതിനാല്‍ നാറ്റോ വന്ന് യൂഗോസ്‌ലാവിയയെ ബോംബ് ചെയ്യണമെന്നായിരുന്നു ലോകം മുഴുവനുമുള്ള പൊളിറ്റക്കല്‍ ഇസ്‌ലാമിസ്റ്റുകളുടെ നിലപാട്. സിറിയയില്‍ അമേരിക്ക ബോംബിട്ടില്ല എന്നായിരുന്നു വലിയ വിമര്‍ശനം. ഇറാഖില്‍ അവര്‍ അധിനിവേശത്തിന് എതിരാണ്. സാംസ്‌കാരികമായി അവര്‍ പാശ്ചാത്യവിരുദ്ധരാണ്. രാഷ്ട്രീയമായി സാമ്രാജ്യത്വവിരുദ്ധരല്ല എന്നു കാണാം.

അഫ്ഗാനിലെ പുതിയ സാഹചര്യം ഇന്ത്യയിലെ തീവ്രഹിന്ദുത്വ അജണ്ടയെ വലിയതോതില്‍ സഹായിക്കാന്‍ ഇടയുണ്ട്. താലിബാനാണ് ഇസ്‌ലാം എന്ന് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ ഇവിടുത്തെ സംഘ്പരിവാറിന് കഴിയും. താലിബാന്‍ വ്യാഖ്യാനിക്കുന്നതാണ് ശരീഅത്ത് നിയമമെന്ന് പ്രചരിപ്പിക്കാം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് ബലം കൂട്ടാന്‍ ഇത് ഇടയാക്കും.
ഇത്തരമൊരു ക്യാമ്പയിന്‍ നടക്കുന്നുണ്ട്. സംഘപരിവാര്‍ ആണ് ഇതിനു പിന്നില്‍. ഇസ്‌ലാമും മുസ്‌ലിമും താലിബാനാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ താലിബാനെ തള്ളിപ്പറയുന്നില്ല, അതുകൊണ്ട് നിങ്ങള്‍ താലിബാനികള്‍ ആണ് എന്ന് അവര്‍ വാദിക്കുന്നു. ബി ജെ പി ഇത്തരം സംഗതികള്‍ മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിവസമുണ്ടായ ബോംബാക്രമണം. ബി ജെ പി അതേറ്റെടുത്ത് ഇവിടെ ഒരു പ്രശ്നമാക്കി മാറ്റിയിരുന്നു. താലിബാന്റെ കാര്യത്തിലും അത് ഉറപ്പായും അവര്‍ ചെയ്യും. അറിവുള്ളവര്‍ ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കണം. അത് മുസ്‌ലിംകളുടെ മാത്രം കടമയല്ല. എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

കശ്മീര്‍ നമ്മുടെ ഒരു പ്രശ്നം ആണ്. അവിടേക്ക് താലിബാന്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള സാധ്യത എത്രത്തോളമാണ്?
ജയ്ഷെ, ലഷ്‌കറെ ത്വയ്ബ പോലെയുള്ള കാശ്മീരിലെ തീവ്രവാദസംഘടനകളെ താലിബാന്‍ സഹായിക്കുമോ എന്നതാണ് കാണേണ്ടത്. ബോംബെ സ്ഫോടനം ഉള്‍പടെ ഇന്ത്യയില്‍ വലിയ വലിയ അക്രമണം നടത്തിയവരാണ് അവര്‍. തൊണ്ണൂറുകളില്‍ താലിബാന് ഇവരുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ത്യയുടെ വിമാനം തട്ടിക്കൊണ്ടു പോയത് അഫ്ഗാനിസ്ഥാനിലേക്കാണ്. അത്തരമൊരു ബന്ധം ഇവരുമായി ഇത്തവണ ഉണ്ടാകുമോ എന്നതാണ് ഇന്ത്യയെ സംബന്ധിച്ചുളള സുരക്ഷാ ആശങ്ക. അതുണ്ടായാല്‍ കശ്മീരില്‍ വീണ്ടും അക്രമം ഉണ്ടാകാം. താലിബാന്‍ യഥാര്‍ത്ഥത്തില്‍ എന്താണു ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിഞ്ഞുകൂടാ. പാകിസ്ഥാന്റെ ചട്ടുകം ആയിട്ടാണ് താലിബാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് എങ്കില്‍ ഈ ഗ്രൂപ്പുകളുമായുള്ള ബന്ധം തുടരാനാണ് സാധ്യത.

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ഇരുപതു കൊല്ലം കൊണ്ട് ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. അത് തുടരാന്‍ താലിബാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വ്യത്യസ്തമായ നിലപാടായിരിക്കും സ്വീകരിക്കുക. ചൈനയുടെ കാര്യത്തില്‍ അങ്ങനെയാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉയ്ഗൂര്‍സേനകളോട് അഫ്ഗാന്‍ വിട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്. അത്തരമൊരു നിലപാട് ഇന്ത്യയുടെ കാര്യത്തില്‍ എടുക്കുമോ എന്ന് നമുക്കു നോക്കാം.

താലിബാന്റെ കാര്യത്തില്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ ഇത്രയധികം താല്‍പര്യം ഉണ്ടാകാന്‍ കാരണമെന്നാണ് കരുതുന്നത്?
അന്താരാഷ്ട്ര പ്രശ്നങ്ങള്‍ എല്ലാം കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ബി ജെ പിയാണ് ഒരു ഭാഗത്ത്. ഇസ്രയേല്‍, ഫലസ്തീനെ ആക്രമിച്ചപ്പോള്‍ വലിയ ധ്രുവീകരണവും ചര്‍ച്ചയും നടന്നിരുന്നു. ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ഗസ്സയെ മുന്‍നിര്‍ത്തി വന്‍തോതിലുള്ള ഇസ്‌ലാമോഫോബിക്കായ പ്രചാരണമുണ്ടായിരുന്നു. ഗസ്സയിലെ ഹമാസ്, മുസ്‌ലിംകളാണ്. അവരെയാണ് ഇവിടത്തെ മുസ്‌ലിംകള്‍ പിന്തുണയ്ക്കുന്നത്. അടിസ്ഥാനചരിത്രം പോലും അറിയാതെയുള്ള പ്രചാരണമായിരുന്നു അത്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ട്രംപിന്റെ വിദേശനയങ്ങള്‍ ഒക്കെ വലിയതോതില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ സമീപകാല രാഷ്ട്രീയചരിത്രം നോക്കിയാല്‍ ധ്രുവീകരണം വലിയതോതില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. താലിബാന്‍ വിഷയത്തിലും ഇത്തരത്തിലുള്ള ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം ദിനപത്രം താലിബാന്‍ ഭരണത്തെ സ്വാഗതം ചെയ്യുന്നു എന്ന രീതിയില്‍ തലക്കെട്ട് എഴുതിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇങ്ങനെ എല്ലാകാലത്തും അന്താരാഷ്ട്ര വിഷയങ്ങള്‍ കേരളത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

താലിബാന്‍ വിസ്മയം ആണെന്ന് 25 വര്‍ഷം മുന്‍പ് മാധ്യമം എഴുതിയത് അബദ്ധമാണെന്ന് വെയ്ക്കാം. എന്നാല്‍ താലിബാനൊരു വിപത്തല്ല എന്ന് നമ്മള്‍ കരുതിപ്പോകുന്നുണ്ടോ?
തങ്ങള്‍ എന്താണെന്ന് താലിബാന്‍ പറയേണ്ടതുണ്ട്. അതുപോലെ മാധ്യമം ഉപയോഗിച്ച വിസ്മയം എന്ന വാക്ക് അബദ്ധമാണെന്ന് അവര്‍ എവിടെയും പറഞ്ഞിട്ടില്ല. അമേരിക്കന്‍ പട്ടാളം ഒഴിഞ്ഞതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് പറയുമ്പോള്‍ താലിബാന്റെ ഭരണം കണ്ടിട്ടുള്ളവര്‍ എങ്ങനെ സ്വാതന്ത്ര്യം എന്നെഴുതുമെന്ന ചോദ്യമുണ്ട്. അതില്‍ തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. അവര്‍ അതിനെ സീരിയസ് ആയി എടുത്തിട്ടുള്ള കാര്യമാണ് എന്നാണ് എനിക്ക് മനസിലാകുന്നത്. താലിബാന്റെ പൂര്‍വകാലചരിത്രം അറിയാവുന്ന നമ്മള്‍ എങ്ങനെയാണ്, താലിബാന്‍ അധികാരത്തില്‍ എത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചു എന്ന് ഉറപ്പിച്ചുപറയുക.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഒക്കെ ജമാഅത്ത് അമീറുമാര്‍ ഇതിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. താലിബാന്‍ ഭരണം പ്രതീക്ഷ ഉളവാക്കുന്നതാണ് എന്നാണ് ഇന്ത്യയിലെ അമീര്‍ പറഞ്ഞിരിക്കുന്നത്. മാധ്യമം എടുക്കുന്ന നിലപാടില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനം മാധ്യമത്തിലെ മാനേജ്മെന്റ് ഉള്‍പ്പെടുന്ന സംഘടനക്കും ഇല്ല. അതുകൊണ്ട് അതിനെ സത്യസന്ധമായ നിലപാട് ആയിട്ടുവേണം കരുതാന്‍. അബദ്ധത്തിലോ അറിവില്ലായ്മ കൊണ്ടോ സംഭവിച്ചതായി കരുതേണ്ടതില്ല.

പാലാ ബിഷപ്പിന്റെ പ്രസ്താവന വന്നതിനുശേഷമുള്ള ആഖ്യാനങ്ങള്‍ ശ്രദ്ധിച്ചുവോ, അഫ്ഗാനില്‍ കറുപ്പും മയക്കുമരുന്നും വ്യാപകമായി കൃഷി ചെയ്യുന്നു, അവിടെ നിന്ന് കേരളത്തിലേക്ക് ഇവ എത്തുമെന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനെയുള്ള ചര്‍ച്ചകളുമുണ്ട്
ഇസ്രയേല്‍ – ഫലസ്തീന്‍ പ്രശ്നമുണ്ടായ കാലത്തും ഇത് നടന്നിരുന്നു. ആഗോള പ്രശ്നങ്ങളെ പ്രാദേശികമായ വിവാദങ്ങളിലേക്ക് ചേര്‍ത്തുവെക്കുകയും അതനുസരിച്ചുള്ള പ്രചാരണം രൂപപ്പെടുത്തുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്‌ക് ആണ്. അഫ്ഗാനില്‍ താലിബാന്‍ ഭരണം നേടിയതുകൊണ്ട് ഇവിടെ നാര്‍കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് കരുതാനാകില്ല. ഇത്തരം വാട്സാപ് ക്യാമ്പയിനുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്. പള്ളിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണ് അള്‍ത്താര. രാഷ്ട്രീയ അജണ്ട ഇല്ലാതെ അവിടെനിന്ന് ഇങ്ങനെയൊന്നും പറയാന്‍ പറ്റില്ല. അത്തരം അജണ്ടകളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല.

എം കെ ഭദ്രകുമാറിനെ പോലുളളവര്‍ താലിബാനുമായി എന്‍ഗേജ് ചെയ്യണമെന്ന് വാദിക്കുന്നവരാണ്. ജനാധിപത്യഇടങ്ങളില്‍ താലിബാനുമായി എന്‍ഗേജ് ചെയ്യാന്‍ കഴിയുമോ?
ഭദ്രകുമാറിന്റെ എല്ലാ വാദങ്ങളോടും എനിക്ക് യോജിപ്പില്ല. സര്‍ക്കാര്‍ എന്ന നിലക്ക് പലയിടങ്ങളിലും എന്‍ഗേജ് ചെയ്യേണ്ടി വരും. വേറെ നിവൃത്തിയില്ല. ഉദാഹരണത്തിന് കാബൂളിലെ ഇന്ത്യക്കാരെ ഇങ്ങോട്ടു തിരിച്ചുകൊണ്ടുവരുന്നതിന് അവരുമായി എന്‍ഗേജ് ചെയ്യുക അല്ലാതെ വേറെ മാര്‍ഗമില്ല. അതിനര്‍ഥം താലിബാനെ പരിഗണിക്കുന്നു എന്നല്ലല്ലോ. താലിബാന്‍ എന്താണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അവരുമായി എന്‍ഗേജ് ചെയ്യുക. അതില്‍ കുഴപ്പമില്ല. നേരെമറിച്ച്, താലിബാന്‍ പരിഷ്‌കരണവാദികളായ ആളുകളാണ് ഇപ്പോള്‍, നിങ്ങള്‍ പറയുന്ന പോലെ പ്രശ്നമുള്ളവരല്ല, താലിബാനെ കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം പാശ്ചാത്യന്‍ പ്രചരണങ്ങളാണ് എന്നിങ്ങനെയുള്ള വാദങ്ങളിലൂടെ താലിബാനെ ലഘൂകരിക്കുകയാണെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്.

അമേരിക്കന്‍ അധിനിവേശത്തെ തോല്പിച്ചവരാണ് താലിബാന്‍. അതുകൊണ്ട് അവരുമായി എന്‍ഗേജ് ചെയ്യാം എന്ന വാദമാണെങ്കിലോ?
അതൊരു ഗുണകരമായ വാദം ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്‍ഗേജ്മെന്റിന്റെ അടിസ്ഥാനം ദേശീയതാല്പര്യം ആയിരിക്കണം. അത്തരം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആയിരിക്കണം എന്‍ഗേജ്മെന്റ്.

താലിബാന്‍ അമേരിക്കന്‍ അധിനിവേശത്തില്‍നിന്ന് അഫ്ഗാനിലെ ജനങ്ങളെ മോചിപ്പിച്ചവരാണ്, സ്വാതന്ത്ര്യത്തിന്റെ ആളുകള്‍ ആണ്. അതുകൊണ്ട് അവരുമായി എന്‍ഗേജ് ചെയ്യണമെന്നും വാദമുണ്ട്
അഫ്ഗാനിലെ സ്വാതന്ത്ര്യം എന്നു പറയുന്നത് എന്താണ് എന്ന് കൃത്യമായി ഇതുവരെ എനിക്ക് മനസിലായിട്ടില്ല. അഫ്ഗാനില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു. അമേരിക്ക നിയമിച്ച സര്‍ക്കാര്‍ ആയിരുന്നില്ല. അമേരിക്കന്‍പട്ടാളം ഉണ്ടായിരുന്നു അവിടെ. അധിനിവേശം ഉണ്ടായിരുന്നു അവിടെ. അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്നത് ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നത് പോലെ ഗവര്‍ണര്‍ ജനറല്‍ ഒന്നുമായിരുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ഭരണഘടന ഉണ്ടായിരുന്നു. അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യമില്ലാതെ ഇരുന്നത്. 2004, 2005, 2009 പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായ പ്രാതിനിധ്യമുണ്ടായിരുന്നു. അത് മുഴുവന്‍ തൂത്തെറിഞ്ഞാണ് താലിബാന്‍ അധികാരത്തില്‍ വന്നിരിക്കുന്നത് .

അമേരിക്ക മാത്രമല്ല ഇവിടെ വിഷയം. അഫ്ഗാനിലെ ജനങ്ങളും വിഷയമാണ്. ജനങ്ങള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം വിഷയമാണ്. താലിബാന്‍ എത്രയോ അഫ്ഗാനികളെ ആണ് കൊലപ്പെടുത്തിയിട്ടുള്ളത്. 2020 ഫെബ്രുവരി മാസം മുതല്‍ താലിബാന്‍ ഒരൊറ്റ അമേരിക്കന്‍ പട്ടാളക്കാരനെ പോലും ആക്രമിച്ചിട്ടില്ല. നേരെമറിച്ച് ആയിരക്കണക്കിന് അഫ്ഗാനികളെ ആണ് അവര്‍ കൊന്നൊടുക്കിയത്. ഇവരെയാണോ നിങ്ങള്‍ സ്വാതന്ത്ര്യ പോരാളികള്‍ എന്നു വിളിക്കുന്നത്. ഇവിടെ നെഹ്റുവും ഗാന്ധിയും ഇന്ത്യക്കാരെ ബോംബ് വെച്ച് കൊന്നിട്ടാണോ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അല്ലല്ലോ.. അത്തരത്തിലുള്ള വ്യത്യാസങ്ങളുണ്ട് എന്ന് നാം മനസിലാക്കണം.

സ്റ്റാൻലി ജോണി/ രാജീവ് ശങ്കരൻ

You must be logged in to post a comment Login