ഈ കുഞ്ഞുജീവനുകൾക്ക് ആര് സമാധാനം പറയും?

ഈ കുഞ്ഞുജീവനുകൾക്ക്  ആര് സമാധാനം പറയും?

വര്‍ഷങ്ങള്‍ക്കു മുമ്പ് കാനഡയുടെ നീചമായ ചാരസേവനത്തെ കുറിച്ച് പുസ്തകം തയാറാക്കുമ്പോഴുണ്ടായ ഒരു അനുഭവം അല്‍-ജസീറ കോളമിസ്റ്റ് ആന്‍ഡ്രു മിട്രോവിക്ക പറയുന്നുണ്ട്. നല്ല ശബ്ദവും മെലിഞ്ഞ ശരീരവും വെളുത്തമുടിയുമുള്ള ശാന്തനായ ഒരു മധ്യവയസ്‌കനെ അദ്ദേഹം പരിചയപ്പെട്ടു. ചെറിയൊരു മോഷ്ടാവായിരുന്നു അയാൾ. ജീവിക്കാനായി പലയിടങ്ങളില്‍ നിന്നും പണം മോഷ്ടിച്ചു. കൂടുതല്‍ അടുത്തപ്പോള്‍ അയാള്‍ സ്വന്തം ജീവിതകഥകള്‍ ആന്‍ഡ്രുവിനു മുമ്പില്‍ തുറന്നു. കാനഡയിലുടനീളം നിരവധി കൊലപാതകങ്ങൾ നടത്തിയിരുന്നുവത്രെ. പ്രമുഖ മാഫിയ സംഘങ്ങള്‍ക്കുവേണ്ടി വാടകഗുണ്ടയായി പ്രവര്‍ത്തിക്കുകയായിരുന്നു.
കൊലപാതകം നടത്തുമ്പോള്‍ അവരുടെ കുട്ടികളെയും കുടംബത്തിലെ സ്ത്രീകളെയും ഒരിക്കലും ഉപദ്രവിക്കാറില്ല. അവരെ പ്രത്യേകം ബഹുമാനിക്കണമെന്ന് മാഫിയാസംഘങ്ങള്‍ നിര്‍ദേശം നല്‍കാറുണ്ടായിരുന്നുവത്രെ. അങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കിലും ചില കുടുംബത്തെ കൊലക്കിരയാക്കുമ്പോള്‍ അവരുടെ കൂടെയുണ്ടാവാറുള്ള കുട്ടികളെ ബാധിക്കാറുണ്ട്. ഒരു കുടുംബത്തെ ലക്ഷ്യമിട്ടപ്പോള്‍ അവരുടെ കാറിലുണ്ടായിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുടെ തലക്ക് വെടിയേല്‍ക്കുകയുണ്ടായി. അവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ച് അഗ്‌നിക്കിരയാക്കുകയും ചെയ്തു.

ഒരു ഫലസ്തീന്‍കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് വായിച്ചപ്പോള്‍ കാനേഡിയന്‍ മോഷ്ടാവും മാഫിയയും മനസില്‍ വന്നു. ഇസ്രായേല്‍ സൈന്യത്തില്‍ “പട്ടാളക്കാര്‍’ ആയി വേഷമിട്ട ക്രൂരസംഘത്തിലെ ഒരാള്‍ വളരെ നിഷ്ഠുരമായി ഒരു കുരുന്നിനെ മായ്ച്ചുകളിഞ്ഞിരിക്കുന്നു.

മേല്‍പറഞ്ഞ മാഫിയക്കും ഇസ്രയേലി സൈന്യത്തിനും പൊതുവായ നിരവധി കാര്യങ്ങളുണ്ട്. രണ്ടു സംഘങ്ങളും മനുഷ്യജീവന് വിലകല്‍പ്പിക്കുന്നില്ല. രണ്ടു സംഘത്തിന്റെയും അടിത്തറ, സഹജബോധം, താല്പര്യങ്ങള്‍ എന്നിവ ഒരുപോലെ നീചമാണ്. ന്യായീകരിക്കാന്‍ കഴിയാത്ത മഹാപാതകമാണ് മാഫിയ ചെയ്യുന്നതെങ്കിലും ചെറിയൊരു മാന്യത അവര്‍ സൂക്ഷിക്കുന്നുണ്ട്. അത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്ന ഒരു പരിഗണനയാണ്. കുട്ടികളെ പോലും കൊല്ലുന്ന നരാധമരായ ഇസ്രയേലി സൈന്യത്തെയാണ് പശ്ചാത്യമാധ്യമങ്ങള്‍ ഏറ്റവും വലിയ ധാര്‍മികസൈന്യം എന്നു വിശേഷിപ്പിക്കുന്നത്. എത്രമാത്രം അശ്ലീലമാണ് ആ മിഥ്യാനിര്‍മിതി.

മാഫിയകള്‍ കുട്ടികളെ കൊല്ലുമ്പോള്‍, മനുഷ്യത്വരഹിതമായ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മുറവിളിയും ആഹ്വാനവുമുണ്ടാവാറുണ്ട്. എന്നാല്‍ ഇസ്രയേല്‍സൈന്യം ഫലസ്തീന്‍ കുട്ടികളുടെ ശിരസ്സും ശരീരവും, വെടിയുണ്ടകളും ഡ്രോണുകളും റോക്കറ്റുകളുപയോഗിച്ച് വികൃതമാക്കുമ്പോള്‍ പശ്ചാത്യ തലസ്ഥാനങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത്തരം പ്രതികരണങ്ങള്‍ കാണാറില്ല.

ആഗസ്ത് 21 ന് ഗസ്സയിലെ തെരുവില്‍ നില്‍ക്കുമ്പോഴാണ് പന്ത്രണ്ടുകാരനായ ഹസന്‍ അബു അല്‍നീലിക്ക് ശിരസ്സിന് വെടിയേല്‍ക്കുന്നത്. സൈനിക പരിശീലനം നേടിയ, യൂണിഫോം ധരിച്ച ഇസ്രയേലുകാരനാണ് പ്രതി. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നത് മാത്രമല്ല, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുന്നതും എളുപ്പമാണ്.

ഹസന്റെ പ്രായം പന്ത്രണ്ടായിരുന്നു. മുഖത്ത് നിഷ്‌കളങ്കതയുടെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു. അല്ലെങ്കിലും കുഞ്ഞുങ്ങളുടെ മുഖം എന്നും നിഷ്‌കളങ്കമാണല്ലോ!

എന്നിട്ടും അയാള്‍ തന്റെ സങ്കീര്‍ണമായ ആയുധത്തിന്റെ മൂർച്ച ഹസന്റെ തലയില്‍ പരിശീലിച്ചു. കൈയോ കാലോ അല്ല; തല. മാംസം, തലയോട്ടി, എല്ലുകള്‍ എന്നിവയെ വികൃതവും മാരകവുമായി കൃത്യതയോടെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു “കില്‍ ഷോട്ട്’. മനഃപൂര്‍വം ഒരു കുട്ടിയെ കൊല്ലാന്‍ കഴിയുന്നവനെ എങ്ങനെ മനുഷ്യഗണത്തില്‍ പെടുത്തും? ആ “പട്ടാളക്കാരന്റെ’ വരണ്ട ആത്മാവിന്റെ വിദ്വേഷം അനായാസം ഒരു കുട്ടിയെ “തട്ടാന്‍’ അനുവദിച്ചിരിക്കുന്നു. സാധാരണ ഇസ്രയേലി പൗരന്‍ പോലും ഫലസ്തീനികള്‍ കൊല്ലപ്പെടേണ്ടവരും നാടുകടത്തപ്പെടേണ്ടവരുമാണ് എന്ന മാനസികാവസ്ഥയിലാകുമ്പോള്‍ ഒരു പട്ടാളക്കാരന്റെ സ്ഥിതി വിവരണാതീതമാണ്. അതിനാലാണ് കടൽത്തീരത്ത് പന്തുകളിക്കുമ്പോള്‍ തലയിലും വയറ്റിലും വെടിയേറ്റു ഛിന്നഭിന്നമാകാന്‍ ഹസനെ പോലോത്ത കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഓരോ ഇസ്രയേലിയും വിശ്വസിക്കുന്നത്. ഫലസ്തീനികള്‍ പാറയെറിയുന്ന ഭീകരരാണെന്നാണ് അവരുടെ ഭാഷ്യം. ഭീകരരുടെ ആയുധമാണ് പാറകള്‍ അല്ലെങ്കില്‍ ഉരുളന്‍ കല്ലുകളെന്നും അതു പ്രയോഗിക്കുന്നതു കൊണ്ട് അവരെ പ്രതിരോധിക്കാനാണ് കൊല്ലേണ്ടിവരുന്നതെന്നുമുള്ള ഇസ്രയേല്യരുടെ വാദം എത്രമാത്രം ബാലിശമാണ്.

ഹസന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഒരു ഇസ്രയേലിക്കും ഏറ്റെടുക്കേണ്ടി വരില്ല. മനസിന് അതിദാരുണമായ രോഗം ബാധിച്ച സൈനിക- രാഷ്ട്രീയ മേലാളന്മാര്‍ കുട്ടികളെ നിയമാനുസൃതമായ ലക്ഷ്യങ്ങളെന്ന് കരുതുന്ന കാലത്തോളം ഫലസ്തീന്‍ കുട്ടികളുടെ രക്തത്തിന് വിലയുണ്ടാവില്ല. മാഫിയ-വാടകക്കൊലയാളികളില്‍ നിന്ന് വ്യത്യസ്തമായി, ഹസനെ കൊന്ന ഇസ്രയേലിക്ക് ഒരിക്കലും കണക്കുപറയേണ്ടി വരില്ല. ഫലസ്തീന്‍ കുട്ടികളുടെ കൊലപാതകങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം നടത്തുന്ന വിചിത്രമായ “അന്വേഷണങ്ങളു’ണ്ടാവും. കൊല്ലപ്പെടുന്ന കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ട് ‘ക്ഷീണിതരായ’ പട്ടാളക്കാരനെയും ഇസ്രയേലിയെയും കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കും. അപ്പോഴെല്ലാം, “അന്തര്‍ദേശീയ സമൂഹം’ എന്ന് വിളിക്കപ്പെടുന്നവര്‍ അശ്രദ്ധമായി സമ്മതഭാവത്തില്‍ തലയാട്ടുകയോ തോളുകുലുക്കുകയോ ചെയ്യും. ഹസന്റെ മാതാവിന്റെ സങ്കടങ്ങളും വിലാപങ്ങളും അവന്റെ വൃത്തിയുള്ള സ്‌കൂള്‍ യൂണിഫോമും അവന്‍ കൊല്ലപ്പെട്ട ദിവസം ധരിച്ചിരുന്ന ടീ-ഷര്‍ട്ടും രക്തരൂഷിതമായ സ്മരണകളായി മാത്രം അവശേഷിക്കും.
കഴിഞ്ഞ ആഗസ്ത് അവസാനം കാബൂളിലെ ചാവേറാക്രമണത്തില്‍ ചില അഫ്ഗാനികളും പതിമൂന്ന് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖിതരായ അമേരിക്കന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു. വ്രണിതമനസോടെ, തന്റെ ദുഃഖകരമായ ചരിത്രം ബൈഡന്‍ അവരെ ഓര്‍മിപ്പിച്ചു. 1972-ല്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ നീലിയയും പതിമൂന്നുമാസം പ്രായമുള്ള മകള്‍ ആമിയും ക്രിസ്മസിന് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചു.

പതിറ്റാണ്ടുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ ബ്യൂ ബൈഡന്‍ ബ്രെയിന്‍ കാന്‍സറിന് കീഴടങ്ങി. ബൈഡന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു: “നിങ്ങളുടെ മനസ്സ് വേദനയുടെ തമോഗര്‍ത്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നതു പോലെ നിങ്ങള്‍ അനുഭവിക്കുന്നുണ്ടാവും. അതിനു പരിഹാരം കാണാന്‍ ഞങ്ങള്‍ അശക്തരാണ്. എന്റെ ഹൃദയവും നിങ്ങള്‍ക്കായി വേദനിക്കുന്നുണ്ട്.’
ഫലസ്തീനിലെ ഹസന്റെ ഉമ്മയും കുടുംബവും സഹോദരന്മാരും സമാനമായ വേദനയുടെയും നിരാശയുടെയും തമോഗര്‍ത്തത്തില്‍ തന്നെയാണ് അകപ്പെട്ടിരുന്നത്. ഏറെക്കുറെ എല്ലാ ഫലസ്തീനീ മാതാപിതാക്കള്‍ക്കും സഹിക്കേണ്ടി വന്നതും സമാനമായ അവസ്ഥ തന്നെയാണ്. ബൈഡന്റെ ഹൃദയം അവര്‍ക്കുവേണ്ടിയും വേദനിക്കുന്നുണ്ടാവുമോ? അപകടമോ രോഗമോ അല്ല അവരുടെ വേദന സൃഷ്ടിച്ചത്; പകരം, ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നത് ശിക്ഷിക്കപ്പെടുന്ന തെറ്റല്ലെന്ന് അറിയാവുന്ന ഇസ്രയേലീ ഭീരുക്കളുടെ മനഃപൂര്‍വമായ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് അവ.
ഇസ്രയേല്‍ പട്ടാളക്കാര്‍ മാനസാന്തരപ്പെടാത്ത കൊള്ളക്കാരാണ്. അവരുടെ യൂണിഫോമുകള്‍ അഴിച്ചുമാറ്റി, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നീതിയുക്തമായ വിചാരണക്ക് അവരെ വിധേയമാക്കണം. അതൊരിക്കലും സംഭവിക്കില്ലെന്നറിയാം. കാരണം, ഇസ്രയേലികള്‍ക്കും “അന്താരാഷ്ട്ര സമൂഹത്തിനും’ ഈ അധപതിച്ച കൊള്ളക്കാര്‍ എപ്പോഴും ഹീറോകളാണ്.
2013ല്‍, കുട്ടികളുടെ അവകാശ സംരക്ഷണ സമിതി ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ പരാമര്‍ശിച്ച് ഇരു ക്യാമ്പുകളിലെയും കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ചിരുന്നു. ഫലസ്തീന്‍ അധിനിവേശ പ്രദേശത്ത് പതിനഞ്ചു തികയാത്ത ഇരകളുടെ എണ്ണം സമിതിയെ ഭയപ്പെടുത്തിയിരുന്നു. ഇസ്രയേലിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തില്‍ അധിനിവേശശക്തി എന്ന നിലയില്‍ ഫലസ്തീനിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ക്കും ഉത്തരവാദി ഇസ്രയേലാണ്. പക്ഷേ, ഈ ബാധ്യത അംഗീകരിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം വിസമ്മതിക്കുന്നു. തല്‍ഫലമായി, നിരവധി ബാലാവകാശ ലംഘനങ്ങള്‍ നടക്കുകയും ശിക്ഷിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു.

അവലംബം: അൽജസീറ, ഹ്യുമാനിയം, ഒ എം സി ടി, ബി ബിസി തുടങ്ങിയ വെബ്സൈറ്റുകൾ. യുണിസെഫ് പുറത്തിറക്കിയ ബ്രോഷർ.

(തുടരും)

അൻവർ ബുഖാരി കാരേപറമ്പ്

You must be logged in to post a comment Login